Tuesday, July 28, 2026

ad

Homeകവര്‍സ്റ്റോറിസമരഭരിതമായ ജീവിതം

സമരഭരിതമായ ജീവിതം

ന്ത്യയിൽ ജീവിച്ചിരുന്ന ഏറ്റവും പ്രായം കൂടിയ കമ്യൂണിസ്റ്റായിരുന്നു സഖാവ് വി എസ്. ആ തലമുതിർന്ന വിപ്ലവകാരിക്ക് ആദരാഞ്ജലികൾ അർപ്പിക്കാനായി അഭൂതപൂർവമായി ഒഴുകിയെത്തിയ ജനസഞ്ചയം വിവരണാതീതമാണ്. അദ്ദേഹത്തോടൊപ്പം നേരിട്ട് പ്രവർത്തിക്കാൻ അവസരം ലഭിച്ച വയോധികരായ സ്ത്രീകളും പുരുഷന്മാരും, അദ്ദേഹത്തിന്റെ നേതൃപാടവം അനുഭവിച്ചറിഞ്ഞ മധ്യവയസ്കരും, മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായി അദ്ദേഹത്തെ കണ്ടിട്ടുള്ള യുവാക്കളും, എന്തിന്, ആരോഗ്യപരമായ കാരണങ്ങളാൽ സമീപകാലത്ത് പൊതുരംഗത്ത് അത്ര സജീവമല്ലാതിരുന്നതിനാൽ അദ്ദേഹത്തെക്കുറിച്ച് കേട്ടറിവ് മാത്രമുണ്ടാകാൻ സാധ്യതയുള്ള കുട്ടികളുംവരെ ദേശീയപാതയുടെ ഇരുവശങ്ങളിലുമായി വലിയ തോതിൽ തടിച്ചുകൂടി.

തിരുവനന്തപുരത്ത് നിന്ന് ആലപ്പുഴയിലേക്കുള്ള 150 കിലോമീറ്റർ ദൂരം റോഡ് മാർഗം യാത്ര ചെയ്യാൻ സാധാരണയായി 4 മുതൽ 5 മണിക്കൂർ വരെയാണ് എടുക്കുക. അദ്ദേഹത്തെ അവസാനമായി ഒരുനോക്കുകാണാൻ ആഗ്രഹിച്ചെത്തിയ ജനസഞ്ചയത്തിന്റെ ആഗ്രഹം കണക്കിലെടുത്ത്, ഈ പാതയിലൂടെയുള്ള സഖാവ് വി എസ്സിന്റെ അന്ത്യയാത്ര 8 മണിക്കൂറായി നിശ്ചയിച്ചിരുന്നു. എന്നാൽ, 21 മണിക്കൂർ പിന്നിട്ടിട്ടാണ് സഖാവ് വി എസിന്റെ മൃതശരീരവുമായി പോകുന്ന വാഹനം ലക്ഷ്യസ്ഥാനത്ത് എത്തിയത്. ശതാബ്ദി പിന്നിട്ട കമ്യൂണിസ്റ്റ് നേതാവിന്, തങ്ങളുടെ പ്രിയപ്പെട്ട വി എസിന് അന്തിമോപചാരം അർപ്പിക്കാനായി, രാത്രി മുഴുവനും കനത്ത മഴയെ പോലും അവഗണിച്ച്, ക്ഷമയോടെ കാത്തുനിന്ന നിയന്ത്രിക്കാനാവാത്തത്ര വലിയ ജനക്കൂട്ടമാണ് ഇതിന് കാരണം.

1970ൽ കൊല്ലം റെയിൽവേ സ്റ്റേഷൻ മൈതാനത്ത് നടന്ന സിപിഐ എമ്മിന്റെ ഒരു രാഷ്ട്രീയ യോഗത്തിൽ വെച്ചാണ് ഞാൻ അദ്ദേഹത്തെ ആദ്യമായി അടുത്തു കാണുന്നത്. അക്കാലത്ത്, കരുത്തുറ്റ ശരീരപ്രകൃതമായിരുന്നു അദ്ദേഹത്തിന്റേത്. ഊർജ്ജസ്വലമായ അംഗവിക്ഷേപങ്ങളോടും ഭാവസാന്ദ്രമായ കൈമുദ്രകളോടും കൂടിയുള്ള അദ്ദേഹത്തിന്റെ പ്രസംഗങ്ങൾക്ക് വലിയ ശാരീരികാധ്വാനം ആവശ്യമായിരുന്നു. പ്രസംഗം കഴിയുമ്പോഴേക്കും വിയർപ്പിൽ കുളിച്ച, ശരീരത്തോട് ഒട്ടിച്ചേർന്ന ജുബ്ബയോടു കൂടിയ അദ്ദേഹത്തിന്റെ രൂപം അന്നെന്റെ മനസ്സിൽ പതിഞ്ഞ മായാത്ത ചിത്രമാണ്. അടിയന്തരാവസ്ഥയ്ക്ക് ശേഷം, പത്താം പാർട്ടി കോൺഗ്രസിന് മുന്നോടിയായി ഞാൻ സി പി ഐ എം കൊല്ലം ജില്ലാ കമ്മിറ്റിയിൽ അംഗമായി. അതോടെ സഖാവ് വി എസ്സിനെയും അദ്ദേഹത്തിന്റെ നേതൃപാടവത്തെയും കൂടുതൽ അടുത്തറിയാൻ എനിക്ക് അവസരം ലഭിച്ചു.

