Saturday, December 13, 2025

ad

Homeനിരീക്ഷണംരാഷ്ട്രീയ ഇസ്ലാമിസ്റ്റുകൾ- 2

രാഷ്ട്രീയ ഇസ്ലാമിസ്റ്റുകൾ- 2

സമീർ അമീൻ

യൂറോപ്യൻ പ്രതിവിപ്ലവകാരികളുടെ 
പിന്മുറക്കാർ
‘അമേരിക്ക’യെന്ന രാഷ്ടത്തെ ദൈവമാണ് പ്രചോദിപ്പിച്ചുകൊണ്ടിരിക്കുന്നതെന്ന ആവർത്തിച്ചുള്ള പ്രസ്‌താവങ്ങളും ഈയൊരു “വിശ്വാസ’ത്തിന്റെ കീഴിലുള്ള ഭ്രാന്തമായ കീഴടങ്ങലും മതേതരത്വമെന്ന സങ്കൽപ്പനത്തെപ്പോലും അർത്ഥമില്ലാത്ത ഒന്നാക്കി തീർത്തുകൊണ്ടിരിക്കുകയാണ്. ചരിത്രം സൃഷ്ടിക്കുന്നത് ദൈവമാണെന്നു പറഞ്ഞാൽ അതിനർത്ഥം കമ്പോളത്തിന്റെ അപ്രമാദിത്തമാണ് ചരിത്രം സൃഷ്‌ടിക്കുന്നതെന്നാണ്.

ഈയൊരു പരിപ്രേക്ഷ്യത്തിൽ നിന്നുകൊണ്ട് നോക്കുമ്പോൾ പശ്ചിമേഷ്യൻ മേഖലയിലെ ജനങ്ങൾ എവിടെയാണ് നിൽക്കുന്നത്? തലതാഴ്ത്തിപ്പിടിച്ച താടിവെച്ച പുരുഷന്മാരുടെയും പർദ്ദ ധരിച്ച സ്ത്രീകളുടെയും ബിംബങ്ങൾ ജനങ്ങൾക്കിടയിൽ നിലനിൽക്കുന്ന മതപരമായ തീവ്രതയുടെ അടയാളങ്ങളാണെന്ന തീർപ്പുകളിലേക്ക് നമ്മെ പെട്ടെന്ന് കൊണ്ടെത്തിക്കും. എന്നാൽ വിശ്വാസങ്ങളുടെ വൈവിധ്യങ്ങളോടുള്ള ആദരവിനെക്കുറിച്ച് നിരന്തരം സംസാരിച്ചുകൊണ്ടിരിക്കുന്ന പാശ്ചാത്യ ലോകത്തിലെ ‘സംസ്കാരവാദ’ (culturalist) ചിന്തകർ കാണാത്ത ഒരു വസ്തുതയുണ്ട്. തങ്ങളുടെ നിലനിൽപ്പിനനുയോജ്യമായ വിധത്തിൽ ജനങ്ങളെ ഒരു പ്രത്യേക ബിംബരൂപത്തിനുള്ളിൽ തളച്ചിട്ടുകൊണ്ടിരിക്കുന്ന അധികാര കേന്ദ്രങ്ങളെയാണ് നമ്മുടെ “സംസ്കാരവാദ’ ചിന്തകർ കാണാതെ പോകുന്നത്. തീർച്ചയായും ദൈവത്തിനുവേണ്ടി ജീവിക്കുന്നവരുണ്ടാവാം. എന്നാൽ പശ്ചിമേഷ്യയിലുള്ള ഇത്തരം ആൾക്കാരുടെ എണ്ണം ഈസ്‌റ്റർ ദിനത്തിൽ മാർച്ച് ചെയ്യുന്ന സ്‌പാനിഷ് കത്തോലിക്കാ മതക്കാരെക്കാളും എണ്ണത്തിൽ കൂടുതലാണോ? അല്ലെങ്കിൽ ഇവാഞ്ചലിസ്‌റ്റുകളെ കേൾക്കുന്ന അമേരിക്കയിലെ വമ്പൻ ജനക്കൂട്ടത്തേക്കാൾ കൂടുതലാണോ പശ്ചിമേഷ്യയിൽ ദൈവത്തിനുവേണ്ടി ജീവിക്കുന്നവരുടെ എണ്ണം? എന്തായാലും പശ്ചിമേഷ്യയിലെ ജനങ്ങളെ സംബന്ധിക്കുന്ന ഈ ബിംബരൂപം ആ മേഖലയെ പ്രതിഫലിപ്പിക്കുന്ന ഒന്നല്ല. പശ്ചിമേഷ്യയിലെ എല്ലാ രാജ്യങ്ങൾക്കുമിടയിലെ വ്യത്യസ്തതകൾക്കപ്പുറം, മൊറോക്കോ മുതൽ അഫ്‌ഗാനിസ്താൻ വരെയുള്ള രാഷ്ട്രങ്ങളിലും, അറേബ്യൻ ഉപദ്വീപ് ഒഴികെയുള്ള അറബ് ജനങ്ങളിലും തുർക്കികളിലും ഇറാനികളിലും സെൻട്രൽ ഏഷ്യൻ റിപ്പബ്ലിക്കുകളിലെ ജനങ്ങളിലും, മതേതരത്വ വികാസത്തിനുള്ള സാധ്യതകൾ ഇപ്പോഴും നിലനിൽക്കുന്നുണ്ട്. എന്നാൽ അറേബ്യൻ ഉപദ്വീപിലെയും പാകിസ്താനിലെയും സ്ഥിതി വ്യത്യസ്തമാണ്.

