ഗാസയിൽ വംശഹത്യ നടത്തുന്ന ഇസ്രയേൽ ഒരു തെമ്മാടി രാഷ്ട്രമാണെന്ന് അമേരിക്കയൊഴികെയുള്ള ലോക രാഷ്ട്രങ്ങൾ അംഗീകരിച്ചിരിക്കുകയാണ്. ഐക്യരാഷ്ട്രസഭ നിയോഗിച്ച അനേ-്വഷണ കമ്മീഷൻ വർഷങ്ങളോളം അനേ-്വഷണം നടത്തി സമർപ്പിച്ച റിപ്പോർട്ടിൽ ഗാസയിൽ ഇസ്രയേൽ ഭരണാധികാരികൾ നടത്തുന്നത് വംശഹത്യയാണെന്ന് അടിവരയിട്ട് വ്യക്തമാക്കുന്നുണ്ട്. വംശഹത്യയുടെ പേരിൽ അന്താരാഷ്ട്ര ക്രിമിനൽ കോടതി ഇസ്രയേൽ പ്രധാനമന്ത്രി ബെന്ന്യാമിൻ നെതന്യ-ാഹുവിനെതിരെ അറസ‍്റ്റ് വാറന്റ് പുറപ്പെടുവിച്ചിട്ടുമുണ്ട്. 65000 പലസ്തീൻകാരെയാണ് കഴിഞ്ഞ ഇരുപത്തിമൂന്ന് മാസങ്ങൾക്കുള്ളിൽ ഇസ്രയേൽ ഭരണാധികാരികൾ കൊലപ്പെടുത്തിയത്.
ഇസ്രയേലിനോട് പണ്ടുമുതലേ ആഭിമുഖ്യം പുലർത്തിപ്പോന്ന പല പാശ്ചാത്യരാജ്യങ്ങളും ഗാസയിലെ വംശഹത്യയെ അപലപിക്കാൻ നിർബന്ധിതമായി. പലസ്തീനെ രാഷ്ട്രമായി അംഗീകരിക്കാൻ പല പാശ്ചാത്യരാജ്യങ്ങളും മടിച്ചു നിൽക്കുകയായിരുന്നു. എന്നാൽ അയർലൻഡും സ്പെയിനും നോർവെയും അടുത്തകാലത്ത് പലസ്തീനെ അംഗീകരിക്കുകയുണ്ടായി. സെപ്തംബറിൽ തന്നെ പലസ്തീനെ അംഗീകരിക്കുമെന്ന് ഫ്രാൻസ് വ്യക്തമാക്കിയിട്ടുമുണ്ട്.
ഗാസയിലെ വംശഹത്യ ഇസ്രയേൽ അവസാനിപ്പിച്ചില്ലെങ്കിൽ പലസ്തീനെ ഈ മാസം തന്നെ അംഗീകരിക്കുമെന്ന് ബ്രിട്ടൺ പരസ്യമായി പ്രഖ്യാപിക്കുകയുമുണ്ടായി. അതുപോലെ കാനഡയും ബൽജിയവും പോർച്ചുഗലും ആസ്ട്രേലിയയും പലസ്തീനെ ഉടൻ അംഗീകരിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
രണ്ടുവർഷക്കാലമായി ഇസ്രയേൽ നടത്തുന്ന കണ്ണില്ലാത്ത കൂട്ടക്കുരുതിയെ ഒരു കാരണവശാലും ന്യായീകരിക്കാൻ കഴിയില്ല എന്ന തിരിച്ചറിവാണ് മേൽപ്പറഞ്ഞ പാശ്ചാത്യരാജ്യങ്ങളെ ഇത്തരം ഒരു തീരുമാനമെടുക്കാൻ പ്രേരിപ്പിച്ചത്. അതതു രാജ്യങ്ങളിലെ ജനങ്ങളിൽ നിന്നുയർന്ന ശക്തമായ പ്രതിഷേധവും സമ്മർദവുമാണ് ഭരണാധികാരികളെ അതിനു പ്രേരിപ്പിച്ചത്. ഇസ്രയേലിനെയും അമേരിക്കയെയും അന്ധമായി അനുകൂലിച്ചിരുന്ന രാജ്യങ്ങൾപോലും മറിച്ചൊരു നിലപാടെടുക്കാൻ നിർബന്ധിതമായിരിക്കുകയാണ്.
