Wednesday, April 29, 2026

ad

Homeകവര്‍സ്റ്റോറിപലസ്തീൻ കവിതകൾ

പലസ്തീൻ കവിതകൾ

പരലോകത്തേക്കു പോയവരെ കാത്ത്

ഫാത്തിമ ഹസൂന (ഗാസയിലെ ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ട പലസ്തീൻ ഫോട്ടോഗ്രാഫറും 
കവിയുമാണ് 
ഫാത്തിമ ഹസൂന)
വിവ. അമാനത്ത് അബ്ദുള്ള

“കിനാവിലൊന്ന് വരൂ’’ എന്ന്
കാലുപിടിച്ചു പറഞ്ഞിട്ടും
ഉറങ്ങാൻ കിടന്ന ഇടങ്ങൾ
പലവുരു മാറ്റിനോക്കിയിട്ടും
മോഹിക്കുന്നവരാരും വന്നില്ല.

ദുഃഖാചരണത്തിന്റെ നിറങ്ങളും
ഇരുണ്ട നിറമുള്ള ഉടുപ്പുകളും
ഒടുവിൽ എന്നെത്തന്നെയും
ഞാൻ മാറ്റിനോക്കി.

ജീവിതപ്പടികളിൽ
കാലുകൾ കുത്തി നടന്നുനോക്കി.
ധൈര്യപൂർവം ജീവിച്ചുനോക്കി
ജീവിതത്തെ നേരിട്ടുനോക്കി.
ഉറക്കസമയങ്ങൾ മാറ്റിനോക്കി.

മൊഞ്ചത്തി ഫാത്തിമ
രാവിലെയെങ്ങാനും വരാൻ കരുതുന്നുണ്ടെങ്കിലോ ?

എന്റെ ഉല്ലാസദിനങ്ങൾക്കുമേലെ
വീണ്ടുമുദിക്കുവാനായി
ഒരു സൂര്യനെത്തന്നെ
അവൾ കൊണ്ടത്തരുന്നുണ്ടെങ്കിലോ?

അതോ
മരണത്തെയോ
തകർന്ന ജീവിതത്തെയോ
ഒന്നിനേയുമോർക്കാതെ
ഞാൻ സന്തോഷവതിയായി
ജീവിച്ചാൽ മതിയെന്നു മാത്രമാകുമോ അവൾക്ക് ?

എന്നെ ആപ്പിളുകൾക്കൊപ്പം വളർത്തിയ ബാസിമ
സച്ചരിതമായ ഒരു ജീവിതത്തിന്റെ പ്രതിഫലമെന്നോണം
പുതിയൊരു ആപ്പിളും പിടിച്ച് ഒരിക്കൽക്കൂടി
വരുമായിരിക്കുമോ ?

ഒരു ദീർഘമായ
വെടിനിർത്തലിന്റെ
പെരുന്നാൾച്ചിരിയുമായി
ഒടുവിൽ
മരിയ ഇനിയും വരുമോ ?

കൊള്ളയടിക്കപ്പെട്ട നാടിനെക്കുറിച്ച്
ഒരു ഗീതവും ചൊല്ലി
മുസാബ്
വീണ്ടും വരുമായിരിക്കുമോ ?

ഞാൻ ഉറങ്ങുന്നിടവും
സ്ഥലകാലങ്ങളും
ജീവിതവും
സകലതും
അടിമുടി മാറ്റിനോക്കി,
പരലോകത്തെ
എന്റെ കൂട്ടുകാരേ …
നിങ്ങളൊരിക്കൽ
അദൃശ്യതയുടെ
ആവരണങ്ങൾ ഭേദിച്ച്
വന്നിരുന്നെങ്കിൽ… l

മൂന്നു ചിന്തകൾ
നാസർ റബാഹ്
വിവ. അമാനത്ത് അബ്ദുള്ള

1963-ൽ ഗാസയിൽ ജനിച്ച ഒരു പ്രശസ്ത പലസ്തീൻ കവിയാണ് നാസർ റബാഹ്. പലസ്തീൻ കൃഷിമന്ത്രാലയത്തിലെ ആശയവിനിമയ വകുപ്പിന്റെ ഡയറക്ടറായി പ്രവർത്തിക്കുന്ന അദ്ദേഹം, പലസ്തീൻ റൈറ്റേഴ്സ് യൂണിയൻ അംഗവുമാണ്. അറബിക്, ഇംഗ്ലീഷ്, ഫ്രഞ്ച്, ഹീബ്രു ഭാഷകളിൽ അദ്ദേഹത്തിന്റെ രചനകൾ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്.

