ആ സമരജീവിതവും കൊഴിഞ്ഞുപോകുന്നു. എങ്കിലും ആ ജീവിതമേൽപ്പിച്ച സമരവീര്യത്തിനിപ്പോഴും നൂറിന്റെ തികവും നൂറ്റിരണ്ടിന്റെ കരുത്തുമുണ്ട്. കമ്യൂണിസ്റ്റു പാർട്ടിക്കൊപ്പം തന്നെ വളർന്നു വികാസം പ്രാപിച്ചൊരു രാഷ്ട്രീയക്കാരന്റെ ചരിത്രമാണ് വി എസ് എന്ന അതികായന്റെ ജീവിതകഥ. 1964ൽ കമ്യൂണിസ്റ്റു പാർട്ടിയിൽ ഭിന്നിപ്പുകളുണ്ടായപ്പോൾ ദേശീയ കൗൺസിലിൽ നിന്നിറങ്ങിപ്പോന്ന് സിപിഐ എം രൂപീകരിച്ച 32 സഖാക്കളിൽ നമ്മെ വിട്ടുപിരിയുന്ന അവസാനത്തെ നേതാവുകൂടിയാണ് വി എസ്.
ശങ്കരൻ–അക്കമ്മ ദമ്പതിമാരുടെ നാലു മക്കളിൽ രണ്ടാമത്തെയാളായി 1923 ഒക്ടോബർ 20ന് ആലപ്പുഴ ജില്ലയിലെ പുന്നപ്രയിൽ ജനനം. കുഞ്ഞായിരിക്കുമ്പോൾത്തന്നെ വസൂരി രോഗബാധിതയായി അമ്മ മരിച്ചു. പിന്നീടുള്ള ജീവിതം ദുസ്സഹമായിരുന്നു. ആ മുറിവ് ഉണങ്ങിത്തുടങ്ങും മുൻപേ താങ്ങും തണലുമായി നിന്ന അച്ഛന്റെ മരണം. അന്ന് വി എസിന് 14 വയസ്സു മാത്രമായിരുന്നു പ്രായം. ജീവിത സാഹചര്യങ്ങളേൽപ്പിച്ച കനത്ത വെല്ലുവിളികളുടെ കഥകളായിരുന്നു വി എസ്സിന്റെ കുട്ടിക്കാലത്തെ ഓർമ. അച്ഛന്റെ മരണത്തോടെ ഏഴാം ക്ലാസിൽ വച്ചുതന്നെ വി എസിന് പഠനം ഉപേക്ഷിക്കേണ്ടി വന്നു. അച്ഛന്റെ മരണം, തനിക്കു താഴെയുള്ള രണ്ടു സഹോദരങ്ങൾ. ഇത്തരമൊരു സാഹചര്യത്തിൽ പഠനം തുടരുക എന്നത് എളുപ്പമായിരുന്നില്ല. തനിക്കു താഴെയുള്ള സഹോദരങ്ങളെ സംരക്ഷിക്കാനുള്ള ചുമതല വി എസിന്റേതുകൂടിയായി മാറുകയായിരുന്നു. ഗംഗാധരൻ എന്ന വി എസിന്റെ മൂത്തസഹോദരൻ പുന്നപ്ര ജങ്ഷനിൽ ഒരു തയ്യൽകട നടത്തിയിരുന്നു. ഇവിടുന്നു കിട്ടുന്ന വരുമാനമായിരുന്നു ആ നാലു സഹോദരങ്ങളുടെയും ജീവനോപാധി.
