Wednesday, April 29, 2026

ad

Homeകവര്‍സ്റ്റോറിഇസ്രയേല്‍: പിറവിക്കു മുന്‍പേ ഭീകരതയില്‍ സ്നാനംചെയ്ത സ്വരൂപം

ഇസ്രയേല്‍: പിറവിക്കു മുന്‍പേ ഭീകരതയില്‍ സ്നാനംചെയ്ത സ്വരൂപം

എ എം ഷിനാസ്

സെപ്തംബര്‍ 9ന് ഇസ്രയേല്‍ ഖത്തറിന്റെ തലസ്ഥാനമായ ദോഹയില്‍ നടത്തിയ ആക്രമണത്തെ ഖത്തര്‍ അമീറായ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനി ശക്തമായി അപലപിക്കവെ പറഞ്ഞത്, അതൊരു രാഷ്ട്രം മറ്റൊരു പരമാധികാര രാഷ്ട്രത്തിനുനേരെ നടത്തിയ ഭീകരാക്രമണമാണെന്നാണ്. സ്കൂളുകളും നയതന്ത്രകാര്യാലയങ്ങളും സ്ഥിതിചെയ്യുന്ന ദോഹ മേഖലയില്‍ ഇസ്രയേല്‍ നടത്തിയ ഭീകരാക്രമണത്തില്‍ ആറു പേര്‍ കൊല്ലപ്പെടുകയും 18 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

ഒരു രാഷ്ട്രത്തിന്റെ ഭൂപ്രദേശപരമായ പരമാധികാരത്തെ അഗണ്യകോടിയില്‍ തള്ളിയുള്ള ഈ ആക്രമണത്തിന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഉത്തരവിടുമ്പോള്‍ ഹമാസ് പ്രതിനിധികള്‍ വെടിനിര്‍ത്തല്‍ കരാറിന്റെ വിശദാംശങ്ങള്‍ ചര്‍ച്ച ചെയ്യുകയായിരുന്നു. അമേരിക്ക മുന്നോട്ടുവെച്ച വെടിനിര്‍ത്തല്‍ നിര്‍ദ്ദേശങ്ങള്‍ ഖത്തറും ഈജിപ്തുമാണ് ഹമാസിന്റെ ദോഹയിലെ രാഷ്ട്രീയനേതൃത്വത്തിന് കൈമാറിയത്. ചര്‍ച്ചകള്‍ക്ക് മധ്യസ്ഥത വഹിച്ചുപോരുന്ന ഖത്തറിനെയും ചര്‍ച്ചാമേശയില്‍ അണിനിരന്ന ഹമാസിന്റെ രാഷ്ട്രീയ നേതൃത്വത്തെയുമാണ് അതിര്‍ത്തി കടന്ന് ഇസ്രയേല്‍ ലക്ഷ്യവേധിയാക്കിയത്.

ഒരു പരമാധികാര രാഷ്ട്രത്തിനു നേരെയും പ്രശ്നപരിഹാരത്തിന് ഒത്തുകൂടിയ ഹമാസിന്റെ രാഷ്ട്രീയ പ്രതിനിധികളായ മധ്യസ്ഥരെയും ലക്ഷ്യമിട്ട് ആകാശത്തുനിന്ന് ഇസ്രയേലിന്റെ വധയന്ത്രം ദോഹയില്‍ പതിച്ചത് ആ ജൂത വംശീയ രാഷ്ട്രത്തിന് സമാധാനപരമായ പരിഹാരത്തിന് തരിമ്പും താല്പര്യമില്ല എന്നതിന്റെ ഒടുവിലത്തെ നിദര്‍ശനമായിരുന്നു. കഴിഞ്ഞ ഒമ്പത് മാസത്തിനിടെ പലസ്തീനില്‍ മാത്രമല്ല, പരമാധികാര രാജ്യങ്ങളായ ഇറാന്‍, ലബനന്‍, സിറിയ, യെമന്‍, ടുണീഷ്യ തുടങ്ങിയ ഇടങ്ങളിലും എല്ലാ അന്താരാഷ്ട്ര നിയമങ്ങളെയും കാറ്റില്‍ പറത്തി ഇസ്രയേല്‍ ആക്രമണം നടത്തിയിട്ടുണ്ട്. ഇസ്രയേലും അതിന്റെ വ്യത്യസ്ത സായുധസംഘങ്ങളും നടത്തുന്ന ഭീകരാക്രമണങ്ങള്‍ക്ക് ആ രാഷ്ട്രത്തിന്റെ ആവിര്‍ഭാവത്തിനു മുന്‍പേയുള്ള ഹീന ചരിത്രമുണ്ട്.

