Friday, March 13, 2026

ad

Homeവിശകലനംപലസ്തീന്‍ ഫെമിനിസം
 പോരാട്ടത്തിനും അതിജീവനത്തിനുമിടയില്‍

പലസ്തീന്‍ ഫെമിനിസം
 പോരാട്ടത്തിനും അതിജീവനത്തിനുമിടയില്‍

വി കെ ഷറഫുദ്ദീൻ

ത് യുദ്ധത്തിലും രൂക്ഷമായ കെടുതികള്‍ക്കും ദുരിതങ്ങള്‍ക്കും കൂടുതല്‍ ഇരയാകുന്നത് സ്ത്രീകളും കുട്ടികളുമാണ്. ബോംബുകളും മിസൈലുകളും തീമഴ വര്‍ഷിക്കുമ്പോഴും തോക്കുകള്‍ തീതുപ്പുമ്പോഴും സ്വന്തം ജീവന്‍ രക്ഷിക്കുന്നതിനേക്കാളുപരി കുട്ടികളുടെയും ഉടയവരുടെയും ഉയിര്‍ കാക്കാന്‍ ഓടിയലയുന്ന സ്ത്രീകളുടെ ചിത്രങ്ങള്‍ക്ക് ചരിത്രങ്ങളുടെ പഴക്കമുണ്ട്. തകര്‍ന്നടിഞ്ഞ വീടുകളുടെയും കെട്ടിടങ്ങളുടേയുമിടയില്‍ വിലപിച്ചോടുന്ന സ്ത്രീകള്‍, കവചിത വാഹനങ്ങള്‍ ചവിട്ടിയരയ്-ക്കുകയും ബോംബ് സ്ഫോടനങ്ങളില്‍ ജീവന്‍ നഷ്ടപ്പെടുകയും ചെയ്ത പിഞ്ചുകുഞ്ഞുങ്ങളെ മാറത്തണച്ച് വാവിട്ടുകരയുന്ന അമ്മമാര്‍. ഇസ്രയേല്‍ എന്ന സിയോണിസ്റ്റ് ഭീകരത രക്തപ്പുഴയൊഴുക്കി ഭൂപടത്തില്‍ നിന്നും തുടച്ചുനീക്കിക്കൊണ്ടിരിക്കുന്ന ഗാസയുടെ മുഖചിത്രവും മറ്റൊന്നല്ല. ഒരു വര്‍ഷം പിന്നിട്ട ഗാസ യുദ്ധത്തില്‍ ജീവന്‍ നഷ്ടപ്പെട്ട അരലക്ഷത്തോളം പേരില്‍ 70 ശതമാനവും സ്ത്രീകളും കുട്ടികളുമാണ്.

എന്നും സാമ്രാജ്യത്വ നുകത്തിന്‍ കീഴില്‍ ഞെരിഞ്ഞു കഴിയേണ്ടിവന്ന പലസ്തീന്‍ ജനതയില്‍ പുരുഷന്മാരോടൊപ്പം സ്ത്രീകളും പോരാട്ടവീഥിയിലുണ്ടായിരുന്നു. 500 വര്‍ഷം നീണ്ടുനിന്ന ഒട്ടോമന്‍ സാമ്രാജ്യം, ഒന്നാം ലോകയുദ്ധത്തിനുശേഷം ബ്രിട്ടീഷ് സാമ്രാജ്യം, സമാന്തരമായി ഉയര്‍ന്നുവന്ന സിയോണിസ്റ്റ് കയ്യേറ്റങ്ങള്‍, രണ്ടാം ലോക യുദ്ധത്തിനുശേഷമുണ്ടായ വിഭജനവും ഇസ്രയേലി കടന്നാക്രമണങ്ങളും അധിനിവേശവും അന്യഥാത്വവും, അഭയാര്‍ത്ഥികളായുള്ള അലച്ചില്‍, വിമോചന പോരാട്ടങ്ങള്‍, ഇന്നും തുടരുന്ന യുദ്ധം… പരിഹാരമില്ലാതെ, കൂടുതല്‍ കൂടുതല്‍ സങ്കീര്‍ണമായി മാറിക്കൊണ്ടിരിക്കുന്ന വര്‍ത്തമാനകാല സാഹചര്യത്തില്‍, പലസ്തീന്‍ ജനത, പ്രത്യേകിച്ച് സ്ത്രീകള്‍ പിന്നിട്ട പടവുകള്‍ രക്തവും കണ്ണീരും തളംകെട്ടിയവയാണ്.

