2007ൽ തിരുവനന്തപുരത്ത് സംസ്ഥാന സർക്കാരിന്റെ പൂർണ്ണ ഉടമസ്ഥതയിലുള്ള കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ (കെഎംഎസ്-സിഎൽ) രൂപീകരിക്കപ്പെട്ടു. സർക്കാർ ആശുപത്രികളിലൂടെ എല്ലാ വിഭാഗം ജനങ്ങൾക്കും സൗജന്യമായി ഗുണമേന്മയുള്ള ജനറിക് മരുന്നുകൾ വിതരണം ചെയ്യുക, ആശുപത്രികൾക്ക് ആവശ്യമായ ചികിത്സാ സാമഗ്രികളും ഉപകരണങ്ങളും സാർവത്രികമായി ലഭ്യമാക്കുക, പൊതുജനാരോഗ്യ സംരക്ഷണം ശക്തിപ്പെടുത്തുക എന്നിവയാണ് ഈ സ്ഥാപനത്തിന്റെ പ്രധാന ലക്ഷ്യങ്ങൾ. 14 ജില്ലകളിലും ജില്ലാ മരുന്ന് സംഭരണ കേന്ദ്രങ്ങൾ സ്ഥാപിച്ചുകൊണ്ട് കെഎംഎസ്-സി എൽ 2018 ഏപ്രിലിൽ പ്രവർത്തനമാരംഭിച്ചു.
ഇന്ന് കേരളത്തിൽ ജനകീയാരോഗ്യ കേന്ദ്രങ്ങൾ മുതൽ മെഡിക്കൽ കോളേജുകൾ വരെയുള്ള 7890 ൽപ്പരം ആരോഗ്യ സ്ഥാപനങ്ങളിലേക്ക് ആവശ്യമായിവരുന്ന സൗജന്യ മരുന്നുകൾ , ആധുനികസൗകര്യങ്ങളോടുകൂടിയ ആശുപത്രികൾ, രോഗനിർണയ കേന്ദ്രങ്ങൾ, പരിശോധനശാലകൾ, എക്സ്-റേ, സ്കാനിങ് , ആംബുലൻസ് എന്നീ സൗകര്യങ്ങളെല്ലാം ഒരുക്കിയെടുക്കുന്നതിനു കഴിയുന്ന വിധത്തിൽ ഈ കോർപ്പറേഷൻ മാറിക്കഴിഞ്ഞു.
മരുന്ന്, ആശുപത്രി ഉപകരണങ്ങൾ എന്നിവയുടെ സംഭരണത്തിൽ ഇ–-ദർഘാസ് ക്ഷണിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ മെഡിക്കൽ സർവീസ് കോർപ്പറേഷൻ കേരള മെഡിക്കൽ സർവീസ് കോർപ്പറേഷനാണ്. ദേശീയ തലത്തിൽ ക്ഷണിക്കുന്ന മത്സര ദർഘാസ് നടപടിക്രമങ്ങളിലൂടെ മരുന്നുകളും അനുബന്ധസാമഗ്രികളും സംഭരിച്ച് നൽകിവരുന്നു.
മുഖ്യപ്രവർത്തനങ്ങൾ
1. അവശ്യമരുന്നുകളുടെയും സ്പെഷ്യാലിറ്റി മരുന്നുകളുടെയും വാങ്ങലും സംഭരണവും വിതരണവും.
2. ആശുപത്രി ഉപകരണങ്ങളുടെ വാങ്ങലും അവയുടെ പരിപാലനവും.
3. റണ്ണിംഗ് കരാർ അടിസ്ഥാനത്തിൽ ആശുപത്രി ഉപകരണങ്ങളുടെ വാങ്ങൽ.
4. കാരുണ്യ കമ്മ്യൂണിറ്റി ഫാർമസിയുടെ പ്രവർത്തനങ്ങൾ.
5. ആധുനിക മരുന്നുസംഭരണശാലകൾ.
6. കനിവ് 108 ആംബുലൻസ് സർവ്വീസ്.
7. മരുന്നുകളുടെ ഗുണമേന്മ ഉറപ്പാക്കലും നിയന്ത്രണവും.
8. വിവരസാങ്കേതികവിദ്യയുടെ ഉപയോഗം.
9. ടെലിറേഡിയോളജി
10. സഞ്ചരിക്കുന്ന ചികിത്സാകേന്ദ്രം.
11. എഞ്ചിനീയറിംഗ് / പ്രോജക്ട് സേവനം.
12. സംസ്ഥാനത്തെ തെരഞ്ഞെടുക്കപ്പെട്ട പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ ആർദ്രം പദ്ധതിയിൽ ഉൾപ്പെടുത്തി കുടുംബാരോഗ്യകേന്ദ്രങ്ങളാക്കി മാറ്റുന്നതിനുള്ള ഉപകരണങ്ങൾ വാങ്ങിനൽകൽ.
1. അവശ്യമരുന്ന് സംഭരണ വിഭാഗം-
ഈ സാമ്പത്തിക വർഷത്തിൽ (2025-–26) ജനങ്ങളുടെ ആരോഗ്യ സംരക്ഷണത്തിന് ആവശ്യമായ 412 ജനറിക് മരുന്നുകൾ, 162 അനുബന്ധ സാമഗ്രികൾ, അർബുദരോഗ ചികിത്സയ്ക്കാവശ്യമായ 117 മരുന്നുകൾ എന്നിവ ഉൾപ്പെടെ 688 അവശ്യമരുന്നുകളാണ് ആവശ്യമുള്ള മാത്രയിൽ സർക്കാർ ആരോഗ്യകേന്ദ്രങ്ങളിലൂടെ സൗജന്യമായി ലഭ്യമാക്കിയിട്ടുള്ളത്. അവശ്യമരുന്നുപട്ടികയിൽ ഉൾപ്പെടാത്തതും സർക്കാർ കോളേജുകളിലെ സ്പെഷ്യാലിറ്റി / സൂപ്പർ സ്പെഷ്യാലിറ്റി വിഭാഗങ്ങളിലെ രോഗികൾക്ക് ആവശ്യമുള്ളതുമായ 149 ഇനം സ്പെഷ്യാലിറ്റി മരുന്നുകൾ കഴിഞ്ഞ സാമ്പത്തിക വർഷം മുതൽ ലഭ്യമാക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചു.
ഗുണമേന്മയും സുരക്ഷിതത്വവും പ്രയോഗക്ഷമവുമായ മരുന്നുകൾ വാങ്ങുന്നതിലേയ്ക്കായി സുതാര്യവും ശക്തവും നിയമ വ്യവസ്ഥാപിതവുമായ നടപടികൾ ഏർപ്പെടുത്തി. മാത്രമല്ല, ജീവൻരക്ഷാമരുന്നുകളുടെ കാര്യക്ഷമത നഷ്ടപ്പെടാതിരിക്കുന്നതിനുവേണ്ടി ശാസ്ത്രീയമായ രീതിയിൽ സംഭരിക്കുന്നുതിനുള്ള സൗകര്യം ഏർപ്പെടുത്തി. കേരളത്തിലെ എല്ലാ ആശുപത്രികളിലും ഇന്ന് ശാസ്ത്രീയമായി മരുന്നു സൂക്ഷിക്കുന്നതിനുള്ള സംവിധാനം നിലവിലുണ്ട്.
