കുടിയൊഴിപ്പിക്കൽ അവസാനിപ്പിക്കുന്നതിനും മിച്ച ഭൂമി കണ്ടെത്തുന്നതിനും ഭൂരഹിതരായ കർഷകത്തൊഴിലാളികൾക്ക് ഭൂമി ഏറ്റെടുത്ത് വിതരണം ചെയ്യുന്നതിനുമുള്ള വകുപ്പുകൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള കാർഷികബന്ധ ബിൽ 1957ലെ ഇ എം എസ് സർക്കാർ കൊണ്ടുവന്നെങ്കിലും അത് നടപ്പാക്കുന്നതിനുമുമ്പേ സർക്കാരിനെ പിരിച്ചുവിട്ടു. 1967ൽ വീണ്ടും അധികാരത്തിലേറിയ ഇ എം എസ് സർക്കാർ ജന്മിത്തം അവസാനിപ്പിക്കുന്നതിനായി കൊണ്ടുവന്ന ഭൂപരിഷ്കരണ നിയമവും സർക്കാരിനെ അട്ടിമറിച്ചതുമൂലം നടപ്പാക്കാനായില്ല. പാർലമെന്ററി സംവിധാനത്തിലൂടെ ഈ നിയമങ്ങൾ നടപ്പാക്കാൻ കഴിയില്ല എന്നു വന്നപ്പോൾ അതിനുപുറത്ത് നൂതന സമര മാർഗങ്ങളിലൂടെ നടപ്പാക്കാനുള്ള ശ്രമങ്ങൾക്ക് കർഷകത്തൊഴിലാളി യൂണിയൻ (കെഎസ്-കെടിയു) രൂപം നൽകി. അന്ന് വി എസ്സായിരുന്നു കെഎസ്-കെടിയു പ്രസിഡന്റ്. പി കെ കുഞ്ഞച്ചൻ സെക്രട്ടറിയും. എ കെ ജിയും വി എസുമുൾപ്പെടെയുള്ള നേതാക്കളായിരുന്നു ഐതിഹാസികമായ ഈ സമരത്തിന് നേതൃത്വം നൽകിയത്. മിച്ചഭൂമി കെെവശപ്പെടുത്തൽ, പത്തുസെന്റ് വളച്ചുകെട്ടൽ തുടങ്ങി, നാട്ടിൻപുറത്തെ പാവപ്പെട്ട കർഷകത്തൊഴിലാളികളെയും കിടപ്പാടമില്ലാത്തവരെയും സംഘടിപ്പിച്ച് പാർട്ടിയും കർഷകത്തൊഴിലാളിയൂണിയനും നേതൃത്വം നൽകിയ മണ്ണിനുവേണ്ടിയുള്ള സമരം കടുത്ത അടിച്ചമർത്തലുകൾ നേരിട്ടാണ് മുന്നോട്ടുപോയത്.
1969 ഡിസംബർ 14ന് നടന്ന വമ്പിച്ച കർഷക – കർഷകത്തൊഴിലാളി റാലിയോടെയായിരുന്നു തുടക്കം. ആലപ്പുഴയിലെ അറവുകാട് മെെതാനം. 5 ലക്ഷം വോളണ്ടിയർമാരാണ് അവിടെ ജാഥയായി എത്തിയത്. ആ മഹാസമ്മേളനത്തിൽ എ കെ ജി നയപ്രഖ്യാപനരേഖ അവതരിപ്പിച്ചു. ‘‘കേരള സർക്കാർ പാസാക്കിയ ഭൂപരിഷ്കരണ ബില്ലിന് രാഷ്ട്രപതി അംഗീകാരം നൽകിയാലും ഇല്ലെങ്കിലും ബില്ല് നിയമമായി പ്രഖ്യാപിച്ച് നടപ്പിൽ വരുത്തും’’ എന്ന എ കെ ജിയുടെ പ്രഖ്യാപനം സമരാവേശമുണർത്തി.
