Saturday, January 24, 2026

ad

Homeകവര്‍സ്റ്റോറിപൊതു ആരോഗ്യ സംവിധാനത്തെ തകർക്കാൻ നോക്കുന്നത് 
ആർക്കുവേണ്ടി?

പൊതു ആരോഗ്യ സംവിധാനത്തെ തകർക്കാൻ നോക്കുന്നത് 
ആർക്കുവേണ്ടി?

ഡോ. ടി എം 
തോമസ് ഐസക്

കുറച്ചുനാളായി ആസൂത്രിതമെന്നു കരുതാവുന്ന രീതിയിൽ കേരളത്തിലെ പൊതു ആരോഗ്യ സംവിധാനത്തെ താറടിച്ചുകാണിക്കുന്നതിനുള്ള ശ്രമം നടന്നുവരികയാണ്. പഴയ കെട്ടിടം തകർന്നു വീണു, ചില ചികിത്സാ പിഴവുകളും ഉണ്ടായി എന്നു തുടങ്ങിയവ നിമിത്തങ്ങൾ മാത്രം. ഈ ആക്ഷേപ കോലാഹലങ്ങൾക്കുപിന്നിൽ ഒരു ക്വട്ടേഷൻ മണക്കുന്നുണ്ടെന്നു പറയാതെവയ്യ!

ഏത് ആരോഗ്യ സൂചകമെടുത്താലും കേരളം മറ്റു സംസ്ഥാനങ്ങളേക്കാൾ എത്രയോ മുന്നിലാണ്. ഈ നേട്ടങ്ങളുടെ പിന്നിൽ നമ്മുടെ പൊതു ആരോഗ്യ സംവിധാനമാണ്. പൊതു ആരോഗ്യ സംവിധാനത്തെ തകർത്തേ തീരൂവെന്ന വാശി ചിലർക്കുള്ളതുപോലെയാണ് വിമർശനങ്ങൾ. പൊതു ആരോഗ്യ സംവിധാനം തകർന്നാൽ ആർക്കാണ് നേട്ടം എന്നത് പരിശോധിച്ചാൽ ഒരുപക്ഷേ, ഈ വിവാദങ്ങളുടെ പിന്നിലെ പ്രേരകശക്തിയെ തിരിച്ചറിയാനാവും.

ഇടിയുന്ന പൊതുനിക്ഷേപത്തിനുപകരം 
കോർപ്പറേറ്റ് നിക്ഷേപം
2017-ൽ മോദി സർക്കാർ പൂർണമായും നിയോലിബറൽ കാഴ്ചപ്പാടിനനുസൃതമായ ദേശീയ ആരോഗ്യ നയം പ്രഖ്യാപിച്ചു. നിതി ആയോഗ് പുതിയ മാർഗനിർദ്ദേശങ്ങളും പുറത്തിറക്കി.

പുതിയ ആരോഗ്യ നയം, 2025 ആകുമ്പോൾ ജിഡിപിയുടെ 2.5 ശതമാനമായി സർക്കാർ ആരോഗ്യ ചെലവ് ഉയർത്താനായി ലക്ഷ്യമിട്ടു. എന്നാൽ ചിത്രം 1-ൽ കാണാവുന്നതുപോലെ, 2020-–21-ൽ ഈ തോത് 1.6 ശതമാനം മാത്രമാണ്. തുടർന്നുള്ള വർഷങ്ങളിൽ നേരിയ വർദ്ധനവ് ഉണ്ടായിട്ടുണ്ട്. എന്നാൽ ഇന്ത്യയിലെ മൊത്തം ആരോഗ്യ ചെലവ് (സ്വകാര്യ ചെലവുകളും സംസ്ഥാന സർക്കാർ ചെലവുകളുമടക്കം) കുറഞ്ഞുവന്നുകൊണ്ടിരിക്കുകയാണ്. ഇത് 5 ശതമാനമെങ്കിലും വേണമെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. എന്നാൽ ഇപ്പോൾ 4 ശതമാനത്തിൽ താഴെയാണ്.