തുടക്കത്തിൽ, അദ്ദേഹം വളരെ കർക്കശക്കാരനും പരുക്കനുമായാണ് എനിക്ക് അനുഭവപ്പെട്ടത്. എന്നാൽ, വിമർശനങ്ങളെ സ്വീകരിക്കാനുള്ള അദ്ദേഹത്തിന്റെ സന്നദ്ധത വെളിവാക്കുന്ന ഒരു സംഭവം ഞാൻ ഓർക്കുന്നു. 1980ൽ സഖാവ് ഇ കെ നായനാർ മുഖ്യമന്ത്രിയായപ്പോഴാണ് സഖാവ് വി എസ് പാർട്ടി സംസ്ഥാന സെക്രട്ടറിയായത്. 1985ൽ കൊച്ചിയിൽ നടന്ന സിപിഐ എം സംസ്ഥാന സമ്മേളനം എം വി രാഘവന്റെ ബദൽ രേഖയെച്ചൊല്ലിയുള്ള സംവാദങ്ങളാൽ ശ്രദ്ധേയമായി. എങ്കിലും, നേതൃത്വം വിവിധ തലങ്ങളിലുള്ള പാർട്ടി പ്രവർത്തകരുമായി കൂടുതൽ സൗഹാർദ്ദപരമായും അനുഭാവപൂർവ്വമായും ഇടപെടേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചുള്ള ഒരു പ്രധാന ചർച്ചയും അവിടെ ഉയർന്നു വന്നു. ആ സമ്മേളനം കഴിഞ്ഞ് ഏതാനും ആഴ്ചകൾക്കുശേഷം, കൊല്ലം പോളയത്തോട്ടുള്ള പാർട്ടി ജില്ലാ കമ്മിറ്റി ഓഫീസിന്റെ വരാന്തയിലിരുന്ന് ഞങ്ങൾ പത്രം വായിക്കുമ്പോഴാണ് സഖാവ് വി എസ് അവിടേക്ക് കയറിവന്നത്.

സാധാരണയായി, എപ്പോഴും തിരക്കിലായിരുന്ന അദ്ദേഹം നേരെ ജില്ലാ സെക്രട്ടറിയുടെ മുറിയിലേക്ക് പോവുകയാണ് പതിവ്. എന്നാൽ അന്ന് അദ്ദേഹം ആ പതിവു തെറ്റിച്ചു. അവിടെ കൂടിയിരുന്ന സഖാക്കളോട് കുശലാന്വേഷണങ്ങൾ നടത്തിയും സൗഹൃദ സംഭാഷണത്തിലേർപ്പെട്ടും കുറച്ചു സമയം ചെലവഴിച്ച ശേഷമാണ് അദ്ദേഹം അകത്തേക്ക് പോയത്. എറണാകുളം സമ്മേളനത്തിൽ പ്രതിനിധികളായി പങ്കെടുക്കുകയും ആ ചർച്ചകൾ കേൾക്കുകയും ചെയ്ത സഖാക്കൾക്ക് ഈ മാറ്റം നിസ്സംശയം തിരിച്ചറിയാൻ കഴിഞ്ഞിട്ടുണ്ടാവും. വിമർശനങ്ങളെ ഉൾക്കൊണ്ട് സ്വയം നവീകരിക്കാനുള്ള സന്നദ്ധത എന്ന ഒരു കമ്യൂണിസ്റ്റിന്റെ അടിസ്ഥാന സ്വഭാവമാണ് അതിൽ പ്രതിഫലിച്ചത്.