ലക്ഷ്യങ്ങൾ
1. ആശുപത്രികളിലേയ്ക്കാവശ്യമായ മരുന്നുകളുടെ സംഭരണത്തിനും, വിതരണത്തിനും സുതാര്യതയും ഗുണമേന്മയും ഉറപ്പാക്കൽ.
2. ശാസ്ത്രീയമായ വിതരണ ശൃംഖല സ്ഥാപിക്കുക വഴി മരുന്നിനുള്ള ബജറ്റ് വിഹിതം ഫലപ്രദമായി ഉപയോഗിക്കുക.
3. ഫസ്റ്റ് എക്സ്പയറി ഫസ്റ്റ് ഔട്ട് എന്ന മുൻഗണനാക്രമത്തിൽ മരുന്നുകൾ വിതരണം ചെയ്യുക വഴി മരുന്ന് സംഭരണത്തിൽ നിയന്ത്രണം ഏർപ്പെടുത്തുക.
4. മരുന്നുകളുടേയും ചികിത്സാസാമഗ്രികളുടേയും ഗുണനിലവാരം നിയന്ത്രിക്കുന്നതിലേയ്ക്കായി യുക്തമായ നടപടികൾ സ്വീകരിക്കുക.
5. ഇ–ദർഘാസുകൾ, ഇ–സംഭരണം തുടങ്ങി വിവരസാങ്കേതികവിദ്യയുടെ സഹായത്താൽ മരുന്നുകൾ സംഭരിക്കുന്നതിനും വിതരണം ചെയ്യുന്നതിനുമുള്ള നടപടിക്രമങ്ങൾ കാര്യക്ഷമമാക്കുക.
6. സർക്കാർ ആശുപത്രികളിലെ മരുന്നുകളുടെ സ്റ്റോക്ക് വിവരം സോഫ്റ്റ്-വെയർ വഴി കോർപ്പറേഷൻ നിരീക്ഷിച്ച് ആവശ്യമായ അളവിൽ മരുന്നു ലഭ്യത ഉറപ്പാക്കുക.
7. നിലവിലുള്ള സംഭരണശാലകളിലെ അടിസ്ഥാനസൗകര്യങ്ങൾ മെച്ചപ്പെടുത്തുക.
8. സംഭരണശാലകളിൽ നിന്നും ആശുപത്രികളിലേക്ക് മരുന്ന് എത്തിക്കുന്നതിനുള്ള ഗതാഗത സൗകര്യം ഏർപ്പെടുത്തുക.
9. ഹീമോഫീലിയ മരുന്നുകൾ സൗജന്യമായി നൽകുക.
10. സംസ്ഥാനത്തെ എല്ലാ സർക്കാർ ആശുപത്രികളിലെയും ഫാർമസി കമ്പ്യൂട്ടർവൽക്കരിക്കുക, ഡിഡിഎംഎസ് (Drug Distribution Management Software ) വഴി മരുന്നുകളുടെ കേന്ദ്രീകൃത നിയന്ത്രണം സാധ്യമാക്കുക
11. 2023-–24 സാമ്പത്തിക വർഷം മുതൽ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിനും ആരോഗ്യ വകുപ്പിനും കൊച്ചിൻ ക്യാൻസർ റിസർച്ച് സെന്ററിനും ഉൾപ്പെടെ അർബുദരോഗ ചികിത്സക്കാവശ്യമായ 124 ഇനം മരുന്നുകൾ വാങ്ങി വിതരണം ചെയ്തുവരുന്നു.
| പട്ടിക 1 | ||
| വർഷം | മരുന്നുകൾ | ചെലവായ തുക (രൂപയിൽ) |
| 2014–15 | 771 | 165 കോടി |
| 2015–16 | 585 | 225 കോടി |
| 2016–17 | 585 | 339 കോടി |
| 2017–18 | 830 | 350 കോടി |
| 2018–19 | 825 | 440 കോടി |
| 2019–20 | 821 | 515 കോടി |
| 2020–21 | 831 | 574 കോടി |
| 2021–22 | 856 | 874 കോടി |
| 2022–23 | 855 | 634 കോടി |
| 2023–24 | 869 | 758 കോടി |
| 2024–25 | 843 | 985 കോടി |
| 2025–26 | 853 | 1007 കോടി (Proposed) |
പുതുമകൾ
പാലിയേറ്റീവ് കെയറിനായി അവശ്യമരുന്നു പട്ടികയിൽ മരുന്നുകൾ ഉൾപ്പെടുത്തുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനമായി കേരളം മാറുകയാണ്.
നാളിതുവരെ 9 വിഭാഗങ്ങളിൽപ്പെട്ട മരുന്നുകളായിരുന്നു കോർപ്പറേഷൻ ദർഘാസ് മുഖേന സംഭരിച്ചുവന്നിരുന്നത്. നിലവിൽ 3 വിഭാഗങ്ങൾ കൂടി ഉൾപ്പെടുത്തി കോർപ്പറേഷന്റെ അവശ്യമരുന്നു വിഭാഗം മുഖേന സംഭരിക്കുന്ന മരുന്നിനങ്ങൾ 12 വിഭാഗങ്ങളായി വർദ്ധിപ്പിച്ചിട്ടുണ്ട്. അതനുസരിച്ച് ദേശീയ ആരോഗ്യ ദൗത്യത്തിൻ കീഴിൽ വരുന്ന എല്ലാ ഇനം മരുന്നുകളും അവശ്യമരുന്നു വിഭാഗം വാങ്ങി നൽകുന്നു. കഴിഞ്ഞ സാമ്പത്തിക വർഷം വരെ ക്ഷണിച്ചിരുന്ന ദർഘാസുകളിൽ പങ്കെടുക്കുന്നതിന് കമ്പനികൾക്ക് നിശ്ചയിച്ചിരുന്ന മിനിമം വാർഷിക വിറ്റുവരവ് 50 കോടി രൂപയായിരുന്നു. എന്നാൽ, 2024–-25 സാമ്പത്തിക വർഷം പ്രസ്തുത വാർഷിക വിറ്റുവരവ് ഓരോ വിഭാഗത്തിനും പ്രത്യേകമായി നിശ്ചയിച്ച് 5 മുതൽ 25 കോടിവരെയാക്കി നിജപ്പെടുത്തിയിട്ടുണ്ട്. അതിലൂടെ ദർഘാസിൽ കൂടുതൽ പങ്കാളിത്തം ഉറപ്പാക്കുന്നതിനും മത്സരാധിഷ്ഠിത നിരക്കു (Competitive rate) കൈവരിക്കുന്നതിനും സാധിച്ചു.
