കേരളത്തിന്റെ രാഷ്ട്രീയ – സാമൂഹിക മണ്ഡലങ്ങളിൽ വി എസ് നടത്തിയ സ്തുത്യർഹവും അവിസ്മരണീയവുമായ പ്രവർത്തനത്തിൽ ഒഴിവാക്കാനാവാത്ത ഒന്നാണ് പാർലമെന്ററി രംഗത്തെ അദ്ദേഹത്തിന്റെ ഇടപെടലുകൾ. കമ്യൂണിസ്റ്റുകാരെ സംബന്ധിച്ചിടത്തോളം ജനാധിപത്യ സംവിധാനത്തിൽ അധികാരത്തിലെത്തുക എന്നത് സാധാരണ ജനതയ്ക്കു ഗുണകരമായ കുറച്ചു കാര്യങ്ങളെങ്കിലും നടപ്പാക്കാനുള്ള അവസരമാണ്. ബൂർഷ്വാ രാഷ്ട്രീയപാർട്ടികൾ അധികാരത്തിലിരിക്കുന്ന കാലത്ത് അവരുടെ ജനവിരുദ്ധമായ സമീപനങ്ങൾക്കെതിരെ കമ്യൂണിസ്റ്റുകാർ തൊഴിലാളികളുടെയും കർഷകരുടെയും സ്ത്രീകളുടെയും യുവജനങ്ങളുടെയും വിദ്യാർത്ഥികളുടെയുമാകെ അവകാശങ്ങൾക്കുവേണ്ടി പോരാട്ടം നയിക്കുകയും അതേസമയം കമ്യൂണിസ്റ്റ് പാർട്ടി അധികാരത്തിലേറുമ്പോൾ സാധാരണക്കാരായ ജനങ്ങൾക്കാകെ ഗുണകരമായ നയസമീപനങ്ങൾ കൈക്കൊള്ളുകയും ചെയ്യും. തന്റെ പാർലമെന്ററി രംഗത്തെ പ്രവർത്തനത്തെ വിഎസ് കണ്ടതും ഈ നിലയിൽതന്നെയാണ്. രാഷ്ട്രീയപ്രവർത്തനം ആരംഭിച്ച് ഏതാണ്ട് കാൽ നൂറ്റാണ്ടോളം പിന്നിട്ടതിനുശേഷമാണ് വി എസ് പാർലമെന്ററി രംഗത്ത് തന്റെ സാന്നിധ്യം അറിയിക്കുന്നത്. 1965 ൽ അമ്പലപ്പുഴ മണ്ഡലത്തിൽ നിന്നായിരുന്നു ആദ്യമായി വി എസ് നിയമസഭയിലേക്ക് മത്സരിക്കുന്നത്.
പിന്നീട് വി എസ് ജനവിധി തേടുന്നത് 1967ൽ അമ്പലപ്പുഴയിൽനിന്ന് തന്നെയാണ്. അന്ന് സിപിഐഎം നേതൃത്വത്തിൽ സപ്തകക്ഷി മുന്നണിയായിരുന്നു തിരഞ്ഞെടുപ്പിനെ നേരിട്ടത്. ഈ തിരഞ്ഞെടുപ്പിൽ അമ്പലപ്പുഴ മണ്ഡലത്തിൽ നിന്ന് 9515 വോട്ടിന്റെ ഭൂരിപക്ഷത്തിന് വിഎസ് വിജയിച്ചു. തുടർന്ന് 1967 മാർച്ച് 6ന് ഇ എം എസിന്റെ നേതൃത്വത്തിലുള്ള ഗവൺമെന്റ് കേരളത്തിൽ രണ്ടാം തവണ അധികാരമേറ്റു. എന്നാൽ സപ്‌തകക്ഷി മുന്നണിയിലെ ആഭ്യന്തര ഭിന്നതകളെ തുടർന്ന് 32 മാസത്തിനുശേഷം 1969 ഒക്ടോബർ 24ന് ഈ ഗവൺമെന്റ് രാജിവച്ചു. ഈ ഗവൺമെന്റിന്റെ പതനത്തിനുശേഷം കേരളത്തിൽ കമ്യൂണിസ്റ്റ് വിരുദ്ധ സഖ്യം രൂപംകൊണ്ടു. കോൺഗ്രസിന്റെ പിന്തുണയോടെ സി അച്യുതമേനോന്റെ നേതൃത്വത്തിലുള്ള ഗവൺമെന്റ് അധികാരം ഏറ്റെടുക്കുകയും അടിയന്തരാവസ്ഥക്കാലത്തടക്കം ആ ഗവൺമെന്റ് അധികാരത്തിലിരിക്കുകയും ചെയ്തു.
