Saturday, May 9, 2026

ad

Homeകവര്‍സ്റ്റോറിപൊതുജനാരോഗ്യമേഖല 
ആക്രമിക്കപ്പെടുന്നതെന്തുകൊണ്ട്?

പൊതുജനാരോഗ്യമേഖല 
ആക്രമിക്കപ്പെടുന്നതെന്തുകൊണ്ട്?

കേരളത്തിന്റെ പൊതുജനാരോഗ്യമേഖലയെ താറടിച്ച് കാണിക്കാൻ നടക്കുന്ന വ്യാപകമായ ശ്രമങ്ങൾ ആകസ്മികമല്ല. അതിന് പ്രത്യയശാസ്ത്രപരവും സാമ്പത്തികശാസ്ത്രപരവുമായ മാനങ്ങളുണ്ട്. “വെടക്കാക്കി തനിക്കാക്കുക’ എന്ന് നാം പൊതുവിൽ പറയാറുള്ള, പ്രിഡേറ്ററി തന്ത്രം കൊളോണിയൽ കാലം മുതൽ ഉപയോഗിച്ചുവരുന്ന ഒന്നാണ്. ഒരു കാര്യം മോശമാണ് എന്ന് പറഞ്ഞുകൊണ്ടിരുന്ന്, ആളുകളുടെ മനസ്സുകളിൽ അത് അങ്ങനെയാണ് എന്ന് വരുത്തിത്തീർത്ത് സാമ്പത്തികമോ രാഷ്ട്രീയമോ ആയ ലാഭമുണ്ടാക്കുക എന്നതാണ് ആ തന്ത്രം. കൊളോണിയൽ കാലത്ത് വ്യാപകമല്ലാതിരുന്ന മാധ്യമങ്ങൾ എന്ന വിഭാഗത്തെ ഇപ്പോൾ കൂട്ടിന് കിട്ടും എന്നതും ഇത്തരം തന്ത്രങ്ങളുടെ വിജയസാധ്യത വർധിപ്പിക്കുന്നു.

സാമ്പത്തികശേഷി കൈവരിച്ചുകൊണ്ടിരിക്കുന്ന മൂന്നാംലോക രാജ്യങ്ങളുടെ ആരോഗ്യമേഖലയിൽ ആഗോള സാമ്പത്തിക ഭീമന്മാർ വലിയ മുതൽമുടക്കുകൾ നടത്തുന്നതിന്റെ പശ്ചാത്തലത്തിൽ വേണം നമ്മുടെ പൊതുജനാരോഗ്യരംഗത്തെ താറടിച്ചു കാണിക്കാനുള്ള ഇന്നത്തെ പ്രവണതകളെ നാം വിലയിരുത്താൻ. അമിതമായ നികുതി ചുമത്തി മറ്റു രാജ്യങ്ങളുടെ സാമ്പത്തിക വളർച്ചയുടെ ഗുണഫലങ്ങൾ സ്വന്തമാക്കാമെന്ന് അമേരിക്ക ചിന്തിക്കുന്നതുപോലെ മിക്ക മൂന്നാംലോക രാജ്യങ്ങളിലും സമ്പത്തിനോടൊപ്പം വളരുന്ന രോഗങ്ങളെയും രോഗസാധ്യതകളെയും വലിയ ലാഭത്തിനുള്ള ഉപാധിയായി മാറ്റാമെന്ന് ബഹുരാഷ്ട്ര സാമ്പത്തിക ശക്തികൾ ചിന്തിക്കുന്നു. മാന്ദ്യത്തിന്റെ കാലത്തുപോലും വളരുന്ന ആശുപത്രി, മരുന്ന്, വാക്‌സിൻ വ്യവസായങ്ങൾ ആരോഗ്യമേഖലയിൽ വമ്പിച്ച മുതൽമുടക്ക് നടത്താൻ അവരെ പ്രേരിപ്പിക്കുന്നുണ്ട്. മാഞ്ചസ്റ്ററിലെ തുണിമില്ലുകളെ വളർത്തുന്നതിനായി തദ്ദേശീയമായ കൈത്തറി/പട്ട് സംരംഭങ്ങളെ സ്വാതന്ത്ര്യപൂർവ്വ കാലഘട്ടത്തിൽ ബ്രിട്ടൻ തകർത്തതുപോലെ ആരോഗ്യമേഖലയിൽനിന്നും സാമ്പത്തിക ഭീമന്മാർക്ക് ലാഭം കൊയ്യാൻ തദ്ദേശീയമായ ആരോഗ്യരക്ഷാ സംവിധാനങ്ങളിലുള്ള വിശ്വാസം നഷ്ടപ്പെടുത്തേണ്ടതുണ്ട്.

