Wednesday, April 29, 2026

ad

Homeകവര്‍സ്റ്റോറിഅറബ് ലോകത്തെ 
മുഖ്യ രാഷ്ട്രീയധാരകളും അമേരിക്ക – ഇസ്രയേൽ കൂട്ടുകെട്ടും

അറബ് ലോകത്തെ 
മുഖ്യ രാഷ്ട്രീയധാരകളും അമേരിക്ക – ഇസ്രയേൽ കൂട്ടുകെട്ടും

ഡോ. ടി എം 
തോമസ് ഐസക്

രുതിക്കു നിന്നില്ലെങ്കിൽ ഏത് രാജ്യത്തെ വേണമെങ്കിലും എപ്പോൾ വേണമെങ്കിലും തങ്ങൾ കടന്നാക്രമിക്കുമെന്ന് പ്രഖ്യാപിക്കുന്ന തെമ്മാടി രാഷ്ട്രമായി ഇസ്രയേൽ മാറിയിരിക്കുന്നൂവെന്നുള്ളതിന്റെ ഏറ്റവും അവസാനത്തെ ഉദാഹരണമാണ് ഖത്തറിനുമേൽ നടത്തിയ ആക്രമണം. ഗാസയിലെ കൂട്ടക്കൊല അവിടംകൊണ്ടും അവസാനിക്കാൻ പോകുന്നില്ലയെന്നതിന്റെ സൂചനകൂടിയാണിത്. ആക്രമണത്തെ തള്ളിപ്പറഞ്ഞ ഇന്ത്യാ സർക്കാർ ഇസ്രയേലാണ് ആക്രമണകാരിയെന്നു പറയാൻ തയ്യാറാകുന്നില്ല.

കേരളത്തിൽ ഈ ആക്രമണം വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്. മലയാളികളാണ് ഗൾഫിലെ ഏറ്റവും വലിയ തൊഴിൽ വിഭാഗം. ഏതാണ്ട് 21 ലക്ഷം വരുന്ന ഖത്തറിലെ തൊഴിലാളികളിൽ 90–-95 ശതമാനം തൊഴിലാളികളും വിദേശത്തു നിന്നുള്ളവരാണ്. അതിൽ 7-–7.5 ലക്ഷം പേർ ഇന്ത്യക്കാരാണ്. ഇവരുടെ ഏതാണ്ട് പകുതിയും മലയാളികളാണ്. ഇപ്പോഴുണ്ടായ ആക്രമണത്തിൽ നമ്മുടെ നാട്ടുകാർക്ക് പരിക്കൊന്നും ഏറ്റിട്ടില്ലെങ്കിലും സംഘർഷം മൂർച്ഛിച്ചാൽ അത് കുടിയേറ്റ തൊഴിലാളികളെയും ബാധിക്കുമെന്നതിൽ സംശയമില്ല.

അമേരിക്കയുടെ അറിവോടെ നടന്നിട്ടുള്ള ഒന്നാണ് ഇസ്രയേലിലെ ഈ ആക്രമണം. ഗൾഫ് മേഖലയിൽ അമേരിക്കയുമായി ഉറ്റബന്ധം പുലർത്തുന്ന ഒരു രാജ്യമാണ് ഖത്തർ. അമേരിക്കൻ സേനാത്താവളം ഖത്തറിലുണ്ട്. മെയ് മാസത്തിലെ ട്രംപിന്റെ ഖത്തർ സന്ദർശനം കെങ്കേമമായിരുന്നു. പക്ഷേ, ഇതൊന്നും സെപ്തംബർ ഒന്നിന്റെ ഇസ്രയേലി ആക്രമണത്തിനു തടസ്സമായില്ല. ബോംബ് വീഴുന്നതിന് തൊട്ടുമുമ്പ് മാത്രമാണ് അമേരിക്ക മുന്നറിയിപ്പ് നൽകാൻ തയ്യാറായത്.

അതിലുപരി ഇസ്രയേൽ ബോംബിടാൻ തീരുമാനിച്ച സന്ദർഭമാണ് ഞെട്ടലുണ്ടാക്കിയിട്ടുള്ളത്. ഗാസ സംബന്ധിച്ച് അമേരിക്കയുടെ സമാധാന നിർദ്ദേശങ്ങൾ ചർച്ച ചെയ്യുന്നതിന് ഖത്തറിലെത്തിയ ഹമാസ് നേതൃത്വം ഒന്നിച്ചുകൂടുന്നവേളയിൽ അവരെ ഒരുമിച്ചു വകവരുത്താനായിരുന്നു ഇസ്രയേലിന്റെ ശ്രമം.

സെപ്തംബർ 15-ന്റെ സാമ്രാജ്യത്വവിരുദ്ധ ദിനാചരണത്തിൽ ലക്ഷക്കണക്കിനു മലയാളികൾക്ക് തൊഴിലും വരുമാനവും തരുന്ന സൗഹൃദരാജ്യമായ ഖത്തറിനോട് കേരളം ഐക്യദാർഢ്യം പ്രകടിപ്പിച്ചു. ഖത്തറിലെ അമേരിക്കൻ ആക്രമണത്തിന്റെ അലയൊലികൾ പെട്ടെന്ന് അവസാനിക്കുമെന്ന് തോന്നുന്നില്ല. അറബ് ലീഗിന്റെ സമ്മേളനത്തിലെ ചർച്ചകൾ ഇതാണ് സൂചിപ്പിക്കുന്നത്. ഈ പശ്ചാത്തലത്തിൽ, മധ്യപൂർവ്വപ്രദേശത്തെ രാഷ്ട്രീയത്തെയും ഖത്തർ ആക്രമണത്തെയുംകുറിച്ച് സമഗ്രമായി പ്രതിപാദിക്കുന്നതിനാണ് ഈ ലക്കം ചിന്ത ശ്രമിക്കുന്നത്.