കുട്ടനാട്ടിലെ കർഷകത്തൊഴിലാളികളെ സംഘടിപ്പിക്കാനും അവരെ നട്ടെല്ല് വളയ്ക്കാതെ നിവർന്നുനിൽക്കാനും, സമരം ചെയ്ത് അവകാശങ്ങൾ പിടിച്ചു വാങ്ങാനും പഠിപ്പിച്ചതും പരിശീലിപ്പിച്ചതുമാണ് കേരളത്തിലെ സമരങ്ങളുടെ ചരിത്രത്തിലെ സഖാവ് വി എസിന്റെ ഏറ്റവും വലിയ നേട്ടം. അതുല്യ സംഘാടകനായ സഖാവ് പി കൃഷ്ണപിള്ളയാണ് യുവാവായ വി എസിന്റെ കഴിവുകൾ മന്ത്രശക്തിയാൽ എന്നവണ്ണം തിരിച്ചറിഞ്ഞ് കുട്ടനാട്ടിലെ അസംഘടിതരായ കർഷകത്തൊഴിലാളികളെ ചെങ്കൊടിക്ക് കീഴിൽ സംഘടിപ്പിച്ച് അണിനിരത്തുന്ന ദൗത്യം ഏൽപ്പിക്കുന്നത്. അങ്ങനെ ധീരവും സാഹസികവുമായ പോരാട്ടങ്ങളിലൂടെ കുട്ടനാട്ടിൽ കർഷകത്തൊഴിലാളി പ്രസ്ഥാനത്തിന് സഖാവ് വി എസ് അടിത്തറയിട്ടു.

‘അടിമകളല്ല ഞങ്ങൾ, അടങ്ങുകില്ലിനി നമ്മൾ’ എന്ന മുദ്രാവാക്യം അക്കാലം വരെ മൃഗസമാനമായ ജീവിതം നയിച്ചു പോന്നവർ കായൽ നിലങ്ങളിൽ നിന്ന് തൊണ്ടപൊട്ടുമാറുച്ചത്തിൽ ഉയർത്തിയത് വി എസിന്റെ സമരസംഘാടന വൈഭവത്തിന്റെ നിത്യ സാക്ഷ്യമാണ്. അസാധ്യമെന്ന് തോന്നാവുന്ന ഏത് ഉത്തരവാദിത്വവും, അത് സംഘടനാപരമാകട്ടെ സമരസംബന്ധിയാവട്ടെ, നിസ്സംശയം വിശ്വസിപ്പിച്ച് ഏൽപ്പിക്കാവുന്ന പോരാളിയായ സംഘാടകൻ എന്ന നിലയ്ക്ക് സഖാവ് വി എസ് വിഖ്യാതനായത് കുട്ടനാട്ടിലെ കായൽ രാജാക്കന്മാരെ തോൽപ്പിച്ചുകൊണ്ട്, തനി വിധേയ ജീവിതം നയിച്ചിരുന്ന കർഷകത്തൊഴിലാളികളെ പോരാളികളാക്കി വളർത്തിയതോടെയാണ്.

1964ൽ റിവിഷനിസത്തിനെതിരായ സമരത്തിന്റെ ഭാഗമായി സിപിഐ നാഷണൽ കൗൺസിലിൽ നിന്ന് ഇറങ്ങിപ്പോന്ന മുപ്പത്തി രണ്ടുപേരിലെ ഏറ്റവും അവസാനത്തെ കണ്ണിയായിരുന്നു വി എസ്. ആ അർത്ഥത്തിലും വിഎസ് ചരിത്രത്തിലെ മറക്കാനാവാത്ത അദ്ധ്യായമായി സ്വയം അടയാളപ്പെടുത്തി. 1965 മുതൽ 2016 വരെ പത്ത് തിരഞ്ഞെടുപ്പ് പോരാട്ടങ്ങൾ; ഏഴ് വിജയങ്ങളും മൂന്നു പരാജയങ്ങളും. ഒരു പരാജയത്തിനും തളർത്താൻ കഴിയാത്ത മനക്കരുത്തിന്റെ പേരാണ് വി എസ്. പാരിസ്ഥിതിക പ്രശ്നങ്ങളും നീതി നിഷേധിക്കപ്പെടുന്ന മനുഷ്യരുടെ നാനാതരം പ്രശ്നങ്ങളും ഒരേ വീറോടുകൂടി വി എസ് ഏറ്റെടുത്തു. അതിനിടെ വെട്ടിനിരത്തൽ വീരൻ എന്ന് വി എസ് അപഹസിക്കപ്പെട്ടു. അങ്ങനെ പ്രചരിപ്പിച്ച മാധ്യമങ്ങൾ തന്നെ പിന്നീട് ജനനായകനായി വി എസിനെ വാഴ്ത്താൻ നിർബന്ധിതരായി.