ആരോഗ്യമേഖലയെ സാമ്പത്തിക മാന്ദ്യം പൊതുവേ ബാധിക്കാറില്ല എന്നതും, കോവിഡ് മഹാമാരി പോലുള്ള പ്രതിസന്ധി ഘട്ടങ്ങളിൽപ്പോലും ഈ മേഖലയിൽനിന്നുള്ള വരുമാനം കുറയുന്നില്ല എന്നതും ആരോഗ്യമേഖലയെ ലാഭസാധ്യതയുള്ള ഒരു വ്യവസായമായി കാണാൻ സാമ്പത്തിക ശക്തികളെ പ്രേരിപ്പിക്കുന്നു. കോവിഡ് കാലത്ത് വാക്സിൻ ലഭ്യതയ്ക്കായി കമ്പനികൾ രാജ്യങ്ങളുമായി വിലപേശുകയും, അതിൽ പരാജയപ്പെട്ട മൂന്നാം ലോക രാജ്യങ്ങൾക്ക് വാക്സിൻ നിഷേധിക്കുകയും ചെയ്ത സാഹചര്യവും നാം കണ്ടതാണ്. കേരളമുൾപ്പെടെയുള്ള ഇന്ത്യയിലെ ഒട്ടുമിക്ക കോർപറേറ്റ് ആശുപത്രികളുടെയും ഓഹരികളിൽ സിംഹഭാഗവും ഇപ്പോൾ അത് ആരംഭിച്ച ആളുകളുടെ കയ്യിലല്ല എന്നത് പരസ്യമായ രഹസ്യമാണ്. വൻ മുതൽമുടക്കുള്ള രോഗപ്രതിരോധ സംവിധാനങ്ങളിൽ ഇടപെടാതെ, രോഗങ്ങളെ കച്ചവടച്ചരക്കാക്കി ലാഭം കൊയ്യാനാണ് ഈ ശ്രമം. നമ്മുടെ നാട്ടിൽ അതിന് ഏറ്റവും വലിയ വിലങ്ങുതടി പുരോഗതി പ്രാപിച്ച നമ്മുടെ സർക്കാർ ആശുപത്രികളുടെ വിപുലമായ ശൃംഖലയും സംവിധാനങ്ങളുമാണ്. അതിനെ തകർക്കാനുള്ള കൊണ്ടുപിടിച്ച ശ്രമങ്ങളാണ് ഇപ്പോൾ നടക്കുന്നത്. ആ ശ്രമങ്ങളുടെ ട്രോജൻ കുതിരകളായി നമ്മുടെ മാധ്യമങ്ങൾ മാറുന്നു. എന്നാൽ, വരും തലമുറയുടെ ആരോഗ്യ സുരക്ഷ മാത്രമല്ല, സാമ്പത്തിക സുരക്ഷയുടെയും കടയ്-ക്കലുള്ള മാരകമായ ഒരു കത്തിയാണ് നമ്മുടെ പൊതുജനാരോഗ്യ മേഖലയെ കരിപൂശാനുള്ള വിപുലമായ ശ്രമങ്ങൾ.

സ്വാഭാവികമായും ഒരു രാജ്യം അല്ലെങ്കിൽ പ്രദേശം സാമ്പത്തികമായി പുരോഗമിക്കുമ്പോൾ വിനിമയം ചെയ്യാൻ കഴിയുന്ന പണം കൈവശം ഉള്ളവരുടെ എണ്ണവും ശതമാനവും വർധിക്കും. അങ്ങനെയുള്ളവർ രോഗമില്ലെന്ന് ഉറപ്പിക്കാനും, രോഗങ്ങളുണ്ടെങ്കിൽ അതിന് ചികിത്സ തേടാനും പണം ചെലവഴിക്കാൻ മടിക്കുകയില്ല. അവർക്ക് അതേസേവനങ്ങൾ ചെലവുകുറച്ച് ചെയ്യാൻ കഴിയുന്ന മാർഗ്ഗങ്ങൾ ഉണ്ടാവരുത്. അഥവാ ഉണ്ടെങ്കിൽത്തന്നെ അതിന് ഗുണനിലവാരം ഇല്ലെന്ന് വരുത്തിത്തീർത്ത് അവരെ സ്വന്തം കൂടാരത്തിൽ എത്തിക്കണം.

രണ്ടാമത്തെ കാര്യം, ഒരു സമൂഹത്തിന്റെ സാമ്പത്തികശേഷി വർദ്ധിക്കുമ്പോൾ അവിടെ ജീവിതശൈലീരോഗങ്ങൾ പോലുള്ള ദീർഘകാല രോഗങ്ങൾ കൂടുതലാകുന്നു. അതിനെ വിൽക്കാൻ കഴിയണമെങ്കിൽ അവർക്ക് സമീപിക്കാൻ കഴിയുന്ന വിശ്വാസയോഗ്യമായ സംവിധാനങ്ങൾ പൊതുമേഖലയിലോ ന്യായമായ ചെലവിൽ ചികിത്സനൽകുന്ന സ്വകാര്യ മേഖലയിലോ ഉണ്ടാകാൻ പാടില്ല. സാമ്പത്തിക വളർച്ചയുടെ കാര്യത്തിലും രോഗാതുരതയുടെ കാര്യത്തിലും, മരുന്നും ആശുപത്രി സേവനങ്ങളും വിറ്റ് കാശാക്കാൻ പറ്റിയ വിളഭൂമിയാണ് കേരളം. രാജ്യത്തുതന്നെ ഏറ്റവും സാമ്പത്തിക വളർച്ചയുള്ള സംസ്ഥാനം; ആളോഹരി വരുമാനവും ദേശീയ ശരാശരിയേക്കാൾ കൂടുതലാണ് എന്നു മാത്രമല്ല, അതിന്റെ വിതരണക്രമത്തിൽ ഉച്ചനീചത്വങ്ങളും കുറവാണ് (ഉള്ള പണം ചുരുക്കം ആളുകളിൽ ഒതുങ്ങുന്നില്ല) എന്നതിനാൽ കൂടുതൽ കുടുംബങ്ങൾക്ക് ആവശ്യമുള്ള പണം ചെലവാക്കാൻ കഴിയും.

രോഗങ്ങളുടെ കാര്യത്തിൽ രാജ്യത്തെ ഏറ്റവും ഉയർന്ന നിരക്കുകൾ. രോഗങ്ങളുടെ കണ്ടെത്തൽ, കണ്ടെത്തിയ രോഗങ്ങൾ ചികിത്സിക്കാനുള്ള പ്രവണത എന്നിവ രാജ്യത്ത് ഏറ്റവും കൂടുതലായുള്ള സംസ്ഥാനം. വർഷങ്ങളായി ഇന്ത്യയിൽ ഏറ്റവുമധികം പണം (കേന്ദ്രസർക്കാർ നൽകുന്നതിന്റെ ഏതാണ്ട് ഇരുപത് ഇരട്ടി) ചികിത്സ സൗജന്യമാക്കാനായി ചെലവഴിക്കുന്ന സംസ്ഥാനമായിട്ടുകൂടി രാജ്യത്ത് ഏറ്റവും കൂടുതൽ പണം സ്വന്തം പോക്കറ്റിൽ നിന്നും ചികിത്സയ്-ക്കായി ചെലവഴിക്കുന്ന ആളുകളുടെ നാട്. രോഗം വിറ്റ് ലാഭംകൊയ്യാൻ കേരളത്തേക്കാൾ പറ്റിയ പ്രദേശങ്ങൾ വേറെയുണ്ടോ എന്ന് സംശയമാണ്. 2006-–2011, 2016-–2021 മുതലിങ്ങോട്ടുള്ള വർഷങ്ങളിലായി തുടർന്നുകൊണ്ടേയിരിക്കുന്ന സർക്കാർ ആരോഗ്യ സംവിധാനങ്ങളുടെ ഉയിർത്തെഴുന്നേൽപ്പാണ് നമ്മുടെ ആളുകളുടെ രോഗങ്ങൾ വളരെ വലിയ അളവിൽ ബഹുരാഷ്ട്ര ഭീമന്മാരുടെ സാമ്പത്തിക ചൂഷണ അവസരങ്ങളായി മാറുന്നതിന് പ്രധാന തടസം.