2023–24 വർഷത്തിൽ 1800 സ്ഥാപനങ്ങൾ സാമ്പത്തിക പരിധി നിശ്ചയിച്ചുകൊണ്ട് കെഎംഎസ്-സിഎൽ മരുന്നു വിതരണശൃംഖലയിൽ ഉൾപ്പെടുത്തിയിരുന്നു. 2025-–26 സാമ്പത്തിക വർഷം പ്രസ്തുത സ്ഥാപനങ്ങളുടെ എണ്ണം 7890 ആയി വർദ്ധിച്ചിട്ടുണ്ട്. അതായത് ജനകീയാരോഗ്യ കേന്ദ്രങ്ങളടക്കം 6090 പുതിയ സ്ഥാപനങ്ങൾ കൂടി കെഎംഎസ്-സിഎൽ മരുന്നു വിതരണം ചെയ്യുന്ന പട്ടികയിലേക്ക് പുതുതായി കടന്നുവന്നിട്ടുണ്ട്. ഇത്തരത്തിൽ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന്റെയും ആരോഗ്യ വകുപ്പിന്റെയും കീഴിലുള്ള സ്ഥാപനങ്ങൾ, ജയിൽ വകുപ്പ് എന്നിവയ്ക്ക് കെഎംഎസ്-സി എൽ മുഖാന്തിരം അവശ്യ മരുന്നുകൾ സംഭരിച്ച് വിതരണം ചെയ്യുന്നു. ദേശീയ ആരോഗ്യ ദൗത്യം വഴി വരുന്ന 17 ഓളം പ്രോജക്ടുകൾക്കും, മെന്റൽ ഹെൽത്ത് പ്രോഗ്രാം, ശബരിമല തീർത്ഥാടന പദ്ധതി, കേരള സോഷ്യൽ സെക്യൂരിറ്റി മിഷൻ (KSSM), കേരള സ്റ്റേറ്റ് എയ്ഡ്‌സ് കൺട്രോൾ സൊസൈറ്റി (KSACS), നാഷണൽ ഹെൽത്ത് മിഷൻ (NHM). അർബൻ പിഎച്ച്സി (UPHC), അർബൻ ഹെൽത്ത് ആന്റ് വെൽനസ് സെന്റർ (UHWC), നോൺ കമ്മ്യൂണിക്കബിൾ ഡിസീസ് (NCD), ക്രോണിക് ഒബ്‌സ്ട്രക്ടീവ് പൾമണറി ഡിസീസ് (COPD) തുടങ്ങിയ പദ്ധതികൾ അടക്കം സംസ്ഥാന സർക്കാർ സ്ഥാപനങ്ങൾക്കായി 902.28 കോടി രൂപയുടെയും ദേശീയാരോഗ്യ ദൗത്യം മുഖാന്തിരം 108 കോടി രൂപയുടേയും ഉൾപ്പെടെ 1010.28 കോടി രൂപയുടെ മരുന്നുകളാണ് ഇത്തവണ കോർപ്പറേഷൻ വാങ്ങുന്നത്. അവശ്യമരുന്നു പട്ടികയിൽ ഉൾപ്പെടാത്തതും എന്നാൽ സ്പെഷ്യാലിറ്റി – സൂപ്പർ സ്പെഷ്യാലിറ്റി വിഭാഗങ്ങളിലെ രോഗ ചികിത്സയ്ക്ക്- അത്യന്താപേക്ഷിതവുമായ സ്പെഷ്യാലിറ്റി മരുന്നുകൾ പ്രസ്തുത ചികിത്സാ സൗകര്യമുള്ള ആശുപത്രികളിൽ ഇൻഡന്റിനും, ആവശ്യകതയ്ക്കും അനുസൃതമായി ലഭ്യമാക്കുവാൻ കോർപ്പറേഷന് കഴിഞ്ഞിട്ടുണ്ട്.
അർബുദരോഗ ചികിത്സയ്ക്കാവശ്യമായ മരുന്നുകൾ ആരോഗ്യവകുപ്പിനും, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിനും കീഴിലുള്ള പ്രസ്തുത ചികിത്സാ സൗകര്യമുള്ള ആശുപത്രികളിൽ സൗജന്യമായി നൽകിവരുന്നുണ്ട്. ഇതിനുപുറമെ കൊച്ചിൻ കാൻസർ റിസർച്ച് സെന്ററിലേയ്ക്കാവശ്യമായ അർബുദരോഗ ചികിത്സാ മരുന്നുകളും കോർപ്പറേഷൻ മുഖേന സംഭരിച്ചു വിതരണം നടത്തിവരുന്നുണ്ട്.
2. ഉപകരണ സംഭരണ, സംരക്ഷണ വിഭാഗം
ആരോഗ്യവകുപ്പ് ഡയറക്ടറുടെ കാര്യാലയം, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ,ദേശീയ ഗ്രാമീണ ആരോഗ്യ ദൗത്യം, ദേശീയ അന്ധതാനിയന്ത്രണ പരിപാടി, കേരള സംസ്ഥാന എയ്-ഡ്‌സ് നിയന്ത്രണ സമിതി തുടങ്ങിയ സർക്കാർ സ്ഥാപനങ്ങളുടെ മുഴുവൻ ഉപകരണ സംഭരണവും കേരള മെഡിക്കൽ സർവ്വീസസ് കോർപ്പറേഷൻ ഏറ്റെടുത്ത് നടത്തുന്നു. വിതരണം ചെയ്ത ഉപകരണങ്ങളുടെ വില്പനാനന്തര സേവനങ്ങളും കോർപ്പറേഷന്റെ ഉപകരണ സംഭരണ-സംരക്ഷണ വിഭാഗം കൈകാര്യം ചെയ്തുവരുന്നു. നിശ്ചിത കരാർ വ്യവസ്ഥകളും നിബന്ധനകളും പാലിക്കുന്ന ഉല്പാദകർക്ക് വെണ്ടർ റേറ്റിംഗ് സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. കൂടാതെ ഗവൺമെന്റ് ധനസഹായത്തോടെ, ആരോഗ്യവകുപ്പിന് കീഴിലുള്ള എല്ലാ സർക്കാർ ആശുപത്രികളിലെയും ഉപകരണങ്ങളുടെ മെയിന്റനൻസും സർവ്വീസും നടത്തി പ്രവർത്തന സജ്ജമായി സൂക്ഷിക്കുവാൻ, ദർഘാസ് മുഖേന ഒരു സേവനദാതാവിനെ കണ്ടെത്തുകയും, പൂർണ്ണ തോതിലുള്ള സേവനം നടപ്പിലാക്കുകയും ചെയ്തിട്ടുണ്ട്.