ങ്ങോട്ടാണെന്ന്
ടാക്സി ഡ്രൈവർ എന്നോടു ചോദിച്ചില്ല.
ഞാൻ കാര്യമാക്കിയുമില്ല.
കാരണം
ഞങ്ങൾക്കു പോകാൻ
അടുത്തടുത്ത
മൂന്നു സ്ഥലങ്ങൾ മാത്രമേയുള്ളൂ:
ചന്ത, ആശുപത്രി, ശ്മശാനം

അയാൾ
ദീർഘസമയം മൗനിയായി.

അയാൾക്ക്
ദുഃഖത്തിനായി മൂന്നു ചിന്തകളുണ്ട്.
മൂന്നും അതേ കാറിനകത്ത്
തൊട്ടടുത്ത മൂന്നിടങ്ങളിൽ :
കറുത്ത ഷാളിട്ട ഒരു സ്ത്രീയുടെ ഫോട്ടോ,
അയാളുടെ പട്ടിണിക്കോലം,
ഒരുപക്ഷേ,
എന്റെ പാവം പിടിച്ച മുഖവും.

ഡ്രൈവർ പെട്ടെന്ന് ആരെയോ ശപിച്ചു.
അയാൾ പേരു പറഞ്ഞതുമില്ല,
ഞാൻ ചോദിച്ചതുമില്ല.
എന്റെ മുന്നിലിപ്പോൾ മൂന്നു സാധ്യതകളാണുള്ളത്:
ചന്തയിൽ മാവ് വിൽക്കുന്നയാളെയാകാം
അയാൾ ഉദ്ദേശിച്ചത്,
അല്ലെങ്കിൽ സ്വയം ശപിച്ചതാകാം.
കൂട്ടത്തിൽ ഞാനുമൊരു സാധ്യതയാണ്.

ഇപ്പോളയാൾ
പതുങ്ങിയ ശബ്ദത്തിൽ ചിരിക്കുന്നു:
പരിഹാസത്തിന് നമുക്ക് മൂന്ന് സാധ്യതകളുണ്ട്:
യുദ്ധം അവസാനിക്കണമെന്ന് ഞാൻ പ്രകടിപ്പിച്ച ആഗ്രഹം,
എല്ലാം കണക്കാണെന്ന അയാളുടെ മറുപടി,
അതുമല്ലെങ്കിൽ അയാൾ
കരയാതിരിക്കാൻ ശ്രമിക്കുകയാവാം.
ഞങ്ങൾ മൂന്നു പേരും കൂടി
കെണിയിലകപ്പെട്ടിരിക്കുന്നു:
ഡ്രൈവർ ഭാവനയിലെവിടെയോ
ഒരു ഷെല്ലാക്രമണത്തിന്റെ ശബ്ദം പിന്തുടരുന്നു,

ഞാൻ
മുങ്ങിത്താഴുന്നവന്റെ കൈകൾ പോലെയുള്ള
പൊട്ടിയ ജനൽച്ചില്ലുകൾ നിരീക്ഷിക്കുന്നു,

ഞങ്ങൾക്കിടയിൽ മൗനം
ആഴമുള്ള ഇരുണ്ട കുഴിയായി മാറുന്നു.

തകർന്ന കെട്ടിടങ്ങളല്ലാതെ
വഴിയിൽ ഒന്നുമില്ല.
ഞങ്ങൾക്കു മുമ്പേ ദൈവവിളി കേട്ട വീടുകൾ.
അത്തരമൊരു വീടിനു മുന്നിൽ ഞാനൊരാളെ കണ്ടു.
അത് ഞാനാണെന്ന് ഭാവന ചെയ്തു.
ഈ വീട് എന്റേതായിരുന്നെങ്കിൽ?
ഞാനും ഡ്രൈവറും
ഞങ്ങളുടെ സീറ്റുകളിൽ മുങ്ങിത്താഴ്ന്നു.
കാറ്, കണ്ണുകൾ താഴ്ത്തി മുന്നോട്ടുനീങ്ങി.