അമേരിക്കയുടെ ഉന്നം
എന്തുകൊണ്ടാണ് അമേരിക്ക മധ്യപൂർവ്വപ്രദേശങ്ങളിൽ ആധിപത്യം പുലർത്തുന്നതിന് ഇത്രയേറെ പ്രാധാന്യം നൽകുന്നത്? ലക്ഷ്യം നിയോകൊളോണിയലാണ്. എണ്ണയുടെമേൽ നിയന്ത്രണം ഉറപ്പുവരുത്തുന്നതിന് 1945-ൽ തന്നെ റൂസ്‌വെൽറ്റ്, സൗദി അറേബ്യയുമായി കരാറുണ്ടാക്കി. എണ്ണക്കുപകരം അമേരിക്കൻ സംരക്ഷണം എന്നതായിരുന്നു കരാർ. പിന്നീട് മറ്റ് അറബ് രാജ്യങ്ങളിലും എണ്ണ നിക്ഷേപം കണ്ടെത്തി. ലോകത്തെ എണ്ണയുടെ 50 ശതമാനവും മധ്യപൂർവ്വ പ്രദേശത്താണ്. എണ്ണയുടെ സുലഭവും ന്യായവിലയ്ക്കുമുള്ള ലഭ്യത അമേരിക്കൻ സമ്പ
ദ്ഘടനയുടെയും ആഗോള സമ്പദ്ഘടനയുടെയും സുസ്ഥിരവളർച്ചയ്ക്ക് അനിവാര്യമായിരുന്നു. ഇറാനിൽ എണ്ണ ദേശസാൽക്കരിച്ച ഇടതുപക്ഷ സർക്കാരിനെതിരെ അട്ടിമറി നടത്തിയതും എണ്ണക്കപ്പലുകളുടെ സുഗമമായ നീക്കം ഉറപ്പുവരുത്താൻ അഞ്ചാം കപ്പൽപ്പടയെ തന്നെ ചെങ്കടലിലേക്ക് നിയോഗിച്ചതും അതിനു വേണ്ടിയാണ്.

പട്ടിക 1 → പൂർവ്വമദ്ധ്യേഷ്യയിലെ കമ്യൂണിസ്റ്റ് പാർടികൾ

1973-ൽ ഇസ്രയേൽ യോം കിപ്പർ യുദ്ധം വിജയിച്ചതിൽ കുപിതരായ അറബ് രാജ്യങ്ങൾ എണ്ണ കയറ്റുമതിക്ക് ഉപരോധമേർപ്പെടുത്തി. 1974 ആയപ്പോഴേക്കും എണ്ണവില ബാരലിന് 3 ഡോളറിൽ നിന്ന് 12 ഡോളറായി ഉയർന്നു. അന്നത്തെ പ്രത്യേക സാഹചര്യത്തിൽ ഇതിനെതിരെ സൈനിക നടപടികളൊന്നും സ്വീകരിക്കാൻ അമേരിക്കയ്-ക്ക് കഴിയുമായിരുന്നില്ല. ആഗോളമായി വിലക്കയറ്റം രൂക്ഷമായി. ലോക സമ്പദ്ഘടനയിൽ വിലക്കയറ്റവും മാന്ദ്യവും ഒരേസമയം പ്രത്യക്ഷപ്പെടുന്ന സ്റ്റാഗ്ഫ്‌ളേഷൻ എന്ന പ്രതിഭാസം രൂപംകൊണ്ടു.

സൗദി അറേബ്യയുമായി 1945 മുതലുള്ള അമേരിക്കയുടെ ദീർഘകാലബന്ധം ഈ അപകടസന്ധിയിൽ തുണയായി. എല്ലാവരും ഡോളർ വിലയിൽ വേണം പെട്രോൾ വിൽക്കാൻ. മറ്റു നാണയങ്ങൾ ഉപയോഗിക്കുവാൻ പാടില്ല. ഇങ്ങനെ അറബ് രാജ്യങ്ങളുടെ കൈയിൽ വന്നുചേരുന്ന ഡോളർ അമേരിക്കൻ സർക്കാരിന്റെ സെക്യൂരിറ്റികളിൽ നിക്ഷേപിക്കണം. അറബികൾക്ക് ചെറിയ പലിശയും കിട്ടും.

ഉയർന്ന വിലയ്ക്കുള്ള പെട്രോൾ മുഴുവൻ ഡോളറിൽ വിൽക്കുകയും ആ പണം മുഴുവൻ അമേരിക്കൻ സെക്യൂരിറ്റികളിൽ നിക്ഷേപിക്കുകയും ചെയ്യുന്ന അവസ്ഥ വന്നതോടെ ഡോളറിന്റെ ആവശ്യം കുത്തനെ ഉയർന്നു. ലോക നാണയമായി ഡോളർ തുടർന്നു. ഇതിന്റെ പിന്നിൽ വലിയ പങ്ക് പെട്രോ – – ഡോളർ വഹിച്ചു. ഇതിനു ശേഷം അമേരിക്കൻ നയതന്ത്രത്തിന്റെയും ഇടപെടലുകളുടെയും ഒരു പ്രധാന ഉന്നം പെട്രോ ഡോളറിന്റെ സംരക്ഷണമായിത്തീർന്നു. പെട്രോ- ഡോളർ സംവിധാനത്തെ ദുർബലപ്പെടുത്താൻ ശ്രമിച്ചൂവെന്നതിന്റെ പേരിലാണ് സദ്ദാം ഹുസൈനെയും ഗദ്ദാഫിയെയും അമേരിക്ക വകവരുത്തിയത്.