1946 ജൂലൈ 22 നാണ് ‘ഇര്‍ഗുണ്‍’ എന്ന ജൂത വംശീയ ഭീകര സംഘടന ജെറുസലേമിലെ കിങ് ഡേവിഡ് ഹോട്ടലിന്റെ ദക്ഷിണഭാഗം ബോംബ് വെച്ച് തകര്‍ത്തത്. പശ്ചിമേഷ്യയില്‍ നടന്ന ആദ്യത്തെ ഭീകരാക്രമണമായിരുന്നു അത്. 1931ല്‍ എസ്ര മൊസ്സേരി എന്ന ധനാഢ്യനായ ഈജിപഷ്യന്‍ യഹൂദ ബാങ്ക് വ്യവസായിയാണ് ആ ഹോട്ടല്‍ നിര്‍മ്മിച്ചത്. ഭീകരര്‍ അറബ് തൊഴിലാളികളായും ഹോട്ടല്‍ പരിചാരകരായും വേഷം മാറി ഹോട്ടലില്‍ എത്തുകയും അതിന്റെ മുഖ്യ കെട്ടിടത്തിന്റെ അടിത്തറയില്‍ സ്ഫോടക വസ്തുക്കള്‍ സ്ഥാപിക്കുകയും ചെയ്തു. തുടര്‍ന്നു നടന്ന അത്യുഗ്രസ്ഫോടനത്തില്‍ 91 പേര്‍ കൊല്ലപ്പെടുകയും 46 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കൊല്ലപ്പെട്ട 91 പേരില്‍ 41 പേര്‍ അറബികളും 28 പേര്‍ ബ്രിട്ടീഷ് പൗരരും 17 പേര്‍ പലസ്തീനിയന്‍ യഹൂദരും രണ്ടുപേര്‍ ആര്‍മേനിയക്കാരും ഒരാള്‍ വീതം റഷ്യനും ഈജിപ്ഷ്യനും ഗ്രീക്കുമായിരുന്നു. ലോകത്തെ മുഴുവന്‍ ഞെട്ടിച്ച ആ ഭീകരാക്രമണത്തിന്റെ ലക്ഷ്യം, ആ ഹോട്ടലിന്റെ ദക്ഷിണപാര്‍ശ്വത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ബ്രിട്ടീഷ് മാന്‍ഡേറ്റ് സെക്രട്ടറിയേറ്റിന്റെ ഓഫീസുകളും പലസ്തീനിലെ ബ്രിട്ടീഷ് സൈന്യത്തിന്റെയും ട്രാന്‍സ്ജോര്‍ദാന്റെയും മുഖ്യ കാര്യാലയങ്ങളുമായിരുന്നു.

