രണ്ടായിരത്തില്‍ സയന്റിഫിക് അമേരിക്കന്‍ മാസികയുടെ സഹസ്രാബ്ദ പതിപ്പില്‍ കാര്‍നി മിലന്‍ സര്‍വകലാശാലയിലെ ഹാന്‍സ് മൊറാവെക് എന്ന ഗവേഷണ ശാസ്ത്രജ്ഞന്‍ പ്രസിദ്ധീകരിച്ച ലേഖനം ജൈവമനുഷ്യനും യന്ത്രമനുഷ്യനും മാറ്റുരയ്ക്കുന്നതു സംബന്ധിച്ചായിരുന്നു. 1999-ല്‍ ‘Robot : Mere Machine to Transcendent mind’ എന്ന പുസ്തകമെഴുതിയ മൊറാവെക് ഇന്ന് തന്റെ 76-–ാം വയസിലും അമേരിക്കയിലെ കാര്‍നി മിലന്‍ സര്‍വകലാശാലയിലെ റോബോട്ടിക് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഫാക്കല്‍റ്റിയായി പ്രവര്‍ത്തിക്കുന്ന ധിഷണാശാലിയാണ്. എ ഐയുടെ വര്‍ത്തമാനകാല സാധ്യതകളും വെല്ലുവിളികളും നിരീക്ഷിക്കുമ്പോൾ അദ്ദേഹത്തിന്റെ അന്നത്തെ ലേഖനവും ചിന്തകളും ഏറെ പ്രസക്തമാണ്.
മൊറാവെക്കിന്റെ നിരീക്ഷണങ്ങള്‍
കമ്പ്യൂട്ടറുകള്‍ കാര്യക്ഷമതയിലും വേഗതയിലുമെല്ലാം വമ്പിച്ച വളര്‍ച്ച കാണിക്കുമ്പോഴും റോബോട്ടിക്സ് മേഖല അമ്പതു വര്‍ഷം മുമ്പുള്ള (1950 ല്‍) പ്രവചനങ്ങളില്‍ നിന്നും ഏറെ മുന്നോട്ട് പോയിട്ടില്ല എന്ന നിരീക്ഷണമാണ് 2000-ത്തില്‍ മൊറാവെക് നടത്തിയത്. ‘‘കമ്പ്യൂട്ടറുകളുടെ പ്രവര്‍ത്തനങ്ങള്‍ കണ്ടു വിസ്മയിച്ച ആ കാലഘട്ടത്തിലെ വിദഗ്ധര്‍, ശരിയായ സോഫ്റ്റ്‍വെയര്‍ പ്രോഗ്രാമുകള്‍ രചിക്കുകയാണെങ്കില്‍ കമ്പ്യൂട്ടറുകള്‍ക്ക് റോബോട്ടുകളുടെ കൃത്രിമ മസ്തിഷ്കമായി പ്രവര്‍ത്തിക്കാനാകും എന്ന് കണക്കുകൂട്ടി. വീടിന്റെ തറ വൃത്തിയാക്കുക, മുറ്റത്തെ പുല്ലു വെട്ടുക… തുടങ്ങിയ മനുഷ്യാദ്ധ്വാനം ലഘൂകരിക്കുന്ന ജോലികള്‍ ചെയ്യാന്‍ കരുത്തുള്ള കമ്പ്യൂട്ടറുകള്‍ അടുത്ത പത്തോ ഇരുപതോ വര്‍ഷങ്ങള്‍ക്കുള്ളില്‍ വ്യാപകമാകും എന്നവര്‍ സ്വപ്നം നെയ്തു. പക്ഷേ ഈ സ്വപ്നം വേണ്ടവിധം പിന്നീട് പൂവണിഞ്ഞില്ല. നിരാശരായ പല കമ്പനികളും ബിസിനസില്‍ നിന്നും പുറത്തു വരികപോലുമുണ്ടായി. റോബോട്ട് എന്ന യാന്ത്രിക മനുഷ്യന്‍ (Mechanical Body) അല്ല അപ്രാപ്യമായത്, അതിസങ്കീര്‍ണമായ, മനുഷ്യ മസ്തിഷ്കത്തോട് കിടപിടിക്കുന്ന വിവേചന ശക്തിയുള്ള റോബോട്ടുകളാണ് (Human like Robots) അപ്രാപ്യമായത്’’. മൊറാവെക് കൃത്യം രണ്ടരപ്പതിറ്റാണ്ടു മുമ്പെഴുതിയതാണിത്.
‘‘എന്നാല്‍ അതി വിദൂരമല്ലാത്ത ഭാവിയില്‍ത്തന്നെ ഈ സ്വപ്നം സാക്ഷാത്കരിക്കും. മനുഷ്യനോളം വലിപ്പവും ഒരു പല്ലിയുടെ വിവേചനാധികാരവുമുള്ള (cognitive ability) റോബോട്ടുകള്‍ 2010 തികയുന്നതോടെ രംഗത്തിറങ്ങും. ശാസ്ത്ര കല്പിത കഥകളിലും ശാസ്ത്രജ്ഞരുടെ സ്വപ്നങ്ങളിലും നിത്യഹരിത നായകനായ മനുഷ്യന്റെ ചിന്താശേഷിയ്ക്ക് തുല്യം നില്‍ക്കുന്ന മസ്തിഷ്കവുമായി വരുന്ന കമ്പ്യൂട്ടറുകള്‍ 2040 ഓടെ സജീവമാകും’’ എന്നും 2000-ത്തില്‍ മൊറാവെക് വിശദീകരിക്കുന്നത് ഇലക്ട്രോണിക്സിലും, സോഫ്റ്റ്‍വെയറിലും അക്കാലങ്ങളിലുണ്ടായ പുരോഗതിയും, റോബോട്ടുകളെയും കമ്പ്യൂട്ടറുകളെയും മാത്രമല്ല പ്രാണികളും ഉരഗങ്ങളുമുള്‍പ്പെടുന്ന ജീവികളെയും കഴിഞ്ഞ മുപ്പത് വര്‍ഷമായി നിരീക്ഷിച്ചു വന്ന അനുഭവത്തിന്റെ അടിസ്ഥാനത്തിലാണ്.
മുഖ്യധാരയില്‍ നിന്നും ‘മനുഷ്യന്‍ ‘ അപ്രത്യക്ഷനാകുന്നു?
