Friday, March 13, 2026

ad

Homeകവര്‍സ്റ്റോറിനിർമിത ബുദ്ധിയുഗത്തിന്റെ അർത്ഥശാസ്ത്രവും രാഷ്ട്രീയവും

നിർമിത ബുദ്ധിയുഗത്തിന്റെ അർത്ഥശാസ്ത്രവും രാഷ്ട്രീയവും

കെ എസ് രഞ്ജിത്ത്

നുഷ്യസമൂഹത്തിന്റെ ഭാവിഭാഗധേയത്തെ ആകെ മാറ്റിമറിക്കാൻ സാധ്യതയുള്ള ഒരു സാങ്കേതിക വിപ്ലവത്തിന്റെ പടിവാതിൽക്കലാണ് നാം എന്നാണ് നിർമിതബുദ്ധിയെ മുൻനിർത്തി പൊതുവെ പറഞ്ഞുവരുന്ന ഒരു കാര്യം. ചരിത്രപരമായി നോക്കുകയാണെങ്കിൽ ഇത്തരത്തിലുള്ള നിരവധി സാങ്കേതിക വിദ്യാവിപ്ലവങ്ങളിലൂടെ മാനവസമൂഹം കടന്നുപോയിട്ടുണ്ട് എന്നു കാണാം. ഇപ്പോൾ പറയുന്നതുപോലെതന്നെ അവയൊക്കെ അതാതുകാലത്ത് മനുഷ്യന്റെ ഉപജീവന– ഉല്പാദന സംവിധാനങ്ങളെയും സാമൂഹിക സംഘാടനത്തെയും വിപ്ലവകരമായിത്തന്നെ മാറ്റിമറിച്ചിട്ടുണ്ട്. ഇരുമ്പിന്റെ ഉപയോഗം, ഭൂമി ആഴത്തിൽ ഉഴുതുമറിക്കാൻ പര്യാപ്തമായ കലപ്പകൾ ഉണ്ടാക്കുന്നതിലേക്കും ഒരു പ്രദേശത്ത് തമ്പടിച്ച് ജീവിക്കുന്ന രീതികളിലേക്കും മനുഷ്യസമൂഹത്തെ നയിച്ചതുപോലെ, വ്യാവസായിക വിപ്ലവം ആധുനിക മുതലാളിത്തത്തിനും നഗരകേന്ദ്രീകൃതമായ ജീവിതക്രമത്തിനും വഴിയൊരുക്കിയതുപോലെ, വാർത്താവിനിമയ രംഗത്തെ കണ്ടുപിടുത്തങ്ങൾ ഭൂഗോളത്തെയാകെ ഒരൊറ്റ വില്ലേജാക്കി ചുരുക്കിയതുപോലെ ആധുനിക ഡിജിറ്റൽ സാങ്കേതികവിദ്യകൾ മനുഷ്യന്റെ കർതൃത്വത്തെയും സാമൂഹിക ഇടപെടലുകളെയും മാറ്റിമറിച്ചിട്ടുണ്ട്. ഇതിന്റെയൊക്കെ തുടർച്ചയായിത്തന്നെ വേണം നിർമിത ബുദ്ധി സൃഷ്ടിക്കുന്ന മാറ്റങ്ങളെയും കാണാൻ.

ഉല്പാദനശക്തികളുടെ വളർച്ചയാണ് അടിസ്ഥാനപരമായി ഉല്പാദന സമ്പ്രദായങ്ങളെയും അത് നിലനിൽക്കുന്ന സാമൂഹിക സംവിധാനങ്ങളെയും പുതുക്കിപ്പണിയുന്നതെന്ന മാർക്സിസ്റ്റ് സാമൂഹിക കാഴ്ചപ്പാടിനെ അടിവരയിടുന്ന സംഭവങ്ങളാണ് ഇവയൊക്കെത്തന്നെ. ഇതേ കാഴ്ചപ്പാടിൽ ഊന്നിനിന്നുകൊണ്ട്- എ ഐ സാങ്കേതികവിദ്യകൾ സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന മാറ്റങ്ങളെയും സ്ഥൂലതലത്തിൽ വിശകലനം ചെയ്യാനാകും. സൂക്ഷ്മതലത്തിലും അനുഭവേദ്യമായിക്കഴിഞ്ഞിരിക്കുന്ന ഇത് സൃഷ്ടിക്കുന്ന ചലനങ്ങൾ പഠനവിധേയമാക്കേണ്ടതുണ്ട് . എ ഐ ഇതിനകം തന്നെ , ആഗോള രാഷ്ട്രീയ സമ്പദ്‌വ്യവസ്ഥയിൽ ആഴത്തിൽ വേരൂന്നുകയും അതിനെ സജീവമായി രൂപാന്തരപ്പെടുത്തുകയും ചെയ്തുകഴിഞ്ഞു . അതിന്റെ അതിവേഗ വളർച്ചയും വ്യാപകമായ വികാസവും സാമ്പത്തിക ഘടനകളെ എങ്ങനെ പുനഃക്രമീകരിക്കുന്നു, അധികാര ബന്ധങ്ങളെ എങ്ങനെ പുനർവിതരണം ചെയ്യുന്നു, സാമൂഹിക മാനദണ്ഡങ്ങളെ എങ്ങനെ സ്വാധീനിക്കുന്നു എന്നിവയെല്ലാം വിമർശനാത്മകമായി പരിശോധിക്കേണ്ടതുണ്ട് . തൊഴിൽ വിപണികൾ, സമ്പത്തിന്റെ വിതരണം, ഭരണം, അന്താരാഷ്ട്ര ബന്ധങ്ങൾ എന്നിവയിൽ എ ഐ ചെലുത്താനിടയുള്ള ആഴത്തിലുള്ള സ്വാധീനം പരിശോധിക്കേണ്ടതുണ്ട് . രൂക്ഷമായ സാമൂഹിക അസമത്വങ്ങളെയും അധികാര അസന്തുലിതാവസ്ഥകളെയും ഇത് വർധിപ്പിക്കുമോ ? നവീനമായ ഉൾക്കാഴ്ചകളുള്ള ധാർമിക ചട്ടക്കൂടുകളും ജനാധിപത്യപരമായ ഇടപെടലുകളും ഇവിടെ ആവശ്യമുണ്ടോ? ഇത്തരം വസ്തുതകളിലൂടെയുള്ള ഒരോട്ടപ്രദക്ഷിണമാണ് ഈ കുറിപ്പ്.