ഇതോടൊപ്പം ഗൾഫ് രാജ്യങ്ങളിലെയും മറ്റും നിർമ്മാണ കോൺട്രാക്ടുകളിൽനിന്നും അറബ് രാജ്യങ്ങളിലേക്കുള്ള യുദ്ധസാമഗ്രികളുടെ വില്പനയിൽനിന്നും അമേരിക്ക വലിയ തോതിൽ ലാഭവും കൈക്കലാക്കി.

അമേരിക്കയ്ക്ക് മധ്യപൂർവ്വപ്രദേശത്ത് നേരിടാനുണ്ടായത് മുഖ്യമായും നാല് രാഷ്ട്രീയ ശക്തികളെയാണ്.

1) കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾ
2) അറബ് ദേശീയ പ്രസ്ഥാനങ്ങൾ
3) ഇസ്ലാമിസ്റ്റ് പ്രസ്ഥാനങ്ങൾ
4) ഇസ്ലാമിക് രാജവാഴ്ചാ രാഷ്ട്രങ്ങൾ

കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾ
അറബ് രാജ്യങ്ങളിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾ ബോൾഷെവിക് വിപ്ലവത്തിനുശേഷം 1920-കളിലാണ് രൂപംകൊണ്ടത്. കൊളോണിയൽവിരുദ്ധ സമരങ്ങളും ട്രേഡ് യൂണിയൻ പ്രസ്ഥാനങ്ങളുമായിരുന്നു മുഖ്യപ്രവർത്തന മേഖല. 1940-–1960 കാലത്തായിരുന്നു കമ്യൂണിസ്റ്റ് പ്രസ്ഥാനം ഉച്ഛസ്ഥായിയിൽ എത്തിയത്. കടുത്ത അടിച്ചമർത്തലുകളെ അതിജീവിച്ചും അറബ് ദേശീയ പ്രസ്ഥാനങ്ങളോടു സഹകരിച്ചുമാണ് ഇക്കാലത്ത് കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾ പ്രവർത്തിച്ചിരുന്നത്.

കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളെ തകർക്കുകയെന്നത് അമേരിക്കയുടെ സുപ്രധാന ലക്ഷ്യമായിരുന്നു. ഇതിനു തുടക്കംകുറിച്ചത് ഇറാനിൽ ആയിരുന്നു. ഇറാനിൽ ഇടതുപക്ഷ സർക്കാരിനെ സായുധമായി അട്ടിമറിച്ച ബ്രട്ടീഷ്-അമേരിക്കൻ ശക്തികൾ ഷായെ അധികാരത്തിലെത്തിച്ചു. ഷാ ഇറാനിലെ കമ്യൂണിസ്റ്റുകാരെ പൂർണ്ണമായും അടിച്ചമർത്തി.

അധികാരത്തിലേറിയ അറബ് ദേശീയ പ്രസ്ഥാനങ്ങൾ അധികം താമസിയാതെ കമ്യൂണിസ്റ്റുകാർക്കെതിരെ നീങ്ങി. 1959-ൽ ഈജിപ്തിൽ നാസറും 1963-ൽ ഇറാഖിൽ ബാത്തിസ്റ്റ് പാർട്ടിയും കമ്യൂണിസ്റ്റുകാരെ കൂട്ടക്കൊല ചെയ്തു. മറ്റു പല രാജ്യങ്ങളിലും സമാനമായ സംഭവങ്ങളുണ്ടായി. ഇതിനെല്ലാം അമേരിക്കൻ പിന്തുണ ഉണ്ടായിരുന്നു.

1979-–1989-ൽ അഫ്ഗാൻ യുദ്ധകാലത്ത് അമേരിക്ക മുജാഹിദിൻ ഇസ്ലാമിസ്റ്റുകളെ ആയുധവൽക്കരിച്ചു. ഇത് അൾജീരിയയിലും ഇറാഖിലുമെല്ലാം ഇടതുപക്ഷവിരുദ്ധ ജിഹാദിസ്റ്റ് ആക്രമണങ്ങൾക്കു പ്രേരണയായി.

യമനിൽ മാത്രമാണ് കമ്യൂണിസ്റ്റ് പാർട്ടി അധികാരത്തിലെത്തിയത്. പലസ്തീനിൽ കമ്യൂണിസ്റ്റ് പാർട്ടി യാസർ അറാഫത്തിന്റെ പിഎൽഒയുമായി അടുത്ത് സഹകരിച്ചു പ്രവർത്തിച്ചു. സോവിയറ്റ് യൂണിയന്റെ തകർച്ചയെത്തുടർന്ന് കമ്യൂണിസ്റ്റ് പാർട്ടികളുടെ സ്വാധീനം അതിവേഗം ക്ഷയിച്ചു. ഇന്ന് ഇറാഖ്, ഒമാൻ, സിറിയ, പലസ്തീൻ, ടുണീഷ്യ, ലബനൻ തുടങ്ങിയ രാജ്യങ്ങളിൽ പ്രവർത്തിക്കുന്നത് ദുർബലമായ കമ്യൂണിസ്റ്റ് പാർട്ടികളാണ്-. നിരീശ്വരവാദക്കാരുടെ പാർട്ടിയെന്നാണ് കമ്യൂണിസ്റ്റുകാർക്കെതിരായ ഏറ്റവും പ്രചാരത്തിലുള്ള വിമർശനം.