സാമ്പത്തികമായി ഒരു സമൂഹത്തെ മൂന്ന് വിഭാഗങ്ങളായി തിരിക്കാം: 1. അവശവിഭാഗം: അത്യാവശ്യത്തിന് പോലും പണം ചെലവഴിക്കാൻ കഴിയാത്തവർ, 2. മധ്യവർഗം: അത്യാവശ്യങ്ങൾക്കായി പണം ചെലവഴിക്കാൻ കഴിവുള്ളവർ. അടിയന്തര സാഹചര്യങ്ങളിൽ സ്വത്തുക്കൾ വിറ്റോ, കടം വാങ്ങിയോ പണം കണ്ടെത്താൻ ശേഷിയുള്ളവർ, 3. ധനാഢ്യർ: ആവശ്യത്തിലധികം പണവും നിക്ഷേപങ്ങളും കൈവശമുള്ളവർ. കേരളത്തെ സംബന്ധിച്ചിടത്തോളം, കഴിഞ്ഞ കുറേ വർഷങ്ങളായുള്ള സാമൂഹിക മുന്നേറ്റങ്ങളുടെ ഫലമായി ദരിദ്രവിഭാഗം ഗണ്യമായി കുറഞ്ഞുവെന്ന് മാത്രമല്ല ചരിത്രപരമായി ഈ വിഭാഗത്തിൽ ഉണ്ടായിരുന്നവരുടെ പിന്മുറക്കാരിൽ കൂടുതൽ പേരും സാമ്പത്തികമധ്യവർഗ്ഗം എന്ന ശ്രേണിയിലേക്ക് എത്തിയിട്ടുമുണ്ട്. ഭൂപരിഷ്കരണം പോലുള്ള സാമൂഹിക പരിഷ്കരണ പ്രവർത്തനങ്ങൾ കാരണം ചരിത്രപരമായി ധനാഢ്യരുടെ എണ്ണവും ഇവിടെ കുറവാണ്. സാമ്പത്തിക വളർച്ചയുടെ പ്രധാന ചാലകശക്തിയായ, പണം ചെലവഴിക്കാൻ കഴിയുന്ന മധ്യവർഗ്ഗത്തിൽ പെടുന്നവർ നമ്മുടെ നാട്ടിൽ സഹോദരസമൂഹങ്ങളേക്കാൾ കൂടുതലാണ്. കേരളം രൂപീകരിക്കുമ്പോൾ ദേശീയ ശരാശരിയേക്കാൾ താഴെയായിരുന്നു നമ്മുടെ ആളോഹരി വരുമാനം. എന്നാൽ ഇന്ന് രാജ്യത്ത് ഏറ്റവും ഉയർന്ന ആളോഹരി വരുമാനമുള്ള സംസ്ഥാനങ്ങളിലൊന്നാണ് നമ്മുടേത്. സാമ്പത്തിക അസമത്വം കുറവാണെന്നതും ദേശീയ ശരാശരിയുടെ ഇരട്ടിയോളം വേഗത്തിൽ ജിഡിപി വളരുന്നു എന്നതും കേരളത്തിലെ മധ്യവർഗത്തിന്റെ കൈകളിൽ കൂടുതൽ പണമെത്തുന്നു എന്നതിന്റെ സൂചനയാണ്. ഈ പണം രോഗനിർണ്ണയം, ചികിത്സ എന്നിവയിലൂടെ കവർന്നെടുക്കുന്നതിൽ നിന്നുമുള്ള വലിയ സംരക്ഷണമാണ് സർക്കാർ ആശുപത്രികളുടെ ശക്തി.

കേരളത്തിന്റെ പൊതുജനാരോഗ്യ പ്രതിരോധം
കേരളത്തിന്റെ ആരോഗ്യസൂചകങ്ങൾ വളരെ വേഗത്തിൽ മെച്ചപ്പെട്ടത് സംസ്ഥാന രൂപീകരണത്തിനു ശേഷമാണ്. ഉദാഹരണത്തിന്, സംസ്ഥാനം രൂപീകൃതമാകുമ്പോൾ ആയിരത്തിന് 80-ൽ അധികമായിരുന്ന ശിശുമരണനിരക്ക് ഇന്നത് 5-നടുത്ത് എത്തിനിൽക്കുന്നു. അമ്മമാരുടെയും കുഞ്ഞുങ്ങളുടെയും ആരോഗ്യം മെച്ചപ്പെട്ടു (പക്ഷേ പ്രായാധിക്യമുള്ളവരുടെ ആരോഗ്യ പ്രശ്നങ്ങൾ എന്ന പുതിയ പ്രശ്നം ഉടലെടുത്തു), മലമ്പനി, മന്ത്, വിരബാധകൾ, വയറിളക്കരോഗങ്ങൾ തുടങ്ങിയ സാമ്പ്രദായികമായ പകർച്ചവ്യാധികൾ കുറഞ്ഞു (പക്ഷേ ജഡെങ്കിപ്പനി, എലിപ്പനി തുടങ്ങി പുത്തൻ പകർച്ചവ്യാധികൾ കണ്ടെത്തുന്നുമുണ്ട്); പോഷണക്കുറവ് ഗണ്യമായി കുറഞ്ഞു (പക്ഷേ അമിത പോഷകത്തിന്റെ നിരക്ക് വർധിച്ചു) ഇങ്ങനെ “ആരോഗ്യത്തിന്റെ കേരള മാതൃക’ എന്ന് വിശേഷിപ്പിക്കുന്ന പ്രതിഭാസത്തിന്റെ ഭാഗമായ ഒട്ടേറെ നേട്ടങ്ങൾ നമുക്കുണ്ടായി, ബ്രാക്കറ്റിൽ നല്കിയിരിക്കുന്നവ ഉൾപ്പെടെയുള്ള പുത്തൻ പ്രശ്നങ്ങളും. ആരോഗ്യനേട്ടങ്ങൾക്ക് കാരണം കേവലം ചികിത്സാ സൗകര്യങ്ങളായിരുന്നില്ല. മറിച്ച്, സാർവത്രികവും സൗജന്യവുമായ വിദ്യാഭ്യാസം, ലിംഗസമത്വം, സാമൂഹിക ഉച്ചനീചത്വങ്ങളെ ഇല്ലാതാക്കൽ തുടങ്ങിയ സാമൂഹിക ഇടപെടലുകളായിരുന്നു. ഈ സാമൂഹിക ഇടപെടലുകളാണ് പൊതുജനാരോഗ്യ രംഗത്തെ നേട്ടങ്ങൾക്ക് അടിത്തറയിട്ടത്. എന്നാൽ, 1990-കൾക്കുശേഷം കേരളം ജീവിതശൈലീ രോഗങ്ങളുടെ (lifestyle diseases) കേന്ദ്രമായി മാറാൻ തുടങ്ങി. ഇത് ആരോഗ്യത്തിന്റെ കേരള മാതൃകയ്ക്കുതന്നെ ഭീഷണിയായി.

