എൽഡിഎഫ് സര്‍ക്കാര്‍ പത്താം വര്‍ഷത്തിലേക്ക് അടുക്കുന്ന ഈ സമയത്ത് അഭിമാനത്തോടെ പറയാന്‍ കഴിയുന്ന ഒന്നാണ് നമ്മുടെ പൊതുജനാരോഗ്യ സംവിധാനങ്ങള്‍. ജനകീയ ആരോഗ്യ കേന്ദ്രങ്ങള്‍ മുതല്‍ മെഡിക്കല്‍ കോളേജുകള്‍ വരെ കണ്‍മുമ്പില്‍ വലിയ മാറ്റങ്ങള്‍ വരുത്താന്‍ സര്‍ക്കാരിനായി. നിപ, പ്രളയം, ഓഖി, സിക്ക, കോവിഡ്- 19 തുടങ്ങിയ പല നിര്‍ണായക സാഹചര്യങ്ങളിലും നമുക്ക് താങ്ങായത് ഈ ശക്തമായ പൊതുജനാരോഗ്യ ശൃംഖലയാണ്. കിഫ്ബി ധനസഹായത്തോടുകൂടി ആരോഗ്യ മേഖലയില്‍ അടിസ്ഥാന സൗകര്യ വികസന രംഗത്ത് വിപ്ലവകരമായ മുന്നേറ്റമാണ് കേരളം കൈവരിച്ചിട്ടുള്ളത്. മെഡിക്കല്‍ കോളേജുകള്‍, കാന്‍സര്‍ കെയര്‍ ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍, ജില്ലാ, ജനറല്‍, താലൂക്ക് ആശുപത്രികള്‍ ഉള്‍പ്പെടുന്ന വിവിധ പ്രൊജക്ടുകളില്‍ 20,000 കോടിയോളം രൂപയുടെ വികസന പ്രവര്‍ത്തനങ്ങളാണ് നടന്നത്. കിഫ്ബിവഴി ആരോഗ്യ രംഗത്ത് പുതുചരിത്രം സൃഷ്ടിക്കാനായി. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ആരോഗ്യ മേഖലയില്‍ ഇതുവരെ ആകെ 11,000 ത്തിലധികം തസ്തികകളാണ് സൃഷ്ടിച്ചത്.
ആരോഗ്യ സൂചകങ്ങളുടെ ഏത് അളവുകോല്‍ വച്ച് പരിശോധിച്ചാലും മുന്നിലാണ് കേരളം. രാജ്യത്ത് ഏറ്റവും കുറഞ്ഞ നവജാതശിശു മരണനിരക്കും 5 വയസില്‍ താഴെയുള്ള കുട്ടികളുടെ മരണനിരക്കും മാതൃമരണ നിരക്കും കേരളത്തിലാണ്. രോഗപ്രതിരോധ കുത്തിവയ്പ്, ആശുപത്രികളില്‍ വെച്ചുള്ള പ്രസവം, ജനനസമയത്തെ സ്ത്രീ–പുരുഷ അനുപാതം എന്നിവയിലും കേരളം മികച്ച നിലയിലാണ്. കോവിഡ്- 19 പ്രതിരോധത്തില്‍ കേരളം ലോകത്തിനുതന്നെ മാതൃകയായ പ്രവര്‍ത്തനം നടത്തി. വളരെ കൃത്യമായ പ്ലാനോടെ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ശക്തമായ പ്രവര്‍ത്തനങ്ങളാണ് കേരളം നടത്തിയത്.
നവകേരളം കര്‍മ്മപദ്ധതിയുടെ ഭാഗമായി സര്‍ക്കാര്‍ ആവിഷ്‌കരിച്ച 4 മിഷനുകളിലൊന്നായ ആര്‍ദ്രം മിഷനാണ് നമ്മുടെ ആരോഗ്യ മേഖലയില്‍ കാണുന്ന ഈ വികസനങ്ങള്‍ക്കെല്ലാം അടിസ്ഥാനം. ആരോഗ്യ സംരക്ഷണത്തിന് ഊന്നല്‍ കൊടുത്തുകൊണ്ടുള്ള ആരോഗ്യ സംവിധാനത്തിന്റെ പരിപൂര്‍ണ പരിവര്‍ത്തനമാണ് ആര്‍ദ്രം പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. സംസ്ഥാനത്തെ പൊതുമേഖലാ ചികിത്സാ സംവിധാനങ്ങളെ രോഗീ സൗഹൃദവും ജനസൗഹാര്‍ദ്ദപരവുമായി ആധുനികവല്‍ക്കരിക്കുകയും, ജനങ്ങളുടെ ചികിത്സാചെലവുകള്‍ കുറയ്ക്കുകയും ചെയ്യുകയെന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് ആര്‍ദ്രം മിഷന്‍ പ്രവര്‍ത്തിച്ചുവരുന്നത്. ആര്‍ദ്രം മിഷനില്‍ ഏറ്റവും പ്രധാനമായിരുന്നു പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രമാക്കി മാറ്റുക എന്നത്. 885 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ ജനകീയ ആരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റി. ആര്‍ദ്രം ഒന്നാം ഘട്ടത്തില്‍ അടിസ്ഥാന സൗകര്യ വികസനത്തിനാണ് പ്രാധാന്യം നല്‍കിയതെങ്കില്‍ രണ്ടാം ഘട്ടത്തില്‍ അടിസ്ഥാന സൗകര്യ വികസനത്തോടൊപ്പം രോഗപ്രതിരോധത്തിനുള്‍പ്പെടെ 10 കാര്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കി.
സാധാരണക്കാരന് വീടിനുതൊട്ടടുത്ത് ഏറ്റവും നല്ല പ്രാഥമിക ചികിത്സ ഉറപ്പാക്കുകയാണ് കുടുംബാരോഗ്യ കേന്ദ്രങ്ങളിലൂടെ ചെയ്യുന്നത്. കോവിഡിനിടയിൽപോലും സംസ്ഥാനത്തെ ആരോഗ്യ സ്ഥാപനങ്ങള്‍ രാജ്യത്തുതന്നെ മികച്ചതായി നിലനിന്നു. സംസ്ഥാനത്തെ 155 ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്‍ഡേര്‍ഡ് (എന്‍.ക്യു.എ.എസ്) അംഗീകാരം ലഭിച്ചു. 15 ആശുപത്രികള്‍ ദേശീയ ലക്ഷ്യ സര്‍ട്ടിഫിക്കേഷന്‍ നേടി. പകര്‍ച്ചവ്യാധി നിയന്ത്രണത്തിനും പ്രതിരോധത്തിനുമായി സമഗ്രമായ ഒരു കര്‍മ്മ പദ്ധതിക്ക് സര്‍ക്കാര്‍ രൂപം നല്‍കി. മഴക്കാലപൂര്‍വ പരിപാടിക്കുപകരം ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന സമഗ്രവും തീവ്രവുമായ കാര്യ പരിപാടികളാണ് ആസൂത്രണം ചെയ്ത് നടപ്പിലാക്കി വരുന്നത്.
