Saturday, January 24, 2026

ad

Homeകവര്‍സ്റ്റോറിവി എസിനെ ഓർക്കുമ്പോൾ

വി എസിനെ ഓർക്കുമ്പോൾ

പിണറായി വിജയൻ

ഖാവ് വി എസ് അച്യുതാനന്ദന്‍ വിടവാങ്ങിയിരിക്കുകയാണ്. കേരള സമൂഹത്തിനാകെയും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് വിശേഷിച്ചും നികത്താനാവാത്ത നഷ്ടമാണ് അദ്ദേഹത്തിന്റെ വിയോഗത്തിലൂടെ സംഭവിച്ചിരിക്കുന്നത്.

ഒരു കമ്യൂണിസ്റ്റുകാരന്‍ രൂപപ്പെടുന്നത് സമഗ്രമായ ഒരു ചരിത്രപ്രക്രിയയുടെ ഭാഗമായാണ്. താന്‍ വളരുന്ന ചുറ്റുപാടുകളില്‍ വസിക്കുന്നവരുമായി ഇടപഴകി, അതില്‍നിന്ന് പാഠങ്ങള്‍ ഉള്‍ക്കൊണ്ട്, അപരസ്നേഹത്തിന്റെയും കരുതലിന്റെയും മാതൃകയായി വളര്‍ന്ന്, സ്വജീവിതം കൊണ്ട് അന്യജീവന് ഉതകുമ്പോഴാണ് ഒരു കമ്യൂണിസ്റ്റ് പൂര്‍ണ്ണതയിലേക്ക് വളരുന്നത്. ആ നിലയ്ക്കു നോക്കിയാല്‍ ഒരു കമ്യൂണിസ്റ്റുകാരനെന്ന നിലയിലേക്കുള്ള വി എസിന്റെ വളര്‍ച്ച അന്നത്തെ സാമൂഹിക – സാമ്പത്തിക സാഹചര്യങ്ങളുടെ സൃഷ്ടികൂടിയാണെന്നു പറയാം.

എട്ടര പതിറ്റാണ്ടോളം നീളുന്ന രാഷ്ട്രീയചരിത്രത്തിന്റെ വികാസ പരിണാമങ്ങളാണ് ആ ജീവിതം. അത് കേവലമായ ഒരു ജീവചരിത്രം മാത്രമല്ല, കേരളത്തിന്റെ പുരോഗമനോന്മുഖ മുന്നേറ്റങ്ങളോട് ഇഴചേര്‍ന്നു കിടക്കുന്ന ചരിത്രമാണ്. കയര്‍ തൊഴിലാളികളും കര്‍ഷകത്തൊഴിലാളികളും അടക്കമുള്ള നിസ്വവര്‍ഗ്ഗത്തിന്റെ മുന്നേറ്റത്തിന്റെ ചരിത്രവുമാണ്. അതുകൊണ്ടുതന്നെ ചരിത്രപുരുഷന്‍ എന്ന വിശേഷണം അദ്ദേഹത്തിന് എല്ലാ നിലയ്ക്കും ഇണങ്ങുന്ന ഒന്നാണ്.

വി എസിന്റെ വ്യക്തിത്വത്തെ രാകി മിനുക്കിയെടുക്കുന്നതില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി വഹിച്ച പങ്ക് വളരെ വലുതാണ്. 17–ാം വയസ്സില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി അംഗമായ അദ്ദേഹത്തിന്റെ തുടര്‍ന്നുള്ള ജീവിതം കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെയും കമ്യൂണിസ്റ്റ് ആശയങ്ങളെയും ദൃഢപ്പെടുത്തുന്നതിനു വേണ്ടി ഉഴിഞ്ഞുവെച്ച ഒന്നായിരുന്നു. പൊതുപ്രവര്‍ത്തനം ആരംഭിച്ച് മരണം വരെയുള്ള മിക്കവാറും എല്ലാ ഘട്ടത്തിലും സജീവമായി നില്‍ക്കുക എന്നത് അധികം സംഭവിക്കുന്ന കാര്യമല്ല, അധികമാര്‍ക്കും കഴിയുന്ന കാര്യവുമല്ല. എന്നാല്‍ വി എസ് ഒരു നൂറ്റാണ്ടോളം കാലം കേരളത്തിന്റെ പൊതുസമൂഹത്തോടൊപ്പം തന്നെ സഞ്ചരിച്ചു.

