Tuesday, July 28, 2026

ad

Homeകവര്‍സ്റ്റോറിസഖാവ് വി എസിന് 
റെഡ് സല്യൂട്ട്

സഖാവ് വി എസിന് 
റെഡ് സല്യൂട്ട്

ന്റെ സഖാക്കൾക്കും സുഹൃത്തുക്കൾക്കും രാഷ്ട്രീയ എതിരാളികൾക്കുമിടയിൽ വി എസ് എന്ന രണ്ടക്ഷരങ്ങളിൽ അറിയപ്പെട്ടിരുന്ന സഖാവ് വി എസ് അച്യുതാനന്ദൻ ഇപ്പോൾ നമ്മോടൊപ്പമില്ല; എട്ടര പതിറ്റാണ്ട് കാലത്തെ സജീവ രാഷ്ട്രീയ ജീവിതത്തോടാണ് അദ്ദേഹം വിട പറഞ്ഞത്. അദ്ദേഹത്തിന്റെ ബാല്യകാലം മഹാമാന്ദ്യത്തിന്റെ മഹാദുരിതങ്ങളാൽ അടയാളപ്പെടുത്തപ്പെടുന്നു; പട്ടിണിയുടെ ദിനങ്ങളായിരുന്നു അവ. വളരെ ചെറിയ പ്രായത്തിൽത്തന്നെ പണിയെടുക്കാൻ അദ്ദേഹം നിർബന്ധിതനായി; ആസ്പിൻവാൾ കമ്പനിയിൽ കയർത്തൊഴിലാളിയായിരുന്നു അദ്ദേഹം. തിരുവിതാംകൂറിലെ ആധുനിക തൊഴിലാളിവർഗ പ്രസ്ഥാനത്തിന്റെ പ്രഭവകേന്ദ്രമായിരുന്നു ആലപ്പുഴ. കയർത്തൊഴിലാളികളെ അവരുടെ അവകാശങ്ങൾ നേടാനായി സംഘടിപ്പിച്ചു; 1940ൽ വി എസ് കമ്യൂണിസ്റ്റ് പാർട്ടിയിൽ ചേർന്നു.

തൊഴിലാളിവർഗത്തിന്റെ പ്രശ്നങ്ങൾ കെെകാര്യംചെയ്യുന്നതിലുള്ള അദ്ദേഹത്തിന്റെ സാമർഥ്യം മനസ്സിലാക്കിയ, അദ്ദേഹത്തിന്റെ സംഘാടകമികവ് കണ്ടറിഞ്ഞ, കേരളത്തിലെ കമ്യൂണിസ്റ്റ് പാർട്ടിയുടെ മുൻനിര സംഘാടകനായ സഖാവ് പി കൃഷ്ണപിള്ള അദ്ദേഹത്തെ പാർട്ടിയിൽ കൂടുതൽ വലിയ ഉത്തരവാദിത്തങ്ങൾ ഏൽപ്പിച്ചു. മുഖ്യമായും ദളിതരും പിന്നാക്ക ജാതിക്കാരുമായ കർഷകത്തൊഴിലാളികളെ സംഘടിപ്പിക്കാനായി കുട്ടനാട്ടിലേക്ക് അദ്ദേഹത്തെ അയച്ചു. ഇവിടെവച്ചാണ് വളരെ കുറഞ്ഞ ഔപചാരിക വിദ്യാഭ്യാസം മാത്രമുണ്ടായിരുന്ന വി എസ് തന്റെ സംഘടനാപരവും രാഷ്ട്രീയവുമായ വെെദഗ്ധ്യത്തിന് മൂർച്ചകൂട്ടി മികച്ച അധ്യാപകനും പ്രക്ഷോഭകാരിയും സംഘാടകനുമായി തിളങ്ങിയത്. ഫ്യൂഡൽ ഭൂപ്രഭുക്കൾക്കും മർദക ഭരണകൂടത്തിനും ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനുമെതിരെ അദ്ദേഹം സാമൂഹികമായും സാമ്പത്തികമായും അടിച്ചമർത്തപ്പെട്ട കർഷകത്തൊഴിലാളികളെയും ദരിദ്ര കർഷകരെയും സംഘടിപ്പിക്കുന്നതിന് അദ്ദേഹം മാർക്സിസ്റ്റ് – ലെനിനിസ്റ്റ് തത്വങ്ങൾ മൂർത്തമായി പ്രയോഗിച്ചു.