പൂർവ്വമധ്യേഷയിലെ കമ്യൂണിസ്റ്റ് പാർട്ടികളെക്കുറിച്ചുള്ള സംക്ഷിപ്ത വിവരങ്ങൾ പട്ടിക 1-ൽ നൽകിയിരിക്കുന്നു.

അറബ് ദേശീയ പ്രസ്ഥാനങ്ങൾ
കൊളോണിയൽ കാലത്ത് അറബി ഭാഷയുടെയും സംസ്കാരത്തിന്റെയും ചരിത്രത്തിന്റെയും അടിസ്ഥാനത്തിൽ അറബ് ദേശീയപ്രസ്ഥാനങ്ങൾ ഉയർന്നുവന്നു. അവയെല്ലാം സാമ്രാജ്യത്വവിരുദ്ധവും പൊതുവിൽ മതനിരപേക്ഷതയിലൂന്നിയതും പുരോഗമന കാഴ്ചപ്പാടോടുകൂടിയവയുമായിരുന്നു. ഗോത്രവർഗ വിഭജനങ്ങൾക്കപ്പുറം അറബ് ദേശീയതയാണ് അവർ ഉയർത്തിപ്പിടിച്ചത്.

നാസറിസം: ഇതിൽ ഏറ്റവും പ്രധാനം 1952-ൽ അബ്ദൽ നാസറിന്റെ നേതൃത്വത്തിൽ നടന്ന സൈനിക ഓഫീസർമാർ ഈജിപ്തിൽ അധികാരം പിടിച്ചതാണ്. അറബ്- ദേശീയതയുടെ ഏറ്റവും ശക്തനായ വക്താവും സാമ്രാജ്യത്വവിരുദ്ധ ചേരിചേരാ നയത്തിന്റെ നേതാവുമായി നാസർ മാറി. സൂയസ് കനാൽ ദേശസാൽക്കരിച്ചതിനെതിരെയുണ്ടായ സാമ്രാജ്യത്വ ഇടപെടലിനെ ചെറുത്തു. മറ്റു ചില രാജ്യങ്ങളെയും ചേർത്ത് യുണൈറ്റഡ് അറബ് റിപ്പബ്ലിക് ഉണ്ടാക്കാൻ ശ്രമിച്ചു. കമ്യൂണിസ്റ്റുകാർക്കെതിരായും അതേസമയം, ഇസ്ലാമിസ്റ്റ് മുസ്ലിം ബ്രദർഹുഡിനെതിരായും തിരിഞ്ഞു. എന്നാൽ 1967-ലെ ഇസ്രയേലി വിജയത്തെത്തുടർന്ന് നാസറിസം തകർന്നു. പൊളിറ്റിക്കൽ ഇസ്ലാമിസത്തിന്റെ വകഭേദങ്ങൾക്കാണ് ഈജിപ്തിൽ ഇന്ന് മുൻകൈ.

ബാത്ത് പാർട്ടി: ഉയർത്തെഴുന്നേൽപ്പ് എന്നർത്ഥം. അറബി ഐക്യം, സോഷ്യലിസം, മതനിരപേക്ഷത എന്നിവയാണ് പ്രധാന മുദ്രാവാക്യങ്ങൾ. സിറിയയിൽ ഇന്നും മുഖ്യഭരണം ബാത്ത് പാർട്ടിയുടേതാണ്. ഇറാഖിൽ 1968 മുതൽ 2003 വരെ ബാത്ത് പാർട്ടിയാണ് ഭരിച്ചിരുന്നത്. ദേശസാൽക്കരണവും ഭൂപരിഷ്കരണവുമാണ് മുഖ്യനടപടികൾ. കമ്യൂണിസ്റ്റുകാരോട് ഐക്യത്തിൽ ആയിരുന്നെങ്കിലും പിന്നീട് ഇറാഖിലും (1963) സിറിയയിലും (1966) കമ്യൂണിസ്റ്റുകാരെ വകവരുത്തി. കമ്യൂണിസ്റ്റുകാർക്കെതിരായ നടപടിക്ക് അമേരിക്കയുടെ പിന്തുണ ലഭിച്ചു. എന്നാൽ സദ്ദാം ഹുസൈൻ ഭരണകൂടത്തെ 2003-ൽ അമേരിക്ക തകർത്തു.

അറബ് നാഷണലിസ്റ്റ് മൂവ്മെന്റ്: ലബനൻ, പലസ്തീൻ, ജോർദാൻ എന്നീ രാജ്യങ്ങളിൽ ശക്തമായിരുന്നു. അറബ് ദേശീയതയോടൊപ്പം സിയോണിസ്റ്റ് വിരുദ്ധതയും ചേർന്ന പ്രത്യയശാസ്ത്രമായിരുന്നു. അൾജീരിയൻ ദേശീയ സ്വാതന്ത്ര്യസമരത്തെ സഹായിച്ചു. കമ്യൂണിസ്റ്റ് ചിന്താഗതിക്കാർക്ക് വലിയ സ്വാധീനമുണ്ടായിരുന്നു.

കമ്യൂണിസത്തെ പ്രതിരോധിക്കാൻ അറബ് ദേശീയ പ്രസ്ഥാനങ്ങളെ അമേരിക്ക ഉപയോഗപ്പെടുത്തി. എന്നാൽ അറബ് ദേശീയ പ്രസ്ഥാനങ്ങൾ എണ്ണയടക്കമുള്ള സാമ്പത്തിക മേഖലകൾ ദേശസാൽക്കരിക്കുന്നതിനെടുത്ത നിലപാട് അമേരിക്കയുടെ വിരോധം സമ്പാദിച്ചു. ദേശീയതയെ പ്രതിരോധിക്കുന്നതിന് ഇസ്ലാമിസ്റ്റുകളെ പ്രോത്സാഹിപ്പിക്കുന്ന സമീപനം അമേരിക്ക മാത്രമല്ല, രാജഭരണകൂടങ്ങളും സ്വീകരിച്ചു.