സംസ്ഥാനത്തെ ആരോഗ്യമേഖലയില്‍ ചരിത്രമെഴുതി കേരള ക്ലിനിക്കല്‍ സ്ഥാപനങ്ങള്‍ (രജിസ്‌ട്രേഷനും നിയന്ത്രണവും) ആക്ട് പ്രാബല്യത്തിലാക്കി. സ്വകാര്യ ആശുപത്രികളേയും ലാബുകളേയും നിയന്ത്രിക്കുന്നതിലൂടെ സ്റ്റാന്റേഡ് നിര്‍ണയിക്കുന്നതിനും ചികിത്സാ ചെലവ് കുറയ്ക്കുന്നതിനും സഹായിക്കുന്നു. 2023ലെ കേരള പൊതുജനാരോഗ്യ ആക്ട്, 2021ലെ കേരള സാംക്രമിക രോഗങ്ങള്‍ ആക്ട്, 2021ലെ കേരള സംസ്ഥാന മെഡിക്കല്‍ പ്രാക്ടീഷണേഴ്‌സ് ആക്ട്-, 2023ലെ കേരള ആരോഗ്യരക്ഷാ സേവന പ്രവര്‍ത്തകരും ആരോഗ്യരക്ഷാ സേവന സ്ഥാപനങ്ങളും (അക്രമവും സ്വത്തിനുള്ള നാശവും തടയല്‍) ഭേദഗതി ആക്ട് എന്നീ നിയമങ്ങള്‍ നടപ്പിലാക്കി.
കേരളത്തില്‍ ഫലപ്രദമായി നടപ്പിലാക്കിവരുന്ന ഇ-ഹെല്‍ത്ത് ചികിത്സാ സമ്പ്രദായത്തെ കേന്ദ്ര സര്‍ക്കാരിന്റെ വിദഗ്‌ധോപദേശക സമിതിയായ നിതി ആയോഗ് അടുത്തിടെ അഭിനന്ദിച്ചിരുന്നു. സംസ്ഥാനത്ത് ഇതുവരെ 825ലധികം ആശുപത്രികളില്‍ ഇ-–ഹെല്‍ത്ത് സംവിധാനം സജ്ജമാക്കി. ജില്ലാ ജനറല്‍ ആശുപത്രികളില്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി സൗകര്യങ്ങള്‍ ലഭ്യമാക്കിയിട്ടുണ്ട്. എല്ലാ ജില്ലാതല ആശുപത്രികളിലും കാത്ത്‌ലാബും ഇന്റന്‍സീവ് കൊറോണറി കെയര്‍ യൂണിറ്റുകളും ആരംഭിച്ചു.
ആരോഗ്യ മേഖലയില്‍ വളരെയേറെ നേട്ടങ്ങള്‍ കൈവരിച്ചെങ്കിലും ജീവിതശൈലീ രോഗങ്ങള്‍ ഒരു പ്രധാന ആരോഗ്യ പ്രശ്‌നമായി മാറിയിരിക്കുകയാണ്. ഇതു മുന്നില്‍കണ്ട് ഹൃദ്രോഗം, പക്ഷാഘാതം, ഹൈപ്പര്‍ടെന്‍ഷന്‍, പ്രമേഹം, കിഡ്‌നി രോഗങ്ങള്‍ എന്നിവയ്ക്ക് രോഗികള്‍ക്കാവശ്യമായ ദ്വിതീയ ചികിത്സ ലഭ്യമാക്കി. ജില്ലാ ആശുപത്രികളില്‍ പക്ഷാഘാത ചികിത്സയ്ക്കായി സ്‌ട്രോക്ക് സെന്ററുകള്‍ ആരംഭിച്ചു.
ചരിത്രത്തിലാദ്യമായി രാജ്യത്തുള്ള മികച്ച മെഡിക്കല്‍ കോളേജുകളുടെ പട്ടികയിൽ കേരളത്തിലെ മെഡിക്കൽ കോളേജുകൾ ഇടംപിടിക്കുകയും എല്ലാ ജില്ലകളിലും മെഡിക്കല്‍ കോളേജുകള്‍ ആരംഭിക്കുകയും ചെയ്തു. ഭക്ഷ്യസുരക്ഷയില്‍ എല്ലാ സൂചകങ്ങളിലും ഒന്നാം സ്ഥാനം നേടിക്കൊണ്ട് രാജ്യത്ത് ഏറ്റവും മികച്ച രീതിയില്‍ ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്ന സംസ്ഥാനമായി കേരളം മാറി.
കഴിഞ്ഞ മൂന്നു വര്‍ഷവും തുടർച്ചയായി, രാജ്യത്ത് ഏറ്റവും കൂടുതല്‍ സൗജന്യ ചികിത്സ നല്‍കിയ സംസ്ഥാനത്തിനുള്ള ദേശീയ പുരസ്‌കാരം കേരളത്തിനുതന്നെയാണ് ലഭിച്ചത്. കഴിഞ്ഞ നാലുവര്‍ഷംകൊണ്ടുമാത്രം 7,000 കോടിയിലധികം രൂപയുടെ സൗജന്യ ചികിത്സയാണ് നാം നല്‍കിയത്.
അമീബിക് മസ്തിഷ്‌ക ജ്വരം (ബ്രെയിന്‍ തീനി അമീബയില്‍ നിന്നുണ്ടാകുന്നത്) മൂലം ആഗോളതലത്തില്‍ മരണനിരക്ക് 97 ശതമാനം ആകുമ്പോള്‍ കേരളത്തില്‍ അത് 25 ശതമാനം മാത്രമാണ്. കാരണം ഏര്‍ലി ഡിറ്റക്ഷന്‍ അഥവാ രോഗം ആദ്യം കണ്ടുപിടിക്കുകയും തുടർന്ന് ചികിത്സിക്കുകയും ചെയ്യുന്നു എന്നതാണ്. വിദഗ്ധ കമ്മിറ്റി രൂപീകരിച്ച് രോഗനിര്‍ണയത്തിന് ഗൈഡ് ലൈന്‍ ഇറക്കി. ചികിത്സയ്ക്ക് പ്രോട്ടോക്കോളും. മരുന്ന് ലഭ്യതയും ഉറപ്പാക്കി. ചികിത്സാ സൗകര്യം കേരളത്തില്‍ ഒരുക്കി. (ഇന്ത്യയില്‍ 2 സ്ഥലങ്ങളില്‍ മാത്രമാണ് ലാബ് സൗകര്യം ഉണ്ടായിരുന്നത്. ഇപ്പോള്‍ കേരളത്തിലും ഒരുക്കി).
