ഗാസയിലെ കൂട്ടക്കൊല ആരംഭിച്ച് ഏതാനും മാസങ്ങൾ മാത്രമേ കഴിഞ്ഞു കാണൂ. ഒരു ദിവസം, അൽ ജസീറയുടെ റിപ്പോർട്ടർ അനസ് അൽ ഷരീഫ്, പതിവുപോലെ ലൈവ് റിപ്പോർട്ടിങ്ങിനായി ക്യാമറയുടെ മുന്നിൽ നിൽക്കുകയായിരുന്നു. അന്നുനടന്ന ബോംബാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ പേരുവിവരങ്ങൾ ക്യാമറയ്-ക്കു മുന്നിൽ വായിച്ചു കൊണ്ടിരിക്കുമ്പോഴാണ്, അൽ ഷരീഫ് കുടുംബാംഗങ്ങളുടെ പേരുകളാണു താൻ വായിച്ചു കൊണ്ടിരിക്കുന്നതെന്ന് അനസ് തിരിച്ചറിയുന്നത്. 2025 ആഗസ്ത് 10-ന്, അനസ് ഉൾപ്പെടെയുള്ള നാലു മാധ്യമപ്രവർത്തകരെ, അൽ ഷിഫാ ആശുപത്രിവളപ്പിലെ അവരുടെ ടെന്റിൽ ബോംബിട്ടുകൊണ്ട് ഇസ്രയേൽ കൊന്നുകളഞ്ഞു.
അനസുൾപ്പെടെ 273 പലസ്തീൻ മാധ്യമപ്രവർത്തകരാണ്, 2023 ഒക്ടോബർ 7-നു ശേഷം, ഗാസയിൽ കൊല്ലപ്പെട്ടിട്ടുള്ളത്. ഇവർക്കു പുറമേയാണ് തെക്കൻ ലെബനിൽ കൊല്ലപ്പെട്ട മൂന്ന് ലെബനീസ് മാധ്യമപ്രവർത്തകർ. മാധ്യമങ്ങളെയാണ് സിയോണിസ്റ്റുകൾ ഏറ്റവും ഭയക്കുന്നത് എന്നതിലാർക്കും തർക്കമില്ല. 2023 ഒക്ടോബറിലെ ആക്രമണം തുടങ്ങിയപ്പോഴേ, വിദേശമാധ്യമപ്രവർത്തകർ ഗാസയിൽ പ്രവേശിക്കുന്നത് ഇസ്രയേൽ വിലക്കിയിരുന്നു. പുറത്തുനിന്നുള്ള മാധ്യമപ്രവർത്തകർക്ക് പ്രവേശനാനുമതിയില്ലാത്തതിനാൽ, ബി ബി സിയും, റോയിട്ടറുമുൾപ്പെടെയുള്ള അന്തർദേശീയ മാധ്യമങ്ങൾ, ഗാസയ്ക്കകത്തുള്ള പ്രാദേശികമാധ്യമപ്രവർത്തകരെയാണ്- വാർത്തകൾക്കായി ഉപയോഗിച്ചു വന്നത്. ഇവരെ തങ്ങൾക്കുവേണ്ട റിപ്പോർട്ടുകൾ ലഭിക്കാനായി ഉപയോഗിക്കുകയല്ലാതെ, ഇവരുടെ സുരക്ഷ ഉറപ്പുവരുത്തേണ്ട ഉത്തരവാദിത്തമൊന്നും പാശ്ചാത്യ കോർപ്പറേറ്റ് മാധ്യമഭീമന്മാർ ഏറ്റെടുത്തിട്ടേയില്ല എന്നതാണു സത്യം.