1960-കളിൽ അറബ് ദേശീയത അതിന്റെ പാരമ്യത്തിലെത്തി. പക്ഷേ, 1967-ലെ ഒരാഴ്ച നീണ്ടുനിന്ന യുദ്ധത്തിൽ ഇസ്രയേൽ അറബ് രാഷ്ട്രങ്ങളെ മുഴുവൻ അടിയറവ് പറയിച്ചതോടെ അറബ് ദേശീയ പ്രസ്ഥാനങ്ങൾ അതിവേഗത്തിൽ ദുർബലപ്പെടാൻ തുടങ്ങി. അവയുടെ സ്ഥാനം ഇസ്ലാമിസ്റ്റ് പ്രസ്ഥാനങ്ങൾ ഏറ്റെടുത്തു. എണ്ണയുടെമേൽ അമേരിക്കയ്ക്ക് ഉണ്ടായിരുന്ന ആധിപത്യത്തെ അറബ് ദേശീയത ദുർബലപ്പെടുത്തുമെന്ന ഭയം ഇവരോടുള്ള അമേരിക്കയുടെ സമീപനത്തിൽ പ്രതിഫലിച്ചിട്ടുണ്ട്.

ഇസ്ലാമിസ്റ്റ് പ്രസ്ഥാനങ്ങൾ
രാഷ്ട്രീയ ഇസ്ലാം അഥവാ ഇസ്ലാമിസം ഇസ്ലാമിക ആദർശങ്ങൾ രാഷ്ട്രീയ- സാമൂഹ്യ-, സാമ്പത്തിക, ഭരണപ്രക്രിയയിൽ നടപ്പാക്കുന്നതിന് ശ്രമിക്കുന്നു. ശരിയത്ത് നിയമങ്ങളുടെ അടിസ്ഥാനത്തിലുള്ള ഭരണക്രമമാണ് ഇത്തരം പ്രസ്ഥാനങ്ങളുടെ ലക്ഷ്യം. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യകാലത്ത് രൂപംകൊണ്ടതാണെങ്കിലും 1960-കളിലും 1970-കളിലും അറബ് ദേശീയ പ്രസ്ഥാനങ്ങൾക്കും കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾക്കും തിരിച്ചടി ഉണ്ടായതിനെത്തുടർന്നാണ് ഇസ്ലാമിസ്റ്റ് പ്രസ്ഥാനങ്ങൾ പ്രബലശക്തിയായി വന്നത്. പല സ്ഥലങ്ങളിലും അമേരിക്കയുടെ പിന്തുണയും ഇവർക്ക് ഉണ്ടായിരുന്നു.

ഇവരിൽ മുസ്ലിം ബ്രദർഹുഡ് കൂടുതൽ മിതവാദപരമായ നിലപാട് സ്വീകരിക്കുന്ന സംഘ
ടനയാണ്. അതേസമയം ഐഎസ്ഐഎസ്, അൽഖെ-്വായ്-ദ തുടങ്ങിയവ വളരെ തീവ്ര ജിഹാദിസ്റ്റ് നിലപാടുള്ള സംഘടനകളാണ്. രാഷ്ട്രീയമായി മുസ്ലിം ബ്രദർഹുഡിനെപ്പോലുള്ളവർ തിരഞ്ഞെടുപ്പിൽ വിശ്വസിക്കുന്നവരാണ്. അതേസമയം, ഐഎസ്ഐഎസും അൽഖെ-്വായ്-ദയും മറ്റും ആഗോള ജിഹാദ് വിളിക്കുന്നവരാണ്. എല്ലാവരും മതനിരപേക്ഷതയെ തള്ളിപ്പറയുന്നു.

1979-ലെ ഇറാനിയൻ വിപ്ലവം ഷിയാ-–സുന്നി ഇസ്ലാമിസ്റ്റുകൾക്കു പ്രചോദനമായി. അറബ് ദേശീയതയുടെ തകർച്ചയും, സോവിയറ്റ് യൂണിയന്റെ തകർച്ചയ്ക്കു ശേഷം കമ്യൂണിസ്റ്റ് പാർട്ടികൾക്കുണ്ടായ തിരിച്ചടിയും ഇസ്ലാമിസത്തിന്റെ വളർച്ചയ്ക്ക് സഹായകമായി.

പട്ടിക 2
പൂർവ്വമദ്ധ്യേഷ്യയിലെ ഇസ്ലാമിസ്റ്റ് പ്രസ്ഥാനങ്ങൾ

അഫ്ഗാനിസ്താനിലെ ഇടതുപക്ഷ സർക്കാരിനെ അസ്ഥിരപ്പെടുത്തുന്നതിനുവേണ്ടി മുജാഹിദിൻ ഭീകരരെയും പിന്നീട് അൽഖെ-്വായ്-ദ ഭീകരരെയും അമേരിക്ക ഉപയോഗപ്പെടുത്തി. അഫ്ഗാനിസ്താനിൽവച്ച് തീവ്രസൈനിക പരിശീലനം ലഭിച്ച ഈ തീവ്രപോരാളികൾ അവരവരുടെ നാടുകളിലേക്ക് തിരിച്ചുവന്നതോടെ ഇവിടങ്ങളിലും ഭീകരപ്രസ്ഥാനങ്ങൾ ശക്തിപ്പെട്ടു.