ഏകദേശം ഇതേ കാലഘട്ടത്തിലാണ് കോർപ്പറേറ്റ് ആശുപത്രികൾ കേരളത്തിലേക്ക് കടന്നുവന്നത്. ജീവിതശൈലീ രോഗങ്ങളുടെ സങ്കീർണ്ണതകൾ വർദ്ധിച്ചപ്പോൾ, അവയ്ക്ക് ആവശ്യമായ ചെലവേറിയ ചികിത്സാ സൗകര്യങ്ങൾ കോർപ്പറേറ്റ് ആശുപത്രികൾ ഒരുക്കി. ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ, ചികിത്സയ്ക്കായി സാമ്പത്തികശേഷിയനുസരിച്ച് ആളുകൾ വേർതിരിയുന്ന ഒരു അവസ്ഥ നാം കണ്ടു. വിഭവങ്ങൾ പരിമിതമായ ദരിദ്രവിഭാഗം സർക്കാർ ആശുപത്രികളുടെ പരിമിതികളിൽ ഒതുങ്ങിയപ്പോൾ, പണം കണ്ടെത്താൻ കഴിവുള്ളവർ കോർപ്പറേറ്റ് ആശുപത്രികളെ ആശ്രയിക്കാൻ തുടങ്ങി. രോഗങ്ങളുടെ സങ്കീർണ്ണമായ ചികിത്സയ്ക്കുള്ള ഭീമമായ ചെലവുകൾ പല കുടുംബങ്ങളെയും ദാരിദ്ര്യരേഖയ്ക്കു താഴേക്ക് തള്ളിവിട്ടു. കേരളത്തിന്റെ പൊതുജനാരോഗ്യ നേട്ടങ്ങളെ മുഴുവൻ നഷ്ടപ്പെടുത്താൻ ശേഷിയുള്ള ഈ പ്രശ്നത്തെ നാം എങ്ങനെ നേരിടുന്നു എന്നതിലാണ് നമ്മുടെ ഭാവി എന്ന തിരിച്ചറിവാണ് ആരോഗ്യത്തിന്റെ കേരള മാതൃകയുടെ രണ്ടാം ഘട്ടം എന്നുവിളിക്കാവുന്ന, ഇപ്പോൾ നടക്കുന്ന പ്രവർത്തനങ്ങളിലേക്ക് നയിച്ചത്.