മനുഷ്യന് സഹായകമാകുന്ന അല്ലെങ്കില്‍ ദൈനംദിന പ്രവര്‍ത്തനങ്ങളിലെ വൈഷമ്യങ്ങള്‍ ഇല്ലാതാക്കി അതിനെ ലളിതവല്‍ക്കരിക്കുന്ന ‘റോബോട്ട്’ എന്ന ‘സഹായി’യെക്കുറിച്ച് വാചാലനാകുന്നതോടൊപ്പം തന്നെ അവ സൃഷ്ടിക്കുന്ന മാറ്റിമറിക്കലുകള്‍ സാമൂഹ്യരംഗത്ത് വിപ്ലവം സൃഷ്ടിച്ചേക്കാം എന്നും മൊറാവെക് പറയുന്നു. ഭൗതികവും ബൗദ്ധികവുമായ മേഖലകളില്‍ മനുഷ്യനെ കടത്തിവെട്ടുന്ന റോബോട്ടുകള്‍ നാലാം തലമുറയോടെ രംഗപ്രവേശനം ചെയ്യുമ്പോള്‍ നിലവിലുള്ള സാമൂഹിക വ്യവസ്ഥിതി തകിടം മറിയും. കമ്പനികളിലും ഫാക്ടറികളിലുമെല്ലാം മനുഷ്യനെക്കാളും വളരെ വളരെ വേഗതയിലും അവനെക്കാള്‍ ബുദ്ധിശക്തിയോടെയും പ്രവര്‍ത്തിക്കാന്‍ കഴിയുന്ന റോബോട്ടുകള്‍ വരുന്നതോടെ മനുഷ്യാദ്ധ്വാനത്തിന് വിലയില്ലാതാകുകയും ആത്യന്തികമായി അവനു ചെയ്യാനുള്ളത് കമ്പനി (ഫാക്ടറി) പ്രവര്‍ത്തിപ്പിക്കാനാവശ്യമായ നിയമാവലി ആവിഷ്കരിക്കുക തുടങ്ങിയ ജോലികള്‍ മാത്രമായിരിക്കും. കല, സാംസ്കാരിക, വിനോദമേഖലകളില്‍ അവര്‍ കൂടുതല്‍ ശ്രദ്ധപതിപ്പിച്ച് സമയം കളയുമായിരിക്കും. അതായത് നമ്മുടെ വരും തലമുറയ്ക്ക് നാം ഇന്നു ചെയ്യുന്ന തരത്തിലുള്ള ഒരു ജോലി സംവിധാനം ലഭിക്കാന്‍ സാധ്യതയില്ല.
“മനുഷ്യബുദ്ധിയുടെ വികാസം ഈ ലേഖനത്തില്‍ വളരെ പെട്ടെന്ന് പറഞ്ഞുപോയെങ്കിലും ഇതിലെ നൂറുകോടിയിലൊന്നു വേഗതയേ ആ പരിണാമത്തിനുള്ളൂ. എന്നാല്‍ റോബോട്ടുകളുടെ വളര്‍ച്ചയുടെ ഗ്രാഫ് എത്ര പെട്ടെന്നാണ് ഉയര്‍ന്നുപോകുന്നത്. ഇതേ തോതു നിലനിര്‍ത്തിയാല്‍പ്പോലും 2050 ഓടെ റോബോട്ടുകളുടെ ബുദ്ധിശക്തി മനുഷ്യബുദ്ധിയെ കടത്തിവെട്ടിയേക്കും. ചുരുക്കത്തില്‍, വളരെ ഉയര്‍ന്ന വൈജ്ഞാനിക ബോധവും ധിഷണാശക്തിയും പ്രദര്‍ശിപ്പിക്കുന്ന റോബോട്ടുകള്‍ കൃത്യതയിലും കണിശതയിലും കാര്യക്ഷമതയിലും വളരെ വളരെ കൂടിയ വേഗതയോടെ കുറഞ്ഞ ചെലവില്‍ വിരസത തീരെയില്ലാതെ പ്രവര്‍ത്തനക്ഷമമാകുമ്പോള്‍ 2050 ആകുന്നതോടെ ശാസ്ത്ര കണ്ടുപിടിത്തങ്ങളെല്ലാം ഇത്തരം റോബോട്ടിക് ബുദ്ധിയുടെ വൈദഗ്‍ധ്യത്തിന്റെ സൃഷ്ടിയായേക്കാം’ എന്നു പറഞ്ഞാണ് അദ്ദേഹം 2000ത്തില്‍ ആ ലേഖനം അവസാനിപ്പിക്കുന്നത്.
എ ഐയുടെ വ്യാപനം
കല, സാംസ്കാരിക, -വിനോദ മേഖലകളില്‍ മനുഷ്യന് കൂടുതല്‍ ശ്രദ്ധ പതിപ്പിക്കേണ്ടിവരും എന്ന പ്രവചനങ്ങള്‍ ഒരു പ്രതീക്ഷയായി നിന്നിരുന്ന സമയത്തുതന്നെയാണ് 2022–-23 ല്‍ സ്വന്തമായി കഥയും കവിതയും തിരക്കഥയുമെല്ലാം രചിച്ചും സങ്കീര്‍ണമായ കമ്പ്യൂട്ടര്‍ പ്രോഗ്രാമുകള്‍ തയ്യാറാക്കുന്നതുള്‍പ്പെടെ ചെയ്തും ചാറ്റ് ജിപിടി എന്ന എഐ ടൂള്‍ രംഗപ്രവേശനം ചെയ്തത്. അതിനുമുമ്പ് 2016-ല്‍ ഹാന്‍സന്‍ റോബോട്ടിക്സ് തയ്യാറാക്കിയ ‘സോഫിയ’ എന്ന റോബോട്ടിന്റെ മനുഷ്യരോടുള്ള ചോദ്യങ്ങളോടുള്ള പ്രതികരണം അമ്പരപ്പുളവാക്കിയിരുന്നു. 2017ല്‍ സോഫിയ റോബോട്ടിന് സൗദി അറേബ്യ പൗരത്വം നല്‍കുക പോലുമുണ്ടായി.
നിര്‍മിതബുദ്ധിയ്ക്ക് സാങ്കേതിക മേഖലയിലെ ചര്‍ച്ചാവിഷയം എന്നതില്‍ നിന്നും സാര്‍വജനീന സ്വഭാവം കൈവന്നു തുടങ്ങിയത് അടുത്ത കാലത്താണ്. തങ്ങളുടെ സൃഷ്ടികള്‍ ഉപയോഗിച്ചും അനുകരിച്ചും സര്‍ഗാത്മകമായ രചനകള്‍ എഐ ഉപയോഗിച്ചു തയ്യാറാക്കുന്നതിനെ പകര്‍പ്പവകാശ ലംഘനമായി ചിത്രീകരിച്ച് സമരങ്ങളും കേസുകളും നടത്തിക്കൊണ്ടിരിക്കുന്നതും ഈ പശ്ചാത്തലത്തില്‍ വേണം കാണാന്‍. പകര്‍പ്പവകാശ ലംഘനം ചൂണ്ടിക്കാട്ടി എ ഐ ഉപയോഗം പരിമിതപ്പെടുത്തണം എന്നാവശ്യപ്പെട്ട് ഹോളിവുഡിലെ എഴുത്തുകാരുടെയും അഭിനേതാക്കളുടെയും യൂണിയനുകള്‍ സമരം ചെയ്തതും, ഓപണ്‍ എ ഐയ്ക്കെതിരെ ഇങ്ങ് ഇന്ത്യയില്‍വരെ പകര്‍പ്പവകാശ ലംഘന കേസ് ഫയല്‍ ചെയ്തതും ഈ പശ്ചാത്തലത്തില്‍ വേണം കാണാന്‍.