ഹൃദയ പരിചരണരംഗത്തെ അത്യാധുനിക സൗകര്യമായ കാത്ത് ലാബ് ആശുപത്രികളിൽ സ്ഥാപിക്കുന്നതിനുള്ള നടപടികൾ, ഫെർട്ടിലിറ്റി ക്ലിനിക്കുകൾ, പവർ ലാൻട്രി, മോഡുലർ ഓപ്പറേഷൻ തിയേറ്റർ, CSSD തുടങ്ങിയ ആധുനിക സൗകര്യങ്ങൾ എന്നിവ ടേൺകീ അടിസ്ഥാനത്തിൽ പൂർത്തീകരണം, മനുഷ്യരിലുണ്ടാകുന്നതും മുൻകൂട്ടി അറിഞ്ഞാൽ തടയാൻ പറ്റുന്നതുമായ നാലു ജനിതക വൈകല്യങ്ങളെ നവജാത ശിശു ആയിരിക്കുമ്പോൾ തന്നെ കണ്ടെത്തുന്നതിനുള്ള ഡയഗ്നോസ്റ്റിക് കിറ്റുകളും, ഉപകരണങ്ങളും വാങ്ങി നൽകൽ എന്നിവയും ചെയ്യുന്നു. മാന്ദ്യവിരുദ്ധ പാക്കേജിൽ ഉൾപ്പെടുത്തി സംസ്ഥാനത്തെ 44 സർക്കാർ ആശുപത്രികളിൽ ഡയാലിസിസ് സേവനവും ,10 ആശുപത്രികളിൽ കാത്ത് ലാബുകളും – സി സി യു സേവനവും ഏർപ്പെടുത്തുക എന്നീ നടപടികളും സ്വീകരിച്ചിട്ടുണ്ട്.
ഈ സാമ്പത്തിക വർഷം, 799 കോടി രൂപയുടെ ഉപകരണങ്ങളുടെ (1,41,272 എണ്ണം) ആവശ്യമായ അറ്റകുറ്റപ്പണികൾ, പ്രതിരോധ അറ്റകുറ്റപ്പണികൾ , കാലിബ്രേഷൻ, ഉപയോക്തൃ പരിശീലനം തുടങ്ങിയവ തേർഡ് പാർട്ടി സേവനദാതാവ് മുഖേന നടത്തുന്നു. അതോടൊപ്പം പുതുതായി പ്രവർത്തന സജ്ജമാക്കുന്ന ഉപകരണങ്ങളുടെ മാപ്പിംഗ് നടന്നുകൊണ്ടിരിക്കുന്നു. അത് സമയബന്ധിതമായി തീർക്കാനുള്ള നടപടികൾ സേവന ദാതാവ് സ്വീകരിച്ചിട്ടുണ്ട്. സംസ്ഥാനത്തെ വിവിധ ആശുപത്രികളിലായി ആകെ 63287 ഉപകരണങ്ങൾക്ക് സേവനം നൽകിക്കൊണ്ടാണ് ബയോമെഡിക്കൽ എക്യുപ് മെൻറ് മെയിന്റനൻസ് പ്രോഗ്രാം (BEMP) ആരംഭിക്കുന്നത്. ആശുപത്രി അധികൃതർക്ക് ഉപകരണങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചാൽ ഉടൻ വിളിക്കാൻ ടോൾഫ്രീ നമ്പർ (1800 425 7669) സംവിധാനം സജ്ജീകരിച്ചിട്ടുണ്ട്. ഈ വിഷയത്തിൽ എന്തെങ്കിലും കാലതാമസമുണ്ടായാൽ സേവനദാതാവിൽ നിന്ന് പിഴ ഈടാക്കും.
120921ൽ പരം ഉപകരണ ആസ്തികൾ പ്രോഗ്രാമിലൂടെ പരിപാലിക്കപ്പെടുന്നു. ഉദ്യോഗസ്ഥർക്കും പൊതുജനങ്ങൾക്കും ഓരോ സ്ഥാപനത്തിലും സ്ഥാപിച്ചിട്ടുള്ള ഉപകരണങ്ങളുടെ തിരിച്ചുള്ള പ്രവർത്തന വിശദാംശങ്ങൾ കാണാൻ സാധിക്കും. സംഭാവന ലഭിച്ച ഉപകരണങ്ങൾ, കേന്ദ്ര സർക്കാർ മുഖേന ലഭിച്ച ഉപകരണങ്ങൾ എന്നിവയുടെ ഇൻസ്റ്റലേഷൻ, തുടർന്നുള്ള സേവനങ്ങൾ എന്നിവയും ചെയ്തു വരുന്നു. വർഷങ്ങളായി ഉപയോഗിക്കാതെ കിടക്കുന്ന ഉപകരണങ്ങൾ പ്രവർത്തനക്ഷമമാക്കുകയും , ഇത് സാധ്യമല്ലെങ്കിൽ ആശുപത്രികളിൽ നിന്ന് അവ നീക്കം ചെയ്യുന്നതിനായി അതത് ആശുപത്രി അധികൃതർക്ക് കൈമാറുകയും ചെയ്യാം. ഇതുമൂലം ഉപയോഗിക്കാത്ത ഉപകരണങ്ങൾ സൂക്ഷിച്ചിരുന്ന സ്ഥലങ്ങൾ മറ്റാവശ്യങ്ങൾക്കായി ഉപയോഗിക്കാനും സാധ്യത കൈവരുത്തുന്നു. സർക്കാർ ആശുപത്രിയുടെ സേവന നിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള സംസ്ഥാന സർക്കാരിന്റെ വിവിധ പദ്ധതികളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നായിരിക്കും ബയോമെഡിക്കൽ എക്യുപ്‌മെന്റ് മെയിന്റനൻസ് പ്രോഗ്രാം. ഇത്തരത്തിലുള്ള പദ്ധതി നടപ്പാക്കുന്ന രണ്ടാമത്തെ സംസ്ഥാനമാണ് കേരളം.
3. കാരുണ്യ കമ്മ്യൂണിറ്റി ഫാർമസി
സംസ്ഥാനത്തുടനീളം ഗുണമേന്മയോടുകൂടിയ മരുന്നുകൾ ലാഭേച്ഛയില്ലാതെ വിതരണം ചെയ്യുക എന്ന ലക്ഷ്യത്തോടുകൂടി ആരോഗ്യ കുടുംബക്ഷേമ വകുപ്പിന്റെ കീഴിൽ കേരള മെഡിക്കൽ സർവ്വീസസ് കോർപ്പറേഷന്റെ മേൽനോട്ടത്തിൽ 2010 ജനുവരി മാസത്തിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ കാരുണ്യ കമ്മ്യൂണിറ്റി ഫാർമസി പ്രവർത്തനം ആരംഭിച്ചു. ഇത് വിജയമായതിനെ തുടർന്ന്, മറ്റ് മെഡിക്കൽ കോളേജുകൾ, ജില്ലാ ആശുപത്രികൾ ജനറൽ ആശുപത്രികൾ മുതലായ ആരോഗ്യസ്ഥാപനങ്ങളിലേയ്ക്ക് ഇത് വ്യാപിപ്പിച്ചു.