2023ല്‍ ആഗോള നിപ മരണനിരക്ക് 70 ശതമാനത്തിനും 90 ശതമാനത്തിനും ഇടയില്‍ ആയിരുന്നു. സംസ്ഥാന സര്‍ക്കാര്‍ പരിശോധനാ സൗകര്യം കേരളത്തില്‍ ഒരുക്കുകയും പരിശീലനം നല്‍കുകയും ചെയ്തു. പരിശോധനാ ലാബ് സൗകര്യം വികേന്ദ്രീകരിച്ചു. രോഗം കണ്ടുപിടിക്കാന്‍ പ്രത്യേകം ഗൈഡ്ലൈന്‍ ഇറക്കി. ആന്റി വൈറല്‍ മരുന്നു ലഭ്യത ഉറപ്പാക്കി. അങ്ങനെയാണ് കേരളത്തിൽ നിപ രോഗം മൂലമുള്ള മരണനിരക്ക് 33 ശതമാനമായി കുറച്ചത്.
നിലവിലുള്ള സംവിധാനങ്ങളെ ശക്തിപ്പെടുത്തി സര്‍ക്കാര്‍ ആശുപത്രികളെ സാധാരണക്കാരന്റെ ആശ്രയകേന്ദ്രം ആക്കുന്നതിനൊപ്പം ഭാവിയെ മുന്നില്‍ക്കണ്ട് ആരോഗ്യ മേഖലയെ വികസിപ്പിക്കാനും നമുക്കു കഴിഞ്ഞു. പൊതുജനാരോഗ്യരംഗത്ത് നാം ഒന്നാമതായി തുടരുന്നുവെന്ന് നിതി ആയോഗ് സുസ്ഥിര വികസന സൂചികകളിലെ മികച്ച സ്ഥാനങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു. അടിസ്ഥാന സൂചികകളായ ഏറ്റവും കുറഞ്ഞ മാതൃ, ശിശുമരണനിരക്കുള്ള ഇടമായി തുടരുന്നുവെന്ന് മാത്രമല്ല, ദേശീയ കുടുംബാരോഗ്യ സര്‍വ്വേകളില്‍ നമ്മുടെ നിരക്കുകള്‍ നാം തുടര്‍ച്ചയായി മെച്ചപ്പെടുത്തുന്നതു കാണാനും കഴിയും. എല്ലാ ആരോഗ്യ സ്ഥാപനങ്ങളിലും പ്രകടമായ മാറ്റം കൊണ്ടുവരാന്‍ ഈ കാലയളവില്‍ നമുക്ക് സാധിച്ചു. മികച്ച സംവിധാനങ്ങള്‍ ഒരുക്കിയതിന്റെ ഫലമായി സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ തേടുന്നവരുടെ എണ്ണം ദിനംപ്രതി വര്‍ധിച്ചുവരുന്നു.
പൊതുജനാരോഗ്യവും
പ്രതിരോധ പ്രവര്‍ത്തനങ്ങളും
പകര്‍ച്ചവ്യാധി പ്രതിരോധത്തിനായി ഇന്ത്യയില്‍ ആദ്യമായി പരിസ്ഥിതി, മൃഗാരോഗ്യം, പൊതുജനാരോഗ്യം എന്നിവയെ കൂട്ടിയിണക്കി ഏകാരോഗ്യ പദ്ധതി നടപ്പിലാക്കിയത് കേരളമാണ്. ആരോഗ്യവകുപ്പിനു കീഴില്‍ പുതുതായി രൂപംകൊണ്ട ഏകാരോഗ്യ കേന്ദ്രം (വണ്‍ ഹെല്‍ത്ത് സെന്റര്‍) അതിന്റെ ചുക്കാന്‍ പിടിക്കുന്നു. ലോകം ഇന്നു നേരിടുന്ന രോഗാണുക്കളുടെ ആന്റിബയോട്ടിക് അതിജീവനം (എ.എം.ആര്‍) എന്ന ഗുരുതരമായ പൊതുജനാരോഗ്യ പ്രശ്‌നത്തെ നേരിടുന്നതിനുള്ള മാതൃകയായി കേരളത്തിലെ പ്രവര്‍ത്തനങ്ങള്‍ മാറിക്കഴിഞ്ഞു. അതീവ പ്രഹരശേഷിയുള്ള നിപ രോഗത്തെപ്പറ്റി പഠിക്കുന്നതിനും അതിനെ പ്രതിരോധിക്കുന്നതിനുമായി കേരള വണ്‍ ഹെല്‍ത്ത് സെന്റര്‍ ഫോര്‍ നിപ റിസര്‍ച്ച് ആന്‍ഡ് റസീലിയന്‍സ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ സ്ഥാപിച്ചു. പൊതുജനാരോഗ്യ പ്രശ്‌നങ്ങളെ നേരിടുന്നതിന് അമേരിക്കന്‍ ഐക്യനാടുകളിലെ സെന്റര്‍ ഫോര്‍ ഡിസീസ് കൺട്രോള്‍ ആന്‍ഡ് പ്രിവെന്‍ഷന്‍ (കെസിഡിസി) മാതൃകയില്‍ രൂപീകരിച്ച കേരള സിഡിസിയുടെ പ്രവര്‍ത്തനങ്ങളും ആരംഭിച്ചുകഴിഞ്ഞു.
