കേരളത്തിന്റെ രാഷ്ട്രീയ മണ്ഡലത്തിൽ എട്ടുപതിറ്റാണ്ട് നിറഞ്ഞുനിന്നു പ്രവർത്തിച്ച പ്രിയ നേതാവായിരുന്നു സഖാവ് വി എസ് അച്യുതാനന്ദൻ. മനുഷ്യൻ അടിമകളെപ്പോലെ ജീവിച്ച ഫ്യൂഡൽ ജീവിതാവസ്ഥയിൽ നിന്നും ലോകത്തിലേക്ക് വ്യാപിച്ചുകിടക്കുന്ന പുതിയ മലയാളിയെ സാമൂഹ്യതുല്യതയുടെ പുതുജീവിത സൗകര്യങ്ങളിലേക്ക് കെെപിടിച്ചുയർത്തിയതിൽ വി എസിന് വലിയ പങ്കുണ്ട്. ഇന്ത്യയുടെ ഇതര ഭാഗങ്ങൾ തീവ്ര ഹിന്ദുത്വ വർഗീയതയുടെ പിടിയിൽ അമരുമ്പോഴും ജാതീയമായ അടിച്ചമർത്തലുകൾക്ക് അടിപ്പെടുമ്പോഴും സമാധാനത്തിന്റെയും മതസൗഹാർദ്ദത്തിന്റെയും സാമൂഹ്യ നീതിയുടെയും മേഖലയിൽ കേരളം വ്യത്യസ്തത പുലർത്തുന്നു. എല്ലാ നിലയിലും ഇന്ത്യയിലെ ഏറ്റവും വളർച്ച നേടിയ കേരളത്തിന്റെ ഈ ഗുണപരമായ പരിണാമത്തിന്റെ ചരിത്രാന്വേഷണത്തിൽ വർഗസമര വഴിയിലെ തീക്ഷ്ണ പോരാട്ടങ്ങളുടെ ഭൂമിക നമുക്ക് വായിച്ചെടുക്കാനാകും. ആ തീക്ഷ്ണ സമരങ്ങളുടെ ആരൂഢം പണിത ജനനേതാക്കളുടെയും സാമൂഹ്യ പരിഷ്കർത്താക്കളുടെയും നേതൃത്വപാടവം അവിസ്മരണീയമാണ്. ചേറിന്റെ മണമുള്ള മനുഷ്യന്റെ വ്യക്തിത്വത്തിന് നേരിന്റെ നേർവഴി കാണിച്ചു കൊടുക്കാനും അവരുടെ വ്യക്തിത്വത്തെ രൂപപ്പെടുത്താനും ശ്രമിച്ച് വിജയിച്ച പോരാളികളുടെ പട്ടികയിൽ അഗ്രിമ സ്ഥാനമാണ് സഖാവ് വിഎസിനുള്ളത്.
അടിമബോധത്തിൽ നിന്ന് സമരബോധത്തിലേക്ക് അവരെ വളർത്തുക എന്നത് സവർണ ഫ്യൂഡൽ ഘടകങ്ങൾ മേൽക്കോയ്മ നേടിയിരുന്ന കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യ പകുതിയിൽ ഏറ്റവും പ്രയാസമുള്ള കാര്യമായിരുന്നു. മുതലാളിത്ത കൃഷിയുടെ വളർച്ചയോടെ അവരുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടായെങ്കിലും ജീവിക്കാനുള്ള വരുമാനം അവർക്ക് നിഷേധിക്കപ്പെട്ടു. സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ ചെറുകിട കർഷകരുടെ അന്യവൽക്കരണത്തോടെ കർഷകത്തൊഴിലാളികളുടെ എണ്ണത്തിൽ വൻവർധന ഉണ്ടായി. ഇപ്പോൾ ഇന്ത്യയിലെ ഗ്രാമീണ ജനസംഖ്യയുടെ മഹാഭൂരിപക്ഷവും ഗ്രാമീണ തൊഴിലാളികളും കർഷകത്തൊഴിലാളികളുമാണ്. സാമൂഹ്യ സുരക്ഷാ പദ്ധതികളൊന്നും