നിര്‍മിതബുദ്ധി ലോകത്തെ കീഴടക്കുന്നത് കാലാവസ്ഥ വ്യതിയാന ഭീഷണിയെക്കാളും അടിയന്തര പരിഗണന അര്‍ഹിക്കുന്നുവെന്ന് പറഞ്ഞത് എ ഐയുടെ ഗോഡ്ഫാദറായി വിശേഷിപ്പിക്കപ്പെടുന്ന ജിയോഫ്രേ ഹിന്റണ്‍ തന്നെയാണ്.
തെര്‍മല്‍ ഇമേജിങ്ങും എ ഐയും ഉപയോഗിച്ച് ചെലവു കുറഞ്ഞ രീതിയില്‍ സ്തനാര്‍ബുദം കണ്ടെത്താന്‍ സ്റ്റാര്‍ട്ടപ്പുകള്‍ ആരോഗ്യമേഖലയില്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍, മണ്ണിന്റെ ആരോഗ്യം മുതല്‍ ഭാവിയിലെ വിപണി സാധ്യതകള്‍ വരെ എ ഐ സഹായത്തോടെ കണ്ടെത്തുകയും പ്രവചിക്കുകയും ചെയ്യുന്ന കാര്‍ഷിക മേഖലയിലെ അനുഭവങ്ങള്‍, വ്യവസായ രംഗത്തെ പുതിയ കുതിച്ചുചാട്ടം എന്നിങ്ങനെ എ ഐയുടെ ഗുണപരമായ സ്വാധീനം ഇന്ന് എല്ലാ മേഖലകളിലും പ്രകടമാണ്. അതേസമയം വിദ്യാഭ്യാസ മേഖലയില്‍ ഉള്‍പ്പെടെ നിലവിലുള്ള സംവിധാനങ്ങളെയും വിദ്യാഭ്യാസ ചട്ടക്കൂടുകളെയും തകര്‍ത്ത് കുത്തക പ്ലാറ്റ്ഫോമുകള്‍ നടത്തുന്ന സ്വാധീനം വലിയ വെല്ലുവിളിയാണ്. ഡിജിറ്റല്‍ ലഭ്യതയിലെ വിടവുകള്‍, വ്യക്തികളെയും സമൂഹങ്ങളെയും തിരഞ്ഞുപിടിച്ച് ഒഴിവാക്കല്‍, തൊഴില്‍ മേഖലകളിലെ ചൂഷണങ്ങള്‍, പൗരസ്വാതന്ത്ര്യത്തിന്മേലുള്ള ഭരണകൂടത്തിന്റെ കൈകടത്തല്‍, സ്വകാര്യതാ ലംഘനം, നൈതിക പ്രശ്നങ്ങള്‍ എന്നിങ്ങനെ സമാനതകളില്ലാത്ത വെല്ലുവിളികളാണ് നിര്‍മിതബുദ്ധി ഉയര്‍ത്തുന്നത്.
നിര്‍മിതബുദ്ധിയെ ആര് നിയന്ത്രിക്കും?
വ്യക്തികളുടെ ഡാറ്റാ സ്വകാര്യതയും സുരക്ഷിതത്വവും ഉറപ്പു വരുത്തുന്ന തരത്തില്‍ ജിഡിപിആര്‍ (General Data Protection Regulation) എന്ന നിയമം 2018 ല്‍ നടപ്പാക്കിയ യൂറോപ്യന്‍ യൂണിയന്‍ തന്നെ നടപ്പാക്കിയ എ ഐ ആക്ട് ആണ് ഇക്കാര്യത്തില്‍ നിലവില്‍ അനുകരിക്കാവുന്ന ഒരു മാതൃക. 2026 ആഗസ്ത് മുതലാണ് ഈ നിയമം പൂർണമായി നടപ്പാക്കുക. ഇതനുസരിച്ച് എ ഐ ആപ്ലിക്കേഷനുകളെ അവയുടെ സാമൂഹിക വെല്ലുവിളികള്‍ (Risks) അനുസരിച്ച് നാല് വിഭാഗങ്ങളാക്കി തിരിച്ചിട്ടുണ്ട്. ഇതില്‍ അസ്വീകാര്യം (Unacceptable) എന്ന വിഭാഗത്തിലാണ് പൊതുസ്ഥലങ്ങളില്‍ നടത്തുന്ന തത്സമയ (real-time) ബയോമെട്രിക് തിരിച്ചറിയല്‍ സംവിധാനങ്ങളെയും പൗരരെ അവരുടെ വിവിധ മേഖലകളിലെ (ഓണ്‍ലൈന്‍ ഉള്‍പ്പടെ) പ്രവര്‍ത്തനങ്ങള്‍ അടിസ്ഥാനമാക്കി തരംതിരിക്കുന്നതും (ചൈനയിലെ Social scoring പോലെ) ആയ എ ഐ ആപ്ലിക്കേഷനുകളെ ഉള്‍പ്പെടുത്തിയിട്ടുള്ളത്. മനുഷ്യന്റെ സ്വാഭാവികമായ വിവേചനാധികാരത്തെ അവിഹിതമായി സ്വാധീനം ചെലുത്തുന്ന സംവിധാനങ്ങളും നിരോധിക്കപ്പെട്ടിട്ടുണ്ട്. കുട്ടികളില്‍ ആക്രമണ സ്വഭാവം വളര്‍ത്തുന്ന തരത്തില്‍ ശബ്ദത്താല്‍ നിയന്ത്രിക്കുന്ന കളിപ്പാട്ടങ്ങളുമൊക്കെ ഈ വിഭാഗത്തില്‍ വരും.
