1980കളുടെ മദ്ധ്യത്തിലാണ് കേരള സ്റ്റേറ്റ് കർഷകത്തൊഴിലാളി യൂണിയന്റെ (കെഎസ്-കെടിയു) നേതൃത്വത്തിൽ നെൽവയൽ സംരക്ഷണ സമരം ആരംഭിച്ചത്. ഇൗ സമരത്തിന് നേതൃത്വം നൽകിയത് സിപിഐ എം സംസ്ഥാന സെക്രട്ടറിയായിരുന്ന വി എസ് അച്യുതാനന്ദനായിരുന്നു. നെൽവയലുകൾ മറ്റാവശ്യങ്ങൾക്കായി വ്യാപകമായി നികത്തപ്പെട്ട പശ്ചാത്തലത്തിലാണ് അതിനെതിരെ കെഎസ്-കെടിയു അതിശക്തമായ നിലപാട് സ്വീകരിച്ചത്. അരിയാണ് നമ്മുടെ സംസ്ഥാനത്തെ ജനങ്ങളുടെ മുഖ്യാഹാരം എന്ന കാര്യത്തിൽ തർക്കമില്ല. അരിയുടെ ഉൽപാദനത്തിൽ അപായകരമാംവിധം കുറവുവരികയും ചെയ്തു.
നെൽവയലുകൾ നികത്തപ്പെടുന്നത് തീർച്ചയായും കർഷകത്തൊഴിലാളികളുടെ ജോലിക്ക് കടുത്ത ഭീഷണിയാണ്. അതോടൊപ്പം ഗുരുതരമായ പാരിസ്ഥിത ആഘാതങ്ങളും വയൽനികത്തൽ ക്ഷണിച്ചുവരുത്തും എന്ന തിരിച്ചറിവ് കെഎസ്-കെടിയുവിനും വി എസിനും ഉണ്ടായിരുന്നു. പാടശേഖരങ്ങളും തണ്ണീർത്തടങ്ങളും നശിപ്പിക്കപ്പെടുന്നത് എന്തിന്റെ പേരിലായാലും അത് കേരളത്തിന്റെ പരിസ്ഥിതിയെയും ആവാസ വ്യവസ്ഥയെയും പ്രതികൂലമായി ബാധിക്കും എന്ന കാര്യം കെഎസ്-കെടിയു ചൂണ്ടിക്കാട്ടിയിരുന്നു.
1970 കളുടെ ആരംഭത്തിൽ സംസ്ഥാനത്ത് 8.25 ലക്ഷം ഹെക്ടർ സ്ഥലത്ത് നെൽകൃഷി ഉണ്ടായിരുന്നു എന്നാണ് സംസ്ഥാന സർക്കാരിന്റെ സാമ്പത്തിക സർവെ ചൂണ്ടിക്കാട്ടിയത്. എന്നാൽ ക്രമേണ അത് കുറഞ്ഞുവന്നു. ഏതാണ്ട് പത്തുവർഷം പിന്നിട്ടപ്പോൾ അത് 6 ലക്ഷം ഹെക്ടറായി കുറഞ്ഞു. സ്വാഭാവികമായും നെല്ലുൽപ്പാദനത്തെയും അത് സാരമായി ബാധിച്ചു. പ്രതിവർഷം 15 ലക്ഷത്തോളം ടൺ നെല്ല് ഉൽപാദിപ്പിച്ച സ്ഥാനത്ത് 11 ലക്ഷം ടണ്ണായി അത് കുറഞ്ഞു.
ഈ പശ്ചാത്തലത്തിൽ നെൽവയൽ നികത്തലിനെതിരെ പ്രക്ഷോഭം നയിക്കേണ്ടത് അനിവാര്യമാണെന്ന് കെഎസ്-കെടിയു കണ്ടു. കെഎസ്-കെടിയുവിന്റെയും പാർട്ടിയുടെയും നേതാവെന്ന നിലയിൽ വി എസിന്റെ ശക്തമായ പിന്തുണയും സഹായവും സമരത്തിനുണ്ടായിരുന്നു.