പൊതു ആരോഗ്യ നിക്ഷേപം ഉയരാതിരിക്കുമ്പോൾ ആ വിടവ് എങ്ങനെയാണ് നികത്തുക? ഇതിന് കേന്ദ്ര സർക്കാർ കാണുന്ന പോംവഴി കോർപ്പറേറ്റ് നിക്ഷേപത്തെ ആരോഗ്യ മേഖലയിലേക്ക് ആകർഷിക്കുക എന്നുള്ളതാണ്. 2000 മുതലാണ് ഇത്തരമൊരു നയം സജീവമായി പ്രാവർത്തികമാകാൻ തുടങ്ങിയത്. പുതിയ ആശുപത്രികൾ സ്ഥാപിക്കുന്നതിന് 100 ശതമാനം വിദേശ ഉടമസ്ഥതയിൽ ഓട്ടോമാറ്റിക്കായി അനുവാദം നൽകിത്തുടങ്ങി. 2000-ത്തിനും 2015-നും ഇടയ്ക്ക് 313 കോടി ഡോളറിന്റെ വിദേശനിക്ഷേപമാണ് ആശുപത്രി മേഖലയിലുണ്ടായത്. 2015 ഓടെ ഈ പ്രവണത കൂടുതൽ ശക്തിപ്പെട്ടു.

2022-നും 2024-നും ഇടയ്ക്ക് ഇന്ത്യയിലെ ആരോഗ്യ മേഖലയിൽ (ആശുപത്രിയും ഔഷധവ്യവസായവും) 3000 കോടി ഡോളറാണ് നിക്ഷേപമായി വന്നത്. 594 ആശുപത്രികളിൽ സ്വകാര്യ ഓഹരി വിൽപ്പന നടക്കുകയോ കോർപ്പറേറ്റുകൾ ഏറ്റെടുക്കുകയോ ചെയ്തിട്ടുണ്ട്. ഇതിൽ 320 കോടി ഡോളർ വിദേശനിക്ഷേപമാണ്.

2024-ൽ ആരോഗ്യ മേഖലയിലെ 130 കോടി ഡോളർ വിദേശ നിക്ഷേപത്തിന്റെ പകുതിയായി ആശുപത്രി മേഖലയിലെ നിക്ഷേപം ഉയർന്നു. അതിനു മുമ്പ് മരുന്ന് വ്യവസായത്തിനായിരുന്നു മുൻതൂക്കം. മണിപ്പാൽ ആശുപത്രി ടെമാസേക്ക് ഏറ്റെടുത്തു. കെകെആർ ഹെൽത്ത് കെയർ ഗ്ലോബലും ബേബി മെമ്മോറിയൽ ആശുപത്രിയിലും നിക്ഷേപം നടത്തി. കേരളത്തിലെ ആസ്റ്റർ ഡിഎം ഹെൽത്ത് കെയർ ക്വാളിറ്റി കെയർ ഇന്ത്യയുമായി സംയോജിച്ചു. 10 വൻകിട ആശുപത്രി ചെയിനുകൾ 2027 ആകുമ്പോഴേക്കും 14,000 പുതിയ ബെഡ്ഡുകളുടെ ആശുപത്രി സൗകര്യങ്ങൾ പുതിയതായി സൃഷ്ടിക്കുമെന്നാണ് കരുതപ്പെടുന്നത്. ഇന്ത്യയിലെ ആശുപത്രി മാർക്കറ്റ് 2024-ൽ 9,900 കോടി ഡോളർ ആയിരിക്കുന്നത് 2032 ആകുമ്പോഴേക്കും 19,300 കോടി ഡോളറായി വളരുമെന്നാണ് കരുതപ്പെടുന്നത്. ആരോഗ്യ മേഖലയിൽ അതിവേഗം കോർപ്പറേറ്റുവൽക്കരണം നടന്നുകൊണ്ടിരിക്കുകയാണ്.