താളം തെറ്റുന്നു
മറ്റേത് പുരുഷാധിപത്യ സമൂഹത്തിലേതുമെന്നപോലെ ജീവിതം നയിച്ചുവന്ന പലസ്തീന്‍ വനിതകളുടെ ദിനരാത്രങ്ങള്‍ താളംതെറ്റിച്ചത്, സിയോണിസ്റ്റ് അനുയായികള്‍, ആ ചരിത്രഭൂമി തങ്ങളുടെ വാഗ്ദത്തഭൂമിയായി വ്യാഖ്യാനിച്ചുതുടങ്ങിയതോടു കൂടിയാണ്. ഔദ്യോഗികമായി കുടിയേറ്റവും വെട്ടിപ്പിടിക്കലും തുടങ്ങുന്നതിനു മുമ്പേതന്നെ അറബ് ജൂതന്മാരെ സിയോണിസ്റ്റുകള്‍ പലസ്തീനിലേക്ക് മാറ്റിക്കൊണ്ടിരുന്നു. തലമുറകളായി സ്വന്തമായിരുന്ന ഭൂമിയും കൃഷിയിടങ്ങളും ഇക്കൂട്ടർ കയ്യേറിത്തുടങ്ങിയതോടെ കുടുംബജീവിതവും സാമൂഹ്യജീവിതവും താളം തെറ്റിത്തുടങ്ങി. ക്രമേണ പുരുഷന്മാരോടൊപ്പം ചെറുത്തുനില്പുയർത്തേണ്ടിവന്നു. പോയ നൂറ്റാണ്ടിന്റെ ആദ്യ ദശകത്തില്‍ തന്നെ പലസ്തീന്‍ വനിതകള്‍ സേവന, ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കായി ഒരു സംഘടന രൂപീകരിച്ചിരുന്നുവെന്ന് പലസ്തീന്‍ വനിതാ പ്രസ്ഥാനത്തെക്കുറിച്ചു പഠിച്ച എല്ലെന്‍ ഫ്ളെയിഷ്മാന്‍ എഴുതുന്നു. (The Nation and its ‘New’ women : The Palestinian Women’s Movement)). യൂറോപ്പിലും അമേരിക്കയിലും മറ്റു രാജ്യങ്ങളിലും സംഘടിത വനിതാ പ്രസ്ഥാനങ്ങള്‍ രൂപംകൊള്ളുന്നതിനും മുമ്പ് പലസ്തീന്‍ വനിതകള്‍ സംഘബോധമുള്ളവരായിരുന്നുവെന്നാണിത് തെളിയിക്കുന്നത്. പുതിയ സാഹചര്യത്തില്‍ ഈ സംഘടനക്ക് രാഷ്ട്രീയ രൂപവും പാശ്ചാത്യ വിവക്ഷയില്‍ ഫെമിനിസ്റ്റ് ഭാവവും കൈവന്നു. അക്കാലത്തെ സാമൂഹ്യ, സാംസ്കാരികാന്തരീക്ഷം സ്ത്രീ വിദ്യാഭ്യാസത്തിനും പ്രോത്സാഹനം നല്‍കിയിരുന്നു. സ്ത്രീകള്‍ക്കിടയില്‍ അവകാശബോധവും ലിംഗ സമത്വത്തെക്കുറിച്ചുള്ള അവബോധവും സൃഷ്ടിക്കാന്‍ വിദ്യാഭ്യാസം സഹായമാവുകയും ചെയ്തു. മധ്യ, ഉപരിവര്‍ഗ പുരുഷന്മാര്‍ ഇതിനെല്ലാം പ്രോത്സാഹനം നല്‍കുകയും ചെയ്തിരുന്നു. സ്കൂളുകളും അനാഥാലയങ്ങളും കലാ – കായിക സംഘടനകളും വനിതാ തൊഴിലാളി സംഘടനകള്‍ പോലും മികച്ച രീതിയില്‍തന്നെ പ്രവര്‍ത്തിച്ചു. വംശ, ലിംഗ വര്‍ഗ ഭേദമില്ലാതെ സമൂഹത്തിന്റെ സര്‍വതോന്മുഖമായ ക്ഷേമവും അഭിവൃദ്ധിയുമായിരുന്നു ഈ വനിതാ കൂട്ടായ്മയുടെ സാമൂഹ്യ ഫെമിനിസ്റ്റ് ലക്ഷ്യം. വനിതാ ക്ഷേമത്തിലും ശാക്തീകരണത്തിലും മാത്രം കേന്ദ്രീകരിക്കുന്ന പാശ്ചാത്യ ഫെമിനിസത്തില്‍നിന്ന്- വ്യത്യസ്തമായിരുന്നു പലസ്തീന്‍ ഫെമിനിസം എന്നതാണ് വസ്തുത.