ഉൽപ്പാദനക്ഷമത, തൊഴിൽ, അസമത്വം
നിലനിൽക്കുന്ന ഉല്പാദനസമ്പ്രദായങ്ങൾ പലതിനെയും അടിമുടി മാറ്റിമറിക്കാൻ നിർമിതബുദ്ധിയെക്കൂടി ഉൾക്കൊള്ളുന്ന ആധുനിക യന്ത്രവല്കരണപ്രക്രിയക്ക് സാധിക്കുമെന്നത് ഇതിനകം തെളിഞ്ഞുകഴിഞ്ഞ കാര്യമാണ്. യന്ത്രവൽക്കരണമെന്നാൽ മനുഷ്യന്റെ കായിക ശേഷിയെ യന്ത്രങ്ങളാൽ പകരംവെയ്ക്കുക എന്നതായിരുന്നു ആദ്യകാലത്ത് ചെയ്തിരുന്നത് . മനുഷ്യന്റെ കരുത്തുകൊണ്ടും വേഗതകൊണ്ടും അസാധ്യമായ കാര്യങ്ങൾ യന്ത്രങ്ങളെക്കൊണ്ട് ചെയ്യിക്കാനായിരുന്നു ആദ്യ ശ്രമങ്ങൾ. അതിൽ മനുഷ്യൻ വിജയം വരിച്ചു. ഉല്പാദനക്ഷമത പലമടങ്ങ് വർധിപ്പിക്കാൻ ഇതുവഴി സാധിച്ചു. പല മേഖലകളിലും മനുഷ്യാധ്വാനം ഏതാണ്ട് പൂർണമായും ഒഴിവാക്കപ്പെട്ടു. മനുഷ്യന്റെ കൈക്കരുത്തുകൊണ്ട് അസാധ്യമായതു പലതും നിസ്സാരമായി യന്ത്രങ്ങൾ ചെയ്തു. അവന്റെ വേഗതയെ ആയിരക്കണക്കിന് മടങ്ങ് വർധിപ്പിച്ചു. ഇത് സമസ്-ത മേഖലകളെയും മാറ്റിമറിച്ചു .കാർഷിക മേഖല തന്നെ ഏറ്റവും നല്ല ഉദാഹരണം. ഒരു നൂറ്റാണ്ടു മുൻപ് പരിപൂർണമായും മനുഷ്യാധ്വാനത്താൽ സാധ്യമായിരുന്ന കാർഷിക പ്രവർത്തനങ്ങൾ ഇന്ന് ഏതാണ്ട് പൂർണമായും ഓട്ടോമേറ്റ് ചെയ്യപ്പെട്ടിരിക്കുന്നു. കർഷകത്തൊഴിലാളികൾ എന്നൊരു സാമൂഹിക വിഭാഗം പാശ്ചാത്യ വികസിത സമൂഹങ്ങളിൽ ഏതാണ്ട് ഇല്ലാതായിക്കഴിഞ്ഞിരിക്കുന്നു. എന്തിന്, നമ്മുടെ കുട്ടനാടൻ പാടശേഖരങ്ങളിൽ പോലും ഡ്രോണുകൾ വിത്തുവിതയ്ക്കുന്നതും വളമിടുന്നതും ,യന്ത്രങ്ങൾ കൊയ്യുന്നതും മെതിയ്ക്കുന്നതും ഒരു സാധാരണ കാഴ്ചയായി മാറിക്കഴിഞ്ഞിരിക്കുന്നു. 100 തൊഴിലാളികൾ പണിയെടുത്തുകൊണ്ടിരുന്ന സ്ഥാനത്ത് ഇന്ന് 10 തൊഴിലാളികൾ പോലും ആവശ്യമില്ല എന്നതായി ഈ മേഖലയിലെ സ്ഥിതി. അതേസമയം മറ്റു പുതിയ തൊഴിലിടങ്ങൾ ഇതിനു സമാന്തരമായി വികസിച്ചുവരികയും അവിടെ പുതിയ തൊഴിലുകൾ സൃഷ്ടിക്കപ്പെടുകയും ചെയ്യുന്നുണ്ട് എന്ന വസ്തുതയും വിസ്മരിക്കേണ്ടതില്ല .വ്യാവസായിക വിപ്ലവാനന്തര കാലഘട്ടത്തിലെ ഉല്പാദന മേഖലകളുടെ പരിണാമം പരിശോധിച്ചാൽ കാണാവുന്ന ഒരു കാഴ്ചയാണിത്. ശാസ്ത്രത്തിന്റെ പുരോഗതിയും സാങ്കേതികവിദ്യകളുടെ വളർച്ചയിൽ അതുണ്ടാക്കിയ മാറ്റങ്ങളും മനുഷ്യസമൂഹത്തിന്റെ സ്വഭാവത്തെയും ഉല്പാദന പ്രവർത്തനങ്ങളെയും അവന്റെ ഇടപെടലുകളെയും ഏറ്റവും നിർണായകമായി സ്വാധീനിച്ച ഒന്നാണ്. ഇത് വളരെ വിശദമായ ഒരു മേഖലയാണ്. അതിലേക്ക് ഇപ്പോൾ കടക്കുന്നില്ല.