കോർപ്പറേറ്റ് പ്രീണന നയങ്ങൾ
പൊതു ആരോഗ്യ മേഖലയെ ശക്തിപ്പെടുത്തുകവഴി സാർവ്വത്രിക ആരോഗ്യ പരിരക്ഷ ലക്ഷ്യമിട്ടിരുന്ന പഴയ ആരോഗ്യ നയത്തിനുപകരം ഇൻഷ്വറൻസിന്റെ അടിസ്ഥാനത്തിൽ ആരോഗ്യ പരിരക്ഷ കൂടുതൽ കൂടുതൽ സ്വകാര്യമേഖലയിലേക്ക് നീക്കുന്നതിനാണ് കേന്ദ്ര സർക്കാരിന്റെ പുതിയ രേഖകൾ ലക്ഷ്യമിടുന്നത്. ദേശീയ ആരോഗ്യ മിഷന്റെ നടത്തിപ്പിൽ നിന്ന് ഊന്നൽ ആയുഷ്മാൻ ഭാരത് എന്ന ഇൻഷ്വറൻസ് പദ്ധതിയിലേക്ക് നീങ്ങിക്കഴിഞ്ഞു. സർക്കാർ ജീവനക്കാർക്കും ഇൻഷ്വറൻസ് കവറേജാണ്. മെഡിക്കൽ ഇൻഷ്വറൻസ് ഒരു പ്രധാനപ്പെട്ട ഇൻഷ്വറൻസ് വ്യവസായമായി മാറിയിട്ടുണ്ട്. എൽഐസിപോലും മെഡിക്കൽ ഇൻഷ്വറൻസ് ആരംഭിക്കാൻ പോവുകയാണ്.

സ്വകാര്യ ആശുപത്രികൾക്കും മെഡിക്കൽ ഇൻഷ്വറൻസ് പദ്ധതികളിൽ സേവനദാതാക്കളാകാം. അങ്ങനെ വരുമ്പോൾ സ്വകാര്യ ആശുപത്രികളിലെ ചികിത്സയ്ക്കും ഇൻഷ്വറൻസ് പരിരക്ഷയും സഹായവും ലഭിക്കും. പൊതു ആരോഗ്യ ചെലവ് സ്വകാര്യ ആശുപത്രികൾക്ക് പിന്തുണയായിത്തീരുന്നു.

ആശുപത്രികളും വൈദ്യോപകരണങ്ങളും ആരോഗ്യ ഇൻഷ്വറൻസും ക്ലിനിക്കൽ പരിശോധനയും ടെലി മെഡിസിനും മെഡിക്കൽ ടൂറിസവും അടങ്ങിയ ആരോഗ്യവ്യവസായത്തിന്റെ സാധ്യതകളെയാണ് പുതിയ കാഴ്ചപ്പാട് തേടുന്നത്. ഹീൽ ഇന്ത്യ പദ്ധതിയുടെ ഭാഗമായി വ്യവസായമേഖലയിലെ സ്പെഷ്യൽ ഇക്കണോമിക് സോണുകളുടെ മാതൃകയിൽ ആശുപത്രികളും ഹോട്ടലുകളും ഫിറ്റ്നെസ് സെന്ററുകളും മറ്റും സ്ഥാപിക്കാൻ ലക്ഷ്യമിടുന്നു. വിദേശമൂലധന നിക്ഷേപവും സ്വാഗതം ചെയ്യപ്പെടുന്നു.

വൈവിധ്യമുള്ള രോഗികൾ, മനുഷ്യവിഭവശേഷി ലഭ്യത, കുറഞ്ഞ ചെലവ് തുടങ്ങിയവമൂലം വിദേശ മരുന്നുകമ്പനികളെ ഔഷധ പരീക്ഷണങ്ങൾ നടത്താൻ ഇന്ത്യയിലേക്ക് ആകർഷിക്കാനുള്ള ശ്രമവുമുണ്ട്. പൊതുമേഖലാ ഔഷധ നിർമ്മാണ കമ്പനികളെല്ലാം അടച്ചുപൂട്ടപ്പെട്ടു (കേരളത്തിലെ കെഎസ്ഡിപിയാണ് ഏക അപവാദം). കണ്ണഞ്ചിപ്പിക്കുന്ന വേഗതയിലാണ് പൂനാവാലയെപ്പോലുള്ളവർ ഇന്ത്യയിലെ ഏറ്റവും വലിയ കുത്തകകളിലൊരാളായി കുതിച്ചുയർന്നത്. ഔഷധ വ്യവസായം ആരോഗ്യമേഖലയെ നിയന്ത്രിക്കുന്ന പ്രധാന ഏജൻസികളിലൊന്നായി മാറിക്കഴിഞ്ഞു.