തത്സമയമല്ലാത്ത ബയോമെട്രിക് തിരിച്ചറിയല്‍ സംവിധാനങ്ങളും ഹീനമായ കുറ്റകൃത്യങ്ങളുടെ കൈകാര്യത്തിനല്ലാതെ (അതും കോടതികളുടെ അനുമതിയോടെ മാത്രം) ഉപയോഗിക്കാനാകില്ല. വ്യക്തികളുടെ പ്രൊഫൈലുകള്‍, സ്ഥലം, മുന്‍കാല കുറ്റകൃത്യങ്ങള്‍ തുടങ്ങിയവ അടിസ്ഥാനമാക്കി പ്രവചന സ്വഭാവത്തിലുള്ള പൊലീസിങ്ങിനും എ ഐ ഉപയോഗിക്കാന്‍ പാടില്ല. അഭയാര്‍ത്ഥികള്‍, മത-–വര്‍ഗ ന്യൂനപക്ഷങ്ങള്‍ തുടങ്ങിയ വിഭാഗങ്ങളുടെ മേല്‍ ബയോമെട്രിക് പ്രൊഫൈലുകള്‍ സൃഷ്ടിച്ച് മനുഷ്യാവകാശ ലംഘനം നടത്തുന്നതിനെതിരെ ആംനസ്റ്റി ഇന്റര്‍നാഷണല്‍ ഉള്‍പ്പെടെയുള്ള സിവില്‍ സൊസൈറ്റി സംഘടനകള്‍ നടത്തിയ വിമര്‍ശനങ്ങളും ഈ തരംതിരിക്കലിന് സഹായകമായിട്ടുണ്ട്. എന്നാല്‍ ഇത്തരം യാതൊരു ജാഗ്രതയുമില്ലാതെ പൗരരുടെ സ്വകാര്യത പൂര്‍ണമായും ഇല്ലാതാക്കാനും, അഭിപ്രായ സ്വാതന്ത്ര്യം ഹനിക്കാനും, ഇലക്ടറല്‍ ലിസ്റ്റുകളിലുള്‍പ്പെടെ വിവേചനത്തോടെ തരംതിരിക്കാനുമുള്ള ശ്രമങ്ങള്‍ രാജ്യത്ത് വ്യാപകമാണ് എന്ന ആക്ഷേപം സിവില്‍ സൊസൈറ്റി സംഘടനകള്‍ ഉള്‍പ്പടെ വളരെ സജീവമായി ഉന്നയിച്ചു വരുന്നുണ്ട്. ഇത്തരത്തിലുള്ള പല നീക്കങ്ങളും കോടതിയില്‍ ചോദ്യം ചെയ്യപ്പെട്ടിട്ടുമുണ്ട്.
എ ഐയുടെ സാമൂഹിക വെല്ലുവിളികള്‍
ആരോഗ്യം, വിദ്യാഭ്യാസം, തൊഴില്‍ (നിയമനം), ക്രമസമാധാനം, നീതിന്യായം തുടങ്ങിയ മേഖലകളിലെ എഐ ആപ്ലിക്കേഷനുകള്‍ കൂടിയ റിസ്കുള്ള വിഭാഗത്തിലാണ് യൂറോപ്യന്‍ യൂണിയന്റെ എഐ ആക്ടില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഇപ്രകാരമുള്ള ആപ്ലിക്കേഷനുകളുടെ വിപുലമായ ഒരു ഡാറ്റാബേസ് തയാറാക്കാനും അത്തരം സാഹചര്യങ്ങളില്‍ സാമൂഹിക ആഘാതം ഇല്ലാതാക്കാനുമുള്ള മാര്‍ഗങ്ങള്‍ നിര്‍ദേശിക്കാനും ആക്ട് വ്യവസ്ഥ ചെയ്യുന്നുണ്ട്. ഹൈറിസ്ക് ആപ്ലിക്കേഷനുകള്‍ കമ്പോളത്തിലെത്തുന്നതിനുമുമ്പ് അവയുടെ അനുയോജ്യത നിര്‍ണയിക്കാനും, എ ഐ ടൂളുകള്‍ കൂടി പ്രയോജനപ്പെടുത്തി മൂല്യനിര്‍ണയം നടത്തണം.
എന്നാല്‍ യൂറോപ്യന്‍ യൂണിയന്റെ എ ഐ ആക്ടില്‍ സൈബര്‍ ആള്‍മാറാട്ടം, ചാറ്റ് ബോട്ടുകള്‍, ഡീപ്പ്ഫേക്ക് തുടങ്ങിയവയെ പരിമിതമായ തോതില്‍ റിസ്കുള്ള വിഭാഗത്തിലാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത് എന്നത് പ്രത്യേകം ശ്രദ്ധിക്കണം. ഇത്തരം സംവിധാനങ്ങള്‍ക്ക് സുതാര്യതാ ഉടമ്പടി (Transparency Obligation) ആണ് എ ഐ ആക്ട് നിഷ്കര്‍ഷിക്കുന്നത്. ഈ സുതാര്യതാ ഉടമ്പടി എന്നു പറയുന്നത് ‘ഞാനൊരു റോബോട്ടാണ്’, ‘ഈ വീഡിയോ വ്യാജമായി നിര്‍മിച്ചതാണ്’ തുടങ്ങിയ കാര്യങ്ങള്‍ എ ഐ ആപ്ലിക്കേഷനുകളാല്‍ നിർമിച്ച ഉല്പന്നങ്ങളില്‍ വെളിപ്പെടുത്തണം എന്നുള്ളതാണ്. ഇത്തരത്തിലുള്ള സംവിധാനങ്ങള്‍ നിലവില്‍ പ്രധാന പ്ലാറ്റ്ഫോമുകള്‍ (ഗൂഗിള്‍, മെറ്റ, എക്സ് തുടങ്ങിയവ) നടപ്പാക്കുകയോ നടപ്പാക്കിക്കൊണ്ടിരിക്കുകയോ ചെയ്യുന്നുണ്ട്.
യഥാര്‍ത്ഥത്തില്‍ ഇത്തരം ഡീപ്ഫേക്ക് പോലുള്ള ‘റിസ്ക്’ കുറഞ്ഞ കാര്യങ്ങളാണ് പലപ്പോഴും എഐയുടെ വലിയ ഭീഷണിയായി നാം കാണാറുള്ളത്. എന്നാല്‍ പെട്ടെന്ന് തയ്യാറാക്കാന്‍ കഴിയുന്ന അത്തരം ചില വീഡിയോകള്‍ക്കും ചിത്രങ്ങള്‍ക്കും വരെ എത്രമാത്രം സാമൂഹ്യ വിദ്വേഷം പകര്‍ത്താനും, നിഗൂഢ അജൻഡകള്‍ നടപ്പാക്കാനും കഴിയും എന്നത് നാം കണ്ടുകൊണ്ടിരിക്കുകയാണ്. എന്നാല്‍ ഇതെല്ലാം എ ഐ ഭീഷണി എന്ന മഞ്ഞുമലയുടെ ഒരറ്റം മാത്രമാണ് എന്നതാണ് വസ്തുത.
കുടത്തില്‍ നിന്നും തുറന്നുവിട്ട ഭൂതം?