ആരോഗ്യ സംവിധാനങ്ങളുടെ ഗുണനിലവാരം വര്‍ധിപ്പിച്ച് അവ ജനങ്ങളോട് വളരെ അടുത്ത് വിന്യസിക്കുന്നതിനായി ജനകീയ ആരോഗ്യ കേന്ദ്രങ്ങള്‍ സ്ഥാപിച്ചു. എല്ലാ കേന്ദ്രങ്ങളിലും ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍ക്കും ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സുമാര്‍ക്കും പുറമെ മിഡില്‍ ലെവല്‍ സേവനദാതാക്കളായി നഴ്‌സുമാരെ നിയമിക്കുകയും ചെയ്തിട്ടുണ്ട്. ജീവിതശൈലീരോഗങ്ങള്‍ക്ക് പ്രോട്ടോകോള്‍ പ്രകാരമുള്ള സൗജന്യ രോഗനിര്‍ണയവും ചികിത്സയും ഉറപ്പുവരുത്തിയതിനോടൊപ്പം വിവര സാങ്കേതികവിദ്യ (ശൈലി ആപ്പ്) ഉപയോഗിച്ച് വിവരങ്ങള്‍ ഡിജിറ്റലൈസ് ചെയ്തു. ആശുപത്രികളില്‍ നടപ്പിലാക്കിയ ഇ–ഹെല്‍ത്ത് സംവിധാനങ്ങള്‍ക്കുപുറമേയാണ് ഇത്. വര്‍ധിച്ചുവരുന്ന അര്‍ബുദരോഗ സാധ്യതകളെ മുന്‍കൂട്ടി കണ്ടറിഞ്ഞ് അതിനെ പ്രതിരോധിക്കുന്നതിനായി ‘ആരോഗ്യം ആനന്ദം, -അകറ്റാം അര്‍ബുദം’ എന്ന പേരില്‍ അര്‍ബുദത്തിനെതിരെ പൊതുജന കാമ്പയിന്‍ ആരംഭിച്ചു. ആദ്യ ഘട്ടത്തില്‍ സ്ത്രീകളെ ബാധിക്കുന്ന ബ്രെസ്‌റ്റ് കാന്‍സര്‍, സെര്‍വിയ്ക്കല്‍ കാന്‍സറുകൾ എന്നിവയെ നേരിടാനാണ് ശ്രമിച്ചത്. അതിനുശേഷം പുരുഷന്‍മാര്‍ക്കും കാന്‍സര്‍ സ്‌ക്രീനിംഗ് സംവിധാനം ആരംഭിച്ചു. കുടുംബാരോഗ്യ കേന്ദ്രത്തില്‍ ആഴ്ചയില്‍ രണ്ട് ദിവസം പ്രത്യേക കാന്‍സര്‍ സ്‌ക്രീനിംഗ് ക്ലിനിക് പ്രവര്‍ത്തിക്കും. രോഗനിര്‍ണയ സൗകര്യങ്ങള്‍ എല്ലാവരിലും എത്തിക്കുന്നതിനായി ചെറുതും വലുതുമായ ലബോറട്ടറികളെ കൂട്ടിയിണക്കി ‘നിര്‍ണയ’ ഹബ് ആൻഡ്- സ്പോക്ക് മോഡല്‍ ലാബ് നെറ്റുവര്‍ക്ക് ഉടന്‍ യാഥാര്‍ത്ഥ്യമാകും. വൈകുന്നേരം വരെയുള്ള ഒ പി സേവനം നടപ്പിലാക്കി.
ചികിത്സാ രംഗത്തെ നൂതന സംവിധാനങ്ങള്‍
നിര്‍മിത ബുദ്ധി, മെഷീന്‍ ലേണിംഗ് തുടങ്ങിയ ആധുനിക സംവിധാനങ്ങളുടെ സഹായത്തോടുകൂടി കേരളത്തിന്റെ ചികിത്സാ രംഗം കൂടുതല്‍ മികവുറ്റതും ജനകീയവുമാക്കുന്നതിനുള്ള പരിശ്രമങ്ങള്‍ക്ക് ഈ കാലഘട്ടത്തില്‍ തുടക്കമിടാനായി. റോബോട്ടിക് സര്‍ജറി, പൂര്‍ണമായി ചലനശേഷി നഷ്ടപ്പെട്ടവര്‍ക്ക് ചലനശേഷി വീണ്ടെടുക്കാന്‍ സഹായിക്കുന്ന ജി –ഗൈറ്റര്‍ എന്നിവയെല്ലാം നിര്‍ണ്ണായക കാല്‍വയ്പുകളാണ്. ജി –ഗൈറ്റര്‍ സ്ഥാപിക്കുന്ന ഇന്ത്യയിലെ ആദ്യ ജില്ലാതല ആശുപത്രിയായി തിരുവനന്തപുരം ജനറല്‍ ആശുപത്രിയെ മാറ്റാന്‍ സാധിച്ചു. നിര്‍മിത ബുദ്ധിയുടെ സഹായത്തോടെ ലോകോത്തര നിലവാരത്തിലുള്ള ആധുനിക ന്യൂറോ റീഹാബിലിറ്റേഷന്‍ ചികിത്സ ഉറപ്പാക്കുന്നു. സ്ട്രോക്ക്, സ്‌പൈനല്‍ കോര്‍ഡ് ഇഞ്ചുറി, അപകടം, പാര്‍ക്കിന്‍സണ്‍സ് രോഗം തുടങ്ങിയ നിരവധി കാരണങ്ങള്‍മൂലം ചലനശേഷി നഷ്ടമായവരെ വീണ്ടും ചലിക്കാനും നടത്താനും സഹായിക്കുന്ന ഈ സംവിധാനം തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ സ്ഥാപിച്ചു.
സ്വകാര്യ ആശുപത്രികളില്‍ 40 ലക്ഷത്തിലധികം ചെലവുവരുന്ന കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ ആരംഭിക്കാന്‍ ഈ കാലഘട്ടത്തില്‍ പ്രത്യേക മുന്‍കൈയെടുത്തു. സൗജന്യമായോ ഏറ്റവും മിതമായ നിരക്കിലോ ആണ് ഇത് ചെയ്യുന്നത്. 2022 ഫെബ്രുവരിയില്‍ കോട്ടയം മെഡിക്കല്‍ കോളേജിലാണ് കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ സര്‍ക്കാര്‍ മേഖലയില്‍ ആദ്യമായി വിജയകരമായി നടന്നത്. തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലും നടന്നു. ഇപ്പോള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ ആരംഭിക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നു.
