കോവിഡ് കാലം മറക്കാന്‍ അധികനാള്‍ ആയിട്ടില്ല. ലോകമെങ്ങും കോവിഡ് മഹാമാരി ഉയര്‍ത്തിയ ഭീഷണി ചെറുതായിരുന്നില്ല. എങ്ങനെ നേരിടും എന്ന് ലോകം പകച്ചുനിന്ന കാലം. എല്ലാ സൗകര്യങ്ങളും ഉണ്ടെന്നു കരുതപ്പെട്ട ‘സ്വപ്നരാജ്യങ്ങള്‍’ വരെ കോവിഡ് വെല്ലുവിളിയില്‍ തകര്‍ന്നുപോയി. മഹാമാരിയെ നേരിടാന്‍ വേണ്ട പൊതു ആരോഗ്യ സംവിധാനങ്ങളുടെ അഭാവം തിരിച്ചറിഞ്ഞ കാലം. സ്വകാര്യ സൗകര്യങ്ങളും ഇന്‍ഷുറന്‍സ് സംവിധാനവും മഹാമാരിയെ നേരിടാന്‍ ഉതകുന്നതല്ല എന്ന തിരിച്ചറിവ്. പൊതു ആരോഗ്യ സംവിധാനങ്ങളെ തകര്‍ത്ത് കമ്പോളശക്തികള്‍ക്ക് ആരോഗ്യ രംഗം തീറെഴുതിയതിന്റെ പ്രത്യാഘാതം. അത് കൊണ്ടാണല്ലോ പ്രായമായവരുടെയും ദുര്‍ബലരുടെയും കാര്യത്തില്‍ അവഗണിച്ചു മുന്നോട്ടു പോകാം എന്ന നിലപാടു പോലും നിരവധി വികസിത രാജ്യങ്ങള്‍ എടുത്തത്.
ഇന്ത്യയിലും സ്ഥിതി വ്യത്യസ്തമല്ലായിരുന്നു. രാജ്യ തലസ്ഥാനത്തിനരികെ ഭരണത്തിന്റെ ഉന്നതശ്രേണിയിലുള്ളവര്‍ വരെ വന്‍കിട ആശുപത്രികള്‍ക്കു മുന്‍പില്‍ വാഹനത്തില്‍ കാത്തുനിന്ന കാലം – ഓക്സിജന്‍ അടക്കമുള്ള ചികിത്സാസൗകര്യങ്ങള്‍ക്കു വേണ്ടി മാത്രം. അപ്പോൾപിന്നെ പാവപ്പെട്ടവരുടെ കാര്യം പറയുകയേ വേണ്ടല്ലോ. ഇന്ത്യയുടെ തെക്കേ അറ്റത്തെ ഈ കൊച്ചു കേരളത്തിന്റെ സ്ഥിതിയോ? പാവപ്പെട്ടവനും പണക്കാരനുമെന്ന വ്യത്യാസമില്ലാതെ എല്ലാവര്‍ക്കും എല്ലാവിധ ആരോഗ്യ സേവനങ്ങളും നല്‍കിയ ഏക സംസ്ഥാനം കേരളമാണ്.