ഇഎംഎസ് സർക്കാർ നിലംപതിച്ചുവെങ്കിലും വി എസിനെ സംബന്ധിച്ചിടത്തോളം നിയമസഭാ സാമാജികനായി എന്നത് എല്ലാ കമ്യൂണിസ്റ്റുകാരെയും പോലെതന്നെ സാധാരണ ജനങ്ങളുടെ ജീവിത ദുരിതങ്ങൾക്ക് അറുതിവരുത്താനുള്ള അവസരമായിരുന്നു. തന്റെ തീക്ഷ്ണ യൗവന കാലത്തുതന്നെ ആലപ്പുഴയിലെയും കുട്ടനാട്ടിലെയും മറ്റു പലയിടങ്ങളിലെയും ഏറ്റവും താഴേക്കിടയിൽ ജീവിക്കുന്ന ജനവിഭാഗങ്ങൾക്കിടയിൽ പ്രവർത്തിച്ചുപോന്ന വി എസിന്, അവരെ അവകാശബോധമുള്ള, ആത്മാഭിമാനമുള്ള മനുഷ്യരാക്കി പരിവർത്തനം ചെയ്യിക്കുന്നതിനുവേണ്ടി നിരന്തരം പ്രവർത്തിച്ചുകൊണ്ടിരുന്ന വി എസിന് കേരളത്തിലെ സാധാരണ ജനതയുടെ പ്രശ്നങ്ങൾ അറിയാൻ കൂടുതൽ പഠനം നടത്തേണ്ട ആവശ്യം ഉണ്ടായിരുന്നില്ല. കേരളത്തിലെ കർഷകർ, കർഷകത്തൊഴിലാളികൾ, കയർ ഫാക്ടറി തൊഴിലാളികൾ, മത്സ്യത്തൊഴിലാളികൾ, ചെത്തുതൊഴിലാളികൾ എന്നിങ്ങനെ ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ പാടുപെടുന്ന, ജന്മിത്വത്തിന്റെയും ജാതീയമായ അടിമത്വത്തിന്റെയും ചൂഷണങ്ങൾക്ക് വിധേയരാക്കപ്പെടുന്ന ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള വേദിയാക്കി നിയമസഭയെ മാറ്റുവാനാണ് വിഎസ് ശ്രമിച്ചത്. 1967 മാർച്ച് 26ന് വിഎസ് നിയമസഭയിൽ നടത്തിയ പ്രസംഗം ഇതിനു തെളിവാണ്. അന്ന്- ധനമന്ത്രി പി കെ കുഞ്ഞ് അവതരിപ്പിച്ച ബജറ്റിനെ കുറിച്ചുള്ള ചർച്ചയിലായിരുന്നു വി എസ് തന്റെ കന്നിപ്രസംഗം നടത്തിയത്. കയർ തൊഴിലാളികളുടെ ജീവിതങ്ങളുടെ നേർചിത്രം വി എസ് ഈ പ്രസംഗത്തിൽ ഉന്നയിച്ചു. വ്യവസായ പരിരക്ഷയ്ക്ക് ആവശ്യമായ നടപടികൾ ഗവൺമെന്റ് സ്വീകരിക്കുമ്പോൾ പാവപ്പെട്ട കയർ തൊഴിലാളികളെക്കൂടി അതിൽ ഉൾപ്പെടുത്താൻ തയ്യാറാകണമെന്ന് അദ്ദേഹം അടിവരയിട്ട് പറഞ്ഞു. അതുപോലെതന്നെ തീരദേശത്തെ മത്സ്യത്തൊഴിലാളികളുടെ ആവശ്യങ്ങളിലേക്കും അവരുടെ പ്രശ്നങ്ങളിലേക്കും വിഎസ് ഈ പ്രസംഗത്തിൽ ശ്രദ്ധ ക്ഷണിക്കുകയുമുണ്ടായി.