അവർക്ക് ലഭ്യമാകുന്നുമില്ല. എന്നാൽ പൊതുവായ ഈ ഇന്ത്യൻ ചിത്രത്തിൽ നിന്നും പൂർണമായും വ്യത്യസ്തമായ ജീവിത സാഹചര്യമാണ് കേരളത്തിലെ കർഷകത്തൊഴിലാളികൾക്കുള്ളത്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ കൂലി കിട്ടുന്ന സംസ്ഥാനം കേരളമാണ്. ചവിട്ടിനിൽക്കാൻ രണ്ട് കാൽപാദങ്ങൾ വയ്ക്കാനുള്ള ഭൂമിപോലും ഇല്ലാതിരുന്ന ദശലക്ഷക്കണക്കിന് കൃഷിക്കാർക്ക് ഭൂമി ലഭിക്കുകയും നാലര ലക്ഷം കർഷക തൊഴിലാളികൾക്ക് കുടികിടപ്പായി 10 സെന്റ്- ഭൂമി സ്വന്തമായി ലഭിക്കുകയും ചെയ്തത് ഇന്ത്യയിൽ മറ്റൊരിടത്തും നടപ്പാക്കാത്ത ഭൂപരിഷ്കരണ നിയമം 1967 ൽ ഇഎംഎസ് സർക്കാർ കേരളത്തിൽ നടപ്പിലാക്കിയതുകൊണ്ടാണ്. 1980 ലെ നായനാർ സർക്കാർ സമഗ്രമായ കർഷകത്തൊഴിലാളി ക്ഷേമനിയമം നടപ്പാക്കി. പെൻഷനും ക്ഷേമനിധികളുമടക്കമുള്ള ആനുകൂല്യങ്ങളും ഇന്ത്യയിൽ ആദ്യമായി കേരളത്തിൽ നടപ്പാക്കി. വിദ്യാഭ്യാസപരമായി ഇതര സമുദായങ്ങൾക്കൊപ്പം നിൽക്കാൻ ദളിത്- പിന്നാക്കവിഭാഗങ്ങളെ പ്രാപ്തരാക്കിയത് ഈ മാറ്റങ്ങളാണ്. ഇതിന് നേതൃത്വം നൽകിയ പോരാളികളിൽ പ്രധാനിയാണ് സഖാവ് വി എസ്.
ഭൂനിയമം നടപ്പിലാക്കി മണ്ണിന്റെ മക്കൾക്ക് ഭൂമി പതിച്ചു നൽകിയില്ലെങ്കിൽ 1970 ജനുവരി ഒന്നിന് അത് സ്വയം പിടിച്ചെടുക്കുമെന്ന് സഖാവ് എകെജി ആലപ്പുഴയിൽ പ്രഖ്യാപിക്കുമ്പോൾ ആ യോഗത്തിന്റെ അധ്യക്ഷൻ സഖാവ് വിഎസ് ആയിരുന്നു. അതിന്റെ തുടർച്ചയിൽ പതിനായിരങ്ങൾ കുടികിടപ്പുകൾ പിടിച്ചെടുത്തു. കുടിലുകൾ കെട്ടി താമസം തുടങ്ങിയ പാവപ്പെട്ടവരെ കുടിയിറക്കാൻ ജന്മി ഗുണ്ടകൾ ആക്രമണങ്ങൾ കെട്ടഴിച്ചുവിട്ടു. ആ പോരാട്ടത്തിൽ നിരവധി പേർ രക്തസാക്ഷികളായി. ഭരണകൂടത്തിന്റെയും ജന്മി ഗുണ്ടകളുടെയും ഈ കടന്നാക്രമണങ്ങളെ പ്രതിരോധിച്ച് ചെറുത്തുനിന്നവർക്കെതിരെ പതിനായിരക്കണക്കിന് കള്ളക്കേസുകൾ എടുത്തപ്പോൾ അന്നത്തെ ഭരണകൂടം വിഎസിനെ കൊലക്കേസ് പ്രതിയാക്കുകയാണുണ്ടായത്. ഇന്ന് നാം ചരിത്രത്തിന്റെ പുനർവായന നടത്തുമ്പോൾ വി എസ് ഉൾപ്പെടെയുള്ളവർ അന്നു നടത്തിയ പോരാട്ടം വിജയിക്കുകയും ദശലക്ഷങ്ങൾ മണ്ണിന് ഉടമകളാകുകയും ചെയ്തു എന്നു കാണാനാകും.