ഇന്ത്യയിലെ ഒരു സ്റ്റാർട്ടപ്പ് തയ്യാറാക്കിയ ഒരു ആപ്ലിക്കേഷനില്‍ നിങ്ങളുടെ പതിനഞ്ച് സെക്കന്റ് വീഡിയോയില്‍ നിന്നും രക്തസമ്മർദ്ദം ഉള്‍പ്പെടെയുള്ള അതീവ സെന്‍സിറ്റീവായ ആരോഗ്യവിവരങ്ങള്‍ വെളിപ്പെടും. ആരോഗ്യ ഇന്‍ഷുറന്‍സ് ഏജന്‍സികള്‍ ഇതെങ്ങനെ ഉപയോഗിക്കും എന്ന് വ്യക്തമാണല്ലോ! മാത്രമല്ല ഇത്രയും വിവരങ്ങള്‍ നിങ്ങളുടെ സ്വകാര്യത പൂർണമായും ഇല്ലാതാക്കാന്‍ മാത്രമല്ല നിങ്ങളുടെ ജീവന്‍ അപായപ്പെടുത്താന്‍ സഹായിക്കാന്‍ വരെ പര്യാപ്തമാണ്. മറ്റൊരു ആപ്ലിക്കേഷന്‍ കുട്ടികളുടെ സംസാരം തിരിച്ചറിഞ്ഞ് (അവരെ ഇംഗ്ലീഷ് ഭാഷ പഠിപ്പിക്കാനെന്ന വ്യാജേന) അവരുടെ ലഹരി ഉപയോഗം കണ്ടുപിടിക്കാനുള്ള മാര്‍ഗം നിര്‍ദ്ദേശിച്ചുകൊണ്ടാണ്. അല്‍ഗോരിതങ്ങളുടെ പക്ഷപാതിത്വം (Algorithmic Bias) മൂലമുണ്ടാകുന്ന പ്രശ്നങ്ങള്‍ പോകട്ടെ; കുട്ടികളുടെ സ്വകാര്യത എന്നത് തരിമ്പും വിലകൊടുക്കാത്ത ഇത്തരം ആപ്ലിക്കേഷനുകള്‍ സൃഷ്ടിക്കുന്ന സാമൂഹിക പ്രത്യാഘാതം ഏറെ ഭീതിദമാണ്.
പൗരരുടെ സ്വകാര്യ വിവരങ്ങള്‍ അനധികൃതമായി ശേഖരിച്ചാണ് എഐ സങ്കേതങ്ങള്‍ നമുക്ക് ഭീഷണി ഉയർത്തുന്ന വിധത്തില്‍ വളർന്നു വരുന്നത്. വ്യക്തികളുടെ അനുവാദമില്ലാതെ അവരുടെ വിവരങ്ങള്‍ കമ്പനികള്‍ ഉപയോഗിക്കാന്‍ പാടില്ല എന്നു മാത്രമല്ല, സമ്മതമുണ്ടെങ്കില്‍പോലും അതെന്തിനാണ് ഉപയോഗിക്കുന്നതെന്നു വെളിപ്പെടുത്താനും എപ്പോള്‍ വേണമെങ്കിലും വ്യക്തികള്‍ നല്‍കിയ അനുമതി പിന്‍വലിക്കാനും ഇന്ത്യയിലെ ഡിജിറ്റൽ വ്യക്തിവിവര സുരക്ഷാ നിയമം 2023-ല്‍ (ഡിപിഡിപി ആക്ട് 2023) വ്യവസ്ഥയുണ്ട്.
നാം പരസ്യപ്പെടുത്തിയ വിവരങ്ങള്‍ (സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍) ഉപയോഗിക്കുന്നതില്‍ ഈ നിബന്ധന ഇല്ല എന്ന പരിമിതി ഇവിടെയുണ്ട്. ഈ നിയമത്തെത്തുടർന്ന് 2025ല്‍ കേന്ദ്രസര്‍ക്കാര്‍ കരട് ചട്ടങ്ങള്‍ പുറത്തിറക്കിയെങ്കിലും അവ ഇതുവരെ പ്രായോഗിക തലത്തില്‍ നടപ്പാക്കിയിട്ടില്ല. വ്യക്തികളുടെ വിവരസുരക്ഷ ഉറപ്പാക്കാനായി രാജ്യത്ത് നിലവില്‍ വരുന്ന ഇത്തരം നിയമങ്ങളും ചട്ടങ്ങളും എന്നാല്‍ അടിസ്ഥാനപരമായി സര്‍ക്കാരിനും കുത്തക കമ്പനികള്‍ക്കും അനിയന്ത്രിതമായ അധികാരം നല്‍കുന്നതും പൗരാവകാശങ്ങള്‍ കാറ്റില്‍ പറത്തി സെന്‍സര്‍ഷിപ്പിലേക്ക് നയിക്കുന്നതുമാണെന്ന വിമർശനവും സജീവമാണ്.
‘ഡീപ്‌സീക്ക് ‘ തുറന്ന പ്രതീക്ഷകള്‍
ഐടി രംഗത്ത് കുത്തകകള്‍ക്കെതിരെ ബദലുകള്‍ സൃഷ്ടിക്കുന്നതിന് സ്വതന്ത്ര സോഫ്റ്റ്‌വെയറുകള്‍ വലിയ പങ്കു വഹിച്ചിരുന്നു. എന്നാല്‍ ഗൂഗിള്‍, മെറ്റ തുടങ്ങിയ പ്ലാറ്റ്ഫോമുകള്‍ വളര്‍ന്നു വന്നതോടെ (മൈക്രോസോഫ്റ്റിനൊക്കെ ബദലായി ഓപണ്‍ പ്ലാറ്റ്ഫോമായി ഗൂഗിളിനെ ചിലരെങ്കിലും കണ്ടിരുന്ന 2005 കാലം ഓര്‍മവരുന്നു) നമ്മുടെ വ്യക്തിവിവരങ്ങള്‍ കരസ്ഥമാക്കി നമ്മളില്‍ അവിഹിത സ്വാധീനം ചെലുത്താനും, നാം എന്തു കാണണം എന്ന് തീരുമാനിക്കാനും, എന്തു ചെയ്യണമെന്ന് നിർദ്ദേശിക്കാനുമൊക്കെ പറ്റുന്ന തരത്തില്‍ ‘മാനിപ്പുലേറ്റ്’ ചെയ്ത് കുത്തക പ്ലസ് ആയി പ്ലാറ്റ്ഫോം ഭീമന്മാര്‍ കാണുന്ന കാഴ്ചയാണ് തുടർന്നു കണ്ടത്. ഇവിടെയാണ് മുന്‍ നിശ്ചയിച്ച പ്രോഗ്രാമുകള്‍ക്ക് പകരം പക്ഷപാതിത്വമുള്ള സാമൂഹിക-, സാംസ്കാരിക-, രാഷ്ട്രീയ ഡേറ്റകള്‍ പ്രയോജനപ്പെടുത്തുന്ന എ ഐ മോഡലുകള്‍ സൃഷ്ടിക്കുന്ന ഭീഷണി. നിയന്ത്രണമില്ലാത്ത അൽഗോരിതങ്ങള്‍ മനുഷ്യവംശത്തെ എങ്ങനെയൊക്കെ നാശത്തിലേക്ക് നയിക്കും എന്നു പറയുക വയ്യ.
