Wednesday, April 29, 2026

ad

Homeകവര്‍സ്റ്റോറിഖത്തറിന് നേരെയുണ്ടായ 
ഇസ്രയേൽ ആക്രമണം 
പ്രതിഷേധാർഹം

ഖത്തറിന് നേരെയുണ്ടായ 
ഇസ്രയേൽ ആക്രമണം 
പ്രതിഷേധാർഹം

ഒ കെ പരുമല (ഖത്തറിൽ നിന്ന്)

2025 സെപ്തംബർ 9 ന് ഖത്തറിലെ കത്താറ പ്രവിശ്യയിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണം ഒരു രാജ്യത്തിന്റെ പരമാധികാരത്തിനുനേരെയുള്ള ശക്തമായ വെല്ലുവിളിയും അന്താരാഷ്ട്ര മര്യാദയുടെ നഗ്നമായ ലംഘനവുമാണ്. പലസ്തീനിൽ ഇസ്രയേൽ തുടർന്നുവരുന്ന കൂട്ടക്കൊലകളുടെയും വംശഹത്യയുടേയും ഫലമായി പതിനായിരക്കണക്കിന് ജീവനുകളാണ് പൊലിഞ്ഞുപോയത്. ജീവനോപാധികളും ജീവിതവും നഷ്ടപ്പെട്ട അനേകർ വേറെയും. ദശകങ്ങളായി ഗാസയുടെയും വെസ്റ്റ് ബാങ്കിന്റെയും മണ്ണിൽ വീണുകൊണ്ടിരിക്കുന്ന രക്തത്തിനും കണ്ണീരിനും കണക്കില്ല. പ്രതിരോധം തീർക്കുന്നവരെ വിധ്വംസക ശക്തികളായി മുദ്രകുത്തി ഇല്ലായ്മ ചെയ്യുന്ന സാമ്രാജ്യത്വ – ഫാസിസ്റ്റ് രീതിയുടെ മറ്റൊരുദാഹരണമാണ് ദോഹയിൽ കണ്ടത്. ഇസ്രയേലിന്റെ സഖ്യ രാഷ്ട്രമായ അമേരിക്കയുടെകൂടി നിർദ്ദേശപ്രകാരം, ഇസ്രയേലുമായുണ്ടാക്കിയ വെടിനിർത്തൽ കരാറിലെ വ്യവസ്ഥകളെക്കുറിച്ച് ചർച്ച ചെയ്യാനെത്തിയ ഹമാസ് നേതാക്കളെ വകവരുത്താനാണത്രെ ഇസ്രയേൽ ഒരു സ്വതന്ത്ര രാജ്യത്തിനകത്ത് കടന്നു കയറി ഈ തെമ്മാടിത്തരം കാണിച്ചത്. ആർക്കും നീതീകരിക്കാനാവാത്ത ഈ ആക്രമണത്തെ അപലപിക്കാൻ മുഴുവൻ ലോക രാഷ്ട്രങ്ങളും മുന്നോട്ടുവരേണ്ടതുണ്ട്. ഐക്യരാഷ്ട്ര സംഘടനയും ഗൾഫ് രാജ്യങ്ങളും ഇതിനകം ഇസ്രയേൽ നടപടിയെ ശക്തമായി അപലപിച്ചിട്ടുണ്ടെങ്കിലും സെപ്തംബർ 14, 15 തീയതികളിൽ ദോഹയിൽ നടന്ന അറബ് -ഇസ്ലാമിക് രാജ്യങ്ങളുടെ സമ്മേളനത്തിനുശേഷം വലിയ രീതിയിൽ ലോകരാജ്യങ്ങൾ ഈ അക്രമത്തിനെതിരെ രംഗത്തുവരുമെന്നു വേണം കരുതാൻ.
ദോഹയിലെ ഹമാസ് നേതാക്കളുടെ താമസസ്ഥലം ലക്ഷ്യമാക്കിയുള്ള ഇസ്രയേലിന്റെ ആക്രമണം ബന്ദികളുടെ എല്ലാ പ്രതീക്ഷകളെയും ഇല്ലാതാക്കിയെന്നും ,സമാധാനത്തിനും സ്ഥിരതയ്ക്കുമുള്ള എല്ലാ സാധ്യതകളും ഇല്ലാതാക്കാനുള്ള ഭരണകൂടഭീകരതയാണ് ഇസ്രയേൽ സൃഷ്ടിച്ചതെന്നുമാണ് ഖത്തർ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ബിൻ ജാസിം അൽഥാനി പ്രതികരിച്ചത്.