കർഷകത്തൊഴിലാളികൾക്ക് മാത്രമായി ഒരു സംഘടന കെട്ടിപ്പടുക്കുക എന്നത് അക്കാലത്ത് അചിന്തനീയമായിരുന്നു. ആന്ധ്രയിലൊഴികെ മറ്റൊരിടത്തും കർഷകത്തൊഴിലാളികളെ സംഘടിപ്പിക്കാൻ തുടങ്ങിയിരുന്നില്ല. 1939 മുതൽ കമ്യൂണിസ്റ്റ് പാർട്ടി പൊതുമധ്യത്തിൽ പ്രവർത്തനം ആരംഭിച്ചു. കേരളത്തിൽ കാർഷിക ഉത്പാദനമേഖലയിൽ വലിയ മാറ്റം സൃഷ്ടിക്കപ്പെട്ട ഈ സന്ദർഭത്തിൽ ഒരു വർഗം എന്ന നിലയിൽ കുട്ടനാട്ടിൽ കർഷകത്തൊഴിലാളികളുടെ എണ്ണത്തിൽ വലിയ വർധനവാണ് ഉണ്ടായത്. അന്ന് അവരെ സംഘടിപ്പിക്കുക എന്ന വലിയ ദൗത്യം അന്നത്തെ പാർട്ടി സെക്രട്ടറി പി കൃഷ്ണപിള്ള ഏൽപ്പിച്ചത് സഖാവ് വി എസിനെയായിരുന്നു. സംഘടനാ പ്രവർത്തനം എന്നത് ആലോചിക്കാൻ കഴിയാത്ത ആ കാലത്താണ് സഖാവ് കൃഷ്ണപിള്ള നിയോഗിച്ചതനുസരിച്ച് വി എസ് കുട്ടനാട്ടിലെ കർഷകരെ സംഘടിപ്പിക്കാനുള്ള തന്റെ പ്രവർത്തനം തുടങ്ങിയത്. ആ നിയോഗത്തിന് നേരത്തെ ചുമതല നൽകിയിരുന്നവർക്ക് അതു വേണ്ടവിധം നിർവഹിക്കാൻ കഴിയാതെ പോയ ഒരു പശ്ചാത്തലം കൂടിയുണ്ടായിരുന്നു ഈ തീരുമാനത്തിന്റെ പിന്നിൽ. പിന്നീട് നാം കണ്ടത് കുട്ടനാടൻ കരിനിലങ്ങളിൽ ചെങ്കൊടി പാറുന്നതാണ്. ആ കൊടിയുടെ കരുത്തിൽ മനുഷ്യനായി മാറാനും പൊരുതി ജയിക്കാനും അവർ പ്രാപ്തരാവുന്നതാണ്. സഖാവ് വിഎസ് ആണ് ആ ദൗത്യം തുടങ്ങിവച്ചത്. ഇത് കേരളത്തിലാകെ പടരുകയും ഇതേ കാലത്തുതന്നെ ഇന്ത്യയിലാകെ കർഷകത്തൊഴിലാളി പ്രസ്ഥാനം വ്യാപിക്കുകയും ചെയ്തു. ഇപ്പോൾ അതിന്റെ അംഗസംഖ്യ ഒരു കോടിയോട് അടുക്കുകയാണ്. കർഷകത്തൊഴിലാളികളും ഗ്രാമീണ തൊഴിലാളികളും ഒരുമിച്ച് ഒരു സമരനിര കെട്ടിപ്പടുക്കാനുള്ള തീരുമാനങ്ങൾ മാറിയ ഇന്ത്യയിൽ ഇന്ന് എടുത്തു കഴിഞ്ഞിരിക്കുന്നു. നമ്മുടെ നാട്ടിലെ സമരചരിത്രത്തിന്റെ ഗതിമാറുന്ന ഈ സന്ദർഭത്തിൽ ഇന്ത്യയിലെ കർഷകത്തൊഴിലാളി പ്രസ്ഥാനം ഓർക്കുന്ന ഒന്നാമത്തെ പേരാണ് സഖാവ് വി എസിന്റേത്.
ആലപ്പുഴ ജില്ലയിലെ പാർട്ടി നേതൃത്വത്തിൽ നിന്ന് തുടങ്ങി സിപിഐഎം സംസ്ഥാന സെക്രട്ടറിയായും പൊളിറ്റ്ബ്യൂറോ അംഗമായും വിഎസ് നടത്തിയ മികച്ച നേതൃപാടവം ആർക്കും വിസ്മരിക്കാൻ ആവില്ല. കർഷകത്തൊഴിലാളികളുടെ പ്രത്യേക സംഘടന ആദ്യം രൂപീകരിച്ചപ്പോൾ അതിന്റെ പ്രഥമ സംസ്ഥാന അധ്യക്ഷനായ വി എസ് ദേശീയ അടിസ്ഥാനത്തിൽ തന്നെ കർഷകത്തൊഴിലാളി സംഘടനയുടെ വളർച്ചയിൽ ഓരോ ഘട്ടത്തിലും നൽകിയ നിർദ്ദേശങ്ങളും സഹായങ്ങളും സാരവത്തായിരുന്നു. വിദ്യാർഥി പ്രസ്ഥാനം കഴിഞ്ഞ് നേരെ കർഷകത്തൊഴിലാളി സംഘടനയുടെ ദേശീയ നേതൃത്വത്തിലെത്തിയ എനിക്ക് പ്രവർത്തിക്കാൻ വലിയ പ്രേരണയും പ്രോത്സാഹനവും ആണ് സഖാവ് വി എസ് നൽകിയത്.