ഔപചാരികമായി ഉന്നത വിദ്യാഭ്യാസം നേടിയില്ലെങ്കിലും പാർട്ടിയിലും തൊഴിലാളി സംഘടനയിലും പ്രവർത്തിച്ചുകൊണ്ട് ജീവിതമാകുന്ന സർവ്വകലാശാലയിൽ നിന്ന് സഖാവ് വി എസ് മുന്തിയ പാഠങ്ങൾ പഠിച്ചു. മുഖ്യമന്ത്രിയായും പ്രതിപക്ഷ നേതാവായും പ്രവർത്തിക്കുന്നത് എത്ര പ്രഗൽഭമായിട്ടാണ് എന്ന് 2006-–16 കാലഘട്ടത്തിൽ അദ്ദേഹത്തോടൊപ്പം മന്ത്രിസഭയിലും നിയമസഭയിലും ഉണ്ടായിരുന്നപ്പോൾ നേരിട്ട് മനസ്സിലാക്കാൻ എനിക്ക് കഴിഞ്ഞു. സ്കൂൾ തലം വരെയേ വിദ്യാഭ്യാസം ഉണ്ടായിരുന്നുള്ളൂവെങ്കിലും, മുഖ്യമന്ത്രി എന്ന നിലയിലുൾപ്പെടെയുള്ള അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾക്ക് അതൊരിക്കലും ഒരു തടസ്സമായിരുന്നില്ല. അദ്ദേഹം കാര്യങ്ങൾ കൈകാര്യം ചെയ്തിരുന്നത് വളരെ കാര്യക്ഷമമായും നിർണ്ണായകമായ തീരുമാനങ്ങളോടു കൂടിയുമായിരുന്നു.

രണ്ടായിരത്തിൽ നായനാർ സര്‍ക്കാർ നിയമിച്ച പ്രൊഫ. യു ആർ റാവുവിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റിയുടെ IT in Education Vision 2010 എന്ന മാര്‍ഗരേഖയുടെ അടിസ്ഥാനത്തിൽ തുടങ്ങിയതായിരുന്നു ഐടി@സ്കൂൾ എന്ന പദ്ധതി. എന്നാൽ, തുടര്‍ന്നുവന്ന യു ഡി എഫ് സര്‍ക്കാരിന്റെ കാലത്ത് (2001 – 2006)അതുമായി മുന്നോട്ടുപോകാതെ മൈക്രോസോഫ്റ്റ് ഉള്‍പ്പെടെയുള്ള കുത്തകകള്‍ക്ക് കേരളത്തിലെ ഐടി വിദ്യാഭ്യാസം തീറെഴുതിക്കൊടുക്കുന്നതിൽ ജനങ്ങൾക്കിടയിൽ വലിയ തോതിൽ ആശങ്ക ഉയർന്നുവന്നിരുന്നു. അന്നത്തെ പ്രതിപക്ഷം സഖാവ് വി എസ് അച്യുതാനന്ദന്റെ നേതൃത്വത്തിൽ ഇക്കാര്യം അതീവ ഗൗരവമായി ഉയർത്തുകയും ചെയ്തു. അതുകൊണ്ടുതന്നെ 2006ൽ വീണ്ടും അധികാരത്തിൽ വന്ന എൽ ഡി എഫ് സർക്കാർ പൊതുവിദ്യാഭ്യാസ മേഖലയിൽ സാങ്കേതികവിദ്യയെ ഫലപ്രദമായി വിനിയോഗിക്കുന്നതിൽ പ്രതിജ്ഞാബദ്ധമായിരുന്നു.