ചൈനയില്‍ ആദ്യ കോവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ മുതല്‍ പ്രവര്‍ത്തനനിരതമായിരുന്നു കേരളത്തിലെ ആരോഗ്യ വിഭാഗം. ദിവസേനയുള്ള അവലോകന യോഗങ്ങള്‍, തുടര്‍ന്നുള്ള പത്ര സമ്മേളനം എന്നിവയെല്ലാം പ്രവര്‍ത്തനങ്ങളിലെ കൃത്യതയും സുതാര്യതയും ഉറപ്പാക്കി. വുഹാനില്‍ നിന്നും തിരിച്ചെത്തിയവരെല്ലാം രോഗവിമുക്തി നേടിയപ്പോഴും നിതാന്ത ജാഗ്രതയോടെ ഈ സംവിധാനം തുടര്‍ന്നു. യൂറോപ്പില്‍നിന്നും പിന്നീട് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നും ആളുകള്‍ എത്തിത്തുടങ്ങിയപ്പോഴേക്കും ബ്രേക്ക് ദ ചെയിന്‍, – സാമൂഹ്യ അകലം പാലിക്കല്‍ എന്നിവ അനിവാര്യമാക്കിക്കൊണ്ടുള്ള ക്യാമ്പയ്ൻ സര്‍ക്കാര്‍ ആരംഭിച്ചു. കോവിഡ് 19നെ മഹാമാരിയും ദുരന്തവുമായി പ്രഖ്യാപിക്കപ്പെട്ടതോടെ സംസ്ഥാന സര്‍ക്കാര്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു തുടങ്ങി. പരിശോധന സംവിധാനങ്ങള്‍, ഐസൊലേഷന്‍, ക്വാറന്റൈന്‍, കോവിഡ് ആശുപത്രി, CFLTC തുടങ്ങിയ കൃത്യമായ സംവിധാനങ്ങളാണ് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയത്. 2020 ഏപ്രില്‍ 12ന് കണക്കെടുക്കുമ്പോള്‍ കേരളത്തിലെ രോഗ വിമുക്തി ശതമാനം 27.17 ആയിരുന്നു. അതേസമയം രാജ്യത്ത് ഇത് 9.12 ശതമാനമായിരുന്നു. ഇതിനകം കോവിഡ് വ്യാപന രേഖ നിരപ്പായി മാറി. ഏറ്റവും അധികം പേര്‍ രോഗ വിമുക്തി നേടിയതും കേരളത്തില്‍ തന്നെ.
മറ്റു സംസ്ഥാനങ്ങളും ലോക രാഷ്ട്രങ്ങളും കേരളം നടത്തിയ പ്രവര്‍ത്തനങ്ങളെ അത്ഭുതത്തോടെയാണ് വീക്ഷിച്ചത്. ഇന്ത്യയിലെ ഒരു ചെറു സംസ്ഥാനത്തിന് ഇതെങ്ങനെ സാധിക്കുന്നു എന്നതാണ് പലര്‍ക്കും പ്രഹേളിക യായി തോന്നിയത്. സംസ്ഥാന ഭരണ നേതൃത്വം മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ നടത്തിയ ശ്ലാഘനീയമായ പ്രവര്‍ത്തനങ്ങള്‍ ഏവര്‍ക്കും മാതൃകയായി മാറി. ഒപ്പം കേരളം മറ്റു സംസ്ഥാനങ്ങളില്‍ നിന്നും വ്യത്യസ്തമായ വികസന മാതൃക തുടരുന്നു എന്നതും പ്രധാനമാണ്.
ഐക്യകേരള രൂപീകരണ വേളയില്‍ സംസ്ഥാനത്തിന്റെ ആരോഗ്യ നിലവാരം ആശാവഹമായിരുന്നില്ല. ഏതാണ്ട് എല്ലാ ആരോഗ്യ സൂചികകളിലും കേരളം മെച്ചപ്പെട്ട നിലയില്‍ ആയിരുന്നില്ല. ഇ. എം. എസ്. നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിലുള്ള ആദ്യ കേരള മന്ത്രിസഭ ഭൂപരിഷ്കരണത്തിനൊപ്പം വിദ്യാഭ്യാസത്തിലും ആരോഗ്യത്തിലും ഊന്നല്‍ നല്‍കുന്ന സമീപനമാണ് കൈക്കൊണ്ടത്. കേരളത്തിന്റെ വികസന പാതയുടെ അടിസ്ഥാനം ഉറപ്പിച്ചതങ്ങനെയാണ്. തുടര്‍ന്നുവന്ന സര്‍ക്കാരുകളെല്ലാം ഏറെക്കുറെ ഈ പാത തന്നെ തുടരാന്‍ നിര്‍ബന്ധിതമായി.