ചാറ്റ് ജിപിടി, ഗൂഗിള്‍ ജെമിനി, മെറ്റ എ ഐ., മൈക്രോസോഫ്റ്റ് കോപൈലറ്റ് തുടങ്ങിയ വമ്പന്‍ ഐ ഐ പ്ലാറ്റ്ഫോമുകള്‍ക്ക് വെല്ലുവിളി ഉയര്‍ത്തിക്കൊണ്ട് ചൈനയില്‍നിന്നുള്ള ഡീപ്‌സീക്ക് (Deepseek) കടന്നുവന്നത് പ്രതീക്ഷയായത് രണ്ട് കാര്യങ്ങള്‍കൊണ്ടായിരുന്നു. സാധാരണ ചെലവേറിയ ജിപിയു (ഗ്രാഫിക്കല്‍ പ്രോസസിങ് യൂണിറ്റ്) ശേഷിയുടെ പത്തിലൊന്ന് ചെലവില്‍ ആയാസരഹിതമായി വിവരങ്ങള്‍ നല്‍കുന്നതായിരുന്നു ആദ്യത്തേത്. രണ്ടാമത്തേത് ഓപണ്‍ സോഴ്-സിന്റെ സിദ്ധാന്തത്തിന് അത് അടുത്തുനില്‍ക്കുന്നുവെന്നതാണ്. അതായത് ഒരു എ ഐ മോഡല്‍ പൂര്‍ണമായും ഓപണ്‍ സോഴ്സ് ആകണമെങ്കില്‍ അതിന്റെ അല്‍ഗോരിതം, ഡാറ്റാസെറ്റുകള്‍, മോഡല്‍ വെയിറ്റ്സ്, സോഴ-്-സ് കോഡുകള്‍ എന്നിങ്ങനെ പ്രധാനമായും നാലു ഘടകങ്ങള്‍ പബ്ലിക് ഡൊമൈനില്‍ ലഭ്യമാകേണ്ടതുണ്ട്. എന്നാല്‍ ട്രെയിനിങ് ഡാറ്റ ലഭ്യമല്ലാത്തതിനാല്‍ പൂര്‍ണമായും ഓപണ്‍ സോഴ്-സ് പരിഗണനയില്‍ വരുന്നില്ലെങ്കില്‍പോലും സോഴ്സ് കോഡും ടെക്നിക്കല്‍ ഡോക്യുമെന്റ്സും ഒക്കെ പരസ്യപ്പെടുത്തി കൂടുതല്‍ ‘ഓപണ്‍’ ആയ അനുകരണീയമായ ഒരു മാതൃക സൃഷ്ടിക്കാന്‍ ഡീപ്‌സീക്കിനായി.
വേണം നമുക്ക് ബദലുകള്‍
വലിയ ടെക് കമ്പനികള്‍ നിയന്ത്രിക്കുന്നതിനുപകരം പൊതുമേഖലയിലോ സഹകരണ മേഖലയിലോ ഇടപെടാന്‍ കഴിയുന്ന പൊതു ഉടമസ്ഥതയിലുള്ള എ ഐ സംവിധാനങ്ങള്‍ രൂപപ്പെടുത്തുക എന്നതാണ് എ ഐ ഉയര്‍ത്തുന്ന വെല്ലുവിളികള്‍ക്കുള്ള പ്രധാന ബദല്‍. നിര്‍മിതബുദ്ധിയുടെ ഗുണങ്ങള്‍ കോര്‍പ്പറേറ്റ് ലാഭത്തിനും ഭരണകൂട നിരീക്ഷണത്തിനും പൗരാവകാശങ്ങള്‍ ഹനിക്കുന്നതിനും ഉപയോഗിക്കുന്ന രീതിയ്ക്ക് പകരം ഓപ്പണ്‍ സോഴ്സിന്റെ ഫിലോസഫിയില്‍ ഇവ സുതാര്യമായും ജനകീയമായും പ്രതിഷ്ഠിക്കപ്പെടണം. നിര്‍മിതബുദ്ധി ആപ്ലിക്കേഷനുകളുടെ രൂപകല്‍പ്പനയിലും ഉപയോഗത്തിലും സാമൂഹിക നീതി, വംശീയ–-ലിംഗ സമത്വം, പിന്നാക്കവിഭാഗങ്ങളുടെ ഉന്നമനം എന്നിവ ഉറപ്പാക്കുന്ന തരത്തില്‍ അതിന്റെ പരിശീലന ഡാറ്റയില്‍ (Training Data) വൈവിധ്യം ഉറപ്പാക്കാനും പക്ഷപാതിത്വം (Bias) ഇല്ലാതാക്കാനും കഴിഞ്ഞാല്‍ എ ഐയുടെ ഫലങ്ങള്‍ ഒരു പ്രത്യേക വിഭാഗത്തിനു മാത്രം ഗുണം ചെയ്യുന്നതിനു പകരം എല്ലാവര്‍ക്കും നീതി ഉറപ്പാക്കാന്‍ പരമാവധി സഹായകമാവും. അത്തരത്തിലുള്ള നിരവധി ബദലുകള്‍ ഇന്ന് രാജ്യത്തും അന്താരാഷ്ട്രതലത്തിലും ഉയര്‍ന്നുവരുന്നുണ്ട് എന്നത് ശുഭപ്രതീക്ഷ നല്‍കുന്ന കാര്യമാണ്.
എ ഐ-മൂലം പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും നിലവിലുള്ള തൊഴിലുകള്‍ ഇല്ലാതാവുകയും ചെയ്യുന്ന സാഹചര്യത്തില്‍ തൊഴിലാളികളെ പുതിയ സാങ്കേതികവിദ്യയാല്‍ ശാക്തീകരിക്കാന്‍ കേരളത്തിലെ ‘വിജ്ഞാനകേരളം’ പോലുള്ള പദ്ധതികള്‍ ആവിഷ്കരിക്കണം.
ഗിഗ് ഇക്കോണമിയില്‍ തൊഴിലാളികളെ എ ഐ അല്‍ഗോരിതങ്ങള്‍ നിയന്ത്രിക്കുകയും തല്‍ഫലമായി അവരുടെ വേതനവും സമയക്രമവും സുതാര്യമല്ലാതെ നിശ്ചയിക്കുകയും ചെയ്യുന്ന സാഹചര്യം ഒഴിവാക്കണം. കര്‍ഷക സമരസമയത്തും മറ്റും സോഷ്യല്‍മീഡിയ പോസ്റ്റുകളെ കടിഞ്ഞാണിടാനും അതുനോക്കി കുറ്റവാളികളെ കണ്ടെത്താനും മാത്രമല്ല, മാസ് ഫേഷ്യല്‍ റെക്കഗ്നിഷന്‍ പോലുള്ള പൂര്‍ണമായും ക്ഷമത തെളിക്കാത്ത സംവിധാനങ്ങള്‍ വഴി മുന്‍കൂട്ടി രചിച്ച തിരക്കഥയനുസരിച്ച് പ്രത്യേക വിഭാഗത്തിലെ ആളുകളെ കുറ്റവാളികളാക്കി ജയിലിലിടുന്ന സംവിധാനങ്ങൾ തുറന്നുകാട്ടണം. എ ഐ ഒരു പൊതു സമ്പത്താണെന്ന ആശയം വ്യാപകമാക്കുമ്പോള്‍ത്തന്നെ പ്രാദേശിക ആവശ്യങ്ങള്‍ക്കനുസരിച്ച് നിര്‍മിതബുദ്ധിയെ പൊരുത്തപ്പെടുത്താന്‍ സമൂഹത്തിനെ (കമ്യൂണിറ്റികളെ) പ്രാപ്തമാക്കണം.