ഇപ്പോൾ പിച്ചവെച്ചു തുടങ്ങിയിട്ടു മാത്രമുള്ള എഐയുടെ സഹായത്തോടെയുള്ള ഓട്ടോമേഷൻ, മെഷീൻ ലേണിംഗ്, ഡാറ്റ വിശകലനങ്ങൾ എന്നിവ ഉൽപ്പാദന പ്രക്രിയയിലും കാര്യക്ഷമതയിലും അഭൂതപൂർവമായ നേട്ടങ്ങൾ സാധ്യമാക്കുന്നുണ്ട് എന്നത് അതി നിർണായകമായ ഒരു വസ്തുതയാണ്. നിർമാണം, ലോജിസ്റ്റിക്സ്, ആരോഗ്യം, ധനകാര്യം തുടങ്ങിയ വിവിധ രംഗങ്ങളിൽ ഇതിനകംതന്നെ ഇത് പ്രകടമാണ്. ആവർത്തന സ്വഭാവമുള്ളതും സങ്കീർണവുമായ വൈജ്ഞാനിക ജോലികൾ ഓട്ടോമേറ്റ് ചെയ്യുന്നതിലൂടെ, ഈ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കാനും ചെലവ് ഗണ്യമായി കുറയ്ക്കാനും നവീകരണം ത്വരിതപ്പെടുത്താനും എ ഐ സാങ്കേതികവിദ്യകൾക്ക് കഴിയും. ഉൽപ്പാദനക്ഷമതയിലെ ഈ കുതിച്ചുചാട്ടം സാമ്പത്തികമായ വൻകുതിപ്പിനും വളർച്ചയ്ക്കും വഴിവെക്കും എന്നതിൽ തർക്കമില്ല . ആഗോള സമ്പദ്‌വ്യവസ്ഥയിലേക്ക് ട്രില്യൺ കണക്കിന് ഡോളർ ഇതുവഴി കൂട്ടിച്ചേർക്കപ്പെടുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

എന്നാൽ ഈ സാമ്പത്തിക നേട്ടങ്ങൾ ഏതു രീതിയിലാണ് വിതരണം ചെയ്യപ്പെടുന്നത്? തൊഴിൽ മേഖലയെ ഇതെങ്ങനെയാണ് ബാധിക്കുന്നത്? ഇതിനകം തന്നെ രൂക്ഷമായിരിക്കുന്ന സാമ്പത്തിക അസമത്വത്തിൽ അത് ഏതു രീതിയിലുള്ള ചലനങ്ങളാണ് സൃഷ്ടിക്കാനിടയുള്ളത് .ഇവയാണ് നിർണായകമായ ചോദ്യങ്ങൾ. തൊഴിൽ വിപണിയിൽ നിർമിതബുദ്ധി വലിയ ചലനങ്ങൾ ഇതിനകംതന്നെ സൃഷ്ടിച്ചുകഴിഞ്ഞിരിക്കുന്നു . ഈ കുറിപ്പെഴുതുന്ന ദിവസത്തെ പ്രധാന പത്രവാർത്തകളിലൊന്ന് ഐ ടി മേഖലയിലെ ഏറ്റവും ഭീമൻ കമ്പനിയായ ടി സി എസ് 10,000 ത്തിലധികം ജീവനക്കാരെ പിരിച്ചുവിട്ടിരിക്കുന്നു എന്നതാണ് . പ്രോഗ്രാമിങ് മേഖലയിൽ എ ഐ സാങ്കേതികവിദ്യകൾ ഉപയോഗിച്ചു തുടങ്ങിയതിന്റെ പ്രത്യാഘാതങ്ങളിൽ ആദ്യത്തേതതല്ല ഇത് . അടുത്ത നാല് വർഷത്തിനുള്ളിൽ ഇന്നത്തെ ഐ ടി മേഖലയിലെ ഉല്പാദനപ്രവർത്തനങ്ങൾ പാടെ ഉടച്ചുവാർക്കപ്പെടും. നിർമിതബുദ്ധിയിലധിഷ്ഠിതമായ സോഫ്ട്‍വെയർ ടൂളുകളുടെ അനുബന്ധം മാത്രമായി തൊഴിലാളികൾ മാറും . ഇപ്പോൾ തന്നെ സോഫ്ട്‍വെയർ മേഖലയിൽ പ്രോഗ്രാമിങ് ജോലി ചെയ്യുന്നവർ അവർ കോഡെഴുതുന്ന പ്രക്രിയയിൽ ഏതാണ്ട് 50 ശതമാനമെങ്കിലും എ ഐ ടൂളുകൾ ഉപയോഗപ്പെടുത്തിയാണ് ചെയ്യുന്നത് . മുൻപ് 10 പേർ വേണ്ട സ്ഥാനത്ത് ഇന്ന് 2 പേർ മതി എന്നതിലേക്ക് ഇത് സ്വാഭാവികമായും കാര്യങ്ങളെ എത്തിക്കുന്നു. വലിയ തൊഴിൽനഷ്ടത്തിലേക്ക് ഇത് വഴി തെളിക്കും എന്നതിൽ തർക്കമില്ല. പുതിയ കമ്പോളങ്ങൾ കണ്ടെത്തിയില്ലെങ്കിൽ , നഷ്ടപ്പെടുന്ന തൊഴിലുകൾക്ക് പകരമായി പുതിയവ സൃഷ്ടിക്കപ്പെടുമെന്നും തൊഴിൽനഷ്ടപ്പെട്ടവർക്ക് അവിടേക്ക് ചേക്കാറാമെന്നുമുള്ള വാദം കേവലം വാദമായി മാത്രം നിലനിൽക്കുന്ന ഒന്നാണ്. കുടിയേറാൻ പുതിയ ഭൂപ്രദേശങ്ങളോ കീഴടക്കാൻ പറ്റിയ രാജ്യങ്ങളോ ഇന്ന് മൂലധനത്തിന് മുന്നിലില്ലതാനും. ജനറേറ്റീവ് എഐയുടെയും വലിയ ഭാഷാ മോഡലുകളുടെയും മുന്നേറ്റത്തോടെ, ഭരണപരവും ക്ലറിക്കലുമായ ചില പ്രൊഫഷണൽ ജോലികൾ പോലും കൂടുതൽ അപകടത്തിലായിക്കഴിഞ്ഞിരിക്കുന്നു. ഡാറ്റാ സയൻസ് പോലുള്ള മേഖലകളിൽ പുതിയ തൊഴിലവസരങ്ങൾ കുറെയേറെ സൃഷ്ടിക്കപ്പെടുന്നുണ്ടെങ്കിലും വൈദഗ്ധ്യ ധ്രുവീകരണത്തെക്കുറിച്ചുള്ള ആശങ്കകൾ വർദ്ധിച്ചുവരികയാണ്. ഉയർന്ന വൈദഗ്ധ്യമുള്ള സാങ്കേതികവും വിശകലനപരവുമായ കഴിവുകൾക്കുള്ള ആവശ്യം വർദ്ധിച്ചുകൊണ്ടിരിക്കുമ്പോൾ, കുറഞ്ഞ വൈദഗ്ധ്യമുള്ള ജോലികൾക്ക് പ്രാധാന്യം കുറയുന്നു. ഇത് എഐയുമായി ബന്ധപ്പെട്ട കഴിവുകളിൽ വിദ്യാഭ്യാസവും പരിശീലനവും നേടിയവർക്കും അല്ലാത്തവർക്കുമിടയിൽ വലിയ വിടവ് സൃഷ്ടിക്കുകയും, നിലവിലുള്ള വരുമാന അസമത്വങ്ങളെ കൂടുതൽ രൂക്ഷമാക്കുകയും ചെയ്യുന്നു.