സ്വകാര്യ സഹായത്തോടെ ജില്ലാ ആശുപത്രികളെ മെഡിക്കൽ കോളേജുകളാക്കി മാറ്റുകയെന്നതാണ് കേന്ദ്ര സർക്കാരിന്റെ മറ്റൊരു പരിഷ്കാരം. സർക്കാർ വയബിലിറ്റി ഗ്യാപ് ഫണ്ടിങ് നൽകുമത്രേ. ഫലത്തിൽ, സെക്കൻഡറി സെക്ടറിലുള്ള പൊതു ആരോഗ്യ സ്ഥാപനങ്ങൾ സ്വകാര്യ നിയന്ത്രണത്തിലേക്കു നീങ്ങും. സ്വാഭാവികമായും ചികിത്സയ്ക്ക് ഉയർന്ന ഫീസും വരും. സർക്കാർ-–സ്വകാര്യ പങ്കാളിത്തത്തോടെ നടപ്പാക്കുന്ന പദ്ധതികളിൽ സാമൂഹ്യ ഉത്തരവാദിത്വം, സാമൂഹ്യനീതി പരിരക്ഷ തുടങ്ങിയ പരിഗണനകൾക്ക് ഊന്നലില്ല. സ്വകാര്യ നിക്ഷേപത്തിനുള്ള ഉത്തേജനങ്ങൾ എന്തുവേണം എന്നതിനെക്കുറിച്ചാണ് വേവലാതി.

കേരളം ഇന്ത്യയിലെ ഏറ്റവും വലിയ 
ആരോഗ്യ കമ്പോളം
കേരളമാണ് രാജ്യത്തെ ഏറ്റവും വലിയ ആരോഗ്യ കമ്പോളമെന്നു പറയാം. 2018–-19-ൽ ഇന്ത്യയിലെ പ്രതിശീർഷ ആരോഗ്യ ചെലവ് 2,100 രൂപയായിരുന്നു. അതേസമയം, കേരളത്തിലെ പ്രതിശീർഷ ആരോഗ്യ ചെലവ് 9,871 രൂപയാണ്. ഇന്ത്യയിലെ പ്രതിശീർഷ ആരോഗ്യചെലവിന്റെ ഏതാണ്ട് അഞ്ചുമടങ്ങ്. ജനസംഖ്യയാണെങ്കിൽ കേരളത്തിലേത് 3.48 കോടിയാണ്. ഇന്ത്യയിലേത് 137 കോടിയാണ്. ഇതിന്റെ അടിസ്ഥാനത്തിൽ കേരളത്തിലെ മൊത്തം ആരോഗ്യ ചെലവ് 34,351 കോടി രൂപയും ഇന്ത്യയുടേത് 2,87,700 കോടി രൂപയുമാണ്. എന്നുവച്ചാൽ, കേരളത്തിലെ ആരോഗ്യ ചെലവ് ദേശീയ ആരോഗ്യ ചെലവിന്റെ 11.9 ശതമാനം വരും.

കേരളത്തിലെ പൗരരുടെ ഉയർന്ന ആരോഗ്യ ബോധമാണ് ഇതിന്റെ മുഖ്യകാരണം. ഇതിനു പുറമേ ജീവിതശൈലീ രോഗങ്ങൾ കേരളത്തിൽ താരതമ്യേന കൂടുതലാണ്. അവയുടെ പരിചരണത്തിന് സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികളും കൂടുതൽ ഉയർന്ന ചെലവും അനിവാര്യമാണ്. ഇതുമൂലമാണ് കേരളത്തിലെ പ്രതിശീർഷ ആരോഗ്യ ചെലവ് ഇന്ത്യയുടെ 4–-6 മടങ്ങായിരിക്കുന്നത്. ഈ വിപുലമായ കമ്പോളം കൈക്കലാക്കാനുള്ള കോർപ്പറേറ്റ് ആരോഗ്യഭീമന്മാരുടെ താൽപ്പര്യങ്ങൾ എത്രമാത്രം ഇത്തരം ചിത്രവധങ്ങൾക്കു പിന്നിലുണ്ടെന്ന് പരിശോധിക്കേണ്ടിയിരിക്കുന്നു.

