Wednesday, April 29, 2026

ad

Homeകവര്‍സ്റ്റോറികുഞ്ഞുങ്ങളെ 
ഉന്മൂലനം ചെയ്യുന്ന ഭീകരത

കുഞ്ഞുങ്ങളെ 
ഉന്മൂലനം ചെയ്യുന്ന ഭീകരത

ആര്യ ജിനദേവൻ

രോ കുട്ടിയും, ഗാസയിലെ ഓരോ കുഞ്ഞും ശത്രുവാണ്. ഹമാസോ, ഹമാസിന്റെ സെെനിക വിഭാഗമോ അല്ല ശത്രു…. നമുക്ക് ഗാസയെ കീഴടക്കുകയും അതിനെ കോളനിയാക്കുകയും ഗാസയിലെ ഒരൊറ്റ കുട്ടിയെപ്പോലും അവിടെ ബാക്കിയാക്കാതെ തീർക്കുകയും വേണം. അതല്ലാതെ മറ്റൊരു വിജയമില്ല’’– മുൻ ഇസ്രയേൽ പാർലമെന്റംഗമായ (നെസറ്റ്) മോഷെ ഫെയ്ഗ്ലിൻ ഈ വർഷം ഇസ്രയേലിലെ ചാനൽ 14ന്- നൽകിയ അഭിമുഖത്തിൽ വ്യക്തമായി പറഞ്ഞുവച്ച വാക്കുകളാണിത്. പലസ്തീനിലെ ഒരു വയസ്സിൽ താഴെയുള്ള കുഞ്ഞുങ്ങളെപ്പോലും നിഷ്കരുണം കൊന്നുതള്ളുന്ന ഇസ്രയേലിന്റെ കാട്ടാളത്തത്തിന്റെ യഥാർഥ യുക്തിയാണ് മോഷെയുടെ വാക്കുകളിൽ തെളിയുന്നത്. ഇതൊരിക്കലും വലതുപക്ഷ കിങ്കരന്മാർ പറഞ്ഞുകൊണ്ടിരിക്കുന്നതുപോലെ ഒരു യുദ്ധമല്ല. ഇസ്രയേൽ എന്ന കൊലയാളി രാഷ്ട്രം പലസ്തീനുനേരെ നടത്തുന്ന മനുഷ്യത്വരഹിതമായ വംശഹത്യയാണ്. എതിർക്കാൻ ശേഷിയില്ലാത്ത നിസ്സഹായരായ ഒരു ജനതയെ, കുഞ്ഞുങ്ങളെയടക്കം, ദിനംപ്രതി നിഷ്ഠുരമായി കൊന്നൊ
ടുക്കുന്നത് സർവ്വോന്മൂലനം ലക്ഷ്യം വച്ചുതന്നെയാണ്.