തികച്ചും ദരിദ്രമായ ചുറ്റുപാടുകളില്‍ ജനനം, വേണ്ടത്ര തിരിച്ചറിവാകുന്നതിനു മുമ്പുതന്നെ അച്ഛന്റെയും അമ്മയുടെയും വേര്‍പാട്, പ്രൈമറി ക്ലാസില്‍ പഠിക്കുമ്പോള്‍ത്തന്നെ മുടങ്ങിപ്പോയ വിദ്യാഭ്യാസം, ജീവിതം കരുപ്പിടിപ്പിക്കാന്‍ പതിനൊന്നാം വയസു മുതല്‍ തന്നെ അധ്വാനിക്കേണ്ടിവന്ന സ്ഥിതി,ജ്യേഷ്ഠന്റെ തയ്യല്‍ക്കടയിലെ സഹായിയായി തുടങ്ങിയ തൊഴില്‍ജീവിതം. പിന്നീട് കയര്‍ ഫാക്ടറി തൊഴിലാളിയായുള്ള മാറ്റം. അങ്ങനെ ആസ്പിന്‍വാള്‍ കയര്‍ ഫാക്ടറി തൊഴിലാളിയായി വി എസ് ജീവിതം മുന്നോട്ടു കൊണ്ടുപോകുമ്പോഴാണ് ആലപ്പുഴയില്‍ സഖാവ് പി കൃഷ്ണപിള്ള എത്തുന്നത്. ആ കൂടിക്കാഴ്ചയാണ് വി എസിന്റെ രാഷ്ട്രീയജീവിതത്തെ വഴിതിരിച്ചുവിട്ടത്.

അന്ന് ആലപ്പുഴയിലെ കയര്‍ ഫാക്ടറികളെല്ലാം ബ്രിട്ടീഷുകാരുടെ ഉടമസ്ഥതയിലായിരുന്നു. അവിടത്തെ കയറുല്‍പ്പന്നങ്ങള്‍ വിദേശങ്ങളിലേക്ക് കയറ്റി അയച്ച് ലാഭം കൊയ്യുന്നത് മുതലാളിമാരായിരുന്നു. തൊഴിലാളികള്‍ വലിയ തോതില്‍ ചൂഷണം ചെയ്യപ്പെട്ടിരുന്നു. കയര്‍ ഫാക്ടറിയിലെ തൊഴിലാളി ജീവിതത്തില്‍ നിന്ന് ഇത്തരം ചൂഷണത്തിന്റെ കഥകള്‍ വി എസിന് നേരിട്ടറിയാമായിരുന്നു. ഇതിനുശേഷമാണ് കര്‍ഷകത്തൊഴിലാളികളെ സംഘടിപ്പിക്കുന്ന ദൗത്യവുമായി വി എസ് കുട്ടനാട്ടിലേക്ക് പോയത്. അവിടെ ജാതീയമായും തൊഴില്‍പരമായും അടിച്ചമര്‍ത്തപ്പെട്ടിരുന്ന കര്‍ഷകത്തൊഴിലാളികളെ സംഘടിപ്പിക്കാന്‍ പോരാട്ടങ്ങള്‍ നടത്തി. അവിടെ നിന്നാണ് തിരുവിതാംകൂര്‍ കര്‍ഷകത്തൊഴിലാളി യൂണിയന്‍ രൂപീകൃതമാകുന്നത്. ഇതു പിന്നീട് കര്‍ഷകത്തൊഴിലാളികളുടെ ഏറ്റവും വലിയ സമരസംഘടനയായ കേരളാ സ്റ്റേറ്റ് കഷകത്തൊഴിലാളി യൂണിയനായും, തുടര്‍ന്ന് അഖിലേന്ത്യാ കര്‍ഷകത്തൊഴിലാളി യൂണിയനായും വളര്‍ന്നു പന്തലിക്കുകയും ചെയ്തു. ഈ അനുഭവത്തിന്റെ കരുത്തില്‍ നിന്നാണ് പിന്നീട് വി എസ് മത്സ്യത്തൊഴിലാളികളെയും ചെത്തു തൊഴിലാളികളെയും തെങ്ങുകയറ്റത്തൊഴിലാളികളെയും ഒക്കെ സംഘടിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടത്. ഈ പ്രവര്‍ത്തനങ്ങളെല്ലാം തന്നെ വി എസിലെ കമ്യൂണിസ്റ്റ് നേതാവിനെയും രൂപപ്പെടുത്തുന്നതില്‍ വലിയ പങ്കുവഹിച്ചിട്ടുണ്ട്.