നെൽവയലുകളിൽ ചിലത് റബ്ബർ, തെങ്ങ്, വാഴ, കൊക്കൊ തുടങ്ങിയ ഇതര വിള കൃഷി ചെയ്യുന്നതിനാണ് നികത്തപ്പെട്ടത്. വീടുവെക്കുന്നതിനും വ്യവസായാവശ്യങ്ങൾക്കും നിലം നികത്തപ്പെടുകയുണ്ടായി.
1990കളുടെ രണ്ടാം പകുതിയോടെ സ്ഥിതിഗതികൾ കൂടുതൽ രൂക്ഷമായി. നെൽവയലുകളുടെ വിസ്തൃതിയിലും നെല്ലുല്പാദനത്തിലും ഗണ്യമായ കുറവുണ്ടായി. നെൽവയലുകളുടെ വിസ്തൃതി 5.25 ലക്ഷം ഹെക്ടറായി കുറഞ്ഞു. അതേസമയം നെല്ലുല്പാദനം പ്രതിവർഷം 9.25 ലക്ഷം ടണ്ണായും കുറഞ്ഞു. കേരളത്തിന്റെ പ്രതിവർഷ ഉപഭോഗം 50 ലക്ഷം ടൺ ആയിരുന്നു. അതായത് നമ്മുടെ സംസ്ഥാനത്തിനാവശ്യമായ അരിയുടെ വെറും 20 ശതമാനമേ നമുക്കുൽപാദിപ്പിക്കാൻ കഴിഞ്ഞുള്ളൂ.
അതേസമയം 20–25 ലക്ഷത്തോളം കർഷകത്തൊഴിലാളികളാണ് അന്ന് കേരളത്തിലൊട്ടാകെ നെൽവയലുകളിൽ പണിയെടുത്തിരുന്നത്. അവരിൽ മഹാഭൂരിപക്ഷവും സ്ത്രീകളായിരുന്നു. വയലുകളിൽ എല്ലാ ദിവസവും പണിയില്ലായിരുന്നു. എന്നു മാത്രമല്ല മറ്റു ജോലികൾക്കൊന്നും പോകാൻ കഴിയാത്ത സാഹചര്യമായിരുന്നു അവർക്ക്. സംസ്ഥാനത്തെ നെൽവയലുകൾ സംരക്ഷിച്ചില്ലെങ്കിൽ അതിന്റെ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്ന് കെഎസ്-കെടിയു തിരിച്ചറിഞ്ഞു.
1997 ജൂൺ 9ന് മങ്കൊമ്പിലെ ഭദ്രാ ടാക്കീസിൽ ചേർന്ന കെഎസ്-കെടിയു കൺവെൻഷൻ രണ്ടാം നെൽവയൽ സംരക്ഷണ സമരത്തിന് ആഹ്വാനം ചെയ്തത് ഈ പശ്ചാത്തലത്തിലാണ്. അതേത്തുടർന്ന് ജൂലെെ അഞ്ചിന് നെൽവയൽ സംരക്ഷണ സമരം ആരംഭിച്ചു. ചെങ്ങന്നൂരിലായിരുന്നു തുടക്കം. പിന്നീട് ആലപ്പുഴ ജില്ലയിലെ 48 കേന്ദ്രങ്ങളിൽ കൂടി സമരം നടന്നു. വിവിധ സ്ഥലങ്ങളിലെ പ്രക്ഷോഭങ്ങളിൽ 32,000ത്തോളം കർഷകത്തൊഴിലാളികൾ പങ്കെടുത്തതായാണ് കെഎസ്-കെടിയു വ്യക്തമാക്കിയത്.
ഈ സമരത്തിന്റെ നടുനായകത്വം വഹിച്ചത് അന്ന് എൽഡിഎഫ് കൺവീനറായിരുന്ന വി എസ് ആയിരുന്നു.