ഗാസയിൽ ഇസ്രയേൽ നടത്തുന്ന ഈ കൂട്ടക്കുരുതിയുടെ ഏറ്റവും വലിയ ഇരകൾ കുഞ്ഞുങ്ങളാണ്. അത് ഇസ്രയേൽ കരുതിക്കൂട്ടി നടപ്പാക്കുന്നതുമാണ്. കുട്ടികളെ ഇല്ലായ്മ ചെയ്യുമ്പോൾ അത് തലമുറകളെ ഇല്ലാതാക്കൽ കൂടിയാണ്. ഹോളോകോസ്റ്റ് ആൻഡ്- ജെനോസെെഡ് സ്റ്റഡീസിലെ പണ്ഡിതനായ ഒമർ ബാർതോവ് 2025 ജൂലെെ മാസം ന്യൂയോർക്ക് ടെെംസിനു നൽകിയ കണക്കുപ്രകാരം ഗാസയിൽ 17000 കുട്ടികളാണ് 2023 ഒക്ടോബർ 7 മുതൽ അന്നേവരെ കൊല്ലപ്പെട്ടത്. അതിൽ തന്നെ 870 കുഞ്ഞുങ്ങൾ ഒരു വയസ്സിൽ താഴെയുള്ള കെെക്കുഞ്ഞുങ്ങളായിരുന്നു. ഗാസയിൽ ആകെ കൊല്ലപ്പെട്ടതിന്റെ നാലിലൊന്നിലേറെയും പേർ കുട്ടികളാണ്. ഈ കണക്കുകൾ കഴിഞ്ഞ രണ്ട് മാസത്തിനുള്ളിൽ വീണ്ടും വർധിച്ചിട്ടുണ്ട്. മനുഷ്യൻ മനുഷ്യനോടുനടത്തുന്ന ഭീകരതയുടെ അസഹനീയമായ തുടർച്ചയെ ഈ കണക്കുകൾ സൂചിപ്പിക്കുന്നുണ്ട്. 1942ൽ നാസികൾ ലിഡിസിൽ നടത്തിയ കൂട്ടക്കൊലയിൽ അന്ന് കൊല്ലപ്പെട്ടത് 82 കുട്ടികളാണ്; പിന്നീട് 1945ൽ ഹിരോഷിമയിലും നാഗസാക്കിയിലും അമേരിക്ക നടത്തിയ നീതീകരിക്കാനാവാത്ത അണുബോംബു സ്ഫോടനം. അതു സൃഷ്ടിച്ച കണ്ടുനിൽക്കാൻ പോലുമാകാത്തത്ര ഭീകരമായ, കുരുന്നു ബാല്യങ്ങളുടെ ചിത്രങ്ങൾ അന്ന് ലോകത്തെയാകെ വേദനയിലാഴ്ത്തിയതുമാണ്. അതിനെക്കാളെല്ലാം ഭീകരമായ കൂട്ടക്കുരുതിയാണ് ഇന്ന് ഇസ്രയേൽ ഗാസയിൽ നടത്തുന്നത്. കുട്ടികളെ നിരന്തരമായി ഇരകളാക്കുന്ന ഇസ്രയേലിന്റെ വംശീയമായ ഉന്മൂലന രാഷ്ട്രീയമാണ് മോഷെയുടെ വാക്കുകളിൽ വ്യക്തമാകുന്നത്.

വീടുകളും സ്കൂളുകളും കളിസ്ഥലങ്ങളുമടക്കം കുട്ടികൾ ഒന്നിച്ചുകൂടുന്ന സ്ഥലങ്ങളെല്ലാം ഇസ്രയേൽ ആദ്യം തന്നെ ബോംബിട്ടു തകർത്തു. 2025 ആഗസ്ത് 18ന് പലസ്തീൻ വിദ്യാഭ്യാസമന്ത്രി പറഞ്ഞ കണക്കനുസരിച്ച്, ഗാസയിലെ 90 ശതമാനം സ്കൂളുകളും നശിപ്പിക്കപ്പെട്ടിരിക്കുന്നു. ആകെ 309 സ്കൂളുകളിൽ 290സ്കൂളുകളും ഇസ്രയേൽ ബോംബിട്ടു തകർത്തു. കുട്ടികൾക്കുനേരെ യാതൊരു മനഃസാക്ഷിക്കുത്തുമില്ലാതെ ഇസ്രയേൽ സെെന്യം വെടിവയ്ക്കുന്നു. തുടർച്ചയായ ആക്രമണങ്ങളിൽ കൊല്ലപ്പെടുകയോ ശരീരാവയവങ്ങൾ വിച്ഛേദിക്കപ്പെട്ട് ആ ജീവനാന്തം അംഗവെെകല്യത്തിലേക്ക് തള്ളപ്പെടുകയോ ചെയ്യുന്നു നമ്മുടെ കുട്ടികൾ. അതോടൊപ്പം അച്ഛനമ്മമാർ നഷ്ടപ്പെട്ട്, യുദ്ധഭൂമിയിൽ ഭക്ഷണമോ കുടിക്കാൻ ശുദ്ധജലമോ ഇല്ലാതെ കണ്ണീർവാർക്കുന്ന നാളെയുടെ പിൻഗാമികളെക്കുറിച്ച് അന്താരാഷ്ട്ര സമൂഹം ചിന്തിച്ചിട്ടുണ്ടോ എന്ന കാര്യം സംശയമാണ്. ഭക്ഷണവും വെള്ളവും ആവശ്യം വേണ്ട പോഷകങ്ങളും ലഭിക്കാതെ കണ്ണുകൾ കുഴിഞ്ഞ് വയറൊട്ടി ശോഷിച്ച ഈ കുരുന്നു ബാല്യങ്ങൾക്കുനേരെ, ഐക്യരാഷ്ട്ര സഭ വച്ചുനീട്ടിയ ഭക്ഷണപ്പൊതി വാങ്ങാൻ നിന്നപ്പോൾപ്പോലും ഇസ്രയേൽ ആക്രമണമഴിച്ചുവിട്ടു; അവരെ കൊന്നൊ
ടുക്കി. മനുഷ്യരെ, മുതിർന്നവരെയായാലും കുട്ടികളെയായാലും, ഒന്നിച്ചുകിട്ടുന്ന ഏതു സന്ദർഭവും ഇസ്രയേൽ അവസരമാക്കുകയാണ്. ഭക്ഷണത്തിനുവേണ്ടി സഹായകേന്ദ്രങ്ങൾക്കുമുന്നിൽ കെെനീട്ടി നിൽക്കുമ്പോൾ പോലും വെടിയുതിർക്കാൻ ആ കൊലയാളി രാഷ്ട്രത്തിന് മടിയില്ല.

