ഇന്റർനെറ്റ് അവകാശമായി പ്രഖ്യാപിച്ച ആദ്യ ഇന്ത്യൻ സംസ്ഥാനമായ കേരളത്തിന്റെ ശ്രദ്ധേയമായ ചുവടുവയ്പായിരുന്നു കെ- ഫോൺ. സാർവത്രികമായ ഇന്റർനെറ്റ് ലഭ്യത എന്നതായിരുന്നു അതിലൂടെ നമ്മൾ ലക്ഷ്യം വെച്ചത്. അക്കാര്യത്തിൽ ഏറെ മുന്നോട്ടു പോകാൻ നമുക്ക് കഴിഞ്ഞിട്ടുണ്ട്. ഇപ്പോൾ കെ- ഫോൺ ഒ ടി ടി സേവനങ്ങളും ആരംഭിച്ചിരിക്കുകയാണ്.
വിനോദ വ്യവസായം അഥവാ എന്റർടൈൻമെന്റ് ഇൻഡസ്ട്രിക്ക് മേൽക്കൈ വരുന്ന ഒരു കാലമാണിത്. സിനിമ കാണാൻ തിയറ്ററിലേക്ക് പോയിരുന്ന ഒരു കാലത്തുനിന്നും ഇന്ന് സിനിമകൾ ഒ ടി ടി പ്ലാറ്റ്‌ഫോമുകളിലൂടെ വീട്ടകങ്ങകളിലേക്ക് എത്തുകയാണ്. കാലത്തിന്റേതായ ഇത്തരം മാറ്റങ്ങൾ ഉൾക്കൊണ്ടുകൊണ്ട് വിനോദ വ്യവസായ മേഖലയിൽ ഒരു ചുവടുവെപ്പ് നടത്തുകയാണ് കെ- ഫോണും.
ഈ പദ്ധതിയുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് ഉപഭോക്താക്കൾക്കായി വിവിധ ഓഫറുകളും കെ- ഫോൺ ഒരുക്കിയിട്ടുണ്ട്. കെ- ഫോൺ പദ്ധതി നടപ്പാക്കിയപ്പോൾ പലരും സംശയം പ്രകടിപ്പിച്ചിരുന്നു. ഈ പദ്ധതിക്ക് എത്രമാത്രം മുന്നോട്ടുപോകാനാകും? ഇത് സാധാരണ ജനങ്ങൾക്ക് ഗുണകരമാകുമോ? അങ്ങനെ ഒട്ടേറെ സംശയങ്ങൾ നിലനിന്നിരുന്നു. അതിനെയെല്ലാം അസ്ഥാനത്താക്കിക്കൊണ്ട് ചുരുങ്ങിയ കാലയളവിൽ തന്നെ വലിയ നേട്ടങ്ങൾ കൈവരിക്കാൻ കെ- ഫോൺ പദ്ധതിക്ക് കഴിഞ്ഞു. സേവനങ്ങൾ ആരംഭിച്ച് ഒരു വർഷം പിന്നിടുമ്പോൾ ഒരു ലക്ഷം കണക്ഷനുകളെന്ന അഭിമാന നേട്ടവും രാജ്യത്തെവിടെയും ഇന്റർനെറ്റ് കണക്ഷൻ നൽകാനുള്ള ഐ എസ് പി – എ ലൈസൻസും നേടിയാണ് കെ- ഫോൺ മുന്നേറുന്നത്.
നഗരങ്ങൾക്കൊപ്പം ഗ്രാമപ്രദേശങ്ങളും ഇന്റർനെറ്റ് ലഭ്യതയുടെ പരിധിയിൽ വരണമെന്ന ഉദ്ദേശ്യത്തോടെ കെ- ഫോൺ നഗരങ്ങളിലും ഗ്രാമങ്ങളിലും ഒരുപോലെ സേവനം നൽകുന്നുണ്ട്. ഇന്റർനെറ്റ് കടന്നുചെല്ലാതിരുന്ന ആദിവാസി ഊരുകളിലും ദ്വീപ് പ്രദേശങ്ങളിലും കെ- ഫോൺ കണക്ഷൻ നൽകുന്നുണ്ട്.