ബില്ലിന് കേന്ദ്ര ഗവൺമെന്റിന്റെ അംഗീകാരം ലഭിച്ചെങ്കിലും കേരളത്തിൽ സർക്കാർ അത് നടപ്പിലാക്കുമെന്ന് പ്രഖ്യാപിച്ചതല്ലാതെ അതിനുള്ള ഒരു നീക്കവും കണ്ടില്ല. യഥാർഥത്തിൽ, ഇ എം എസ് സർക്കാരിനെ താഴെയിറക്കി അധികാരത്തിൽ വന്ന കുറുമുന്നണി സർക്കാർ ജന്മിമാരുടെ പക്ഷത്തായിരുന്നു. നിയമം നടപ്പിലാക്കുന്നതിൽ കാലതാമസം വരുത്തുന്നു എന്നു കണ്ടപ്പോൾ സമരം കൂടുതൽ കടുപ്പിച്ചു. തുടർന്ന് പത്ത് സെന്റ് വളച്ചുകെട്ടി സമരം, മിച്ചഭൂമി സമരം തുടങ്ങി സമരത്തിന്റെ രൂപവും ഭാവവും മാറി.
കുടികിടപ്പിനും കിടപ്പാടത്തിനു ചുറ്റുമുള്ള 10 സെന്റു ഭൂമിക്കുമായുള്ള ഐതിഹാസിക സമരത്തിന് കർഷകത്തൊഴിലാളി യൂണിയൻ നേതൃത്വം നൽകി. ഈ സമരത്തിൽ മുപ്പത്തിരണ്ടു പേരാണ് രക്തസാക്ഷികളായത്. നിരവധി പേർ അറസ്റ്റു ചെയ്യപ്പെട്ട് ജയിലിലായി.
ഇതോടൊപ്പം കെഎസ്-കെടിയുവിന്റെ നേതൃത്വത്തിൽ മിച്ചഭൂമി സമരവും ആരംഭിച്ചു. വളന്റിയർമാർ താൽകാലികമായി മിച്ചഭൂമിയിൽ കയറി കൊടികുത്തുക എന്നതായിരുന്നു സമരരീതി. 1972 മെയ് 25ന് ആരംഭിച്ച മിച്ചഭൂമി സമരം 83 ദിവസം നീണ്ടുനിന്നു. കുട്ടനാട്ടിൽ സമരം നയിച്ചത് വി എസ് അച്യുതാനന്ദനും പി കെ കുഞ്ഞച്ചനും ടി കെ രാമകൃഷ്ണനുമായിരുന്നു. വി എസ് സമരമുഖത്ത് നേരിട്ടുതന്നെ നിറഞ്ഞുനിന്നു. ജോസഫ് മുരിക്കന്റെ 3500 ഓളം ഏക്കർ കായൽ നിലം മിച്ചഭൂമിയായിരുന്നു. കായൽച്ചിറയിൽ പന്തൽകെട്ടി സമരത്തിൽ മുഴുവൻ സമയവും വി എസ് അവിടെത്തന്നെ കഴിഞ്ഞു. വ്യാപകമായ അറസ്റ്റും ജയിൽശിക്ഷയും സമരസഖാക്കൾക്ക് നേരിടേണ്ടിവന്നു. ചുരുളി, കീരിത്തോട്, ഞാറക്കാട്ട് തുടങ്ങിയ സ്ഥലങ്ങളിൽ സമരക്കാർക്കുനേരെ ഭീകരമായ പൊലീസ് വേട്ടയാണ് നടന്നത്. ജന്മിമാരുടെ ഗുണ്ടകളും ആക്രമണമഴിച്ചുവിട്ടു. ഭൂമിയില്ലാത്തവർക്ക് വിതരണം ചെയ്യാൻ മിച്ചഭൂമിയില്ലെന്ന സർക്കാരിന്റെ അവകാശവാദം പൊള്ളയാണെന്നും തുറന്നുകാട്ടിക്കൊണ്ട്, 1,75,000 ഏക്കർ ഭൂമി, മിച്ചഭൂമി സമരത്തിലൂടെ സർക്കാരിനു ചൂണ്ടിക്കാട്ടിക്കൊടുത്തു. ഇത്രയുമായിട്ടും അച്യുതമേനോൻ സർക്കാർ മിച്ചഭൂമി പിടിച്ചെടുത്ത് വിതരണം ചെയ്യുമെന്നു പറയുന്നതല്ലാതെ അതിനുള്ള ഒരു നടപടിയും