തുടർന്ന് പഠിക്കണമെന്ന അതിയായ ആഗ്രഹത്തിന്റെ വേരുകളെ ജീവിതഗതിയേൽപ്പിച്ച അരക്ഷിതാവസ്ഥയ്ക്കൊത്ത് പടർത്തി വിടാൻ കഴിയാത്തതിനാൽ കുഞ്ഞു വി എസ് ആഗ്രഹങ്ങളെ ഉള്ളിലൊതുക്കി. പിന്നീട് ചേട്ടന്റെ കടയിൽ സഹായിയായി തുടരുകയും ചെയ്തു. പുന്നപ്ര ജങ്ഷനിലെ ആ തയ്യൽക്കടയായിരുന്നു വി എസ്സിന്റെ വളർച്ചയുടെ ആദ്യ കേന്ദ്രം. അതായിരുന്നു അച്യുതാനന്ദൻ എന്ന കുട്ടിയിൽ നിന്നും കമ്യൂണിസ്റ്റു പ്രസ്ഥാനത്തിന്റെ അമരക്കാരനായ വി എസ്സിലേക്കുള്ള യാത്രയുടെ പ്രാരംഭദശ.
ജേ-്യഷ്ഠന്റെ തയ്യൽക്കടയും അവിടേക്ക് കടന്നുവന്ന മനുഷ്യരും അവർ പറഞ്ഞ കഥകളുമായിരുന്നു പൊതുഇടങ്ങളിലേക്കിറങ്ങിച്ചെല്ലാനുള്ള വി എസ്സിന്റെ ആദ്യ ഊർജം. നിരവധി സാമൂഹിക–രാഷ്ട്രീയ ചർച്ചകളുടെ വേദിയായിരുന്നു അവിടം. തൊഴിലിന്റെയും കൂലിയുടെയും അപര്യാപ്തതകളും പരാധീനതകളും ചർച്ചകളായി. അക്കാലത്തെ രാജഭരണവും ദിവാൻ ഭരണവും അടിച്ചേൽപ്പിക്കുന്ന ദുരിതവും ജീവിത സാഹചര്യങ്ങളും ചർച്ചകളിൽ കടന്നുവന്നു. ഈ ചർച്ചകളിലേക്കെല്ലാം വി എസ്സും ശ്രദ്ധകേന്ദ്രീകരിച്ചിരുന്നു. പണിയെടുത്തിട്ടും പട്ടിണിയൊഴിയാത്ത വയറുമായി കഴിയുന്ന തൊഴിലാളികളായിരുന്നു ആ ജൗളിക്കടയിലെ നിത്യസന്ദർശകർ. ആസ്പിൻവാൾ കയർ ഫാക്ടറിയിലെ തൊഴിലാളികളും ഇക്കൂട്ടത്തിലുണ്ടായിരുന്നു. ഇവരുമായയുണ്ടായ സൗഹൃദം പുതിയൊരു അദ്ദേഹത്തിന് തൊഴിൽമേഖല തുറന്നുകൊടുത്തു. അങ്ങനെ തന്റെ പതിനേഴാമത്തെ വയസ്സിൽ വി എസ് ആസ്പിൻവാൾ കമ്പനിയിലെ തൊഴിലാളിയായിച്ചേർന്നു.
ഈ കാലയളവിൽ ആലപ്പുഴയിലും പരിസരപ്രദേശങ്ങളിലും ധാരാളം കയർ വ്യവസായ കേന്ദ്രങ്ങളുണ്ടായിരുന്നു. 1859ലാണ്, പത്തൊമ്പതാം നൂറ്റാണ്ടിന്റെ മധ്യത്തിൽ, ബ്രിട്ടീഷുകാരനായ ജെയിംസ് സാറയുടെ നേതൃത്വത്തിൽ ആലപ്പുഴ ജില്ലയിലെ ആദ്യത്തെ കയർ ഫാക്ടറി സ്ഥാപിക്കപ്പെട്ടത്-. ഇതിന്റെ ചുവടുപിടിച്ച് പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തിൽ സ്ഥാപിക്കപ്പെട്ട