ഗാസയിലെ മനുഷ്യക്കുരുതിക്ക് ദൃക്സാക്ഷിയായ ഡോ. യാസർഖാൻ നടത്തുന്ന വെളിപ്പെടുത്തൽ ഭീകരമാണ്. തനിക്ക് ചികിത്സിക്കേണ്ടി വന്ന പതിനാലു വയസ്സുള്ള ഒരു പെൺകുട്ടിയെ അദ്ദേഹം വേദനാപൂർവം ഓർക്കുകയാണ്; തന്റെ രണ്ടു കണ്ണുകളിലും വെടിച്ചീളുകൾ തറച്ചുകയറി കൃഷ്ണമണികൾ പൊട്ടി എന്നെന്നേക്കുമായി അന്ധതയിലേക്ക് തള്ളപ്പെട്ട ആ പെൺകുട്ടിയുടെ കുടുംബാംഗങ്ങൾ എല്ലാവരും ആക്രമത്തിൽ കൊല്ലപ്പെട്ടിരുന്നു. അന്ധതയ്ക്കു പുറമെ അനാഥത്വത്തിലേക്കുകൂടി അവൾ തള്ളിയിടപ്പെട്ടിരിക്കുന്നു. ഇത്തരത്തിൽ ഭക്ഷണമോ വെള്ളമോ വെെദ്യുതിയോ ഇല്ലാതെ, നിരന്തരമായ ബോംബാക്രമണത്തിൽ ഒറ്റപ്പെട്ടുപോകുന്ന ഈ കുഞ്ഞുങ്ങൾക്കു വേണ്ട പരിപാലനമോ പ്രതീക്ഷയോ ലഭിക്കാതെ ഒടുവിൽ മരണത്തിലേക്ക് തള്ളിവിടപ്പെടുന്നു. പ്രതിദിനം 28 കുട്ടികൾ ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെടുന്നു എന്നാണ് കണക്ക്.

