Sunday, November 9, 2025

ad

Homeനിരീക്ഷണംഇ ഡിക്ക് സുപ്രീംകോടതിയുടെ പ്രഹരം

ഇ ഡിക്ക് സുപ്രീംകോടതിയുടെ പ്രഹരം

കെ എസ് അരുൺകുമാർ

രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട അന്വേഷണ ഏജൻസികളിൽ ഒന്നാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ ഡി). ഈ കേന്ദ്ര അന്വേഷണ ഏജൻസി നടത്തുന്ന ഭരണഘടനാവിരുദ്ധ ഇടപെടലുകളും മനുഷ്യാവകാശ ലംഘനങ്ങളും ചൂണ്ടിക്കാണിച്ചുകൊണ്ട് നീതിന്യായ കോടതികളിൽ നിന്നുണ്ടായ വിമർശനങ്ങൾ അന്വേഷണ ഏജൻസിയുടെ വിശ്വാസ്യതയെത്തന്നെ തകർത്തിരിക്കുകയാണ്. ഇ ഡിയുടെ അന്വേഷണ പ്രഹസനങ്ങൾക്കും അമിതാധികാര പ്രവണതകൾക്കുമെതിരെയും സെലക്ടീവ് പ്രോസിക്യൂഷനും വാർത്തകളുടെ സെലക്ടീവ് ലീക്കേജുമായി ബന്ധപ്പെട്ടും സുപ്രീം കോടതിയും വിവിധ ഹൈക്കോടതികളും കടുത്ത വിമർശനങ്ങളാണ് അടുത്ത ദിവസങ്ങളിൽ നടത്തിയത്.

ഒരേ ദിവസം രണ്ടു വ്യത്യസ്ത കേസുകളിലാണ് സുപ്രീം കോടതി ഇ ഡിയെ നിശിതമായി വിമർശിച്ചത്.

സ്വന്തം കക്ഷികൾക്ക് നിയമോപദേശം കൊടുത്തതിന്റെ ഭാഗമായി ഇ ഡി സീനിയർ അഭിഭാഷകർക്ക് സമൻസ് അയച്ചതുമായി ബന്ധപ്പെട്ട് സുപ്രീം കോടതി നേരിട്ട് എടുത്ത കേസും മൈസൂർ ഭൂമി കൈമാറ്റ കേസും പരിഗണിച്ചപ്പോഴാണ് സുപ്രീം കോടതി കടുത്ത വിമർശനം ഇ ഡിക്കെതിരെ ഉന്നയിച്ചത്. “രാഷ്ട്രീയ പാർട്ടികൾ പോരാടിക്കോട്ടെ, ഇതിൽ നിങ്ങൾ ഇ ഡി കക്ഷി ആകരുത്’ എന്നാണ് സുപ്രീം കോടതി നിർദേശിച്ചതെങ്കിൽ സ്വമേധയാ ആക്രമണം അഴിച്ചുവിടാൻ ഇ ഡി “ഡ്രോൺ’ അല്ലെന്നും കണ്ണിൽ പെടുന്നതെല്ലാം അന്വേഷിക്കുന്ന സൂപ്പർ പൊലീസ് ചമയരുത് ഇ ഡി എന്നും മദ്രാസ് ഹൈക്കോടതി വിമർശിച്ചു.

തങ്ങളുടെ കക്ഷികൾക്ക് നിയമോപദേശം നൽകിയതിന്റെ പേരിൽ സുപ്രീം കോടതിയിലെ സീനിയർ അഭിഭാഷകരായ അഡ്വക്കേറ്റ് അരവിന്ദ് ദത്താർ, അഡ്വക്കേറ്റ് പ്രതാപ് വേണുഗോപാൽ എന്നിവരെ ഇ ഡി ചോദ്യംചെയ്യാൻ വിളിപ്പിച്ചത് അടുത്തകാലത്ത് വലിയ വിവാദമായിരുന്നു. ഈ വിഷയത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് പരിഗണിക്കുമ്പോഴാണ് ഇ ഡി പരിധിവിടുന്നതിനെക്കുറിച്ച് ശക്തമായ വിമർശനങ്ങൾ ഉന്നയിച്ചുകൊണ്ട് ഇ ഡിയുടെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് മാർഗ്ഗരേഖ പുറപ്പെടുവിക്കണമെന്ന് സുപ്രീം കോടതി വ്യക്തമാക്കിയത്. ( “In Re: Summoning Advocates Who Gave Legal Opinion or Represented Parties During Investigation of Cases and Related Issues’.)

