കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സമുന്നത നേതാക്കളില്‍ ഏറ്റവും മുന്‍നിരക്കാരനായിരുന്നു സഖാവ് വി എസ് അച്യുതാനന്ദൻ. തൊഴിലാളി വര്‍ഗ സമരനായകനും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ രാഷ്ട്രീയ സംഘടനാ നായകനും സമുജ്ജ്വലനായ ഭരണകര്‍ത്താവുമായിരുന്നു അദ്ദേഹം. കേരളത്തിലെയും അഖിലേന്ത്യയിലെയും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ വളര്‍ച്ചയ്ക്ക് വലിയ സംഭാവനകള്‍ നല്‍കി. സമ്മര്‍ദങ്ങള്‍ക്കും പ്രേരണകള്‍ക്കും വി എസ് ഒരിക്കലും വശംവദനായിരുന്നില്ല. കമ്യൂണിസ്റ്റ് പാർട്ടിയുടെ കാഴ്ചപ്പാടില്‍ നിന്ന് വ്യതിചലിക്കാതെ എന്നും സ്വന്തം നിലപാടുകളില്‍ ഉറച്ചുനിന്നു പോരാടി. തൊഴിലാളി വര്‍ഗത്തിന്റെയും സാമാന്യജനങ്ങളുടെയും താല്‍പ്പര്യങ്ങളും അവകാശങ്ങളും എപ്പോഴും ഉയര്‍ത്തിപ്പിടിച്ചു. അവ നേടിയെടുക്കാന്‍ വേണ്ടി എക്കാലത്തും വിട്ടുവീഴ്ചയില്ലാതെ പോരാടി. മതനിരപേക്ഷതയും ജനാധിപത്യാവകാശങ്ങളും സംരക്ഷിക്കാന്‍ എന്നും സജീവമായി പ്രവര്‍ത്തിച്ചു. തന്റെ കാഴ്ചപ്പാടുകളെയും സമീപനങ്ങളെയും എതിര്‍ക്കുന്ന എല്ലാവരോടും ജീവിതകാലം മുഴുവന്‍ വിട്ടുവീഴ്ചയില്ലാതെ വി എസ് സമരം ചെയ്തു.
1923 ഒക്ടോബര്‍ 20 ന് ആലപ്പുഴ പട്ടണത്തിനടുത്ത് പുന്നപ്ര വടക്ക് വെന്തലത്തറ വീട്ടിലായിരുന്നു വി എസിന്റെ ജനനം. അദ്ദേഹത്തിന്റെ നാലാം വയസ്സില്‍ അമ്മയും പന്ത്രണ്ടാം വയസ്സില്‍ അച്ഛനും മരിച്ചു. പതിയാം കുളങ്ങര എല്‍ പി സ്കൂളിലായിരുന്നു വി എസ് പഠനം ആരംഭിച്ചത്, നാലാം ക്ലാസ്സിലേക്ക് പഠനക്കയറ്റം ലഭിച്ചപ്പോള്‍ തൊട്ടടുത്തുള്ള കളര്‍കോട് എല്‍ പി സ്കൂളിലേക്ക് മാറി. അക്കാലം ജാതീയമായ ഉച്ചനീചത്വ സമീപനങ്ങളുടെ കാലമായിരുന്നു. പിന്നാക്ക ജാതിയില്‍പ്പെട്ട ആളെന്ന നിലയില്‍ സഹപാഠികളില്‍ നിന്ന് ഒരിക്കല്‍ പരിഹാസവാക്കുകള്‍ വി എസിന് കേള്‍ക്കേണ്ടിവന്നു. എന്നാലവരുടെ അധിക്ഷേപ വാക്കുകള്‍ മുഴുമിക്കുന്നതിനു മുമ്പു തന്നെ വി എസ് അവരെ നേരിട്ടു. അരഞ്ഞാണമൂരി അവരെ അടിച്ചു. അപ്രതീക്ഷിതമായി കിട്ടിയ അടിയുടെ ചൂടില്‍ നിന്ന് സഹപാഠികള്‍ ഓടി രക്ഷപ്പെട്ടു. സ്കൂളിന്റെ ഹെഡ്മാസ്റ്റര്‍ കുട്ടികളെയും രക്ഷിതാക്കളെയും വിളിച്ചുവരുത്തി പ്രശ്നം ചര്‍ച്ച ചെയ്ത് പരിഹരിച്ചു. അനീതികളോടും അനാചാരങ്ങളോടുമുള്ള വി എസിന്റെ ആദ്യകാല പ്രതിഷേധവും പ്രതിരോധവുമായിരുന്നു ഈ സംഭവം.
ജീവിതകാലം മുഴുവന്‍ താന്‍ വിശ്വസിക്കുന്ന കാഴ്ചപ്പാടുകളെ എതിര്‍ക്കുന്നവര്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാതെ വി എസ് പോരാടി. വി എസ് ഏഴാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ് അച്ഛന്‍ നിര്യാതനാവുന്നത്. വി എസിന് പന്ത്രണ്ട് വയസ്സായിരുന്നു പ്രായം. അച്ഛന്റെ മരണത്തെ തുടര്‍ന്ന് ഏഴാം ക്ലാസ്സിനപ്പുറത്തുള്ള പഠനത്തെക്കുറിച്ച് വി എസിന് ആലോചിക്കാന്‍ അവസരം കിട്ടിയില്ല. പഠനം നിര്‍ത്തിയ വി എസ് തുടര്‍ന്ന് ജ്യേഷ്ഠന്റെ ജൗളിക്കടയില്‍ സഹായിയായി ചേര്‍ന്നു. ജ്യേഷ്ഠന്റെ തുണിക്കടയില്‍ ആലപ്പുഴ പട്ടണത്തിലെ തൊഴിലാളികള്‍ നിത്യസന്ദര്‍ശകരായിരുന്നു. ഇവരുമായുള്ള ചര്‍ച്ചകള്‍ വി എസിന് പുതിയൊരു തൊഴില്‍ മേഖല തുറന്നുകൊടുത്തു. പതിനേഴാമത്തെ വയസ്സില്‍ വി എസ് ആസ്പിന്‍വാള്‍ കമ്പനിയില്‍ തൊഴിലാളിയായി ചേര്‍ന്നു. അന്ന് ആസ്പിന്‍വാള്‍ കമ്പനിയില്‍ അയ്യായിരത്തിലേറെ തൊഴിലാളികള്‍ പണിയെടുത്തിരുന്നു. തൊഴിലില്‍ കാട്ടിയ മികവ് വി എസിനെ തൊഴിലാളികളുടെ ശ്രദ്ധാകേന്ദ്രമാക്കി മാറ്റി. തുടര്‍ന്ന് തൊഴിലാളികളെ തൊഴിലാളി യൂണിയനില്‍ ചേര്‍ക്കുവാന്‍ വി എസ് ശ്രദ്ധിച്ചു. തൊഴിലാളി യൂണിയന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുവാന്‍ കമ്യൂണിസ്റ്റ് നേതാവ് സഖാവ് പി കൃഷ്ണപിള്ള ആലപ്പുഴ പട്ടണത്തിലും പരിസരത്തും തുടര്‍ച്ചയായി എത്തിയിരുന്നു. പി കൃഷ്ണപിള്ളയുമായി നടത്തിയ കൂടിക്കാഴ്ചകളും ചര്‍ച്ചകളും വി എസിനെ സംഘടനാപരവും രാഷ്ട്രീയമായും കരുത്തനാക്കി. 1940 കളില്‍ സംഘടനാകാര്യങ്ങളിലും രാഷ്ട്രീയ സമീപനങ്ങളിലും വി എസ് കാട്ടിയ ശ്രദ്ധയും താല്‍പ്പര്യവും ജീവിതത്തിലുടനീളം പ്രകടമായിരുന്നു. അടുത്തകാലത്ത് രോഗബാധിതനായി വിശ്രമജീവിതം നയിക്കുവാന്‍ നിര്‍ബന്ധിതനായപ്പോഴാണ് അവയ്ക്ക് മങ്ങലേറ്റത്.