കെഎസ്-കെടിയുവിന്റെ വിവിധ സമരങ്ങളിൽ പങ്കെടുത്ത 10,000ത്തോളം പേർ കേസുകളിൽ പ്രതികളായി. നിരവധി പേർക്ക് മർദ്ദനം ഏൽക്കേണ്ടിവന്നു. അന്നത്തെ മുഖ്യമന്ത്രി ഇ കെ നായനാർ കെഎസ്-കെടിയു നേതാക്കളുമായി ചർച്ച നടത്താൻ തയ്യാറായി. സർക്കാർ നൽകിയ ഉറപ്പിനെത്തുടർന്ന് സമരം നിർത്തിവെച്ചു. നെൽകൃഷിയെ കുറിച്ച് പഠിക്കാൻ ഒരു വിദഗ്ദ്ധ സമിതിയെ നിയമിക്കാമെന്ന് ഗവൺമെന്റ് ഉറപ്പുനൽകി. നെൽകൃഷി സംരക്ഷിച്ച് അത് എങ്ങനെ ആദായകരമായി നടത്താം, കർഷകത്തൊഴിലാളികളുടെ തൊഴിൽ സംരക്ഷിക്കാൻ എന്തെല്ലാം നടപടികൾ സ്വീകരിക്കണം, ഭക്ഷേ-്യാൽപാദനം വർദ്ധിപ്പിക്കാൻ പര്യാപ്തമായ മാർഗങ്ങൾ എന്തൊക്കെയാണ് എന്നിവയാണ് ഗവൺമെന്റ് നിയോഗിച്ച കമ്മിറ്റി പഠനവിഷയമാക്കിയത്.
നെൽവയൽ സംരക്ഷണ സമരത്തിന്റെ അനന്തരഫലമായാണ് നെല്ലിന് സർക്കാർ താങ്ങുവില പ്രഖ്യാപിച്ചത്. തൊട്ടടുത്ത വർഷങ്ങളിൽ നെൽവയൽ നികത്തുന്നതിൽ ചെറിയ തോതിലായാലും കുറവാണ് രേഖപ്പെടുത്തിയത്.
എന്നാൽ നെൽവയലുകൾ നികത്തപ്പെട്ടാലുണ്ടാകുന്ന പാരിസ്ഥിതിക പ്രശ്നങ്ങൾ കാണാനോ കേരളത്തിന്റെ സമ്പദ്-വ്യവസ്ഥയിൽ അതുണ്ടാക്കുന്ന പ്രഹരമോ, ഭക്ഷ്യ സ്വയംപര്യാപ്തതയ്ക്ക് അതുണ്ടാക്കുന്ന ഭീഷണിയോ ഒന്നും കാണാൻ വലതുപക്ഷ മാധ്യമങ്ങൾ തയ്യാറായില്ല. ‘വെട്ടിനിരത്തൽ’ സമരം എന്ന് ആക്ഷേപിക്കാനും അതിനു നേതൃത്വം നൽകിയ വി എസ് ഉൾപ്പെടെയുള്ള നേതാക്കളെ വ്യക്തിപരമായി അധിക്ഷേപിക്കാനുമാണ് അവർ ശ്രമിച്ചത്.
എന്നാൽ പതിറ്റാണ്ടുകൾക്കിപ്പുറമുള്ള കണക്കുകൾ പരിശോധിച്ചാൽ അന്നത്തെ സമരം ശരിയായിരുന്നുവെന്ന് ആരും സമ്മതിക്കും. ഗവൺമെന്റിന്റെ സാമ്പത്തിക സർവെ റിപ്പോർട്ടു തന്നെ അത് വിളിച്ചുപറയുന്നുണ്ട്. 2021–22ലെ കണക്കനുസരിച്ച് കേരളത്തിലെ മൊത്തം നെൽവയലുകളുടെ വിസ്തൃതി 1.94 ലക്ഷം ഹെക്ടറായി കുറഞ്ഞു. നെല്ലുൽപാദനം 5.59 ലക്ഷം ടൺ ആയി ഇടിഞ്ഞു. എൽഡിഎഫ് സർക്കാരിന്റെ അവധാനത കൊണ്ട് ഈ സ്ഥിതിയിൽ മാറ്റം വന്നിട്ടുണ്ട്. നെല്ലുൽപാദനത്തിൽ ശാസ്ത്രീയമായ വഴികൾ പലതും സ്വീകരിക്കാനും ഉൽപാദനക്ഷമത വർദ്ധിപ്പിക്കാനും സർക്കാരിന് സാധിച്ചതുകൊണ്ടാണ് ഉൽപാദനം ഇത്രയെങ്കിലുമായി പിടിച്ചുനിർത്താൻ സാധിച്ചത്.