കെെക്കൊണ്ടില്ല. യഥാർഥത്തിൽ ജന്മിമാർക്കുവേണ്ടി വിടുപണി ചെയ്യുകയായിരുന്നു സർക്കാർ. മിച്ചഭൂമി വിതരണം ചെയ്യുക, കർഷകത്തൊഴിലാളി സംരക്ഷണനിയമം പാസാക്കുക തുടങ്ങിയ മുദ്രാവാക്യങ്ങളുയർത്തി കർഷകത്തൊഴിലാളി യൂണിയന്റെ നേതൃത്വത്തിൽ സംസ്ഥാനത്തൊട്ടാകെ 1972 മാർച്ച് 1ന് സത്യാഗ്രഹം നടത്തി. സമരം കൂടുതൽ ശക്തമായി. എ കെ ജിയുടെ നേതൃത്വത്തിൽ കർഷകസംഘത്തിന്റെയും വി എസിന്റെ നേതൃത്വത്തിൽ കർഷകത്തൊഴിലാളി യൂണിയന്റെയും സംയുക്താഭിമുഖ്യത്തിൽ എറണാകുളത്ത് ഒരു അവകാശ പ്രഖ്യാപന സമ്മേളനം കൂടാൻ തീരുമാനിച്ചു. 3000 ത്തോളം പ്രതിനിധികൾ സമ്മേളനത്തിൽ പങ്കാളികളായി. മിച്ചഭൂമി കണ്ടെത്തി സർക്കാരിനെ കൊണ്ട് വിതരണം ചെയ്യിക്കാനായി സമരവളണ്ടിയർമാർ മിച്ചഭൂമിയിൽ പ്രവേശിക്കുമെന്ന് സമ്മേളനം പ്രഖ്യാപിച്ചു. എല്ലാ ജില്ലയിലെയും മിച്ചഭൂമിയിൽ വളണ്ടിയർമാർ പ്രവേശിച്ചു. അങ്ങനെ 13,000 ത്തിലധികം ഏക്കർ ഭൂമി കണ്ടെത്തി. അതേസമയം എ കെ ജിയും അഴീക്കോടൻ രാഘവനും മറ്റ് സമരസഖാക്കൾക്കൊപ്പം മുടവൻമുകൾ മിച്ചഭൂമിയിൽ പ്രവേശിച്ചത് കൂടുതൽ ആവേശംപകർന്നു. മിച്ചഭൂമി സമരം കേരളമൊട്ടാകെ ആളിപ്പടർന്നു. നിരവധിപേർ അറസ്റ്റു ചെയ്യപ്പെട്ടു. സമരം 6–ാം ഘട്ടത്തിലേക്കു കടന്നപ്പോഴാണ് അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടത്. അതിനുശേഷം കർഷകത്തൊഴിലാളി യൂണിയന്റെ നേതൃത്വത്തിൽ 7–ാം ഘട്ട സമരവും നടന്നു. ഒടുവിൽ സർക്കാർ ചർച്ചയ്ക്ക് തയ്യാറായി. സമരം തൽക്കാലത്തേക്ക് നിർത്തിവെച്ചു. സർക്കാർ അന്ന് അംഗീകരിച്ച കാര്യങ്ങളിൽ പലതും നടപ്പിലാക്കിയില്ല. 1979ൽ ഇഷ്ടദാനനയം പാസാക്കിക്കൊണ്ട് ഭൂപരിഷ്കരണത്തിൽ വെള്ളം ചേർക്കാൻ ശ്രമിച്ചതിനെതിരെ കർഷകത്തൊഴിലാളി യൂണിയൻ ശക്തമായി ചെറുത്തു. പിന്നീട് നായനാർ സർക്കാർ അധികാരത്തിൽ വന്നപ്പോൾ 1980ൽ ഇഷ്ടദാന നിയമം എടുത്തുകളഞ്ഞു.
1970ൽ ആരംഭിച്ച് 1980 വരെ, ഒരു ദശകം നീണ്ടുനിന്ന മിച്ചഭൂമി സമരത്തിനു കേരളത്തിലാകെ കൊടികുത്തിവാണ ജന്മിത്വത്തെ തൂത്തെറിയാൻ കഴിഞ്ഞുവെന്നതും അത് വി എസിന്റെ സമരതീക്ഷ്ണമായ രാഷ്ട്രീയ ജീവിതത്തിന്റെ അവിസ്മരണീയമായ ഏടായിത്തീർന്നു എന്നതും ചരിത്രം. l