2007ലെ ഐടി നയത്തിലൂടെ സ്വതന്ത്ര സോഫ്റ്റ്‍വെയറിന്റെ അതിരുകളില്ലാത്ത ലോകം കേരളം ലോകത്തിനു മുമ്പിൽ തുറന്നിട്ടു. 2008 മാര്‍ച്ചിലെ എസ് എസ് എൽ സി പരീക്ഷയോടെ കേരളത്തിൽ പൊതുവിദ്യാഭ്യാസരംഗം പൂർണമായും സ്വതന്ത്ര സോഫ്റ്റ്‍വെയറിലേയ്ക്ക് മാറിയത് ആഗോളതലത്തിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഐടിയിൽ കേന്ദ്രീകരിച്ചുള്ള പഠനരീതിക്കുപകരം ഐടി അധിഷ്ഠിതമായി വിവിധ വിഷയങ്ങൾ പഠിപ്പിക്കുന്ന രീതി സ്വീകരിച്ചു. 2008ൽ തന്നെ മുഴുവൻ ഹൈസ്കൂൾ- ഹയര്‍സെക്കൻഡറി സര്‍ക്കാർ -എയിഡഡ് വ്യത്യാസമില്ലാതെ ബി എസ്-എൻഎല്ലുമായി സഹകരിച്ച് ബ്രോഡ്ബാൻഡ് ഇന്റര്‍നെറ്റ് സൗകര്യം ഏര്‍പ്പെടുത്തി. ഇതിന്റെ തുടര്‍ച്ചയായി പ്രൈമറി – അപ്പർ പ്രൈമറി സ്കൂളുകള്‍ക്ക് ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് സൗകര്യം ഏർപ്പെടുത്തിയത് 2016ൽ അധികാരത്തിൽ വന്ന പിണറായി വിജയൻ സർക്കാരാണ്.

കേന്ദ്രാവിഷ്കൃത പദ്ധതിയായ ഐ ടി@സ്കൂൾ പദ്ധതിക്ക് (കേന്ദ്രം 75%, സംസ്ഥാനം 25% എന്ന അനുപാതത്തിൽ) 1,016 സ്കൂളുകള്‍ക്ക് അനുമതി ലഭിച്ചത് 2007-–08 വര്‍ഷത്തിലാണ്. ഇതിന്റെ പുരോഗതി വിലയിരുത്തി പിന്നീട് കേന്ദ്ര സര്‍ക്കാർ 3,055 സ്കൂളുകള്‍ക്കുകൂടി ഈ പദ്ധതി അനുവദിച്ചു. അങ്ങനെ 4,071 സ്കൂളുകള്‍ക്ക് അഞ്ചു വര്‍ഷം കൊണ്ട് 270 കോടി രൂപ അനുവദിച്ചത് ഫലപ്രദമായി ഉപയോഗിക്കാനും നമ്മുടെ സ്കൂളുകളിൽ ലാപ്‍ടോപ്പുകൾ, പ്രൊജക്ടറുകൾ, പ്രിന്ററുകൾ, ഡിജിറ്റൽ ക്യാമറകൾ, ടിവി, ജനറേറ്റർ തുടങ്ങിയ സൗകര്യങ്ങൾ അവരുടെ ആവശ്യകതയ്ക്കനുസരിച്ച് ലഭ്യമാക്കാനും 2006–-11 കാലത്തെ എൽ ഡി എഫ് സര്‍ക്കാരിന് കഴിഞ്ഞു. സ്കൂളുകളിലെ തകരാറായ കമ്പ്യൂട്ടറുകൾ കുട്ടികളുടെകൂടെ സഹായത്തോടെ ശരിയാക്കുന്ന ഹാര്‍ഡ്‍വെയർ ക്ലിനിക്കുപോലുള്ള പദ്ധതികൾ ഏറെ ശ്രദ്ധേയമായി.

സ്വതന്ത്ര സോഫ്റ്റ്‍വെയർ ഉപഭോക്തൃസൗഹൃദമാണോ, പ്രായോഗികമാണോ തുടങ്ങിയ നിരവധി ആശങ്കകള്‍ക്കിടയിലും അതാണ് ബദൽ എന്നു കാണിക്കാനും അത് പ്രയോഗിച്ച് വിജയിപ്പിക്കാനും ഐടി@സ്കൂളും കൈറ്റും വഴി നടത്തിയ പ്രവർത്തനങ്ങളിലൂടെ ആ എൽ ഡി എഫ് സർക്കാരിനു കഴിഞ്ഞു. സ്വതന്ത്ര സോഫ്റ്റ്-വെയർ ഉപയോഗിക്കുന്നതുകൊണ്ട് ഇന്ന് 3,000 കോടി രൂപ വരെ സര്‍ക്കാർ ഖജനാവിന് ലാഭിക്കാൻ കഴിയുന്നു എന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ വരെ റിപ്പോര്‍ട്ട് ചെയ്യുകയും, മൂന്നാം ലോകരാജ്യങ്ങള്‍ക്ക് മാത്രമല്ല ഗ്ലോബൽ നോര്‍ത്തിന് വരെ കേരളത്തിലെ ഡിജിറ്റൽ വിദ്യാഭ്യാസം മാതൃകയാണ് എന്നൊക്കെ യൂനിസെഫ് പറയുകയും ചെയ്യുമ്പോൾ കേരളത്തിന്റെ സ്വതന്ത്ര സോഫ്റ്റ്‌വെയർ അധിഷ്ഠിത ഐടി വളര്‍ച്ചയ്ക്ക് നെടുനായകത്വം വഹിച്ചത് സ. വി എസ് നേതൃത്വം നല്‍കിയ സര്‍ക്കാരായിരുന്നു എന്ന വസ്തുത ഓരോ കേരളീയനും അഭിമാനിക്കാൻ വകനൽകുന്നതാണ്.