ഇതേസമയം മധ്യപൗരസ്ത്യ ദേശത്തെ അറബ് വനിതകളും സംഘടിച്ചുകൊണ്ടിരിക്കുകയായിരുന്നു. സാമൂഹ്യ രാഷ്ട്രീയ രംഗങ്ങളില്‍ അറബ് രാജ്യങ്ങളിലാകെ സജീവ സ്ത്രീ സാന്നിധ്യം പ്രകടമായ കാലഘട്ടം. ഈജിപ്തിലെ പ്രമുഖ വനിതാ പ്രവര്‍ത്തക ഹുദ ഷറാവിയെപ്പോലെയുള്ളവര്‍ സ്ത്രീ മുന്നേറ്റത്തിന്റെ മുന്നണി പ്പടയാളികളായി. മധ്യ പൂര്‍വദേശത്ത് കോളനിവാഴ്ചക്ക് അന്ത്യംകുറിക്കാന്‍ തുടങ്ങിയ 1900 ത്തിലെ ആദ്യദശകം. പലസ്തീന്‍ വനിതകളും കാലത്തിന്റെ കുളമ്പടിയൊച്ച തിരിച്ചറിഞ്ഞ് പൊതുരംഗത്തിറങ്ങി. പ്രത്യാശാഭരിതമായ ഭാവിയില്‍ സ്ത്രീകള്‍ക്കും നിര്‍ണായക പങ്കാളിത്തമുണ്ടെന്ന ബോധ്യംമൂലം പുരുഷനര്‍ സര്‍വാത്മനാ പിന്തുണ നല്‍കുകയും ചെയ്തു.