രാജ്യത്തെ പൊതു ആരോഗ്യ സംവിധാനം ഒരുപോലെ എന്ന നിലയിലാണ് ചിട്ടപ്പെടുത്തിയിരുന്നത്. 1946 ല്‍ തന്നെ ഇത്തരമൊരു കാഴ്ചപ്പാട് വന്നിരുന്നു. ഭോര്‍ കമ്മിറ്റി റിപ്പോര്‍ട്ട് അങ്ങനെയൊരു ശുപാര്‍ശ ആണ് സമര്‍പ്പിച്ചിരുന്നത്. എന്നാല്‍ അത് വിപുലപ്പെടുത്തി പ്രവൃത്തിപഥത്തില്‍ എത്തിക്കുന്നതിനും ജനകീയമാക്കുന്നതിനും ഏവര്‍ക്കും പ്രാപ്യമാക്കുന്നതിനും കേരളത്തിന്റെ വികസന സമീപനത്തിന് കഴിഞ്ഞു. ചുരുങ്ങിയ കാലംകൊണ്ടാണ് കേരളം മുന്നോട്ടു കുതിച്ചത്. അതുകൊണ്ടുതന്നെ എണ്‍പതുകളില്‍ ലോകാരോഗ്യ സംഘടന ‘രണ്ടായിരമാണ്ടോടെ എല്ലാവര്‍ക്കും ആരോഗ്യം’ എന്ന മുദ്രാവാക്യം ഉയര്‍ത്തിയപ്പോള്‍ അതില്‍ സൂചിപ്പിച്ച സൂചകങ്ങളുടെ അടിസ്ഥാനത്തിലുള്ള ലക്ഷ്യങ്ങളില്‍ പലതും നാം അന്നുതന്നെ നേടിക്കഴിഞ്ഞിരുന്നു.
പില്‍ക്കാലത്ത് എണ്‍പതുകളിലെയും തൊണ്ണൂറുകളിലെയും ഉദാരവത്ക്കരണവും ആഗോളവത്ക്കരണവും ഇന്ത്യയൊട്ടാകെ സേവന മേഖലകളില്‍ ആഘാതം സൃഷ്ടിച്ചു. ആരോഗ്യ മേഖലയില്‍ പൊതുജനാരോഗ്യ സംവിധാനം തകര്‍ച്ചയുടെ പാതയിലേക്ക് നീങ്ങുകയായിരുന്നു അന്ന്. ഇതിനെ മറികടക്കുന്നതിനു കൂടിയാണ് 1996 ല്‍ ഇ. കെ. നായനാരുടെ നേതൃത്വത്തില്‍ അധികാരമേറ്റ ഇടതു ജനാധിപത്യ മുന്നണി സര്‍ക്കാര്‍ ജനകീയാസൂത്രണം ആരംഭിക്കുന്നത്. അക്കാലം മുതല്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രാദേശിക പദ്ധതികളെല്ലാം കുടിവെള്ളം, ശുചിത്വം, പാര്‍പ്പിടം തുടങ്ങിയ മേഖലകളിലാണ് ഊന്നല്‍ നല്‍കിയത്. ഇവയെല്ലാം ആരോഗ്യത്തിന്റെ അടിസ്ഥാന ഘടകങ്ങളാണല്ലോ. ഇതോടൊപ്പമാണ് അവര്‍ ആരോഗ്യ സ്ഥാപനങ്ങളുടെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്കും വികസന പ്രവര്‍ത്തനങ്ങള്‍ക്കും തുടക്കംകുറിച്ചത്.
തൊണ്ണൂറുകളുടെ ആദ്യപാദങ്ങളില്‍ പ്രാദേശിക ആരോഗ്യ സ്ഥാപനങ്ങളില്‍ പുതിയ വികസനത്തിന് സാധ്യത ഇല്ലാതെ വികസന മുരടിപ്പ് അനുഭവപ്പെട്ടിരുന്നൂയെങ്കില്‍, ജനകീയാസൂത്രണത്തിന്റെ വരവോടെ ആരോഗ്യ സ്ഥാപനങ്ങള്‍ കൂടുതല്‍ ശക്തിയാര്‍ജിക്കുകയാണ് ചെയ്തത്. ആരോഗ്യവും ആരോഗ്യ സ്ഥാപനങ്ങളും പ്രധാന അജൻഡ ആയി മാറി.