എറണാകുളം ജനറല്‍ ആശുപത്രിയില്‍ രാജ്യത്ത് ആദ്യമായി ജില്ലാതല ആശുപത്രിയില്‍ ഹൃദയ ശസ്ത്രക്രിയയും ഹൃദയം തുറക്കാതെ വാല്‍വ് മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയും വൃക്കമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയും ആരംഭിക്കാന്‍ നമുക്കു സാധിച്ചു. രാജ്യത്ത് ആദ്യമായി ഹൃദയം മാറ്റിവയ്ക്കുന്ന ജില്ലാതല ആശുപത്രിയായി മാറാന്‍ എറണാകുളം ജനറല്‍ ആശുപത്രിയെ സജ്ജമാക്കി. രാജ്യത്ത് ആദ്യമായി തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ന്യൂറോ കാത്ത്ലാബ് ഉള്‍പ്പെടെ സമഗ്ര സ്ട്രോക്ക് യൂണിറ്റും ഇന്റര്‍വെന്‍ഷന്‍ ന്യൂറോളജിയും സജ്ജമാക്കി. സംസ്ഥാനത്ത് ആദ്യമായി തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ സ്‌കിന്‍ ബാങ്ക് സ്ഥാപിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് എസ്എടി ആശുപത്രിയില്‍ പീഡിയാട്രിക് കാര്‍ഡിയോളജി വിഭാഗത്തില്‍ നൂതന സൗകര്യങ്ങളോടുകൂടിയ ഹൃദയ ശസ്ത്രക്രിയ വിഭാഗം ആരംഭിച്ചു. സര്‍ക്കാര്‍ മേഖലയില്‍ ആദ്യമായി എസ്എംഎ (സ്പൈനല്‍ മസ്‌കുലാര്‍ അട്രോഫി) ക്ലിനിക് തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ സ്ഥാപിച്ചു. സംസ്ഥാനത്ത് ആദ്യമായി ആരോഗ്യമേഖലയില്‍ ക്രിട്ടിക്കല്‍ കെയര്‍, ജനറ്റിക്സ്, ജെറിയാട്രിക്, ഇന്റര്‍വെന്‍ഷണല്‍ റേഡിയോളജി, റുമറ്റോളജി, പീഡിയാട്രിക് ഗ്യാസ്‌ട്രോ, ഫീറ്റല്‍ മെഡിസിന്‍ എന്നിവയ്-ക്ക് പ്രത്യേക വിഭാഗങ്ങള്‍ ആരംഭിക്കാന്‍ ഈ കാലയളവില്‍ നമുക്ക് കഴിഞ്ഞു.
കാന്‍സര്‍ ചികിത്സയിലെ മുന്നേറ്റം
സംസ്ഥാനത്ത് കാന്‍സര്‍ ചികിത്സാ രംഗത്ത് വലിയ മുന്നേറ്റം ഇക്കാലയളവിൽ സാധ്യമാക്കി. ‘ആരോഗ്യം- ആനന്ദം, അകറ്റാം അര്‍ബുദം’ കാമ്പയിനെക്കുറിച്ച് സൂചിപ്പിച്ചല്ലോ. സര്‍ക്കാര്‍ മേഖലയില്‍ ആദ്യമായി കാന്‍സറിന് റോബോട്ടിക് സര്‍ജറി ആര്‍സിസിയിലും എംസിസിയിലും തുടക്കമിടാന്‍ കഴിഞ്ഞു. പീഡിയാട്രിക് റോബോട്ടിക് സര്‍ജറി ആര്‍സിസിയില്‍ ആരംഭിച്ചു. പ്രധാന ആശുപത്രികള്‍ക്കു പുറമേ 25 ആശുപത്രികളില്‍ കാന്‍സര്‍ ചികിത്സയ്ക്കുള്ള സൗകര്യമൊരുക്കാന്‍ കഴിഞ്ഞു. മലബാര്‍ കാന്‍സര്‍ സെന്ററിനെ 562.25 കോടി രൂപയുടെ കിഫ്ബി ഫണ്ട് ഉപയോഗിച്ച് പോസ്റ്റ് ഗ്രാജ്വേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജി സയന്‍സ് ആൻഡ് റിസര്‍ച്ച് ആയി ഉയര്‍ത്തി. ആര്‍സിസിയിലും എംസിസിയിലും നൂതന ചികിത്സാ സംവിധാനങ്ങള്‍ ഒരുക്കി. സ്തനാര്‍ബുദം പ്രാരംഭഘട്ടത്തില്‍ കണ്ടെത്തുന്നതിന് എല്ലാ ജില്ലകളിലും ഒരു ജില്ലാ, താലൂക്ക് തല ആശുപത്രിയിലെങ്കിലും മാമോഗ്രാം, ബയോപ്സി, പാപ്സ്മിയര്‍ സംവിധാനമൊരുക്കാനുള്ള പ്രവർത്തനം നടന്നുവരുന്നു. ആദ്യഘട്ടത്തില്‍ 8 ആശുപത്രികളില്‍ മാമോഗ്രാം നടപ്പിലാക്കി. കൊച്ചി കാന്‍സര്‍ റിസര്‍ച്ച് സെന്ററിലെ ആശുപത്രി കെട്ടിടം പ്രവര്‍ത്തനസജ്ജമാക്കി. മലബാര്‍ കാന്‍സര്‍ സെന്ററില്‍ മജ്ജമാറ്റിവയ്ക്കല്‍ ചികിത്സയ്ക്കായി ബോണ്‍മാരോ ഡോണര്‍ രജിസ്ട്രി ആരംഭിച്ചു. കാന്‍സര്‍ മരുന്നുകള്‍ ഏറ്റവും കുറഞ്ഞ നിരക്കില്‍ നല്‍കുന്ന കാരുണ്യ സ്പര്‍ശം സീറോ പ്രോഫിറ്റ് ആന്റി കാന്‍സര്‍ ഡ്രഗ്സ് കൗണ്ടറുകള്‍ സ്ഥാപിച്ചു. ഇതുവരെ മൂന്നു കോടിയോളം രൂപയുടെ മരുന്ന് വിതരണം നടത്തി.