പൊതുവിപണിയിലെ മറ്റു ഫാർമസിയിൽ ലഭിക്കുന്നതിനേക്കാളും വിപണി വിലയിൽ നിന്നും 10 മുതൽ 93% വരെ വിലക്കുറവിൽ ജനങ്ങൾക്ക് കാരുണ്യ ഫാർമസികളിൽ നിന്നും മരുന്നുകൾ ലഭിക്കുന്നതിനാൽ, മറ്റ് സ്വകാര്യ ഫാർമസികളുടെയും ഇടനിലക്കാരുടെയും ചൂഷണവും, പൊതുവിപണിയിൽ വിലക്കയറ്റവും തടയുന്നതിന് ഈ പദ്ധതിക്ക്- കഴിഞ്ഞിട്ടുണ്ട്. ഈ സാമ്പത്തിക വർഷത്തിൽ കാരുണ്യ കമ്മ്യൂണിറ്റി ഫാർമസികളിലൂടെയും ഡിപ്പോകളിലൂടെയുമായി 700 കോടി രൂപ മൂല്യമുള്ള മരുന്നുകളും മറ്റനുബന്ധ സാമഗ്രികളുമാണ് വിതരണം ചെയ്തിട്ടുള്ളത്.
മരുന്ന് കമ്പനികളുടെ ഇടനിലക്കാരെ ഒഴിവാക്കി കമ്പനികളിൽ നിന്നും നേരിട്ട് വിലപേശി, 30-45 ദിവസത്തെ വായ്‌പ കാലയളവിൽ, മരുന്ന് വാങ്ങി സംഭരിച്ച് കാരുണ്യ ഫാർമസി വഴി ജനങ്ങളിലേയ്ക്കെത്തിയ്ക്കുന്ന രീതിയാണ് അവലംബിച്ചിട്ടുള്ളത്. ഫാർമസികളുടെ അനുദിന അത്യന്താപേക്ഷിതമായ ചെലവുകൾക്കുള്ള മാർജിൻ മാത്രം എടുത്താണ് വില്പന വില നിശ്ചയിക്കുന്നത്. കേരളത്തിലെ മുതിർന്ന പൗരർക്ക് മരുന്നുകളും മറ്റനുബന്ധ സാമഗ്രികളും വീടുകളിലെത്തിച്ചു നല്‌കുന്ന ‘കാരുണ്യ ഹോം’ എന്ന നവ സംരംഭത്തിന് 2021-–22 സാമ്പത്തിക വർഷത്തിൽ ആരംഭംകുറിച്ചു. www.khome.kmscl.kerala.gov.in എന്ന വെബ്സൈറ്റിൽ ഓൺലൈനായി മരുന്നിന്റെ കുറിപ്പടി സഹിതം രജിസ്റ്റർ ചെയ്യുകയോ, സമീപത്തുള്ള സർക്കാർ ആശുപത്രികളിൽ സ്ഥിതി ചെയ്യുന്ന കാരുണ്യ കമ്മ്യൂണിറ്റി ഫാർമസികളിൽ നിന്നും രജിസ്ട്രേഷൻ ഫോറം കൈപ്പറ്റുകയോ ചെയ്യാവുന്നതാണ്. പൂരിപ്പിച്ച രജിസ്ട്രേഷൻ ഫോറങ്ങൾ കുറിപ്പടി സഹിതം കാരുണ്യ കമ്മ്യൂണിറ്റി ഫാർമസികളിൽ തിരികെ ഏൽപ്പിച്ച് രജിസ്റ്റർ ചെയ്യുന്ന വ്യക്തികളെ, അവർ സമർപ്പിച്ചിരിക്കുന്ന കുറിപ്പടി പ്രകാരം ഒരു മാസത്തേയ്ക്കാവശ്യമായ മരുന്നുകളുടെ അന്നത്തെ വിലവിവരപട്ടിക അനുസരിച്ചുള്ള തുക അറിയിക്കുന്നു. കേരള മെഡിക്കൽ സർവ്വീസസ് കോർപ്പറേഷന്റെ അക്കൗണ്ടിലേയ്ക്ക് തുക കൈമാറുന്ന പക്ഷം അവർക്കുള്ള മരുന്നുകൾ വീട്ടിലെത്തിച്ചു നല്‌കുന്നു. തുടർന്ന് തിരുത്തൽ അറിയിപ്പ് ഉണ്ടാകാത്ത പക്ഷം, കൃത്യമായ ഇടവേളകളിൽ പ്രതിമാസം ആവശ്യമായ മരുന്നുകൾ, മുടക്കംകൂടാതെ വീട്ടിലെത്തിക്കുന്നു. വിശദവിവരങ്ങൾക്കായി 1800 599 8844 എന്ന ട്രോൾഫ്രീ നമ്പറിൽ പ്രവൃത്തി ദിവസങ്ങളിൽ ബന്ധപ്പെടാവുന്നതാണ്.
ഇതുകൂടാതെ ജില്ലയിലെ തെരഞ്ഞെടുത്ത സ്ഥാപനങ്ങൾ വഴി (14 എണ്ണം) വില കൂടിയ ക്യാൻസർ മരുന്നുകൾ, അവയവം മാറ്റിവെയ്ക്കൽ ശസ്ത്രക്രിയക്കുശേഷം നൽകുന്ന മരുന്നുകൾ, മറ്റ് വിലകൂടിയ മരുന്നുകൾ എന്നിവ ‘Zero Profit Karunya Medicine Counter’ – “കാരുണ്യ സ്പർശം’ എന്ന പുതിയ സംരംഭത്തിൽ ആരംഭിച്ചു.