1987ലേത് കേരള ചരിത്രത്തിലെ വ്യത്യസ്തതയുള്ള തിരഞ്ഞെടുപ്പായിരുന്നു. വിമോചന സമരകാലം മുതൽ കേരളത്തിന്റെ രാഷ്ട്രീയ നേതൃത്വത്തിൽ തുടർച്ചയായി അധികാരത്തിൽ തുടരാനും ഭരണം ആര് നടത്തും എന്ന തീരുമാനം എടുക്കാനും വർഗീയ ശക്തികൾക്ക് കഴിഞ്ഞ കാലമായിരുന്നു അത്. വർഗീയതയോട് സമരസപ്പെട്ട് പാർലമെന്ററിവഴിയിൽ സഹകരിക്കാൻ പാർട്ടിയ്ക്കകത്ത് ഉയർന്നുവന്ന ആശയങ്ങളെ ഉൾപ്പാർട്ടി സമരങ്ങളിലൂടെ പരാജയപ്പെടുത്തി 1987 ൽ കേരളത്തിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി അധികാരത്തിൽ വരുമ്പോൾ നിയമസഭയിൽ നിറഞ്ഞുനിന്ന യുവനിരയെ കണ്ടെത്തിയതിലും വിഎസിന്റെ പ്രത്യേക പങ്കുണ്ടായിരുന്നു. എൺപതുകളിൽ അദ്ദേഹം പാർട്ടി സംസ്ഥാന സെക്രട്ടറിയായിരുന്നപ്പോൾ പാർട്ടി നേതൃത്വത്തിന്റെ വിവിധ തലങ്ങളിൽ വലിയ ഒരു യുവനിരയെ ചുമതലയേൽപ്പിക്കാൻ വി എസ് ശ്രദ്ധിച്ചു.
കേരളത്തിലെ നെൽവയൽ വിസ്തൃതി ക്രമാതീതമായി കുറയാൻ ഇടയാകുന്ന തരത്തിൽ നിലം നികത്തൽ വർദ്ധിച്ചപ്പോഴാണ് അതിനെ എതിർക്കാൻ കർഷകത്തൊഴിലാളിയൂണിയൻ തീരുമാനിച്ചത്. കൃഷിഭൂമി തരിശിച്ചിട്ട് നികത്തി ഊഹക്കച്ചവടത്തിന് ഉപയോഗിച്ച് പണമുണ്ടാക്കാൻ ഭൂമാഫിയ ശ്രമിച്ചപ്പോഴാണ് ഈ തീരുമാനം ഉണ്ടായത്. സഹജമായ സമരവീര്യവുമായി വി എസ് മുന്നിൽ നിന്ന് സമരം നയിച്ചു. കമ്യൂണിസ്റ്റു വിരുദ്ധ മാധ്യമങ്ങൾ വെട്ടിനിരത്തൽ സമരം എന്ന് അതിനെ അപഹസിച്ചു. പ്രധാനപ്പെട്ട ഒരു സാമൂഹിക വിഷയത്തെ ചർച്ചയാക്കുവാൻ ആ സമരം വഴി സാധിച്ചു. പിന്നീട് വി എസ് മുഖ്യമന്ത്രിയായപ്പോൾ നെൽവയൽ – നീർത്തട സംരക്ഷണ നിയമം പാസാക്കിയതിനാലാണ് ബാക്കിവന്ന നെൽകൃഷി ഇടങ്ങളെ സംരക്ഷിക്കാനായത്. ഭക്ഷ്യധാന്യ കൃഷി സംരക്ഷിക്കാതിരുന്നാലുള്ള പാരിസ്ഥിതി കാഘാതത്തെ തിരിച്ചറിഞ്ഞാണ് ഇക്കാര്യത്തിൽ വിഎസ് ഇടപെട്ടതും പരിഹാരമുണ്ടാക്കിയതും. കമ്യൂണിസ്റ്റുവിരുദ്ധരും മാധ്യമങ്ങളും പാർട്ടി ശത്രുക്കളും പാർട്ടിയെ തകർക്കാനും ദുർബലപ്പെടുത്താനുമുള്ള നിരവധി ദുഷ്പ്രചരണങ്ങൾ പാർട്ടിയിലെ ചർച്ചകളെക്കുറിച്ച് പ്രചരിപ്പിക്കാറുണ്ട്. ഈ നിലയിൽ പ്രചരണം നടക്കുന്ന ഒരു സന്ദർഭത്തിൽ ഒരു സ്വകാര്യസംഭാഷണത്തിൽ വി എസ് പറഞ്ഞ വാക്കുകൾ ഇപ്പോഴും എന്റെ ഓർമയിലുണ്ട്. പാർട്ടിയിൽ നിന്നുകൊണ്ടുള്ള ചർച്ചകളേ പാടുള്ളൂ. എത്ര പ്രകോപനമുണ്ടായാലും പാർട്ടിവിട്ടു പുറത്തുപോയാൽ അതിന്റെ ഗുണഭോക്താവ് ശത്രു വർഗ-മാണ്. പാർട്ടിയിൽ ഉറച്ചുനിന്നു പ്രവർത്തിക്കാനും വർഗസമര വഴിയിൽ നീങ്ങാനും ഉൾക്കാഴ്ച നൽകിയ ഉത്തരമായിരുന്നു വിഎസിന്റേത്.
