Wednesday, April 29, 2026

ad

Homeപ്രതികരണംഉന്നതി വിദേശപഠന 
സ്കോളർഷിപ്പിന്റെ പ്രാധാന്യം

ഉന്നതി വിദേശപഠന 
സ്കോളർഷിപ്പിന്റെ പ്രാധാന്യം

പിണറായി വിജയൻ

സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നിൽക്കുന്ന പട്ടികജാതി, പട്ടികവർഗ, പിന്നാക്ക വിഭാഗങ്ങളിലെ മിടുക്കരായ വിദ്യാർത്ഥികൾക്ക് വിദേശ സർവ്വകലാശാലകളിൽ ഉന്നത വിദ്യാഭ്യാസം നേടാൻ അവസരം നൽകുന്ന കേരള സർക്കാരിന്റെ പദ്ധതിയാണ് ഉന്നതി വിദേശ പഠന സ്‌കോളർഷിപ്പ്. 2024 ൽ പുതുക്കിയ മാർഗരേഖപ്രകാരം കേരള സർക്കാർ സ്ഥാപനമായ ഒഡെപെക് (ഓവർസീസ് ഡെവലപ്‌മെന്റ് ആൻഡ് എംപ്ലോയ്‌മെന്റ് പ്രൊമോഷൻ കൺസൾട്ടന്റ്‌സ്) മുഖേനയാണ് ഉന്നതി പദ്ധതി നടപ്പാക്കുന്നത്.

ഉന്നതി പദ്ധതിക്കുകീഴിൽ ഇതുവരെ സ്‌കോളർഷിപ്പ് ലഭിച്ച വിദ്യാർത്ഥികളുടെ എണ്ണം 1,104 ആയി എന്നത് ചരിത്രപരമായ നേട്ടമാണ്.

വിദ്യയും വിജ്ഞാനവും നിഷേധിക്കപ്പെട്ട വലിയൊരു വിഭാഗം ജനങ്ങൾ ഉണ്ടായിരുന്ന നാടാണ് നമ്മുടേത്. അവിടെനിന്ന് പടിപടിയായി ഉയർന്ന് അവർക്കിന്ന് വിദേശ പഠനമടക്കം സാധ്യമാകുന്ന നിലയിലേക്ക് നമ്മുടെ നാട് എത്തിച്ചേർന്നിരിക്കുകയാണ്.

ഇന്നത്തെ നിലയിലേക്ക് നമ്മൾ എത്തിച്ചേർന്നത്, പെട്ടെന്നുണ്ടായ മാറ്റത്തിലൂടെയല്ല. ഈ മാറ്റത്തിനു കാരണമായ അവകാശ ലഭ്യതയും നിയമനിർമ്മാണങ്ങളും ആരെങ്കിലും തങ്കത്തളികയിൽ വച്ച് നീട്ടിത്തന്നതുമല്ല. നവോത്ഥാന പ്രസ്ഥാനങ്ങളും പുരോഗമന രാഷ്ട്രീയ പ്രസ്ഥാനങ്ങളും ഏറ്റെടുത്ത എണ്ണമറ്റ പോരാട്ടങ്ങളിലൂടെ, പുരോഗമന സർക്കാരുകളുടെ ഭാവനാപൂർണമായ ഇടപെടലുകളിലൂടെ ഉണ്ടായി വന്നതാണ്. അതിന്റെയെല്ലാം തുടർച്ച ഉറപ്പാക്കുകയാണ്, 2016 ൽ അധികാരത്തിൽ വന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ ചെയ്തത്. അതിന്റെ ഭാഗമായാണ് ഉന്നതി സ്‌കോളർഷിപ്പ് ആയിരത്തിലധികം പേർക്ക് ലഭ്യമാക്കിയത്.

ബിരുദാനന്തര ബിരുദ പഠനത്തിന് ഒരു വിദ്യാർത്ഥിക്ക് പരമാവധി 25 ലക്ഷം രൂപവരെ സ്‌കോളർഷിപ്പായി ലഭിക്കും. ഒരു വർഷം പട്ടികജാതി, പട്ടികവർഗ, പിന്നാക്ക വിഭാഗങ്ങളിലെ 310 വിദ്യാർത്ഥികൾക്ക് വിദേശ പഠനത്തിന് ഇതിലൂടെ അവസരം നൽകുന്നു. 50 പട്ടികവർഗ വിഭാഗ വിദ്യാർത്ഥികൾക്ക് വരുമാന പരിധി നോക്കാതെ ഓരോ വർഷവും 25 ലക്ഷം രൂപയുടെ സ്‌കോളർഷിപ്പ് ലഭ്യമാക്കും.

വരുമാന പരിധിയുടെ അടിസ്ഥാനത്തിൽ 225 പട്ടികജാതി വിഭാഗ വിദ്യാർത്ഥികൾക്കും 35 പിന്നാക്ക വിഭാഗ വിദ്യാർത്ഥികൾക്കും സ്‌കോളർഷിപ്പ് ലഭ്യമാക്കും. അങ്ങനെ ആകെ 310 പേർ. കേന്ദ്ര സർക്കാർ രാജ്യത്തൊട്ടാകെ 125 പട്ടികവിഭാഗ വിദ്യാർത്ഥികൾക്കു മാത്രമാണ് വിദേശ പഠന സ്‌കോളർഷിപ്പ് നൽകുന്നത് എന്ന കാര്യം ഏവരും ഓർക്കണം. അപ്പോഴാണ് കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ എത്ര കരുതലോടെയാണ് പട്ടികജാതി,- പട്ടികവർഗ വിഭാഗങ്ങളെ സമീപിക്കുന്നത് എന്ന് മനസ്സിലാവുക.