1939 ല്‍ തലശ്ശേരിയില്‍ പാറപ്പുറത്ത് ചേര്‍ന്ന സമ്മേളനത്തെ തുടര്‍ന്ന് കമ്യൂണിസ്റ്റ് പാർട്ടിയുടെ പ്രവര്‍ത്തനം കേരളത്തില്‍ വളരെ സജീവമായി. സഖാവ് പി കൃഷ്ണപിള്ളയുടെ സവിശേഷമായ താല്‍പ്പര്യപ്രകാരം 1940 ല്‍ വി എസ് കമ്യൂണിസ്റ്റ് പാർട്ടി അംഗമായി. രണ്ടുമൂന്ന് വര്‍ഷംകൊണ്ട് ആലപ്പുഴയിലെ കയര്‍ ഫാക്ടറി തൊഴിലാളികള്‍ക്കിടയില്‍ വി എസ് ശ്രദ്ധേയനായ തൊഴിലാളിയൂണിയന്‍ നേതാവായി വളര്‍ന്നു. 1943 ല്‍ കോഴിക്കോട്ട് ചേര്‍ന്ന കമ്യൂണിസ്റ്റ് പാർട്ടിയുടെ സമ്മേളനത്തില്‍ വി എസും പ്രതിനിധിയായി പങ്കെടുത്തു. കേരളാടിസ്ഥാനത്തിലുള്ള കമ്യൂണിസ്റ്റ് പാർട്ടി പ്രവര്‍ത്തകരുമായി വി എസ് ബന്ധം സ്ഥാപിക്കാനുള്ള തുടക്കം കുറിച്ചത് അന്നായിരുന്നു. അടുത്ത കാലത്ത് രോഗാതുരനായി കിടക്കയെ ആശ്രയിച്ച് കഴിയുന്നതുവരെ അന്ന് തുടക്കം കുറിച്ച ബന്ധം എന്നും തുടരുകയുണ്ടായി.
വി എസിന്റെ കഴിവുകള്‍ മനസ്സിലാക്കിയ സഖാവ് പി കൃഷ്ണപിള്ള 1940 കളുടെ ആദ്യവര്‍ഷങ്ങളില്‍ തന്നെ വി എസിന് പുതിയ ചുമതലകള്‍ നല്‍കി. കയര്‍ത്തൊഴിലാളികളേക്കാള്‍ ദുരിതപൂര്‍ണമായ ജീവിതം നയിക്കേണ്ടിവന്ന കര്‍ഷകത്തൊഴിലാളികളെ സംഘടിപ്പിക്കുന്ന ജോലി വി എസിന് നല്‍കി. തുടര്‍ന്ന് വി എസിന്റെ പ്രവര്‍ത്തനം ആലപ്പുഴ പട്ടണത്തില്‍ നിന്ന് കുട്ടനാട്ടില്‍ കേന്ദ്രീകരിച്ചു. വി എസിന്റെ നേതൃത്വത്തില്‍ നടന്ന ശ്രീമൂലം കായലിലെ കര്‍ഷകത്തൊഴിലാളികളുടെ ആദ്യകാല സമരത്തിന് അന്നത്തെ അവശതകള്‍ക്ക് പരിഹാരം കാണുക മാത്രമല്ല പുത്തന്‍ ആനുകൂല്യങ്ങള്‍ നേടിയെടുക്കാനും കഴിഞ്ഞു. ഇതേത്തുടര്‍ന്ന് കര്‍ഷകത്തൊഴിലാളികളുടെ സംഘടിത പ്രസ്ഥാനമെന്ന നിലയില്‍ തിരൂവിതാംകൂര്‍ കര്‍ഷകത്തൊഴിലാളി യൂണിയന്‍ നിലവില്‍ വന്നു. പതുക്കെ പതുക്കെ സംഘടന കേരളത്തില്‍ വ്യാപിക്കാന്‍ തുടങ്ങി. കര്‍ഷകത്തൊഴിലാളികളുടെ അവകാശ സമരങ്ങളും പണിമുടക്കുകളും പടിപടിയായി വിജയത്തിലെത്തി. കൂടുതല്‍ തൊഴിലാളികള്‍ സംഘടനയില്‍ ചേരാന്‍ മുന്നോട്ടുവന്നു. തുടര്‍ന്ന് ഈ പ്രവര്‍ത്തനങ്ങള്‍ മറ്റു ജില്ലകളിലും വ്യാപിച്ചു. അതോടെ കേരളാ സ്റ്റേറ്റ് കര്‍ഷകത്തൊഴിലാളി യൂണിയന്‍ (കെഎസ്-കെടിയു) എന്ന സംസ്ഥാനാടിസ്ഥാനത്തിള്ള സംഘടന രൂപീകരിക്കപ്പെട്ടു. കൂട്ടനാട്ടിലെ കാര്‍ഷികമേഖലയില്‍ കര്‍ഷകത്തൊഴിലാളി യൂണിയന്റെ നേതൃത്വത്തില്‍ ഒട്ടനവധി സമരങ്ങള്‍ നടന്നു. 1953 ല്‍ സര്‍ക്കാര്‍ മിനിമം വേജ് കമ്മിറ്റി രൂപീകരിക്കാന്‍ നിര്‍ബന്ധിതമായി. 1956 ല്‍ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ചെങ്കിലും അത് നടപ്പായില്ല. 1957 ല്‍ ഭരണത്തിലെത്തിയ ഇഎംഎസിന്റെ നേതൃത്വത്തിലുള്ള ഗവണ്‍മെന്റാണ് കര്‍ഷകത്തൊഴിലാളികള്‍ക്ക് മിനിമം കൂലി കേരളത്തിലാദ്യമായി പ്രഖ്യാപിക്കുന്നത്. കര്‍ഷകത്തൊഴിലാളികളെ അവകാശബോധമുള്ളവരും സംഘടിതരുമാക്കി മാറ്റുന്നതില്‍ വി എസിന്റെ ഇടപെടല്‍ ഏറ്റവും പ്രധാനമായിരുന്നു. ഇതോടൊപ്പം വി എസ് മത്സ്യത്തൊഴിലാളികളെ സംഘടിപ്പിക്കുന്നതിലും ശ്രദ്ധചെലുത്തി. ചെത്തുതൊഴിലാളികളുടെ സംഘടന കെട്ടിപ്പടുക്കാനും