സംഘശക്തി
റെഡ് ക്രെസന്റ് സൊസൈറ്റി, വിമന്‍സ് സോളിഡാരിറ്റി അസോസിയേഷന്‍, പലസ്തീന്‍ വിമന്‍സ് കൗണ്‍സില്‍ തുടങ്ങിയ സംഘടനകളിലൂടെ പലസ്തീനില്‍ മഹിളകള്‍ സംഘശക്തി തെളിയിച്ചു. സിയോണിസ്റ്റ് അതിക്രമങ്ങള്‍ കൂടിവരികയും ബ്രിട്ടന്‍ സ്വതന്ത്ര പലസ്തീൻ എന്ന വാഗ്ദാനം ലംഘിച്ചുവെന്ന് ബോധ്യപ്പെടുകയും ചെയ്തപ്പോള്‍ വനിതാ സംഘടനകള്‍ പുരുഷന്മാരോടൊപ്പം സംഘടിച്ച് ബ്രിട്ടീഷ് ഭരണത്തിനെതിരെ പ്രക്ഷോഭത്തിന് തയ്യാറായി. 1929ല്‍ നടന്ന പലസ്തീൻ അറബ് മഹിളാ കോണ്‍ഗ്രസില്‍, അറബ് വിമന്‍സ് അസോസിയേഷന്‍– ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടു. പലസ്തീന്‍ സന്ദര്‍ശിച്ച ബ്രിട്ടീഷ് ജനറല്‍ അല്ലെന്‍സിയെ, ശക്തമായി പ്രതിഷേധം അറിയിച്ചു. സമ്മേളനത്തിന്റെ സംഘാടകരില്‍ പ്രധാന പങ്കുവഹിച്ച തറാബ് അബ്ദ് അല്‍ ഹാദി പറഞ്ഞു ‘‘പോയി നിങ്ങളുടെ സര്‍ക്കാരിനോടു പറയൂ.. അതിക്രമങ്ങള്‍ക്കിരയായവരുടെ അമ്മമാരും പെണ്‍മക്കളും സഹോദരിമാരും ഇവിടെ കൂടിയിരിക്കുന്നത് ബ്രിട്ടീഷ് വഞ്ചന ലോകത്തെ അറിയിക്കാനാണ്. നമ്മുടെ ദുരിതങ്ങള്‍ക്ക് ഉത്തരവാദികള്‍ ബ്രിട്ടീഷുകാരാണെന്ന് എല്ലാ അറബികളും ഓര്‍മിക്കണം…”

ബ്രിട്ടീഷ് കോളനിവാഴ്ചക്കും ജൂത കയ്യേറ്റങ്ങള്‍ക്കുമെതിരെ പ്രക്ഷോഭം കൊടുമ്പിരിക്കൊണ്ട കാലത്ത് നയപരിപാടികളെച്ചൊല്ലി അറബ് വിമന്‍സ് അസോസിയേഷന്‍(AWA) പിളർന്നു. ലക്ഷ്യം നേടിയെടുക്കുന്നതിന് തെരുവിലിറങ്ങി പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കുകയും മാധ്യമങ്ങള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും കത്തുകളും നിവേദനങ്ങളും അയയ്-ക്കുകയും ചെയ്താല്‍ മതിയോ, കൂടുതല്‍ തീവ്രമായി രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടണമോ തുടങ്ങിയ വിഷയങ്ങളെ കുറിച്ചായിരുന്നു സംവാദങ്ങള്‍. സാമൂഹ്യപ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ ശ്രദ്ധിക്കുന്നതാണ് അഭികാമ്യമെന്ന സംഘടനയുടെ ഔദ്യോഗിക നിലപാടില്‍ തൃപ്തരാകാതെ ഒരു വിഭാഗം രാഷ്ട്രീയ ഫെമിനിസ്റ്റ് മുദ്രാവാക്യവുമായി അറബ് വിമന്‍സ് യൂണിയന് രൂപം നല്‍കി.

യാതനാപര്‍വ്വം
പലസ്തീന്‍ വനിതാ പ്രസ്ഥാനത്തിലെ അടുത്ത അധ്യായം രക്തത്തിലും കണ്ണീരിലും എഴുതിയതാണ്. 1948þല്‍ ഐക്യരാഷ്ട്രസഭയുടെ സഹായത്തോടെ ബ്രിട്ടീഷ് സാമ്രാജ്യത്വം യഹൂദരാഷ്ട്രം അടിച്ചേല്പിച്ചതോടെയാണ് പലസ്തീന്‍ ചോരക്കളമായത്. കൂട്ടക്കൊലകളും കുടിയൊഴിപ്പിക്കലും നിത്യേനയെന്നോണം അരങ്ങേറി. പ്രതിഷേധവുമായി സ്ത്രീകളും മുന്നണിയിലുണ്ടായിരുന്നു. സായുധ ജൂത സംഘങ്ങള്‍ ഗ്രാമങ്ങളും വീടുകളും കയറിയിറങ്ങി നരമേധങ്ങളും ബലാത്സംഗങ്ങളും നടത്തി. ഔദ്യോഗിക രാഷ്ട്ര പ്രഖ്യാപനം ഉണ്ടാകുന്നതിനു മുമ്പുതന്നെ നടന്ന അതിക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കിയ രണ്ടുപേര്‍ പില്ക്കാലത്ത് പ്രധാനമന്ത്രിമാരായി കൂട്ടക്കൊലകള്‍ക്ക് ആഹ്വാനം ചെയ്ത് നടപ്പാക്കിയവരാണ്, മെനാച്ചെം ബെഗിനും യിറ്റ്ഷാക് ഷമീറും. 1948 ഏപ്രില്‍ 9ന് ഇവര്‍ ദേര്‍യാസിന്‍ ഗ്രാമത്തില്‍ നടത്തിയ കൂട്ടക്കൊലയില്‍ 245 പലസ്തീന്‍കാര്‍ കൊല്ലപ്പെട്ടു. തുടര്‍ന്ന് നൂറുകണക്കിന് പലസ്തീന്‍കാര്‍ ഗ്രാമത്തില്‍ നിന്ന് പലായനം ചെയ്തു. ചെറുത്തുനില്പും തുടങ്ങി. കര്‍ഷകരും തൊഴിലാളികളുമായ സ്ത്രീകൾ ഭര്‍ത്താക്കന്മാരോടൊപ്പം പ്രതിരോധപ്രവര്‍ത്തനങ്ങൾക്ക് മുന്നിട്ടിറങ്ങി.