2025 ആഗസ്ത് 17ന് യുഎൻ സെക്രട്ടറി ജനറൽ ആന്റോണിയോ ഗുട്ടറെസ്, ഗാസയിലെ കുഞ്ഞുങ്ങൾക്ക് പോളിയോ വാക്സിൻ നൽകുന്നതിനായി അടിയന്തര വെടിനിർത്തൽ ആവശ്യപ്പെട്ടിരുന്നു. തുടർച്ചയായ ഇസ്രയേൽ ആക്രമണം ഗാസയിലെ ആരോഗ്യരക്ഷാ സംവിധാനത്തെയും ശുചിത്വ സംവിധാനത്തെയുമാകെ തകർത്ത സാഹചര്യത്തിൽ ഗാസ മുനമ്പിലാകെ പോളിയോ വെെറസ് പടർന്നുപിടിക്കുന്ന സന്ദർഭത്തിലാണ് ഗുട്ടറെസ് ഈ ആവശ്യമുന്നയിച്ചത്. കൂട്ടക്കുരുതിയിൽ തകർന്നടിഞ്ഞ ഗാസയിൽ ഇങ്ങനൊരു ദുരിതം കൂടി ഉണ്ടാവുന്നത് തടയുന്നതിനു വേണ്ടി ലോകാരോഗ്യസംഘടനയും യുണിസെഫും (UNICEF) ചേർന്ന് ചുരുങ്ങിയ സമയത്തിനുള്ളിൽ ഗാസയിലെ 6,40,000 കുഞ്ഞുങ്ങൾക്ക് വാക്സിൻ നൽകാൻ തയ്യാറായി. എന്നാൽ, വൃത്തിഹീനമായ അന്തരീക്ഷത്തിൽ, വെള്ളവും ഭക്ഷണവും വെെദ്യുതിയും ലഭിക്കാതെ ക്യാമ്പുകളിൽ തിങ്ങിപ്പാർക്കുന്ന മനുഷ്യർക്കിടയിൽ ഇതെത്രത്തോളം വിജയിച്ചു എന്ന കാര്യത്തിൽ വ്യക്തതയില്ല. 33000 ടൺ മാലിന്യങ്ങൾക്കുനടുവിലാണവർ ജീവിക്കുന്നത്. ഇസ്രയേലിന്റെ ബോംബുകൾ സുരക്ഷാ സ്ഥാനങ്ങൾ എന്നു കരുതപ്പെടുന്നയിടങ്ങളിലെ ക്യാമ്പുകൾക്കുമേലും പതിച്ചുകൊണ്ടിരിക്കുന്നു. പോഷകാഹാരക്കുറവിനുപുറമെ പകർച്ചവ്യാധികളും ഇപ്പോൾ ഗാസയിലെ കുട്ടികൾക്കുമേൽ പടരുകയാണ്.

ഗാസയിലെ ഈ ആക്രമണങ്ങളുടെ പ്രധാന ഇരകൾ കുട്ടികളാകുന്നതിന്റെ കാരണം, നിരന്തരമായ ഈ ബോംബാക്രമണങ്ങൾ ഏറെയും വീടുകൾക്കും സ്കൂളുകൾക്കും അഭയ കേന്ദ്രങ്ങൾക്കും നേരെയാണ് എന്നതിനാലാണ്. പലസ്തീൻ വിദ്യാഭ്യാസമന്ത്രിയുടെ കണക്കനുസരിച്ച്, 2025 ജൂലെെ 2 വരെ ഗാസയിൽ 8572 വിദ്യാർഥികളും അധിനിവേശ വെസ്റ്റ് ബാങ്കിൽ 100 വിദ്യാർഥികളും ഇസ്രയേൽ സെെന്യത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. ഗാസയിൽ 14,089 വിദ്യാർഥികൾക്കും വെസ്റ്റ് ബാങ്കിൽ 494 വിദ്യാർഥികൾക്കും പരിക്കേറ്റു എന്നും മന്ത്രി വ്യക്തമാക്കുന്നു.