അപൂര്‍വരോഗ പരിചരണത്തിന്
കെയര്‍ പദ്ധതി
അപൂര്‍വരോഗ പരിചരണത്തിനായി സംസ്ഥാന ആരോഗ്യ വകുപ്പ് കെയര്‍ (KARE: Kerala United Against Rare Diseases) പദ്ധതി നിശ്ചയദാര്‍ഢ്യത്തോടെ നടപ്പിലാക്കി. അപൂര്‍വരോഗ ചികിത്സാ രംഗത്തെ കേരളത്തിന്റെ നിര്‍ണായക ചുവടുവയ്പാണിത്. അപൂര്‍വ രോഗങ്ങള്‍ക്ക് വിലപിടിപ്പുള്ള മരുന്നുകള്‍ വിദേശത്തുനിന്നടക്കം എത്തിക്കാനുള്ള പദ്ധതിയും ലൈസോസോമല്‍ സ്റ്റോറേജ്, ഗ്രോത്ത് ഹോര്‍മോണ്‍ തുടങ്ങിയ രോഗങ്ങള്‍ക്ക് മരുന്ന് നല്‍കുന്ന പദ്ധതിയും ഈ സര്‍ക്കാര്‍ നടപ്പിലാക്കിയിരുന്നു. ഇത്തരത്തിലുള്ള രാജ്യത്തെ 12 ആശുപത്രികളിലൊന്നായി എസ്.എ.ടി. ആശുപത്രിയെ അപൂര്‍വ രോഗങ്ങളുടെ സെന്റര്‍ ഓഫ് എക്സലന്‍സായി തെരഞ്ഞെടുത്തിട്ടുണ്ട്. പ്രതിവര്‍ഷം കോടികള്‍ ചെലവുവരുന്ന എസ്എംഎ തുടങ്ങിയ അപൂർവ രോഗങ്ങള്‍ക്ക് സൗജന്യ വിദഗ്ധ ചികിത്സ ഈ പദ്ധതിയിലൂടെ ഉറപ്പാക്കുന്നു. രോഗം അപൂര്‍വമാണെങ്കിലും ചികിത്സ അപൂര്‍ണമാകരുത് എന്നതാണ് ലക്ഷ്യമിടുന്നത്.
ആശുപത്രികളിലെ
അടിസ്ഥാന സൗകര്യ വികസനം
കഴിഞ്ഞ 4 വര്‍ഷങ്ങളില്‍ ആരോഗ്യ വകുപ്പില്‍ 10,000 കോടിയോളം രൂപയുടെ വികസനമാണ് സാധ്യമാക്കിയത്. ആരോഗ്യ വകുപ്പില്‍ സംസ്ഥാനത്ത് പ്രാഥമിക തലം മുതല്‍ ത്രിതീയ തലം വരെയുള്ള ആരോഗ്യ കേന്ദ്രങ്ങളുടെ അടിസ്ഥാന സൗകര്യ വികസന രംഗത്ത് അഭൂതപൂര്‍വമായ വികസന മുന്നേറ്റം ഈ സര്‍ക്കാരിന്റെ കാലയളവില്‍ ഉറപ്പാക്കാന്‍ കഴിഞ്ഞു. കിഫ്ബിയുടെ ആവിര്‍ഭാവമാണ് ആരോഗ്യ മേഖലയുടെ അടിസ്ഥാന സൗകര്യ രംഗത്ത് മുമ്പൊരിക്കലുമില്ലാത്ത വികസനം സാധ്യമാക്കിയത്. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍, സാമൂഹ്യ ആരോഗ്യ കേന്ദ്രങ്ങള്‍, താലൂക്ക്, ജില്ലാ, ജനറല്‍ ആശുപത്രികള്‍, കാന്‍സര്‍ ചികിത്സാ കേന്ദ്രങ്ങള്‍, മാനസികാരോഗ്യ കേന്ദ്രങ്ങള്‍, മാതൃശിശു ആശുപത്രികള്‍, മെഡിക്കല്‍ കോളേജുകള്‍ എന്നിവയുടെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്തുന്നതിനായി ആരോഗ്യ വകുപ്പിന്റെ പദ്ധതികള്‍ക്ക് കിഫ്ബി പ്രത്യേക പരിഗണന ഈ കാലയളവില്‍ നല്‍കി. ബജറ്റ് തുകയേക്കാള്‍ കൂടുതല്‍ തുക ആരോഗ്യ മേഖലയില്‍ ചെലവഴിക്കുന്നുണ്ട്.
സംസ്ഥാനത്തെ വിവിധ ജില്ലകളിലുള്ള ജനറല്‍, ജില്ലാ, താലൂക്ക് ആശുപത്രികള്‍, കാന്‍സര്‍ ചികിത്സാ കേന്ദ്രങ്ങള്‍ തുടങ്ങിയവ ഉള്‍പ്പെടുന്ന 78 വിവിധ പ്രൊജക്ടുകള്‍ക്കായി 5,700 കോടി രൂപയ്ക്കുള്ള ഭരണാനുമതി നല്‍കുകയും കിഫ്ബിയില്‍ നിന്നും 4,000 കോടി രൂപയോളം ചെലവു വരുന്ന പ്രൊജക്ടുകൾക്ക് സാമ്പത്തികാനുമതി ലഭ്യമാക്കുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തില്‍ നിര്‍മ്മാണ പ്രവൃത്തികള്‍ വിവിധ ഘട്ടങ്ങളിലായി പുരോഗമിച്ചുവരുന്നു. സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകളുടെ അടിസ്ഥാന സൗകര്യ വികസനത്തിനായി സമര്‍പ്പിക്കപ്പെട്ട 17 പ്രോജക്റ്റുകള്‍ക്കായി 3200 കോടി രൂപയുടെ ഭരണാനുമതി നല്‍കുകയും 2000 കോടി രൂപയുടെ ധനാനുമതി കിഫ്ബിയില്‍ നിന്നും ലഭിക്കുകയും ചെയ്തിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലുള്ള നിര്‍മാണ പ്രവൃത്തികളും മെഡിക്കല്‍ കോളേജുകളില്‍ നല്ല നിലയില്‍ പുരോഗമിച്ചുവരുന്നു. സംസ്ഥാനത്തെ കാന്‍സര്‍ കെയര്‍ സ്ഥാപനങ്ങളുടെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്തുന്നതിനായി കിഫ്ബി ധനസഹായം ഉപയോഗപ്പെടുത്തി ആധുനിക സൗകര്യങ്ങളോടുകൂടിയ കെട്ടിട നിര്‍മ്മാണ പ്രവൃത്തികള്‍ ദ്രുതഗതിയില്‍ പുരോഗമിച്ചു