4. മരുന്നുകളുടെ ഗുണമേന്മ ഉറപ്പാക്കലും
നിയന്ത്രണവും
കേരളത്തിലെ മരുന്ന് ഉപഭോഗം ദേശീയ ശരാശരിയുടെ മൂന്നിരട്ടി ആയിരിക്കെ, കേരള മെഡിക്കൽ സർവ്വീസസ് കോർപ്പറേഷൻ കർശനമായ ഗുണനിലവാര നിയന്ത്രണ സംവിധാനത്തിനാണ് രൂപംകൊടുത്തിരിക്കുന്നത്. നിയമാനുസൃതമല്ലാത്ത സ്ഥാപനങ്ങളിൽ നിന്നോ വ്യാജമായ ലേബലോടുകൂടിയതോ ആയ മരുന്നുകൾ വാങ്ങുന്നതിലെ അപകട സാധ്യത കുറയ്ക്കുവാൻ ഇത് സഹായിക്കുന്നു. NABL അംഗീകാരമുള്ള തിരഞ്ഞെടുക്കപ്പെട്ട പരിശോധനാശാലകൾ വഴി വിശാലവും ശ്രദ്ധാപൂർവ്വവുമായ ഗുണനിലവാര നിയന്ത്രണ സംവിധാനമാണ് കെഎംഎസ്-സിഎൽ നിർവ്വഹിക്കുന്നത്. മരുന്നുകളുടെ ഗുണനിലവാരത്തെ സംബന്ധിച്ച അന്തിമമായ അഭിപ്രായത്തിനുവേണ്ടി നിയമപരമായി സ്ഥാപിക്കപ്പെട്ട -കേന്ദ്ര സംസ്ഥാനസർക്കാർ മരുന്നുപരിശോധനാശാലയുടെ സേവനവും ഉപയോഗപ്പെടുത്തുന്നുണ്ട്. കോർപ്പറേഷൻ വാങ്ങുന്ന ഓരോ ബാച്ച് മരുന്നിന്റേയും ഗുണനിലവാരം ഏതെങ്കിലും NABL Accredited Lab /കേന്ദ്ര മരുന്നു പരിശോധനാ ലബോറട്ടറിയിൽ പരിശോധിച്ച് ഗുണനിലവാരം ഉറപ്പുവരുത്തിയ പരിശോധന റിപ്പോർട്ട് ലഭിച്ചതിനുശേഷം മാത്രമാണ് ആശുപത്രികൾക്ക് വിതരണത്തിന് നൽകുന്നത്. ഗുണനിലവാര പരിശോധനയ്ക്കായി . Online DDMS സോഫ്റ്റ്-വെയറിന്റെ സഹായത്തോടെ Automatic Sampling Generation System ആണ് ക്വാളിറ്റി കൺട്രോൾ വിഭാഗം നടപ്പിലാക്കിയിട്ടുളളത്. ആയതിനാൽ ഗുണനിലവാരം പാലിക്കാൻ കഴിയുന്നുണ്ട്. ഗുണനിലവാരപരിശോധനയ്-ക്കായി Decode ചെയ്യുന്ന സാമ്പിളുകളാണ് വിവിധ ലാബുകളിലേക്ക് അയക്കുന്നത്. നിലവിൽ പൊതുജനങ്ങൾക്ക് മരുന്നുകളുടെ ഗുണനിലവാരത്തെ സംബന്ധിച്ച പരാതികൾ നൽകുന്നതിനുള്ള സൗകര്യങ്ങളുടെ അപര്യാപ്തത മനസിലാക്കി, പൊതുജനങ്ങൾക്ക് നേരിട്ടു പരാതികൾ നൽകുന്നതിനായി ഒരു TOLL FREE NUMBER (1800 -425-0 945) കൂടാതെ സാധാരണക്കാരന് മനസിലാക്കാൻ കഴിയുന്ന തരത്തിൽ ഒരു പരാതി രജിസ്റ്റർ ചെയ്യുന്നതിനുള്ള ഫോമും തയ്യാറാക്കി സംസ്ഥാനത്തെ മുഴുവൻ സർക്കാർ ആശുപത്രികളിലെ ഫാർമസിയിൽ പൊതുജനത്തിന് ലഭ്യമാകുന്ന തരത്തിൽ നൽകിയിട്ടുമുണ്ട്.
5. കനിവ് 108 ആംബുലൻസ് സർവ്വീസ്
സംസ്ഥാനത്തെ റോഡപകടങ്ങളിൽ പൊലിഞ്ഞുപോകുന്ന വിലപ്പെട്ട ജീവനുകൾ പരമാവധി രക്ഷിക്കുക എന്ന സമഗ്ര സദുദ്ദേശ്യത്തോടെയാണ് കനിവ് 108 എന്നുള്ള ആംബുലൻസ് സേവന ശൃംഖല സംസ്ഥാന വ്യാപകമായി നടപ്പിലാക്കിയിരിക്കുന്നത്. വിവിധ റോഡുകളിൽ റോഡപകടങ്ങൾ ഏറ്റവും കൂടുതൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന 315 ബ്ലാക്ക് സ്പോട്ടുകൾ കേന്ദ്രീകരിച്ച് ഏറ്റവും ചുരുങ്ങിയ സമയത്തിനുളളിൽ അപകട സ്ഥലത്തേക്ക് ആംബുലൻസിന്റെ സേവനം എത്തിക്കുവാൻ കഴിയുന്ന രീതിയിലാണ് വിന്യാസം ഏകോപിപ്പിച്ചിരിക്കുന്നത്. റോഡപകടങ്ങളെ സംബന്ധിക്കുന്ന കഴിഞ്ഞ 10 വർഷത്തെ വിശദ വിവരങ്ങൾ വിശകലനം ചെയ്ത്, അപകടങ്ങൾ ഏറ്റവും കൂടുതൽ ശ്രദ്ധയിൽപ്പെട്ടിട്ടുള്ള രാവിലെ 8 മണി മുതൽ രാത്രി 8 വരെ ഉള്ള സമയം നിരത്തിൽ 315 ആംബുലൻസുകളുടെയും സേവനം ലഭ്യമാക്കുന്ന തരത്തിൽ 2 ഗണങ്ങളായി (24 മണിക്കൂർ സേവനം ചെയ്യുന്നവ, അപകടങ്ങൾ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ള രാവിലെ 8 മണി മുതൽ രാത്രി 8 മണി വരെ 12 മണിക്കൂർ സേവനം ചെയ്യുന്നവ) ആംബുലൻസിന്റെ പ്രവർത്തനം ഉറപ്പുവരുത്തിയിരിക്കുന്നു. ഇതിൽ 165 ആംബുലൻസുകൾ 12 മണിക്കൂർ സർവ്വീസ് നടത്തുകയും, 150 ആംബുലൻസുകൾ 24 മണിക്കൂർ സർവ്വീസ് നടത്തുകയും ചെയ്യുന്ന പ്രകാരമാണ് പ്രസ്തുത പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.
