Saturday, May 9, 2026

ad

Homeകവര്‍സ്റ്റോറികേരള പഠനത്തിൽ 
നിന്നുള്ള ഉൾക്കാഴ്ചകൾ

കേരള പഠനത്തിൽ 
നിന്നുള്ള ഉൾക്കാഴ്ചകൾ

2004ലാണ് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ഒന്നാമത്തെ കേരള പഠനം നടത്തുന്നത്. ഒന്നര ദശകത്തിനുശേഷം 2019 ൽ രണ്ടാമത്തെ കേരള പഠനത്തിന്റെ വിവരശേഖരണം പൂർത്തിയാക്കുകയും 2025 ജൂണിൽ പുതിയ പഠനത്തിലെ കണ്ടെത്തലുകൾ പ്രസിദ്ധീകരിക്കുകയും ചെയ്തു. ഈ 15 വർഷത്തിനുള്ളിൽ കേരളത്തിലെ ആരോഗ്യ മേഖലയിൽ വന്ന മാറ്റങ്ങൾ എന്തൊക്കെയാണെന്ന്, ഈ രണ്ട് പഠനങ്ങളുടെയും അടിസ്ഥാനത്തിൽ പരിശോധിക്കാനാണ് ഇവിടെ ശ്രമിക്കുന്നത്.

പ്രാഥമിക വിവരങ്ങൾ 
കേരളപഠനം 2.0 
കേരളത്തിലെ എല്ലാ ജില്ലകളിൽ നിന്നുമായി 5696 കുടുംബങ്ങളെയാണ് സർവ്വേ ചെയ്തത്. 28, 038 വ്യക്തികൾ സർവ്വേയിൽ ഉൾപ്പെട്ടു. കുടുംബങ്ങളെ പ്രതിശീർഷ മാസ വരുമാനം, പ്രതിശീർഷ മാസ ചെലവ് ,വീടുകളുടെ സ്വഭാവം, തിരഞ്ഞെടുത്ത ചില ഉപഭോക്തൃ വസ്തുക്കളുടെ ഉടമസ്ഥത എന്നിവയുടെ അടിസ്ഥാനത്തിൽ 4 സാമ്പത്തിക വിഭാഗങ്ങളായി തരം തിരിച്ചു: അതിദരിദ്രർ, ദരിദ്രർ , താഴ്ന്ന ഇടത്തരക്കാർ, ഉയർന്ന ഇടത്തരക്കാർ എന്നിങ്ങനെ. 2004 നെ അപേക്ഷിച്ച് ഈ ഗ്രൂപ്പുകളിൽ വലിയ മാറ്റം സംഭവിച്ചിട്ടുണ്ട്. അതിദരിദ്ര വിഭാഗത്തിന്റെ വലുപ്പം വളരെ കുറഞ്ഞു. ഈ പഠനത്തിൽ അതിദരിദ്ര വിഭാഗം 5.7 ശതമാനവും ദരിദ്ര വിഭാഗം 23.5 ശതമാനവും താഴ്ന്ന ഇടത്തരക്കാർ 45.2 ശതമാനവും ഉയർന്ന ഇടത്തരക്കാർ 25.5 ശതമാനവും ആണ്. അതായത്, സാമ്പത്തിക ഗ്രൂപ്പുകളുടെ അനുപാതത്തിൽ വലിയ മാറ്റം വന്നിട്ടുണ്ട്. മൂന്നിലൊന്നിൽ അല്പം കൂടുതൽ മാത്രം ഇടത്തരക്കാരുള്ള സമൂഹത്തിൽനിന്നും ഇടത്തരക്കാർക്ക് ഭൂരിപക്ഷമുള്ള ഒരു സമൂഹമായി കേരളം മാറിയിരിക്കുന്നു. കൂടാതെ അതിദരിദ്ര വിഭാഗത്തിന്റെ എണ്ണത്തിൽ ഗണ്യമായ കുറവും വന്നു.