പശ്ചിമേഷ്യയിലെ വലിയൊരു വിഭാഗം മേഖലയുടെയും രാഷ്ട്രീയപാരമ്പര്യങ്ങളെ നിർണയിച്ചിരുന്നത് ആധുനികതയുടെ വിപ്ലവധാരകളായിരുന്നു. ജ്ഞാനോദയത്തിന്റെയും ഫ്രഞ്ച് വിപ്ലവത്തിന്റെയും റഷ്യൻ വിപ്ലവത്തിന്റെയും ആശയാവലികൾ പശ്ചിമേഷ്യയിലെ മനുഷ്യരുടെ മനസ്സുകളെ കീഴടക്കിയിരുന്നു. മൂന്നാം ഇന്റർനാഷണലിലെ കമ്യൂണിസ്‌റ്റ് ധാരണകളും ഇവിടങ്ങളിൽ സജീവമായിരുന്നു. പാശ്ചാത്യ പാർലമെന്റേറിയനിസത്തെക്കാൾ പശ്ചിമേഷ്യയിലെ ജനമനസ്സുകളിൽ സജീവസാന്നിധ്യമായി നിലകൊണ്ടത് ഇത്തരം ആശയങ്ങളായിരുന്നു. ഇവിടങ്ങളിലെ ഭരണവർഗങ്ങൾ രാഷ്ട്രീയമാറ്റത്തിനുവേണ്ടി നടപ്പിലാക്കിയ മുഖ്യ മാതൃകകളിലെല്ലാംതന്നെ പശ്ചിമേഷ്യയുടെ മുഖ്യധാരയിൽ നിറഞ്ഞുനിന്നിരുന്ന ഇത്തരം ആശയാവലികളുടെ സ്വാധീനം പ്രകടമായിരുന്നു. അതുകൊണ്ടാണ് ഇവിടങ്ങളിൽ നിലനിന്നിരുന്ന ഭരണക്രമങ്ങളുടെ ചില ചേരുവകൾ ജ്ഞാനോദയ മൂല്യങ്ങൾ അലിഞ്ഞുചേർന്നിട്ടുള്ള ഏകാധിപത്യ രൂപങ്ങളെന്ന് (forms of enlightened despotism) വിളിക്കപ്പെട്ടത്.

ഖേദിവ് ഇസ്‌മയിലിന്റെയും മുഹമ്മദ് അലിയുടെയും കാലത്തെ ഈജിപ്ത്‌ തീർച്ചയായും ഈയൊരു സ്വഭാവത്തിലുള്ളതായിരുന്നു. തുർക്കിയിലെ കെമാൽ ഭരണവും ഇറാനിലെ ആധുനികവത്കരണവും ഈ തരത്തിലുള്ളതായിരുന്നു.

ചരിത്രത്തിൽ ഈയടുത്തകാലത്തായി രൂപംകൊണ്ട ദേശീയ ജനപ്രിയ രാഷ്ട്രീയത്തെയും (the national populism) ആധുനികതയുടെ രാഷ്ട്രീയ പദ്ധതിയുടെ ഭാഗമായി ചേർക്കാവുന്നതാണ്. ഇത്തരത്തിൽ രൂപംകൊണ്ട ദേശീയ ജനപ്രിയ രാഷ്ട്രീയത്തിന് നിരവധി മാതൃകകൾ എടുത്തുകാട്ടാവുന്നതാണ്.