നൂതന എഐ സാങ്കേതികവിദ്യകളുടെ വികസനവും വിന്യാസവും പ്രധാനമായും ഏതാനും ആഗോള ടെക് ഭീമന്മാരുടെ നിയന്ത്രണത്തിലാണ്. ഗൂഗിൾ ,മൈക്രോസോഫ്റ്റ്, ആപ്പിൾ, ഐ ബി എം തുടങ്ങിയ രാജ്യാന്തര കുത്തകകളോ ഒളിഗോപൊളികളോ ആയി പ്രവർത്തിക്കുന്ന ഈ കോർപ്പറേഷനുകൾക്ക് വലിയ അളവിൽ ഡാറ്റയും, മൂലധനവും ഉയർന്ന മനുഷ്യ വിഭവ ശേഷികളും ശേഖരിക്കാൻ കഴിയും. ലോകത്തെവിടെയുമുള്ള ഏറ്റവും മികച്ച തൊഴിലാളികൾ, ഏറ്റവും ബുദ്ധിപരമായും സർഗാത്മകമായും കാര്യങ്ങൾ ചെയ്യാൻ പ്രാപ്തിയുള്ളവർ ഈ സ്ഥാപനങ്ങളിൽ ചേക്കേറാൻ ക്യൂ നിൽക്കുന്ന കാഴ്ച നാം കണ്ടുവരികയാണ് . ഒരു രീതിയിലും ചോദ്യംചെയ്യപ്പെടാനാകാത്ത, ലോകത്തിന്റെയാകെ ആകർഷണകേന്ദ്രമായി ഈ കോർപ്പറേറ്റ് സ്ഥാപനങ്ങൾ മാറിത്തീർന്നിരിക്കുന്നു . ഈ കോർപ്പറേറ്റ് ലോകത്ത് എത്തിപ്പെടുക എന്നതായി എല്ലാവരുടെയും സ്വപ്-നങ്ങൾ മാറുന്നു . സാങ്കേതിക മേഖലയിലെ ഈ വിജയികൾ ഏറ്റവും കരുത്തുറ്റ രാഷ്ട്രങ്ങളെപ്പോലും വെല്ലുവിളിച്ചുകൊണ്ട് ലോകത്തെ തങ്ങളുടെ ചവിട്ടടിയിലാക്കിമാറ്റുന്ന കാഴ്ചയും എവിടെയും കാണാം. എഐയിൽ നിന്നുള്ള സാമ്പത്തിക നേട്ടങ്ങൾ മൂലധനത്തിന്റെയും ബൗദ്ധിക സ്വത്തിന്റെയും ഉടമകൾക്കും, ഉയർന്ന വൈദഗ്ധ്യമുള്ള എഐ പ്രൊഫഷണലുകളുടെ ഒരു ചെറിയ വിഭാഗത്തിനും മാത്രമായി ചുരുങ്ങുന്നു. സാമ്പത്തിക അസമത്വത്തെ ഇത് കൂടുതൽ മൂർച്ഛിപ്പിക്കുന്നു. പൊതുസേവനങ്ങൾ, ആരോഗ്യം, വിദ്യാഭ്യാസം എന്നീ രംഗങ്ങളിൽ വലിയ ഗുണപരമായ മുന്നേറ്റങ്ങൾ സൃഷ്ടിക്കാൻ എ ഐ സാങ്കേതികവിദ്യകൾക്ക് സാധ്യമാണെങ്കിലും നിലവിലെ ഗതി സൂചിപ്പിക്കുന്നത് ബോധപൂർവമായ, നയപരവുമായ ഇടപെടലുകൾ സാധ്യമായില്ലെങ്കിൽ സമൂഹത്തിലെ വളരെ ചെറിയ ഒരു വിഭാഗത്തിനിടയിൽ മാത്രമായി ഈ നേട്ടങ്ങൾ പരിമിതപ്പെടുമെന്നാണ്.