ആരോഗ്യരംഗത്തെ 
മാറ്റങ്ങൾ
രോഗാതുരത, ചികിത്സാ ചെലവുകൾ ,പൊതുജനാരോഗ്യത്തെപ്പറ്റിയുള്ള അറിവുകൾ എന്നീ തലങ്ങളിലുള്ള വിവരങ്ങളാണ് കേരള പഠനം വിശകലനം ചെയ്തത്. 1987 മുതൽ 2019 വരെ നാലു പ്രാവശ്യം കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്. 1987, 1996, 2004 ,2019 എന്നീ വർഷങ്ങളിലാണ് ഈ വിവരങ്ങൾ ശേഖരിച്ചിട്ടുള്ളത്. ഈ വിവരങ്ങൾ പട്ടിക 11 ലും ചിത്രം 9.1 ലുമായി സംഗ്രഹിച്ചിരിക്കുന്നു.

പട്ടിക–1 ■ രോഗാതുരതയും ചികിത്സാ ചെലവും 1987–2019
ഇനം 1987 1996 2004 2019 2019@2004 വിലയിൽ വ്യത്യാസം 2004–2009 (%)
രോഗാതുരത/
2 ആഴ്ചയിൽ /
1000 പേരിൽ
206 122 79 74 6.3
ഒരു തവണത്തെ
ചെലവ് (രൂ)
17 165 831 2225 833 0.28
ആേളാഹരി
വാർഷിക
ചെലവ്
89 549 1722 6440 2412 40.1


രോഗാതുരത കുറയുന്നു

1987 മുതൽ 2019 വരെയുള്ള കാലഘട്ടം പരിഗണിച്ചാൽ രോഗാതുരത കുറഞ്ഞുവരുന്നതായി കാണാം. സർവ്വേയിൽ രണ്ടാഴ്ചയിൽ ആയിരം പേരിൽ എത്രപേർക്ക് രോഗാതുരത ഉണ്ട് എന്ന് പരിശോധിക്കുമ്പോൾ 1987ലെ 256 ൽ നിന്ന് 1996 ൽ 122 ഉം 2004 ൽ 79 ഉം 2019 ൽ 74 ഉം ആയി അത് കുറഞ്ഞു വരുന്നതായി കാണാൻ കഴിയും. പകർച്ചവ്യാധികളുടെ തോത് കുറഞ്ഞതാണ് രോഗാതുരതാ നിരക്ക് കുറയാനുള്ള പ്രധാനകാരണം. ആയുർദൈർഘ്യത്തിലെ വർദ്ധനവും പ്രമേഹം, രക്താതിമർദ്ദം തുടങ്ങിയ ജീവിതശൈലീ രോഗങ്ങളുടെ വർദ്ധനവും രോഗാതുരതാ നിരക്കിനെ ബാധിക്കുന്ന ഘടകങ്ങളാണ്.