ലോകത്തിലെ നിരവധി രാജ്യങ്ങളിൽ സൈനിക താവളങ്ങളുള്ള അമേരിക്കയുടെ പശ്ചിമേഷ്യയിലെ ഒരു പ്രധാനപ്പെട്ട സൈനിക താവളം ഖത്തറിൽ വർഷങ്ങളായി പ്രവർത്തിക്കുന്നുണ്ട്. ഖത്തറിന്റെ സംരക്ഷണം ഉറപ്പാക്കാനുള്ള ഉത്തരവാദിത്വമുള്ള ഈ സൈനിക താവളത്തിൽ നിന്നും ഏറെ അകലെയല്ലാത്ത കത്താറ എന്ന ജനവാസ മേഖലയിലാണ് ഇസ്രയേൽ ആക്രമണം നടത്തിയത് എന്നത് വലിയ ചോദ്യങ്ങൾ ഉയർത്തുന്നുണ്ട്. അതിനുള്ള ഉത്തരം ബന്ധപ്പെട്ടവർ തേടുമെന്ന് കരുതാം. ഖത്തറിലെ ഒരു പ്രധാനപ്പെട്ട വിനോദ സഞ്ചാര മേഖല കൂടിയായ ഈ പ്രദേശം ധാരാളം വിദേശ സന്ദർശകർ എത്തുന്ന ഇടം കൂടിയാണ്. ആളപായവും അത്യാഹിതങ്ങളും കൂടുതൽ ഉണ്ടാകാതിരുന്നത് ആശ്വാസകരമാണെങ്കിലും ആ ആക്രമണം ഉണ്ടാക്കിയ ഭീതി ചെറുതല്ല. എന്നാൽ ഇത്തരം ഒരാക്രമണം നടന്നത് പൊതുജനത്തിന് അറിയാത്ത തരത്തിൽ സാധാരണത്വം നില നിർത്താൻ അധികാരികൾക്ക് കഴിഞ്ഞു. സ്വദേശികളും വിദേശികളുമടങ്ങുന്ന ജനങ്ങളുടെ സുരക്ഷയിൽ വിട്ടുവീഴ്ചയില്ലാത്ത നിലപാടുകൾ സ്വീകരിച്ച അധികൃതർ, ഒട്ടും ആശങ്കപ്പെടേണ്ടതില്ലെന്ന ഉറപ്പ് ജനങ്ങൾക്ക് നൽകുകയും അത് പാലിക്കുകയും ചെയ്തു.

പശ്ചിമേഷ്യയെ യുദ്ധഭീതിയിലാക്കുന്ന ഇസ്രയേലിന്റെ ഈ കടന്നാക്രമണം ഗൾഫ് മേഖലയിൽ തൊഴിലും വ്യാപാരവും നടത്തി ജീവിക്കുന്ന ലക്ഷക്കണക്കിന് മലയാളികൾ ഉൾപ്പെടുന്ന ഇന്ത്യക്കാരിലും വലിയ ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്. കൂടുതൽ അനിഷ്ട സംഭവങ്ങൾ ഇല്ലാതെ ഈ പ്രശ്നം പരിഹരിക്കാൻ കഴിയട്ടെ എന്ന് തീവ്രമായി ആഗ്രഹിക്കുകയാണ് പ്രവാസി സമൂഹം.

ലോക രാജ്യങ്ങളുമായി   വലിയ സൗഹൃദം കാത്തുസൂക്ഷിക്കുന്ന പാരമ്പര്യമാണ് ഖത്തറിനുള്ളത്. മിക്ക രാജ്യങ്ങളിലും ഖത്തറിന്റെ കോടികളുടെ നിക്ഷേപമുണ്ട്. പല സംഘര്‍ഷ സാഹചര്യങ്ങളിലും മധ്യസ്ഥത വഹിച്ച് പ്രശ്‌ന പരിഹാരത്തിന് ശ്രമിക്കുന്ന രാജ്യം കൂടിയാണ് ഖത്തര്‍. ഇവിടെ ഇസ്രയേൽ ആക്രമണം നടത്തിയത് തീര്‍ത്തും അപ്രതീക്ഷിതമായാണ്. സമീപകാലത്ത് മൂന്നു തവണയാണ് ഖത്തര്‍ വിദേശ ശക്തികളുടെ പ്രകോപനത്തിനിരയായത്.  2017ല്‍ സൗദി, യുഎഇ, ബഹ്‌റൈന്‍, ഈജിപ്ത് എന്നീ രാജ്യങ്ങള്‍ ഖത്തറിനെതിരെ ഉപരോധമേർപ്പെടുത്തിയിരുന്നു. ഖത്തറിനെ തീർത്തും ഒറ്റപ്പെടുത്തി തോൽപ്പിക്കാൻ ശ്രമിച്ചിട്ടും ഇച്ഛാശക്തിയും ദീർഘവീക്ഷണവും കൊണ്ട്- അതിനെയെല്ലാം അതിജീവിച്ചു മുന്നേറാൻ ഈ കൊച്ചു രാജ്യത്തിന് കഴിഞ്ഞു. 2025 ജൂണ്‍ 22ന് ഇസ്രയേലും അമേരിക്കയും ചേർന്ന്   ഇറാനെ ആക്രമിച്ചതിനുള്ള മറുപടിയായി, ഖത്തറിലുള്ള അമേരിക്കൻ സൈനികത്താവളത്തിനു നേരെ ഇറാൻ ആക്രമണം നടത്തിയിരുന്നു. അന്നും വിദേശികളടങ്ങുന്ന ഖത്തർ ജനത ആശങ്കയിലകപ്പെട്ടിരുന്നു. ഇപ്പോള്‍ ഇസ്രയേലിന്റെ കടന്നാക്രമണത്തിനും ഈ രാജ്യം ഇരയായി.