പുന്നപ്ര–വയലാറിലെ വിപ്ലവ മുന്നേറ്റവും അതിലെ അദ്ദേഹത്തിന്റെ പങ്കും ഐതിഹാസികമായിരുന്നു. സ്വാതന്ത്ര്യാനന്തരം നടന്ന ഉശിരൻ വിപ്ലവ പ്രവർത്തനങ്ങളിലെ അദ്ദേഹത്തിന്റെ ഇടപെടൽ ബൂർഷ്വാ–ഭൂപ്രഭു ഭരണകൂടത്തിന്റെ രോഷത്തിനും പക പോക്കലിനും ഇടയാക്കി. പൊലീസ് ലോക്കപ്പിൽ വിധേയനാകേണ്ടതായി വന്ന നിഷ്ഠുരമായ പീഡനം അധ്വാനിക്കുന്ന ജനങ്ങൾക്കുനേരെ പൊതുവിലും ഗ്രാമീണതൊഴിലാളിവർഗത്തിനു നേരെ വിശേഷിച്ചും നടക്കുന്ന അക്രമങ്ങളെക്കുറിച്ച് ആഴത്തിൽ മനസ്സിലാക്കാൻ അദ്ദേഹത്തിന് അവസരമൊരുക്കി. തന്റെ രാഷ്ട്രീയ ജീവിതത്തിലുടനീളം ഭരണകൂട അക്രമങ്ങളെ സഖാവ് വി എസ് സമരോത്സുകനായി ചെറുത്തുനിന്നു.

ഏഴുതവണയാണ് വി എസ് കേരള നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. മൂന്നു തവണ അദ്ദേഹം പ്രതിപക്ഷനേതാവായി. ഈ കാലത്ത് അദ്ദേഹം പരിസ്ഥിതി സംരക്ഷണം, ലിംഗസമത്വം, കൃഷി നിലങ്ങളുടെയും തണ്ണീർ തടങ്ങളുടെയും സംരക്ഷണം, നേഴ്സുമാർക്ക് മെച്ചപ്പെട്ട ശമ്പളം, ട്രാൻസ്ജെൻഡർ അവകാശങ്ങൾ, സ്വതന്ത്ര സോഫ്ട്-വെയർ എന്നിങ്ങനെയുള്ള പൊതുലക്ഷ്യങ്ങൾക്കായി അദ്ദേഹം നിയമസഭാ വേദികളിൽ വിട്ടുവീഴ്ചയില്ലാതെ പൊരുതി. 2006 മുതൽ 2011 വരെ അദ്ദേഹം മുഖ്യമന്ത്രിയായിരുന്ന കാലത്ത് അധ്വാനിക്കുന്ന ജനങ്ങളുടെ ക്ഷേമത്തിനായി നിരവധി നിയമനിർമാണങ്ങളും ഭരണപരമായ നടപടികളും സ്വീകരിക്കുകയുണ്ടായി.