തങ്ങളെ സമീപിക്കുന്ന കക്ഷികൾക്ക് നിയമോപദേശം കൊടുക്കുക എന്നത് ഓരോ അഭിഭാഷകന്റെയും കടമയാണ്. ആ കടമ നിർവഹിച്ച സുപ്രീം കോടതിയിലെ സീനിയർ അഭിഭാഷകരെ ചോദ്യംചെയ്യാൻ വിളിപ്പിച്ച നടപടി തികച്ചും തെറ്റാണെന്ന് ഇന്ത്യൻ അറ്റോർണി ജനറൽ ആർ. വെങ്കിട്ടരമണിക്കുവരെ കോടതിയിൽ തുറന്നുസമ്മതിക്കേണ്ടി വന്നു. ഒരു പ്രതിക്കുവേണ്ടി കോടതിയിൽ ഹാജരായി എന്ന കുറ്റത്തിന് ഒരു അഭിഭാഷകനെ ഗുജറാത്ത് പൊലീസ് സമൻസ് അയപ്പിച്ചു വിളിപ്പിച്ചതിനെ രൂക്ഷമായി വിമർശിച്ചുകൊണ്ട് ജസ്റ്റിസ് കെ വി വിശ്വനാഥൻ, ജസ്റ്റിസ് എൻ കെ സിങ് എന്നിവരടങ്ങിയ സുപ്രീംകോടതി ബെഞ്ച് ഗുജറാത്ത് പൊലീസിന്റെ നടപടികൾ കഴിഞ്ഞ ജൂലൈ മാസം നാലിന് സ്റ്റേ ചെയ്തിരുന്നു.

പി എം എൽ എ നിയമപ്രകാരം ഏതെങ്കിലും ഒരു ഷെഡ്യൂൾഡ് കുറ്റകൃത്യത്തിന്റെ ഭാഗമായി കള്ളപ്പണം വെളുപ്പിക്കപ്പെട്ടു എന്ന പരാതി ഉണ്ടെങ്കിൽ മാത്രമേ ഇ ഡിക്ക് കേസ് അന്വേഷിക്കാൻ കഴിയൂ. ആദ്യം ഒരു കുറ്റകൃത്യം നടക്കണം. ആ കുറ്റകൃത്യത്തിന്റെ പരിണതഫലമായി ഒരു പ്രൊസീഡ്സ് ഓഫ് ക്രൈം (Proceedട of Crime) ആയി കള്ളപ്പണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഇ ഡിക്ക് അന്വേഷിക്കാം. എന്നാൽ ഇന്ന് ഇ ഡി ഒരു പ്രഡിക്കേറ്റ് ഒഫൻസ് എന്ന നിലയിൽ ആരോപിക്കപ്പെട്ട കുറ്റകൃത്യം അല്ലാതെ നേരിട്ട് കേസുകൾ രജിസ്റ്റർ ചെയ്ത് അന്വേഷണം പ്രഖ്യാപിക്കുന്നത് അടുത്തകാലത്ത് നിരവധി കണ്ടു. അന്വേഷണത്തിനിടെ നിയമത്തിലെ മറ്റു വ്യവസ്ഥകളുടെ ലംഘനങ്ങൾ കണ്ടെത്തിയാൽ ഉചിതമായ അന്വേഷണ ഏജൻസിയെ അറിയിക്കുകയാണ് ഇ ഡി ചെയ്യേണ്ടതെന്നും തങ്ങൾക്ക് അധികാരമില്ലാത്ത മേഖലകളിൽ സ്വയം അന്വേഷണം നടത്തരുത് എന്നും മദ്രാസ് ഹൈക്കോടതി വ്യക്തമാക്കിയത് വളരെ ശ്രദ്ധേയമായി. കള്ളപ്പണം വെളുപ്പിച്ചു എന്ന കേസിൽ സ്ഥിരനിക്ഷേപത്തിൽ നിന്ന് 901 കോടി രൂപ പിടിച്ചെടുത്തത് ചോദ്യംചെയ്ത് സ്വകാര്യ കമ്പനി നൽകിയ ഹർജി പരിഗണിച്ച ഹൈക്കോടതിയുടെ നടപടികൾ സുപ്രീംകോടതി റദ്ദാക്കുകയായിരുന്നു. (R.K.M Powergen Pvt. Ltd. v. Directorate of Enforcement, W.P. Nos. 4297 & 4300 of 2025, decided on: 15-7-2025)