പിന്നീട് 2016 ല്‍ അധികാരമേറിയ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ നവകേരള കര്‍മപദ്ധതി പ്രഖ്യാപിച്ചു. ഇതിനകം നാം നേടിയ നേട്ടങ്ങളില്‍ ഊറ്റംകൊള്ളുമ്പോഴും ഇനിയും ശ്രദ്ധിക്കേണ്ട പുതിയ പ്രശ്നങ്ങള്‍ ഉണ്ടെന്ന തിരിച്ചറിവാണ് അതിലേക്കു നയിച്ചത്. അവിടെയാണ് ആര്‍ദ്രം ദൗത്യത്തിന്റെ പ്രസക്തി. പുതിയ കാലത്തിന്റെ ആവശ്യകതകള്‍ക്കും പ്രശ്നങ്ങള്‍ക്കും പരിഹാരമായി ആരോഗ്യ സംവിധാനത്തെ പുത്തന്‍ തലത്തില്‍ എത്തിക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് ആര്‍ദ്രത്തിലൂടെ സര്‍ക്കാര്‍ വിഭാവനം ചെയ്തത്.
താഴെ തട്ടില്‍ സബ് സെന്റര്‍ – കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ മുതല്‍ മെഡിക്കല്‍ കോളേജുകളടക്കം എല്ലാ തലത്തിലും ആരോഗ്യ സംവിധാനങ്ങള്‍ ഉടച്ചുവാര്‍ക്കപ്പെട്ടു. ഏറ്റവും നവീന പരിശോധന, – ചികിത്സാ ഉപകരണങ്ങളും സംവിധാനങ്ങളും വ്യാപകമായി ഏര്‍പ്പെടുത്തി. സംസ്ഥാന തലസ്ഥാനത്തും ചില മുഖ്യ കേന്ദ്രങ്ങളിലും മാത്രം എന്ന സ്ഥിരം രീതിക്കുപകരം എല്ലാ ജില്ലകളിലും പരമാവധി ചികിത്സാ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തി.
കേരള ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ തസ്തികകള്‍ ചുരുങ്ങിയ കാലയളവില്‍ ആരോഗ്യവകുപ്പില്‍ സൃഷ്ടിക്കുകയും എല്ലാവരുടെയും കാര്യശേഷി വര്‍ദ്ധിപ്പിക്കുവാനുള്ള ശ്രമം ആരംഭിക്കുകയും ചെയ്തത് ഇക്കാലയളവിലാണ്. ഇങ്ങനെ ശക്തമായ അടിത്തറയില്‍ നിന്നതിനാൽ, കോവിഡ് പോലെ ഒരു പ്രശ്നം വന്നപ്പോള്‍ എത്രയും വേഗം അതിനെ നേരിടാനുള്ള സംവിധാനമൊരുക്കാന്‍ ആരോഗ്യ മേഖല സുസജ്ജമായിരുന്നു. അതെല്ലാം ഇന്ന് എത്ര പ്രസക്തമാണെന്നു വ്യക്തമാകുന്നു.
ഇക്കാലയളവില്‍ നാം ശക്തിപ്പെടുത്തിയ സംവിധാനമാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍. ജനകീയാസൂത്രണം ആരംഭിക്കുമ്പോള്‍ തന്നെ വ്യക്തമാക്കിയ ഒരു കാര്യമുണ്ട് – അധികാര വികേന്ദ്രീകരണം സേവന മേഖലകളില്‍ നിന്നും സര്‍ക്കാരുകള്‍ പിന്തിരിയുന്നതിനുവേണ്ടിയാണെന്ന് ചിലര്‍ പറയുന്നതിനിടയില്‍ യഥാർത്ഥത്തിൽ പിന്‍വലിയുന്നതിനു പകരം സര്‍ക്കാരുകള്‍ കൂടുതല്‍ ജനങ്ങളിലേക്ക് എന്ന ബദല്‍ മാര്‍ഗമാണ് കേരളം മുന്നോട്ടു വച്ചത് എന്നതാണ് അത്.