2006 ൽ അധികാരത്തിൽ വന്ന ഇടതുപക്ഷസർക്കാരാണ് ഈയൊരു മാറ്റത്തിന് തുടക്കം കുറിച്ചത്. ആ സമയത്ത്, ഒന്നാം യു പി എ സർക്കാർ ആരംഭിച്ച ദേശീയ ആരോഗ്യ ദൗത്യത്തിന്റെ സാധ്യതകൾ ഉപയോഗപ്പെടുത്തി കേരളം സർക്കാർ ആശുപത്രികളുടെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്താൻ തുടങ്ങി. കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് നടത്തിയ ആദ്യകാല പഠനങ്ങൾപ്രകാരം, ചികിത്സയ്ക്കായി പൊതുവിൽ സർക്കാർ ആശുപത്രികളെ ആശ്രയിക്കുന്നവർ ഏകദേശം 20% മാത്രമായിരുന്നു. എന്നാൽ 2006 ന് ശേഷം അത് തുടർച്ചയായി വർധിച്ചുവരികയാണ്. ജില്ലകൾ തമ്മിലും സേവനങ്ങൾ തമ്മിലും വ്യത്യാസമുണ്ടെങ്കിലും സർക്കാർ മേഖലയാണ് കേരളത്തിലെ പ്രധാന ആരോഗ്യദാതാക്കൾ. മെഡിക്കൽ കോളേജ് അധ്യാപകർ കൂടിയായ ഡോക്ടർമാരുടെ സ്വകാര്യചികിത്സ നിരോധിച്ചതും, ഡോക്ടർമാരുടെ ശമ്പളത്തിൽ ഭീമമായ വർദ്ധനവ് കൊണ്ടുവന്നതും, ആശാവർക്കർമാരുടെ ശൃംഖല ഒരുക്കി പൊതുജനാരോഗ്യ പ്രവർത്തനങ്ങൾ ശാക്തീകരിച്ചതുമൊക്കെ അതിൽ ഉൾപ്പെടുന്നു. 2016 ൽ എൽഡിഎഫ് സർക്കാർ ആരോഗ്യമേഖലയുടെ ഉന്നമനത്തിനായി ആർദ്രം എന്ന പേരിൽ ഒരു ഫ്ലാഗ്ഷിപ് പരിപാടിതന്നെ കൊണ്ടുവന്നു. നാം കൈവരിക്കേണ്ട പൊതുജനാരോഗ്യ നേട്ടങ്ങൾ സുസ്ഥിരവികസന ലക്ഷ്യങ്ങളെ അവലംബിച്ചു പുനർനിർണയിച്ചു. അതിനായി ആക്ഷൻ പ്ലാനുകൾ ഉണ്ടാക്കി അതനുസരിച്ച് പ്രവർത്തനം ആരംഭിച്ചു. ഏതാണ്ട് എല്ലാ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളും സൗകര്യങ്ങളുടെ എണ്ണവും ഗുണനിലവാരവും ഉയർത്തി കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റി. ഒരു ഡോക്ടർ മാത്രം കേവലം ഉച്ചവരെ പ്രവർത്തിച്ചിരുന്ന ഈ സ്ഥാപനങ്ങൾ മൂന്നു ഡോക്ടർമാരെങ്കിലുമുള്ള, വൈകുന്നേരങ്ങൾ വരെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളായി മാറി. 2021 മുതൽ ആർദ്രം പരിപാടിയുടെ രണ്ടാംഘട്ടത്തിൽ പൊതുജനങ്ങളോട് ഏറ്റവും അടുത്തുനിൽക്കുന്ന കുടുംബ ക്ഷേമ ഉപകേന്ദ്രങ്ങളെ ഹെൽത്ത് ആൻഡ് വെൽനസ് സെന്ററുകളാക്കി ഉയർത്തി. ജീവിതശൈലീ രോഗങ്ങളുടെ രോഗനിർണയത്തിനും ചികിത്സയ്-ക്കും ആവശ്യമായ ലബോറട്ടറി സൗകര്യങ്ങളും മരുന്നുകളും വർഷത്തിൽ എല്ലാ സമയത്തും ആവശ്യമായ അളവിൽ ലഭ്യമാകുന്നു എന്നുറപ്പുവരുത്തി. അങ്ങനെ പോകുന്നു നേട്ടങ്ങളുടെ പട്ടിക. ഒരുകാലത്ത് അവശജനവിഭാഗങ്ങൾമാത്രം ആശ്രയിച്ചിരുന്ന നമ്മുടെ സർക്കാരിന്റെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ ഇന്ന് അവർ മാത്രമല്ല ബഹുഭൂരിപക്ഷം ഇടത്തരം സാമ്പത്തികനിലയിലുള്ളവരും ഉപയോഗിക്കുന്നു. നമ്മുടെ മെഡിക്കൽ കോളേജുകളും പുതിയ തലത്തിലുള്ള ആശുപത്രികളും ഏതൊരു കോർപ്പറേറ്റ് ആശുപത്രിയുമായും കിടപിടിക്കാൻ കഴിയുന്ന ആരോഗ്യനിർണയ ചികിത്സാ സൗകര്യങ്ങൾ ലഭിക്കുന്ന ഇടങ്ങളാണ്. അത് ഉത്തരോത്തരം പുരോഗമിച്ചുകൊണ്ടിരിക്കുകയുമാണ്.

നമ്മുടെ രാജ്യത്തുതന്നെ ഏറ്റവുമധികം രോഗാതുരതയുള്ള ഒരിടമാണ് കേരളം. പ്രമേഹത്തിന്റെ തലസ്ഥാനം എന്നുപറയാവുന്ന രീതിയിൽ പ്രമേഹബാധ നമ്മുടെ നാട്ടിലുണ്ട്. മുപ്പത് വയസിനുമേൽ പ്രായമുള്ള ആളുകളിൽ പകുതിയോളം ആളുകൾക്ക് രക്താതിമർദ്ദവും മൂന്നിലൊരാൾക്ക് പ്രമേഹവും എന്ന തോതിൽ ആ രോഗങ്ങൾ വർധിച്ചിട്ടുണ്ട്. ഇവ വൃക്ക രോഗം, ഹൃദയസംബന്ധമായ രോഗങ്ങൾ, തുടങ്ങി ഒട്ടേറെ സങ്കീർണതകളിലേക്ക് നയിക്കുകയും അവർക്ക് ചെലവേറിയ ആധുനിക രോഗനിർണയ/ചികിത്സാ സങ്കേതങ്ങൾ ആവശ്യമായി വരികയും ചെയ്യും. രോഗാതുരതയുടെ കാര്യമെടുത്താൽ, അർബുദബാധകളുടെ കാര്യത്തിലും നാം രാജ്യത്ത്‌ ഒന്നാമതാണ് എന്ന് അവസാന കണക്കുകൾ സൂചിപ്പിക്കുന്നു (ഈ പശ്ചാത്തലത്തിലാണ് ‘ആരോഗ്യം ആനന്ദം’ ‘അകറ്റാം അർബുദം’ എന്ന പേരിൽ നാം പുതിയ ക്യാമ്പയിൻ ആരംഭിച്ചിട്ടുള്ളത്. മറ്റേതൊരു രോഗത്തേക്കാളും ചികിത്സാ ചെലവ് വേണ്ടിവരുന്ന അർബുദ ബാധകളെ കഴിയുമെങ്കിൽ തടയുകയും അതിനു കഴിഞ്ഞില്ലെങ്കിൽ ചികിത്സ ചെലവ് കുറച്ചു മാത്രം വേണ്ടിവരുന്ന പ്രാഥമിക ദശയിൽ തന്നെ ചികിത്സിച്ചു മാറ്റുകയും ചെയ്യുക എന്നതാണ് ‘ആരോഗ്യം ആനന്ദം’ ക്യാമ്പയിന്റെ ലക്ഷ്യം. പാവപ്പെട്ടവർക്ക് മാത്രമല്ല, നമ്മുടെ സമൂഹത്തിലെ ഭൂരിപക്ഷം ഇടത്തരക്കാർക്കും സ്വകാര്യ മേഖലയിലുള്ള ചികിത്സാ ചെലവ് താങ്ങാനാവില്ല. സർക്കാർ ആധുനിക ചികിത്സാ സൗകര്യങ്ങൾ ഒരുക്കുമ്പോൾ, സ്വകാര്യമേഖലക്കും കൂടുതൽ രോഗികളെ നേടുന്നതിനായി ചികിത്സാ ചെലവ് കുറയ്‌ക്കേണ്ടി വരും.