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഭരണകൂടങ്ങളോട് വിധേയത്വം പുലർത്തുകയാണെന്നും പരിധിവിട്ട് ഇടപെടുകയാണെന്നുമുള്ള നീതിന്യായ കോടതികളുടെ തുടർവിമർശനങ്ങൾ അടുത്തകാലത്ത് നിരവധി നാം കണ്ടു. 2025 മാർച്ച് മാസത്തിൽ തമിഴ്നാട്ടിലെ ടാസ്മാക് ഓഫീസുകളിൽ അഴിമതിയും സാമ്പത്തിക ക്രമക്കേടുകളും ആരോപിച്ച് ഇ ഡി നടത്തിയ റെയ്ഡുമായി ബന്ധപ്പെട്ട് സുപ്രീം കോടതി നടത്തിയ പരാമർശം. ഇ ഡി അതിരുകടക്കുകയാണെന്നും ഫെഡറൽ സംവിധാനം പൂർണ്ണമായും ലംഘിക്കുകയാണെന്നുമാണ്. തുടർന്ന് തമിഴ്നാട് സർക്കാരിന്റെ മദ്യ വിതരണ സ്ഥാപനമായ ടാസ്മാകിനെതിരായ കേസിൽ ഇ ഡി നടത്തിയ കേസന്വേഷണ നടപടികളെല്ലാം സുപ്രീം കോടതി സ്റ്റേ ചെയ്തു. (The State of Tamil Nadu Vs. Directorate of Enforcement & Another) മാത്രമല്ല, വ്യക്തികളുടെ മൗലിക അവകാശം ലംഘിക്കുന്ന വിധം ഉരുക്കുമുഷ്ടി ഉപയോഗിക്കരുത് എന്ന് ഇഡിക്ക് താക്കീത് നൽകുകയും ജീവനും വ്യക്തിസ്വാതന്ത്ര്യത്തിനും സംരക്ഷണം ഉറപ്പുനൽകുന്ന ആർട്ടിക്കിൾ 21 ഭരണഘടനയിൽ ഉണ്ടെന്ന കാര്യം ഇ ഡിക്ക് അറിയാമോ എന്ന ചോദ്യവും കോടതി ഉന്നയിച്ചത് കഴിഞ്ഞ ഒക്ടോബർ മാസത്തിലാണ്.

പങ്കജ് ബെൻസാൽ Vs യൂണിയൻ ഓഫ് ഇന്ത്യ (SLP Crl.No. 9220-21/2023) എന്ന കേസിൽ നിശിതമായ വിമർശനമാണ് ഇ ഡിക്കെതിരെ സുപ്രീം കോടതി നടത്തിയത്. 2002ലെ നിയമപ്രകാരം, ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുണ്ടാക്കുന്ന അധികാരങ്ങളുള്ള ഇ ഡി, “പ്രതികാര നടപടികളിൽ, അല്ല കേന്ദ്രീകരിക്കേണ്ടത് എന്നും അങ്ങേയറ്റം സത്യസന്ധതയോടും ഉയർന്ന അളവിലുള്ള നിഷ്പക്ഷതയോടും നീതിബോധത്തോടും കൂടി പ്രവർത്തിക്കണം’ എന്നും നിർദ്ദേശിച്ചു. ഈ കേസിൽ മേൽപ്പറഞ്ഞ മാനദണ്ഡങ്ങൾക്ക് അനുസൃതമായി പ്രവർത്തനങ്ങൾ നിർവഹിക്കുന്നതിലും അധികാരങ്ങൾ പ്രയോഗിക്കുന്നതിലും ഇഡി പരാജയപ്പെട്ടു എന്ന് വസ്തുതകൾ നിരത്തി സുപ്രീം കോടതി അഭിപ്രായപ്പെട്ടു.