ആര്‍ദ്രം ദൗത്യത്തിലൂടെ ആരോഗ്യമേഖലയുടെ പുനഃസംഘാടനമാണ് ലക്ഷ്യമിട്ടത്. നവകേരള കര്‍മപരിപാടിയുടെ ഭാഗമായി ആരോഗ്യം ഒരു മുഖ്യ വിഷയമായി എടുത്തപ്പോള്‍ നെറ്റിചുളിച്ചവരുണ്ട്, ചോദ്യമുയര്‍ത്തിയവരുണ്ട്. ആരോഗ്യ രംഗത്ത് ഇതിനകംതന്നെ മുന്നില്‍നില്‍ക്കുന്ന സംസ്ഥാനമെന്ന നിലയില്‍ ഇനിയും അതിനാണോ പ്രാധാന്യം നല്‍കേണ്ടതെന്ന് ചോദിച്ചവരുണ്ട്. എന്നാല്‍ അവിടെയാണ് ഒന്നാം പിണറായി സര്‍ക്കാര്‍ ദീര്‍ഘവീക്ഷണത്തോടെയുള്ള സമീപനം കൈക്കൊണ്ടത്. നേടിയ നേട്ടങ്ങള്‍ക്കിടയിലും ന്യൂനതകളുണ്ട്, നേടിയവ നിലനിര്‍ത്തേണ്ടതുണ്ട്, പുത്തന്‍ പ്രശ്നങ്ങള്‍ ഉയര്‍ന്നുവരുന്നുണ്ട്, ഇനിയുമുണ്ടാകാം, ആവശ്യങ്ങളും കൂടുന്നു. ഇതിനാവശ്യമായ പരിപാടികളും സമീപനവും ആവശ്യമാണ്. അങ്ങനെയാണ് ആര്‍ദ്രം ദൗത്യം രൂപീകരിക്കപ്പെടുന്നത്.
ആരോഗ്യ സംവിധാനത്തിന്റെ പൊളിച്ചെഴുത്താണ് വിഭാവനം ചെയ്തത്. അതില്‍ ആവശ്യമായ സൗകര്യങ്ങള്‍, നൂതന സാങ്കേതികവിദ്യകള്‍ എന്നിവയെല്ലാം ഒരുക്കുക എന്നതായിരുന്നു ദൗത്യം. പൊതു ആരോഗ്യസംവിധാനം ആധുനികവത്കരിക്കപ്പെട്ടു എന്നതാണ് മാറ്റം. ആ ദൗത്യത്തിന്റെ മാറ്റുരയ്ക്കലാണ് കോവിഡ് കാലത്ത് നാം കണ്ടത്, ഫലപ്രദമാണ് എന്ന് ഉറപ്പിച്ചത്. ഇതുവഴി ഏറ്റവും താഴെതട്ടില്‍വരെ പൊതു ആരോഗ്യ സംവിധാനം ശക്തിപ്പെട്ടു. വിവിധ പരിശോധനകള്‍, ആരോഗ്യ പ്രക്രിയകള്‍ എന്നിവയെല്ലാം താഴെതട്ടില്‍ എത്തി. ഏവര്‍ക്കും പ്രാപ്യമാണ് എന്നുറപ്പ് വരുത്തി.