ഓട്ടോമന്‍ സാമ്രാജ്യം ഒന്നാം ലോകയുദ്ധത്തില്‍ പരാജയപ്പെട്ടപ്പോഴാണ് 1920 ല്‍ പലസ്തീന്‍ ബ്രിട്ടീഷ് മാന്‍ഡേറ്റഡ് പ്രദേശമാകുന്നത്. 1923 ല്‍ ലീഗ് ഓഫ് നേഷന്‍സ് പലസ്തീനിലെ ബ്രിട്ടീഷ് മാന്‍ഡേറ്റ് ഭരണത്തെ ഔദ്യോഗികമായി അംഗീകരിച്ചു. ബ്രിട്ടന്‍ ജൂതരാഷ്ട്രസംസ്ഥാപനം നീട്ടിക്കൊണ്ടു പോവുകയാണെന്നും ഹോളോകോസ്റ്റിനുശേഷം പലസ്തീനിലേക്കുള്ള ജൂതകുടിയേറ്റത്തിന് നിബന്ധനകളും നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തുകയാണെന്നും ആരോപിച്ചായിരുന്നു ഇര്‍ഗുണ്‍ ഈ ഭീകരകൃത്യം നടത്തിയത്. അതിനു തൊട്ടുമുന്‍പ്, 1946 ജൂണ്‍ 29ന്, യഹൂദ സ്ഥാപനങ്ങളില്‍ ബ്രിട്ടീഷുകാര്‍ റെയ്ഡ് നടത്തുകയും ജൂത ഏജന്‍സിയുടെ പല നേതാക്കളെയും അറസ്റ്റ് ചെയ്യുകയും രഹസ്യ സ്വഭാവമുള്ള നിരവധി രേഖകള്‍ പിടിച്ചെടുക്കുകയും ചെയ്തിരുന്നു. ആക്രമണത്തിന്റെ ലക്ഷ്യങ്ങളിലൊന്ന് ആ രേഖകള്‍ നശിപ്പിക്കുകകൂടിയായിരുന്നു. പലസ്തീനിലെ മാന്‍ഡേറ്റ് ഭരണം തുടരാന്‍ നിര്‍വാഹമില്ലാതെയായതോടെ ബ്രിട്ടന്‍ ഐക്യരാഷ്ട്രസഭയെ സമീപിക്കുകയും തങ്ങള്‍ മാന്‍ഡേറ്റ് ഭരണത്തില്‍നിന്ന് ഒഴിവാകുകയാണെന്ന് അറിയിക്കുകയും ചെയ്തു. അപ്പോള്‍ യു എന്‍ പൊതുസഭ ‘സ്പെഷ്യല്‍ കമ്മിറ്റി ഓണ്‍ പലസ്തീന്‍’ രൂപവത്കരിക്കുകയും പലസ്തീനെ ഒരു സ്വതന്ത്ര അറബ് രാഷ്ട്രമായും സ്വതന്ത്ര ജൂതരാഷ്ട്രമായും ജെറുസലേം നഗരമായും വിഭജിക്കാനുള്ള നിര്‍ദ്ദേശം മുന്നോട്ടുവയ്ക്കുകയും ചെയ്തു. 1948 മെയ് 14ന് ബ്രിട്ടീഷ് മാന്‍ഡേറ്റിന്റെ കാലാവധി തീരുന്ന ദിവസം, ടെല്‍ അവീവ് മ്യൂസിയത്തില്‍ (ഇപ്പോള്‍ അതിനെ ഇന്‍ഡിപെന്‍ഡന്‍സ് ഹാള്‍ എന്നാണ് ഇസ്രയേല്‍ വിളിക്കുന്നത്) ജൂത കൗണ്‍സില്‍ ചേരുകയും അതിന്റെ നേതാവായ ഡേവിഡ് ബെന്‍ ഗുറിയോണ്‍ പ്രസംഗപീഠത്തില്‍ നിന്ന് ഇസ്രയേല്‍ രാഷ്ട്ര പ്രഖ്യാപനം നടത്തുകയും ചെയ്തു.

ഇര്‍ഗുണ്‍ എന്ന സായുധ ഭീകര സേനയുടെ നേതാവ് 1977 – 1983 കാലത്ത് ഇസ്രയേലിന്റെ പ്രധാനമന്ത്രിയായ മെനാഷിം ബെഗിനായിരുന്നു. മെനാഷിം ബെഗിന്റെ കാര്‍മികത്വത്തില്‍ തന്നെയാണ് 1948 ഏപ്രില്‍ 10ന് ദെയര്‍ യാസില്‍ കൂട്ടക്കൊല നടത്തിയത്. 1948 സെപതംബര്‍ 17ന് യുഎന്നിന്റെ ഔദ്യോഗിക മധ്യസ്ഥനും സ്വീഡിഷ് നയതന്ത്രജ്ഞനുമായ കൗണ്ട് ഫോള്‍ക്ക് ബര്‍ണാഡോട്ടെയെ വധിച്ചത് ‘ലെഹി’ എന്നും ‘സ്റ്റേണ്‍ ഗ്യാംഗ്’ എന്നും അറിയപ്പെട്ടിരുന്ന മറ്റൊരു സയണിസ്റ്റ് ഭീകര സംഘടനയാണ്. അറബ് അഭയാര്‍ത്ഥികളെ സംബന്ധിച്ചും ജെറുസലേമിനെ പറ്റിയുമുള്ള ബര്‍ണാഡോട്ടെയുടെ ചില സമാധാന നിര്‍ദേശങ്ങള്‍ സയണിസ്റ്റ് തീവ്രവാദികള്‍ക്ക് സ്വീകാര്യമായിരുന്നില്ല. അവര്‍ അദ്ദേഹത്തെ അറബ് അനുകൂലിയായി മുദ്രകുത്തി. ലെഹി തുടര്‍ന്ന് പിരിച്ചുവിടപ്പെട്ടെങ്കിലും അതിലെ അംഗങ്ങള്‍ ഐഡിഎഫിലേക്ക് (ഇസ്രയേല്‍ ഡിഫന്‍ ഫോഴ്സസ്) ആഗിരണം ചെയ്യപ്പെട്ടു. ഇര്‍ഗുണിലെ അംഗങ്ങളും ഐഡിഎഫില്‍ ചേര്‍ക്കപ്പെട്ടു. അതിന്റെ നേതാവായ ബെഗിന്‍ തീവ്ര വലതുപക്ഷ ജൂത പാര്‍ട്ടിയായ ഹെറുത്ത് പാര്‍ട്ടി 1948 ല്‍ സ്ഥാപിച്ചു. ഇപ്പോള്‍ നെതന്യാഹു നയിക്കുന്ന ലികുഡ് പാര്‍ട്ടിയുടെ പൂര്‍വഗാമിയാണത്. വാസ്തവത്തില്‍ ഹെറുത്ത് പാര്‍ട്ടി തന്നെയാണ് പേര് മാറ്റി ലികുഡ് പാര്‍ട്ടിയായത്. രണ്ടിന്റെയും രാണോത്സുക ആശയപദ്ധതികള്‍ ഒന്നുതന്നെ.