ഇസ്ലാമിക് രാജവാഴ്ചാ രാഷ്ട്രങ്ങൾ
ജിസിസി (ഗൾഫ് കോ –ഓപ്പറേഷൻ കൗൺസിൽ) രാജ്യങ്ങളായ ബഹ്-റിൻ, കുവൈറ്റ്, ഒമാൻ, ഖത്തർ, സൗദി- അറേബ്യ, യുഎഇ എന്നിവിടങ്ങളിലും ജോർദാൻ, മൊറോക്കോ എന്നീ രാജ്യങ്ങളിലും രാജഭരണമാണ് നിലവിലുള്ളത്. ഏറ്റക്കുറച്ചിലുകളോടെ ഭരണഘടനാ വ്യവസ്ഥകളുടെ അടിസ്ഥാനത്തിലുള്ള പ്രാതിനിധ്യ സഭകളുമുണ്ട്. പരമാധികാരം രാജാവിനാണ്. അതുകൊണ്ട് സ്വാഭാവികമായും റിപ്പബ്ലിക്കൻ പ്രസ്ഥാനങ്ങളോട് എതിർപ്പാണ്. 1960-കളിൽ നാസറിസത്തെ സൗദി- അറേബ്യ കഠിനമായി എതിർത്തതിന് കാരണം ഇതായിരുന്നു. കമ്യൂണിസ്റ്റ് പാർട്ടികളുടെ സ്വാധീനം ചരിത്രപരമായിത്തന്നെ ദുർബലമായിരുന്നു.

സാമ്പത്തികമായി ഏറെ ഉന്നതിയിലുള്ള രാജ്യങ്ങളാണ് ഇവ. മധ്യപൂർവ്വപ്രദേശത്ത 60 ശതമാനം ജിഡിപിയും ഈ രാജ്യങ്ങളിലാണ് ഉല്പാദിപ്പിക്കപ്പെടുന്നത്. എണ്ണ സമ്പത്താണ് ഇതിനാധാരം. ഇന്ന് പല രാജ്യങ്ങളും എണ്ണയിൽ നിന്നുള്ള വരുമാനം ഉപയോഗപ്പെടുത്തി സമ്പദ്ഘടനയെ വൈവിധ്യവൽക്കരിക്കാനും ആധുനികവൽക്കരിക്കാനും ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ദുബൈയാണ് ആദ്യം ഇത്തരത്തിൽ ഒരു തന്ത്രം വിജയകരമായി ആവിഷ്കരിച്ചത്. അങ്ങനെ ബഹ്‌റിൻ ഇക്കണോമിക് വിഷൻ 2030, കുവൈറ്റ് വിഷൻ 2035 (ന്യൂ കുവൈറ്റ്), ഒമാൻ വിഷൻ 2040, ഖത്തർ നാഷണൽ വിഷൻ 2030, സൗദി-അറേബ്യ: സൗദി വിഷൻ 2030, യുഎഇ വിഷൻ 2021, യുഎഇ സെന്റിനിയൽ 2071 തുടങ്ങിയ പദ്ധതികൾ നടപ്പാക്കിക്കൊണ്ടിരിക്കുകയാണ്.

ഇവയുമായി ബന്ധപ്പെട്ട നിർമ്മാണ പ്രവൃത്തികൾ വീണ്ടും ഗൾഫ് രാജ്യങ്ങളിൽ അഭൂതപൂർവ്വമായ ഒരു സാമ്പത്തിക വികാസം സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. സ്വദേശിവൽക്കരണം നടപ്പാക്കുന്നുണ്ടെങ്കിലും കൂടുതൽ കുടിയേറ്റ തൊഴിലാളികളെ പല രാജ്യങ്ങൾക്കും ആവശ്യമുണ്ട്. തുടക്കത്തിൽതന്നെ സൂചിപ്പിച്ചതുപോലെ ഇന്ത്യയിൽനിന്നും കേരളത്തിൽനിന്നും നല്ലൊരുസംഖ്യ ആളുകൾ ഈ രാജ്യങ്ങളിൽ തൊഴിലെടുക്കുന്നുണ്ട്.

മേൽപ്പറഞ്ഞ പദ്ധതികൾ നടപ്പാക്കുന്നതിന് അമേരിക്കയുമായും മറ്റ് പശ്ചാത്യരാജ്യങ്ങളുമായും സഹകരണം ശക്തിപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. റഷ്യയും ചൈനയും രംഗത്തുണ്ട്. ഇവരെല്ലാവരുമായി നല്ലബന്ധം പുലർത്താനാണ് ഈ രാജ്യങ്ങൾ ശ്രമിക്കുന്നത്. പലസ്തീനോട് അനുഭാവം പുലർത്തുമ്പോൾതന്നെ ജിഹാദിസ്റ്റ് പ്രസ്ഥാനങ്ങൾക്ക് പൊതുവിൽ പിന്തുണ നൽകാത്ത നയമാണ് ഈ രാജ്യങ്ങൾ സ്വീകരിക്കുന്നത്.

ഖത്തർ ആക്രമണവും പ്രത്യാഘാതങ്ങളും
മേൽപ്പറഞ്ഞ രാജ്യങ്ങളിൽ നിന്നു വ്യത്യസ്തമായി ചില പ്രത്യേകതകൾ ഖത്തറിനുണ്ട്. അമേരിക്കയുമായി അടുത്തബന്ധം പുലർത്തിവരുന്ന രാജ്യമാണത്. അമേരിക്കയുടെ ഏറ്റവും വലിയ സൈനിക താവളം ദോഹയ്ക്കടുത്താണ്. മെയ് മാസത്തിൽ കൊട്ടും കുരവയുമായി അമേരിക്കൻ പ്രസിഡന്റ് ഖത്തർ സന്ദർശിച്ചിരുന്നു. 1.2 ലക്ഷം കോടി ഡോളറിന്റെ നിക്ഷേപ കരാറിലും ഒപ്പുവച്ചു. ലോക ഫുട്ബോൾ മത്സരത്തിന് ആതിഥേയത്വം വഹിച്ചതു മുതൽ അഭൂതപൂർവ്വമായ നിർമ്മാണ പ്രവർത്തനങ്ങളാണ് ഖത്തറിൽ നടക്കുന്നത്. ഒരു ഫിനാൻഷ്യൽ സെന്ററും സ്ഥാപിക്കാൻ നടപടി സ്വീകരിച്ചുവരികയാണ്. ഇതിലൊക്കെ അമേരിക്കൻ സഹകരണമുണ്ട്.