ചികിത്സാ ചെലവിലെ മാറ്റങ്ങൾ
മുഴുവൻ ആരോഗ്യ ആവശ്യങ്ങൾക്കുമായി കുടുംബങ്ങൾ സ്വന്തം കയ്യിൽ നിന്നെടുത്ത് ചെലവാക്കുന്ന പണമാണ് ചികിത്സ ചെലവ് എന്ന് ഇവിടെ ഉദ്ദേശിക്കുന്നത് (OOPE – -Out of Pocket Expenditure). ഒറ്റത്തവണ ചികിത്സാ ചെലവ് (Cost per episode) 2004 നും 2019നും ഇടയിൽ വലിയ മാറ്റമില്ലാതെ കിടക്കുന്നു എന്ന് കാണാം. എന്നാൽ ആളോഹരി ചികിത്സാ ചെലവ് കൂടിയിട്ടുമുണ്ട്. പൊതുജനാരോഗ്യ സംവിധാനങ്ങൾ മെച്ചപ്പെട്ടതാവാം ഒറ്റത്തവണ ചികിത്സാ ചെലവ് വർധിക്കാതിരുന്നതിന് കാരണം. എന്നാൽ ആയുർദൈർഘ്യത്തിൽ വന്ന മാറ്റങ്ങൾ, ജീവിതശൈലീ രോഗങ്ങളടക്കം ചികിത്സിക്കാവുന്ന രോഗങ്ങളുടെ കാര്യത്തിൽ വർദ്ധനവ് ഉണ്ടാക്കിയിട്ടുണ്ട്.
മാത്രവുമല്ല മുൻപില്ലാത്ത രീതിയിൽ കാൻസർ പോലുള്ള രോഗങ്ങൾക്ക് ചികിത്സ തേടാനുള്ള അവസരവും ഇന്നുണ്ട്. കൂടാതെ ഈ പുതിയ ചികിത്സകൾ ചെലവ് കൂടിയവയുമാണ്. ആളുകൾ ഇത്തരത്തിലുള്ള പുതിയ ചികിത്സകൾ ഉപയോഗപ്പെടുത്താൻ തയ്യാറാകുന്നു എന്നതുകൊണ്ടു കൂടിയാണ് ആളോഹരി വാർഷിക ചികിത്സ ചെലവ് വർദ്ധിക്കുന്നത് എന്ന് കാണേണ്ടിവരും. ആകെ കുടുംബ ചെലവിൽ ചികിത്സാ ചെലവിന്റെ അനുപാതം 2004 ൽ 13.9% ആയിരുന്നത് 2019 ൽ 16.3% ആയി വർധിച്ചു എന്നതും കാണാം. മരുന്നുകൾ വാങ്ങുന്നതിന് വേണ്ടിയാണ് എല്ലാ സാമ്പത്തിക വിഭാഗങ്ങളിലും കൂടുതൽ ചെലവ് വന്നിട്ടുള്ളത്. പുതിയ മരുന്നുകൾ ലഭ്യമാകുന്നതും അവയ്ക്ക് വില കൂടുതലായിരിക്കുന്നതും ഇതിനൊരു കാരണമാണ്. പൊതുവായ ജീവിതനിലവാരം മെച്ചപ്പെട്ടത് ആരോഗ്യ ആവശ്യങ്ങൾ വർധിക്കാൻ ഇടയാക്കിയിട്ടുണ്ട്. ഇതുകൊണ്ടും വ്യക്തിഗത ആരോഗ്യ ചെലവ് വർദ്ധിക്കുന്നുണ്ട്.

2019ലെ നാഷണൽ ഹെൽത്ത് അക്കൗണ്ട് പ്രകാരം കേരളവും ഇന്ത്യയും തമ്മിൽ ആരോഗ്യത്തിലെ നിക്ഷേപത്തിലും ചെലവുകളിലുമുള്ള താരതമ്യം പട്ടിക 2ൽ നൽകിയിരിക്കുന്നു.

ചികിത്സാരീതികളുടെ ഉപയോഗം
ബഹുഭൂരിപക്ഷം ആളുകളും ചികിത്സയ്ക്ക് ഇപ്പോൾ ആശ്രയിക്കുന്നത് ആധുനിക വൈദ്യത്തെയാണ്. 2004 ൽ 79.9% ആളുകൾ ആധുനിക വൈദ്യം ഉപയോഗിച്ചിരുന്നുവെങ്കിൽ 2019 ൽ അത് 87.6% ആണ്. ആയൂർവേദവും ഹോമിയോയും ഉപയോഗിക്കുന്ന ആളുകൾ കുറഞ്ഞുവരുന്നതായി കാണാം.