അന്തർദേശീയതലത്തിലുള്ള ധാരണകളും, നിയമങ്ങളുമനുസരിച്ച്, സംഘർഷമേഖലകളിൽ വാർത്താശേഖരണവും, റിപ്പോർട്ടിങ്ങും നടത്തുന്ന മാധ്യമപ്രവർത്തകരും, അവരുടെ വാഹനങ്ങളും, കെട്ടിടങ്ങളും ആക്രമണവിധേയമാകാൻ പാടുള്ളതല്ല. മാധ്യമപ്രവർത്തകരെ തിരിച്ചറിയാൻ വേണ്ടിയാണ്- അവർ ‘പ്രസ്’ എന്നെഴുതിയ വെസ്റ്റുകളും നീലഹെൽമറ്റും ധരിക്കണമെന്ന് വ്യവസ്ഥ ചെയ്യുന്നതും. പക്ഷേ, ഇസ്രയേലിനെ സംബന്ധിച്ച്, ഈ വെസ്റ്റുകളും, ഹെൽമറ്റുകളും മാധ്യമപ്രവർത്തകരെ തിരിച്ചറിഞ്ഞ് ആക്രമിക്കാനുള്ള സൂചനകളായി മാറുന്ന കാഴ്ചയാണ് ഗാസയിൽ ലോകം കണ്ടുകൊണ്ടിരിക്കുന്നത്.
മാധ്യമ സ്വാതന്ത്ര്യത്തിനു നേരിയ വെല്ലുവിളി നേരിടുന്നതായി സംശയം തോന്നുമ്പോഴേക്കും, പ്രതികരണവും പ്രതിഷേധവുമായി ചാടിപ്പുറപ്പെടുന്ന മാധ്യമ പ്രവർത്തക സംഘടനകളോ, സ്വതന്ത്രരെന്നു നടിക്കുന്ന ബുദ്ധിജീവികളോ ഒന്നുംതന്നെ മാധ്യമസ്വാതന്ത്ര്യം കശാപ്പു ചെയ്യപ്പെടുന്നതിനെതിരെ ഒരക്ഷരം പോലും മിണ്ടിയിട്ടില്ല എന്നതാണിവിടെ ഏറ്റവും ശ്രദ്ധേയമാവുന്നത്.
ഈ കൊലപാതകങ്ങളിൽ, ഏതാണു മനുഷ്യമനഃസാക്ഷിയെ അധികം ഞെട്ടിച്ചതെന്ന് പറയാൻതന്നെ ബുദ്ധിമുട്ടാണ്. ഇവരിൽ മിക്കവരും തങ്ങളുടെ മരണം പ്രതീക്ഷിച്ചിരുന്നു. ഓരോരുത്തരുടെയും പേരെടുത്തു പറയാനോ, ഓരോ കേസുകൾ പ്രത്യേകം പ്രത്യേകം പരിശോധിക്കാനോ മുതിർന്നാൽ തന്നെ അവസാനമില്ലാത്ത താളുകൾ വേണ്ടിവരും.
അനസ് അൽ ഷരീഫിനെ കൊന്നതിനു ശേഷം, അനസിനെ ‘ഹമാസ് തീവ്രവാദി’ എന്നു മുദ്രകുത്തി, തങ്ങൾ കൊലപ്പെടുത്തിയതാണെന്ന് ഇസ്രയേൽ സൈന്യം തന്നെ അവകാശവാദമുയർത്തിയിരുന്നു. മാധ്യമപ്രവർത്തകരെയെല്ലാം, ഹമാസ് പ്രവർത്തകർ എന്നു മുദ്രകുത്തി, ‘ഇല്ലായ്മ ചെയ്യൽ’ ആണ്, ഗാസയിൽ ഇസ്രയേൽ സ്വീകരിച്ചു പോരുന്ന കപടതന്ത്രങ്ങളിലൊന്ന്.
ഓരോ ആക്രമണത്തിനു ശേഷവും, തങ്ങൾ മാധ്യമപ്രവർത്തകരെ ലക്ഷ്യമാക്കി ആക്രമണം നടത്താറില്ല എന്നും, മാധ്യമപ്രവർത്തകരുടെ സുരക്ഷ ഉറപ്പു വരുത്തൽ തങ്ങളുടെ ഒന്നാമത്തെ ചുമതലയാണെന്നുമൊക്കെയുള്ള പ്രസ്താവനകൾ പുറപ്പെടുവിക്കാൻ ഇസ്രയേൽ ഒരിക്കലും മറക്കാറുമില്ല.