എന്നാൽ അതേസമയം വിദേശനയത്തിൽ മറ്റു ജിസിസി രാജ്യങ്ങളെ അപേക്ഷിച്ച് പലസ്തീനുമായി കൂടുതൽ ഐക്യദാർഢ്യമുള്ള സമീപനമാണ് ഖത്തർ സ്വീകരിക്കുന്നത്. ഹമാസിന്റെ വിദേശത്തുള്ള ഏറ്റവും പ്രധാനപ്പെട്ട കേന്ദ്രം ദോഹയിലാണ്. അൽ ജസീറയുടെ ആസ്ഥാനം ഖത്തറിലാണ്. തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നൂവെന്ന് വിമർശിച്ച് 2017-–2021 വരെ മറ്റ് ജിസിസി രാജ്യങ്ങൾ ഖത്തറിനോട് ബഹിഷ്കരണ സമീപനംപോലും കൈക്കൊണ്ടു. ഇസ്ലാമിസ്റ്റ് പ്രസ്ഥാനങ്ങളുമായിട്ടുള്ള അടുപ്പംമൂലം മധ്യപൂർവ്വപ്രദേശത്തെ സംഘർഷമേഖലകളിൽ മധ്യസ്ഥന്റെ റോൾ വഹിക്കാൻ ഖത്തറിന് കഴിയുന്നുണ്ട്. ജൂദ ബന്ദികളെ മോചിപ്പിക്കുന്നതിനും ഗാസയിൽ വെടിനിർത്തൽ ഏർപ്പെടുത്തുന്നതിനുമുള്ള മധ്യസ്ഥ ചർച്ചകൾക്ക് ഖത്തറാണ് മുൻകൈയെടുത്തിരുന്നത്. ഇതുമായി ബന്ധപ്പെട്ട അമേരിക്കൻ നിർദ്ദേശം ചർച്ച ചെയ്യുന്നതിന് ഹമാസ് നേതാക്കൾ ഒത്തുകൂടുന്ന സന്ദർഭത്തിലാണ് ഇസ്രയേൽ കടന്നാക്രമണം നടത്തിയത്.

കടുത്ത പ്രതികരണമാണ് അറബ് രാജ്യങ്ങളിൽ നിന്നും സ്വാഭാവികമായും ഉണ്ടായിട്ടുള്ളത്. ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോ–-ഓപ്പറേഷൻ (ഒഐസി) 57 മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളുടെ സംഘടനയാണ്. ആക്രമണം നടന്ന സെപ്തംബർ 9-ന് തന്നെ ഒഐസി സെക്രട്ടറി പ്രതിഷേധ പ്രസ്താവനയിറക്കി. അതുപോലെ 22 അംഗങ്ങൾ അടങ്ങുന്ന അറബ് ലീഗും, ഗൾഫ് കോ-–ഓപ്പറേഷൻ കൗൺസിലും (ജിസിസി) പ്രതിഷേധ പ്രസ്താവനകൾ ഇറക്കിയിട്ടുണ്ട്. ഈ യോജിച്ച പ്രസ്താവനകളിൽ ഷിയ, സുന്നി വിഭാഗങ്ങൾ പൂർണ്ണമായി യോജിച്ചുകൊണ്ടാണ് ഇറക്കിയിട്ടുള്ളത് എന്നത് പ്രധാനപ്പെട്ട കാര്യമാണ്. ട്രംപിനുപോലും ഇസ്രയേൽ നടപടിയിൽ നിന്നും പരസ്യമായി വേറിട്ട നിലപാട് സ്വീകരിക്കേണ്ടിവന്നു. സെപ്തംബർ 15-ന്- ഒഐസിയുടെയും അറബ് ലീഗിന്റെയും ഉന്നത സമ്മേളനം ദോഹയിൽ ചേർന്ന് ഇസ്രയേലിനെതിരെ യോജിച്ച നിലപാട് സ്വീകരിച്ചു. മാത്രമല്ല, പലസ്തീന് പിന്തുണയും പ്രഖ്യാപിച്ചു.

ജിസിസിയുടെ യുണൈറ്റഡ് മിലിട്ടറി കമാൻഡിന്റെ അടിയന്തരയോഗം ദോഹയിൽ ചേരാൻ പോവുകയാണ്. ഇസ്രയേലിനെതിരെ പ്രതിരോധശേഷി വർദ്ധിപ്പിക്കാനുള്ള കൂടിയാലോചന ആരംഭിച്ചതായി ഖത്തർ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

ഇത്തരത്തിൽ വലിയ ചലനങ്ങളാണ് ഇസ്രയേലി ആക്രമണം സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്. വലിയൊരു സംഖ്യ മലയാളികൾക്ക് തൊഴിലും വരുമാനവും നൽകുന്ന ഖത്തറിന്- ഇന്നത്തെ പ്രതിസന്ധി ഘട്ടത്തിൽ കേരളവും ഇന്ത്യയും ഐക്യദാർഢ്യം പ്രകടിപ്പിക്കേണ്ടതുണ്ട്. എന്നാൽ, ദൗർഭാഗ്യവശാൽ ഇന്ത്യയുടെ പ്രസ്താവനകളിൽ ആക്രമണകാരിയായ ഇസ്രയേലിനെ പേരെടുത്തു വിമർശിക്കാൻ തയ്യാറാകുന്നില്ല. l

മിഡിൽ ഈസ്റ്റിലെ അമേരിക്കൻ സെെനികത്താവളങ്ങൾ
1958 ജൂലെെയിലാണ് മിഡിൽ ഈസ്റ്റിൽ ആദ്യമായി സെെനികവിന്യാസം നടന്നത്–ലബനനിലെ ബെയ്റൂട്ടിൽ. നാവികരുൾപ്പെടെ 15,000 സെെനികരാണ് ആ താവളത്തിലുള്ളത്. മിഡിൽ ഈസ്റ്റിൽ ഏറ്റവുമധികം അമേരിക്കൻ സെെനികർ താവളമടിച്ചിട്ടുള്ളത് ഖത്തർ, ബഹ്റിൻ, കുവെെത്ത്, യുഎഇ, സൗദി അറേബ്യ എന്നിവിടങ്ങളിലാണ്. 2025 ജൂണിലെ കണക്കനുസരിച്ച്, 40,000നും 50,000 നും ഇടയ്ക്ക് അമേരിക്കൻ സെെനികരാണ് മിഡിൽ ഈസ്റ്റിലെ താവളങ്ങളിലുള്ളത്.പ്രധാനപ്പെട്ട ചില സെെനികത്താവളങ്ങൾ
അൽ ഉദെെദ് എയർ ബെയ്സ് (ഖത്തർ): 1996ലാണ് അമേരിക്ക ഈ സെെനികത്താവളം സ്ഥാപിച്ചത്. 24 ഹെക്ടർ സ്ഥലത്തായി സ്ഥാപിച്ചിട്ടുള്ള ഈ താവളത്തിൽ നൂറോളം യുദ്ധവിമാനങ്ങളും പുറമേ ഡ്രോണുകളുമുണ്ട്. യുഎസ് സെൻട്രൽ കമാൻഡിനു കീഴിലാണ് ഇത് പ്രവർത്തിക്കുന്നത്. 10,000 ത്തോളം സെെനികരാണ് ഈ താവളത്തിലുള്ളത്. ഇറാഖ്, സിറിയ, അഫ്ഗാനിസ്താൻ എന്നീ രാജ്യങ്ങൾക്കുനേരെയുള്ള സെെനിക നടപടികൾ പ്രധാനമായും ഇവിടെ നിന്നാണ്.നേവൽ സപ്പോർട്ട് ആക്ടിവിറ്റി, എൻഎസ്എ (ബഹ്റിൻ): പഴയ ബ്രിട്ടീഷ് നാവികത്താവളം സ്ഥിതി ചെയ്തിരുന്ന സ്ഥലത്താണ് ഇപ്പോഴത്തെ അമേരിക്കൻ നാവികത്താവളം. സെെനികരും സിവിലിയൻ സ്റ്റാഫും ഉൾപ്പെടെ ഇവിടെ 9,000 പേരാണുള്ളത്. അമേരിക്കൻ നാവികസേനയുടെ അഞ്ചാം പടയുടെ (Fifth Fleet) ആസ്ഥാനവും ഇവിടെയാണ്.

കേമ്പ് അരിഫ്ജാൻ (കുവെെറ്റ്): കുവെെറ്റ് സിറ്റിയുടെ തെക്കുകിഴക്ക് പ്രദേശത്ത് 55 കി.മീറ്റർ സ്ഥലത്താണ് ഈ താവളം സ്ഥിതി ചെയ്യുന്നത്. 1999ലാണ് ഇത് സ്ഥാപിച്ചത്.

അൽ–ധാഫ്ര വ്യോമത്താവളം (യുഎഇ): എ-ഫ് –22 റാപ്ടോർ സ്റ്റെൽത്ത് ഫെെറ്റുകളും ഡ്രോണുകളും അവാക്സും(Awacs) വിവിധ തരത്തിൽപ്പെട്ട നിരീക്ഷണ, ചാര വിമാനങ്ങളാണ് ഇവിടെയുള്ളത്.

യെർബിൽ എയർബെയ്സ് (ഇറാഖ്): വടക്കൻ ഇറാഖ്, സിറിയ (പ്രത്യേകിച്ചും കുർദിഷ് മേഖല) എന്നിവിടങ്ങളിൽ അമേരിക്ക വേ-്യാമാക്രമണം നടത്തുന്നത് ഇവിടെ നിന്നാണ്.

ലോകത്തിലെ 80ലധികം രാജ്യങ്ങളിലായി ഇത്തരത്തിലുള്ള 750 ഓളം താവളങ്ങൾ അമേരിക്കയ്ക്കുണ്ട്. പുറമേ ഏഴു സമുദ്രങ്ങളിലും സദാറോന്തു ചുറ്റുന്ന ആണവായുധങ്ങൾ അടക്കമുള്ള പടുകൂറ്റൻ യുദ്ധക്കപ്പലുകളുമുണ്ട്. മറ്റൊരു രാജ്യവും ആക്രമണസജ്ജമായി ഇങ്ങനെ ലോകത്താകെയെന്നല്ല, സ്വന്തം രാജ്യാതിർത്തിക്കുപുറത്തുപോലും സെെനിക വിന്യാസം നടത്തിയിട്ടില്ല.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

12 + six =

Most Popular