രാഷ്ട്രീയമായ പ്രത്യാഘാതങ്ങൾ: അധികാരം, 
ഭരണം, ഭൗമരാഷ്ട്രീയം
സാമ്പത്തിക മേഖലയിൽ മാത്രമല്ല രാഷ്ട്രീയ ഭൂമികയിലും എ ഐ വലിയ ചലനങ്ങൾ സൃഷ്ടിക്കുന്നു. രാഷ്ട്രീയ ഭൂമികയെ ആഴത്തിൽ പുനർരൂപകൽപ്പന ചെയ്യുകയും, അധികാര കേന്ദ്രീകരണത്തിന് വഴിയൊരുക്കുകയും, പരമ്പരാഗത ഭരണസംവിധാനങ്ങളെ ഉടച്ചുവാർക്കുകയും ചെയ്യാൻ എ ഐ സാങ്കേതിക വിദ്യകൾക്ക് കഴിയും. പുതിയ സ്വഭാവത്തിലുള്ള ആഗോള അധികാര ബന്ധങ്ങൾക്ക് ഇത് വഴിയൊരുക്കും.

അധികാരത്തിന്റെ കേന്ദ്രീകരണം രണ്ട് പ്രധാന വഴികളിൽ പ്രകടമാണ്. ഒന്നാമതായി, നിർമിത ബുദ്ധിയാൽ ശക്തിപ്പെടുന്ന ടെക് കുത്തകകളുടെ അപാരമായ സ്വാധീനം , വിപണി ആധിപത്യത്തിനപ്പുറം രാഷ്ട്രീയ മേഖലയിലേക്കും വ്യാപിക്കുന്നു. താനൊരു ബട്ടണമർത്തിയാൽ ഉക്രെയ്-ൻ എന്ന രാഷ്ട്രം ഒരു നിമിഷംകൊണ്ട് ഇല്ലാതാകുമെന്ന് സ്റ്റാർലിങ്ക്സ് ഉടമ എലോൺ മസ്‌ക് നടത്തിയ പ്രസ്താവനയെ വെറുമൊരു ജല്പനം മാത്രമായി കരുതേണ്ടതില്ല. ഈ കമ്പനികൾക്ക് ഐ ടി പ്ലാറ്റ്‌ഫോമുകളിലും അൽഗോരിതങ്ങളിലും ഉള്ള നിയന്ത്രണത്തിലൂടെ വിവരശേഖരണത്തിലും വിനിയോഗത്തിലും ഇടപെടാൻ കഴിയും.അതുവഴി പൊതുചർച്ചകളിലും, ജനാധിപത്യ പ്രക്രിയകളിൽ പോലും കാര്യമായ സ്വാധീനം ചെലുത്താനാവും. രണ്ടാമതായി, പൗര സമൂഹത്തിൻമേലുള്ള ഭരണകൂടത്തിന്റെ നിയന്ത്രണം എ ഐ സാങ്കേതികവിദ്യകൾ വൻതോതിൽ വർദ്ധിപ്പിക്കുന്നു. അത്യാധുനിക സർവെയ്ലൻസിനും ഏറ്റവും സൂക്ഷ്മമായ ഇടപെടൽ സാധ്യമായ പൊലീസിങ്ങിനും എഐയെ സർക്കാരുകൾക്ക് ഉപയോഗിക്കാം. ഇത് പൗരാവകാശങ്ങൾ, സ്വകാര്യത, സ്വേച്ഛാധിപത്യ നിയന്ത്രണത്തിനുള്ള സാധ്യത എന്നിവയെ സംബന്ധിച്ച് ഗുരുതരമായ ആശങ്കകൾ ഉയർത്തുന്നു. വലിയ ഡാറ്റാസെറ്റുകൾ വിശകലനം ചെയ്യാനും പെരുമാറ്റം പ്രവചിക്കാനുമുള്ള കഴിവ് ഭരണകൂടത്തിന്റെ നടത്തിപ്പുകാർക്ക് അഭൂതപൂർവമായ അധികാരം നൽകുന്നു.

