Saturday, February 14, 2026

ad

Homeപ്രതികരണംസഭാവസ്ത്രം ധരിച്ച് പുറത്തിറങ്ങാനാവാത്ത കാലം

സഭാവസ്ത്രം ധരിച്ച് പുറത്തിറങ്ങാനാവാത്ത കാലം

പിണറായി വിജയൻ

ത്തിസ്ഗഢില്‍ കന്യാസ്ത്രീകള്‍ക്കെതിരായി നടന്ന അതിക്രമം അത്യന്തം ഹീനവും ഭരണഘടനാവാഴ്ചയെ അപകടത്തിലാക്കുന്നതുമാണ്. മലയാളികളായ പ്രീതിമേരി, വന്ദന ഫ്രാന്‍സിസ് എന്നീ കന്യാസ്ത്രീകളെയാണ് കുറ്റം ചുമത്തി ജയിലില്‍ അടച്ചത്. വർഗീയ തീവ്രവാദികളും നിയമപാലകരും ചേര്‍ന്ന് അവരെ പരസ്യവിചാരണ നടത്തുന്ന അതിഹീനമായ കാഴ്ചയും നമ്മള്‍ കണ്ടു. മലയാളികളായ കന്യാസ്ത്രീകളെ അറസ്റ്റു ചെയ്ത വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടയുടനെ നീതി ലഭ്യമാക്കാന്‍ ഇടപെടണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു. എന്നാല്‍, ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഉള്‍പ്പെടെ അറസ്റ്റിനെ ന്യായീകരിക്കുകയാണുണ്ടായത്. കമ്യൂണിസ്റ്റുകാരും മുസ്ലീങ്ങളും ക്രിസ്ത്യാനികളും ആഭ്യന്തര ശത്രുക്കളാണെന്നു പ്രഖ്യാപിച്ച ഗോള്‍വാക്കറിന്റെ പിന്തുടര്‍ച്ചക്കാരായവര്‍ ആ നയങ്ങള്‍ കൂടുതല്‍ ശക്തമായി നടപ്പാക്കുന്നുവെന്നതിന്റെ ദൃഷ്ടാന്തം കൂടിയാണ് ഈ സംഭവങ്ങള്‍.

ക്രിസ്ത്യന്‍ സമുദായത്തിനെതിരെ സംഘപരിവാര്‍ ആക്രമണങ്ങള്‍ നിത്യസംഭവമായി ഇന്ന് ഇന്ത്യയില്‍ മാറിയിരിക്കുന്നു. യുണൈറ്റഡ് ക്രിസ്ത്യന്‍ ഫോറം പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 2014 മുതല്‍ ഇതുവരെ രാജ്യത്ത് ക്രൈസ്തവ സമുദായത്തിനുനേരെ മാത്രം 4,000 ത്തിലധികം ആക്രമണങ്ങളാണ് ഉണ്ടായത്. കഴിഞ്ഞ വര്‍ഷം ഇത് 834 ആയിരുന്നു. കഴിഞ്ഞ ഈസ്റ്റര്‍ ദിനത്തിലാണ് ഡല്‍ഹി സേക്രട്ട്ഹാര്‍ട്ട് പള്ളിയിലേക്കുള്ള കുരിശിന്റെ വഴി പ്രദക്ഷിണത്തിന് ഡല്‍ഹി പൊലീസ് അനുമതി നിഷേധിച്ചത്. ഫോറം പുറത്തുവിട്ട ഡാറ്റയില്‍ മണിപ്പൂര്‍ ഉള്‍പ്പെട്ടിട്ടില്ല. മണിപ്പൂര്‍ കൂടി ഉള്‍പ്പെടുത്തിയാല്‍ ഈ സംഖ്യ വളരെ വലുതായിരിക്കും. ഇപ്പോഴും മണിപ്പൂരില്‍ സംഘര്‍ഷങ്ങള്‍ തുടരുകയാണെന്ന വാര്‍ത്തകള്‍ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. മണിപ്പൂര്‍ കലാപത്തിനിടെ ആര്‍ എസ് എസ് അനുകൂല സംഘടനകളായ ആരംബായ് തെംഗോല്‍, മെയ്തീ ലീപുണ്‍ എന്നീ സായുധ സംഘങ്ങളുടെ നേതൃത്വത്തില്‍ ക്രൂരമായ ക്രിസ്ത്യന്‍ വേട്ടയാണ് നടന്നത്. ഗോത്രവിഭാഗമായ കുക്കികളുടെ ദേവാലയങ്ങള്‍ നിരന്തരമായി തകര്‍ക്കപ്പെട്ടു. സംഘപരിവാറിന്റെ വര്‍ഗീയതയുടെ മറ്റൊരു പതിപ്പാണ് മണിപ്പൂരില്‍ കണ്ടത്. നൂറുകണക്കിന് പള്ളികള്‍ മണിപ്പൂരില്‍ നശിപ്പിക്കപ്പെട്ടു. നശിപ്പിക്കപ്പെട്ട ആരാധനാലയങ്ങളുടെ എണ്ണം 642 ആണെന്ന് സുപ്രീം കോടതിയില്‍ സമര്‍പ്പിക്കപ്പെട്ട ഒരു ഹര്‍ജിയില്‍ പറയുന്നു. ഇംഫാല്‍ ആര്‍ച്ച് ബിഷപ്പ് പറഞ്ഞത് വെറും 36 മണിക്കൂറിനുള്ളില്‍ 249 പള്ളികള്‍ നശിപ്പിക്കപ്പെട്ടു എന്നാണ്.