വി എസ് ഒരു മികച്ച സംഘാടകൻ കൂടിയായിരുന്നു. 1958ൽ അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടിയുടെ കോൺഗ്രസ് അമൃത്-സറിൽ നടക്കുമ്പോൾ, അതേസമയം ദേവികുളത്ത് ഉപതിരഞ്ഞെടുപ്പ് നടക്കുന്നുണ്ടായിരുന്നു. അന്നത്തെ ഇ എം എസ് സർക്കാരിന് ആ ഉപതിരഞ്ഞെടുപ്പ് ഫലം നിർണായകമായിരുന്നു. പാർട്ടിയുടെ നിർദ്ദേശപ്രകാരം സഖാവ് വി എസ് പാർട്ടി കോൺഗ്രസ്സിൽ പങ്കെടുക്കാതെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് നേതൃത്വം നൽകി. സഖാവിന്റെ അസാന്നിധ്യത്തിൽ പോലും അമൃത്സർ പാർട്ടി കോൺഗ്രസ് വിഎസിനെ ദേശീയ സമിതി അംഗമായി തിരഞ്ഞെടുത്തു.

അന്ന് ദേവികുളത്ത് നടന്ന ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിൽ കമ്യൂണിസ്റ്റ് പാർട്ടി സ്ഥാനാർഥി വിജയം വരിച്ചപ്പോൾ സഖാവ് വി എസിന്റെ രാഷ്ട്രീയ സംഘടനാപാടവം കൂടിയായിരുന്നു വിജയിച്ചത്. കമ്യൂണിസ്റ്റ് പാർട്ടി സ്ഥാനാർത്ഥിയുടെ വിജയത്തിന് അന്നവിടെ വി എസ് അണിനിരത്തിയ കലാസംഗമത്തിൽ ആരൊക്കെ ഉണ്ടായിരുന്നു എന്നത് കൗതുകകരമാണ്. ഇന്ന് ലോകപ്രശസ്തനായി മാറിയ അതുല്യ സംഗീതജ്ഞൻ ഇളയരാജയും അദ്ദേഹത്തിന്റെ സഹോദരൻ ഗംഗൈ അമരനും വിപ്ലവ ഗാനങ്ങൾ ആലപിക്കുവാൻ ഉണ്ടായിരുന്നു. രാഷ്ട്രീയ പോരാട്ടങ്ങൾക്ക് ഒരു സാംസ്കാരിക തലം കൂടിയുണ്ട് എന്ന് വി എസിന് അന്നേ തിരിച്ചറിയാൻ സാധിച്ചിരുന്നു എന്നാണ് ഇതിന്റെ അർത്ഥം.

കേരളസമൂഹത്തിലെ ജീവിതഗുണമേന്മയുടെ മികവ് നോബൽ സമ്മാനിതനായ പ്രൊഫ. അമർത്യ സെൻ മുതൽ ഒട്ടേറെപ്പേർ അംഗീകരിച്ചിട്ടുള്ള വസ്തുതയാണ്. ആ മികവ് കൈവരിക്കുന്നതിൽ കേരളത്തിൽ നടപ്പാക്കപ്പെട്ടിട്ടുള്ള മെച്ചപ്പെട്ട ഭൂപരിഷ്കാര നടപടികൾ മർമ്മപ്രധാനമായ പങ്കാണ് വഹിച്ചിട്ടുമുള്ളതെന്ന് നിരവധി പഠനങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്. 1957ലെ ഇ എം എസ് സർക്കാർ ആണ് അതിനു കാരണമായ നടപടികൾക്ക് തുടക്കംകുറിച്ചത് എന്ന കാര്യം ചരിത്രപ്രസിദ്ധമാണ്. എന്നാൽ ഇത് നടപ്പാക്കപ്പെട്ടതിൽ സഖാവ് ഇ എം എസിനൊപ്പം ഓർമിക്കപ്പെടേണ്ട പേരാണ് സഖാവ് വി എസ്സിന്റേത്.