ഗാസയിലെ വംശഹത്യ ഉടൻ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ഐക്യരാഷ്ട്രസഭ പ്രമേയം പാസാക്കി ഒരാഴ്ച തികയുന്നതിനുമുൻപ് ആക്രമണത്തിന് ശക്തികൂട്ടുകയാണ് ഇസ്രയേൽ ചെയ്തത്. 193 അംഗരാജ്യങ്ങളുള്ള ഐക്യരാഷ്ട്ര സഭയിൽ 142 രാജ്യങ്ങൾ അനുകൂലിച്ച പ്രമേയത്തിന് പുല്ലുവില പോലും കൊടുക്കാൻ ഇസ്രയേൽ തയ്യാറായില്ല. അമേരിക്കയുടെ കലവറയില്ലാത്ത പിന്തുണയാണ് ഈ തെമ്മാടി രാഷ്ട്രത്തിന് ഇത്രയും ധെെര്യം നൽകിയത് എന്നതു വ്യക്തം.
അടങ്ങാത്ത യുദ്ധവെറിയും പലസ്തീനെ തന്നെ ഇല്ലാതാക്കാനുള്ള അത്യാഗ്രഹവും മൂലം കൂട്ടക്കുരുതി തുടരുന്ന ഇസ്രയേൽ ലോകരാഷ്ട്രങ്ങൾക്കിടയിൽ ഒറ്റപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഇസ്രയേലിലെ പ്രധാനമന്ത്രിക്കും മന്ത്രിമാർക്കുമെതിരെ വിലക്കും ഉപരോധവും പല രാജ്യങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. പുതിയതായി ചില രാജ്യങ്ങൾ ഏർപ്പെടുത്തുന്നുമുണ്ട്.
ഈ പശ്ചാത്തലത്തിൽ ഇസ്രയേൽ ധനകാര്യമന്ത്രിയും തീവ്രവലതുപക്ഷ നിലപാടുകാരനുമായ ബെസലേൽ സ്മോട്രിച്ചിനെ മോദി സർക്കാർ വരവേറ്റത് അന്താരാഷ്ട്ര തലത്തിൽ ഇന്ത്യയ്ക്ക് വലിയ ദുഷ്-പേരാണ് ഉണ്ടാക്കിയത്. സെപ്തംബർ 8ന് ഇന്ത്യയിലെത്തിയ സ്മോട്രിച്ചുമായി ഇന്ത്യൻ ധനകാര്യമന്ത്രി നിർമല സീതാരാമൻ നിരവധി വ്യാപാരകരാറുകളിൽ ഒപ്പുവച്ചു. തീവ്രവംശീയവാദിയായ സ്മോട്രിച്ചിനെ അയാളുടെ നിലപാടുമൂലം പല രാജ്യങ്ങളും അവരുടെ മണ്ണിൽ കാലുകുത്താൻ പോലും സമ്മതിക്കില്ല.
പലസ്തീൻ ജനതയ്ക്കെതിരെ വംശീയ ആക്രമണങ്ങൾക്ക് പ്രേരിപ്പിച്ചതിന് ഇസ്രയേൽ അനുകൂല രാജ്യങ്ങളായ ബ്രിട്ടനും കാനഡയും ഉൾപ്പെടെയുള്ള രാജ്യങ്ങൾ പോലും സ്മോട്രിച്ചിനെതിരെ ഉപരോധമേർപ്പെടുത്തിയിട്ടുണ്ട്. പലസ്തീനിലെ അനധികൃത കുടിയേറ്റക്കാരായ ജൂത വംശജരെ നിരന്തരം അക്രമങ്ങൾക്ക് പ്രേരിപ്പിച്ചയാളാണ് അയാൾ. 2005ൽ ജൂത കുടിയേറ്റക്കാരെ പിൻവലിക്കാൻ ഇസ്രയേൽ ഗവൺമെന്റ് തീരുമാനിച്ചു. അതിനെതിരെ ഭീകരപ്രവർത്തനത്തിന് കുടിയേറ്റക്കാരെ പ്രേരിപ്പിച്ചയാളാണ് സ്മോട്രിച്ച്. പെട്രോൾ ബോംബും മറ്റ് മാരകായുധങ്ങളുമായി പലസ്തീൻകാരെ ആക്രമിക്കുന്നതിന് നേതൃത്വം നൽകിയതിന് അയാളെ ഇസ്രയേൽ പൊലീസ് തന്നെ അന്ന് അറസ്റ്റ് ചെയ്യുകയുണ്ടായി.