“കഴിഞ്ഞ 23 മാസത്തിനിടയിൽ ഇസ്രായേൽ എന്തെങ്കിലും കാര്യം പുതുതായി മനസ്സിലാക്കിയിട്ടുണ്ടെങ്കിൽ, അത് ഇതാണ് : തങ്ങൾക്ക് എന്തും ചെയ്യാം, എന്തു ചെയ്താലൂം അത് ഒരുതരത്തിലും തങ്ങളെ ബാധിക്കാൻ പോകുന്നില്ല,” അൽ ജസീറയിൽ വന്ന ഒരഭിമുഖത്തിൽ, ദോഹ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഗ്രാജ്വേറ്റ് സ്റ്റഡീസിലെ മീഡിയാ സ്റ്റഡീസ് പ്രൊഫസറായ മുഹമ്മദ് എൽമാസ്രി ചൂണ്ടിക്കാണിച്ചിരുന്നു.
ആധുനിക ലോകചരിത്രത്തിൽ, ഇത്രമാത്രം മാധ്യമപ്രവർത്തകർ ഒരു യുദ്ധമുഖത്ത് കൊല്ലപ്പെടുന്നത് ആദ്യമായിട്ടാണെന്ന് ആംനസ്റ്റി ഇന്റർനാഷണൽ അടക്കമുള്ള മനുഷ്യാവകാശസംഘടനകൾ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
അനസിന്റെ കൊലപാതകത്തിനു ശേഷം, അൽ ജസീറ ഇംഗ്ലീഷിലെ റിപ്പോർട്ടറായ ഹിന്ദ് ഖുദാരി, തന്റെ ഇൻസ്റ്റഗ്രാമിൽ ഒരു സ്റ്റോറി പോസ്റ്റു ചെയ്തിരുന്നു – The moment you realise when most of your friends are dead. തന്റെ സുഹൃത്തുക്കളിൽ, സഹപ്രവർത്തകരിൽ ബഹുഭൂരിപക്ഷം പേരും കൊല്ലപ്പെട്ടുകഴിഞ്ഞുവെന്ന് തിരിച്ചറിയുന്ന അവസ്ഥ. അതെന്തെന്ന് മനസ്സിലാക്കാൻ പോലും, നമുക്കാർക്കും ഒരു ജീവിതകാലത്ത് കഴിഞ്ഞെന്നു വരില്ല. ആ ഒരവസ്ഥ നമുക്കെന്നല്ല തങ്ങൾക്കല്ലാതെ മറ്റാർക്കും ഉണ്ടാകരുതെന്നായിരിക്കും ഓരോ പലസ്തീൻകാരും ആഗ്രഹിക്കുന്നതും.
ഇസ്രയേലിന്റെ മിസൈൽ അനസിനെ തേടിയെത്തുന്നതിനുമുമ്പ് പലവട്ടം, റിപ്പോർട്ടിങ് നിർത്തി ഗാസ വിട്ടു പോകാൻ ഇസ്രയേൽ സൈന്യം അനസിനോട് ആവശ്യപ്പെട്ടിരുന്നു. പക്ഷേ തന്റെ അവസാനശ്വാസം വരെ, താൻ ലോകത്തോട് സത്യം തുറന്നുപറഞ്ഞുകൊണ്ടിരിക്കും എന്നായിരുന്നു അനസിന്റെ നിലപാട്. അവസാനം, ഗാസയിലെ പട്ടിണിയിൽ കുഴഞ്ഞുവീണ ഒരു സ്ത്രീയുടെ കഥ റിപ്പോർട്ട് ചെയ്യുന്നതിനിടയിൽ അനസിന്റെ ശബ്ദമിടറി. വാക്കുകൾ തൊണ്ടയിൽ കുരുങ്ങി. താനും അന്തമില്ലാത്ത വിശപ്പിന്റെ പിടിയിലാണെന്ന് അനസ് പലപ്പോഴും പറയാറുണ്ടായിരുന്നു. വാക്കുകൾ മുട്ടി നിൽക്കുന്ന അനസിനോട് സഹപ്രവർത്തകർ ക്യാമറയ്-ക്കപ്പുറത്തു നിൽക്കുന്ന സഹപ്രവർത്തകർ തുടരാൻ ആവശ്യപ്പെടുന്നതും, ലോകം കേട്ടു. ആ വീഡിയോ വൈറലായി മാറി.