അൾജീരിയയിലെ നാഷണൽ ലിബറേഷൻ ഫ്രണ്ട്, ടൂണിഷ്യയിലെ ബൂർഹിബിസം, ഈജിപ്‌തിലെ നാസറിസം, സിറിയയിലെയും ഇറാഖിലെയും ബാത്തിസം എന്നിവ അവയിൽ ചിലതാണ്. ഇത്തരം ദേശീയ ജനപ്രിയ മാതൃകകളുടെ ഘടകരൂപങ്ങൾ വ്യത്യസ്‌തമായിരുന്നെങ്കിലും ഇവയുടെയെല്ലാം അന്തർധാരയായി വർത്തിച്ച ലക്ഷ്യങ്ങൾക്ക് ഐകരൂപ്യമുണ്ടായിരുന്നു.

അഫ്‌ഗാനിസ്താനിലും ദക്ഷിണയമനിലും നിലനിന്നിരുന്ന കമ്യൂണിസ്റ്റ് ഭരണകൂടങ്ങളും ഇതിൽനിന്നും ഏറെ വ്യത്യസ്തമായിരുന്നില്ലെന്നും കാണേണ്ടതുണ്ട്. പശ്ചിമേഷ്യയിൽ നിലനിന്നിരുന്ന ഈ ഭരണകൂടങ്ങൾക്കെല്ലാം വലിയതരത്തിലുള്ള ജനകീയ പിന്തുണയും ലഭിച്ചിരുന്നു.

ഈ ഭരണകൂടങ്ങൾ അതിന്റെ ശരിയായ അർഥത്തിൽ ജനാധിപത്യപരമായിരുന്നില്ല എന്ന യാഥാർഥ്യം നിലനിൽക്കുമ്പോൾതന്നെ, ദേശീയ ജനപ്രിയ നയങ്ങളിലൂടെ വികസനത്തിന്റെ പുതിയൊരു പാത അവർ സാധ്യമാക്കിയിരുന്നു. 1920കൾ മുതൽ 1950കൾവരെയുള്ള കാലങ്ങളിൽ ഈജിപ്തിൽ തിരഞ്ഞെടുപ്പ് ജനാധിപത്യത്തിന്റെ സാധ്യതകളും പരീക്ഷിക്കപ്പെട്ടിരുന്നു. ഈ പരീക്ഷണത്തെ മിതവാദികളായ സാമ്രാജ്യത്വവിരുദ്ധരും (ഈജിപ്‌തിലെ വാഫ്‌ദ് പാർട്ടി ഉദാഹരണം) പിന്തുണച്ചിരുന്നു. എന്നാൽ ബ്രിട്ടനുൾപ്പെടെയുള്ള അധീശത്വ സാമ്രാജ്യത്വശക്തികൾ ഈയൊരു പരീക്ഷണത്തെ അതിശക്തമായി എതിർക്കുകയും ചെയ്‌തു. ബ്രിട്ടനോടൊപ്പം അവരുടെ പ്രാദേശിക സഖ്യകക്ഷികളായ രാജഭരണകൂടങ്ങളും കൂട്ടുചേർന്നു.

പശ്ചിമേഷ്യൻ മേഖലയിൽ മിതവാദരൂപത്തിൽ നടപ്പിലാക്കപ്പെട്ടിരുന്ന മതേതരത്വത്തെ, തീർച്ചയായും, അവിടത്തെ ജനങ്ങൾ തിരസ്കരിച്ചിരുന്നില്ല. മറിച്ച്, അവിടങ്ങളിലെ ബഹുജനങ്ങൾ മതഭ്രാന്തന്മാരെന്ന് പൊതുവെ വിശേഷിപ്പിച്ചിരുന്നവരാണ് മിതവാദരൂപത്തിലുള്ള ഈയൊരു മതേതരകാഴ്ചപ്പാടിനെതിരെ നിരന്തരം രംഗത്തുവന്നുകൊണ്ടിരുന്നത്.