അങ്ങനെയുള്ള ബെസലേൽ സ്മോട്രിച്ചിന്- ഇപ്പോൾ ഇന്ത്യ സന്ദർശിക്കാൻ അനുമതി നൽകിയതും അയാളുമായി ഇന്ത്യയുടെ ധനകാര്യമന്ത്രി വ്യാപാര കരാർ ഒപ്പിടാൻ തയ്യാറായതും അന്താരാഷ്ട്ര തലത്തിൽ ഇന്ത്യക്കുണ്ടാക്കിയ നാണക്കേട് വലുതാണ്.
റഷ്യയിൽ നിന്ന് ഇന്ത്യ എണ്ണ വാങ്ങുന്നു എന്ന ഒറ്റക്കാരണം പറഞ്ഞാണ് അമേരിക്ക ഇന്ത്യയിൽനിന്നുള്ള ഉൽപ്പന്നങ്ങൾക്ക് ഇരട്ടി ചുങ്കം ഏർപ്പെടുത്തിയതെന്ന് ഓർക്കുക. ഇന്ത്യ അമേരിക്കയുടെ തന്ത്രപര പങ്കാളിയാണെന്നാണ് അമേരിക്ക അവകാശപ്പെടുന്നത്. നരേന്ദ്രമോദിക്കും ഇന്ത്യ സർക്കാരിനും അന്ധമായ അമേരിക്കൻ വിധേയത്വമാണുള്ളത്. മോദി അവകാശപ്പെട്ടത് തന്റെ ഏറ്റവുമടുത്ത സുഹൃത്തുക്കളിലൊരാളാണ് ട്രംപ് എന്നാണ്. അന്താരാഷ്ട്ര മര്യാദകൾ ലംഘിച്ച് ട്രംപിനുവേണ്ടി അമേരിക്കയിൽ തിരഞ്ഞെടുപ്പ് പ്രചാരണം നടത്താൻപോലും തയ്യാറായ ആളാണ് മോദി. അങ്ങേയറ്റം അമേരിക്കൻ ഭക്തി കാണിച്ചിട്ടും ഇന്ത്യക്ക് അമേരിക്കയിൽനിന്നു ലഭിച്ചത് കടുത്ത അവഹേളനവും നിന്ദയുമാണ്. ചെെനയും റഷ്യയുമായി ഇന്ത്യ കെെകോർക്കുന്നു എന്നു കണ്ടതു കൊണ്ടു മാത്രമാണ് ട്രംപിന്റെ സമീപനത്തിൽ ചെറിയ മാറ്റം വന്നത്. ഇപ്പോഴും അമേരിക്ക ഏർപ്പെടുത്തിയ പ്രതികാരച്ചുങ്കത്തിൽ ഒരു കുറവും വരുത്തിയിട്ടില്ല. ഇന്ത്യക്ക് 50 ശതമാനം ചുങ്കം ഏർപ്പെടുത്തണമെന്ന് പാശ്ചാത്യരാജ്യങ്ങളോട് ട്രംപ് ആവശ്യപ്പെടുകയും ചെയ്തു.
ഇന്ത്യ അവഹേളിക്കപ്പെട്ടിട്ടും അമേരിക്കയുടെയും ഇസ്രയേലിന്റെയും സമ്മർദത്തിന് മോദി സർക്കാർ വഴങ്ങുന്നതിന്റെ ഉദാഹരണമായേ സ്മോട്രിച്ചിന്റെ സന്ദർശനത്തെയും കാണാൻ കഴിയൂ. l