വി എസ് മുന്നോട്ട് വന്നു. അക്കാലത്തായിരുന്നു ചെത്തുതൊഴിലാളിയായ കുട്ടന്‍ തെങ്ങില്‍ നിന്ന് വീണ് മരിച്ചത്. കുട്ടന്റെ ജഡം മറവുചെയ്യാന്‍ വിസമ്മതിക്കുകമാത്രമല്ല കുടികിടപ്പ് ഭൂമിയില്‍ നിന്ന് കുട്ടന്റെ കുടുംബം ഒഴിഞ്ഞു മാറണമെന്നും ജന്മി ആവശ്യപ്പെട്ടു. വി എസ് മറ്റു സഖാക്കളോടൊപ്പം സ്ഥലത്തെത്തി കുട്ടനെ അവിടെത്തന്നെ സംസ്കരിക്കും, തടയാനാരുവന്നാലും സമ്മതിക്കുകയില്ലെന്നും പ്രഖ്യാപിച്ചു. തൊഴിലാളികള്‍ വി എസിന്റെ പ്രഖ്യാപനത്തിനുപിന്നില്‍ അണിനിരന്നു. കുട്ടന്റെ മൃതദേഹം വീട്ടുവളപ്പില്‍ തന്നെ സംസ്കരിച്ചു. ചെത്തുതൊഴിലാളികളുടെ സംഘടിത ശക്തികളുടെ മുമ്പില്‍ ജന്മി സ്തംഭിച്ചു നിന്നു. തുടര്‍ന്ന് അമ്പലപ്പുഴ– ചേര്‍ത്തല താലൂക്കുകളില്‍ ചെത്തുതൊഴിലാളികളെ സംഘടിപ്പിക്കുന്നതിന് വി എസ് മുന്‍കൈയെടുത്തു. ചെത്തുതൊഴിലാളികള്‍ വി എസിനെ നിര്‍ബന്ധിച്ച് ചെത്തുതൊഴിലാളി യൂണിയന്റെ ഭാരവാഹിയാക്കി. 2001 വരെ ചെത്തുതൊഴിലാളി യൂണിയന്റെ ഭാരവാഹിത്വത്തില്‍ നിന്നും ഒഴിഞ്ഞുമാറാന്‍ വി എസിനെ അവുവദിച്ചില്ല. കര്‍ഷകത്തൊഴിലാളി യൂണിയനും, തെങ്ങുകയറ്റ തൊഴിലാളി യൂണിയനും, ചെത്തു തൊഴിലാളിയൂണിയനും വി എസിന്റെ മുന്‍കൈയോടെ ആലപ്പുഴ ജില്ലയിലെ താലൂക്കുകളില്‍ രൂപീകരിക്കപ്പെട്ടു.

ഐതിഹാസികമായ പുന്നപ്ര – വയലാര്‍ സമരത്തിലേക്ക് നയിച്ച സമരമായിരുന്നു 1946 ഒക്ടോബറിലെ കയര്‍ത്തൊഴിലാളികളുടെ പണിമുടക്ക്. തൊഴിലാളികളുടെ തൊഴിലിനെയും കൂലിയെയും ജീവിതത്തെയും ബാധിക്കുന്ന 27 ആവശ്യങ്ങള്‍ കയര്‍ത്തൊഴിലാളി സംഘടന ഉന്നയിച്ചിരുന്നു. പ്രായപൂര്‍ത്തിവോട്ടവകാശം നല്‍കുക, ദിവാന്‍ഭരണം അവസാനിപ്പിക്കുക, അമേരിക്കന്‍ മോഡല്‍ ഭരണം അറബിക്കടലില്‍ എന്നീ രാഷ്ട്രീയ മുദ്രാവാക്യങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയായിരുന്നു കയര്‍ത്തൊഴിലാളികള്‍ സമരമുഖത്ത് അണിനിരന്നത്. പുന്നപ്ര പ്രദേശം കേന്ദ്രീകരിച്ചായിരുന്നു വി എസിന്റെ അക്കാലത്തെ പ്രവര്‍ത്തനം. തൊഴിലാളികളെ സംഘടിതരാക്കാനും രാഷ്ട്രീയമായി അണിനിരത്താനും വി എസ് പ്രത്യേകം ശ്രദ്ധിച്ചിരുന്നു. 1946 ഒക്ടോബര്‍ 22 മുതല്‍ പണിമുടക്ക് നടത്തുവാന്‍ അഖില തിരുവിതാംകൂര്‍ ട്രേഡ് യൂണിയന്‍ കൗണ്‍സില്‍ തീരുമാനിച്ചു. പണിമുടക്ക് ആഹ്വാനം വന്നതോടെ പാർട്ടിക്കും അനുബന്ധ സംഘടനകള്‍ക്കും മേല്‍ ദിവാന്‍ സര്‍ സി പി രാമസ്വാമി അയ്യര്‍ തുലാം 4 ന് നിരോധനം ഏര്‍പ്പെടുത്തി. തുലാം 7 ന് നൂറുക്കണക്കിന് തൊഴിലാളികള്‍ പ്രകടനമായി ചെന്ന് പുന്നപ്രയിലെ പൊലീസ് ക്യാമ്പിനെ നേരിട്ടു. തൊഴിലാളികളെ അടിച്ചമര്‍ത്താന്‍ സര്‍ സിപിയുടെ ഭരണം പലസ്ഥലങ്ങളിലും പൊലീസ് ക്യാമ്പുകള്‍ സംഘടിപ്പിച്ചിരുന്നു. പുന്നപ്രയിലെ പോലീസ് ക്യാമ്പിനെ നേരിടാന്‍ തയ്യാറായത് പെട്ടെന്നെടുത്ത തീരുമാനമായിരുന്നില്ല. പൊലീസിന്റെയും പട്ടാളത്തിന്റെയും കൈയിലെ യന്ത്രത്തോക്കുകളെ നേരിടുവാന്‍ വാരിക്കുന്തമെന്ന ആയുധമുണ്ടാക്കാന്‍ തൊഴിലാളികള്‍ മുന്‍കൂട്ടി തീരുമാനിച്ചിരുന്നു. അടയ്ക്കാമരം കീറി