ഈ നിമിഷം
പലതവണ അനുഭവിച്ചതായി,
പലതവണ ജീവിച്ചതായി തോന്നുന്നില്ലേ?

ഇതേ ഡ്രൈവർ
ഇതേ കാർ
ഇതേ ഉപ്പുരസമുള്ള മൗനം.

ഹൃദയം പിടിച്ചെടുക്കുകയും
ഗർത്തത്തിലേക്ക് പതിക്കുകയും ചെയ്യുന്ന
അതേ ഭാരം.

രണ്ടുതവണ ഞാൻ വായിച്ച അതേ കഥ.
ആ കഥയിൽ ആർക്കും ആരെയും പരസ്പരം അറിയില്ല.
ആടിയുലയുന്ന ഒരു കാറിൽ
ഞാൻ മാത്രമാണ് യാത്ര ചെയ്യുന്നത്.
അനന്തമായ യാത്രയിലെ മൗനിയായ യാത്രികൻ.

അടുത്തടുത്തു നിൽക്കുന്ന
മൂന്ന് ആഗ്രഹങ്ങളുടെ സാധ്യതകളാണ് എനിക്കുള്ളത്:
ചന്തയിൽനിന്ന് ഭക്ഷണം കിട്ടണം.
ഡ്രൈവർ എന്റെ കീറിയ നോട്ട് വാങ്ങണം
തിരിച്ചു ചെല്ലുമ്പോൾ വീട്
അവിടെത്തന്നെ ഉണ്ടാകണം. l

അഞ്ചു കവിതകൾ
ഹൈദർ അലി ഗസ്സാലി
വിവ. അമാനത്ത് അബ്ദുള്ള
ഗാസയിൽനിന്നുള്ള ഇരുപത്തിയൊന്നു വയസ്സുള്ള പലസ്തീൻ കവിയാണ് ഹൈദർ അലി- ഗസ്സാലി. ഇസ്ലാമിക് യൂണിവേഴ്സിറ്റി ഓഫ് ഗാസയിൽ ഇംഗ്ലീഷ് സാഹിത്യവും വിവർത്തനവും പഠിക്കുന്നു. അദ്ദേഹത്തിന്റെ കവിതകൾ എട്ട് ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെടുകയും വിവിധ പ്ലാറ്റ്‌ഫോമുകളിൽ പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്. ഗാസ വംശഹത്യയ്ക്കിടെ കുട്ടികളുടെ മാനസിക പ്രഥമശുശ്രൂഷാ പ്രവർത്തനങ്ങളിൽ ടാമർ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ കമ്യൂണിറ്റി എജ്യൂക്കേഷനിൽ അദ്ദേഹം സന്നദ്ധസേവനം നടത്തിയിരുന്നു.

(1)
ലക്കുമ്പോൾ
ഉമ്മ കാണാതിരിക്കാൻ
എന്റെ ദുഃഖങ്ങളെ
ഞാൻ
കുപ്പായക്കീശയിൽ തിരുകി
അലക്കുകൊട്ടയിലിട്ടു.

നാളെ
എനിക്കൊരു
വൃത്തിയുള്ള ദുഃഖം കിട്ടും.
അതിൽനിന്ന്
നിരാശ പുഞ്ചിരികളായി
പുറത്തുവരും.

(2)
ഒരു മുടിപ്പിന്ന്
അവന്റെ അന്ത്യവസ്ത്രത്തിൽ
അവൾ പിന്നിവച്ചു.
മുടി ചീകുമ്പോഴെല്ലാം
അവന്റെ വസ്ത്രങ്ങളിൽനിന്ന്
ഒരു ചിരിയുടെ ശബ്ദം അവൾ കേട്ടു.
(3)
എന്റെ ഉപ്പ
ഒരിക്കലും കള്ളം പറയരുതെന്ന്
ഞങ്ങളെ പഠിപ്പിച്ചു.
എന്നിട്ട് ,
സത്യസന്ധരെ കൊന്നൊടുക്കുന്ന
മരുഭൂമിയിലേക്ക്
ഞങ്ങളെ പറഞ്ഞുവിടുകയും ചെയ്തു.
(4)
വഴിതെറ്റാത്ത പായക്കപ്പലുകളായി,
പ്രകാശഗോപുരങ്ങളായി
എന്റെ ഹൃദയം
ഞാൻ നിനക്കുവേണ്ടി
തിരിതെളിച്ചു വയ്ക്കാം.
വെട്ടം തിരഞ്ഞു തളരുമ്പോൾ
നിനക്കായി
ഞാനെന്റെ കൈ തരാം.