ജ്ഞാനോദയ മൂല്യങ്ങൾ അലിഞ്ഞുചേർന്ന ഏകാധിപത്യരൂപങ്ങൾ മുതൽ വിപ്ലവാത്മകമായ ജനപ്രിയ ദേശീയതവരെയുള്ള ആധുനികാത്മകമായ പരീക്ഷണങ്ങൾ ഇവിടങ്ങളിൽ അരങ്ങേറിയത് ആകസ്മികമായിട്ടായിരുന്നില്ല എന്ന യാഥാർഥ്യവും തിരിച്ചറിയേണ്ടതുണ്ട്. മധ്യവർഗങ്ങളുടെ ഇടയിൽനിന്നും ഉയർന്നുവന്ന ശക്തിയുറ്റ പ്രസ്ഥാനങ്ങളായിരുന്നു ഇത്തരത്തിലുള്ള ആധുനികാത്മകമായ പരീക്ഷണങ്ങളെ സൃഷ്ടിച്ചെടുക്കുന്നതിന് പ്രേരകമായിത്തീർന്നത്. ആധുനികാത്മകമായ ഇത്തരം പരീക്ഷണങ്ങളിലൂടെ മധ്യവർഗ സമൂഹങ്ങൾ അവരുടെതന്നെ താൽപര്യങ്ങളെ സ്വയം പ്രകാശിപ്പിക്കുകയായിരുന്നു. ആധുനിക ആഗോളവൽക്കരണത്തിന്റെ (modern globalization) മുഴുവൻ തുറസ്സുകളിലേക്കുമുള്ള പങ്കാളിത്തമായിരുന്നു അവരുടെ താൽപര്യപരിസരം. ഇത്തരത്തിലുള്ള ആധുനികാത്മകമായ പ്രവർത്തനപദ്ധതികളെ ദേശീയ ബൂർഷ്വാ പദ്ധതിയായി വിശകലനം ചെയ്യാവുന്നതാണ്. അതുകൊണ്ടുതന്നെ ഇത്തരം പദ്ധതികൾ ആധുനികാത്മ‌കവും മതനിരപേക്ഷവുമായ ജനാധിപത്യവികാസങ്ങളുടെ തീക്ഷ്ണതയേറിയ വാഹകരായിത്തീർന്നു.

ഇക്കാരണങ്ങൾ കൊണ്ടുതന്നെ ആധുനികാത്മകമായ ഇത്തരം പരിപ്രേക്ഷ്യങ്ങൾക്ക് സാമ്രാജ്യത്വത്തിന്റെ താൽപര്യങ്ങളുമായി ഏറ്റുമുട്ടേണ്ടിവന്നു. സാമ്രാജ്യത്വമാകട്ടെ ഈ പദ്ധതി പരിപ്രേക്ഷ്യത്തിനെതിരെ സർവശക്തിയുമുപയോഗിച്ച് ആഞ്ഞടിച്ചു.അതോടൊപ്പം, സാമ്രാജ്യത്വത്തിന്റെ താൽപര്യങ്ങൾ നിറവേറ്റിയെടുക്കുന്നതിനായി, പശ്ചിമേഷ്യൻ മേഖലയിൽ തകർന്നടിഞ്ഞുകൊണ്ടിരിക്കുകയായിരുന്ന മതഭ്രാന്തൻ പിന്തിരിപ്പൻ ശക്തികളെ വളരെ ആസൂത്രിതമായി കൂട്ടിയോജിപ്പിക്കുകയും ചെയ്തു‌.

മുസ്ലീം ബ്രദർഹുഡിന്റെ ചരിത്രം പകൽപോലെ വ്യക്തമാണ്. ബ്രിട്ടീഷ് സാമ്രാജ്യത്വവും അതിന്റെ പ്രാദേശിക സഖ്യകക്ഷികളായ രാജഭരണകൂടങ്ങളും ചേർന്നാണ് 1920കളിൽ മുസ്ലീം ബ്രദർഹുഡിന് രൂപം നൽകുന്നത്. ഈജിപ്‌തിലെ ജനാധിപത്യ മതേതര പാർട്ടിയായിരുന്ന വാഫ്‌ദ് പാർട്ടിയുടെ മുന്നോട്ടുള്ള പ്രയാണത്തെ അരിഞ്ഞുവീഴ്ത്തുകയായിരുന്നു ലക്ഷ്യം. സൗദി അറേബ്യയിൽ തമ്പടിച്ചിരുന്ന മുസ്ലീം ബ്രദർഹുഡിന്റെ പ്രവർത്തകർ നാസറിന്റെ മരണത്തെത്തുടർന്ന് ഈജിപ്തിലേക്ക് കൂട്ടത്തോടെ തിരിച്ചെത്തിയത് സിഐഎയുടെ സഹായത്താലായിരുന്നു എന്നതും തെളിയിക്കപ്പെട്ട കാര്യമാണ്.