നാഷണൽ ഹെൽത്ത് അക്കൗണ്ടിന്റെ കണക്കുപ്രകാരം, ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിശീർഷ ആരോഗ്യ ചെലവ് വഹിക്കുന്ന സമൂഹം കേരളത്തിലാണ്. എന്നാൽ പലരും ചർച്ചചെയ്യാൻ മടിക്കുന്ന ഒരു പ്രധാന കാര്യം സംസ്ഥാനസർക്കാർ നൽകിവരുന്ന ഗുണനിലവാരമുള്ള സൗജന്യ ചികിത്സയാണ് സാധാരണക്കാരന്റെ ചെലവിനെ പിടിച്ചുനിർത്തുന്നത് എന്നതാണ്. ഉദാഹരണത്തിന്, കേരളത്തിൽ സർക്കാർ ആശുപത്രിയിൽ കിടത്തിചികിത്സയ്-ക്ക് വിധേയയാവുന്ന ഒരാൾക്ക് ഉണ്ടാവുന്ന ശരാശരി ചെലവ് 2871 രൂപയാണെങ്കിൽ സ്വകാര്യ ആശുപത്രിയിൽ അത് 24,978 രൂപയാണ് (https://www.gift.res.in/wp-content/uploads/2024/09/Charting-the-Course-Trends-in-Public-Health-Expenditure-across-Indian-Swathy-Varma-P.R.pdf). കൂടുതൽ കൂടുതൽ ആളുകൾ സർക്കാർ മേഖലയിലേക്ക് ചികിത്സയ്-ക്കായി എത്തുന്ന നിലവിലെ പ്രവണത തുടർന്നാൽ ആരോഗ്യചികിത്സാ ചെലവുകൾ കുറഞ്ഞുവരികതന്നെ ചെയ്യും. കേരളത്തിന്റെ ആതുരശുശ്രുഷാരംഗത്ത് ആദ്യമായി ആരംഭിച്ച ആശുപത്രികൾ സ്വകാര്യമേഖലയിലാണ് എന്നതും സ്വകാര്യമേഖല ഇപ്പോഴും കേരളത്തിന്റെ പൊതുജനാരോഗ്യ മേഖലയുടെ നെടുംതൂണുകളിൽ ഒന്നാണ് എന്നതും വിസ്മരിച്ചുകൊണ്ടല്ല ഇത് പറയുന്നത്. എന്നാൽ, കോർപ്പറേറ്റ് സ്വകാര്യ മേഖലയിൽ സേവനം തേടുന്ന ആളുകൾക്ക് വളരെ ഉയർന്ന അളവിൽ ചികിത്സാ ചെലവ് നേരിടേണ്ടി വരികയും അത് ആളോഹരി ചികിത്സാചെലവിനെ വളരെയധികം വർദ്ധിപ്പിക്കുകയും ചെയ്യുന്ന ഒരു പ്രതിഭാസം കേരളത്തിൽ നിലവിലുണ്ട്. അതിനാൽ ആരോഗ്യരംഗത്തെ അമിതമായ കോർപ്പറേറ്റ് കടന്നുകയറ്റം ചെറുക്കേണ്ടതും സാർവ്വത്രിക ആരോഗ്യ പരിരക്ഷ ഉറപ്പുവരുത്തേണ്ടതുമുണ്ട്. അതായത് കേരള സർക്കാർ നൽകിവരുന്ന സൗജന്യ ചികിത്സ ആളുകളുടെ വ്യക്തിജീവിതത്തിലും കുടുംബ ജീവിതത്തിലും ആശ്വാസമാവുക മാത്രമല്ല ഈ സമൂഹത്തിന്റെ തന്നെ പ്രതിശീർഷ ചികിത്സാ ചെലവിനെ താഴേക്ക് വലിക്കുന്ന ഒരു സാഹചര്യവും ഉണ്ടാക്കിയിട്ടുണ്ട്. അമിതമായ ചികിത്സാ ചെലവ് ഈടാക്കുന്നത് മുന്നിൽ കണ്ട് കോർപ്പറേറ്റ് ശക്തികൾ വൻതോതിൽ മുതൽമുടക്കിയിട്ടുള്ള സ്പെഷ്യാലിറ്റി ചികിത്സയിലുള്ള സർക്കാർ ഇടപെടലുകളിലൂടെയാണ് ഈമാറ്റം സാധ്യമായത്. സ്പെഷ്യാലിറ്റി ചികിത്സ സർക്കാർ മേഖലയിൽ ഏതാണ്ട് അന്യമായിരുന്ന മുൻകാലങ്ങളിൽ നിന്നും വ്യത്യസ്‍തമായി കോർപ്പറേറ്റ് സ്വകാര്യ ആശുപത്രികളുടെ കുത്തകയായിരുന്ന എല്ലാ സൂപ്പർ സ്പെഷ്യാലിറ്റി ചികിത്സകളും സർക്കാർ ആശുപത്രികളിൽ ലഭ്യമാക്കിയത് സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരെ ഒട്ടൊന്നുമല്ല സംരക്ഷിക്കുന്നത്. സംസ്ഥാന സർക്കാർ നടത്തിയ ഇത്തരം ഇടപെടലുകൾ സ്വാഭാവികമായും ആരോഗ്യമേഖലയിലുള്ള മുതലാളിത്ത താൽപര്യങ്ങളെ ഹനിക്കുന്നതാണ്.

