കേരളത്തിലെ കമ്യൂണിസ്റ്റു പ്രസ്ഥാനത്തിന്റെ, തൊഴിലാളികളുടെയും കർഷകരുടെയും വിപ്ലവപ്രസ്ഥാനത്തിന്റെ അനിഷേധ്യ നേതാക്കളിൽ ഒരാളായ സഖാവ് വി എസ് ഇനി നമുക്ക് ജ്വലിക്കുന്ന ഓർമയാണ്. ആ ഓർമ കാലങ്ങളോളം നമുക്ക് പ്രചോദനമാകും, മുന്നോട്ടേയ്ക്കുള്ള വഴികാട്ടിയാകും എന്നുറപ്പാണ്.
അധഃസ്ഥിതരിൽ അധഃസ്ഥിതരായ മനുഷ്യരെ, പട്ടിണിപ്പാവങ്ങളെ, പകലന്തിയോളം പാടങ്ങളിൽ പണിയെടുത്ത് പട്ടിണിയും പരിവട്ടവുമായി അന്തിയുറങ്ങി, അടിച്ചമർത്തപ്പെട്ടവരായി കഴിഞ്ഞ ജനവിഭാഗത്തെ സംഘടിപ്പിച്ച് നിവർന്നു നിൽക്കാനും അവകാശങ്ങൾ ചോദിക്കാനും പഠിപ്പിച്ച, അതിനവരെ പ്രാപ്തരാക്കിയ ധീരനായ വിപ്ലവകാരിയായിരുന്നു സഖാവ് വി എസ്. ജനമനസ്സുകളിൽ അതുകൊണ്ടുതന്നെ എന്നെന്നും ആ ഓർമ ജ്വലിച്ചുനിൽക്കും. അധികാര ഹുങ്കിനും അക്രമവാഴ്ചയ്ക്കും മുന്നിൽ നെഞ്ചുവിരിച്ച് തലയുയർത്തിനിന്ന് പൊരുതിയ വിപ്ലവ വീര്യത്തിന്റെ പേരാണ് വി എസ് എന്ന രണ്ടക്ഷരം.
അതുല്യമായ സംഘാടനശേഷിയും പോരാട്ടവീറുമാണ് സാധാരണ തൊഴിലാളിയായി, തൊഴിലാളി പ്രവർത്തകനായി ജീവിതമാരംഭിച്ച സഖാവ് വി എസിനെ സിപിഐ എമ്മിന്റെ പൊളിറ്റ് ബ്യൂറോ അംഗം വരെയായി ഉയർത്തിയത്; കേരളത്തിന്റെ മുഖ്യമന്ത്രി സ്ഥാനത്ത് എത്തിച്ചത്. ഇന്നത്തെയും ഇന്നലെകളിലേയും മറ്റേതു കമ്യൂണിസ്റ്റു നേതാവിനെയും പോലെ സഖാവ് വി എസിനും പാർട്ടി നേതൃസ്ഥാനമായാലും ഭരണാധികാരമായാലും അതെല്ലാം ജനസേവനത്തിനുള്ള വേദികൾ മാത്രമായിരുന്നു.
കയർ തൊഴിലാളികളെ സംഘടിപ്പിച്ചുകൊണ്ട് സംഘടനാജീവിതമാരംഭിച്ച വി എസ് കുട്ടനാട്ടിലെ കർഷകത്തൊഴിലാളികളെ സംഘടിപ്പിക്കാനുള്ള സഖാവ് കൃഷ്ണപിള്ള ഏൽപ്പിച്ച ദൗത്യമേറ്റെടുത്ത് വിജയിപ്പിച്ച അനുഭവവുമായാണ് പുന്നപ്ര വയലാർ സമരത്തിൽ പങ്കാളിയാകാനെത്തിയത്. അവിടെ നിന്ന് ഒളിവിലും ജയിലിലുമായി ദുരിതങ്ങളനുഭവിച്ചും ഭീകരമർദ്ദനങ്ങൾക്ക് വിധേയനായും ജീവിതം പിന്നിട്ട് വി എസ് ആലപ്പുഴയിലും കേരള സംസ്ഥാനത്തും പാർട്ടി കെട്ടിപ്പടുക്കുകയെന്ന നിയോഗം ഏറ്റെടുത്ത് തന്റെ സംഘാടനമികവ് തെളിയിച്ചു.