ഇതിനുപുറമേ മെഡിക്കൽ ടൂറിസത്തിന്റെ ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട പ്രദേശങ്ങളിലൊന്ന് കേരളമാണ്. 7.3 കോടി വിദേശികളാണ് ചികിത്സയ്ക്കായി ഇന്ത്യയിൽ വന്നത്. കേരളത്തിലെ ശക്തമായ ആയൂർവേദ പാരമ്പര്യവും മെഡിക്കൽ ടൂറിസ്റ്റ് ഹബ്ബായി വികസിക്കുന്നതിന് കേരളത്തിന് സാധ്യതകൾ തുറക്കുന്നുണ്ട്.

കോർപ്പറേറ്റുകളുടെ കടന്നുവരവിന് 
തടസ്സം പൊതു ആരോഗ്യ മേഖല
ഏറ്റവും വലിയ മാർക്കറ്റായ കേരളത്തെ കീഴടക്കാൻ കോർപ്പറേറ്റുകൾക്കു കഴിയുന്നില്ല. കേരളത്തിൽ വിദേശ കോർപ്പറേറ്റ് നിക്ഷേപം താരതമ്യേന കുറവാണ്. ഡൽഹിയിൽ 93-ഉം മഹാരാഷ്ട്രയിൽ 85-ഉം വിദേശ കോർപ്പറേറ്റ് ആശുപത്രികളുള്ളപ്പോൾ കേരളത്തിൽ ഇപ്പോഴും നാലെണ്ണമേയുള്ളൂ. ഇതിനൊരു പ്രധാന കാരണം കേരളത്തിലെ സുശക്തമായ പൊതു ആരോഗ്യ സംവിധാനമാണ്. അടുത്തകാലത്ത് പ്രസിദ്ധീകരിച്ച കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ കേരള പഠനം 2-ന്റെ ചില കണക്കുകൾ ഈ സന്ദർഭത്തിൽ പ്രസക്തമാണ്:

1987-ൽ 23 ശതമാനം ജനങ്ങളേ പൊതു ആരോഗ്യ സൗകര്യങ്ങൾ ഉപയോഗിച്ചിരുന്നുള്ളൂ. അത് തുടർച്ചയായി ഉയർന്ന് 2004-ൽ 32 ശതമാനമായി. 2019-ൽ 44 ശതമാനമായി. ഗുരുതരമായ രോഗം വന്നാൽ സർക്കാർ ആശുപത്രികളെ സമീപിക്കുന്നവരുടെ ശതമാനം 2004-ൽ 47 ശതമാനം ആയിരുന്നത് 2019-ൽ 62 ശതമാനമായി ഉയർന്നു. ഇതിനുള്ള പ്രധാനപ്പെട്ട കാരണമായി സർവ്വേയിൽ പങ്കെടുത്തവർ പറഞ്ഞത് സാമ്പത്തികമാണ്. സർക്കാർ ആശുപത്രിയിൽ ചെലവ് വളരെ കുറവാണ്.

ശക്തമായ പൊതു ആരോഗ്യ സംവിധാനവും സൗജന്യ ചികിത്സയും സ്വകാര്യമേഖലയിലെ ലാഭക്കൊള്ളയുടെമേൽ കർശനമായ കടിഞ്ഞാണിടുന്നുണ്ട്. ഇതാണ് കേരളത്തിന്റെ ആരോഗ്യ കമ്പോളത്തെ വിദേശ കോർപ്പറേറ്റുകൾക്ക് അനാകർഷകമാക്കുന്നത്. എന്നിട്ടും സമീപകാലത്ത് ഒരു വിദേശ കമ്പനി കിംസിനെ ഏറ്റെടുത്തു. കെകെആർ എന്ന ബഹുരാഷ്ട്ര കമ്പനി ബേബി മെമ്മോറിയൽ ആശുപത്രി ഏറ്റെടുത്തുവെന്ന് കേൾക്കുന്നുണ്ട്.