ചെത്തിമിനുക്കി കൂര്‍പ്പിച്ച് കുന്തത്തിന്റെ മാതൃകയില്‍ ആയുധമാക്കി. പുന്നപ്രയയിലും പരിസരത്തും നാല് ക്യാമ്പുകള്‍ പ്രവര്‍ത്തിച്ചു. വി എസിന്റെ വേലിയ്ക്കകത്ത് വീട് തന്നെ ഒരു ക്യാമ്പായിരുന്നു. പുന്നപ്രയിലെ മറ്റൊരു ക്യാമ്പിന്റെ ചുമതലകൂടി വി എസിനുണ്ടായിരുന്നു. പുന്നപ്രയിലെ പൊലീസ് ക്യാമ്പിന് നേരെ നീങ്ങിയ സമര വളണ്ടിയര്‍മാരുടെ നേരെ പൊലീസ് തുടര്‍ച്ചയായി വെടിയുതിര്‍ത്തു. 29 പേര്‍ രക്തസാക്ഷികളായി. സമരവളന്റിയര്‍മാരുടെ വെട്ടേറ്റ് എസ് ഐ വേലായുധന്‍ നാടാരും മരിച്ചുവീണു. പുന്നപ്രയിലെ സമരവളന്റിയര്‍മാരെ നയിച്ചത് പി കെ ചന്ദ്രാനന്ദനായിരുന്നു. തൊട്ടടുത്ത ദിവസം ദിവാന്‍ സര്‍ സി പി രാമസ്വാമി അയ്യര്‍ പട്ടാള ഭരണം പ്രഖ്യാപിച്ചു. വയലാറിലേക്കുള്ള പട്ടാളത്തിന്റെ വരവ് തടയാന്‍ തൊഴിലാളികള്‍ മാരാരിക്കുളത്തെ റോഡിലുണ്ടായിരുന്ന തടിപ്പാലം പൊളിച്ചു കളഞ്ഞു. ഇതിന് തയ്യാറായ തൊഴിലാളികള്‍ക്കുനേരെ പൊലീസ് നടത്തിയ വെടിവെപ്പില്‍ ആറ് തൊഴിലാളികള്‍ മരണമടഞ്ഞു. പട്ടാളം മേനാശ്ശേരിയിലും ഒളതലയിലും ഒടുവില്‍ വയലാറിലും വെടിവെപ്പ് നടത്തി കൂട്ടക്കൊല ചെയ്തു. നൂറിലേറെ പേര്‍ വെടിയേറ്റു മരിച്ചു.
തുലാം 7 ന് പുന്നപ്രയിലെ വെടിവെപ്പിനുശേഷം പുന്നപ്ര – പറവൂര്‍ പ്രദേശങ്ങളില്‍ പൊലീസിന്റെയും പട്ടാളത്തിന്റെയും കടന്നാക്രമണം തുടര്‍ന്നു. വി എസ് അടക്കം സമരത്തിന് നേതൃത്വം നല്‍കിയവരെ തേടി പൊലീസ് വീടുകള്‍ കയറിയിറങ്ങി. പാർട്ടിയുടെ നിര്‍ദ്ദേശപ്രകാരം വി എസ് ആലപ്പുഴയില്‍ നിന്ന് കോട്ടയത്തിന് പോയി. കോട്ടയം ജില്ലാ സെക്രട്ടറി സി എസ് ഗോപാലപിള്ളയുടെ നിര്‍ദ്ദേശപ്രകാരം വി എസ് പൂഞ്ഞാറിലെത്തി. പൂഞ്ഞാറിലെ വാലാനിക്കല്‍ കുടുംബത്തില്‍ വി എസ് ഒളിവില്‍ കഴിഞ്ഞു. വി എസിനെ തേടി പൊലീസ് എത്താനുള്ള സാധ്യത മനസ്സിലാക്കി സി എസ് ഗോപാലപിള്ള ഒരു ദൂതന്‍ വഴി ആ വീട്ടില്‍ നിന്നും വേലന്‍ പറമ്പിലേക്ക് മാറണമെന്ന് കുറിപ്പ് കൊടുത്തയച്ചു. അതിന്റെ അടിസ്ഥാനത്തില്‍ വി എസ് താമസം അങ്ങോട്ട് മാറ്റി. വയലാര്‍ വെടിവെപ്പിന്റെ അടുത്ത ദിവസം വേലന്‍ പറമ്പ് വീടിന്റെ മുന്നിലെ തോട്ടില്‍ കുളി കഴിഞ്ഞ് മടങ്ങുകയായിരുന്ന വി എസിനെ പൊലീസ് ബലപ്രയോഗത്തിലൂടെ അറസ്റ്റ് ചെയ്ത് പാലായിലെ പൊലീസ് ലോക്കപ്പിലാക്കി. പൊലീസുകാര്‍ വി എസിനെ ഭീകരമായി മര്‍ദ്ദിച്ചു. ഒരു പൊലീസുകാരന്‍ തോക്കിന്റെ ബയണറ്റ്കൊണ്ട് വി എസിന്റെ വലതുകാലില്‍ കുത്തി മുറിവേല്‍പ്പിച്ചു. പൊലീസ് മര്‍ദ്ദനമേറ്റ് വി എസിന് ബോധം നഷ്ടപ്പെട്ടു. അനക്കമില്ലാതെ വി എസ് രക്തത്തില്‍ കുളിച്ചുകിടന്നു. വി എസ് മരിച്ചുവെന്ന് പൊലീസ് കരുതി. വി എസിന്റെ ശരീരം ആരും കാണാതെ മറവുചെയ്യാന്‍ പൊലീസ് നിശ്ചയിച്ചു. ബോധം നഷ്ടപ്പെട്ട വി എസിന്റെ ശരീരം പൊക്കിയെടുത്ത് പൊലീസ് ജീപ്പിന്റെ സീറ്റിന്റെ താഴെ കിടത്തിയ ശേഷം ജീപ്പ് യാത്ര തുടങ്ങി. ജീപ്പിലെ പൊലീസുകാര്‍ വി എസ് മരിച്ചിട്ടില്ലെന്ന് മനസ്സിലാക്കിയതോടെ അദ്ദേഹത്തെ പാലായിലെ ആശുപത്രിയിലെത്തിച്ചു. ആശുപത്രിയിലെ പരിചരണത്തിന്റെ ഫലമായി വി എസ് മരണത്തില്‍ നിന്നും രക്ഷപ്പെട്ടു. തുടര്‍ന്ന് ആലപ്പുഴ നിന്നും പൊലീസ് സംഘമെത്തി വി എസിനെ ആലപ്പുഴ സബ്ബ് ജയിലിലെത്തിച്ചു. വി എസിന്റെ മുറിവുകളും പരിക്കുകളും ഗുരുതരമായതുകൊണ്ട് ആലപ്പുഴ ജില്ലാ ആശുപത്രിയിലേക്ക് വി എസിനെ മാറ്റി. ഏറെനാള്‍ അവിടെയും വി എസിന് ചികിത്സയില്‍ കഴിയേണ്ടിവന്നു. ആലപ്പുഴയിലും പൂഞ്ഞാറും കേസുണ്ടായതിന്റെ പേരില്‍ ആലപ്പുഴ മജിസ്ട്രേറ്റ് കോടതിയിലും മീനച്ചില്‍ മജിസ്ട്രേറ്റ് കോടതിയിലും വി എസ് മാറി മാറി ഹാജരാകണമായിരുന്നു. ഇതോടെ വി എസിനെ മറ്റു തടവുകാര്‍ക്കൊപ്പം തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി.
സ്വാതന്ത്ര്യ പ്രാപ്തിക്കുശേഷം തിരുവിതാംകൂറില്‍ പട്ടം താണുപിള്ള പ്രധാന മന്ത്രിയായ ആദ്യത്തെ ജനാധിപത്യ സര്‍ക്കാര്‍ 1948 മാര്‍ച്ച് 24 ന് ഭരണത്തിലെത്തി. 1949 മാര്‍ച്ചിലാണ് വി എസ് ജയിലില്‍ നിന്ന് മോചിക്കപ്പെട്ടത്. വി എസിന്റെ അടുത്ത ജയില്‍വാസം 1962 ലെ അടിയന്തരാവസ്ഥ പ്രഖ്യാപനത്തെ തുടര്‍ന്നായിരുന്നു. ഒരു വര്‍ഷത്തോളം വി എസിന് ഇക്കാലത്ത് ജയിലില്‍ കഴിയേണ്ടി വന്നു. അടുത്ത ജയില്‍വാസം വി എസ് അനുഭവിച്ചത് 1975 ലെ അടിയന്തരാവസ്ഥക്കാലത്തായിരുന്നു. അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് മൂന്നുമാസത്തിനുശേഷം 1975 സെപ്തംബര്‍ 25 ന് വി എസ് അറസ്റ്റിലായി. അടിയന്തരാവസ്ഥക്കാലം മുഴുവനും വി എസിന് ജയിലില്‍ കഴിയേണ്ടി വന്നു. അങ്ങനെ പൊതുജീവിതത്തിന്റെ ആദ്യ ദശകങ്ങളില്‍ തന്നെ അഞ്ചുവര്‍ഷക്കാലത്തോളം നീണ്ട ജയില്‍വാസവും നാലരവര്‍ഷക്കാലത്തെ ഒളിവുജീവിതവും വി എസിന് അനുഭവിക്കേണ്ടിവന്നു.
1940 മുതല്‍ കമ്യൂണിസ്റ്റ് പാർട്ടിയുടെ പ്രവര്‍ത്തനങ്ങളുടെ തുടക്കത്തില്‍ വി എസ് നടത്തിയ ചില ഇടപെടലുകള്‍ മാത്രമാണ് ഞാനിവിടെ സൂചിപ്പിച്ചത്. പാർട്ടി പ്രവര്‍ത്തനത്തിന്റെ എല്ലാ മേഖലകളിലും വി എസ് സജീവമായി പ്രവര്‍ത്തിച്ചിരുന്നു. ജനങ്ങളെ സംഘടിപ്പിക്കുന്നതിലും അവരെ രാഷ്ട്രീയമായി വളര്‍ത്തുന്നതിലും വി എസ് അതിസമര്‍ഥനായിരുന്നു. അതിന്റെ ഫലമായി 1952 ല്‍ വി എസിനെ പാർട്ടിയുടെ ആലപ്പുഴ ഡിവിഷന്‍ സെക്രട്ടറിയായി പാർട്ടി നിയോഗിച്ചു. ഞാന്‍ വി എസിനെ ആദ്യമായി കണ്ടത് 1956 ആഗസ്തിലായിരുന്നു. അപ്പോള്‍ ഞാന്‍ ആലപ്പുഴ എസ് ഡി കോളേജിലെ ബിഎ വിദ്യാര്‍ത്ഥിയായിരുന്നു. വിദ്യാര്‍ത്ഥി ഫെഡറേഷന്റെ പ്രധാന പ്രവര്‍ത്തകരുടെ യോഗം കമ്യൂണിസ്റ്റ് പാർട്ടിയുടെ ജില്ലാ സെക്രട്ടറിയായ വി എസ് പലതവണ വിളിച്ചിരുന്നു. സംഘടനാപരമായും രാഷ്ട്രീയമായും വിദ്യാര്‍ത്ഥികളായ ഞങ്ങളെ വി എസ് നയിച്ചിരുന്നു. പടിപടിയായി ഞങ്ങളെ കമ്യൂണിസ്റ്റ് പാർട്ടിയുടെ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുപ്പിച്ചു. ഒടുവില്‍ 1956 ഡിസംബര്‍ മാസത്തില്‍ ഞാനടക്കം പതിനഞ്ച് വിദ്യാര്‍ത്ഥികളുടെ യോഗം വി എസ് വിളിച്ച് ഞങ്ങളെ കമ്യൂണിസ്റ്റ് പാർട്ടിയുടെ അംഗങ്ങളാക്കി സ്ഥാനക്കയറ്റം നല്‍കി. ഞാന്‍ കമ്യൂണിസ്റ്റ് പാർട്ടി അംഗമാവുന്നത് അപ്പോഴാണ്.