ഇതര രാഷ്ട്രങ്ങളുടെ പരമാധികാരത്തെ പുല്ലു വില കല്‍പ്പിക്കാത്ത ‘ബെഗിന്‍ പ്രമാണം’ ആദ്യം പ്രക്ഷേപിച്ചതും പ്രയോഗിച്ചതും ഇര്‍ഗുണ്‍ സയണിസ്റ്റ് ഭീകരക്കൂട്ടത്തിന്റെ നേതാവായിരുന്ന ഈ ഇസ്രയേല്‍ ഭരണാധികാരി തന്നെ. 1981 ല്‍ ഇറാഖിലെ ഒസിറാഖ് ആണവ റിയാക്ടര്‍ തകര്‍ത്തത് ബെഗിന്‍ പ്രധാനമന്ത്രിയായിരുന്നപ്പോഴാണ്. 2007 സെപ്തംബറില്‍ സിറിയയിലെ ആണവ റിയാക്ടര്‍ എന്ന് സംശയിക്കപ്പെട്ട അല്‍ കിബാര്‍ കേന്ദ്രം നശിപ്പിച്ചതും ബെഗിന്‍ തത്ത്വപ്രകാരം തന്നെ. മധ്യ പൂര്‍വമേഖലയിലെ ഒരു രാജ്യത്തെയും ആണവായുധം ആര്‍ജിക്കാന്‍ അനുവദിക്കില്ല എന്നാണ് ബെഗിന്‍ അനുശാസനത്തിന്റെ അടിക്കല്ല്. ഇപ്പോള്‍ ഖത്തറിനെതിരെയുള്ള ആക്രമണം ബെഗിന്‍ പ്രമാണത്തിന്റെ അങ്ങേയറ്റം വലിച്ചുനീട്ടിയ ഭീകരപ്രയോഗമാണ്. ഒന്നാമതായി, കടുത്ത വാക്കുകള്‍ കൊണ്ടുപോലും ഇന്നേവരെ ഇസ്രയേലിനെ ആക്രമിക്കാത്ത രാജ്യമാണ് ഖത്തര്‍. ഇസ്രയേലിന് ഒരു കാലത്തും സുരക്ഷാഭീഷണി ഉയര്‍ത്താന്‍ കെല്‍പ്പില്ലാത്ത രാഷ്ട്രം. സര്‍വോപരി അമേരിക്കയുടെ സഖ്യകക്ഷിയും ഗള്‍ഫ് മേഖലയില്‍ അമേരിക്കയുടെ ഏറ്റവും വലിയ സൈനികകേന്ദ്രം സ്ഥിതി ചെയ്യുന്ന രാജ്യവുമാണ്. ഈ ഭീകരാക്രമണത്തെ നെതന്യാഹുവിന്റെ ‘തെമ്മാടി തീട്ടൂരം’ എന്ന് വിശേഷിപ്പിക്കാവുന്നതാണ്.