ഇതെല്ലാം എഴുതുമ്പോള്‍ മറ്റു സ്ഥലങ്ങളിലെ സ്ഥിതിയും പരിശോധിക്കപ്പെടണം. ഈ ലേഖനത്തിന്റെ ആദ്യം സൂചിപ്പിച്ചതുപോലെ കേരളം രൂപീകൃതമാകുമ്പോള്‍ നമ്മുടെ ആരോഗ്യനിലവാരം മറ്റു പല സംസ്ഥാനങ്ങളേക്കാള്‍ പുറകിലായിരുന്നു. ആദ്യ സര്‍ക്കാർ നടത്തിയ ഇടപെടലും ഒരുക്കിയ വികസനദിശയുംമൂലം ചുരുങ്ങിയ കാലംകൊണ്ട് ആരോഗ്യരംഗത്ത് ഒന്നാം സ്ഥാനത്തെത്തുന്നതിന് നമുക്കായി. ഇക്കഴിഞ്ഞ ഒന്‍പതു വര്‍ഷങ്ങളാകട്ടെ നവ ആരോഗ്യ കേരളം എന്ന് വിളിക്കാവുന്ന രീതിയിലായിരുന്നു ഇടപെടലുകള്‍. മെഡിക്കല്‍ കോളേജുകളിലെല്ലാം പുതിയ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയതിനാല്‍ ഇതര സ്വകാര്യ ആശുപത്രികളിലെ സംവിധാനങ്ങളോട് കിടപിടിക്കുന്നതായി. രാജ്യത്തെ തന്നെ മികച്ച മെഡിക്കല്‍ കോളേജുകളുടെ പട്ടികയില്‍ നമ്മുടെ വിവിധ മെഡിക്കല്‍ കോളേജുകള്‍ ഇടം നേടിയെന്നത് അഭിമാനാര്‍ഹമാണ്.
ഇത് വെറുതെ നേടിയതല്ല. മുന്‍പ് സൂചിപ്പിച്ചതു പോലെ ദീര്‍ഘവീക്ഷണത്തോടെയുള്ള ആസൂത്രണവും അതിനായി നടത്തിയ പരിശ്രമങ്ങളുമാണ് അടിസ്ഥാനം. രണ്ടാം പിണറായി സര്‍ക്കാരിന്റെ കാലയളവില്‍ തന്നെ ഇതിനകം ആരോഗ്യ വകുപ്പില്‍ പതിനായിരം കോടി രൂപയുടെ അടിസ്ഥാന വികസന പ്രവര്‍ത്തനങ്ങളാണ് നടന്നത്. ഏറെ സാമ്പത്തിക പ്രതിസന്ധികള്‍ നേരിട്ടിരുന്ന കാലത്താണിത് എന്നോര്‍ക്കണം. കിഫ്ബിയുടെ സഹായം ഇതില്‍ പ്രധാനമാണ്. ആരോഗ്യ മേഖലയിലെ എല്ലാ തലങ്ങളിലുമാണ് മാറ്റമുണ്ടായത്.
ഇതേ ഘട്ടത്തില്‍ മറ്റു സംസ്ഥാനങ്ങളിലെ ആരോഗ്യ സംവിധാനങ്ങളെക്കുറിച്ചുകൂടി അന്വേഷിക്കേണ്ടതാണ്. നഗര കേന്ദ്രീകൃതമായ ചില വന്‍ ആശുപത്രി സംവിധാനങ്ങള്‍ക്കപ്പുറം സാധാരണ ജനങ്ങള്‍ക്ക് പ്രാപ്യമായ പൊതുആരോഗ്യ സംവിധാനം തീരെ ശുഷ്കിച്ചിരിക്കുന്നതാണ് മിക്ക സംസ്ഥാനങ്ങളിലെയും സ്ഥിതി. അത്തരം സൗകര്യങ്ങള്‍ ഉണ്ടെങ്കില്‍ പോലും ഡോക്ടറോ മറ്റ് ആരോഗ്യ പ്രവര്‍ത്തകരോ ഉണ്ടാകില്ല. സൗകര്യങ്ങളും കുറവ്; സേവനങ്ങളും കുറവ്. കിലോമീറ്ററുകള്‍ താണ്ടി മാത്രമേ പൊതു ആരോഗ്യ സംവിധാനങ്ങളില്‍ എത്താന്‍ കഴിയൂ. രാജ്യ തലസ്ഥാനത്തെ സ്ഥിതിപോലും വ്യത്യസ്തമല്ല.