1952ല്‍ വി എസ് ആലപ്പുഴ ഡിവിഷന്‍ സെക്രട്ടറിയായതിനെ തുടര്‍ന്ന് പാർട്ടിയുടെയും ബഹുജന സംഘടനയുടെയും പ്രവര്‍ത്തനങ്ങള്‍ ആലപ്പുഴ ജില്ലയില്‍ ശക്തിപ്പെട്ടു. 1957ല്‍ നടന്ന സംസ്ഥാന തിരഞ്ഞെടുപ്പില്‍ ആലപ്പുഴ ജില്ലയിലെ ഭൂരിപക്ഷം സീറ്റുകളിലും കമ്യൂണിസ്റ്റ് പാർട്ടി വിജയിച്ചു. ജില്ലാ സെക്രട്ടറി എന്ന നിലയില്‍ വി എസ് ആയിരുന്നു ജില്ലയിലെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്. തുടര്‍ന്ന് സിപിഐ എം കെട്ടിപ്പടുക്കുന്നതിലും ശക്തിപ്പെടുത്തുന്നതിലും ആലപ്പുഴ ജില്ലയിലെ വി എസിന്റെ പ്രവര്‍ത്തനം ഏറ്റവും പ്രധാനമായിരുന്നു. വര്‍ഗസംഘടനകള്‍ കെട്ടിപ്പടുക്കുന്നതിലും പാർട്ടി അംഗങ്ങളെ രാഷ്ട്രീയമായി വളര്‍ത്തിക്കൊണ്ടുവരുന്നതിലും വിവിധ തലങ്ങളിലുള്ള പാർട്ടി ഘടകങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ പരിശോധിച്ച് ശക്തിപ്പെടുത്തുന്നതിലും വി എസ് ഏറ്റവും കൂടുതല്‍ ശ്രദ്ധ ചെലുത്തിയിരുന്നു. പാർട്ടിയുടെ ആദ്യകാല പ്രവര്‍ത്തകരോടൊപ്പം പുതിയ തലമുറക്കാരെ കണ്ടെത്തി വളര്‍ത്തിക്കൊണ്ടുവരുന്നതിന് ഏറ്റവും ശ്രദ്ധചെലുത്തിയ പാർട്ടി നേതാവായിരുന്നു വി എസ്.
ഇഎംഎസിന്റെ നേതൃത്വത്തിലുള്ള കമ്യൂണിസ്റ്റ് മന്ത്രിസഭ 1957 ല്‍ ഭരണത്തിലെത്തിയതിനുശേഷം 1958 ല്‍ സംസ്ഥാനത്ത് നടന്ന ആദ്യത്തെ ഉപതിരഞ്ഞെടുപ്പായിരുന്നു ദേവികുളം ഉപതിരഞ്ഞെടുപ്പ്. ദേവികുളം ഉപതിരഞ്ഞെടുപ്പിലെ മുഖ്യചുമതലക്കാരനായി സംസ്ഥാന കമ്മിറ്റി വി എസിനെ നിയോഗിച്ചു. അക്കാലത്ത് വി എസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമായിരുന്നു. കടുത്ത വെല്ലുവിളികളെ നേരിട്ട് വി എസ് തിരഞ്ഞെടുപ്പ് പ്രവര്‍ത്തം കുറ്റമറ്റതാക്കി. കാമരാജ് മുതല്‍ ഇന്ദിരാഗാന്ധി വരെയുള്ള നേതാക്കൾ കോണ്‍ഗ്രസിനുവേണ്ടി ദേവികുളത്ത് ക്യാമ്പ് ചെയ്തിരുന്നു. ഈ പ്രവര്‍ത്തനങ്ങളെയെല്ലാം അതിസമര്‍ഥമായി നേരിടാന്‍ വി എസിന്റെ നേതൃത്വത്തില്‍ ദേവികുളത്ത് കാര്യക്ഷമമായ പ്രവര്‍ത്തനം നടന്നു. കമ്യൂണിസ്റ്റ് പാർട്ടി സ്ഥാനാര്‍ത്ഥിയായ റോസമ്മ പുന്നൂസ് തിരഞ്ഞടുപ്പില്‍ വിജയിച്ചു. അക്കാലത്ത് ആഴ്ചയില്‍ പകുതി ദിവസം ആലപ്പുഴ ജില്ലാ സെക്രട്ടറിയെന്ന നിലയില്‍ ആലപ്പുഴ ജില്ലയിലും ബാക്കി ദിവസങ്ങളില്‍ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമെന്ന നിലയില്‍ സംസ്ഥാനത്തുടനീളവും വി എസ് പ്രവര്‍ത്തിച്ചു.