നമ്മുടെ സർക്കാർ ആശുപത്രികളിൽ നിലവിൽ ലഭ്യമല്ലാത്ത ചില ചികിത്സാ സൗകര്യങ്ങളുള്ള ആശുപത്രികൾ കോർപ്പറേറ്റ് മേഖലയിൽ സംസ്ഥാനത്തിനകത്തും പുറത്തും ഉണ്ടാകാം. എന്നാൽ അവയെല്ലാം തന്നെ സമീപഭാവിയിൽ നമ്മുടെ ജനങ്ങൾക്ക് അവർക്ക് എത്തിപ്പെടാൻ കഴിയുന്ന സർക്കാർ ആശുപത്രികളിൽ തന്നെ ലഭ്യമാക്കാനുള്ള ശ്രമങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. അതുപോലെ നമ്മുടെ സർക്കാർ ആശുപത്രിയിൽ ചിലയിടങ്ങളിൽ വളരെ വലിയ തിരക്ക് സേവന ദാതാക്കളുടെ അഭാവമോ ഉണ്ടായി എന്നു വരാം. അവയും നികത്തുന്നതിനുള്ള പ്രവർത്തനങ്ങൾ തുടർച്ചയായി നടന്നുകൊണ്ടിരിക്കുകയാണ്. കേരളത്തിലുള്ള അതിസമ്പന്നരല്ലാത്ത ആളുകളെ സംബന്ധിച്ചിടത്തോളം അവരുടെ ചികിത്സയ്ക്ക് ആവശ്യമായ സംവിധാനങ്ങൾ കഴിഞ്ഞ വർഷങ്ങളിൽ എത്രത്തോളം കൂടുതൽ ഒരുങ്ങി എന്നും അവയുടെ ഗുണനിലവാരം എത്ര കണ്ടു മെച്ചപ്പെട്ടു എന്നും നോക്കി വേണം നാം ആരോഗ്യ പുരോഗതിയെ വിലയിരുത്തേണ്ടത്. നമ്മുടെ കൺമുന്നിൽ തന്നെയുള്ള ഈ വസ്തുതകളെ നിരാകരിച്ചുകൊണ്ടാണ് മാധ്യമങ്ങളും പ്രതിലോമ ശക്തികളും കള്ളക്കഥകൾ മെനയുന്നത്.

ലോകത്തെമ്പാടും ചികിത്സാ ചെലവ് ഒരു വലിയ സമസ്യയാണ്. അമേരിക്കൻ ഐക്യനാടുകളുടെ കാര്യമെടുത്താൽ, അതിഭീമമായ ഇൻഷുറൻസ് തുക അടയ്ക്കാൻ കഴിയാത്ത വരോ അതിന് കഴിയുന്ന സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവരോ അല്ല എങ്കിൽ രോഗ ചികിത്സ അന്യമാണ്. അത്തരത്തിൽ ചികിത്സാസൗകര്യമില്ലാത്ത ദശലക്ഷക്കണക്കിന് അമേരിക്കൻ പൗരരെ സഹായിക്കുന്നതിന് വേണ്ടിയാണ് ബരാക്ക് ഒബാമ പ്രസിഡന്റായിരുന്ന സമയത്ത് പ്രത്യേക പാക്കേജുതന്നെ കൊണ്ടുവന്നത്. യൂറോപ്പ്യൻ രാജ്യങ്ങളുടെ കാര്യമെടുത്താൽ എൻഎച്ച്എസ്എസ് പോലെയുള്ള സംവിധാനങ്ങളിലൂടെ ചികിത്സ സൗജന്യമായി നേടാമെങ്കിൽ പോലും അതിനുവേണ്ടി മാസങ്ങളോളം കാത്തിരിക്കേണ്ട സാഹചര്യമാണുള്ളത്. ഇന്ത്യയിലാണെങ്കിൽ, ഒട്ടുമിക്ക സംസ്ഥാനങ്ങളിലും ആയുഷ്മാൻ ഭാരത് പദ്ധതി പ്രകാരം 5 ലക്ഷം രൂപ വരെ ചികിത്സ സഹായം പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും അത് ലഭ്യമാകുന്ന ആളുകളുടെ എണ്ണം തുച്ഛമാണ്. നിതി ആയോഗ് ദാരിദ്ര്യരേഖയ്ക്കു താഴെ എന്ന് കണ്ടെത്തിയിട്ടുള്ള ആളുകൾക്കു മാത്രമേ ഈ സേവനം നൽകാൻ കേന്ദ്രസർക്കാരിന് ബാധ്യതയുള്ളൂ. അതായത് നമ്മുടെ നാട്ടിലെ മഞ്ഞ റേഷൻ കാർഡ് ഉള്ളവർക്കും പിങ്ക് റേഷൻ കാർഡ് ഉള്ളവർക്കും മാത്രം. കേരളത്തെ സംബന്ധിച്ചിടത്തോളം അത് നമ്മുടെ സമൂഹത്തിലെ ഒരു ചെറിയ ശതമാനം മാത്രമേ ഉണ്ടാവുകയുള്ളൂ. മാത്രമല്ല; കിടത്തി ചികിത്സയ്ക്ക് മാത്രമേ ചികിത്സാ സഹായം ലഭിക്കുകയുമുള്ളൂ; അതും പട്ടികപ്പെടുത്തിയിട്ടുള്ള ചില രോഗങ്ങൾക്കു മാത്രം. ഇപ്പറഞ്ഞ രോഗങ്ങൾക്ക് ആയുഷ്മാൻ ഭാരത് പരിപാടി പറയുന്ന റേറ്റിൽ ചികിത്സ നൽകാൻ കഴിയുന്ന സ്ഥാപനങ്ങൾ മറ്റു സംസ്ഥാനങ്ങളിൽ വിരളവും ആണ്. അതുകൊണ്ടുതന്നെ മറ്റു സംസ്ഥാനങ്ങളിൽ പലപ്പോഴും ആയുഷ്മാൻ ഭാരതിൽ അനുവദിച്ചിട്ടുള്ള തുക പോലും പൂർണ്ണമായും വിനിയോഗിക്കപ്പെടുന്നില്ല. അധികമായ തുക കൈക്കലാക്കാൻ അഴിമതിയും നടക്കുന്നുണ്ട് എന്നാണ് പത്രവാർത്തകൾ സൂചിപ്പിക്കുന്നത്. കേരളത്തിലാകട്ടെ, കേന്ദ്രസർക്കാർ അനുവദിക്കുന്ന തുകയോടൊപ്പം അതിന്റെ ഏതാണ്ട് ഇരുപത് ഇരട്ടി കൂടി കണ്ടെത്തിയിട്ടാണ് കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി തന്നെ നടപ്പിലാക്കികൊണ്ടിരിക്കുന്നത്. അതിനും പുറത്താണ് ആശുപത്രികളുടെ ശാക്തീകരണവും ലാബുകൾ നിർമ്മിക്കുന്നതും മരുന്ന് വിതരണം ചെയ്യുന്നതും ഒക്കെ ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ. ആരോഗ്യപ്രശ്നങ്ങൾ അധികരിച്ചുകൊണ്ടിരിക്കുന്ന ഒരു പ്രദേശത്ത് സർക്കാർ ഇടപെട്ട് ആരോഗ്യരക്ഷാ സ്ഥാപനങ്ങളെ ശക്തിപ്പെടുത്തി പൊതുജനാരോഗ്യം കാത്തുസൂക്ഷിക്കുകയും ആളുകൾ തങ്ങളുടെ പോക്കറ്റിൽ നിന്നും ആരോഗ്യ ആവശ്യത്തിന് കൂടുതൽ പണം ചെലവഴിച്ച് ദരിദ്രരാകുന്നത് തടയുകയും ചെയ്യുക എന്നതിന്റെ ഏറ്റവും മികച്ച ഒരു മാതൃകയാണ് കേരളം ഉയർത്തിക്കൊണ്ടുവരുന്നത്. ഈ പ്രവർത്തനത്തെ ഏതെങ്കിലും രീതിയിൽ ദുർബലപ്പെടുത്തുന്നത് ആത്മഹത്യാപരമായിരിക്കും എന്ന് പറയാതെ നിർവാഹമില്ല.