എഐ ഉയർത്തുന്ന ഭരണപരമായ വെല്ലുവിളികൾ വളരെ വലുതും അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്നതുമാണ്. എഐയുടെ അതിവേഗത്തിലുള്ള വ്യാപനം നയരൂപകർത്താക്കൾക്ക് ഫലപ്രദമായ നിയന്ത്രണ ചട്ടക്കൂടുകൾ രൂപീകരിക്കാനുള്ള കഴിവിനെ പലപ്പോഴും മറികടക്കുന്നു. പല എഐ സിസ്റ്റങ്ങളുടെയും അന്തർലീനമായ സങ്കീർണതയും “ബ്ലാക്ക് ബോക്സ്’ സ്വഭാവവും അവ എങ്ങനെ തീരുമാനങ്ങളെടുക്കുന്നു എന്ന് മനസ്സിലാക്കുന്നത് ദുഷ്കരമാക്കുന്നു. ഇത് ഉത്തരവാദിത്തത്തിനും സുതാര്യതയ്ക്കും കാര്യമായ വെല്ലുവിളികൾ ഉയർത്തുന്നു. കൂടാതെ, നയരൂപകർത്താക്കൾക്കിടയിൽ സാങ്കേതിക വൈദഗ്ധ്യത്തിന്റെ വ്യാപകമായ അഭാവം ഫലപ്രദമായ ഭരണതന്ത്രങ്ങൾ വികസിപ്പിക്കുന്നതിന് തടസ്സമാക്കുന്നുണ്ട് എന്നത് വളരെ പ്രായോഗികമായി ഇന്ന് എവിടെയും നടക്കുന്ന ഒരു കാര്യമാണ് . ഈ വിടവിലൂടെ കയറി ഇടംപിടിക്കുന്ന ടെക്നോക്രാറ്റുകളുടെ സാമൂഹിക കാഴ്ചപ്പാടുകളിലെ വൈകല്യം ഗുരുതരമായ പ്രശ്നങ്ങൾക്കും പരിമിതമായ വിഭവങ്ങളുടെ ദുരുപയോഗത്തിനും ഇടയാക്കുകയും ചെയ്യുന്നു. എഐ അധിഷ്ഠിതമായ തീരുമാനങ്ങൾക്കുള്ള ഉത്തരവാദിത്തം, ഇതുവഴി സംഭവിക്കാവുന്ന പിഴവുകൾക്കുമേലുള്ള ബാധ്യത, വ്യക്തമായ ധാർമിക മാർഗനിർദ്ദേശങ്ങൾ ഉറപ്പാക്കൽ എന്നിവ അടിയന്തിര ശ്രദ്ധ ആവശ്യമുള്ള നിർണായക വിഷയങ്ങളാണ്.

ഭൗമരാഷ്ട്രീയ രംഗത്ത്, ആഗോള ആധിപത്യത്തിനായുള്ള മത്സരത്തിൽ എഐ ഇന്നൊരു നിർണായക ആസ്തിയായി മാറിയിരിക്കുന്നു. എഐ മേധാവിത്വത്തിനായുള്ള മത്സരം അന്താരാഷ്ട്ര ബന്ധങ്ങളെയും സൈനിക ശക്തിയെയും പുനർനിർവചിക്കുന്നു. അമേരിക്കയും ചൈനയും തമ്മിൽ ഇതു സംബന്ധിച്ച് സമീപകാലത്ത് നടന്ന കൊടുക്കൽവാങ്ങലുകൾ ശ്രദ്ധേയമാണ്. തങ്ങൾ ഏതാണ്ട് ഉറപ്പാക്കിയിരുന്ന ഡിജിറ്റൽ സാങ്കേതികവിദ്യകളുടെ ആധിപത്യത്തിൽ ഉണ്ടാകാനിടയുള്ള തകർച്ചയാണ് ഒരുപക്ഷേ നിയോ ലിബറൽ മൂല്യങ്ങളുടെ അടിസ്ഥാന നിരാകരണത്തിലേക്ക്, ചുങ്കത്തിന്റെ കാര്യത്തിൽ വിശേഷിച്ച് ,അമേരിക്ക കൈക്കൊണ്ട തീരുമാനങ്ങൾക്കു പിന്നിൽ പ്രവർത്തിച്ചിരിക്കുക. സ്വയംഭരണമുള്ള ആയുധ സംവിധാനങ്ങൾ, നൂതന നിരീക്ഷണം, വിവര യുദ്ധം എന്നിവയുൾപ്പെടെയുള്ള പ്രതിരോധ മേഖലയിലെ എഐ-യുടെ പ്രയോഗങ്ങൾ സംഘർഷത്തിന്റെയും രഹസ്യാന്വേഷണ ശേഖരണത്തിന്റെയും സ്വഭാവത്തെത്തന്നെ മാറ്റിമറിക്കുന്നു. എഐ വികസനത്തിൽ മുന്നിട്ടു നിൽക്കുന്ന രാജ്യങ്ങൾക്ക് കാര്യമായ തന്ത്രപരമായ നേട്ടം ലഭിക്കുന്നു, ഇത് പുതിയ രീതികളിലുള്ള ആയുധ മത്സരത്തിലേക്ക് ലോകത്തെ നയിച്ചേക്കാം. എ ഐ സാങ്കേതികവിദ്യകളിലുള്ള ആധിപത്യം സ്വാഭാവികമായും ഇന്നത്തെ ഡിജിറ്റൽ സമ്പദ്ഘടനയിൽ സാമ്പത്തിക ആധിപത്യത്തിലേക്ക് നയിക്കും. ഇത് രാജ്യങ്ങൾക്കിടയിലുള്ള ഡിജിറ്റൽ വിടവ് കൂടുതൽ വർദ്ധിപ്പിക്കും. സാമ്പത്തികാന്തരത്തെ കൂടുതൽ മൂർച്ചിപ്പിക്കും. വികസ്വര രാജ്യങ്ങളെ അപേക്ഷിച്ച്, എഐ ഗവേഷണത്തിലും അടിസ്ഥാന സൗകര്യങ്ങളിലും വലിയ തോതിൽ നിക്ഷേപം നടത്താൻ വികസിത രാജ്യങ്ങൾക്ക് വിഭവങ്ങളുണ്ട്, വികസ്വര രാജ്യങ്ങൾക്ക് പിന്നോട്ടു പോകാനുള്ള സാധ്യതകൾ ഇത് വർധിപ്പിക്കുന്നു , ആഗോള അസമത്വങ്ങളെ കൂടുതൽ ഊട്ടിയുറപ്പിക്കുന്നു.