അധിനിവേശ പലസ്തീനിലെ സ്ത്രീകളുടെ അവസ്ഥ മറ്റു രാജ്യങ്ങളിലെ വനിതാ സാഹചര്യങ്ങളില്‍നിന്നും വ്യത്യസ്തമായിരുന്നു. അഥവാ സാര്‍വജനീന വനിതാ പ്രശ്നങ്ങള്‍ക്കുപുറമെ സിയോണിസ്റ്റ് പ്രയോഗവത്കരണം വരുത്തിവെച്ച ദുരിതങ്ങള്‍കൂടി അവര്‍ക്ക് അഭിസംബോധന ചെയ്യുവാനുണ്ടായിരുന്നു. കുടുംബ നിര്‍വഹണം, ജീവിതമാര്‍ഗ്ഗം കണ്ടെത്തല്‍, കുട്ടികളുടെയും കുടുംബത്തിന്റെയും ഭാവി, തികഞ്ഞ അനിശ്ചിതാവസ്ഥ നിലനില്‍ക്കുന്ന അന്തരീക്ഷം, ഉറ്റവരും ഉടയവരും നഷ്ടപ്പെടുകയോ മറ്റു രാജ്യങ്ങളില്‍ അഭയാര്‍ത്ഥികളാവുകയോ ചെയ്യുമ്പോഴുള്ള അനാഥത്വം… വെല്ലുവിളികള്‍ക്കിടയില്‍ കൂട്ടായ്മകള്‍ സ്വാഭാവികമായും ശിഥിലമായി.