മാത്രമല്ല ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പ്രതിയായ ഡൽഹി മദ്യനയ കേസിലും സമാനമായ പരാമർശങ്ങളാണ് സുപ്രീംകോടതി പ്രതികൾക്ക് ജാമ്യം അനുവദിച്ചുകൊണ്ട് നടത്തിയത്. ഇ ഡിക്കുപുറമേ സിബിഐക്കെതിരെയും ആദായ നികുതി വകുപ്പിനെതിരെയും പല ഘട്ടങ്ങളിലും സുപ്രീം കോടതി പരാമർശങ്ങൾ നടത്തിയിട്ടുണ്ട്. സംസ്ഥാന സർക്കാർ സിബിഐ അന്വേഷണത്തിനുള്ള സമ്മതം നൽകിയില്ലെങ്കിലും കേന്ദ്ര ഗവൺമെന്റ് നേരിട്ട് സിബിഐയെ സംസ്ഥാനങ്ങളിലെ കേസുകൾ അന്വേഷിക്കാൻ ചുമതലപ്പെടുത്തുന്നത് ഭരണഘടനാപരമായ അമിതാധികാര പ്രവണതയാണെന്നാണ് പശ്ചിമ ബംഗാളിൽ നിന്നുള്ള ഒരു കേസിൽ സുപ്രീം കോടതി അഭിപ്രായപ്പെട്ടത്.

കേസ് രജിസ്റ്റർ ചെയ്യൽ, അറസ്റ്റ്, കസ്റ്റഡി , വിചാരണ എന്നീ ഘട്ടങ്ങളിൽ ഇ ഡിക്ക് നിയമവിധേയമായി മാത്രമേ പ്രവർത്തിക്കാൻ കഴിയൂ എന്ന് പല ഘട്ടങ്ങളിലും നീതിപീഠം ഓർമിപ്പിച്ചു. പക്ഷേ രാഷ്ട്രീയ ലക്ഷ്യത്തോടെ ഭരണ നേതൃത്വത്തിന്റെ അന്വേഷണ ഏജൻസികളുടെ മേലുള്ള ഇടപെടലുകൾ തുടരുന്നതാണ് നാം കാണുന്നത്. പ്രത്യേകിച്ച് തിരഞ്ഞെടുപ്പു കാലങ്ങളിൽ രാഷ്ട്രീയ എതിരാളികളെ ഇല്ലായ്മ ചെയ്യാൻ വേണ്ടിയും പ്രതിപക്ഷ നേതാക്കളെ കള്ളക്കേസിൽ കുടുക്കാൻ വേണ്ടിയും കേന്ദ്ര അന്വേഷണ ഏജൻസികൾ മത്സരിക്കുന്നത് നാം നിരവധി കണ്ടു. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ, ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ, വിവിധ സംസ്ഥാന മന്ത്രിമാർ എന്നിവരെ തിരഞ്ഞെടുപ്പ് കാലത്ത് കള്ളക്കേസുകളിൽ കുടുക്കി ജയിലിലടച്ചതും അടുത്തകാലത്താണ് . പിന്നീട് അവർക്ക് ജാമ്യം അനുവദിച്ചുകൊണ്ടുള്ള കോടതികളുടെ നിരീക്ഷണങ്ങളും പരാമർശങ്ങളും എല്ലാം അന്വേഷണ ഏജൻസികളുടെ ദുരുപയോഗവുമായി ബന്ധപ്പെട്ടുകൊണ്ട് ഉയർന്നുവന്ന ആശങ്കകളെ ശരിവെക്കുന്ന തരത്തിലുള്ളതാണ്.