നിന്റെ തൊലിപ്പുറത്തുനിന്ന്
ഭയത്തേയും
കണ്ണുകളിൽനിന്ന് ഏകാന്തതയേയും
ഞാൻ ചുരണ്ടിക്കളയാം.

നീ
ഏത് മുറിയിലാണെന്നോ
ഏത് നിലയിലാണെന്നോ
എന്നോടു പറയേണ്ട.
നിന്റെ കുഴിമാടവും ശവമഞ്ചവും തയാറാണ്.
വരൂ, എന്റെ കൂടെ,
ശ്മശാനത്തിലേക്ക്.

(5)
നാളെ ബുൾഡോസർ
ഇടിച്ചുനിരത്താൻ പോകുന്ന ഖബറിടം
കത്തിക്കരിഞ്ഞ
വൃക്ഷത്തിനു ചുവട്ടിൽ
യുദ്ധത്തിന്റെ അവസാനമെന്നപോലെ
ശാന്തമായി
നീണ്ടു നിവർന്നു കിടക്കുന്നു.
അതിന്റെ സ്മാരകശിലയിൽ
റോസാപ്പൂക്കളില്ല.
കൈകളുടെ അടയാളങ്ങളില്ല.

എല്ലാ രാത്രിയിലുമെന്നപോലെ
അന്നും
നാളെ രാവിലെ
ആരെങ്കിലും സന്ദർശിക്കാൻ വരുമെന്ന
പ്രതീക്ഷയിൽ
അത് കാത്തിരിക്കുന്നു. l

യുദ്ധമേ, ഒന്നു കാത്തിരിക്കൂ
ഹൈദർ അലി ഗസ്സാലി
വിവ. അമാനത്ത് അബ്ദുള്ള

യുദ്ധം ഒന്ന് കാത്തിരിക്കണം
അല്പസമയം അവധിയെടുക്കണം.
എന്റെ പ്രണയിനിയെ കണ്ടുമുട്ടാനുള്ള ഒരിത്തിരി നേരം.
അതിനിടയ്-ക്ക്
ഞങ്ങൾക്കൊരു പ്രണയ കഥയുണ്ടാകണം.
ഒരു കുടുംബമുണ്ടാകണം.
എന്റെ കൈകൾക്ക്
വിറച്ചിരിക്കുക എന്നതല്ലാത്ത
മറ്റൊരു ദൗത്യം നൽകുന്ന കുഞ്ഞുങ്ങളുണ്ടാകണം.

യുദ്ധം അല്പം ഒന്ന് കാത്തിരിക്കണം,
ദുഃഖവും വിടചൊല്ലലും കഷ്ടപ്പാടുകളുമല്ലാത്ത
എന്തെങ്കിലുമൊന്ന്
എന്റെ ഹൃദയത്തെ അനുഭവിപ്പിക്കാൻ വേണ്ട ഒരിത്തിരി ഇട.
ആ ഇടവേളയിൽ
എന്റെ പേരിനൊപ്പം അച്ഛനെന്ന സ്ഥാനപ്പേര് കൂടി കൂട്ടണം.
ഉച്ചാരണ പിശകുള്ള ആ ഒരു വിളി കേൾക്കണം.

യുദ്ധമേ,
നിന്റെ നഖങ്ങളെല്ലാം വെട്ടിയൊതുക്കിത്തരാം ഞാൻ.
വേണമെങ്കിൽ,
നിന്റെ കൈകളിൽ നിന്ന്
എന്റെ ജനതയുടെ ഇറച്ചി
ഞാൻ തന്നെ കഴുകിത്തരാം.
പാട്ടുപാടി നിന്നെ ഉറക്കിത്തരാം.