ഈ കണക്കുകൾക്കെല്ലാമുപരി ഈ ഭീകരതയെ നമുക്കൊന്ന് ആഴത്തിൽ പരിശോധിക്കാം. ഭീകരതയിലും ദുരിതത്തിലും ഭീതിയിലും ആഴ്ത്തപ്പെടുന്നത് ഒരു മനുഷ്യസമൂഹമാകെയാണ്. തലമുറകളുടെ വാഗ്ദാനങ്ങൾ എന്നു നമ്മൾ വിശേഷിപ്പിക്കുന്ന കുരുന്നു ജീവിതങ്ങളാണ്, കത്തിയമരുന്ന മനുഷ്യ മാംസത്തിന്റെ ദൃശ്യങ്ങൾ കണ്ടും ഗന്ധം ശ്വസിച്ചും മരണം മുന്നിൽക്കണ്ട് ജീവിക്കുന്നത്. അവരോളം ദുരിതം ലോകത്തിലൊരു കുഞ്ഞും അനുഭവിക്കുന്നില്ല. ഗാസയിലെ കമ്യൂണിറ്റി ട്രെയ്നിങ് സെന്റർ ഫോർ ക്രൈസിസ് മാനേജ്മെന്റ് നടത്തിയ Needs Study: Impact of War in Gaza on Children with Vulnerabilites and Families എന്ന പേരിലുള്ള പഠനം ഹൃദയമുള്ള ഏതൊരു മനുഷ്യനെയും ഞെട്ടിപ്പിക്കുന്നതാണ്. ആ പഠനം വെളിപ്പെടുത്തുന്ന ചില പ്രധാന വസ്തുതകൾ ഇവയാണ്:

1. ഗാസയിലെ കുട്ടികളിൽ 79 ശതമാനവും പേടിസ്വപ്നം കാണുന്നവരാണ്.

2. അവരിൽ 87 ശതമാനത്തിനും കടുത്ത പനിയുണ്ടാവുന്നു.

3. 38 ശതമാനം കുട്ടികൾ കിടക്കയിൽ മൂത്രമൊഴിക്കുന്നു.

4. 49 ശതമാനം രക്ഷകർത്താക്കളും പറയുന്നത്, അവരുടെ കുഞ്ഞുങ്ങൾ യുദ്ധത്തിൽ തങ്ങളും മരണപ്പെടുമെന്നു സ്വയം വിശ്വസിക്കുന്നവരാണ് എന്നാണ്.

5. ഗാസയിലെ 96 ശതമാനം കുട്ടികളും മരണം
ആസന്നമാണെന്ന് കരുതുന്നവരാണ്.

ചുരുക്കിപ്പറഞ്ഞാൽ, ഓരോ കുട്ടിക്കും തങ്ങൾ മരിക്കാൻ പോവുകയാണെന്ന് അറിയാമെന്നാണ് ഈ പഠനം വ്യക്തമാക്കുന്നത്. കളിപ്പാട്ടങ്ങളും പാഠപുസ്തകങ്ങളും കൂട്ടുകാരും… അങ്ങനെയങ്ങനെ മനോഹരമായ ജീവിതവും സ്വപ്നങ്ങളും പ്രതീക്ഷകളുമൊക്കെ ഉള്ളിലേറ്റി കളിച്ചുല്ലസിച്ചു നടക്കേണ്ട ഈ കൊച്ചുപ്രായത്തിൽ ഗാസയിലെ കുഞ്ഞുങ്ങൾ മരണത്തെ മുന്നിൽക്കാണുകയാണ്. നമുക്ക് ചിന്തിക്കാനാവുമോ നമ്മുടെ മക്കളുടെ ജീവിതത്തിൽ അത്തരമൊരു ദുരന്തമുണ്ടാകുന്നതിനെക്കുറിച്ച്? ഗാസയിലെ നിഷ്കളങ്കമായ ജീവിതങ്ങളെയാകെ രക്തത്തിലും പട്ടിണിയിലും ആഴ്ത്തുന്ന ഇസ്രയേലിന്റെ കാട്ടാളത്തത്തോട് നിശ്ശബ്ദത പാലിക്കുമ്പോൾ ആ കൊടുംഭീകരതയുടെ അടയാളങ്ങൾ ലോകത്തിനുമേലാകെ പതിക്കുകയാണ്. നിസ്സഹായരായ ആ ജനതയ്ക്ക്, നിഷ്-കളങ്കരായ ആ കുഞ്ഞുങ്ങൾക്ക് ഭക്ഷണമെത്തിക്കുന്നതിനെപ്പോലും തടയുന്ന ഇസ്രയേലിന്റെ വംശീയ ഉന്മൂലന നയത്തിന് അമേരിക്കയടക്കമുള്ള സാമ്രാജ്യത്വശക്തികൾ നൽകുന്നത് അകമഴിഞ്ഞ പിന്തുണയാണ്.