ഇതിന്റെ പശ്ചാത്തലത്തിൽ വേണം പൊതു ആരോഗ്യ സംവിധാനങ്ങൾക്കു നേരെയുള്ള വിഷലിപ്തമായ ആരോപണങ്ങളെ കാണാൻ. കേരളത്തിലെ പൊതു ആരോഗ്യ മേഖല താഴേയ്ക്കല്ല, മുകളിലേയ്ക്കാണ് പോകുന്നത്. കേരളത്തിലെ പൊതു ആരോഗ്യ സൗകര്യങ്ങളിൽ ഉണ്ടായിട്ടുള്ള കുതിപ്പിനെക്കുറിച്ച് മറ്റു ലേഖനങ്ങളിൽ വിവരിക്കുന്നുണ്ട്. അതുകൊണ്ട് അത്തരമൊരു പ്രതിപാദനത്തിലേക്ക് കടക്കുന്നില്ല. എന്നാൽ സൗകര്യങ്ങൾ വർദ്ധിക്കുന്നതിനേക്കാൾ ഉയർന്ന തോതിൽ എല്ലാ സാമ്പത്തിക വിഭാഗത്തിൽപ്പെട്ടവരും മെഡിക്കൽ കോളേജുകളെയും ജില്ലാ ആശുപത്രികളെയും ആശ്രയിക്കുന്നു.

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ 2016ൽ ദിനംപ്രതി 1000 പേരാണ് ഒ പി ചികിത്സ തേടിയിരുന്നതെങ്കിൽ 2025-ൽ അവരുടെ എണ്ണം 5000 ആയി ഉയർന്നിരിക്കുകയാണ്. കിടത്തിചികിത്സിക്കുന്നവരുടെ കാര്യത്തിലും ഇതുപോലെ വർദ്ധനവുണ്ട്. എന്നാൽ ഇതനുസരിച്ച്, സൗകര്യങ്ങൾ പ്രത്യേകിച്ച് ഡോക്ടർമാരുടെയും നേഴ്സുമാരുടെയും എണ്ണത്തിൽ വർദ്ധനയുണ്ടായിട്ടില്ല. കഴിഞ്ഞ സർക്കാരിന്റെയും ഈ സർക്കാരിന്റെയും കാലത്ത് 4000 തസ്തികകൾ അനുവദിച്ചശേഷമാണ് ഈ സ്ഥിതിവിശേഷം. കേന്ദ്ര സർക്കാർ സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധിയാണ് ഈ സ്ഥിതിവിശേഷത്തിനു കാരണം.

കേന്ദ്ര ഉപരോധമാണ് പ്രശ്നം
ആരോഗ്യ സംവിധാനത്തിൽ പരിഹരിക്കേണ്ടുന്ന പല പ്രശ്നങ്ങളുമുണ്ട്. അവയുടെ പരിഹാരങ്ങൾക്ക് ഏറ്റവും വലിയ തടസ്സം കേന്ദ്ര സർക്കാരിന്റെ ഉപരോധം കേരളത്തിൽ സൃഷ്ടിച്ചിരിക്കുന്ന ധനകാര്യ പ്രതിസന്ധിയാണ്. പൊതു ആരോഗ്യ സംവിധാനത്തെ ആശ്രയിക്കുന്ന വർദ്ധിച്ചുവരുന്ന രോഗികൾക്കു വേണ്ടുന്ന പരിചരണച്ചെലവിനുള്ള പണം കണ്ടെത്താൻ കഴിയാത്ത അവസ്ഥയാണ് നിലവിലുള്ളത്.

പട്ടിക–1 ■ രോഗാതുരതയും ചികിത്സാ ചെലവും 1987–2019
ഇനം തനതു കേന്ദ്ര വരുമാനം
റവന്യു
കേന്ദ്ര സഹായം അനുവദിച്ച വായ്പ മൊത്തം വരുമാനം
2020–21 54,988 (100) 42,628 (100) 40,873 (100) 1,38,489 (100)
2021–22 68,802 (125) 47,838 (112) 45,958 (112) 1,62,598 (117)
2022–23 87,085 (158) 45,639 (107) 26,031 (64) 1,58,755 (98)
2023–24 90,674 (164) 33,812 (79) 34,350 (84) 1,58,836 (100)
2024–25 93,222 (169) 31,450 (73) 44,189 (81) 1,68,861 (106)