കളളപ്പണം വെളുപ്പിക്കൽ, വിദേശനാണ്യ വിനിമയത്തിലെ ക്രമക്കേടുകൾ തുടങ്ങിയ ഗുരുതര സാമ്പത്തിക കുറ്റങ്ങൾ ആരോപിച്ച്, ഇ ഡി നൂറുകണക്കിന് കേസുകൾ എല്ലാ വർഷവും രജിസ്‌റ്റർ ചെയ്യുന്നുണ്ടെങ്കിലും അവയിൽ ശിക്ഷാനിരക്ക് വളരെ കുറവാണെന്നത് വലിയ വിമർശത്തിന് ഇടയാക്കിയിരുന്നു. ആകെ ഒരു ശതമാനത്തിൽ താഴെ കേസുകളിലാണ് പ്രതികൾ ശിക്ഷിക്കപ്പെട്ടിട്ടുള്ളത്. രാജ്യത്ത്, കള്ളപ്പണം ആണ് എന്നാരോപിച്ച് ഇ ഡി പണം പിടിച്ചെടുത്ത കേസുകളിൽ ഉൾപ്പെട്ട പണത്തിന്റെ ഒരു ശതമാനം പോലും കള്ളപ്പണം ആണ് എന്ന് തെളിയിക്കാൻ കഴിഞ്ഞിട്ടില്ല. പലപ്പോഴും തെളിവില്ലാതെ കെട്ടിച്ചമയ്ക്കുന്ന ഇ ഡി കേസുകളിൽ ഭൂരിഭാഗം കേസുകളും വിചാരണ തുടങ്ങാൻ ഏറെക്കാലം വൈകുന്നുണ്ട്. ഇക്കാര്യത്തിൽ ഇഡിയുടെ വീഴ്ചയെ സുപ്രീം കോടതിയും പല ഹൈക്കോടതികളും വിമർശിച്ചിട്ടുണ്ട്. 2014ൽ നരേന്ദ്ര മോദി അധികാരത്തിലെത്തിയശേഷം ഇ ഡി രജിസ്‌റ്റർ ചെയ്യുന്ന കേസുകളുടെ എണ്ണം പലമടങ്ങ് വർധിച്ചെങ്കിലും പലതും ബിജെപിക്കും ഇടനിലക്കാർക്കും പണമുണ്ടാക്കാനുള്ളവയാണ് എന്ന ആക്ഷേപം ഉയർന്നിരുന്നു. ഇതിന്റെ ഏറ്റവും അവസാനത്തെ ഉദാഹരണമാണ് കൊച്ചിയിൽ ഇ ഡി ഉന്നത ഉദ്യോഗസ്ഥനടക്കം പ്രതിയായ പുതിയ അഴിമതിക്കേസ്. ലോക്-സഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ബിജെപിക്ക് ഇലക്ട്രൽ ബോണ്ട് നൽകിയ ഭൂരിഭാഗം കോർപ്പറേറ്റ് സ്ഥാപനങ്ങളും ഇ ഡിയുടെയും സിബിഐയുടെയും ആദായനികുതി വകുപ്പിന്റെയും അന്വേഷണ പരിധിയിൽ ഉണ്ടായിരുന്നു എന്നത് ഏവരെയും അത്ഭുതപ്പെടുത്തിയതാണ്. ബിജെപിക്ക് ഇലക്ട്രൽ ബോണ്ട് നൽകിയതോടെ കേന്ദ്ര അന്വേഷണ ഏജൻസികളുടെ എല്ലാ അന്വേഷണങ്ങളും മരവിപ്പിക്കപ്പെട്ടു.

അന്വേഷണ ഏജൻസിയെന്ന നിലയിൽ ഓരോ ദിവസവും വിശ്വാസ്യത നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന സ്ഥാപനമാണ് ഇ ഡി. ആദ്യ സമയത്ത് പ്രതിപക്ഷത്തെ വേട്ടയാടാനും രാഷ്ട്രീയ ലക്ഷ്യ പൂർത്തീകരണത്തിനും ഇഡിക്ക് മൗനാനുവാദവും നിയമവിരുദ്ധമായ അമിതാധികാരവും കൊടുത്ത കേന്ദ്ര ഗവൺമെന്റുതന്നെ, ഇ ഡിയുടെ പ്രധാന ഉദ്യോഗസ്ഥന്മാർ തന്നെ കൈക്കൂലിക്കേസുകളിൽ പ്രതിയാകുന്നത് കണ്ട് ലജ്ജിച്ചു തലതാഴ്ത്തേണ്ട അവസ്ഥയിൽ എത്തിയിരിക്കുന്നു ഇപ്പോൾ. ഭരണകൂടത്തിന്റെ ആജ്ഞ നിറവേറ്റാൻ ഭരണഘടനയും സാമൂഹ്യ നീതിയും മനുഷ്യാവകാശവും മറന്നുള്ള നടപടികളിലേക്ക് അന്വേഷണ ഏജൻസികൾ തിരിയുമ്പോൾ ഭരണഘടനയിലേക്ക് ഒന്ന് പിന്തിരിഞ്ഞുനോക്കണമെന്ന് നീതിന്യായ കോടതികൾ ഓർമിപ്പിക്കേണ്ടി വരുന്നത് അന്വേഷണ ഏജൻസികൾക്ക് മാത്രമുള്ള പ്രഹരമല്ല, രാഷ്ട്രീയ ആവശ്യങ്ങൾക്കായി ഏജൻസികളെ ദുരുപയോഗിക്കുന്ന സർക്കാരുകൾക്കുള്ള മുന്നറിയിപ്പും കൂടിയാണ്. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

5 × 5 =

Most Popular