സാമൂഹിക മാനങ്ങളും ധാർമികമായ പ്രതിസന്ധികളും
AI-യുടെ അർത്ഥശാസ്ത്രം സാമൂഹികവും ധാർമികവുമായ പ്രത്യാഘാതങ്ങളുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. ഇത് സൃഷ്ടിക്കുന്ന പക്ഷപാതവും വിവേചനവുമാണ് ഏറ്റവും നിർണായകമായ ആശങ്കകളിലൊന്ന്. വലിയ തോതിലുള്ള ഡാറ്റ സെറ്റുകൾ എ ഐ മാതൃകകൾ സൃഷ്ടിക്കുന്നതിന് ആവശ്യമാണ് , ഈ ഡാറ്റ ഇപ്പോൾ നിലനിൽക്കുന്ന ചരിത്രപരമായുള്ള വംശീയവും ലിംഗപരവുമായ സാമൂഹിക പക്ഷപാതങ്ങളെ പ്രതിഫലിപ്പിക്കുന്നതിലേക്ക് സ്വാഭാവികമായും നയിക്കുന്നു . ഇത് തൊഴിൽ നിയമനം, വായ്പ അപേക്ഷകൾ, ക്രിമിനൽ നീതി തുടങ്ങിയ മേഖലകളിൽ വിവേചനപരമായ ഫലങ്ങൾ സൃഷ്ടിക്കുന്നതിന് ഇടയാക്കും. എഐയിൽ നീതിയും വിവേചനമില്ലായ്മയും ഉറപ്പാക്കുക എന്നത് പരമപ്രധാനമായ ധാർമിക വെല്ലുവിളിയാണ്.

സ്വകാര്യതയും ഡാറ്റാ സംരക്ഷണവും നിർമിത ബുദ്ധി ഉയർത്തുന്ന സുപ്രധാന പ്രശ്നങ്ങളാണ്. വ്യക്തിഗത ഡാറ്റയുടെ ശേഖരണത്തെയും വിശകലനത്തെയും വളരെയധികം ആശ്രയിച്ചിരിക്കുന്നു. എഐയു ടെ ഫലപ്രാപ്തി . ഇത് ഡാറ്റാ ഉടമസ്ഥാവകാശം, സമ്മതം, നിരീക്ഷണ മുതലാളിത്തത്തിനുള്ള സാധ്യത എന്നിവയെ സംബന്ധിച്ച അടിസ്ഥാനപരമായ ചോദ്യങ്ങൾ ഉയർത്തുന്നു. വ്യക്തിഗത ഡാറ്റയുടെ കച്ചവടവൽക്കരണം സംബന്ധിച്ച പ്രശ്നത്തിലേക്കാണ് ഇത് വിരൽ ചൂണ്ടുന്നത് . വ്യക്തിഗതമായ സ്വകാര്യത സംരക്ഷിക്കുന്നതിന് ശക്തമായ നിയന്ത്രണ ചട്ടക്കൂടുകളും ശക്തമായ ഡാറ്റാ ഭരണവും ആവശ്യമാണ്.

മനുഷ്യന്റെ കർത്തൃത്വത്തിലും സ്വാതന്ത്ര്യത്തിലും എ ഐ ചെലുത്താനിടയുള്ള സ്വാധീനം ഒരു സുപ്രധാന പ്രശ്‌നമാണ് . എഐ സിസ്റ്റങ്ങൾ കൂടുതൽ സങ്കീർണമാവുകയും തീരുമാനമെടുക്കൽ പ്രക്രിയകളിൽ കൂടുതൽ സംയോജിപ്പിക്കപ്പെടുകയും ചെയ്യുമ്പോൾ, മനുഷ്യരായ തൊഴിലാളികളുടെ (റോബോട്ടുകളുടെ ഇക്കാലത്ത് അങ്ങനെ തന്നെ പറയേണ്ടി വരും) വൈദഗ്-ധ്യം കുറയുന്നതിനും വ്യക്തിഗത സ്വാതന്ത്ര്യം ഇല്ലാതാകുന്നതിനും ഏറെ സാധ്യതയുണ്ട്. ഇത് തീർച്ചയായും പുതിയ പ്രശ്‌നമല്ല . ഉല്പാദനമേഖലയിൽ നിന്നുമുള്ള തൊഴിലാളിയുടെ അന്യവൽക്കരണം ഒന്നര നൂറ്റാണ്ടുമുൻപ് മാർക്സ് ചൂണ്ടിക്കാണിച്ചതാണ് . ആധുനിക മുതലാളിത്തത്തിന്റെ സൃഷ്ടിയാണത് . ജോലികൾ കൂടുതൽ കൂടുതൽ ഓട്ടോമേറ്റ് ചെയ്യപ്പെടുമ്പോൾ മനുഷ്യന്റെ ജോലിയുടെ സ്വഭാവത്തെക്കുറിച്ചും, മനുഷ്യന്റെ വിധിനിർണയത്തിനും സർഗാത്മകതയ്ക്കും എത്രത്തോളം മൂല്യം കുറയാം എന്നതിനെക്കുറിച്ചും ചോദ്യങ്ങൾ ഉയരുന്നു. മനുഷ്യന്റെ കഴിവുകളെ വർദ്ധിപ്പിക്കുകയും, മനുഷ്യന്റെ അഭിവൃദ്ധിക്ക് ഉത്തേജനം നൽകുകയും, മനുഷ്യന്റെ അന്തസ്സിനെ മാനിക്കുകയും ചെയ്യുന്ന എഐ വികസിപ്പിച്ചെടുക്കുക എന്നതാണ് ഏറ്റവും സുപ്രധാനമായ കാര്യം. ഇതിന് എഐ രൂപകൽപ്പനയിലും വിന്യാസത്തിലും മനുഷ്യ കേന്ദ്രീകൃതമായൊരു സമീപനം ആവശ്യമാണ്.