ഗ്രാമപ്രദേശങ്ങളിൽ കൂടുതൽ കണക്ഷൻ നൽകിയാണ് നിലവിൽ കെ- ഫോണിന്റെ കുതിപ്പ്. ആകെ 1,15,320 കണക്ഷനുകളാണ് കെ- ഫോൺ സംസ്ഥാനത്തുടനീളം നൽകിയിരിക്കുന്നത്. ഇതിനോടകം 23,163 സർക്കാർ ഓഫീസുകളിൽ കണക്ഷനുകൾ നൽകിക്കഴിഞ്ഞു.
ഫൈബർ ടു ഓഫീസ് കണക്ഷനുകൾ 3,062 എണ്ണമുണ്ട്. കൊമേഴ്‌സ്യൽ ഫൈബർ ടു ഹോം കണക്ഷനുകൾ 74,717 എണ്ണവും സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന 14,194 കുടുംബങ്ങളിൽ സൗജന്യ കണക്ഷനുകളും ലൈവായി ഉപയോഗിക്കുന്നുണ്ട്. ഏകദേശം 7,000 കിലോമീറ്റർ ഇപ്പോൾത്തന്നെ ഡാർക്ക് ഫൈബർ ലീസിന് നൽകിക്കഴിഞ്ഞു.
കോർപ്പറേറ്റ് സ്ഥാപനങ്ങൾക്കും, സ്‌മോൾ ആന്റ് മീഡിയം എന്റർപ്രൈസസുകൾക്കുമായി 220 ഇന്റർനെറ്റ് ലീസ് ലൈൻ കണക്ഷനുകളും 265 എസ് എം ഇ ബ്രോഡ്ബാൻഡ് കണക്ഷനുകളും നിലവിലുണ്ട്. 3,800 ലോക്കൽ നെറ്റ്‌വർക്ക് പ്രൊവൈഡർമാരാണ് കെ- ഫോണുമായി എഗ്രിമെന്റിലേർപ്പെട്ട് പ്രവർത്തിക്കുന്നത്.
കഴിഞ്ഞ ഒന്നര വർഷത്തോളമായി സെക്രട്ടേറിയറ്റിലെ എല്ലാ ഓഫീസുകളിലും, 2024 ജൂൺ മുതൽ നിയമസഭയിലും കെ- ഫോൺ കണക്ഷനാണ് ഉപയോഗിക്കുന്നത്. വിവിധ സർക്കാർ വകുപ്പ് ഓഫീസുകൾക്കു പുറമെ സംസ്ഥാനത്തെ ആരോഗ്യ, വിദ്യാഭ്യാസ, വ്യവസായ, ധനകാര്യ മേഖലകളിലെ വിവിധ മുൻനിര സ്ഥാപനങ്ങൾ, സ്റ്റാർട്ടപ്പുകൾ തുടങ്ങി വ്യത്യസ്ത മേഖലകളിൽ മികച്ച സേവനം കെ- ഫോൺ നൽകിവരുന്നുണ്ട്.
അടുത്ത വർഷത്തോടെ രണ്ടര ലക്ഷത്തിലധികം കണക്ഷനുകൾ പൂർത്തീകരിക്കാൻ ലക്ഷ്യമിട്ടാണ് കെ- ഫോണിന്റെ പ്രവർത്തനം പുരോഗമിക്കുന്നത്. മറ്റേതൊരു ഇന്ത്യൻ സംസ്ഥാനത്ത് കാണാൻ കഴിയും ഇത്തരമൊരു മാതൃക? എല്ലാവരിലേക്കും ഗുണഫലങ്ങൾ എത്തിക്കാൻ കഴിയണമെന്ന ഇച്ഛാശക്തിയോടെയാണ് ഓരോ വികസന പദ്ധതിയും നടപ്പാക്കുന്നത്. കെ- ഫോണിന്റെ കാര്യത്തിലും ഇതു വ്യത്യസ്തമല്ല.