റോഡപകടങ്ങൾക്ക് പുറമെ ഗർഭിണികളുടെ അടിയന്തിര ആരോഗ്യ പ്രശ്നങ്ങൾ, ഹൃദ്രോഗം, പക്ഷാഘാതം തുടങ്ങിയ വൈദ്യശാസ്ത്രപരമായ അത്യാഹിതങ്ങൾ, അപ്രതീക്ഷിതമായി വന്നു ചേരുന്ന പ്രകൃതി ദുരന്തങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട് അടിയന്തിര വൈദ്യസഹായം ലഭ്യമാക്കുന്നതിനും ആംബുലൻസ് ശൃംഖലയുടെ പ്രവർത്തനം പരമാവധി പ്രയോജനപ്പെടുത്തുന്നു. ഓക്സിജൻ സിലിണ്ടർ, സക്ഷൻ പമ്പ്, പൾസ് ഓക്സിമീറ്റർ, ബിപി അപ്പാരറ്റസ്, സ്റ്റെതസ്കോപ്പ്, സ്ട്രെച്ചർ, സ്ലൈൻബോർഡ്, സ്കൂപ്പ് സ്ട്രെച്ചർ, നെബുലൈസർ, സെർവിക്കൽ കോളർ, ഫസ്റ്റ് എയ്ഡ് ബാഗ് എന്നീ മെഡിക്കൽ ഉപകരണങ്ങളാണ് സജ്ജമാക്കിയിരിക്കുന്നത്. പരിശീലനം സിദ്ധിച്ച എമർജൻസി മെഡിക്കൽ ടെക്നീഷ്യൻമാരുടെ (നേഴ്സ്) മേൽനോട്ടത്തിലാണ് പ്രസ്തുത ഉപകരണങ്ങളുപയോഗിച്ച് ചികിത്സ ലഭ്യമാകുന്നത്. ഓരോ വർഷാവസാനവും വാർഷിക പ്രവർത്തനങ്ങളുടെ അവലോകനത്തിനുശേഷമാണ് അടുത്ത വർഷത്തേക്കുള്ള കരാർ പുതുക്കുന്നത്. ഓരോ വാഹനത്തിന്റെയും പ്രവർത്തനത്തിന് ഒരു മാസത്തേക്ക് ഒരു നിശ്ചിത തുകയാണ് ജിവികെഇഎംആർഐ എന്ന കമ്പനിക്ക് നല്കുന്നത്. അതിൽ കോൾ സെന്ററിന്റെ പ്രവർത്തനം, വാഹനങ്ങളുടെ ഇന്ധനം, ജീവനക്കാരുടെ ശമ്പളം, വാഹനങ്ങളുടെ പരിപാലനം, ഉൾപ്പെടെ പ്രോജക്റ്റിന്റെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട എല്ലാ ചെലവുകളും ഉൾപ്പെട്ടിട്ടുണ്ട്. ഈ ആംബുലൻസ് പൂർണ്ണമായും സൗജന്യ സേവനമാണ് കേരളത്തിൽ നല്കി വരുന്നത്. വാഹനങ്ങളെല്ലാം ജിപിഎസ് സംവിധാനം ഘടിപ്പിച്ചിട്ടുള്ളവയുമാണ്.
6. മൊബൈൽ മെഡിക്കൽ യൂണിറ്റ്
പട്ടിക വർഗ്ഗ മേഖലകളിൽ ആരോഗ്യ സംരക്ഷണത്തിനുവേണ്ടി മൊബൈൽ മെഡിക്കൽ യൂണിറ്റ് എല്ലാ ജില്ലകളിലും നിലവിൽ പ്രവർത്തിച്ചു വരികയാണ്.
7. പദ്ധതി നിർവ്വഹണ വിഭാഗ (പ്രൊജക്ട്സ്)
പ്രവർത്തനവും പദ്ധതി നടപ്പാക്കലും
പൊതുജന ആരോഗ്യമേഖലയെ പുനരുജ്ജീവിപ്പിക്കുന്നത് കൂടാതെ വിവിധ ജില്ലകളിലായി 6 അത്യന്താധുനിക സംഭരണശാലകളുടെ നിർമ്മാണപ്രവർത്തനങ്ങൾക്ക് സർക്കാരിൽനിന്നും അനുമതി ലഭിച്ചതിനനുസരിച്ച് ആലപ്പുഴ, കോട്ടയം എന്നീ ജില്ലകളിൽ ശാസ്ത്രീയ മരുന്നു സംഭരണശാലയുടെ നിർമ്മാണപ്രവർത്തികൾ പൂർത്തിയാക്കിയിട്ടുണ്ട്. തിരുവനന്തപുരം, തൃശൂർ, എറണാകുളം, കാസർഗോഡ്, ഇടുക്കി ജില്ലകളിലെ മരുന്ന് സംഭരണശാലകളുടെ നവീകരണവും, ആധുനികവൽക്കരണവും പൂർത്തിയാക്കുകയുണ്ടായി. ഇഎസ്ഐ കോർപ്പറേഷനുമായി സംയോജിച്ച് കേരളത്തിലെ വിവിധ ഇഎസ്ഐ. ആശുപത്രികളിലായി ലെവൽ -1 ഐസിയു, ഗവൺമെന്റ് ആശുപത്രികളിലെ ഡയാലിസിസ് കേന്ദ്രങ്ങൾ, കീമോതെറാപ്പി യൂണിറ്റ്, നിലവിലെ ഡ്രഗ് സ്റ്റോറുകളെ ശാസ്ത്രീയവൽക്കരിക്കുക തുടങ്ങിയ പ്രവർത്തനങ്ങളും കോർപ്പറേഷൻ ഏകോപിപ്പിച്ചുവരുന്നു. കിഫ്‌ബി ഫണ്ട് ഉപയോഗിച്ച് 10 കാത്ത് ലാബുകളും 60 ഡയാലിസിസ് കേന്ദ്രങ്ങളും കൂടാതെ 140 നിയമസഭാ നിയോജകമണ്ഡലങ്ങളിലായി 140 ഐസൊലേഷൻ വാർഡുകളുടെ നിർമ്മാണവും പുരോഗമിച്ചു വരുന്നു.