ഇന്തിഫാദ
പിന്നീട് 1987ല്‍ പലസ്തീന്‍ യുവജനങ്ങളും വിദ്യാര്‍ത്ഥികളും തിരികൊളുത്തിയ ജനകീയ കലാപം വനിതാപ്രസ്ഥാനത്തിന്റെ പുനരുജീവനത്തിന് കാരണമായി. 1992 വരെ നീണ്ടുനിന്ന ഒന്നാം ‘ഇന്തിഫാദ’യില്‍ സ്ത്രീശക്തി പ്രകടമായി. രാഷ്ട്രീയ പ്രവര്‍ത്തകരും തന്ത്രജ്ഞരുമാകേണ്ടതിന്റെ നിപുണത (skill) വനിതാ പ്രസ്ഥാനം പ്രവര്‍ത്തകരെ പഠിപ്പിച്ചു. പുരുഷ രാഷ്ട്രീയ നേതൃത്വം തടവിലാക്കപ്പെടുകയോ പീഡിപ്പിക്കപ്പെടുകയോ ചെയ്തപ്പോള്‍ പൊതുരംഗത്തുണ്ടായ ശൂന്യത നികത്തി ജനകീയ മുന്നേറ്റം സജീവമായി നിലനിര്‍ത്താന്‍ സക്രിയ സ്ത്രീ പങ്കാളിത്തം അനിവാര്യമായി. അതിനിടയില്‍ പലസ്തീൻ വിമോചന സംഘടന (PLO)നേതൃത്വം നല്‍കിയ വിമോചന പോരാട്ടത്തിന്റെ മുന്‍നിരയില്‍ ധീരരായ ഒട്ടേറെ വനിതകള്‍ ആവേശത്തോടെ അണിനിരക്കുകയുണ്ടായി. പിഎല്‍ഒയിലെ ഫത്താ, പിഎഫ്എല്‍പി, ഡിഎഫ്എല്‍പി തുടങ്ങിയ സോഷ്യലിസ്റ്റ്, മാര്‍ക്സിസ്റ്റ് സംഘടനകളുടെ നേതൃനിരയില്‍ നിരവധി വനിതകളുണ്ടായിരുന്നു. പാശ്ചാത്യ മാധ്യമങ്ങള്‍ വനിതാ ഗറില്ലകള്‍ എന്നു മുദ്രകുത്തിയ ഇവര്‍ അനേകം സാഹസിക കൃത്യങ്ങളില്‍ പങ്കെടുക്കുകയും ചിലര്‍ രക്തസാക്ഷികളാകുകയും ചെയ്തു. വിമാന റാഞ്ചല്‍, ചാവേര്‍ ബോംബ് സ്ഫോടനം തുടങ്ങിയ ധാരാളം ധീരസാഹസ കൃത്യങ്ങളിലൂടെ പലസ്തീന്‍ വനിതാ പോരാളികള്‍ ലോകമെമ്പാടുമുള്ള വിപ്ലവകാരികളുടെ ആവേശമായി. 2003 ഒക്ടോബര്‍ 4ന് ഹൈഫയിലെ ഒരു ആഡംബര ഹോട്ടലില്‍ ഹനാദി തൈസീര്‍ ജറദത്ത് എന്ന വനിതാ പോരാളി നടത്തിയ ചാവേര്‍ ബോംബാക്രമണം പലസ്തീന്‍ വിമോചന ചരിത്രത്തിലെ ജ്വലിക്കുന്ന അധ്യായമാണ്. ജറദത്ത് തീഗോളമായി ഉയര്‍ന്നു. സംഭവത്തില്‍ കുറഞ്ഞത് 19 ഇസ്രയേലികളെങ്കിലും കൊല്ലപ്പെട്ടു. വീട്ടില്‍ അതിക്രമിച്ചു കയറിയ ഇസ്രയേലി പട്ടാളം സഹോദരങ്ങളെയും ബന്ധുവിനെയും തന്റെ കണ്‍മുന്നില്‍ വെടിവെച്ചു കൊന്നതിന്റെ പ്രതികാരമായിരുന്നു ജറദത്തിന്റെ കൃത്യം.

പോരാട്ടങ്ങള്‍ക്കും യാതനകള്‍ക്കുമിടയിലും സ്ത്രീ മുന്നേറ്റം സമൂഹത്തില്‍ വേരൂന്നിയ പ്രസ്ഥാനമായി വളര്‍ന്നുകൊണ്ടിരുന്നു. 1993ല്‍ ഒപ്പുവെച്ച ഓസ്ലോ ഉടമ്പടി വേളയില്‍ സ്ത്രീകളുടെ നിയമപരമായ അവകാശങ്ങളെക്കുറിച്ചുള്ള ഒരു രേഖ തയ്യാറാക്കി ഭാവിരാഷ്ട്രത്തില്‍ തങ്ങളുടെ സ്ഥാനം ഉദ്ഘോഷിക്കുകയും ചെയ്തു. പലസ്തീന്‍ സംസ്കാരവും സവിശേഷതകളും നിലനിര്‍ത്തി, സാമൂഹ്യനീതിയും സമത്വവും ഉറപ്പുവരുത്തുന്ന ഒരു ജനാധിപത്യ വ്യവസ്ഥ കെട്ടിപെടുക്കണമെന്നും ആ സമൂഹത്തില്‍ സ്ത്രീകളുടെ സാമൂഹികവും സാംസ്കാരികവുമായ അവകാശങ്ങള്‍ക്ക് വിട്ടുവീഴ്ച-യില്ലാത്ത അംഗീകാരം ഉണ്ടായിരിക്കണമെന്നും പ്രസ്തുത രേഖ ആവശ്യപ്പെട്ടു. വെസ്റ്റ്ബാങ്കിലും ഗാസയിലും 2000 ത്തില്‍ പൊട്ടിപുറപ്പെട്ട രണ്ടാം ഇന്തിഫാദയിലും വനിതാപ്രസ്ഥാനം ചരിത്രപരമായ പങ്ക് നിറവേറ്റി.