1967 മുതലുള്ള ദീർഘകാലത്തെ പാർലമെന്ററി പ്രവർത്തനത്തിനിടയിലും അദ്ദേഹം തിളങ്ങി നിന്നു. ദരിദ്രരുടെ, അധഃസ്ഥിതരുടെ വേദനകളും പ്രശ്നങ്ങളും നിയമസഭാവേദികളിൽ സമർഥമായി ഉന്നയിച്ചുകൊണ്ട് അദ്ദേഹം കമ്യൂണിസ്റ്റ് പാർലമെന്ററി പ്രവർത്തനത്തിന്റെ ഉദാത്ത മാതൃകയാണ് സൃഷ്ടിച്ചത്. അഴിമതിക്കെതിരെ, സ്ത്രീകൾക്കെതിരായ ആക്രമണങ്ങൾക്കെതിരെ, പരിസ്ഥിതി സംരക്ഷണത്തിനായിട്ടെല്ലാം അദ്ദേഹം നിയമസഭയ്ക്കകത്തും പുറത്തും പോരാടി. ഭരണാധികാരിയെന്ന നിലയിലും അദ്ദേഹം ഈ പോരാട്ടം തുടർന്നു.
അടിയുറച്ച കമ്യൂണിസ്റ്റായ അദ്ദേഹത്തിന് പോരാട്ടം തന്നെയായിരുന്നു ജീവിതം. സിപിഐ എമ്മിൽ നിന്ന് വേറിട്ട വ്യക്തിത്വമോ വേറിട്ട ജീവിതമോ അദ്ദേഹം കാംക്ഷിച്ചില്ല. സ്വജീവിതം കൊണ്ടുതന്നെ അദ്ദേഹം തെളിയിച്ചതാണത്-. പി കൃഷ്ണപിള്ളയും എ കെ ജിയും ഇ എം എസും നായനാരും തുടങ്ങി നേതൃനിരയിലെ കമ്യൂണിസ്റ്റ് പോരാളികളെപോലെ ജ്വലിക്കുന്ന രക്തനക്ഷത്രമായി അദ്ദേഹവും തിളങ്ങും. പിണറായി വിജയനെ പോലെ ഇന്നത്തെ തലമുറയിലും കമ്യൂണിസ്റ്റ് നേതൃനിരയിലേക്ക് ഇനി വരാനിരിക്കുന്നവരും തങ്ങളുടെ മുൻഗാമികളുടെ പാതയിലൂടെ തന്നെയാണ് മുന്നോട്ടുപോകുന്നത്. കഴിഞ്ഞ രണ്ട് ദിവസങ്ങളായി കോരിച്ചൊരിയുന്ന മഴ പോലും കണക്കിലെടുക്കാതെ പാതയോരങ്ങളിലും ആലപ്പുഴയിലെ വലിയചുടുകാട്ടിലും കേരളം അലകടൽ പോലെ ഒഴുകിയെത്തിയത് കമ്യൂണിസ്റ്റ് പ്രസ്ഥാനമാണ് തങ്ങളുടെ ഏക ആശ്രയമെന്ന തിരിച്ചറിവിലാണ്. എക്കാലവും സഖാവ് വി എസിന്റെ ഓർമ കമ്യൂണിസ്റ്റുകാരുടെ മനസ്സിൽ ജ്വലിച്ചു നിൽക്കുമെന്നുറപ്പാണ്. ഒരു നൂറ്റാണ്ടു പിന്നിട്ട ആ സമരജീവിതത്തിന്, പ്രിയ സഖാവിന് വിട. l