പിന്നീട് 1969 ൽ നിയമസഭാ സമ്മേളനത്തിൽ മത്സ്യത്തൊഴിലാളി ക്ഷേമ പദ്ധതി നടപ്പാക്കുന്നതിനുള്ള നടപടികൾ ഗവൺമെന്റ് സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് വി എസ് പ്രമേയം അവതരിപ്പിക്കുകയുണ്ടായി. മത്സ്യബന്ധനത്തിന് പോകുന്ന തൊഴിലാളികളുടെ സാഹസിക പ്രവർത്തനവും പലപ്പോഴും വള്ളം അപകടത്തിലായി തിരിച്ചുവരാതെ പോകുന്ന തൊഴിലാളികളുടെ കുടുംബങ്ങളിലെ പട്ടിണിയും കിട്ടുന്ന മത്സ്യത്തിന്റെ ഭൂരിഭാഗവും വള്ളപ്പങ്ക്, വലപ്പങ്ക് തുടങ്ങിയ പേരുകളിൽ അപഹരിക്കപ്പെടുന്ന ദയനീയ സ്ഥിതിയും എല്ലാം തന്നെ വിഎസ് ഈ പ്രസംഗത്തിൽ വിശദീകരിച്ചു പറയുകയുണ്ടായി.
വി എസിന്റെ പാർലമെന്ററി രംഗത്തെ ഇടപെടലുകളിൽ ഇതുപോലെ തന്നെ എടുത്തുപറയേണ്ട മറ്റൊന്നാണ് 1970 നവംബർ 13ന് കർഷകത്തൊഴിലാളികളുടെ വേതന – തൊഴിൽ തർക്ക പരിഹാരവും സംബന്ധിച്ച ബില്ലിന്മേൽ നടന്ന ചർച്ചയിൽ സമഗ്രമായ ഒരു കർഷകത്തൊഴിലാളി നിയമത്തിനു വേണ്ടി സഭയ്ക്കകത്ത് അദ്ദേഹം നടത്തിയ പോരാട്ടം. അന്ന് സി അച്യുതമേനോന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭയാണ് അധികാരത്തിലിരുന്നതെങ്കിലും ഫലത്തിൽ അത് കോൺഗ്രസ് അധികാരം കയ്യാളുന്ന ഗവൺമെന്റ്- തന്നെയായിരുന്നു. കർഷകത്തൊഴിലാളികളിലെ ചെറിയൊരു വിഭാഗത്തെ മാത്രം ഉൾപ്പെടുത്തിക്കൊണ്ട് ഭൂരിഭാഗം കർഷകത്തൊഴിലാളികളെയും ഒഴിവാക്കിക്കൊണ്ടുള്ള ഈ ബില്ലിന്റെ പിന്നിൽ ഒളിഞ്ഞിരിക്കുന്ന കള്ളക്കളികൾ വിഎസ് ആവർത്തിച്ചുപറയുകയും എല്ലാ വിഭാഗങ്ങളിലുമുള്ള കർഷകത്തൊഴിലാളികളെയും ഉൾപ്പെടുത്തിക്കൊണ്ട് സമഗ്രമായ ബിൽ ആയിരിക്കണം അവതരിപ്പിക്കേണ്ടത് എന്ന് എടുത്തുപറയുകയും ചെയ്തു. കർഷകത്തൊഴിലാളി ബില്ലിന്റെ സമഗ്രതയ്ക്കുവേണ്ടി ഈ പോരാട്ടം നടത്തുന്നതിനുമുമ്പ് തന്നെ കർഷകത്തൊഴിലാളി ക്ഷേമനിധിക്ക് വേണ്ടിയും വി എസ് സഭയിൽ സംസാരിച്ചിരുന്നു. 1969 ഫെബ്രുവരി 21ന് ആയിരുന്നു ഈ പ്രസംഗം.
ഇതിനെ തുടർന്നു നടത്തിയ പോരാട്ടങ്ങളുടെയും കൂടിയാലോചനകളുടെയുമൊക്കെ ഫലമായാണ് കേരളത്തിൽ 1974 ൽ കർഷകത്തൊഴിലാളി നിയമം നിലവിൽ വന്നത്. കർഷകത്തൊഴിലാളികളുടെ സേവന വേതന വ്യവസ്ഥകൾ നിജപ്പെടുത്തുക , കർഷകത്തൊഴിലാളികൾക്ക് ആവശ്യമായ ക്ഷേമാനുകൂല്യങ്ങൾ നൽകുക എന്നീ രണ്ട് സുപ്രധാന ഉദ്ദേശ്യങ്ങളോടെ ആയിരുന്നു നിയമം കൊണ്ടുവന്നത്.