1957നെ തുടർന്ന് 1967ലെ ഇ എം എസ് സർക്കാർ ഇത് സംബന്ധിച്ച നിയമം വീണ്ടും പാസാക്കിയെങ്കിലും 1969 ഒക്ടോബർ 24–ാം തീയതി രണ്ടാം ഇ എം എസ് സർക്കാരിനേയും കോൺഗ്രസും കൂട്ടാളികളും ചേർന്ന് അട്ടിമറിച്ചു. ഈ ഘട്ടത്തിലാണ് ഇ എം എസ് ഗവൺമെന്റ് നേരത്തെ നിയമസഭയിൽ പാസാക്കിയ ഭൂപരിഷ്കരണ നിയമം നടപ്പാക്കുന്നതിന് ആവശ്യമായ നടപടികൾ കോൺഗ്രസ് നിയന്ത്രണത്തിലുള്ള പുതിയ കൂറുമുന്നണി സർക്കാർ സ്വീകരിക്കണം എന്നാവശ്യപ്പെട്ടുകൊണ്ടുള്ള പ്രക്ഷോഭപരിപാടികൾക്ക് രൂപംനൽകാൻ കർഷക – – കർഷകത്തൊഴിലാളി സംഘടനകളും സി പി ഐ എമ്മും തീരുമാനിച്ചത്. ഈ ലക്ഷ്യത്തോടെയാണ് ആലപ്പുഴയിലെ പ്രസിദ്ധമായ അറവുകാട് ക്ഷേത്ര മൈതാനത്ത് സന്നദ്ധ സമരഭടന്മാരുടെ മഹാസാഗരസമാനമായ സമ്മേളനം സംഘടിപ്പിക്കപ്പെട്ടത്. അതിന്റെ മുഖ്യ സംഘാടകൻ സഖാവ് വിഎസ് ആയിരുന്നു.

1969 ഡിസംബർ 13, 14 തീയതികളിലായിട്ടാണ് കേരള കർഷക സംഘത്തിന്റെയും കർഷകത്തൊഴിലാളി യൂണിയന്റെയും ആയിരക്കണക്കിന് സമരഭടന്മാർ അറവുകാട് ഒത്തുചേർന്നത്. അതിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട ഓരോ കാര്യത്തിലും നേരിട്ട് നേതൃത്വം നൽകിയത് സഖാവ് വി എസ് ആയിരുന്നു. ആ സമ്മേളനത്തിൽ സി പി ഐ എം ജനറൽ സെക്രട്ടറി സഖാവ് പി സുന്ദരയ്യ, പി ബി അംഗങ്ങളായ സഖാക്കൾ ഇ എം എസ്, എ കെ ജി എന്നിവരും കിസാൻ സഭാ നേതാവായ സഖാവ് ഹരേകൃഷ്ണ കോനാരും പങ്കെടുത്തു. നിയമസഭ പാസാക്കിയ ഭൂപരിഷ്കരണ നിയമത്തിന് രാഷ്ട്രപതി അംഗീകാരം നിഷേധിച്ച സാഹചര്യത്തിൽ അതിലെ വ്യവസ്ഥകൾ കർഷകരും കർഷകത്തൊഴിലാളികളും ഒറ്റക്കെട്ടായി സമര രംഗത്ത് ഇറങ്ങി നേരിട്ട് നടപ്പാക്കുമെന്ന് ജനസംഗമത്തിൽ അധ്യക്ഷത വഹിച്ച സഖാവ് എ കെ ജി പ്രഖ്യാപിച്ചു.