ന്യൂനപക്ഷ വേട്ടയും സാമ്രാജ്യത്വ വിധേയത്വവും സമ്പന്നാനുകൂല നയങ്ങളും ചേരുമ്പോൾ ഉണ്ടാകുന്ന പ്രയാസങ്ങൾ രാജ്യത്തിന്റെ പൊതുമുന്നേറ്റത്തിന് തടസ്സമുണ്ടാക്കുന്നു;വർഗീയ- – ജാതീയ ബോധത്തെ സമൂഹത്തിന്റെ പൊതുബോധമാക്കാൻ ഒരു ഇക്കൂട്ടർ ശ്രമിക്കുന്നു. ഒരു പരിധിവരെ ഇത് സാധ്യമാക്കുകയും ചെയ്യുമ്പോൾ ഇതിനെ നേരിടുന്നതിനു നാം കൃത്യമായ പ്രത്യയശാസ്ത്ര ഉള്ളടക്കത്തോടെ പ്രവർത്തിക്കേണ്ടതുണ്ട്. ഇന്ത്യൻ ഇടതുപക്ഷത്തിന്റെ കരുത്ത് കേരളത്തിൽ മാത്രം ഒതുങ്ങുന്നതിന്റെ ആകാംക്ഷ പങ്കുവെച്ച് ഒരു സന്ദർഭത്തിൽ വിഎസിനോട് ഞാൻ സംസാരിച്ചു. ഈ വിഷയത്തിൽ വി എസിന് കൃത്യമായ ഉത്തരം ഉണ്ടായിരുന്നു. പ്രതിസന്ധികൾ രൂപപ്പെടുകയും വളരുകയും ചെയ്യും; ചിലപ്പോൾ വർഗശത്രുക്കൾക്ക് മുന്നേറ്റം ഉണ്ടാകും; പക്ഷേ എന്നും വിജയം ശത്രുവിനാവില്ല; വർഗ ശത്രുവിന്റെ കടുത്ത ആക്രമണങ്ങൾ വരുമ്പോൾ അതിനെ അതിജീവിക്കാനുള്ള രീതിയിൽ പാർട്ടിയെ രൂപപ്പെടുത്തുകയാണ് ചെയ്യുക. പാർട്ടിയുടെ നേതൃത്വത്തിൽ നടക്കുന്ന പ്രക്ഷോഭ സമരങ്ങളിലൂടെ അതിനെ മുറിച്ചു കടക്കാനുള്ള കരുത്ത് പാർട്ടി സംഘടന നേടുകതന്നെ ചെയ്യും. വി എസ് നൽകിയ ഈ ആത്മാവിശ്വാസത്തിന് ഏറെ പ്രസക്തിയുള്ള കാലത്താണ് അദ്ദേഹം വിടവാങ്ങുന്നത്.
തെരുവിൽ രൂപപ്പെടുത്തിയൊടുക്കുന്ന ബഹുജന സമരങ്ങൾക്ക് നവഫാസിസ്റ്റ് സ്വഭാവമുള്ള പുതിയ ഭരണവർഗ രീതികളെ ചെറുക്കാനും അതിനെ അതിജീവിക്കാനുമുള്ള സമര ഐക്യത്തെ രൂപപ്പെടുത്താനാവും. l