ടൈംസ് ഹയർ എജ്യുക്കേഷൻ റാങ്കിങ് പ്രകാരം ലോകത്തിലെ മികച്ച 500 യൂണിവേഴ്‌സിറ്റികളിൽ പ്രവേശനം നേടുന്നവർക്കാണ് സ്‌കോളർഷിപ്പ് ലഭിക്കുക. പെൺകുട്ടികൾ, ശാരീരിക വൈകല്യമുള്ളവർ, ഏക രക്ഷിതാവുള്ള കുട്ടികൾ എന്നിവർക്ക് അപേക്ഷകളിൽ മുൻഗണനയും നൽകുന്നുണ്ട്. മെഡിക്കൽ, എഞ്ചിനീയറിങ്, പ്യുവർ സയൻസ്, അഗ്രിക്കൾച്ചർ, മാനേജ്‌മെന്റ്, നിയമം, സോഷ്യൽ സയൻസ് തുടങ്ങിയ കോഴ്‌സുകൾ പഠിക്കുന്നവർക്കാണ് സ്‌കോളർഷിപ്പ് അനുവദിക്കുന്നത്.

പദ്ധതിയുടെ ഭാഗമായി വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും കൗൺസിലിംഗ് സെഷനുകൾ നടത്തി, വിസ അപേക്ഷയുൾപ്പെടെ വിദേശ പഠനത്തിന്റെ മുഴുവൻ പ്രക്രിയയും മനസ്സിലാക്കി തീരുമാനങ്ങൾ എടുക്കാനുള്ള പിന്തുണാ സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്. ചില ഇടനിലക്കാരും ഏജന്റുമാരും നടത്തുന്ന ചൂഷണം തടയുവാനും ഇതിലൂടെ സാധിക്കും.

സാമൂഹികവും സാമ്പത്തികവുമായ പരിമിതികൾ, നമ്മുടെ കുട്ടികൾക്ക് സ്വപ്നങ്ങളെ കയ്യെത്തിപ്പിടിക്കുന്നതിന് തടസ്സമാകരുതെന്ന് കരുതുന്ന സർക്കാരാണ് ഇവിടെയുള്ളത്. അത് ഈ ഉന്നതി പദ്ധതിയടക്കമുള്ള പല ഇടപെടലുകളിലും ദൃശ്യമാണ്. രണ്ടര ലക്ഷത്തിനുമേൽ വരുമാനമുള്ള പട്ടികജാതി വിദ്യാർത്ഥികൾക്ക് കേന്ദ്ര സർക്കാർ പോസ്റ്റ്‌മെട്രിക് സ്‌കോളർഷിപ്പ് നൽകാത്തതും, മുമ്പ് നൽകിക്കൊണ്ടിരുന്ന ഒന്നാം ക്ലാസ് മുതൽ എട്ടാം ക്ലാസ്സുവരെയുള്ള പ്രീമെട്രിക് സ്‌കോളർഷിപ്പ് നിർത്തലാക്കിയതും നമുക്ക് അറിവുള്ളതാണ്.

എന്നാൽ, സംസ്ഥാന സർക്കാർ വരുമാനഭേദമില്ലാതെ എല്ലാ പട്ടികവിഭാഗ വിദ്യാർത്ഥികൾക്കും ഇ-–ഗ്രാന്റ്‌സ് സ്‌കോളർഷിപ്പ് നൽകുന്നുണ്ട്. ഇത്തരത്തിൽ സംസ്ഥാനത്തിനകത്തും ഇതര സംസ്ഥാനങ്ങളിലുമായി പഠനം നടത്തുന്ന 13 ലക്ഷത്തോളം വിദ്യാർത്ഥികൾക്കാണ് പ്രീ-മെട്രിക്, പോസ്റ്റ് മെട്രിക് സ്‌കോളർഷിപ്പുകൾ നൽകുന്നത്. അതിലുണ്ട് രണ്ട് സർക്കാരുകളുടെ സമീപനത്തിലുള്ള വ്യത്യാസം.

ഇതിനുപുറമേ ഉന്നത വിദ്യാഭ്യാസം കഴിഞ്ഞ വിദ്യാർത്ഥികൾക്ക് പ്രായോഗിക പരിശീലനം ലഭ്യമാക്കുന്നതിനായി ട്രേസ് (ട്രെയിനിംഗ് ഫോർ കരിയർ എക്‌സലൻസ്) പദ്ധതിയിലൂടെ എഞ്ചിനീയറിങ് / ഡിപ്ലോമ / ഐ ടി ഐ, നഴ്‌സിങ്, പാരാ മെഡിക്കൽ, നിയമം, ജേണലിസം, സോഷ്യോളജി, മാനേജ്‌മെന്റ് എന്നീ മേഖലകളിൽ യോഗ്യതയുള്ളവർക്ക് സർക്കാർ ഓണറേറിയത്തോടെ ഇന്റേൺഷിപ്പ് (തൊഴിൽ പരിശീലനം) നൽകിവരുന്നു. ഈ പദ്ധതി വഴി നാലുവർഷത്തിനുള്ളിൽ 5,000 പേർക്ക് അവസരം ലഭ്യമാക്കി.

വിദേശ പഠനത്തിന് അവസരം കിട്ടുകയും മികച്ച തൊഴിലവസരങ്ങൾ ലഭ്യമാകുകയും ചെയ്യുന്ന മുറയ്ക്ക് നമ്മുടെ കുട്ടികൾ ഈ നാടിന്റെ വികസനത്തിനും, ഉയർച്ചയ്ക്കും ആവശ്യമായ പിന്തുണ നൽകാൻ കഴിയുന്നവരാകുമെന്ന പ്രതീക്ഷയാണ് സംസ്ഥാന സർക്കാരിനുള്ളത്. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

fourteen − 11 =

Most Popular