കയർ ഫാക്ടറികളായിരുന്നു ആസ്പിൻ വാൾ, ഗുഡേക്കർ, പിയേഴ്സ് ലെസ്ലി എന്നീ കമ്പനികൾ. അന്നത്തെ ഫാക്ടറികളിൽ നല്ലൊരു പങ്കും പ്രവർത്തിച്ചിരുന്നത് ആലപ്പുഴ കേന്ദ്രീകരിച്ചായിരുന്നു. അതുകൊണ്ടുതന്നെ ഈ കമ്പനികളിലെല്ലാമായി അമ്പതിനായിരത്തിലേറെ തൊഴിലാളികൾ ഈ കാലയളവിൽ പണിയെടുത്തിരുന്നു. ഈ മേഖലയിലേക്കാണ് വി എസും കടന്നുവന്നത്. കയർ ഫാക്ടറികളെല്ലാം ബ്രിട്ടീഷുകാരുടെ അധീനതയിലായിരുന്ന കാലമായിരുന്നു അത്. ബ്രിട്ടീഷുകാരെക്കൂടാതെ ഒരു മധ്യവർത്തിവിഭാഗംകൂടി ഇവിടെ തലയുയർത്തി തുടങ്ങിയിരുന്നു. ഈ കാരണങ്ങളാൽ തന്നെ സ്വാതന്ത്ര്യത്തെക്കുറിച്ചോ ജനാധിപത്യത്തെക്കുറിച്ചോ ചിന്തിക്കാൻ പോലുമുള്ള സാഹചര്യവും അവകാശവും തൊഴിലാളികൾക്കുണ്ടായിരുന്നില്ല. ഇടനിലക്കാരുടെ മേൽനോട്ടത്തിലായിരുന്നു കൂലി ലഭിച്ചിരുന്നത്. കയർ ഫാക്ടറികളിൽ സെെനികർക്കുള്ള ടെന്റുകൾ തയ്ക്കുന്ന ജോലിയായിരുന്നു വി എസ്സിനു ലഭിച്ചത്. തൊഴിലാളികളുടെ അധ്വാനത്തിനനുസരിച്ചുള്ള കൂലി ലഭിക്കുന്നില്ലെന്ന പരാതി അവർക്കിടയിൽ വ്യാപകമായിരുന്നു. 1922ലാണ് ആദ്യത്തെ ട്രേഡ് യൂണിയൻ തിരുവിതാംകൂർ ലേബർ അസോസിയേഷൻ എന്ന പേരിൽ ആലപ്പുഴയിൽ രൂപീകരിക്കപ്പെട്ടത്. കൂടാതെ വാടപ്പുറം ബാവയുടെ നേതൃത്വത്തിൽ രൂപീകരിച്ച ‘ലേബർ അസോസിയേഷൻ’, ശ്രീനാരായണ ഗുരുവിന്റെ ‘സംഘടിച്ചു ശക്തരാവുക’ എന്ന മുദ്രവാക്യമുയർത്തിപ്പിടിച്ചായിരുന്നു പ്രവർത്തനം നടത്തിയത്. ഇതേ കാലത്താണ് സംഘടനയുടെ പ്രവർത്തനം തൊഴിലാളികളിലേക്കെത്തിക്കുക എന്ന ആശയം മുൻനിർത്തി ‘തൊഴിലാളി’ എന്ന പേരിൽ ഒരു പത്രവും പ്രസിദ്ധീകരിച്ചു തുടങ്ങിയത്. കൂടാതെ തൊഴിലാളികൾ സംഘടിച്ചുകൊണ്ട് സ്വന്തം അവകാശങ്ങൾ നേടിയെടുക്കേണ്ടതിനെപ്പറ്റിയുള്ള ആലോചനകളും ചർച്ചകളും ഉടലെടുത്ത കാലം കൂടിയായിരുന്നു അത്. ‘തൊഴിലാളി’ പത്രത്തിന്റെയും ലേബർ അസോസിയേഷന്റെയും സാന്നിധ്യം സമൂഹത്തിലാകെ ഒരു പുത്തനുണർവ് സൃഷ്ടിച്ചു.