സർക്കാർ മേഖലയുടെ വർദ്ധിച്ച സ്വീകാര്യത
താഴെയുള്ള മൂന്നു സാമ്പത്തിക ഗ്രൂപ്പുകളിലും സർക്കാർ മേഖലയിലുള്ള ചികിത്സ വർദ്ധിച്ചിരിക്കുന്നതായി കാണാം. അതിദരിദ്ര വിഭാഗത്തിലുള്ളവർ വലിയ തോതിൽ സർക്കാർ ചികിത്സയെ ആശ്രയിക്കുന്നതായി കാണാം. ഏറ്റവും സമ്പന്ന വിഭാഗത്തിൽ സർക്കാർ തലത്തിലുള്ള ചികിത്സയെ ആശ്രയിക്കുന്നവരുടെ എണ്ണം കുറഞ്ഞിട്ടുമുണ്ട്. എന്നാൽ ഗുരുതരമായ രോഗങ്ങൾ വന്നാൽ ഉയർന്ന സാമ്പത്തിക ഗ്രൂപ്പിലുള്ളവരടക്കം എല്ലാ സാമ്പത്തിക വിഭാഗത്തിലുമുള്ളവർ സർക്കാർ ആശുപത്രികളെയാണ് പ്രധാനമായും ആശ്രയിക്കുന്നത്. 2004 ൽ ഇതിനുവേണ്ടി സർക്കാർ ആശുപത്രിയെ ആശ്രയിച്ചവർ 47.4% ആയിരുന്നുവെങ്കിൽ 2019 ൽ ഇത് 61.1% ആയിട്ടുണ്ട് . സ്വകാര്യമേഖലയിലെ ചികിത്സാ ചെലവുകൾ താങ്ങാനാവാത്ത വിധം വർദ്ധിക്കുന്നതും സർക്കാർ മേഖലയിൽ സൗകര്യങ്ങൾ മെച്ചപ്പെടുന്നതും ഇതിനൊരു കാരണമാകാം.

പട്ടിക –2  2019ലെ ദേശീയ ഹെൽത്ത് അക്കൗണ്ട്
സൂചകം കേരളം ഇന്ത്യ
മൊത്തം ആേരാഗ്യ ചെലവ് ജി ഡി പി യുെട എത്ര ശതമാനം? 4.5 3.3
ആളോഹരി വാർഷിക ആരോഗ്യ ചെലവ് (രൂപ) 10607 4863
ആളോഹരി വാർഷിക സർക്കാർ ആരോഗ്യ ചെലവ് (രൂപ) 2590 2014
ആളോഹരി വാർഷിക സർക്കാർ ആരോഗ്യ ചെലവ് (രൂപ) 7206 2289
വ്യക്തിഗത ആരോഗ്യ ചെലവ് ആകെ
ആരോഗ്യ ചെലവിന്റെ എത്ര ശതമാനം?
67.9 47.1


ആരോഗ്യത്തെപ്പറ്റിയുള്ള അറിവുകൾ

പ്രമേഹവും രക്താതി മർദ്ദവുമാണ് വൃക്കമാന്ദ്യം, കരൾ മാന്ദ്യം, ഹൃദയാഘാതം, മസ്തിഷ്കാഘാതം എന്നിവയ്ക്കുള്ള പ്രധാന കാരണം. എന്നിരുന്നാലും, പഠനത്തിലെ സാമ്പിളുകളിൽ മൂന്നിൽ രണ്ടുപേർക്ക് മാത്രമേ ഇവയ്ക്ക് ചികിത്സ ഉള്ളതായി അറിയുകയുള്ളൂ. ഡയാലിസിസും വൃക്കമാറ്റിവെക്കലുമെല്ലാം വേണ്ടിവരുന്നതിന്റെ പ്രധാന കാരണം ഇത്തരത്തിൽ അനിയന്ത്രിതമായ പ്രമേഹവും രക്താതി മർദ്ദവുമാണ്. ഹൃദയാഘാതത്തിന്റെ പ്രധാന കാരണങ്ങളിൽ ഒന്നായി രക്തത്തിലെ കൊഴുപ്പിനെ പകുതിയോളം പേർ കാണുന്നുണ്ടെങ്കിലും പ്രമേഹവും രക്താതിമർദവും ഹൃദയാഘാതത്തിനുള്ള കാരണമായി കരുതുന്നത് നാലിലൊന്നോളം പേർ മാത്രമാണ്.