2022–2023 കാലയളവിലെ കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയത്തിന്റെ കണക്കുതന്നെ പരിശോധിക്കാം. ഈ താരതമ്യം സബ് സെന്ററില്‍ നിന്ന് തുടങ്ങാം. കുറഞ്ഞത് അയ്യായിരം പേര്‍ക്ക് ഒരു സബ് സെന്റര്‍ വേണം എന്നതാണ് പൊതു കാഴ്ചപ്പാട്. മൂവായിരത്തില്‍ താഴെ ആളുകള്‍ക്ക് ഒരു സബ് സെന്റര്‍ എന്നതാണ് കേരളത്തിന്റെ സ്ഥിതി. ബീഹാറിലും ഝാര്‍ഖണ്ഡിലും എഴായിരത്തിനും പതിനായിരത്തിനും അധികം പേര്‍ക്ക് ഒരു സബ് സെന്റര്‍ എന്നതാണ് സ്ഥിതി. ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, മഹാരാഷ്ട്ര, ആസ്സാം, ഒഡിഷ തുടങ്ങിയവയിലെല്ലാം അയ്യായിരത്തിനും എഴായിരത്തിനും ഇടയ്ക്ക് ആളുകൾക്കാണ് ഒരു സബ് സെന്റര്‍.
ഇതാണ് സബ്സെന്ററുകളുടെ കാര്യത്തിലെ സ്ഥിതിയെങ്കില്‍ പതിനായിരത്തിനും ഇരുപതിനായിരത്തിനും ഇടയിലുള്ള ആളുകള്‍ക്ക് ഒരു പ്രാഥമിക ആരോഗ്യ കേന്ദ്രം എന്നതാണ് കേരളത്തിന്റെ സ്ഥിതി. കര്‍ണാടകവും ഒപ്പമുണ്ട്. ഏറെ കൊട്ടിഘോഷിക്കുന്ന ഉത്തര്‍പ്രദേശിലും ഝാര്‍ഖണ്ഡിലും ബീഹാറിലും അന്‍പതിനായിരത്തിലധികം പേര്‍ക്കാണ് പേരിനെങ്കിലും ഒരു പ്രാഥമിക ആരോഗ്യ കേന്ദ്രം. കേരളത്തില്‍ മിക്ക പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളേയും ഉയര്‍ന്ന സൗകര്യങ്ങളുള്ള കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റിയത് ഇക്കഴിഞ്ഞ ഒന്‍പതു വര്‍ഷത്തിനിടയിലാണ്.
അടുത്ത തലം കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററുകളാണ്. ഒരു ലക്ഷത്തില്‍ താഴെ ആളുകള്‍ക്ക് ഒരു സാമൂഹ്യ ആരോഗ്യ കേന്ദ്രം ആണ് കേരളത്തില്‍ പ്രവര്‍ത്തിച്ചുവരുന്നതെങ്കില്‍ ബീഹാര്‍, കര്‍ണാടക, തെലങ്കാന, ആന്ധ്ര പ്രദേശ് എന്നിവിടങ്ങളിലെല്ലാം രണ്ടു ലക്ഷത്തിനും എട്ടു ലക്ഷത്തിനും മുകളിൽ ആളുകൾക്കാണ് ഒരു സാമൂഹ്യ ആരോഗ്യ കേന്ദ്രം. ഇവയിലാകട്ടെ ഡോക്ടര്‍മാരും ഇതര സൗകര്യങ്ങളും കേരളത്തോട് കിടപിടിക്കാന്‍ ആവില്ല. അത്രമാത്രമുണ്ട് വ്യത്യാസം. ഉത്തര്‍ പ്രദേശ്,ഗുജറാത്ത്, മധ്യപ്രദേശ്, ഛത്തീസ്ഗഢ്-, ഒഡീഷ, ഝാര്‍ഖണ്ഡ്, പശ്ചിമബംഗാള്‍ എന്നിവിടങ്ങളിലെല്ലാം രണ്ടു ലക്ഷം ആളുകള്‍ക്കാണ് ഒരു സാമൂഹ്യ ആരോഗ്യ കേന്ദ്രം.