1974 ൽ സംസ്ഥാനത്ത് പട്ടിണി രൂക്ഷമായ ഘട്ടത്തിൽ അടിയന്തര പ്രമേയം അവതരിപ്പിച്ചുകൊണ്ട് ഭക്ഷ്യക്ഷാമത്തിന്റെ ദുരിത ചിത്രം വിഎസ് സഭയിൽ വരച്ചുകാട്ടി. കേരളത്തിന്റെ വിവിധ പ്രദേശങ്ങളിൽ അരിവില കുത്തനെ കൂട്ടിക്കൊണ്ടിരിക്കുന്നതിന്റെ കണക്കുകളടക്കം അദ്ദേഹം സഭയിൽ വെച്ചു.
അതുപോലെതന്നെ 1969ൽ അബ്കാരി ഭേദഗതി ബില്ല് അവതരിപ്പിച്ചുകൊണ്ട് മന്ത്രി കെ ആർ ഗൗരിയമ്മ സംസാരിക്കുമ്പോൾ അതിൽ കാതലായ മറ്റൊരു ഭേദഗതി നിർദ്ദേശിച്ച്- വിഎസ് ചൂണ്ടിക്കാട്ടിയ വിഷയം അദ്ദേഹത്തിന്റെ സഭാ നടപടികളിലെ ഇടപെടലുകളുടെ മറ്റൊരു ചരിത്രമായി. ചെത്തുന്ന തെങ്ങിന്- വൃക്ഷക്കരം ഈടാക്കുന്നത് സംബന്ധിച്ചായിരുന്നു ഇത്. ചെത്തു തൊഴിലാളികൾ പലപ്പോഴും കോൺട്രാക്ടർമാരുടെയും എക്സൈസ് ഉദ്യോഗസ്ഥരുടെയും അനിഷ്ടത്തിന് പാത്രമായി കള്ള് കേസിൽ കുടുക്കപ്പെടുന്ന ദാരുണമായ സ്ഥിതിയാണ് വിഎസ് ഈ ഭേദഗതിയിലൂടെ ഉന്നയിച്ചത്. പിന്നീട് ഇതിന്റെയൊക്കെ വെളിച്ചത്തിലായിരുന്നു കേരള ചെത്തുതൊഴിലാളി ക്ഷേമനിധി ആക്ട് 1969 നിലവിൽ വന്നത്.
അങ്ങനെ 1967ൽ നിയമസഭയിൽ നടത്തിയ കന്നി പ്രസംഗത്തിൽ കയർ തൊഴിലാളികൾക്ക് ആശ്വാസകരമായ സമഗ്ര പദ്ധതി ആവിഷ്കരിക്കുവാൻ ആവശ്യപ്പെട്ട വി എസ്, 1969 ലെ നിയമസഭാ സമ്മേളനത്തിൽ മത്സ്യത്തൊഴിലാളി ക്ഷേമ പദ്ധതി നടപ്പാക്കാൻ സർക്കാർ തയ്യാറാകണമെന്ന് ആവശ്യപ്പെട്ട വി എസ്, കർഷകത്തൊഴിലാളികൾക്കും ചെത്തുതൊഴിലാളികൾക്കും വേണ്ടി ശബ്ദമുയർത്തിയ വി എസ്, ഭരണകൂടങ്ങളുടെ കെടുകാര്യസ്ഥത മൂലം ക്ഷാമകാലത്ത് മനുഷ്യർ പട്ടിണികിടന്നു മരിക്കുന്നതിനെതിരെ സഭയിൽ ശബ്ദമുയർത്തിയ വി എസ് കേരള ജനതയെ സംബന്ധിച്ചിടത്തോളം അവരുടെ ശബ്ദം തന്നെയായിരുന്നു.