അറവുകാട്ടെ സമരപ്രഖ്യാപന കൺവെൻഷൻ സംഘടിപ്പിക്കുന്നതിന് നേതൃത്വപരമായ പങ്കുവഹിച്ച സഖാവ് വി എസ് തന്നെയാണ് അവിടെ നടന്ന സമര പ്രഖ്യാപനം പ്രാവർത്തികമാക്കാനുള്ള സമരസംഘാടന പ്രവർത്തനങ്ങൾക്ക് പ്രായോഗിക നേതൃത്വം നൽകിയത്. കേരളത്തിലെമ്പാടും പതിനായിരക്കണക്കിന് ഏക്കർ മിച്ചഭൂമിയിൽ ലക്ഷക്കണക്കിന് സമരവളന്റിയർമാർ കടന്നുചെന്ന് ചെങ്കൊടി നാട്ടി അവകാശമുറപ്പിച്ചു. തെങ്ങിൽ കയറി ഫലമെടുത്ത് ജനകീയ ഉടമസ്ഥത പ്രഖ്യാപിച്ചു. പൊലീസ് ലാത്തിച്ചാർജും വെടിവെപ്പും ഗുണ്ടാ ആക്രമണങ്ങളും അറസ്റ്റും ജയിലിലടയ്ക്കലും വഴി ജനകീയ സമരത്തെ തോൽപ്പിക്കാമെന്ന് ഭരണവർഗങ്ങൾ ചിന്തിച്ചു. പൊലീസ് വെടിവെപ്പിലും ആക്രമണങ്ങളിലും സംസ്ഥാനത്ത് 18 സഖാക്കൾ രക്തസാക്ഷികളായി. കാവാലം ശ്രീധരൻ, കള്ളിക്കാട് നീലകണ്ഠൻ, ഭാർഗവി തുടങ്ങിയ ധീര രക്തസാക്ഷികളെ ഒരിക്കലും വിസ്മരിക്കാനാവില്ല.

28 ലക്ഷം കുടിയാന്മാർക്കും അഞ്ച് ലക്ഷത്തി മുപ്പതിനായിരം കുടികിടപ്പുകാർക്കും സ്വന്തമായി ഭൂമിയും കിടപ്പാടവും നേടിയെടുക്കാൻ ആ സമരത്തിലൂടെയും അതിലെ രക്തസാക്ഷിത്വങ്ങളിലൂടെയും കേരളത്തിലെ തൊഴിലാളി പ്രസ്ഥാനത്തിന് സാധിച്ചു. ജാതിജന്മി നാടുവാഴിത്ത ശക്തികൾക്കെതിരെ നൂറ്റാണ്ടുകളായി നടന്നുവന്ന സമരത്തിന്റെ ഒരു സുപ്രധാന ഘട്ടം വിജയം കുറിച്ച പോരാട്ടമാണ് അറവുകാട് ക്ഷേത്രം മൈതാനിയിലെ സമരപ്രഖ്യാപന കൺവെൻഷനും അതിനെ തുടർന്ന് നടന്ന ധീരവും സാഹസികവുമായ ജനകീയ കർഷക സമരവും വഴി സാക്ഷാത്കരിക്കപ്പെട്ടത്. ആ കൺവെൻഷന്റെ സംഘാടകനും തുടർന്ന് നടന്ന ഉശിരൻ സമരത്തിന്റെ പടനായകനും എന്ന നിലയിൽ എ കെ ജിക്ക് ഒപ്പംതന്നെ സഖാവ് വി എസും ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെ സഖാവ് വി എസിന്റെ നേതൃപരമായ പങ്ക് ചരിത്രത്തിന്റെ ഭാഗമാണ്. അടിച്ചമർത്തപ്പെട്ടവരുടെയും ചൂഷണം ചെയ്യപ്പെട്ടവരുടെയും അവകാശങ്ങൾക്കായി പോരാടുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ജീവിതവ്രതം. ആ ദൗത്യത്തിൽ അദ്ദേഹത്തിന്റെ ഏറ്റവും വലിയ പ്രചോദനം സഖാവ് എ കെ ഗോപാലനായിരുന്നു.

പ്രഗത്ഭനായ മുഖ്യമന്ത്രി, മികച്ച പാർട്ടി നേതാവ്, കേരളം കണ്ട ഏറ്റവും ശക്തനായ പ്രതിപക്ഷ നേതാവ് എന്നീ നിലകളിലായിരിക്കും സഖാവ് വി എസ് ഓർമിക്കപ്പെടുക. തയ്യൽ തൊഴിലാളിയായും കയർ തൊഴിലാളിയായും ജീവിതം ആരംഭിച്ച്, പോരാട്ടങ്ങളിലൂടെ അദ്ദേഹം തൊഴിലാളി പ്രസ്ഥാനത്തിന്റെയും ഭരണത്തിന്റെയും ഉന്നതങ്ങളിലേക്ക് ഉയർന്നു. എല്ലാ അർത്ഥത്തിലും അദ്ദേഹം സമരത്തിന്റെ ആൾരൂപമായിരുന്നു. ഇരുപതും ഇരുപത്തിയൊന്നും എന്നിങ്ങനെ രണ്ടു നൂറ്റാണ്ടുകളിലായി പരന്നുകിടക്കുന്ന സമരഭരിതമായ ജീവിതം, അതായിരുന്നു വി എസ്. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

five × 1 =

Most Popular