വരുന്നു. തലശ്ശേരിയിലുള്ള മലബാര്‍ കാന്‍സര്‍ സെന്ററിന്റെ (എംസിസി) 3 പ്രൊജക്ടുകള്‍ക്കായി മൊത്തം 644 കോടി രൂപയുടെയും, എറണാകുളത്തുള്ള കൊച്ചിന്‍ കാന്‍സര്‍ റിസര്‍ച്ച് സെന്ററിനായി (സിസിആര്‍സി) 384.34 കോടി രൂപയുടെയും കിഫ്ബി ധനസഹായത്തോടു കൂടിയുള്ള നിര്‍മ്മാണ പ്രവൃത്തികള്‍ക്കുള്ള ഭരണാനുമതി നല്‍കുകയുണ്ടായി. മലബാര്‍ കാന്‍സര്‍ സെന്ററിനായി മൊത്തം 530 കോടി രൂപയുടെയും, കൊച്ചിന്‍ കാന്‍സര്‍ റിസര്‍ച്ച് സെന്ററിനായി 450 കോടി രൂപയുടെയും (ഉപകരണങ്ങള്‍ ഉള്‍പ്പടെ) സാമ്പത്തികാനുമതി കിഫ്ബിയില്‍ നിന്നും ലഭ്യമാക്കുകയും നിര്‍മ്മാണ പ്രവര്‍ത്തികള്‍ നടത്തിവരികയുമാണ്. ആയുഷ് മേഖലയില്‍ കണ്ണൂരിലെ അന്താരാഷ്ട്ര ആയുര്‍വേദ ഗവേഷണ കേന്ദ്രത്തിനായി 183 കോടി രൂപയുടെ കിഫ്ബി ധനസഹായത്തോടു കൂടിയുള്ള വികസന പദ്ധതിയുടെ ഭാഗമായി നിര്‍മ്മാണ പ്രവൃത്തികള്‍ പുരോഗമിച്ചു വരുന്നു. കോഴിക്കോട് സ്ഥാപിക്കുന്ന ഓര്‍ഗന്‍ ആന്റ് ടിഷ്യു ട്രാന്‍സ്-പ്ലാന്റ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ നിര്‍മാണത്തിന് കിഫ്ബി വഴി 558.68 കോടി രൂപയുടെ ഭരണാനുമതി നല്‍കി തുടര്‍നടപടികള്‍ സ്വീകരിച്ചുവരുന്നു. നബാര്‍ഡ് ധനസഹായം ഉപയോഗപ്പെടുത്തി ആരോഗ്യവകുപ്പിനു കീഴിലുള്ള 31 ആശുപത്രികള്‍ക്കായി 450 കോടി രൂപയും കോട്ടയം മെഡിക്കല്‍ കോളേജിലെ 2 പ്രൊജക്ടുകള്‍ക്കായി 47 കോടി രൂപയും ഉള്‍പ്പെടെ മൊത്തം 32 പ്രൊജക്ടുകള്‍ക്കായി 482 കോടി രൂപയുടെ നിര്‍മാണ പ്രവൃത്തികള്‍ നിലവില്‍ വിവിധ ഘട്ടങ്ങളിലായി നടന്നുവരുന്നു. കൂടാതെ തിരുവനന്തപുരത്തുള്ള ആര്‍സിസി-യുടെ അടിസ്ഥാന സൗകര്യ വികസനത്തിനായി 187.22 കോടി രൂപ സംസ്ഥാന പദ്ധതി വിഹിതം വിനിയോഗിച്ചുകൊണ്ടുള്ള 14 നില കെട്ടിടത്തിന്റെ നിര്‍മ്മാണ പ്രവൃത്തി ഉടന്‍ പൂര്‍ത്തിയായി പ്രവര്‍ത്തനം ആരംഭിക്കാന്‍ കഴിയും.
ആരോഗ്യ വിദ്യാഭ്യാസ രംഗത്തെ വളര്‍ച്ച
ഈ കാലയളവില്‍ കോന്നി, ഇടുക്കി മെഡിക്കല്‍ കോളേജുകള്‍ യാഥാര്‍ത്ഥ്യമാക്കി. സര്‍ക്കാര്‍, സര്‍ക്കാര്‍ അനുബന്ധ മേഖലകളില്‍ 15 നഴ്സിംഗ് കോളേജുകള്‍ ആരംഭിച്ചു. സര്‍ക്കാര്‍ മേഖലയില്‍ പുതുതായി 8 നഴ്സിംഗ് കോളേജുകളും സിമെറ്റിന്റെ കീഴില്‍ 7 നഴ്സിംഗ് കോളേജുകളും സ്ഥാപിച്ചു. ആദ്യമായി ദേശീയ റാങ്കിംഗ് പട്ടികയില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജും ദന്തല്‍ കോളേജും ഉള്‍പ്പെട്ടതും ഈ കാലയളവിലാണ്. മെഡിക്കല്‍, നഴ്സിംഗ് സീറ്റുകള്‍ ഗണ്യമായി വര്‍ധിപ്പിച്ചു. സര്‍ക്കാര്‍ മേഖലയില്‍ ആയിരത്തിലധികം ബി.എസ്.സി. നഴ്‌സിംഗ് സീറ്റുകളാണ് പുതുതായി അനുവദിച്ചത്.
ഗുണനിലവാര അംഗീകാരങ്ങളും ഇ–ഹെല്‍ത്തും
ഇതുവരെ 255 ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് ദേശീയ ഗുണനിലവാര അംഗീകാരമായ എന്‍ക്യുഎഎസ് നേടാനായി. 5 ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് മുസ്‌കാന്‍ അംഗീകാരവും 15 ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് ലക്ഷ്യ അംഗീകാരവും ലഭിച്ചു. സംസ്ഥാനത്ത് ഇ–-ഹെല്‍ത്ത് പദ്ധതി നാളിതുവരെ 750ലധികം ആശുപത്രികളില്‍ നടപ്പിലാക്കിയിട്ടുണ്ട്. ഇതിലൂടെ ക്യൂ നില്‍ക്കാതെ ഒപി ടിക്കറ്റ് എടുക്കാന്‍ കഴിയുന്നു. കാലതാമസം ഒഴിവാക്കാന്‍ ഇതേറെ സഹായിക്കും. ഘട്ടംഘട്ടമായി സംസ്ഥാനത്തെ മുഴുവന്‍ സര്‍ക്കാര്‍ ആശുപത്രികളിലും ഇ-–ഹെല്‍ത്ത് സംവിധാനം ഏര്‍പ്പെടുത്തുകയാണ് നമ്മുടെ ലക്ഷ്യം. ഇ – പേയ്മെന്റ്, എം ഇ – ഹെല്‍ത്ത് (MeHealth) മൊബൈല്‍ ആപ്പ് എന്നിവയും സജ്ജമാക്കി.