നാളിതുവരെ ലോകത്ത് നടന്നിട്ടുള്ള എല്ലാ ക്രൂരതകളിൽനിന്നും ഗാസയിൽ ഇസ്രയേൽ വിതയ്ക്കുന്ന ഈ ദുരന്തത്തെ വ്യത്യസ്തമാക്കുന്ന ഒന്നുണ്ട്. ഗാസയിലെ സ്ത്രീകളും കുട്ടികളുമനുഭവിക്കുന്ന ദുരിതം, ക്ഷാമത്തെയും പട്ടിണിയെയും ആയുധമായി ഉപയോഗിക്കുന്ന തന്ത്രം, നിരന്തരവും നിഷ്ഠുരവുമയ ബോംബാക്രമണം, കൂട്ടക്കൊല എന്നിവയെല്ലാം തന്നെ മുൻകാലത്തെപോലെ മറച്ചുപിടിച്ചുകൊണ്ടല്ല, മറിച്ച് പരസ്യമായി, എല്ലാവർക്കും ദൃശ്യമായിത്തന്നെയാണ് നടപ്പാക്കുന്നത്. അതായത്, വിചിത്രമായ ഈ മനുഷ്യക്കുരുതി ഇസ്രയേലോ സാമ്രാജ്യത്വമോ ഒരിക്കലും മറച്ചുവയ്ക്കുന്നില്ല. അത് പരസ്യമായി തന്നെ നടപ്പാക്കുകയും ട്രംപിനെപോലെയുള്ള ജനവിരുദ്ധ രാഷ്ട്രീയ കിങ്കരന്മാർ അതിനെ അസാമാന്യമായ ഭാഷാവഴക്കത്തോടുകൂടി മഹത്വവത്കരിക്കുകയും ചെയ്യുന്നു. ഒപ്പം തന്നെ മുഖ്യധാരാമാധ്യമങ്ങളുടെ നാണംകെട്ട നിശ്ശബ്ദത അതിനെ കൂടുതൽ ശക്തിപ്പെടുത്തുകയും ചെയ്യുന്നു.

യഥാർഥത്തിൽ ഇസ്രയേലിന്റെ നായകത്വത്തിൽ ഗാസയിൽ നടപ്പാക്കപ്പെടുന്ന വംശഹത്യയ്ക്കു പിന്നിലെ ചേതോവികാരം ഇരപിടിയൻ മുതലാളിത്തത്തിന്റെ ലാഭേച്ഛ തന്നെയാണ്. ഗാസയെ ‘‘പശ്ചിമേഷ്യയിലെ സുഖവാസകേന്ദ്രമാക്കി മാറ്റും’’ എന്ന ട്രംപിന്റെ പ്രസ്താവന വെളിച്ചം വീശുന്നത് അതിലേക്കാണ്. ജോനാഥൻ കുക്ക് നിരീക്ഷിക്കുന്നതിങ്ങനെ, ലോകത്തെ തന്നെ ഏറ്റവും വലിയ ബിസിനസ് കൺസൾട്ടിങ് ഗ്രൂപ്പായ ‘‘ഇസ്രയേലി നിക്ഷേപകരുടെ ഒരു രഹസ്യസംഘവും മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലെയർ തലവനായിട്ടുള്ള വിദഗ്ധ ഉപദേശക സംഘവും ചേർന്ന് പ്രധാന റിയൽ എസ്റ്റേറ്റ് സംരംഭം എന്ന നിലയിൽ ഗാസയിലെ അവശിഷ്ടങ്ങൾ ചൂഷണം ചെയ്യാനുള്ള രഹസ്യപദ്ധതികൾ തയ്യാറാക്കുകയാണ്.’’ ഫിനാൻഷ്യൽ ടെെംസ് പറയുന്നതനുസരിച്ച്, പലസ്തീനിലെ ജനങ്ങളെയാകെ നീക്കം ചെയ്തതിനുശേഷം, ഗാസയെ ഒരു ഉന്നത നിക്ഷേപകേന്ദ്രവും ആഡംബര വിനോദസഞ്ചാര കേന്ദ്രവുമാക്കി മാറ്റുകയെന്ന ട്രംപിന്റെ ലക്ഷ്യം നടപ്പാക്കലാണ് ഈ രഹസ്യസംഘത്തിന്റെ ഉദ്ദേശ്യം. ദുരന്തബാധിതരായ ഗാസയിലെ കുട്ടികൾക്ക് വിദഗ്ധ ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പോകാനുള്ള മെഡിക്കൽ വിസയടക്കം റദ്ദുചെയ്ത അമേരിക്കൻ ഗവൺമെന്റിന്റെ നടപടിയെ ഇതുമായി ചേർത്തുവായിക്കേണ്ടതാണ്.