പൊതുജനാരോഗ്യ സൂചികകളുടെ കാര്യത്തിൽ വർഷങ്ങളായി ഇന്ത്യയിൽ ഒന്നാമതാണെങ്കിലും, സുസ്ഥിരവികസന ലക്ഷ്യങ്ങൾ ഏതാണ്ട് എല്ലാം തന്നെ ഇതിനകം കൈവരിച്ചുകഴിഞ്ഞെങ്കിലും ഇനിയും മുന്നോട്ടു കുതിക്കുകയാണ് കേരളത്തിന്റെ ആരോഗ്യം മേഖല. ചികിത്സ തേടി സർക്കാർ സംവിധാനങ്ങളിൽ എത്തുന്നവരുടെ ശതമാനവും എണ്ണവും ദിനംപ്രതി എന്നവണ്ണം വർദ്ധിച്ചുകൊണ്ടിരിക്കുന്നു. പുത്തൻ ചികിത്സാമാർഗങ്ങൾ കോർപ്പറേറ്റ് ആശുപത്രികളിലേക്ക് എത്തുന്നതിനോടൊപ്പമോ അതിനുമുമ്പ് തന്നെയോ നമ്മുടെ സർക്കാർ സംവിധാനങ്ങളിലേക്ക് എത്തുന്നു. പൊതുജനങ്ങളുടെ ആവശ്യാർഥം പുതിയ സ്പെഷ്യാലിറ്റി വകുപ്പുകൾ, അത് കാത്ത് ലാബുകളാകട്ടെ, ഡയാലിസിസ് കേന്ദ്രങ്ങളാകട്ടെ, എല്ലാം താലൂക്കുതലം മുതൽ മുകളിലേക്ക് ആരംഭിച്ചുകൊണ്ടിരിക്കുന്നു. രോഗങ്ങളുടെ കാര്യത്തിൽ ഇത്തരം സങ്കീർണ്ണതകളിലേക്ക് നയിക്കുന്ന മൂലകാരണങ്ങളെ പ്രതിരോധിക്കുന്നതിനായി രോഗപ്രതിരോധത്തിന് ഊന്നൽ നൽകി ഫീൽഡ്തല പ്രവർത്തനങ്ങൾ ഹെൽത്ത് ആൻഡ് വെൽനെസ്സ് സെന്ററുകൾ മുഖാന്തിരം നടത്തുന്നു. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ കുടുംബാരോഗ്യകേന്ദ്രങ്ങൾ ആകുമ്പോൾ അത് ഒരു പേരുമാറ്റം മാത്രമല്ലെന്ന് നമ്മുടെ നാട്ടിലെ ജനങ്ങൾക്ക് ബോധ്യമുള്ള കാര്യമാണ്. മേൽപ്പറഞ്ഞ കാര്യങ്ങളുടെ ശരി–തെറ്റുകൾ ആർക്കെങ്കിലും പരിശോധിക്കണമെങ്കിൽ അതിന് ആവശ്യമായ ഡാറ്റ പൊതുയിടത്ത് വ്യാപകമായി ലഭ്യവുമാണ്, അല്ലെങ്കിൽ തൊട്ടടുത്തുള്ള ആരോഗ്യകേന്ദ്രങ്ങളിലും മെഡിക്കൽ കോളേജുകളിലും പോയി ബോധ്യപ്പെടാവുന്ന കാര്യമാണ്. ഇത്തരത്തിൽ ഒരു വലിയ പ്രവർത്തനം നടക്കുമ്പോൾ അതിൽ കുറ്റങ്ങളും കുറവുകളും സംഭവിക്കാം എന്നതും അവ ശ്രദ്ധയിൽ കൊണ്ടുവരേണ്ടത് നമ്മുടെ ആരോഗ്യസംവിധാനത്തിന്റെ തന്നെ ആവശ്യമാണെന്നതും തർക്കമില്ലാത്ത വസ്തുതയാണ്. എന്നാൽ, ഈ ചെറിയ തെറ്റുകുറ്റങ്ങൾ പരിഹരിക്കാൻ വേണ്ട നിർദ്ദേശങ്ങൾ തേടുന്നതിനു പകരം കേരളത്തിന്റെ പൊതുജനാരോഗ്യ മേഖലയാകെ തകർച്ചയിലാണ് എന്ന് വരുത്തിത്തീർക്കാൻ ശ്രമിക്കുന്നത് ആർക്കുവേണ്ടിയാണ് എന്ന് സമൂഹം ഉറക്കെ ചോദിക്കേണ്ട സമയമാണിത്. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

seventeen + six =

Most Popular