പകരം
എന്റെ മക്കൾ വലുതാകുന്നതു വരെ
നീയൊന്ന് വിശ്രമിക്കൂ.
ജീവിതം പരീക്ഷിക്കുകയും
മരിച്ചു പോകാൻ വിധിക്കപ്പെടുകയും ചെയ്ത
ഒരു കവിയുടെ കബറിടത്തിൽ
കുഞ്ഞുങ്ങളോടൊപ്പം
എന്റെ മക്കൾ വന്നു
റോസാപ്പൂക്കൾ വിതറണമെന്നൊരാഗ്രഹം
എനിക്കുണ്ട്. l

ഗാസയിലെ കുഞ്ഞ്
പ്രഭാവര്‍മ്മ

തിരുമ്മിയടയ്ക്കുന്നിതെന്നേക്കുമായിക്കുഞ്ഞി
ന്നിളതാം കണ്‍കള്‍; ഇമച്ചിറകുവിടര്‍ത്തി നല്‍
ശലഭങ്ങളെത്തേടിയലഞ്ഞ നേരത്തു തീ
ക്കടന്നലിരച്ചെത്തിയെരിച്ചൊരിക്കണ്ണുകള്‍!

ഇറക്കിവെയ്ക്കുന്നു ഞാനവസാനമായ് പൂവി
ന്നിതളൊത്തൊരീയുടല്‍; നനുത്ത പട്ടാലമ്മ
പുതപ്പിച്ചു തന്‍ മടിത്തൊട്ടിലിലുറക്കിയ
സമയം യന്ത്രത്തീക്കാറ്റെരിച്ചതാമീയുടല്‍!

നിവര്‍ത്തിവെയ്ക്കുന്നു ഞാനിതിന്റെ കരം; കോരി
യെടുത്തു പടര്‍ത്തുകയെന്നെയെന്നു കൊഞ്ചിക്കൊ–
ണ്ടുരുക്കുപടച്ചട്ടമേല്‍ത്തിരുപ്പിടിക്കവേ
ബയണറ്റിനാല്‍ കുത്തിയമര്‍ത്ത വലം കരം!

അടക്കം ചെയ്യുന്നു ഞാനീ ജഡം വരള്‍മണല്‍
ക്കുഴിയില്‍; എന്നാല്‍ ഞാനിന്നെവിടെയടക്കേണ്ടൂ
നിനവില്‍ നിറഞ്ഞൊരപ്പുഞ്ചിരി; അതു കീറി–
യെറിഞ്ഞു മുഖം കരിച്ചമര്‍ന്ന തീയമ്പിന്റെ
മുനയില്‍പ്പിടഞ്ഞലറിപ്പാഞ്ഞ നിലവിളി!

അടക്കം ചെയ്യുന്നു ഞാന്‍ കുഞ്ഞുടുപ്പുകള്‍; കുഞ്ഞി
ച്ചെരുപ്പ്, കളിച്ചെപ്പ്, കളിപ്പാവകളെന്നാല്‍
അടക്കം ചെയ്യേണ്ടതെങ്ങാണു ഞാന്‍ ചാരം വക
ഞ്ഞണയും കനലോര്‍മ്മ; കണ്ണുനീര്‍; വിതുമ്പലും?

അടക്കം ചെയ്യുന്നു ഞാനിന്നിതിന്നുടല്‍ക്കൊപ്പ
മിവിടെയിക്കാല്‍ത്തള, നിറക്കൂട്ടെല്ലാമെന്നാല്‍
അടക്കം ചെയ്യേണ്ടതെങ്ങാണു മങ്ങുവാന്‍ നില്ക്കാ
തണയും കാലൊച്ചയും സ്വപ്നമന്ദഹാസവും.

പുതച്ചിരിക്കുന്നു നീ മുറിവാല്‍, തീപ്പൊള്ളലാല്‍,
കനത്ത കരിമ്പുകക്കറുപ്പാല്‍, രക്തത്താലും;
പുതയ്ക്കുകിക്കണ്ണുനീര്‍ക്കുളിരുള്ളതാമൊരു
പിടിമണ്ണിനാല്‍; മണ്ണിന്നവകാശിയാം കുഞ്ഞേ! l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

17 − 15 =

Most Popular