മാനവരാശിയുടെ വികാസത്തിൽ, പുരോഗതിയിൽ അതത് കാലത്തെ കണ്ടുപിടിത്തങ്ങളാണ്, പുതിയ സാങ്കേതികവിദ്യകളുടെ കണ്ടെത്തലുകളാണ് നിർണായക പങ്കുവഹിച്ചിട്ടുള്ളത്. തീയുടെ കണ്ടുപിടിത്തത്തിൽ നിന്നു തുടങ്ങിയ ആ ചരിത്രം ഇന്ന്- ആർട്ടിഫിഷ്യൽ ഇന്റലിജൻസുവരെ എത്തിനിൽക്കുന്നു. വ്യാവസായിക വിപ്ലവത്തോടുകൂടി മനുഷ്യജീവിതത്തിന്റെ നാനാമേഖലകളെ ബാധിക്കുന്ന, ചെറുതും വലുതുമായ ഒട്ടേറെ യന്ത്രങ്ങളുടെ വരവായി. അതുമൂലം തൊഴിൽ നഷ്ടപ്പെട്ടവർ അതിശക്തമായാണ് കാലാകാലങ്ങളിൽ അതിനെ ചെറുത്തുനിന്നത്. യഥാർഥത്തിൽ അത്തരം ചെറുത്തുനിൽപ്പുകൾ യന്ത്രങ്ങളെ ഉപേക്ഷിക്കുന്നതിനുവേണ്ടിയായിരുന്നില്ല, മറിച്ച് തങ്ങളുടെ ഉപജീവനമാർഗങ്ങളുടെ സംരക്ഷണത്തിനായിട്ടായിരുന്നു. കണ്ടുപിടിത്തങ്ങൾക്കൊപ്പം അതിനെതിരായ ചെറുത്തുനിൽപ്പുപോരാട്ടങ്ങളും സാമൂഹ്യപുരോഗതിയിൽ വലിയ പങ്കുവഹിച്ചിട്ടുണ്ട്.
ഈ ലക്കം ചിന്ത വാരികയുടെ കവർസ്റ്റോറിയുടെ വിഷയം നിർമിതബുദ്ധിയും സമൂഹവും എന്നതാണ്. നിർമിതബുദ്ധിയുമായി ബന്ധപ്പെട്ട വിവിധ മേഖലകളിലേക്ക് വെളിച്ചംവീശുന്നതാണ് ഇതിലെ ലേഖനങ്ങൾ. ഒപ്പം അതിന്റെ രാഷ്ട്രീയവും അർഥശാസ്ത്രപരവുമായ വശങ്ങൾ കൂടി പരിശോധിക്കുന്നു. അൻവർ സാദത്ത്, ഡോ. ജിജോ പി ഉലഹന്നാൻ, ഡോ. സുനിൽ ടി ടി, കെ എസ് രഞ്ജിത് എന്നിവരാണ് ലേഖകർ.
നിർമിതബുദ്ധിയുടെ വരവോടെ പുതിയൊരു സാങ്കേതികവിപ്ലവത്തിന്റെ പടിവാതിൽക്കലാണ് മനുഷ്യസമൂഹം ഇന്നെത്തിനിൽക്കുന്നതെന്നും അത് മാനവസമൂഹത്തിന്റെ ഭാവിയെത്തന്നെ മാറ്റിമറിച്ചേക്കുമെന്നുമാണ് കരുതപ്പെടുന്നത്. നിർമിതബുദ്ധിയുടെ വരവോടെ മാനവരാശി പുതിയൊരു യുഗത്തിലേക്കാണ്, വ്യാവസായിക വിപ്ലവത്തിന്റെ പുതിയൊരു ഘട്ടത്തിലേക്കാണ് കടന്നിരിക്കുന്നത്. ആവിയന്ത്രത്തിന്റെ കണ്ടുപിടിത്തത്തോടെ പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനം ആരംഭിച്ച ഒന്നാം വ്യവസായ വിപ്ലവമാണ് ഫ്യൂഡലിസത്തിന്റെ തകർച്ചയ്ക്കും മുതലാളിത്തത്തിന്റെ ഉയർന്നുവരവിനും വഴിയൊരുക്കിയത്. 1960കളുടെ ഒടുവിൽ ഇലക്ട്രോണിക്സിന്റെയും ഓട്ടോമേഷന്റെയും വരവോടെ തുടക്കമിട്ട മൂന്നാം വ്യാവസായിക വിപ്ലവത്തിൽനിന്ന് ഇൻഫർമേഷൻ ടെക്നോളജി തുറന്നുതന്ന വാതിലിലൂടെ നാലാം വ്യാവസായിക വിപ്ലവത്തിന് കടന്നുവരാൻ മൂന്നു ദശകങ്ങളേ വേണ്ടിവന്നുള്ളൂ. അവിടെ നിന്ന് നിർമിതബുദ്ധിയിലേക്കും റോബോട്ടിക്സിലേക്കും മറ്റുമെത്താൻ, അതായത് അഞ്ചാം വ്യാവസായിക വിപ്ലവത്തിലേക്കെത്താൻ വെറും രണ്ട് ദശകം കൂടിയേ വേണ്ടിവന്നുള്ളൂ.
ഈ ഓരോ ഘട്ടവും കടന്നുപോകുമ്പോൾ ഉൽപ്പാദനോപകരണങ്ങളിൽ, ഉൽപ്പാദനോപാധികളിൽ മാറ്റംവന്നുകൊണ്ടിരിക്കുകയാണ്. അത് ഉൽപ്പാദനരീതികളിൽ മാറ്റംവരുത്തുകയും തുടർന്ന് ഉൽപ്പാദനബന്ധങ്ങളിലെ മാറ്റങ്ങളിലേക്ക്, അതിന്റെ പുതുക്കിപ്പണിയലിലേക്ക് നയിക്കുകയും ചെയ്യുമെന്നതാണ് സാമൂഹികവികാസം സംബന്ധിച്ച മാർക്സിയൻ കാഴ്ചപ്പാട്. മുതലാളിത്തത്തിൻകീഴിൽ സാങ്കേതികവിദ്യയുടെ വികാസത്തിന്റെ ഗുണഭോക്താക്കൾ സ്വാഭാവികമായും ഉൽപ്പാദനോപാധികളുടെ ഉടമകളായ മുതലാളിമാരാണ്. അതിന്റെ ഫലമായി വ്യാപകമായ തൊഴിൽ നഷ്ടം ഉണ്ടാകുമെന്നതാണ് ചരിത്രാനുഭവം. അതിനെതിരായ പോരാട്ടങ്ങളിലൂടെ മാത്രമേ സാങ്കേതികവിദ്യയുടെ വികാസത്തിന്റെ യഥാർഥ ഉടമകളായ അധ്വാനിക്കുന്ന വർഗത്തിന് അതിന്റെ ഗുണഫലം ലഭിക്കുകയുള്ളൂ. തൊഴിലാളികളെ വ്യാപകമായി പിരിച്ചുവിട്ടും തൊഴിൽസമയം വർധിപ്പിച്ചും കൂടുതൽ കൊള്ളയടിക്കാനുള്ള മൂലധനശക്തികളുടെ നീക്കത്തെ ചെറുക്കാനുള്ള പോരാട്ടം ഈ ഘട്ടത്തിൽ അനിവാര്യമാണ്. അതിന് സാങ്കേതികവിദ്യയിലെ മാറ്റങ്ങളെക്കുറിച്ച് തൊഴിലാളികൾ അറിഞ്ഞിരിക്കേണ്ടതുണ്ട്. l