കമ്യൂണിസ്റ്റ് പാർട്ടിയുടെ രാഷ്ട്രീയ, സംഘടനാ പ്രവര്‍ത്തനങ്ങളില്‍ വി എസ് എക്കാലത്തും സജീവമായി പങ്കെടുത്തു. 1961 ഏപ്രില്‍ 7 മുതല്‍ 16 വരെ തീയതികളില്‍ വിജയവാഡയില്‍ വെച്ച് പാർട്ടിയുടെ ആറാം കോണ്‍ഗ്രസ് നടന്നു. വി എസിനെ പാർട്ടിയുടെ നാഷണല്‍ കോണ്‍ഗ്രസില്‍ അംഗമായി ആറാം പാർട്ടി കോണ്‍ഗ്രസ് തിരഞ്ഞെടുത്തു. വിജയവാഡ സമ്മേളനത്തിനുശേഷം കമ്യൂണിസ്റ്റ് പാർട്ടിക്കകത്ത് ശക്തിയായ രാഷ്ട്രീയ സമരം നടക്കുകയുണ്ടായി. ഈ സമരങ്ങളില്‍ വി എസ് സാമര്‍ഥ്യപൂര്‍വ്വം പങ്കെടുത്തു. മാര്‍ക്സിസം – ലെനിനിസത്തിന്റെ അടിസ്ഥാനത്തിലുള്ള രാഷ്ട്രീയ നിലപാടുകള്‍ വി എസ് എന്നും ഉയര്‍ത്തിപ്പിടിച്ചു. കമ്യൂണിസ്റ്റ് പാർട്ടിയില്‍ നടന്ന ആശയ സമരത്തിന്റെ ഭാഗമായി 1964 ല്‍ കമ്യൂണിസ്റ്റ് പാർട്ടിയുടെ നാഷണല്‍ കൗണ്‍സിലില്‍ നിന്നും ഇറങ്ങിപ്പോന്ന 32 നാഷണല്‍ കൗണ്‍സില്‍ അംഗങ്ങളില്‍ ഒരാളായിരുന്നു വി എസ്. അതേതുടര്‍ന്ന് പാർട്ടിക്കകത്ത് മാര്‍ക്സിസം – ലെനിനിസത്തിന്റെ അടിസ്ഥാനത്തിലുള്ള ശരി നിലപാടുകള്‍ പ്രചരിപ്പിക്കുന്നതിന് വി എസ് കേരളത്തിലുടനീളം ആശയപ്രചരണം നടത്തി. ഞാനന്ന് വിദ്യാര്‍ത്ഥി ജീവിതം അവസാനിപ്പിച്ച് അഭിഭാഷക ജോലിയില്‍ പ്രവേശിക്കുന്നതിന് ആലപ്പുഴ ജില്ലയില്‍ തിരിച്ചെത്തിയിരുന്നു. കമ്യൂണിസ്റ്റ് പാർട്ടി അംഗങ്ങളെ ശരിയായ രാഷ്ട്രീയ, സംഘടനാ നിലപാടുകളിലേക്ക് വളര്‍ത്തിക്കൊണ്ടുവരാന്‍ 1962 മുതല്‍ നിരവധി പ്രത്യേക യോഗങ്ങള്‍ വി എസ് വിളിച്ചുകൂട്ടിയിരുന്നു. ആലപ്പുഴ ജില്ലയിലെ കമ്യൂണിസ്റ്റ് പാർട്ടി പ്രവര്‍ത്തകരുടെ യോഗങ്ങളില്‍ പങ്കെടുക്കാന്‍ എനിക്കും അവസരം ലഭിച്ചു. ആലപ്പുഴ ജില്ലയിലെ ഭൂരിപക്ഷം അംഗങ്ങളും മാര്‍ക്സിസം – ലെനിനിസത്തിന്റെ അടിസ്ഥാനത്തിലുള്ള ശരി നിലപാടുകളിലേക്ക് എത്തിച്ചേര്‍ന്നു. ഇതിനുവേണ്ടി വി എസ് കേരളത്തില്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ ഏറ്റവും പ്രധാനമായിരുന്നു.
1964 ല്‍ ആലപ്പുഴ വെച്ച് നടന്ന സിപിഐ എമ്മിന്റെ സംസ്ഥാന സമ്മേളനത്തില്‍ വി എസിനെ തുടര്‍ന്നും സംസ്ഥാന കമ്മിറ്റി അംഗമായും സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമായും നിശ്ചയിച്ചു. 1964 ഒക്ടോബര്‍ 31 മുതല്‍ നവംബര്‍ 7 വരെ കല്‍ക്കത്തയില്‍ നടന്ന പാർട്ടിയുടെ ഏഴാം കോണ്‍ഗ്രസില്‍ വി എസിനെ സിപിഐ എമ്മിന്റെ കേന്ദ്ര കമ്മിറ്റി അംഗമായി തിരഞ്ഞെടുത്തു. 1980 ജനുവരി 24 ന് ചേര്‍ന്ന പാർട്ടി സംസ്ഥാന കമ്മിറ്റി യോഗം വി എസിനെ കേരള സംസ്ഥാന സെക്രട്ടറിയായി നിയോഗിച്ചു. തൊട്ടടുത്ത ദിവസം ഇ കെ നായനാര്‍ സംസ്ഥാന മുഖ്യമന്ത്രിയായി ചുമതല ഏറ്റെടുത്തു. 1991 ഡിസംബര്‍ വരെ വി എസ് സംസ്ഥാന സെക്രട്ടറിയായി തുടര്‍ന്നു. അക്കാലത്ത് സിപിഐ എമ്മിനെ കേരളത്തില്‍ ശക്തിപ്പെടുത്താന്‍ വി എസ് നടത്തിയ ആശയപരവും സംഘടനാപരവുമായ പ്രവര്‍ത്തനങ്ങള്‍ പാർട്ടിയുടെ രാഷ്ട്രീയ ചരിത്രത്തില്‍ വളരെ പ്രധാനമായിരുന്നു. എല്ലാ പ്രതിസന്ധികളെയും നേരിട്ട് പാർട്ടി അക്കാലത്ത് വളര്‍ന്നു. വി എസ് സംസ്ഥാന സെക്രട്ടറിയായതിനെ തുടര്‍ന്നാണ് വയനാട്, പത്തനംതിട്ട, കാസര്‍കോട് എന്നീ ജില്ലകളില്‍ പാർട്ടി ജില്ലാ കമ്മിറ്റികള്‍ രൂപീകരിച്ചത്. പാർട്ടി സംസ്ഥാന കമ്മിറ്റിയുടെയും ജില്ലാ കമ്മിറ്റിയുടെയും പ്രവര്‍ത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിന് വി എസ് പ്രത്യേകം ശ്രദ്ധ ചെലുത്തിയിരുന്നു. ഐക്യമുന്നണി ഭരണകാലത്ത് ഒരു വിഭാഗം കക്ഷികള്‍ കാലുമാറിയതിനെ തുടര്‍ന്ന് ഇ കെ നായനാരുടെ നേതൃത്വത്തിലുള്ള ഗവണ്‍മെന്റിന് ഭരണം ഒഴിയേണ്ടിവന്നു. അന്ന് നിലവില്‍ വന്ന രാഷ്ട്രീയ സ്ഥിതിഗതികളെയും പാർട്ടിയില്‍ ഉയര്‍ന്നുവന്ന സംഘടനാ പ്രശ്നങ്ങളെയും നേരിടാന്‍ വി എസിന്റെ നേതൃത്വത്തിലുള്ള പാർട്ടി കേന്ദ്രം ശക്തിയായി ഇടപെടുകയുണ്ടായി. ഇന്ദിരാ കോണ്‍ഗ്രസിനും മത–ജാതി പാർട്ടികള്‍ക്കുമെതിരെ ഇടതുപാർട്ടികളുടെയും മതനിരപേക്ഷ നിലപാട് സ്വീകരിക്കുന്ന പാർട്ടികളുടെയും യോജിച്ച പ്രവര്‍ത്തനമെന്ന പാർട്ടിയുടെ രാഷ്ട്രീയ സമീപനം ജനങ്ങള്‍ക്കിടയില്‍ പുതിയ ഉണര്‍വും ആവേശവും വളര്‍ത്തി. പാർട്ടിക്കകത്ത് ഉയര്‍ന്നുവന്ന സംഘടനാ പ്രശ്നങ്ങളെ വി എസിന്റെ നേതൃത്വത്തിലുള്ള പാർട്ടികേന്ദ്രം സമര്‍ഥമായി നേരിട്ടു. സംസ്ഥാന സെക്രട്ടേറിയറ്റിലെയും സംസ്ഥാന കമ്മിറ്റിയിലെയും ചില സഖാക്കള്‍ക്കെതിരെ നടപടിയെടുത്തുകൊണ്ട് പാർട്ടിയുടെ പ്രവര്‍ത്തനം മുന്നോട്ടുനീങ്ങി. ഇതിനെ തുടര്‍ന്ന് 1987 മാര്‍ച്ചില്‍ നടന്ന സംസ്ഥാന തിരഞ്ഞെടുപ്പില്‍ സിപിഐ എം വലിയ വിജയം നേടി. ഇ കെ നായനാരുടെ നേതൃത്വത്തിലുള്ള മന്ത്രിസഭ ഭരണത്തിലെത്തി. പാർട്ടിയുടെയും വര്‍ഗബഹുജന സംഘടനകളുടെയും ഗവണ്‍മെന്റിന്റെയും പ്രവര്‍ത്തനങ്ങളില്‍ വി എസ് ഫലപ്രദമായി ഇടപെട്ടിരുന്നു.