*കോടി രൂപയിൽ, ബ്രാക്കറ്റിൽ 2020-–21=100 എന്ന അടിസ്ഥാനത്തിൽ മാറ്റത്തിന്റെ സൂചിക
ന്യായമായും എല്ലാ വർഷവും ചെലവ് മുൻവർഷത്തെ അപേക്ഷിച്ച് 10 ശതമാനം വീതമെങ്കിലും വർദ്ധിക്കേണ്ടതാണ്. എന്നാൽ, കഴിഞ്ഞ നാല് വർഷമായി വർദ്ധന മുൻവർഷത്തെ അപേക്ഷിച്ച് പ്രതിവർഷം ഏതാണ്ട് 5.6 ശതമാനം വീതം മാത്രമാണ്. നാലു വർഷംകൊണ്ട് 22 ശതമാനമേ സർക്കാർ ചെലവ് വർദ്ധിച്ചിട്ടുള്ളൂ. ഇത് ആരോഗ്യമേഖലയേയും ബാധിക്കും.

എന്തുകൊണ്ട് ഇങ്ങനെ സംഭവിച്ചു? സംസ്ഥാന സർക്കാരിന്റെ തനതു വരുമാനത്തിൽ ഒരു ഇടിവുമുണ്ടായിട്ടില്ല.

പട്ടിക 1 നോക്കൂ. സംസ്ഥാനത്തിന്റെ തനതു വരുമാനം 2020-21-ൽ 54,988 കോടി രൂപയായിരുന്നു. അത് 2024-–25-ൽ 93,222 കോടി രൂപയായി വർദ്ധിച്ചു. ഏതാണ്ട് 70 ശതമാനത്തിന്റെ വർധന. അപ്പോൾ, വരുമാനം വർദ്ധിപ്പിക്കുന്നതിൽ സംസ്ഥാന സർക്കാർ വീഴ്ച വരുത്തിയിട്ടില്ല.

ഇടിയുന്ന കേന്ദ്ര സഹായം
എന്നാൽ അതേസമയം, കേന്ദ്ര ധനസഹായം നോക്കൂ. 2020-–21-ൽ 42,628 കോടി രൂപ ആയിരുന്നത് 2024-–25-ൽ 31,450 കോടി രൂപയായി കുറഞ്ഞിരിക്കുകയാണ്. നാലുവർഷം മുമ്പ് ലഭിച്ചതിനേക്കാൾ 25 ശതമാനം കുറഞ്ഞ തുകയാണ് കേന്ദ്ര സർക്കാർ കേരളത്തിന് നൽകിക്കൊണ്ടിരിക്കുന്നത്.

മറ്റു സംസ്ഥാനങ്ങൾക്ക് റവന്യു വരുമാനത്തിന്റെ 45 ശതമാനം കേന്ദ്ര ധനസഹായമായി ലഭിക്കുമ്പോൾ കേരളത്തിന് റവന്യു വരുമാനത്തിന്റെ 25 ശതമാനമേ കേന്ദ്ര ധനസഹായമായി ലഭിക്കുന്നുള്ളൂ. ഇതിനു മുഖ്യകാരണം കേന്ദ്ര ധനകാര്യ കമ്മീഷൻ തീർപ്പുപ്രകാരമുള്ള നികുതി വിഹിതത്തിൽ കേരളത്തിന്റെ പങ്ക് അടിക്കടി കുറച്ചുകൊണ്ടുവരുന്നതാണ്. 12–-ാം ധനകാര്യ കമ്മീഷന്റെ കാലത്ത് നികുതി വിഹിതത്തിൽ 3.8 ശതമാനം ഉണ്ടായിരുന്ന കേരളത്തിന് ഇപ്പോൾ ലഭിക്കുന്നത് 1.9 ശതമാനം മാത്രമാണ്. ഈ കുറവിന് ഒരു പ്രതിവിധിയായി കമ്മി നികത്താൻ പ്രത്യേക ഗ്രാന്റ് 15-–ാം ധനകാര്യ കമ്മീഷൻ അനുവദിച്ചിരുന്നു. ഈ ഗ്രാന്റാകട്ടെ, ഓരോ വർഷവും കുറഞ്ഞു കുറഞ്ഞ് രണ്ടു വർഷം മുമ്പ് ഇല്ലാതായി. കേന്ദ്രാവിഷ്കൃത പദ്ധതികളുടെ വിഹിതം, ദുരിതാശ്വാസ സഹായം തുടങ്ങിയവയിലെല്ലാം കടുത്ത വിവേചനമാണ് കേന്ദ്ര സർക്കാർ കേരളത്തോടു കാട്ടുന്നത്. ഇതിൽതന്നെ പല ഗ്രാന്റുകളും കുടിശ്ശികകളാക്കുന്നു. ഇതിന്റെയൊക്കെ ഫലമായിട്ടാണ് കേന്ദ്ര ധനസഹായത്തിൽ തുടർച്ചയായി ഇടിവുണ്ടായത്.