വി എസ് അടക്കമുള്ളവരുടെ ഇടപെടലിന്റെ ഫലമായി കയര്‍ ഫാക്ടറി തൊഴിലാളി സംഘടന അമ്പലപ്പുഴ–ചേര്‍ത്തല താലൂക്കുകളില്‍ വ്യാപിച്ചു. അങ്ങനെ കയര്‍ തൊഴിലാളികളുടെ ദുരിതജീവിതത്തിന് പരിഹാരം തേടിയുള്ള പോരാട്ടങ്ങള്‍ ഉയര്‍ന്നുവന്നു. തൊഴിലാളികള്‍ അവരുടെ സേവന–വേതന വ്യവസ്ഥകള്‍ മെച്ചപ്പെടുത്താനായി സമരരംഗത്തേക്കു വന്നു. ദിവാന്‍ ഭരണം അവസാനിപ്പിക്കുക, പ്രായപൂര്‍ത്തി വോട്ടവകാശം നല്‍കുക, അമേരിക്കന്‍ മോഡല്‍ ഭരണം അറബിക്കടലില്‍ എന്നീ മുദ്രാവാക്യങ്ങള്‍ കൂടി കയര്‍ത്തൊഴിലാളികള്‍ ഉയര്‍ത്തി. അങ്ങനെ കേവലമൊരു തൊഴില്‍ സമരത്തില്‍ നിന്ന് അത് ദേശീയ സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമെന്ന നിലയിലേക്ക് വളര്‍ന്നു. ഇങ്ങനെയാണ് ഐതിഹാസികമായ പുന്നപ്ര–വയലാര്‍ സമരം രൂപപ്പെട്ടത്. അതിന്റെ സംഘാടന പ്രവര്‍ത്തനങ്ങളില്‍ വി എസ് ഭാഗഭാക്കായിരുന്നു. സംഘാടന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടവരെയൊക്കെ പോലീസ് തെരഞ്ഞുകൊണ്ടിരുന്നതുകൊണ്ട് പാര്‍ട്ടിയുടെ നിര്‍ദ്ദേശപ്രകാരം വി എസ് ആ ഘട്ടത്തില്‍ കോട്ടയത്തേക്കും പിന്നീട് അവിടെ നിന്ന് പൂഞ്ഞാറിലേക്കും പോയി. ഇവിടെ ഒളിവിലിരിക്കുമ്പോഴാണ് അദ്ദേഹം പോലീസിന്റെ പിടിയിലായതും, തുടര്‍ന്ന് മൂന്നാംമുറയ്ക്ക് വിധേയനായതും. പിന്നെ ഏറെ നാളത്തെ ജയില്‍ ജീവിതം.