കാൻസർ വരാനുള്ള പ്രധാന കാരണം എന്താണെന്ന ചോദ്യത്തിന് നാലിലൊന്ന് പേർ ഭക്ഷണം എന്ന് ഉത്തരം നൽകുമ്പോൾ 46.4% പേരാണ് പുകയില എന്ന് ഉത്തരം നൽകുന്നത്. കാൻസറിന് ഒരു കാരണം എന്ന നിലയിൽ പുകയിലയുടെ ഫലത്തെ കുറച്ചുകാണുന്ന സമയത്തുതന്നെ ഭക്ഷണത്തിന് കൂടുതൽ പ്രാധാന്യം ആളുകൾ നൽകുന്നുണ്ട് എന്ന് ഇത് വ്യക്തമാക്കുന്നു. കാൻസർ അടക്കമുള്ള ദീർഘസ്ഥായീ രോഗങ്ങളെക്കുറിച്ചുള്ള വ്യക്തമായ ആരോഗ്യ വിവരങ്ങൾ പൊതുജനങ്ങളിലേക്ക് എത്തിക്കുന്നതിൽ ഇപ്പോഴും നമ്മുടെ സംവിധാനങ്ങൾ പൂർണമായി വിജയിച്ചിട്ടില്ല എന്നാണ് ഈ വിവരങ്ങൾ കാണിക്കുന്നത്.

കുട്ടികൾക്ക് വാക്സിനേഷൻ എടുക്കുന്നവരാണ് കൂടുതൽ ആളുകളും എന്നാണ് പഠനത്തിൽ നിന്നും വ്യക്തമാകുന്നത്. സാമ്പത്തിക ഗ്രൂപ്പ് ഒന്ന്, പട്ടികവർഗ്ഗം എന്നിവരിൽ മാത്രമാണ് ഇതിൽ നേരിയ വ്യത്യാസം ഉള്ളത്. എങ്കിൽ തന്നെയും ആ വിഭാഗങ്ങളിലും യഥാക്രമം 89.4 ശതമാനവും 89.7 ശതമാനവും പേർ കുട്ടികൾക്ക് വാക്സിനേഷൻ എടുക്കുന്നുണ്ട്.

സാന്ത്വന ചികിത്സയുടെ ആവശ്യം
12.1% വീടുകളിലാണ് സാന്ത്വന ചികിത്സയോ ഗാർഹിക ശുശ്രൂഷയോ (Palliative Care /Assisted Home Care ) ആവശ്യമായി വരുന്നത്. ഇത് ഏറ്റവും കൂടുതൽ അതിദരിദ്ര വിഭാഗം ആളുകളിലാണ്. 88.2% പേരിലും വീട്ടിലുള്ളവർ തന്നെയാണ് ഗാർഹിക ശുശ്രൂഷ നൽകുന്നത്. ഇത് താരതമ്യേനെ കുറവുള്ളത് അതിദരിദ്ര വിഭാഗത്തിലും ഉയർന്ന ഇടത്തരക്കാരുടെ ഇടയിലുമാണ്. അതിദരിദ്ര വിഭാഗക്കാർക്കിടയിൽ എട്ടു ശതമാനം പേർക്ക് പാലിയേറ്റീവ് വളണ്ടിയർമാരുടെ സഹായം ലഭിക്കുന്നുണ്ട്. ഉയർന്ന ഇടത്തരക്കാരുടെ ഇടയിലാകട്ടെ 9% പേർ ഹോം നേഴ്സിനെ ഇതിനായി വിനിയോഗിക്കുന്നു.