കാലോചിതമായ മാറ്റങ്ങൾ
ആരോഗ്യരംഗത്ത് എന്നും കാലോചിതമായ മാറ്റങ്ങൾ കൊണ്ടുവന്ന് രാജ്യത്താകെ മാതൃകയായ സംസ്ഥാനമാണ് കേരളം. തെരഞ്ഞെടുക്കപ്പെട്ട ആദ്യ കേരള ഗവൺമെന്റിന്റെ സംഭാവനയായ പൊതുജനാരോഗ്യ മാതൃക അടിത്തറയിട്ട ആരോഗ്യ സംസ്കാരത്തെ അതേ രീതിയിൽ മുന്നോട്ടുകൊണ്ടുപോകുന്നതിന് ഈ കഴിഞ്ഞ 10 വർഷവും സാധിച്ചു. കേരളത്തിലെ ജനസംഖ്യാപരമായി വന്ന മാറ്റങ്ങൾക്ക് അനുസൃതമായി , ആർദ്രം മിഷനുമായി ബന്ധപ്പെട്ട് ഇന്ന് 5000 ത്തിൽ പരം ജനകീയ ആരോഗ്യ കേന്ദ്രങ്ങൾ സംസ്ഥാനത്തിന് മുതൽക്കൂട്ടായി സ്ഥാപിച്ചു. ജനകീയാരോഗ്യ കേന്ദ്രങ്ങളെല്ലാം ആധുനിക മരുന്നുവിതരണ ശൃംഖലകളിൽ കൊണ്ടുവന്ന ആദ്യ സംസ്ഥാനമായി കേരളം മാറുകയാണ്. കേരളത്തിന്റെ പൊതുജനാരോഗ്യ പ്രശ്നങ്ങളിൽ മുന്നിൽ നിൽക്കുന്ന ജീവിതശൈലീ രോഗങ്ങൾക്ക് പ്രാധാന്യം കൊടുത്തുകൊണ്ടും രോഗപ്രതിരോധ ബോധവൽക്കരണ പ്രവർത്തനങ്ങൾക്ക് മുൻതൂക്കം കൊടുത്തുകൊണ്ടും കൂടിയാണ് മരുന്ന് വിതരണ ശൃംഖല ശക്തിപ്പെടുത്തുന്നത്. പാലിയേറ്റീവ് കെയർ രംഗത്ത് പ്രാഥമിക, ദ്വിതീയ, തൃതീയ തലത്തിൽ ചികിത്സാ സംവിധാനങ്ങൾ ഏകോപിപ്പിച്ചുകൊണ്ട്- ഈ തലങ്ങളിൽ പ്രത്യേക മരുന്നു വിതരണം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ വഴി ലഭ്യമാക്കുന്ന ഏക സംസ്ഥാനമായും കേരളം മാറിയിരിക്കുകയാണ് . ആദ്യമായി മരുന്ന് സംഭരണ വിതരണപ്രക്രിയരംഗത്ത് “കലണ്ടർ ഓഫ് ഇവൻസ്’ കൊണ്ടുവന്ന ആദ്യ സംസ്ഥാനം കേരളമാണ്. സർക്കാർ ആശുപത്രികളിലെ ഉപകരണ വിതരണ രംഗത്ത് കാതലായ മാറ്റം കൊണ്ടുവരാൻ കെ എം എസ് സി എൽ ഇക്കാലത്ത് സാധിച്ചു. 2014 –-15 സാമ്പത്തിക വർഷത്തിൽ 165 കോടി രൂപയ്ക്ക് 771 മരുന്നുകൾ വാങ്ങി നൽകിയിരുന്നത് 2017 –18 കഴിയുമ്പോൾ 350 കോടി കടന്നിരുന്നു. ഇന്ന് പടിപടിയായി ഉയർന്ന് 2025-–26 സാമ്പത്തിക വർഷത്തിൽ ഇത് 1000 കോടിയായി ഉയർന്നിട്ടുണ്ട്. 2022– 23ല്‍ 1373 സ്ഥാപനങ്ങളിൽ നിന്നും ഇന്ന് ജനകീയ ആരോഗ്യ കേന്ദ്രങ്ങൾ മുതൽ മെഡിക്കൽ കോളേജുവരെ 7890 ആശുപത്രികളിൽ സൗജന്യ മരുന്ന് വിതരണം നടത്തുന്നു. ഇത്തരത്തിൽ കഴിഞ്ഞ 10 വർഷത്തിൽ മൂന്നിരട്ടി വിലക്കുള്ള സൗജന്യ മരുന്നുകളാണ് കേരള സർക്കാർ വിതരണം ചെയ്തുകൊണ്ടിരിക്കുന്നത്.
കേരളത്തിലെ സൂപ്പർ സ്പെഷ്യാലിറ്റി രംഗത്ത് ഡയാലിസിസ് ഉപകരണങ്ങൾ മുതൽ കാർഡിയാക് കാത് ലാബ് വരെയുള്ള അത്യാധുനിക ഉപകരണങ്ങൾ വിതരണം ചെയ്യുന്നതിനായി ഇക്കാലയളവിൽ കെഎം എസ്-സിഎൽ പ്രാപ്തി നേടി. കോഴിക്കോട് ആസ്ഥാനമായുള്ള അവയവമാറ്റ ശസ്ത്രക്രിയ സ്ഥാപനത്തിലേക്കുള്ള ഉപകരണങ്ങൾ ഘട്ടംഘട്ടമായി വിതരണം ചെയ്യാനുള്ള ശ്രമത്തിലാണ് കെഎംഎസ്-സിഎൽ. കേരളത്തിലെ ഉയർന്നുവരുന്ന ചികിത്സാ ചെലവിനെ തടഞ്ഞു നിർത്തുന്നതിൽ രാജ്യത്തിന് പദ്ധതിയായുള്ള കാരുണ്യ കമ്മ്യൂണിറ്റി ഫാർമസി ഇന്ന് ഏറ്റവും വലിയ ജനകീയ മാതൃകയായി മാറിയിരിക്കുന്നു. ഒട്ടും ലാഭമില്ലാതെ 85% മുതൽ 95% വരെ ലാഭം ജനങ്ങളിലേക്ക് എത്തിക്കുന്ന രീതിയിൽ ‘സീറോ പ്രോഫിറ്റ് ഡ്രഗ് കൗണ്ടർ – “കാരുണ്യ സ്പർശം’ – ഇപ്പോൾ രാജ്യ മാതൃകയായി തിളങ്ങി നിൽക്കുന്നു. കേരളത്തിലെ തെരഞ്ഞെടുത്ത കാരുണ്യ കമ്മ്യൂണിറ്റി ഫാർമസികളിൽ, എല്ലാ ജില്ലകളിലും ഇവ പ്രവർത്തിക്കുന്നു. ഉപഭോക്താക്കൾക്ക് കോടിക്കണക്കിന് രൂപയുടെ ആശ്വാസമാണ് കാരുണ്യ സ്പർശം കൗണ്ടറിൽ കൂടി ലഭ്യമാക്കിയത്. ചെലവ് കുറഞ്ഞ രീതിയിൽ ശ്രവണസഹായികൾ ലഭ്യമാക്കുന്നതിനായുള്ള ഉത്തരവുകൾ ആയിക്കഴിഞ്ഞു. കാരുണ്യ ഫാർമസികൾ വഴി കാരുണ്യ കണ്ണടകൾ, കാരുണ്യ ഇംപ്ലാന്റ് തുടങ്ങിയവ നടപ്പിലാക്കാനുള്ള പ്രാരംഭഘട്ടത്തിൽ ആണ് കെഎം എസ് സിഎൽ ഇത്തരത്തിൽ പൊതുജനാരോഗ്യം ശക്തിപ്പെടുത്തുന്നതിനും കേരളത്തിന്റെ സ്വന്തം ആരോഗ്യ മാതൃകയായ ആർദ്രം മിഷന് മുതൽക്കൂട്ട് ആവുന്ന രീതിയിലും കെഎം എസ് സിഎൽ പടവുകൾ കയറുകയാണ്. പുതിയ സംരംഭങ്ങൾ കൂടിച്ചേരുമ്പോൾ ഗുണമേന്മയുള്ള ആരോഗ്യ സംരക്ഷണ പരിപാടികൾ ലക്ഷ്യമിട്ടുകൊണ്ടുള്ള കേരള സർക്കാരിന്റെ പ്രവർത്തനങ്ങൾ സഫലീകരിക്കാൻ അക്ഷീണം അതിന്റെ പങ്കുവഹിക്കുകയാണ് കെഎംഎസ്-സിഎൽ. നടപ്പ് സാമ്പത്തിക വർഷത്തിൽ 2500 കോടി രൂപയ്ക്ക് മുകളിൽ വിറ്റുവരവുള്ള സ്ഥാപനമായി കെ എം എസ് സി എൽ മാറിക്കഴിഞ്ഞു.l