അഫ്‌ഗാനിസ്താനിലെ കമ്യൂണിസ്റ്റുകളെ തകർത്തെറിയുന്നതിനുവേണ്ടി പാകിസ്‌താൻ കേന്ദ്രമാക്കി താലിബാൻ തീവ്രവാദികളെ സിഐഎ പോറ്റിവളർത്തിയതിന്റെ ചരിത്രവും ഏവർക്കും സുപരിചിതമാണ്. പലസ്തീൻ പ്രതിരോധധാരയിൽ സജീവ സാന്നിധ്യമായിരുന്ന ജനാധിപത്യ മതേതരധാരകളെ ദുർബലപ്പെടുത്തുന്നതിനുവേണ്ടി ആദ്യകാലങ്ങളിൽ ഹമാസിന് സർവ്വവിധ പിന്തുണയും നൽകിയിരുന്നത് ഇസ്രായേലികളായിരുന്നു എന്ന വസ്തുതയും മറക്കരുത്.

അമേരിക്കൻ ഐക്യനാടുകളുടെ ശക്തവും നിരന്തരവുമായ പിന്തുണയില്ലായിരുന്നുവെങ്കിൽ സൗദി അറേബ്യയുടെയും പാകിസ്‌താന്റെയും അതിർത്തികൾക്കപ്പുറം കടക്കാൻ രാഷ്ട്രീയ ഇസ്ലാം ഏറെ ബുദ്ധിമുട്ടുമായിരുന്നു. സ്വന്തം മണ്ണിൽനിന്നും പെട്രോളിയം കണ്ടെടുക്കുന്ന ഘട്ടങ്ങളിൽപോലും സൗദി അറേബ്യൻ സമൂഹത്തിന് അതിന്റെ പരമ്പരാഗതാവസ്ഥയിൽനിന്നും പുറത്തുകടക്കാൻ കഴിഞ്ഞിട്ടില്ലായിരുന്നു. പെട്രോളിയം കണ്ടെത്തിയതിനെ തുടർന്ന് സാമ്രാജ്യത്വവും സൗദി അറേബ്യയിലെ പരമ്പരാഗത ഭരണവർഗവും തമ്മിലുള്ള സഖ്യം അതിദൃഢമായിത്തീർന്നു. ഈ ബന്ധപരിസരം വഹാബി രാഷ്ട്രീയ ഇസ്ലാമിന് പുതുജീവൻ നൽകി. രാഷ്ട്രീയ ഇസ്ലാമിന്റെ സൈദ്ധാന്തിക പദ്ധതിയുടെ കർതൃത്വം മൗദൂദിയ്ക്കാണ്. എന്നാൽ ഇംഗ്ലീഷ് ഓറിയന്റലിസ്റ്റുകൾ തങ്ങളുടെ സാമ്രാജ്യത്വ യജമാനന്മാർക്കുവേണ്ടി നേരത്തേതന്നെ തയ്യാറാക്കിവെച്ചിരുന്ന സൈദ്ധാന്തിക പദ്ധതികളുടെ തനിയാവർത്തനം മാത്രമായിരുന്നു മൗദൂദിയിലൂടെ പുറത്തുവന്നിട്ടുള്ളതെന്ന യാഥാർഥ്യം മറന്നുപോകരുത്.

അതുകൊണ്ടുതന്നെ, 1955ൽ ബാന്ദുങ്ങിൽ രൂപംകൊണ്ട ഏഷ്യൻ- ആഫ്രിക്കൻ രാഷ്ട്രങ്ങളുടെ ഐക്യപ്രസ്ഥാനത്തെ തകർത്തെറിയാൻ എന്തുകൊണ്ടാണ് അമേരിക്ക മുൻകൈയെടുത്തതെന്ന് മനസ്സിലാക്കാൻ പ്രയാസമില്ല. ഏഷ്യൻ- ആഫ്രിക്കൻ ഐക്യപ്രസ്ഥാനത്തിനുപകരം ഒരു “ഇസ്ലാമിക് കോൺഫറൻസി’ നെയായിരുന്നു അമേരിക്ക സൃഷ്ടിച്ചത്. സൗദി അറേബ്യയും പാകിസ്താനും 1957 മുതൽ വളരെ പെട്ടെന്നുതന്നെ ഇതിന്റെ പ്രചാരകരായി തീരുകയും ചെയ്‌തു. യഥാർഥത്തിൽ ഈ “ഇസ്ലാമിക് കോൺഫറൻസി’’ലൂടെയായിരുന്നു രാഷ്ട്രീയ ഇസ്ലാം ഏഷ്യൻ- ആഫ്രിക്കൻ മേഖലകളിലേക്ക് തുളച്ചുകയറിയത്.