1964 മുതല്‍, 2015 ല്‍ വിശാഖപട്ടണത്ത് നടന്ന പാർട്ടിയുടെ 21 –ാം പാർട്ടി കോണ്‍ഗ്രസ് വരെ വി എസ് പാർട്ടിയുടെ കേന്ദ്ര കമ്മിറ്റി അംഗമായിരുന്നു. 1985 ഡിസംബര്‍ 24 മുതല്‍ 29 വരെ കല്‍ക്കത്തയില്‍ നടന്ന പാർട്ടി കോണ്‍ഗ്രസില്‍ വെച്ച് വി എസിനെ പാർട്ടിയുടെ പോളിറ്റ് ബ്യൂറോ അംഗമായി തിരഞ്ഞെടുത്തു. ഞാന്‍ പാർട്ടിയുടെ കേന്ദ്ര കമ്മിറ്റി അംഗമായത് അപ്പോഴായിരുന്നു. 2009 ല്‍ വി എസ് പിബി യില്‍ നിന്ന് ഒഴിവായി.
2006 മുതല്‍ 2011 വരെ വി എസ് കേരള മുഖ്യമന്ത്രിയായി. ഭരണരംഗത്ത് കമ്യൂണിസ്റ്റ് പാർട്ടി നേതാവ് എന്ന നിലയില്‍ അതിസമര്‍ഥമായി പ്രവര്‍ത്തിച്ചു. ഭരണതലത്തില്‍ വി എസ് നടത്തിയ പ്രവര്‍ത്തനങ്ങളുടെ വിശദാംശങ്ങള്‍ ഞാനീ ലേഖനത്തില്‍ വിവരിക്കുന്നില്ല. അടിസ്ഥാന ജനവിഭാഗങ്ങളുടെ താല്പര്യങ്ങള്‍ സംരക്ഷിച്ചുകൊണ്ട് കേരളത്തെ കാര്‍ഷികവും വ്യാവസായികവുമായി വികസിപ്പിക്കുവാന്‍ വി എസ് പരമാവധി പരിശ്രമിക്കുകയുണ്ടായി. ഐ ടി രംഗത്ത് പരമാവധി വികസനം ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ചു. തിരുവനന്തപുരത്തെ ടെക്നോ പാര്‍ക്കും കൊച്ചിയിലെ ഇന്‍ഫോപാര്‍ക്കും വികസിപ്പിച്ചു. ഇന്‍ഫോസിസ്, വിപ്രോ, ടിസിഎസ് തുടങ്ങിയ സംരംഭകത്വ സ്ഥാപനങ്ങള്‍ക്ക് വികസനത്തിനാവശ്യമായ സൗകര്യങ്ങള്‍ നല്‍കി. ഇതിന്റെ ഫലമായി 2006 ല്‍ വി എസ് ഗവണ്‍മെന്റ് ഭരണത്തിലെത്തുമ്പോള്‍ ഐ ടി കയറ്റുമതിയില്‍ നിന്നും 300 കോടി രൂപയാണ് ലഭിച്ചിരുന്നതെങ്കില്‍ അഞ്ചുവര്‍ഷത്തിനുശേഷം ഐ ടി കയറ്റുമതിയില്‍ നിന്നുള്ള വരുമാനം 10,000 കോടി രൂപയായി വര്‍ദ്ധിച്ചു. കോവളം മുതല്‍ നീലേശ്വരം വരെ നീളുന്ന 610 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ദേശീയ ജലപാത, കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം, കൊച്ചി മെട്രോ റെയില്‍വെ എന്നിവയ്ക്ക് ആരംഭം കുറിച്ചത് വി എസിന്റെ ഭരണകാലത്തായിരുന്നു. വി എസ് പലവട്ടം കേരളത്തിലെ നിയമസഭാംഗമായിട്ടുണ്ട്. 1967 ലും 1970 ലും അമ്പലപ്പുഴയില്‍ നിന്ന് ജയിച്ച് എംഎല്‍എ ആയി. 1991 ല്‍ മാരാരിക്കുളത്തുനിന്നും എംഎല്‍എ ആയി. 2001 മുതല്‍ 2021 വരെ തുടര്‍ച്ചയായി നാലുതവണ വി എസ് മലമ്പുഴ നിയോജക മണ്ഡലത്തില്‍ നിന്നും എംഎല്‍എ ആയി വിജയിച്ചിരുന്നു. 2016 മുതല്‍ 2021 വരെ വി എസ് കേരള സംസ്ഥാന ഭരണപരിഷ്കാര കമ്മീഷന്‍ ചെയര്‍മാനായിരുന്നു. ഈ നിലകളിലെല്ലാമുള്ള പ്രവർത്തനങ്ങളിൽ വി എസ് തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കുകയുണ്ടായി. l