വെല്ലുവിളികള്‍
ആഗോളവത്കരണ – ഉദാരവത്കരണ മുഖപടങ്ങളിലൂടെ മുതലാളിത്തവും സാമ്രാജ്യത്വവും നവകോളനിവത്കരണം തുടങ്ങുന്ന വര്‍ത്തമാനകാല സാഹചര്യത്തില്‍, പലസ്തീന്‍ വനിതാ പ്രസ്ഥാനം അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളും വെല്ലുവിളികളും നിരവധിയാണ്. തീവ്രവാദം തുടച്ചുമാറ്റുകയാണെന്ന നാട്യത്തില്‍ ഒരു സംസ്കാരത്തെയും, ജനതയെയും ഉന്മൂലനം ചെയ്യുന്നതില്‍ സിയോണിസ്റ്റ് ഭീകരര്‍ വ്യാപൃതരായിരിക്കുകയാണ്. ഏറ്റവും തിളക്കമാര്‍ന്ന് നിന്നിരുന്ന വിമോചന പ്രസ്ഥാനത്തെ ലോകം തീര്‍ത്തും അവഗണിച്ചിരിക്കുന്നു. ജനങ്ങള്‍ തികച്ചും അനാഥരാകുകയും ഭാവി ഇരുളടയുകയും ചെയ്തിരിക്കുന്നു.

തൊഴിലവസരങ്ങള്‍ കുറയുന്നത് സ്ത്രീകളുടെ സ്വയംപര്യാപ്തതയെയും സ്വാശ്രയത്വത്തെയും ബാധിക്കുകയും കുടുംബപരിപാലനം ദുഷ്കരമാകുകയും ചെയ്യുന്നതായി അറബ് വനിതാ പ്രസ്ഥാനങ്ങളെ അധികരിച്ച് നിരവധി പഠനങ്ങള്‍ നടത്തിയിട്ടുള്ള സൂസന്‍ മുവാദി ദറാജ് വെളിപ്പെടുത്തിയിട്ടുണ്ട്. അതോടൊപ്പം നൂറ്റാണ്ടുകളായി നിലനില്‍ക്കുന്ന പുരുഷാധിപത്യത്തെ ചെറുക്കുകയും വേണം. ഈ പ്രതിസന്ധികള്‍ക്കിടയിലും പോരാട്ടവീര്യം കെടാതെ സൂക്ഷിക്കുന്നുണ്ട് പലസ്തീനിലെ ധീരരായ വനിതകള്‍.