വായ്പയിൽ വരുത്തിയ വെട്ടിക്കുറവ്
2020–-21-ൽ 40,000 കോടി രൂപയാണ് വായ്പയെടുക്കാൻ കേന്ദ്ര സർക്കാർ അനുവാദം നൽകിയത്. അടുത്ത വർഷം ഇത് 12 ശതമാനം വർദ്ധിപ്പിച്ച് 45,000 കോടി രൂപയായി ഉയർത്തി. എന്നാൽ പിറ്റേവർഷം ഇത് പകുതിയായി വെട്ടിക്കുറച്ച്. ഏതാണ്ട് 26,000 കോടി രൂപയാക്കി. 2023–-24-ൽ 34,000 കോടി രൂപയും 2024–-25-ൽ 44,000 കോടി രൂപയുമായി ഉയർത്തിയെങ്കിലും 2020-–21-ൽ അനുവദിച്ച വായ്പയേക്കാൾ 15-–20 ശതമാനം കുറവാണ്. യഥാർത്ഥത്തിൽ, സംസ്ഥാന ജിഡിപി ഉയരുന്ന തോതിൽ വായ്പാ വരുമാനവും ഉയരേണ്ടതാണ്. എന്നാൽ കേരളത്തിന്റെ കാര്യത്തിൽ ഇത് നേരെ മറിച്ചാണ്.

സംസ്ഥാന ജിഡിപിയുടെ 3 ശതമാനം വായ്പയെടുക്കാനാണല്ലോ സംസ്ഥാനത്തിന് അവകാശമുള്ളത്. ഇതിനുപുറമേ, സംസ്ഥാനങ്ങളുടെ നയങ്ങളെ സ്വാധീനിക്കുന്നതിനുവേണ്ടി ചില നിബന്ധനകൾ പാലിച്ചാൽ അധികവായ്പയെടുക്കാനും അനുവദിക്കാറുണ്ട്. എന്നാൽ, കേരള സംസ്ഥാനത്തിന് കഴിഞ്ഞ മൂന്നു വർഷമായി 2-2.5 ശതമാനം വീതമേ വായ്പയെടുക്കാൻ കേന്ദ്ര സർക്കാർ അനുവദിക്കുന്നുള്ളൂ.

കേന്ദ്ര സർക്കാർ കേരളത്തിനെതിരെ ഏർപ്പെടുത്തിയിട്ടുള്ള ഉപരോധസമാനമായ സാമ്പത്തിക വിവേചനത്തിന്റെ ലക്ഷ്യം സംസ്ഥാന സർക്കാരിന്റെ വികസന നയത്തിനെതിരെ ജനകീയ അസംതൃപ്തി വളർത്തലാണ്. വിദ്യാഭ്യാസം–ആരോഗ്യ–സാമൂഹ്യസുരക്ഷ തുടങ്ങിയ രംഗങ്ങളിൽ കേരളം കൈവരിച്ച നേട്ടങ്ങളെ അട്ടിമറിക്കാനാണ്. ഇതാണ് പ്രശ്നം. സിസ്റ്റത്തിനു പല കുഴപ്പങ്ങളുമുണ്ടാകാം. പക്ഷേ, അവ പരിഹരിക്കാൻ തടസ്സം നിൽക്കുന്നത് കേന്ദ്ര സർക്കാരിന്റെ സാമ്പത്തിക ഉപരോധമാണ്. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

four × 1 =

Most Popular