മുകളിൽ സൂചിപ്പിച്ചിട്ടുള്ള നിരീക്ഷണങ്ങളിൽനിന്നും നമുക്കെത്തിച്ചേരാവുന്ന ഏറ്റവും ലളിതമായ വസ്‌തുത ഇതാണ്: ജനങ്ങളുടെ മനസ്സിൽ പതിഞ്ഞിട്ടുള്ള മതപരമായ ധാരണകളുടെ നൈസർഗികമായ ബഹിർഗമനമല്ല രാഷ്ട്രീയ ഇസ്ലാമിനെ സാധ്യമാക്കുന്നത്. മറിച്ച്, അറുപിന്തിരിപ്പൻ പ്രതിവിപ്ലവശക്തികളുടെയും ദല്ലാൾ വർഗങ്ങളുടെയും പിന്തുണയോടെ സാമ്രാജ്യത്വം നടപ്പിലാക്കിയ വളരെ കൃത്യമായ പ്രവർത്തന പദ്ധതികളുടെ ഭാഗമായാണ് രാഷ്ട്രീയ ഇസ്ലാം നിർമിതമായത്.

സാമ്രാജ്യത്വവും ലോകജനതയും തമ്മിൽ അരങ്ങേറിക്കൊണ്ടിരിക്കുന്ന സംഘർഷങ്ങളുടെ മുഖ്യകേന്ദ്രമായി ഇന്ന് പശ്ചിമേഷ്യൻ മേഖല മാറിത്തീർന്നിരിക്കുന്നു. അതുകൊണ്ടുതന്നെ, ഇന്ന് നടന്നുകൊണ്ടിരിക്കുന്ന സാമ്രാജ്യത്വ വിരുദ്ധപോരാട്ടങ്ങൾ അതിന്റെ ശരിയായ അർഥതലങ്ങളിൽ വിജയത്തിലെത്തണമെങ്കിൽ പശ്ചിമേഷ്യൻ മേഖലയിലെ അമേരിക്കൻ സാമ്രാജ്യത്വ പദ്ധതി പരാജയപ്പെട്ടേ മതിയാകൂ. പശ്ചിമേഷ്യയിലെ അമേരിക്കൻ സാമ്രാജ്യത്വ പദ്ധതി വിജയിച്ചാൽ അത് ലോകത്തിന്റെ മറ്റെല്ലായിടങ്ങളിലുമുള്ള സാമ്രാജ്യത്വവിരുദ്ധപോരാട്ടങ്ങളെ ഏറെ പ്രതികൂലമായി ബാധിക്കും. ഇതിനർഥം യൂറോപ്പിലും ലാറ്റിനമേരിക്കയിലും ലോകത്തിന്റെ മറ്റിടങ്ങളിലും അരങ്ങേറിക്കൊണ്ടിരിക്കുന്ന പോരാട്ടങ്ങളുടെ പ്രാധാന്യത്തെ വിലകുറച്ച് കാണണമെന്നല്ല. മറിച്ച്, ലോകത്തിന്റെ മറ്റെല്ലായിടങ്ങളിലും അരങ്ങേറുന്ന പോരാട്ടങ്ങളെ, പശ്ചിമേഷ്യയിൽ അരങ്ങുതകർത്തുകൊണ്ടിരിക്കുന്ന അമേരിക്കൻ സാമ്രാജ്യത്വ പദ്ധതിയെ പരാജയപ്പെടുത്തുന്നതരത്തിൽ അതിന്റെ സമഗ്രാർഥത്തിൽ കണ്ണിചേർക്കണമെന്നു മാത്രമാണ് അതുകൊണ്ട് അർഥമാക്കുന്നത്. കാരണം ഈ നൂറ്റാണ്ടിൽ അമേരിക്കൻ സാമ്രാജ്യത്വം അതിന്റെ ഭീകരതാണ്ഡവത്തിന്റെ ആദ്യകണ്ണിയായി തെരഞ്ഞെടുത്തിരിക്കുന്നത് പശ്ചിമേഷ്യൻ മേഖലയെയാണ്. l
(അവസാനിച്ചു)

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

1 + 10 =

Most Popular