സഖാവ് വി എസ് ജെെവപരമായിത്തന്നെ വിപ്ലവ കർഷക പ്രസ്ഥാനത്തോട് ബന്ധപ്പെട്ടിരിക്കുന്നു. അദ്ദേഹത്തിന്റെ രചനകളും പ്രസംഗങ്ങളുമെല്ലാം നിയോ കൊളോണിയലിസം എങ്ങനെയാണ് കർഷകജനസാമാന്യത്തെ കൊള്ളയടിച്ചതെന്ന് വിശദീകരിക്കുന്നവയാണ്. നവലിബറൽ പരിഷ്കാരങ്ങൾ അവതരിപ്പിക്കപ്പെട്ടപ്പോൾ കേരളത്തിലെ തൊഴിലാളിവർഗത്തെയും കർഷകജനതയെയും നയിച്ചത് അദ്ദേഹമാണ്. സ്വതന്ത്ര വ്യാപാരം ഉൾപ്പെടെയുള്ള കാർഷികമേഖലയിലെ ഉദാരവൽക്കരണനയങ്ങളോടുള്ള അദ്ദേഹത്തിന്റെ വിട്ടുവീഴ്ചയില്ലാത്ത എതിർപ്പ് കേരളത്തിന്റെ സാമ്പത്തിക മേഖലയിൽ വലിയ ചലനം സൃഷ്ടിച്ചു. ഇന്ത്യ– ആസിയാൻ സ്വതന്ത്ര വ്യാപാരകരാറിനെതിരായ അദ്ദേഹത്തിന്റെ ഇടപെടൽ പ്രത്യേക പരാമർശം അർഹിക്കുന്നു. സംസ്ഥാനങ്ങളുടെ ഫെഡറൽ അവകാശങ്ങൾ ഊന്നിപ്പറഞ്ഞുകൊണ്ട് അദ്ദേഹം പ്രധാനമന്ത്രിയെ കാണുകയും അസമമായ സ്വതന്ത്ര വ്യാപാരകരാറിനെ എതിർക്കുകയും ചെയ്തു. അത് വിലയിടിച്ചിലിനും തന്മൂലം കേരളത്തിലെ കർഷകരെ കടുത്ത ദുരിതങ്ങളിലേക്കും കടക്കെണിയിലേക്കും നാശത്തിലേക്കും തള്ളിവീഴ്ത്താനും ഇടയാക്കുമെന്ന് ചൂണ്ടിക്കാണിക്കാനുള്ള ദീർഘവീക്ഷണവും വ്യക്തതയും അദ്ദേഹത്തിനുണ്ടായിരുന്നു. പാരിസ്ഥിതിക പ്രശ്നങ്ങളിൽ അഗാധമായ ആശങ്കയുണ്ടായിരുന്ന വി എസ് പ്രകൃതിയെ ചരക്കുവൽക്കരിക്കുന്നതിൽ കോർപറേറ്റുകൾ പ്രകടിപ്പിക്കുന്ന അത്യാർത്തിയെകുറിച്ച് നിരന്തരം സംസാരിച്ചു.