സംസ്ഥാനത്തെ സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കുന്ന കുടുംബങ്ങൾക്ക് സൗജന്യ നിരക്കിൽ ഇന്റർനെറ്റ് കണക്ഷനുകൾ സംസ്ഥാന സർക്കാർ കെ- ഫോൺ മുഖേന നൽകിവരുന്നുണ്ട്. അതിനുപുറമെ കമ്പനികളുടെ സി എസ് ആർ ഫണ്ടുകൾ ഉപയോഗപ്പെടുത്തി ട്രൈബൽ മേഖലയിലെ കുടുംബങ്ങൾക്കായി സൗജന്യ ഇന്റർനെറ്റ് നൽകുന്ന കണക്ടിങ് ദി അൺകണക്ടഡ് എന്ന പദ്ധതിയും കെ-ഫോണിന്റെ ഭാഗമായി നടപ്പിലാക്കിവരുന്നു. നിലവിൽ ഈ പദ്ധതി മുഖേന കോട്ടൂരിൽ 103 കുടുംബങ്ങൾക്കും അട്ടപ്പാടിയിൽ 396 കുടുംബങ്ങൾക്കും ഇന്റർനെറ്റ് കണക്ഷൻ നൽകിക്കഴിഞ്ഞു. ഇതെല്ലാംതന്നെ സമഗ്ര വികസനത്തിന്റെ മാതൃകയാണ്. അതിനിയും തുടരും.
ഈ പദ്ധതി മുന്നോട്ടുവെക്കുമ്പോൾ തന്നെ ഇതിനെ തകർക്കാനായി മുന്നിട്ടിറങ്ങിയ കുറച്ച് ആളുകൾ ഉണ്ടായിരുന്നു. ആദ്യം അവർ പറഞ്ഞു, പദ്ധതി യാഥാർത്ഥ്യമാകാൻ പോകുന്നില്ല എന്ന്. യാഥാർത്ഥ്യമായപ്പോൾ പറഞ്ഞു, ഈ പദ്ധതി ഇനി മുന്നോട്ടു പോകാൻ പോകുന്നില്ല എന്ന്. പദ്ധതി മുന്നോട്ടുപോകും എന്ന ഘട്ടം എത്തിയപ്പോൾ അതിനെ തകർക്കാൻ വ്യാജ ആരോപണങ്ങൾ അടക്കം ഉന്നയിച്ച് അവർ മുന്നോട്ടു വന്നു.
പദ്ധതി നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് ചിലർ ഹൈക്കോടതിയിൽ വരെ പോയി. അത്തരക്കാരോട് ഹൈക്കോടതി ചോദിച്ചത്, പബ്ലിക് ഇന്ററസ്റ്റ് ആണോ പബ്ലിസിറ്റി ഇൻട്രസ്റ്റ് ആണോ നിങ്ങളെ നയിക്കുന്നത് എന്നാണ്. എന്തായാലും അത്തരക്കാർ ഉയർത്തിയ സ്ഥാപിത താല്പര്യത്തോടെയുള്ള പ്രതിഷേധങ്ങൾക്കു മുന്നിലൊന്നും സർക്കാർ മുട്ടുമടക്കിയില്ല. മുട്ടുമടക്കിയില്ല എന്നുമാത്രമല്ല തികഞ്ഞ ഇച്ഛാശക്തിയോടെ ഈ പദ്ധതി നടപ്പാക്കുകയും ചെയ്തു.
ഇത് ഈയൊരു പദ്ധതിയുടെ മാത്രം കാര്യമല്ല. ഭവനരഹിതർക്ക് വീട് കൊടുക്കാൻ പദ്ധതി ആവിഷ്‌കരിച്ചപ്പോൾ അതിനെ തകർക്കാൻ ചിലർ ശ്രമിച്ചു, അടിസ്ഥാന സൗകര്യ വികസനം യാഥാർത്ഥ്യമാക്കാൻ കിഫ്ബിയെ പുനരുജ്ജീവിപ്പിച്ചപ്പോൾ അതിനു തുരങ്കം വെക്കാനും ചിലർ ശ്രമിച്ചു. എന്നാൽ അക്കാര്യങ്ങൾ കൊണ്ടൊന്നും സംസ്ഥാന സർക്കാർ പിന്നോട്ടുപോയില്ല. ആറ് ലക്ഷത്തോളം പേർക്ക് വീട് ലഭ്യമാക്കിയും 90,000 കോടിയോളം രൂപയുടെ അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ നടപ്പാക്കിയും നമ്മൾ മുന്നോട്ടുപോവുകയാണ്. l