മോഷെ പറഞ്ഞതുപോലെ, ഗാസയിലെ അവസാനത്തെ കുട്ടിയെയും കൊന്നൊടുക്കുകയാണ് ഇസ്രയേലിന്റെയും സാമ്രാജ്യത്വ –മൂലധന ശക്തികളുടെയും ലക്ഷ്യം; ആരും അവശേഷിക്കരുത്. പലസ്തീൻ രാഷ്ട്രം ഇനിമേൽ ഉണ്ടാവരുത്. വെടിയേറ്റും പട്ടിണി കിടന്നും ഏതുവിധേനെയും ആ ജനത ഇല്ലാതാകണം. അതിനാദ്യം ഉന്മൂലനം ചെയ്യേണ്ട പ്രഥമ വിഭാഗത്തിലൊന്ന് കുട്ടികളാണ്. നിർദ്ദയമായ സേ-്വ
ച്ഛാധിപത്യത്തിന്റെ എക്കാലത്തെയും വലിയ അടയാളമായി ഗാസ മാറുകയാണ്. കുട്ടികൾക്കായുള്ള അന്താരാഷ്ട്ര നിയമസംവിധാ
നങ്ങളുമെല്ലാം തന്നെ ഗാസയിലെ കുട്ടികളുടെ കാര്യത്തിൽ കണ്ണും വായും മൂടിക്കെട്ടിയിരിപ്പാണ്. ലോകരാജ്യങ്ങളിൽ അവിടവിടെയായി കേൾക്കുന്ന ഒറ്റപ്പെട്ട പ്രതിഷേധ സ്വരങ്ങൾക്കപ്പുറം കൂട്ടായൊരു ചെറുത്തുനിൽപ്പ് സാർവദേശീയമായി ഉയർന്നുവരാത്തതിനു പിന്നിലും മൂലധന താൽപ്പര്യങ്ങൾ തന്നെയാണ്.

ലോകത്തൊരിടത്തും ഒരു തലമുറയിൽ വരുന്ന കുട്ടികളൊന്നടങ്കം ഇത്തരമൊരു ദുരിതം നേരിട്ടിട്ടില്ല. ഉറപ്പാണ്, അവിടെ നടക്കുന്നത് പലസ്തീനിലെ കുട്ടികൾക്കുനേരെയുള്ള യുദ്ധമാണ്. ഇരുപത് ലക്ഷം വരുന്ന ഒരു ജനസമൂഹത്തിലെ വരും തലമുറകളെയാകെ നിഷ്കരുണം കൊന്നൊടുക്കുന്ന സാമ്രാജ്യത്വത്തിന്റെ ഉന്മൂലനപ്രക്രിയയാണ് അവിടെ നടപ്പാക്കുന്നത്. ഗാസയിൽ കുരുന്നു നിലവിളികൾ അവസാനമില്ലാതെ തുടരുകയാണ്. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

thirteen − twelve =

Most Popular