ഔദ്യോഗിക കണക്കുകള്‍ പ്രകാരം 180 ലധികം പേര്‍ കൊലചെയ്യപ്പെടുകയും 300 ലധികം പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു. വീടുപേക്ഷിക്കേണ്ടിവന്നത് 55,000 ത്തോളം ആളുകള്‍ക്കാണ്. മണിപ്പൂരില്‍ നടന്ന ഈ നരനായാട്ടില്‍ അവിടുത്തെ ബി ജെ പി സര്‍ക്കാരിന്റെ നിഷ്ക്രിയത്വവും കൃത്യവിലോപവും തുറന്നുകാണിച്ച റിപ്പോര്‍ട്ടിന്റെ പേരില്‍ എഡിറ്റേഴ്സ് ഗില്‍ഡ് ഓഫ് ഇന്ത്യക്കെതിരെ ഗുരുതരമായ കുറ്റങ്ങള്‍ ആരോപിച്ച് എഫ് ഐ ആര്‍ ഫയല്‍ ചെയ്യുകയാണുണ്ടായത്.

1990കളോടുകൂടിയാണ് ഇന്ത്യയില്‍ ക്രിസ്ത്യന്‍ സമുദായത്തിനു നേരെയുള്ള ആക്രമണങ്ങള്‍ വര്‍ദ്ധിച്ചത്. അതേ കാലഘട്ടത്തില്‍ തന്നെയാണ് സംഘപരിവാര്‍ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ മുന്‍പൊരിക്കലുമില്ലാത്ത വിധമുള്ള ശക്തിയായി വളര്‍ന്നതും. വര്‍ഗീയമായി ഇന്ത്യയെ വിഭജിച്ച് മതരാഷ്ട്രമാക്കി നിലനിര്‍ത്തുക എന്ന നയം കൂടുതല്‍ മൃഗീയമായി നടപ്പാക്കിത്തുടങ്ങിയ ഘട്ടമാണിത്. ഒറ്റക്കും തെറ്റക്കും നടക്കുന്ന ആള്‍ക്കൂട്ട ആക്രമണങ്ങള്‍ക്കുപുറമേ അനവധി വലിയ കലാപങ്ങളും ക്രിസ്ത്യാനികള്‍ക്കുനേരെ അരങ്ങേറി. അക്കൂട്ടത്തില്‍ ഒരിക്കലും മറക്കാനാവാത്ത ക്രൂരതയാണ് ആസ്ട്രേലിയന്‍ മിഷണറിയായിരുന്ന ഗ്രഹാം സ്റ്റെയിന്‍സിനും ബാല്യം വിട്ടുമാറാത്ത അദ്ദേഹത്തിന്റെ രണ്ടു പുത്രന്മാര്‍ക്കും നേരെ 1999 ല്‍ ഒഡീഷയില്‍ നടന്നത്. തന്റെ വാഹനത്തില്‍ കിടന്നുറങ്ങുമ്പോള്‍ ഗ്രഹാം സ്റ്റെയിന്‍സിനെയും മക്കളെയും ബജ്റംഗ് ദള്‍ ബന്ധമുള്ള ഒരു സംഘം തീകൊളുത്തി കൊല്ലുകയായിരുന്നു.

2008 ല്‍ ഒഡീഷയിലെ കന്ധമാലില്‍ ക്രിസ്ത്യന്‍ സമൂഹത്തിനെതിരെ സംഘടിതമായ കലാപമാണ് സംഘപരിവാര്‍ അഴിച്ചുവിട്ടത്. പല ക്രിസ്ത്യന്‍ സ്ഥാപനങ്ങളും, വീടുകളും അഗ്നിക്കിരയാക്കപ്പെട്ടു. 60,000 ത്തിലധികം ആളുകള്‍ ഭവനരഹിതരാക്കപ്പെട്ടു. 395 പള്ളികളും 5,600 ലധികം വീടുകളും അഗ്നിക്കിരയാക്കപ്പെട്ടു. 600 ലധികം ഗ്രാമങ്ങള്‍ കൊള്ളയടിക്കപ്പെട്ടു. അന്ന് കന്ധമാലിലെ കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫീസുകളിലാണ് കന്യാസ്ത്രീകളും വൈദികരും ഉള്‍പ്പെടെ അഭയം തേടിയത്.