ഇന്ത്യയുമായി നൂറ്റാണ്ടുകളുടെ വാണിജ്യ – വ്യാവസായിക, സാംസ്കാരിക ബന്ധമുള്ള രാജ്യമാണ് ഖത്തർ. ബ്രിട്ടീഷ് കോളനിയായിരുന്ന കാലത്ത് വിനിമയത്തിനായി ഇന്ത്യൻ കറൻസിയാണ് ഖത്തറിൽ ഉപയോഗിച്ചിരിന്നത്.  21 ലക്ഷം വരുന്ന ഖത്തറിലെ തൊഴിലാളികളിൽ 90-–95 ശതമാനം തൊഴിലാളികളും വിദേശികളാണ്. വിദേശി – സ്വദേശി ഭേദമില്ലാതെ രാജ്യത്ത് അധിവസിക്കുന്ന മുഴുവൻ ജനങ്ങളുടെയും സുരക്ഷയും ജീവിത നിലവാരവും ഉറപ്പുനൽകുന്ന ഭരണകൂടമാണ് ഇവിടെയുള്ളത്. എട്ടുലക്ഷത്തിൽപ്പരം പ്രവാസി ഇന്ത്യക്കാരാണ് ഖത്തറിലുള്ളത്. അതിൽ ഭൂരിപക്ഷവും മലയാളികളാണ്. 19 ഇന്ത്യൻ സ്‌കൂളുകളിലായി നാല്പത്തയ്യായിരത്തിലേറെ ഇന്ത്യൻ പ്രവാസി വിദ്യാർത്ഥികളാണ് ഇവിടെ പഠിക്കുന്നത്. പൂനയിലെ സാവിത്രിഭായ് ഫുലെ യൂണിവേഴ്‌സിറ്റിയുടെ കോളേജ് ക്യാമ്പസും ഇവിടെ പ്രവർത്തിക്കുന്നു. മലയാളികളടക്കമുള്ള ഇന്ത്യൻ പ്രവാസികളാണ് വാണിജ്യ–വ്യാവസായിക രംഗത്തുള്ളത്.

ഈ ആക്രമണം മലയാളികളടങ്ങുന്ന  ഗൾഫിലെ ഏറ്റവും വലിയ തൊഴിൽ വിഭാഗത്തിനിടയിൽ വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്. സംഘർഷം മൂർച്ചിച്ചാൽ അത് പ്രവാസി  തൊഴിലാളികളെയാകും ഏറ്റവും കൂടുതൽ  ബാധിക്കുക. എങ്കിലും ഈ രാജ്യം നൽകുന്ന സുരക്ഷയിൽ പ്രവാസികൾ പൂർണ്ണ സംതൃപ്തരാണ്.

സമാധാന ശ്രമങ്ങൾക്ക് മധ്യസ്ഥത വഹിക്കാൻ തയ്യാറായ ഖത്തർ എന്ന രാജ്യത്തിനുള്ളിൽ കടന്നു കയറി, എല്ലാ അന്താരാഷ്ട്ര മര്യാദകളെയും കാറ്റിൽപ്പറത്തിക്കൊണ്ട് ഒരു സ്വതന്ത്ര രാഷ്ട്രത്തിന്റെ പരമാധികാരത്തിനുമേൽ കടന്നാക്രമണം നടത്തിയ ഇസ്രയേൽ നടപടിയ്ക്കെതിരെ വലിയ പ്രതിഷേധം ഉയർന്നുവരേണ്ടതുണ്ട്. ലോകത്ത് സമാധാനം പുലരണം എന്നാഗ്രഹിക്കുന്ന മുഴുവൻ മനുഷ്യരും സംഘടനകളും രാജ്യങ്ങളും ഈ അനീതിക്കെതിരെ ഖത്തറിനോടൊപ്പം നിലകൊള്ളുമെന്നുതന്നെ പ്രതീക്ഷിക്കാം. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

10 + 7 =

Most Popular