എ ഐ@സ്കൂള്‍: കേരള മാതൃക
പൊതുവിദ്യാഭ്യാസ മേഖലയിൽ കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എഡ്യൂക്കേഷന്റെ (കൈറ്റ്) നേതൃത്വത്തിൽ പൂർണമായും സ്വതന്ത്ര സോഫ്റ്റുവെയർ ഉപയോഗിക്കുന്നത് അന്താരാഷ്ട്രതലത്തിൽ യുണിസെഫ് ഉൾപ്പെടെ റിപ്പോർട്ട് ചെയ്തിട്ടുള്ള കാര്യമാണ്. 2 ലക്ഷം ലാപ്ടോപ്പുകളിൽ സ്വതന്ത്ര സോഫ്റ്റുവെയർ ഉപയോഗിക്കുന്നതുകൊണ്ട് 3,000 കോടി രൂപയുടെ ലാഭം സംസ്ഥാന സര്‍ക്കാരിനുണ്ടായി. എന്നാല്‍ അതിനേക്കാളേറെ നമ്മുടെ അക്കാദമിക ചട്ടക്കൂടിനകത്തുനിന്ന് പഠനപ്രക്രിയയെയും ഡിജിറ്റല്‍ പ്രവര്‍ത്തനങ്ങളുമായി സാങ്കേതികവിദ്യയെയും പ്രയോജനപ്പെടുത്താന്‍ കേരളത്തിന് കഴിഞ്ഞു എന്നതാണ് സ്വതന്ത്ര സോഫ്റ്റുവെയര്‍ ഉപയോഗിച്ചതിനുള്ള ഏറ്റവും പ്രധാനപ്പെട്ട നേട്ടം. മറ്റു സംസ്ഥാനങ്ങളിലും പ്രദേശങ്ങളിലുമെല്ലാം കമ്പോളശക്തികള്‍ (ടെക് ഭീമന്മാർ ഉള്‍പ്പെടെ) സാങ്കേതികവിദ്യയുടെയും EdTechന്റെയും ലേബലിൽ വിദ്യാഭ്യാസ മേഖലയെ കൈപ്പിടിയിൽ ഒതുക്കിക്കൊണ്ടിരിക്കുമ്പോഴാണ് ഇത്തരം വേറിട്ട മാതൃക കേരളത്തിന് കാണിക്കാൻ കഴിയുന്നത്.
എ ഐയുടെ സ്വാധീനം വ്യാപകമായി ചർച്ച ചെയ്യപ്പെട്ട 2022–-23ൽ ത്തന്നെ എട്ടു മുതൽ പന്ത്രണ്ടുവരെ ക്ലാസുകളിലെ മുഴുവൻ അധ്യാപകര്‍ക്കും (80,000) എ ഐ പരിശീലനം നൽകാൻ കൈറ്റ് തുടങ്ങിയത് രണ്ടു കാര്യങ്ങളിൽ വിട്ടുവീഴ്ച ചെയ്യാതെയായിരുന്നു. ഒന്ന്, അധ്യാപകരുടെ വ്യക്തിവിവരങ്ങൾ ഒരു എ ഐ എന്‍ജിനും നൽകേണ്ട സാഹചര്യം ഉണ്ടാകരുത്. ഇതിനായി സ്വന്തം പ്ലാറ്റ്ഫോമിലൂടെ ലോഗിന്‍ ചെയ്യാന്‍ അധ്യാപകര്‍ക്ക് അവസരം നല്‍കി. രണ്ടാമത്തേത് എ ഐയുടെ സാധ്യതകൾ (സമ്മറൈസേഷൻ, ഇമേജ് ജനറേഷൻ, ഡിജിറ്റൽ കണ്ടന്റ് തയ്യാറാക്കൽ)ക്കൊപ്പംതന്നെ അവയുടെ പരിമിതികളും (അസസ്മെന്റിൽ ഉൾപ്പെടെ) ഉത്തരവാദിത്തത്തോടെ എ ഐ ഉപയോഗിക്കാനുള്ള പരിശീലനവും നിര്‍ബന്ധമായും നല്‍കണം എന്നതായിരുന്നു. തങ്ങളുടെ വിഷയത്തിൽ അസസ്‌മെന്റിനായുള്ള ചോദ്യങ്ങളും ഉത്തരവുകളും എ ഐ പോർട്ടലുകളോട് ചോദിച്ച അധ്യാപകർ എ ഐ നല്‍കിയ തെറ്റായ ഉത്തരങ്ങൾ നേരിട്ടുകണ്ടാണ് അൽഗോരിതം പക്ഷപാതിത്വവും ഹാലൂസിനേഷനുമെല്ലാം മനസ്സിലാക്കിയത്. അതുപോലെ സ്വന്തമായി ഡീപ്‌ഫേക്ക് വീഡിയോ പരിശീലനത്തിന്റെ ഭാഗമായി നിര്‍മിച്ച അധ്യാപകര്‍ക്ക് ഡീപ്‌ഫേക്കും ഫേക്ക് ന്യൂസുമെല്ലാം മനസ്സിലാക്കാനും ഉത്തരവാദിത്തപൂർണമായ നിര്‍മിതബുദ്ധി ഉപയോഗം ബോധ്യപ്പെടാനും അവസരം നല്‍കി.