ബി ജെ പി സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ഈ പ്രവണത കൂടുതല്‍ ശക്തമാവുകയും രാജ്യത്ത് ക്രിസ്തുമത വിശ്വാസികളും ആരാധനാലയങ്ങളും വ്യാപകമായി ആക്രമിക്കപ്പെടുന്ന സ്ഥിതി സംജാതമാവുകയും ചെയ്തു. യു പി, മധ്യപ്രദേശ്, കര്‍ണാടക, ഹരിയാന, ഒഡീഷ, ഛത്തീസ്ഗഢ്, ബിഹാര്‍, ഝാര്‍ഖണ്ഡ് എന്നിവിടങ്ങളിലാണ് കൂടുതല്‍ ആക്രമണങ്ങള്‍ നടന്നത്. പള്ളികള്‍ക്ക് തീയിടല്‍, സ്കൂളുകളും ആശുപത്രികളും ആക്രമിക്കല്‍, ബലപ്രയോഗത്തിലൂടെ ക്രിസ്തുമത വിശ്വാസികളെ ഹിന്ദുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യല്‍ എന്നിങ്ങനെയുള്ള അതിക്രമങ്ങളാണ് കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.

2023 ജനുവരിയില്‍ ഛത്തീസ്ഗഢിലെ നാരായണ്‍പൂര്‍ ജില്ലയില്‍ ഒരു ചര്‍ച്ചിനുനേരെ ഹിന്ദുത്വ സംഘടനകളുടെ നേതൃത്വത്തില്‍ ആക്രമണമുണ്ടായി. മാര്‍ച്ച് മാസത്തില്‍ ഉത്തര്‍പ്രദേശിലെ ഝാന്‍സിയില്‍ കന്യാസ്ത്രീകള്‍ക്കുനേരെ ആക്രമണം നടന്നു. അവിടെ വർഗീയ തീവ്രവാദികളില്‍ നിന്നും രക്ഷപ്പെടാന്‍ കന്യാസ്ത്രീകള്‍ക്ക് സഭാവസ്ത്രം പോലും ഒഴിവാക്കേണ്ടിവന്നു. മതം മാറ്റാന്‍ പെണ്‍കുട്ടികളെ കൊണ്ടുപോകുന്നു എന്നാരോപിച്ചാണ് വർഗീയ തീവ്രവാദികള്‍ കന്യാസ്ത്രീകളെ ആക്രമിച്ചത്. ഉത്തര്‍പ്രദേശിലെ സ്കൂളുകളില്‍ ക്രിസ്-മസ് ആഘോഷങ്ങള്‍ക്കെതിരെ ഭീഷണിയുമായി ഹിന്ദു ജാഗരണ്‍ മഞ്ച് അക്രമങ്ങള്‍ നടത്തുകയുണ്ടായി.

ഇത്തരം ആക്രമണങ്ങള്‍ക്കെതിരെ ശക്തമായ പ്രതിരോധം ഉയര്‍ത്താന്‍ ഇടതുപക്ഷ സംഘടനകള്‍ ശ്രമിച്ചപ്പോള്‍ കോണ്‍ഗ്രസ് മൃദുസമീപനമാണ് സ്വീകരിച്ചത്. 2022 ലെ ക്രിസ്-മസ് കാലത്ത് ഛത്തീസ്ഗഢില്‍ സംഘപരിവാറിന്റെ നേതൃത്വത്തില്‍ ക്രിസ്ത്യന്‍വേട്ട അരങ്ങേറിയപ്പോള്‍ അതിനെ സഹായിക്കുന്ന തരത്തിലുള്ള നിലപാടുകളാണ് അന്ന് അവിടെ അധികാരത്തിലുണ്ടായിരുന്ന കോണ്‍ഗ്രസ് സര്‍ക്കാര്‍ സ്വീകരിച്ചത്. സംഘപരിവാറിന്റെ വര്‍ഗീയതയെ എതിര്‍ക്കാന്‍ തയ്യാറാവുന്നില്ല എന്നു മാത്രമല്ല, അതിനോട് സന്ധി ചെയ്യാനും അതിനെ വളര്‍ത്താനുമാണ് അവര്‍ എക്കാലവും ശ്രമിച്ചിട്ടുള്ളത്. കോണ്‍ഗ്രസ്സിന്റെ ഈ നിഷ്ക്രിയ നിലപാടിന്റെ തുടര്‍ച്ചയാണ് ഇപ്പോഴും നാം കാണുന്നത്.

രാജ്യത്താകെ നടക്കുന്ന ഇക്കാര്യങ്ങളെല്ലാം മറച്ചുവെച്ചാണ് ക്രിസ്ത്യന്‍ സമുദായത്തെ ആകര്‍ഷിക്കാന്‍ കേരളത്തില്‍ സംഘപരിവാര്‍ ശ്രമിക്കുന്നത്. ഇടതുപക്ഷത്തെ തകര്‍ക്കാന്‍ സംഘപരിവാറിനൊപ്പം കൈകോര്‍ക്കുന്ന കോണ്‍ഗ്രസാകട്ടെ ആ ശ്രമങ്ങള്‍ക്ക് പരോക്ഷമായ ന്യായീകരണവും ഒരുക്കുകയാണ്. വർഗീയതയ്ക്ക് വേരോട്ടമുണ്ടാക്കാന്‍വേണ്ടി രൂപം മാറിവരുന്ന മാരീചന്മാരെ തിരിച്ചറിയാന്‍ നമ്മള്‍ ഓരോരുത്തരും ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

one × three =

Most Popular