1964 ല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ഭിന്നിപ്പുണ്ടായപ്പോള്‍ ദേശീയ കൗണ്‍സിലില്‍ നിന്ന് ഇറങ്ങിപ്പോന്ന് സിപിഐ എം രൂപീകരിച്ച 32 പേരില്‍ അവശേഷിച്ചിരുന്ന അവസാനത്തെ കണ്ണിയാണ് വി എസിന്റെ വിയോഗത്തിലൂടെ അറ്റുപോയത്. 1964–65 ഘട്ടത്തില്‍ സിപിഐ എം രൂപീകരണത്തെ തുടര്‍ന്ന് പാര്‍ട്ടിയുടെ സമുന്നതരായ നേതാക്കളാകെത്തന്നെ വേട്ടയാടുകയും അറസ്റ്റു ചെയ്യുകയും ചെയ്തു. അന്ന് സഖാവ് വി എസിന് ജയില്‍വാസം അനുഭവിക്കേണ്ടതായി വന്നു. പിന്നീടുള്ള ഘട്ടത്തില്‍ അടിയന്തരാവസ്ഥയുടെ ഭീകരമായ നാളുകള്‍ അദ്ദേഹം അതിജീവിച്ചു. മറ്റു നിരവധി നേതാക്കളെപ്പോലെ അക്കാലത്ത് അദ്ദേഹവും ജയിലിലായിരുന്നു. പിന്നീട് സിപിഐ എം സംസ്ഥാന സെക്രട്ടറി, പ്രതിപക്ഷ നേതാവ്, എല്‍ ഡി എഫ് കണ്‍വീനര്‍, മുഖ്യമന്ത്രി, ഭരണ പരിഷ്കാര കമ്മീഷന്‍ ചെയര്‍മാന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. 35 വര്‍ഷക്കാലം എംഎല്‍എ ആയി പ്രവര്‍ത്തിച്ചു. പാര്‍ട്ടി പൊളിറ്റ്ബ്യൂറോ അംഗം എന്ന നിലയില്‍ അദ്ദേഹം നടത്തിയ പ്രവര്‍ത്തനവും ശ്രദ്ധേയമാണ്.

രാഷ്ട്രീയ പ്രവര്‍ത്തനത്തിനൊപ്പം, സാമൂഹ്യþപരിസ്ഥിതി പ്രവര്‍ത്തനങ്ങളിലും സജീവമായി. വലതുപക്ഷ ഭരണത്തിലെ അഴിമതിക്കും തെറ്റായ പ്രവണതകള്‍ക്കുമെതിരെ രാഷ്ട്രീയമായി പ്രതിരോധമുയര്‍ത്തുന്നതിനോടൊപ്പം അവയെ നേരിടാന്‍ നിയമപരമായ മാര്‍ഗ്ഗങ്ങളും പ്രയോഗിച്ചു. ഇക്കാര്യത്തില്‍ പാര്‍ട്ടി അദ്ദേഹത്തിനു പിന്തുണ നല്‍കി. എട്ടു ദശാബ്ദത്തിലധികം സജീവമായി പൊതുപ്രവര്‍ത്തന രംഗത്തുണ്ടായിരുന്നു അദ്ദേഹം.

താന്‍ ജീവിച്ച കാലഘട്ടത്തെ അണമുറിയാത്ത പോരാട്ടങ്ങള്‍കൊണ്ട് ധന്യമാക്കിയാണ് വി എസ് കടന്നുപോയത്. സി പി ഐ എമ്മിന്റെ രൂപീകരണ ഘട്ടത്തില്‍ പാര്‍ട്ടി മുന്നോട്ടുവെച്ച പ്രവര്‍ത്തനങ്ങള്‍ പലതും ഏറ്റെടുക്കുന്നതിനും നടപ്പാക്കുന്നതിനും വേണ്ടി മുന്നില്‍ നിന്നു പ്രവര്‍ത്തിച്ച വ്യക്തിത്വമാണ് വി എസ്. അവയില്‍ പൂര്‍ത്തീകരിക്കപ്പെട്ടവയുമുണ്ട്, പൂര്‍ത്തീകരിക്കപ്പെടേണ്ടവയുമുണ്ട്. ആ ലക്ഷ്യങ്ങള്‍ കൈവരിച്ചുകൊണ്ട് നല്ലൊരു നാളെ കെട്ടിപ്പടുക്കുന്നതിന് ഊര്‍ജ്ജമായി മാറും സഖാവ് വി എസിന്റെ സ്മരണ എന്ന കാര്യത്തില്‍ സംശയമില്ല. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

twenty + one =

Most Popular