ഈ സമയത്തും ഒരു കാര്യത്തിൽ നിഷ്ഠത പുലർത്തി; അതായത് എ ഐ ടൂളുകൾ അധ്യാപകർക്ക് ക്ലാസ്റൂം വിനിമയത്തിനുള്ള തയ്യാറെടുപ്പിന് ഉപയോഗിക്കാമെന്നല്ലാതെ ക്ലാസ് മുറികളിൽ നേരിട്ട് പ്രയോഗിക്കാനോ, കുട്ടികള്‍ ഇവ ഉപയോഗിക്കാനോ പര്യാപ്തമല്ല എന്നതിൽ. അതേസമയം അഞ്ചാം ക്ലാസുമുതൽ കോഡിംഗ്, ഐടി പാഠപുസ്തകത്തിന്റെ ഭാഗമായ കേരളത്തിൽ 2024 ൽ ഇന്ത്യയിൽ ആദ്യമായി ‘കമ്പ്യൂട്ടർ വിഷൻ’ എന്ന അധ്യായത്തിലൂടെ എ ഐ പഠിക്കാൻ ഏഴാംക്ലാസിലെ നാലുലക്ഷത്തിലധികം വരുന്ന കുട്ടികള്‍ക്ക് അവസരം നൽകി. 2025ൽ എ ഐ പഠനം 8, 9, 10 ക്ലാസുകളിലേക്ക് വ്യാപിപ്പിക്കുകയും ഇന്ത്യയിലാദ്യമായി റോബോട്ടിക്സിൽ തിയറിയും പ്രായോഗിക പരീക്ഷണങ്ങളും പത്താംക്ലാസിലെ ഐസിടി പാഠപുസ്തകത്തിന്റെ ഭാഗമാക്കി മാറ്റുകയും ചെയ്തു. എന്നാല്‍ മറ്റു പല രാജ്യങ്ങളും സംസ്ഥാനങ്ങളും കുട്ടികളെ നേരിട്ട് ഇത്തരം പ്ലാറ്റ്ഫോമുകളുടെ തടവുകാരാക്കുന്ന കാഴ്ചകള്‍ നാം കണ്ടുകൊണ്ടിരിക്കുകയാണ്. ഇതാകട്ടെ മൊത്തം വിദ്യാഭ്യാസ മേഖലയെ നിക്ഷിപ്തമായ അല്‍ഗോരിതങ്ങള്‍ വിഴുങ്ങുന്ന ഭയാനകമായ കാഴ്ചയുമാണ്.
സ്കൂളുകളിൽ കുട്ടികൾക്കും അധ്യാപകര്‍ക്കും ഉപയോഗിക്കാൻ പൊതുവിദ്യാഭ്യാസവകുപ്പിന്റെ കൈറ്റ് തയ്യാറാക്കിയ സ്വന്തം ഡാറ്റാസെെറ്റ് പ്രയോജനപ്പെടുത്തി നമ്മുടേതായ ഒരു Knowledge Base വഴി അൽഗോരിതം പക്ഷപാതിത്വവുമില്ലാത്ത ‘സ്വന്തം എ ഐ എന്‍ജിൻ’ വികസിപ്പിച്ചാണ് കേരളം ബദൽ മാതൃക സൃഷ്ടിക്കുന്നത്. ഓൺലൈനായി മാത്രമല്ല, ഓഫ്‌ലൈനായും കുട്ടികൾക്ക് ഹൈടെക് പദ്ധതിയിലൂടെ ലഭ്യമാക്കിയ 2 ലക്ഷം ലാപ്ടോപ്പുകളിലൂടെ ഈ എ ഐ സംവിധാനം പ്രയോജനപ്പെടുത്താനാണ് അവസരം നൽകുന്നത്. പ്രോംപ്റ്റ് എഞ്ചിനീയറിങ് ഉള്‍പ്പെടെയുള്ള കാര്യങ്ങളും ഫാക്ട് ചെക്കിങ്, റെസ്പോണ്‍സിബിൾ എ ഐ യൂസ് തുടങ്ങിയവയുമെല്ലാം കേരളത്തിലെ ഐടി പാഠപുസ്തകത്തില്‍ ഇടം പിടിച്ചുകഴിഞ്ഞു.
എ ഐ ഫോര്‍ ഗുഡ് ഉച്ചകോടി
എ ഐയുടെ ധാര്‍മികവും ഉത്തരവാദിത്ത പൂര്‍ണവുമായ ഉപയോഗം ഉറപ്പാക്കുക, മനുഷ്യാവകാശങ്ങൾ സംരക്ഷിക്കുക, സുസ്ഥിര വികസനലക്ഷ്യങ്ങൾ കൈവരിക്കുക എന്നിവ ലക്ഷ്യമിട്ടുകൊണ്ടുള്ള AI for Good Global Summit ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തില്‍ 2025 ജൂലൈ 8 മുതല്‍ 11 വരെ ജനീവയിൽ നടക്കുകയുണ്ടായി. ഇതാകട്ടെ ഇത്തരം പ്രതീക്ഷ ജനിപ്പിക്കുന്ന നിരവധി ഉച്ചകോടികളുടെ തുടര്‍ച്ചയായാണ് നടത്തിയത്. 2024-ല്‍ ‘Governing AI for Humanity’ എന്ന യുഎന്റെ എ ഐക്കുള്ള ഹൈ ലെവൽ അഡ്വൈസറി ബോഡിയുടെ ശുപാർശകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. നിർമിതബുദ്ധിയുടെ വെല്ലുവിളികളും അവസരങ്ങളും വിലയിരുത്താൻ ഒരു സ്വതന്ത്ര ശാസ്ത്രീയ പാനലിന്റെ രൂപീകരണം, ആഗോള എ ഐ മാനദണ്ഡങ്ങൾ (ഉദാ: ഡീപ്‌ഫേക്ക്, തിരിച്ചറിയൽ, വാട്ടർമാര്‍ക്കിങ്) നിശ്ചയിക്കൽ, എ ഐ വെല്ലുവിളികൾ തുടർച്ചയായി നിരീക്ഷിക്കാൻ എ ഐ റിസ്ക് ഗ്ലോബൽ പൾസ് ചെക്ക് തുടങ്ങിയ ശുപാർശകൾ ഇതിലുണ്ട്.
ജൂലൈയിലെ ജനീവാ ഉച്ചകോടിയില്‍ പ്രധാനമായും ചര്‍ച്ച ചെയ്തത് മനുഷ്യാവകാശങ്ങളും സ്വാതന്ത്ര്യവും, മാനവികതയും ഉയർത്തിപ്പിടിക്കുന്ന മനുഷ്യകേന്ദ്രിത എ ഐ, ഡിജിറ്റൽ വിഭജനം കുറച്ച് എല്ലാവരെയും ഉൾക്കൊള്ളിക്കുന്ന ഇന്‍ക്ലൂസീവ് എ ഐ, എ ഐയുടെ സുതാര്യതയും ഉത്തരവാദിത്തവും ഓഡിറ്റ് ചെയ്യാനുള്ള സംവിധാനം തുടങ്ങിയവയാണെന്നത് പ്രതീക്ഷ നല്‍കുന്നു.
കേരളം ഒരു വൈജ്ഞാനിക സമൂഹമായി ഉയര്‍ന്നുവരുന്ന പശ്ചാത്തലത്തിൽ ഒരേ സമയം എ ഐയുടെ സാധ്യതകൾ പ്രയോജനപ്പെടുത്താനും വെല്ലുവിളികൾ അതിജീവിച്ച് ബദലുകൾ സൃഷ്ടിക്കാനും നമുക്കു മുന്നിലുള്ള അവസരങ്ങൾ പ്രയോജനപ്പെടുത്തേണ്ടതുണ്ട്. l
[ലേഖകൻ സ്വതന്ത്ര വിജ്ഞാന ജനാധിപത്യസഖ്യം (ഡിഎകെഎഫ്) സംസ്ഥാന പ്രസിഡന്റും കൈറ്റ് സിഇഒയുമാണ്]