പില്‍ക്കാലത്ത് ഇസ്രയേലിന്റെ ഭരണനേതൃത്വത്തിലെത്തിയ പലരും ഇരുപതാം നൂറ്റാണ്ടിന്റെ പ്രഥമാര്‍ധത്തില്‍ രൂപവത്കരിക്കപ്പെട്ട വിവിധ സയണിസ്റ്റ് ഭീകരസംഘടനകളുടെ ഭാഗമായിരുന്നു. ലെഹി എന്ന് അറിയപ്പെട്ടിരുന്ന ലൊഹമെയ് ഹെറുത്ത് ഇസ്രയേല്‍ (ഇസ്രയേല്‍ സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള പോരാളികള്‍) സയണിസ്റ്റ് ഭീകരസംഘടന 1940 ല്‍ സ്ഥാപിച്ചത് എബ്രഹാം സ്റ്റേണ്‍ ആണ്. സ്റ്റേണ്‍ ഗ്യാംഗ് എന്നും അത് അറിയപ്പെട്ടിരുന്നു. ഇര്‍ഗുണില്‍ നിന്ന് വേര്‍പിരിഞ്ഞവരാണ് ലെഹി സ്ഥാപിച്ചത്. രണ്ടാം ലോകയുദ്ധകാലത്ത് ഇര്‍ഗുണ്‍ ബ്രിട്ടീഷ് വിരുദ്ധ വിധ്വംസക പ്രവര്‍ത്തനം തത്കാലം നിര്‍ത്തിവെച്ചതായിരുന്നു പുതിയ ഭീകരസംഘടനയുടെ രൂപവത്കരണത്തിന് നിദാനമായത്. റെയില്‍ പാളങ്ങള്‍, പാലങ്ങള്‍, ഡിപ്പോകള്‍, ഗുഡ്സ് യാര്‍ഡുകള്‍, റെയില്‍ ഫാക്ടറികള്‍, ലോക്കോ ഷെഡുകള്‍, തുറമുഖങ്ങള്‍, പൊലീസ് സ്റ്റേഷനുകള്‍ എന്നിവയ്ക്കുനേരെ കുഴിബോംബാക്രമണവും മോര്‍ട്ടാര്‍ ആക്രമണങ്ങളും നടത്തുന്നത് ലെഹിയുടെ പതിവ് ഭീകരപ്രവര്‍ത്തനങ്ങളായിരുന്നു. ബ്രിട്ടീഷുകാരും അറബികളുമായ പൊലീസുകാരെ തട്ടിക്കൊണ്ടുപോവുകയും ബന്ദികളാക്കുകയും വെടിവെച്ചു കൊല്ലുകയും ചെയ്യുന്നതും ബാങ്കുകളിലേക്ക് പണമെത്തിക്കുന്ന വാഹനങ്ങളെ കൊള്ളയടിക്കുന്നതും പൊലീസ് സൈന്യവിഭാഗങ്ങളുടെ ആയുധങ്ങള്‍ ആക്രമിച്ച് കൈവശപ്പെടുത്തുന്നതും ഈ ഭീകരരുടെ സ്ഥിരംപരിപാടികളായിരുന്നു. 1944 ല്‍ മിഡില്‍ ഈസ്റ്റിലെ ബ്രിട്ടീഷ് മിനിസ്റ്റര്‍ ഓഫ് സ്റ്റേറ്റ് ആയിരുന്ന മൊയ്നെ പ്രഭുവിനെ കയ്റോവില്‍ വെച്ച് വെടിവെച്ചു കൊന്നത് ലെഹി ആണ്. 1948 ല്‍ കുപ്രസിദ്ധമായ ദേയ്ര്‍ യാസിന്‍ കൂട്ടക്കൊലയില്‍ ഇര്‍ഗുണിനൊപ്പം ലെഹിയും ഭാഗഭാക്കായി. ലെഹിയുടെ നേതാക്കളിലൊരാളായിരുന്ന ഇസാക്ക് ഷമീര്‍ പിന്നീട് രണ്ടു പ്രാവശ്യം ഇസ്രയേല്‍ പ്രധാനമന്ത്രിയായി. 1920 ല്‍ സ്ഥാപിക്കപ്പെട്ടതും ജൂത ഏജന്‍സിയുടെ കീഴില്‍ പ്രവര്‍ത്തിച്ചിരുന്നതുമായ സയണിസ്റ്റ് ഭീകരവിഭാഗമായിരുന്നു ഹഗാന്ന. 1936–39 ലെ അറബ് കലാപകാലത്ത് കലാപകാരികളെ അടിച്ചമര്‍ത്താന്‍ ബ്രിട്ടീഷ് സൈന്യത്തോടൊപ്പം ഹഗാന്ന തോളോടുതോള്‍ ചേര്‍ന്നു പ്രവര്‍ത്തിച്ചു. ഇതിനുവേണ്ടി സ്പെഷ്യല്‍ നൈറ്റ് സ്ക്വാഡ്സ് സൃഷ്ടിച്ചു. 1941 ല്‍ പാല്‍മാക്ക് എന്ന പേരില്‍ സ്ട്രൈക്ക് ഫോഴ്സ് എന്ന സവിശേഷകൃത്യങ്ങള്‍ക്കുള്ള ഭീകര യൂണിറ്റ് ഉണ്ടാക്കുകയും ചെയ്തു. 1948 ലെ അറബ്–ഇസ്രയേല്‍ യുദ്ധവേളയില്‍ ഹൈഫ, ജഫ തുടങ്ങിയ പലസ്തീന്‍ പട്ടണങ്ങള്‍ പിടിച്ചെടുത്തത് ഹഗാന്നയാണ്. ഇസ്രയേല്‍ സ്ഥാപിതമായതോടെ ഹഗാന്ന ഐഡിഎഫിന്റെ ഭാഗമായി. ലെഹിയില്‍ നിന്നും ഇര്‍ഗുണില്‍ നിന്നും വ്യത്യസ്തമായി മുഖ്യധാരാ സയണിസ്റ്റ് സൈന്യമെന്ന നിലയിലാണ് ഹഗാന്ന അറിയപ്പെട്ടിരുന്നത്. 1947 ല്‍ യുഎന്‍ വിഭജനപദ്ധതി പുറത്തുവന്നതോടെ ഹഗാന്ന അറബ് പലസ്തീനികള്‍ക്കുനേരെ വ്യാപകമായ ആക്രമണവും നരമേധവും അഴിച്ചുവിട്ടു.