മറ്റൊരു കണക്കുകൂടി പരിശോധിക്കാം. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലെ ഡോക്ടര്‍മാരുടെ എണ്ണം സംബന്ധിച്ചാണത്. 14 ജില്ലകള്‍ മാത്രമുള്ള, 1666 വില്ലേജുകളുള്ള കേരളത്തില്‍ 1525 ഡോക്ടര്‍മാരാണ് പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലുള്ളത്. ഇപ്പോള്‍ കുടുംബാരോഗ്യ കേന്ദ്രങ്ങളായി മാറിയപ്പോള്‍ ഈ എണ്ണം ഇതിലും അധികമാണ്. ഇതേ അവസരത്തില്‍ 75 ജില്ലകളുള്ള 110138 വില്ലേജുകളുള്ള ഉത്തര്‍പ്രദേശില്‍ ആകെ 2827 ഡോക്ടര്‍മാര്‍ മാത്രമേ ഉള്ളൂ. ഇവരില്‍ പലരും രംഗത്തില്ല എന്നതാണ് ജനങ്ങളുടെ അനുഭവം. 33 ജില്ലകളും 46863 വില്ലേജുകളുമുള്ള രാജസ്ഥാനിലെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളില്‍ ആകെ 2236 ഡോക്ടര്‍മാരും, 33 ജില്ലകളും 19034 വില്ലേജുകളുള്ള ഗുജറാത്തില്‍ 1558 ഡോക്ടര്‍മാരും മാത്രമേ ഉള്ളൂ. ഈ അന്തരമാണ് കേരളത്തെ വ്യത്യസ്തമാക്കുന്നത്.
പ്രളയവും കോവിഡും പിടിച്ചുകുലുക്കിയെങ്കിലും നവകേരള സൃഷ്ടിയില്‍ ഏറ്റവും പ്രധാനപ്പെട്ട മേഖലയായി ആരോഗ്യത്തെ കണക്കാക്കുകയും പുതിയ കാലത്തിനനുസരിച്ച് രണ്ടാം തലമുറ പ്രശ്നങ്ങളെ നേരിടുകയും ചെയ്യുന്നതിനുള്ള പ്രവര്‍ത്തനങ്ങൾക്ക് ഭൗതിക സാഹചര്യമൊരുക്കുക എന്ന ബൃഹത്തായ പദ്ധതിക്കാണ് കേരളം സാക്ഷ്യംവഹിക്കുന്നത്. മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് ഏറെ മുന്നിലാണ് കേരളമെങ്കില്‍ അതിനും അപ്പുറം എന്ന രീതിയില്‍ ലോക നിലവാരം ഉറപ്പാക്കുന്ന പ്രവര്‍ത്തനങ്ങളാണ് മെഡിക്കല്‍ കോളേജ് മുതല്‍ സബ് സെന്റര്‍ വരെ നടന്നുവരുന്നത്. ഏറ്റവും പ്രാദേശികമായ തലത്തിലും മെച്ചപ്പെട്ട ഭൗതിക സാഹചര്യങ്ങളും സേവനങ്ങളും ഉറപ്പാക്കുകയാണ് ലക്ഷ്യം. ഈ സേവനങ്ങൾ ലഭിക്കുന്ന കാര്യത്തിൽ ഒരാളും പിന്നിലാകരുത് എന്ന രാഷ്ട്രീയ ഇച്ഛാശക്തിയുടെ നേര്‍ക്കാഴ്ചയാണ് കേരളത്തിലെ പൊതു ആരോഗ്യ രംഗത്തെ ഇന്നത്തെ ഭൗതിക സാഹചര്യനിലവാരത്തിൽ നമ്മള്‍ കാണുന്നത്. l
(സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അംഗവും കില മുന്‍ ഡയറക്ടര്‍ ജനറലുമാണ് ലേഖകൻ)