ഭാവിയിലേക്കുള്ള മുന്നൊരുക്കങ്ങൾ
പൊതുവായി നോക്കുമ്പോൾ കേരളത്തിലെ ആരോഗ്യരംഗത്ത് ഈ 15 കൊല്ലത്തിനിടയ്ക്ക് വളരെ വ്യാപകമായ മുന്നേറ്റം നടന്നുവെന്ന് കാണാൻ കഴിയും. പൊതു ജീവിത നിലവാരം ഉയർന്നതും ആരോഗ്യരംഗത്തെ നേട്ടങ്ങളും തികച്ചും ശ്രദ്ധാർഹം തന്നെയാണ് .എന്നാൽ ആയുർദൈർഘ്യം വർദ്ധിച്ചതുമായി ബന്ധപ്പെട്ടും ജീവിതശൈലീ രോഗങ്ങളുടെ വർദ്ധനവുമായി ബന്ധപ്പെട്ടുമെല്ലാമുള്ള രണ്ടാംതലമുറ പ്രശ്നങ്ങൾ കേരളത്തിൽ പുതുതായി വന്നുകൊണ്ടിരിക്കുന്നു. ഇവയെ കൈകാര്യം ചെയ്യുക എന്നതാണ് ആരോഗ്യരംഗത്തെ പ്രധാനപ്പെട്ട ഒരു വെല്ലുവിളി. കേരളത്തിലെ ജീവിതനിലവാരം വർദ്ധിച്ചു വരുന്നതിന്റെ ഭാഗമായി ആരോഗ്യ ആവശ്യങ്ങളും വർദ്ധിച്ചു വന്നിട്ടുണ്ട്. കൂടുതൽ ചെലവുള്ള ചികിത്സകൾ ആളുകൾ സ്വീകരിക്കാൻ തുടങ്ങിയിട്ടുമുണ്ട്. മാത്രവുമല്ല ജീവിത ശൈലീ രോഗങ്ങൾക്കും കാൻസറിനുമൊക്കെ ആവശ്യമുള്ള പുതിയ മരുന്നുകൾ കൂടുതൽ വിലയുള്ളതും പലപ്പോഴും വില നിയന്ത്രണ പട്ടികയ്ക്ക് പുറത്തു നിൽക്കുന്നതുമാണ്. അതുകൊണ്ടുതന്നെ മറ്റു പല സംസ്ഥാനങ്ങളെയും അപേക്ഷിച്ച് സർക്കാർ ആരോഗ്യ മേഖലയിൽ കൂടുതൽ പണം ചെലവാക്കിയിട്ടും വ്യക്തിഗത ആരോഗ്യ ചെലവ് കുറയുന്ന സാഹചര്യം ഉണ്ടായിട്ടില്ല. അതുകൊണ്ടുതന്നെ സർക്കാർ ചെലവിന് പുറമേ ബാക്കിവരുന്നത് മുഴുവൻ വർദ്ധിച്ച വ്യക്തിഗത ചെലവായി പ്രതിഫലിക്കുന്നു. സ്വാഭാവികമായും കൂടുതൽ ചെലവാക്കാൻ ശേഷിയുള്ള ഉയർന്ന സാമ്പത്തിക ഗ്രൂപ്പുകളിലാണ് ഈ അധിക ചെലവ് വരുന്നതെന്നും കാണാം. ഇത് ആരോഗ്യമേഖലയിൽ സർക്കാർ ചെലവ് ഇനിയും വർദ്ധിപ്പിക്കേണ്ടതിന്റെ ആവശ്യകതയിലേക്കാണ് വിരൽചൂണ്ടുന്നത്.

അതുപോലെ ഗാർഹിക ചികിത്സ ആവശ്യമുള്ള സംസ്ഥാനത്തെ മിക്കവാറും വീടുകളിൽ ഈ ഭാരം മുഴുവൻ താങ്ങുന്നത് വീട്ടുകാരാണ്; പ്രത്യേകിച്ചും സ്ത്രീകളാണ് ഈ ചികിത്സയിൽ മിക്കവാറും ഉൾപ്പെട്ടിരിക്കുന്നത്. അതുകൊണ്ടുതന്നെ പലർക്കും ജോലിക്ക് പോകാൻപോലും സാധിക്കുന്നില്ല. സ്വകാര്യമായി ഹോംനേഴ്സിനെ വയ്ക്കാൻ പലർക്കും കഴിയാറുമില്ല. അതുപോലെതന്നെ പരിശീലനം കിട്ടിയ ഹോം നേഴ്സുമാരുടെ അഭാവവും ഒരു പ്രശ്നമാണ്. ആയുർദൈർഘ്യം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ ഇത്തരം ചികിത്സകൾ ആവശ്യമുള്ള ആളുകളുടെ എണ്ണം ഇനിയും വർദ്ധിക്കാനാണ് സാധ്യത. അതുകൊണ്ടുതന്നെ കൂടുതൽ പാലിയേറ്റീവ് വളന്റിയർമാരെയും ഹോംനേഴ്സുമാരെയും ഇത്തരം ആവശ്യങ്ങൾ നിറവേറ്റാൻ കെൽപ്പുണ്ടാവുന്ന രീതിയിൽ പരിശീലിപ്പിച്ചെടുക്കേണ്ടതുമുണ്ട്. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

4 − 4 =

Most Popular