ഇസ്രയേലില്‍ വ്യത്യസ്ത കാലങ്ങളില്‍ ഭരണനേതൃത്വത്തിലെത്തിയവര്‍ ഹഗാന്നയില്‍ സജീവമായിരുന്നു. ആദ്യ പ്രധാനമന്ത്രിയായ ഡേവിഡ് ബെന്‍ ഗുറിയോണ്‍, ആദ്യ വിദേശകാര്യമന്ത്രിയും രണ്ടാം പ്രധാനമന്ത്രിയുമായ മോഷെ ഷാരെറ്റ്, മൂന്നാം പ്രധാനമന്ത്രിയായ ലെവി ഇഷ്കോള്‍, നാലാം പ്രധാനമന്ത്രിയായ ഗോള്‍ഡ മേയ്ര്‍, ഡെപ്യൂട്ടി പ്രധാനമന്ത്രിയായിരുന്ന യിഗല്‍ അല്ലോണ്‍, അഞ്ചാം പ്രധാനമന്ത്രിയായ യിത്ഷാക് റാബിന്‍, പ്രസിഡന്റും പ്രധാനമന്ത്രിയുമായിരുന്ന ഷിമോണ്‍ പെരസ് തുടങ്ങിയവര്‍ ഹഗാന്നയില്‍ വിവിധ സ്ഥാനങ്ങള്‍ കൈയാളിയവരായിരുന്നു. ഹഗാന്നയും ലേഹിയും ഇര്‍ഗുണുമൊക്കെ വ്യത്യസ്ത പേരുകളിലും അല്പമാത്ര ഭിന്നരീതികളിലുമാണ് പ്രവര്‍ത്തിച്ചിരുന്നതെങ്കിലും അവയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ സമാനമായിരുന്നു. ചുരുക്കത്തില്‍, ഔദ്യോ
ഗിക സംസ്ഥാപനത്തിന് പതിറ്റാണ്ടുകള്‍ക്കു മുമ്പുതന്നെ ഭീകരവാദത്തില്‍ സ്നാനം ചെയ്ത്, അധിനിവേശം തീവ്രയത്ന പരിപാടിയാക്കി,പലസ്തീനികളുടെ നരമേധം നിത്യവൃത്തിയാക്കി വികസിച്ച വംശീയ ഫാസിസ്റ്റ് സ്വരൂപമാണ് ഇസ്രയേല്‍. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

9 − 6 =

Most Popular