പാർലമെന്ററി രംഗത്തെ വി എസിന്റെ ഇടപെടലുകളെ സ്മരിക്കുമ്പോൾ എടുത്തു പറയേണ്ടത് 2006ൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് നിയോഗിക്കപ്പെട്ട വി എസ് ഈ പദവിയിലിരുന്നുകൊണ്ട് വഹിച്ച പ്രവർത്തനങ്ങളെ സംബന്ധിച്ചാണ്. എപ്പോഴത്തെയും പോലെ തന്നെ സാധാരണക്കാരനുവേണ്ടി ശബ്ദമുയർത്തുന്ന മുഖ്യമന്ത്രിയായി വി എസ് മാറി. ആത്മഹത്യ ചെയ്ത കർഷകരുടെ വായ്പ എഴുതിത്തള്ളും, ആദിവാസികളുടെ കൈവശ ഭൂമിക്ക് കൈവശാവകാശ രേഖ നൽകും, ആദിവാസി സമരവുമായി ബന്ധപ്പെട്ട് എടുത്ത കേസുകളിൽ ഗൗരവം ഇല്ലാത്ത കേസുകൾ പിൻവലിക്കും, കയർ കശുവണ്ടി കൈത്തറി മത്സ്യബന്ധനം ഖാദി എന്നീ മേഖലകളിലെ തൊഴിലാളികളുടെ ഒരു വർഷത്തെ പെൻഷൻ കുടിശ്ശിക മൊത്തമായി ഉടൻ നൽകും, കുടിവെള്ള ലഭ്യത ഉറപ്പാക്കാൻ അടിയന്തര നടപടി സ്വീകരിക്കും, ഓരോ ജില്ലയ്ക്കും പത്തുലക്ഷം രൂപ വീതം അടിയന്തര സഹായം നൽകും, ഓരോ ജില്ലയുടെയും ചുമതല ഓരോ മന്ത്രിക്കു നൽകും എന്നു തുടങ്ങിയ പ്രഖ്യാപനങ്ങൾ ആയിരുന്നു തുടക്കത്തിൽതന്നെ മുഖ്യമന്ത്രിയായ വി എസ് നടത്തിയത്.
2006 ൽ എൽഡിഎഫ് ഗവൺമെന്റ്- അധികാരത്തിലെത്തുന്നതിന് തൊട്ടുമുമ്പത്തെ അഞ്ചു വർഷക്കാലം യുഡിഎഫ് ഭരണത്തിന്റെ കെടുകാര്യസ്ഥതയും അഴിമതിയും കൊണ്ട് കേരളത്തിലെ വ്യവസായ രംഗം വലിയ തകർച്ച നേരിട്ടിരുന്നു. ലാഭകരമല്ലെന്ന സാങ്കേതികത്വം പറഞ്ഞ് നിരവധി പൊതുമേഖലാ സ്ഥാപനങ്ങൾ അന്ന് യുഡിഎഫ് സർക്കാർ പൂട്ടിക്കെട്ടി. ഈ പൊതുമേഖലാ സ്ഥാപനങ്ങളെല്ലാംതന്നെ തുറന്നു പ്രവർത്തിപ്പിക്കുവാനുള്ള ധീരമായ ഉത്തരവാദിത്വം എൽഡിഎഫ് ഗവൺമെൻറ് ഏറ്റെടുത്തു. കൊച്ചി കാക്കനാട് സ്മാർട്ട് സിറ്റി ക്യാമ്പസ് പോലും ചുളുവിലയ്-ക്ക് കച്ചവടം ചെയ്യാനുള്ള തീരുമാനമെടുത്തതിനുശേഷമാണ് ഉമ്മൻചാണ്ടി ഗവൺമെന്റ്- 2006ൽ അധികാരമൊഴിയുന്നത്.
കൊച്ചി കാക്കനാട് സ്മാർട്ട് സിറ്റി പദ്ധതി കേരളത്തിന് നഷ്ടപ്പെടാതെ പൊതുമേഖലയിൽ തന്നെ പിടിച്ചുനിർത്താൻ സാധിച്ചത് മുഖ്യമന്ത്രിയായ വിഎസിന്റെയും ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെയും ഇടപെടൽ ഒന്നുകൊണ്ട് മാത്രമായിരുന്നു. ഇൻഫോപാർക്ക് സൗജന്യമായി വിട്ടുനൽകാം എന്നായിരുന്നല്ലോ ടീകോമുമായി യുഡിഎഫ് സർക്കാർ കരാർ ഉണ്ടാക്കിയത്. കാക്കനാട് സ്മാർട്ട് സിറ്റിയും ഇൻഫെ-ാപാർക്കും ഇന്നും കേരള സർക്കാരിന്റെ ഉടമസ്ഥതയിൽ തന്നെ നിലനിൽക്കുന്നതിൽ മുഖ്യമന്ത്രിയായ വി എസ്സിന്റെ അടിയുറച്ച നിലപാടിന്റെ സംഭാവന കൂടിയുണ്ട്. l