കേരളത്തിന്റെ മുഖ്യമന്ത്രിയെന്ന നിലയിലുള്ള അദ്ദേഹത്തിന്റെ ഭരണകാലം (2006–2011) കാർഷിക സമ്പദ്ഘടനയുമായി ബന്ധപ്പെട്ട നിരവധി സൃഷ്ടിപരമായ ഇടപെടലുകൾക്ക് സാക്ഷ്യം വഹിച്ചു. തുടർച്ചയായി കേന്ദ്രത്തിൽ അധികാരത്തിലിരുന്ന കോൺഗ്രസും ബിജെപിയും അക്രമാസക്തമാം വിധം നടപ്പാക്കിയ ഉദാരവൽക്കരണനയങ്ങളുടെ ഫലമായി കടുത്ത കാർഷിക പ്രതിസന്ധിയും കർഷക ആത്മഹത്യകളുമുണ്ടായി. സഖാവ് വി എസിന്റെ നേതൃത്വത്തിലുള്ള എൽഡിഎഫ് സർക്കാർ കാർഷിക കടാശ്വാസ കമ്മീഷൻ കൊണ്ടുവന്നു; അത് കർഷകജനതയ്ക്ക് ഗണ്യമായ ആശ്വാസവും സഹായവുമാണ് നൽകിയത്. ഇത് രാജ്യത്തിനാകെ വഴികാട്ടിയായ മാതൃകയായിരുന്നു; രാജ്യത്താകെയുള്ള കർഷകപ്രസ്ഥാനത്തിന്റെ മുദ്രാവാക്യമായി അതുമാറി. രാജ്യത്ത് ഏറ്റവും മികച്ച താങ്ങുവില നൽകി സംഭരണം നടപ്പാക്കിക്കൊണ്ട് നെൽകൃഷിക്ക് അനുകൂലമായ നയങ്ങൾക്കും അദ്ദേഹത്തിന്റെ ഭരണകാലം സാക്ഷ്യം വഹിച്ചു. ഈ കാലഘട്ടത്തിൽ കേരള സംസ്ഥാന പ്ലാനിങ് ബോർഡിലെ കാർഷിക കമ്മിറ്റിയിലെ അംഗമായിരുന്നു ഞാൻ. അദ്ദേഹത്തിന്റെ ഭരണകാലത്തെ മറ്റൊരു നാഴികക്കല്ലായിരുന്നു നെൽപ്പാടങ്ങൾ നികത്തുന്നതിനെതിരായ നിയമം. അക്കാലത്തെ ഭരണപരമായ നടപടികളും അദ്ദേഹം നടത്തിയ രാഷ്ട്രീയവും പ്രത്യയശാസ്ത്രപരവുമായ പോരാട്ടങ്ങളും നവലിബറലിസത്തിന്റെ പാപ്പരത്തം തുറന്നുകാട്ടി. കർഷകജനതയെ വൻകിട ബിസിനസുകാർ ചൂഷണം ചെയ്യുന്നതിനെതിരെയുള്ള ഒരു നെടുങ്കോട്ടയായി സഹകരണസംഘങ്ങളെ പുനഃസംഘടിപ്പിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് തന്റ അവസാന വർഷങ്ങളിൽ വി എസ് ശക്തമായി എഴുതി.

അദ്ദേഹം വിട പറഞ്ഞതോടെ, വിപ്ലവകർഷക – കർഷകത്തൊഴിലാളി പ്രസ്ഥാനത്തിന് വഴികാട്ടിയായ ധ്രുവ നക്ഷത്രമാണ് നഷ്ടമായത്; വി എസിന്റെ നിര്യാണംമൂലമുണ്ടായ ശൂന്യത നികത്തുന്നത് നമ്മെ സംബന്ധിച്ചിടത്തോളം നിസ്സംശയമായും ദുഷ്-ക്കരമായ ഒരു കടമയാണ്. കഴിഞ്ഞ നാലു പതിറ്റാണ്ടുകാലത്തെ അദ്ദേഹത്തെക്കുറിച്ചുള്ള സ്മരണകൾ സ്നേഹാദരപൂർവം ഞാൻ ഓർക്കുന്നു– കുട്ടിക്കാലത്ത് അദ്ദേഹത്തിന്റെ പ്രസംഗം കേൾക്കാൻ കാതോർത്ത് നിന്നത്, പതിനെട്ടാം പാർട്ടി കോൺഗ്രസ് കാലത്ത് വളന്റിയർ എന്ന നിലയിലും 2006ൽ വയനാട്ടിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിലും കോഴിക്കോട് പാർട്ടി കോൺഗ്രസിലും തുടർന്നുള്ള പാർട്ടി കോൺഗ്രസുകളിലും കേന്ദ്ര കമ്മിറ്റിയിലെ സഹപ്രവർത്തകനെന്ന നിലയിലും മറ്റുമെല്ലാം അദ്ദേഹവുമായി നടത്തിയ ആശയവിനിമയങ്ങൾ ഓർമയിൽ മായാതെ നിൽക്കുന്നു. അധ്വാനിക്കുന്ന ജനങ്ങളുടെ മോചനത്തോടുള്ള അദ്ദേഹത്തിന്റെ പ്രതിബദ്ധതയും കോർപ്പറേറ്റ്, വർഗീയ, ഫാസിസ്റ്റ് ശക്തികൾക്കെതിരായ വിട്ടുവീഴ്ചയില്ലാത്ത നിലപാടും എക്കാലത്തും നമ്മെ ആവേശഭരിതരാക്കും. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

3 × two =

Most Popular