നെൽവയൽ സംരക്ഷണ നിയമം
അധികാരം ലഭിക്കുമ്പോൾ അതുവരെ പറഞ്ഞ കാര്യങ്ങൾ മറക്കുന്ന യുഡിഎഫിന്റെയോ ബിജെപിയുടെയോ ശെെലിയല്ല എൽഡിഎഫിനുള്ളത്. 2006ൽ വി എസ് മുഖ്യമന്ത്രിയായി അധികം താമസിയാതെ തന്നെ നെൽവയൽ സംരക്ഷണ നിയമം കൊണ്ടുവരാൻ തീരുമാനിച്ചു. 2007 സെപ്തംബർ 19ന് നെൽവയൽ – തണ്ണീർത്തട സംരക്ഷണ ബിൽ നിയമസഭയിൽ അവതരിപ്പിക്കപ്പെട്ടു. ബിൽ യാഥാർത്ഥ്യമാക്കുന്നതിൽ മുഖ്യമന്ത്രിയായിരുന്ന വി എസ് കാണിച്ച താൽപര്യവും മുൻകെെയും എടുത്തുപറയേണ്ടതാണ്.
റവന്യൂമന്ത്രി കെ പി രാജേന്ദ്രൻ അവതരിപ്പിച്ച ബില്ലിൽ ഇങ്ങനെ ചൂണ്ടിക്കാട്ടുന്നു: ‘‘നെൽവയലുകൾ നികത്തുന്നതുമൂലം നീർത്തട മേഖലയുടെ പാരിസ്ഥിതിക അപചയത്തിനും ജെെവ സമ്പുഷ്ടതക്കുറവിനും വ്യാപകമായ മണ്ണൊലിപ്പിനും കിണറുകളിലെയും കുളങ്ങളിലെയും മറ്റും ജലനിരപ്പ് താഴുന്നതിനും ഇടയാക്കിയിട്ടുണ്ട്. നിലവിലെ രീതി തുടർന്നാൽ സമീപഭാവിയിൽ തന്നെ അവശേഷിക്കുന്ന നെൽപാടങ്ങൾകൂടി അപ്രത്യക്ഷമാകുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്. കരഭൂമിയുടെയും ജലാശയത്തിന്റെയും സവിശേഷതകൾ ഉൾക്കൊള്ളുന്നതും ഭൂമിയിലെ ഏറ്റവും വെെവിധ്യമാർന്ന ഘടനയുള്ളതുമായ നീർത്തടങ്ങൾ കൃഷിക്കും അധിവാസത്തിനും വ്യവസായത്തിനും മറ്റു പല ആവശ്യങ്ങൾക്കും വേണ്ടി വറ്റിക്കുകയും നികത്തുകയും രൂപാന്തരപ്പെടുത്തുകയും ചെയ്യുന്നത് പാരിസ്ഥിതിക സന്തുലിതാവസ്ഥ തകിടം മറിയുന്നതിനും ജലക്ഷാമത്തിനും ശുദ്ധജലം ലഭ്യമായ കിണറുകളിൽ ഉപ്പുരസം കലരുന്നതിനും കാരണമാകും’’.
2008 ജൂലെെ 24ന് നിയമസഭ പാസാക്കിയ ഈ ബിൽ ആഗസ്ത് 11ന് ഗവർണർ ഒപ്പിട്ടതോടെ നിയമമായി. 30 വകുപ്പുകൾ ഉൾപ്പെട്ട ഈ നിയമത്തിൽ നെൽവയലുകൾ പരിവർത്തനപ്പെടുത്തുകയോ രൂപാന്തരപ്പെടുത്തുകയോ ചെയ്യുന്നത് വിലക്കിയിട്ടുണ്ട്. നെൽകൃഷി പ്രോത്സാഹിപ്പിക്കുക, പ്രാദേശിക നിരീക്ഷണ സമിതികൾ രൂപീകരിക്കുക, തരിശു നെൽവയലുകൾ കൃഷി ചെയ്യിക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കുക തുടങ്ങിയവയ്ക്കായുള്ള വ്യവസ്ഥകൾ ഈ നിയമത്തിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. l