സമൂഹത്തിന്റെ എല്ലാ തലങ്ങളിലുംപെട്ട സ്ത്രീകളെ സൗഹൃദകണ്ണികളാല്‍ കോര്‍ത്തിണക്കുകയെന്ന ശ്രമകരമായ ദൗത്യവും വെല്ലുവിളിയുമാണ് പലസ്തീന്‍ വനിതാ പ്രസ്ഥാനം ഏറ്റെടുക്കുന്നത്. പ്രാഥമിക ഘട്ടത്തില്‍ മധ്യവര്‍ഗ – ഉപരിവര്‍ഗ പരിലാളനയില്‍ വളര്‍ന്ന പലസ്തീൻ ഫെമിനിസം കാലപ്പകര്‍ച്ചയില്‍ അടിസ്ഥാന – ദുര്‍ബല വിഭാഗങ്ങളിലേക്കുകൂടി വ്യാപിച്ചെങ്കിലും സുഗമമായ പ്രവര്‍ത്തനം സാധ്യമായിരുന്നില്ല. നിലയ്-ക്കാത്ത യുദ്ധങ്ങളും കലാപങ്ങളും ഏകീകരണ ശ്രമങ്ങള്‍ക്ക് വിഘാതം സൃഷ്ടിക്കുകയും ചെയ്തു. അക്കാദമിക രംഗത്തുണ്ടായ വളര്‍ച്ചയും വികാസവും പ്രസ്ഥാനത്തിന് സമഗ്രതയും പരിപൂര്‍ണതയും നല്കിയിട്ടുണ്ട്. പ്രവാസ ജീവിതം നയിക്കുന്ന സഹോദരിമാരുമായി ബന്ധപ്പെടുവാനുള്ള വാര്‍ത്താവിനിമയോപാധികളും ഉപയോഗപ്പെടുത്തിത്തുങ്ങിയിട്ടുണ്ട്. എന്നിരുന്നാലും, സ്ത്രീകളുടെയും സമൂഹത്തിന്റെയും ക്ഷേമവും സന്തോഷവും അര്‍ത്ഥപൂര്‍ണമായി അഭിവൃദ്ധിപ്പെടുത്തുന്ന ഒരു ഫെമിനിസ്റ്റ് പ്രസ്ഥാനം യാഥാര്‍ത്ഥ്യമാക്കുവാന്‍, പലസ്തീനുനേരെ ഇസ്രായേല്‍ നടത്തുന്ന കടന്നാക്രമണത്തിന് അറുതിവരുത്തുക തന്നെവേണം. അതിന് ഭൂമുഖത്തെ സമാധാനകാംക്ഷികളും പുരോഗമന ശക്തികളും സംഘം ചേരുകയും ശക്തരാകുകയും വേണം.

‘‘ഞങ്ങള്‍ പലസ്തീന്‍ സ്ത്രീകള്‍, ഇവിടെ, ഞങ്ങളുടെ നിഷ്കളങ്കരായ രക്തസാക്ഷികളുടെയും കുഞ്ഞുങ്ങളുടെയും കുഴിമാടങ്ങള്‍ക്കു മുന്നില്‍ നിര്‍ഭയരായി നില്‍ക്കുന്നു; നിത്യേന ഞങ്ങളുടെ ജനതയ്-ക്കെതിരെ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളെ വെല്ലുവിളിച്ചുകൊണ്ട്”. മാര്‍ച്ച് 8 ന്, അന്താരാഷ്ട്ര വനിതാ ദിനത്തില്‍, എല്ലാ വര്‍ഷവും, സിയോണിസ്റ്റ് കാപാലികര്‍ കവര്‍ന്നെടുത്ത ജീവനുകള്‍ക്ക് പ്രണാമമര്‍പ്പിച്ചുകൊണ്ട് അവര്‍ വിളിച്ചു പറഞ്ഞ വാക്കുകളാണിത്. ഇസ്രയേൽ അധിനിവേശത്തിനു കീഴില്‍ ജീവിക്കുകയും മരിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്ന ജനതയ്-ക്ക് സംരക്ഷണം നല്‍കണമെന്നാണ് അവര്‍ ലോകത്തോട് വിളിച്ചുപറയുന്നത്. വിവേചനമോ അവഹേളനമോ ഇല്ലാത്ത, നീതിയും ധര്‍മവും പുലര്‍ത്തുന്ന സമൂഹം കെട്ടിപ്പെടുക്കുവാനുള്ള ശ്രമത്തില്‍ സ്ത്രീപക്ഷ അജൻഡ അവിഭാജ്യ ഘടകമാക്കണമെന്ന് അവര്‍ പൊതുസമൂഹത്തോട് അഭ്യര്‍ത്ഥിക്കുകകൂടി ചെയ്യുന്നു. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

five + 3 =

Most Popular