എ ഐ യുഗത്തെ എങ്ങനെ നേരിടണം
നിർമിത ബുദ്ധിയുടെ അർത്ഥശാസ്ത്രം അവസരങ്ങളുടെയും വെല്ലുവിളികളുടെയും സങ്കീർണമായ ഒരു ചിത്രമാണ് അവതരിപ്പിക്കുന്നത്. ഉൽപ്പാദനക്ഷമത വർദ്ധിപ്പിക്കുന്നതിനും, ശാസ്ത്രീയ കണ്ടുപിടിത്തങ്ങൾ മുന്നോട്ടു കൊണ്ടുപോകുന്നതിനും, മനുഷ്യന്റെ ക്ഷേമം മെച്ചപ്പെടുത്തുന്നതിനും എഐ-ക്ക് വലിയ സാധ്യതകളുണ്ടെങ്കിലും, നിലവിൽ യാതൊരു നിയന്ത്രണങ്ങളുമില്ലാത്ത മുതലാളിത്ത ചട്ടക്കൂടിനുള്ളിലെ അതിന്റെ ഗതി നിലവിലുള്ള അസമത്വങ്ങളെ വർദ്ധിപ്പിക്കാനും, അധികാരം ഏതാനും ചിലരുടെ കൈകളിൽ കൂടുതൽ കേന്ദ്രീകരിക്കാനും, ജനാധിപത്യ മൂല്യങ്ങളെ ദുർബലപ്പെടുത്താനും വഴിതെളിക്കുന്നതാണ്. കാര്യക്ഷമതയ്ക്കും ലാഭത്തിനുമുള്ള ത്വരയെ നിയന്ത്രിച്ച് സാമൂഹിക നീതിയും ധാർമ്മികമായ പരിഗണനകളുമായി അവയെ സന്തുലിതമാക്കണം.

ഒരു മുതലാളിത്ത ചട്ടക്കൂടിനുള്ളിൽ നിന്നുകൊണ്ട് ചിന്തിക്കുകയാണെങ്കിൽ ,ഈ പരിവർത്തനാന്മകമായ യുഗത്തെ നയിക്കുന്നതിന് സർക്കാരുകൾ, സിവിൽ സമൂഹം, സ്വകാര്യമേഖല എന്നിവയുടെ ഏകോപിത ശ്രമം അനിവാര്യമാണ്. തൊഴിൽ നഷ്ടം പരിഹരിക്കുന്നതിനും, സമ്പത്തിന്റെ നീതിയുക്തമായ വിതരണം ഉറപ്പാക്കുന്നതിനും, അൽഗോരിതമിക് പക്ഷപാതം ലഘൂകരിക്കുന്നതിനും സജീവമായ നയങ്ങളും നിയന്ത്രണങ്ങളും അത്യാവശ്യമാണ്. എഐ സിസ്റ്റങ്ങളിൽ സുതാര്യതയും ഉത്തരവാദിത്തവും സുരക്ഷയും ഉറപ്പാക്കാൻ ശക്തമായ ഭരണ ചട്ടക്കൂടുകൾ ആവശ്യമാണ്. കൂടാതെ, എഐയുടെ ഭൗമരാഷ്ട്രീയ പ്രത്യാഘാതങ്ങൾ കൈകാര്യം ചെയ്യാനും, ഒരു എഐ ആയുധ മത്സരം തടയാനും, ഈ സാങ്കേതികവിദ്യയുടെ പ്രയോജനങ്ങൾ ആഗോളതലത്തിൽ പങ്കിടുന്നുവെന്ന് ഉറപ്പാക്കാനും അന്താരാഷ്ട്ര സഹകരണം നിർണായകമാണ്.

എഐയുടെ ഭാവി മുൻകൂട്ടി നിശ്ചയിച്ചിട്ടുള്ളതല്ല; അത് മനുഷ്യന്റെ തിരഞ്ഞെടുപ്പുകളുടെ ഒരു ഉൽപ്പന്നമാണ്. പൊതുനന്മയ്ക്ക് മുൻഗണന നൽകിക്കൊണ്ടും സമഗ്രമായ വികസനം പ്രോത്സാഹിപ്പിച്ചുകൊണ്ടും ജനാധിപത്യ തത്ത്വങ്ങൾ ഉയർത്തിപ്പിടിച്ചുകൊണ്ടും മനുഷ്യനെ ശാക്തീകരിക്കുകയും കൂടുതൽ സമത്വവും സുസ്ഥിരവുമായ ലോകം കെട്ടിപ്പടുക്കുകയും ചെയ്യുന്ന ഒരു ഭാവിയെ ലക്ഷ്യമിട്ട് നമുക്ക് നിർമിതബുദ്ധിയുടെ ഗതിവിഗതികളെ നയിക്കാൻ കഴിയും. ഏത് സാമൂഹിക ചട്ടക്കൂടിനുള്ളിലാണ് ഇത് സുഗമമായി സാധ്യമാകുക എന്നതാണ് സുപ്രധാന ചോദ്യം. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

2 × three =

Most Popular