അനസിന്റെ മരണശേഷം, സഹപ്രവർത്തകർ, അനസ് തയ്യാറാക്കി വെച്ചിരുന്ന വിൽപ്പത്രം, ആ ചെറുപ്പക്കാരൻ ലോകത്തോടു പറഞ്ഞ അവസാന വാക്കുകൾ, പുറത്തേക്കു വിട്ടു. “ഈ വാക്കുകൾ നിങ്ങൾ വായിക്കാനിടയായാൽ, അതിനർത്ഥം, അവർ എന്നെ കൊല്ലുന്നതിൽ വിജയിച്ചു എന്നാണ്-,” എന്നാരംഭിച്ച ആ വിൽപ്പത്രം ലോകമെങ്ങും കണ്ണീരോടെ വായിച്ചു.
അൽ ജസീറയുടെ ഗാസ ബ്യൂറോ ചീഫായിരുന്ന വായെൽ അൽ ദാഹ്ദിന്റെ കുടുംബാംഗങ്ങളെ ഏതാണ്ടെല്ലാവരെയും ഇസ്രയേൽ കൊല ചെയ്തു. ഗുരുതരമായി പരിക്കുകളേറ്റ വായെലിനെ ചികിത്സക്കു വേണ്ടി ഗാസയിൽ നിന്ന് രക്ഷപ്പെടുത്തി, ഖത്തറിലേക്ക് കൊണ്ടുപോകാനായി. അൽ ജസീറയുടെ ക്യാമറാമാനായ ഫാദി അൽ വാഹിദി, കഴുത്തിലേറ്റ വെടിയുടെ ഫലമായി കഴുത്തിനു താഴെ തളർന്ന അവസ്ഥയിലായിരുന്നു. അനസ് അൽ ഷരീഫ് ഉൾപ്പെടെയുള്ള സഹപ്രവർത്തകരാണ്- അന്ന് ഫാദിയുടെ ജീവൻ രക്ഷിച്ചത്. അവർ നടത്തിയ പരിശ്രമങ്ങളുടെ ഫലമായി, ഫാദിയെ ചികിത്സാർത്ഥം വിദേശത്തേക്ക് കൊണ്ടുപോകാൻ സാധിച്ചിരുന്നു.
രണ്ടാം ലോകയുദ്ധക്കാലത്തു പോലും ലോകം കണ്ടിട്ടില്ലാത്ത വിധം ക്രൂരവും, യാതൊരു തരത്തിലുമുള്ള നീതിക്കു നിരക്കാത്തതുമായ കൊലപാതകങ്ങളിലൂടെയാണ്- ഇസ്രയേൽ മാധ്യമസ്വാതന്ത്ര്യത്തിന്റെ വായടപ്പിക്കാൻ ശ്രമിച്ചു കൊണ്ടിരിക്കുന്നത്. പക്ഷേ, വീഴുന്ന ഓരോ മാധ്യമപ്രവർത്തകനും, മാധ്യമപ്രവർത്തകയ്-ക്കും പകരം യുവതലമുറ യാതൊരു കൂസലുമില്ലാതെ മുന്നോട്ടുവന്നുകൊണ്ടിരിക്കുന്ന കാഴ്ചയും ഗാസയിൽ നാം കാണുകയാണ്. l