പാലിയേറ്റീവ് പരിചരണം
കേരളം പാലിയേറ്റീവ് പരിചരണ രംഗത്ത് സുപ്രധാന ഇടപെടലുകളാണ് നടത്തുന്നത്. ഇതിന്റെ ഭാഗമായി പാലിയേറ്റീവ് കെയര്‍ ഗ്രിഡ് സ്ഥാപിച്ചു. നമ്മുടെ പാലിയേറ്റീവ് പരിചരണത്തെ ലോകാരോഗ്യ സംഘടനയും ആഗോള അക്കാദമിക സമൂഹവും (ലാന്‍സെറ്റ് കമ്മീഷന്‍) അഭിനന്ദിക്കുകയുണ്ടായി. ആവശ്യമായ കെയര്‍ കമ്പോണന്റുകളെല്ലാം സമന്വയിപ്പിച്ച് സമഗ്ര പാലിയേറ്റീവ് പരിചരണം സര്‍ക്കാര്‍ മേഖലയില്‍ തന്നെ നടപ്പിലാക്കാനുള്ള നടപടികള്‍ക്ക് നാം തുടക്കംകുറിച്ചിട്ടുണ്ട്.
ജനകീയ ആരോഗ്യ കേന്ദ്രങ്ങള്‍
സംസ്ഥാനത്ത് 5,415 ജനകീയ ആരോഗ്യ കേന്ദ്രങ്ങള്‍ യാഥാര്‍ത്ഥ്യമാക്കി. സംസ്ഥാനത്തെ പൊതുജനാരോഗ്യ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഫലപ്രദവും കാര്യക്ഷമവും ആക്കുന്നതിനാണ് ജനകീയ ആരോഗ്യ കേന്ദ്രങ്ങള്‍ വിഭാവനം ചെയ്തത്. പൊതുജനാരോഗ്യ പ്രവര്‍ത്തനങ്ങള്‍ സൂക്ഷ്മമായി ജനപങ്കാളിത്തത്തോടെ എല്ലാവര്‍ക്കും ആരോഗ്യം ഉറപ്പുവരുത്തുകയാണ് ഇതിലൂടെ. എല്ലാ നിയോജക മണ്ഡലങ്ങളിലും മാതൃകാ ആരോഗ്യപരിചരണ കേന്ദ്രങ്ങള്‍ ആരംഭിച്ചു. ആരോഗ്യപരമായ ജീവിതശൈലീ സംസ്‌കാരം വളര്‍ത്തുന്നതിന് എല്ലാ ജനകീയ ആരോഗ്യ കേന്ദ്രങ്ങളിലും ജനകീയ ആരോഗ്യ ക്ലബ്ബുകള്‍ക്ക് തുടക്കമിട്ടു.
മറ്റ് പ്രധാന നേട്ടങ്ങള്‍
‘ഹൃദ്യം’ പദ്ധതിയിലൂടെ 8,400ലധികം കുട്ടികള്‍ക്ക് സൗജന്യ ചികിത്സ നല്‍കി. കുഞ്ഞുങ്ങളിലെ വൃക്കരോഗം നേരത്തെ കണ്ടെത്തി ചികിത്സിക്കുന്നതിനായി ‘പ്രതീക്ഷ’ പദ്ധതി ആരംഭിച്ചു. ഫാറ്റി ലിവര്‍ ചികിത്സയ്ക്കായി രാജ്യത്ത് ആദ്യമായി ജില്ലാതല ആശുപത്രികളില്‍ ‘ഫാറ്റി ലിവര്‍ ക്ലിനിക്’ സ്ഥാപിച്ചു. ആരോഗ്യ പ്രവര്‍ത്തകരുടെ സുരക്ഷയ്ക്കായുള്ള ‘കോഡ് ഗ്രേ പ്രോട്ടോ’കോള്‍ യാഥാര്‍ത്ഥ്യമാക്കി. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് എമര്‍ജന്‍സി മെഡിസിന്‍ വിഭാഗത്തെ സെന്റര്‍ ഓഫ് എക്സലന്‍സായി കേന്ദ്രം ഉയര്‍ത്തി. എസ്എടി ആശുപത്രിയെ അപൂര്‍വ രോഗങ്ങളുടെ സെന്റര്‍ ഓഫ് എക്സലന്‍സ് ആയി ഉയര്‍ത്തി. കണ്ണൂരിലെ അന്താരാഷ്ട്ര ആയുര്‍വേദ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ആയുര്‍വേദ ചികിത്സയിലും ഗവേഷണത്തിലും പുതിയ പാതകള്‍ തുറക്കുമെന്നാണ് പ്രതീക്ഷ. സംസ്ഥാന സര്‍ക്കാരിന്റെ മുന്‍നിര പ്രൊജക്ടുകളിലൊന്നാണ് അന്താരാഷ്ട്ര ആയുര്‍വേദ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്. അതിന്റെ ഒന്നാംഘട്ട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഈ സര്‍ക്കാരിന്റെ കാലത്ത് ആരംഭിച്ചു. കേരളത്തിന്റെ സമ്പന്നമായ ആയുര്‍വേദ പാരമ്പര്യം, നൂറ്റാണ്ടുകള്‍ പഴക്കമുള്ള കയ്യെഴുത്തുപ്രതികള്‍, ഔഷധസസ്യ ജൈവവൈവിധ്യം, ആയുര്‍വേദത്തിന്റെ വൈവിധ്യമാര്‍ന്ന തത്വങ്ങള്‍, സമ്പ്രദായങ്ങള്‍ എന്നിവയൊക്കെ സംരക്ഷിക്കുന്നതിനും പ്രദര്‍ശിപ്പിക്കുന്നതിനും, തലമുറകള്‍ക്കും വിവിധ സംസ്‌കാരങ്ങള്‍ക്കും വിവിധ ഇടങ്ങള്‍ക്കും അവയെ പരിചയപ്പെടുത്തുന്നതിനുമുള്ള ഒരിടമായി ഗവേഷണകേന്ദ്രം മാറും.
ഐക്യകേരളം നിലവില്‍ വന്നതു മുതലിങ്ങോട്ട്, നാം നേടിയ പൊതുജനാരോഗ്യനേട്ടങ്ങളെ സംരക്ഷിച്ചുകൊണ്ട് പുതുതായി ഉണ്ടായിക്കൊണ്ടിരിക്കുന്നതും ഭാവിയില്‍ ഉണ്ടാകാന്‍ സാധ്യതയുള്ളതുമായ വെല്ലുവിളികളെ നേരിടാന്‍ നമ്മുടെ ആരോഗ്യ സംവിധാനത്തെ ശക്തിപ്പെടുത്തുകയാണ് എൽഡിഎഫ് സർക്കാരിന്റെ ലക്ഷ്യം. l