1938ലെ കയർത്തൊഴിലാളി പണിമുടക്കും ഉത്തരവാദ പ്രക്ഷോഭവും ഉയർത്തിയ സമരഭരിതമായ പശ്ചാത്തലത്തിൽ ചേട്ടന്റെ കടയിൽനിന്നും ആസ്പിൻവാൾ ഫാക്ടറിയിലേക്കു ജോലിക്കുവന്ന അച്യുതാനന്ദന് പിന്നീട് -ഫാക്ടറിയിലെ ജോലി ഒരു വരുമാനമാർഗം മാത്രമായിരുന്നില്ല. പല ദേശങ്ങളിൽനിന്നും പല സംസ്കാരങ്ങളിൽനിന്നും വരുന്ന തൊഴിലാളികളെയും അവരുടെ ജീവിതത്തെയും അറിയാനും ഇടപഴകാനുമുള്ളൊരു സാഹചര്യം കൂടിയായിരുന്നു അത്. ആയിരക്കണക്കിനു വരുന്ന മനുഷ്യർക്ക് ജാതീയമായ ഉച്ഛനീചത്വങ്ങളുടെ, സാമൂഹ്യമായ അടിച്ചമർത്തലുകളുടെ, കുറഞ്ഞ കൂലി നൽകുന്നതുമായി ബന്ധപ്പെട്ട, അങ്ങനെയങ്ങനെ നീണ്ടുപോകുന്ന നിരവധി പ്രശ്നങ്ങളുണ്ടായിരുന്നു. അവ വി എസ്സിന്റെ കൂടി പ്രശ്നങ്ങളായി കാലാന്തരത്തിൽ പരിണമിക്കുകയായിരുന്നു.
തൊഴിലാളി പ്രശ്നങ്ങളേൽപ്പിച്ച മുറിവിൽനിന്നും ആ കൗമാരക്കാരന്റെ മനസ്സിൽ കനലുകളെരിഞ്ഞു തുടങ്ങിയ കാലത്താണ് സഖാവ് പി കൃഷ്ണപിള്ളയുടെ ആലപ്പുഴയിലേക്കുള്ള വരവ്. കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടിയുടെ മലബാർ കമ്മറ്റി സെക്രട്ടറിയായിരുന്നു അന്ന് സഖാവ്. കയർത്തൊഴിലാളികളെ ചേർത്തുപിടിച്ചുകൊണ്ട് ട്രേഡ് യൂണിയൻ പ്രസ്ഥാനം തിരുവിതാംകൂറിൽ ശക്തിപ്പെടുത്തുക എന്നതായിരുന്നു ലക്ഷ്യം. സഖാവിന്റെ സാന്നിധ്യമേൽപ്പിച്ച പുത്തനുണർവ്വിൽ നിന്ന് തൊഴിലാളികൾ വർഗപരമായി സംഘടിക്കുകയായിരുന്നു. 1938ലെ ഉത്തരവാദ പ്രക്ഷോഭത്തിലേക്ക്- തൊഴിലാളികൾ നടന്നടുത്തത് ഈ ബോധ്യത്തിൽനിന്നാണ്. വി എസ്സും അവരിലൊരാളായിരുന്നു.
അന്നത്തെ തൊഴിലാളി പ്രശ്നങ്ങളെപ്പറ്റി ഫാക്ടറിത്തൊഴിലാളികൾക്കിടയിലേക്ക് ഇറങ്ങിച്ചെന്ന് കൃത്യമായ അവബോധം സൃഷ്ടിക്കുവാൻ വി എസ്സിനു കഴിഞ്ഞു. ഈ പ്രവർത്തനങ്ങളുടെയെല്ലാം ഫലമായാണ് കയർ ഫാക്ടറി തൊഴിലാളി യൂണിയൻ ആരംഭിക്കുന്നത്. ഇതേ കാലത്തുതന്നെ തൊഴിലാളി സംഘടനാ പ്രവർത്തകർക്ക് എന്തിനാണ് ട്രേഡ് യൂണിയൻ എന്ന വിഷയത്തെ മുൻനിർത്തി സഖാവ് കൃഷ്ണപിള്ളയുടെ നേതൃത്വത്തിൽ ഒരു പഠനക്ലാസ് സംഘടിപ്പിച്ചിരുന്നു. യഥാർഥത്തിൽ പാർട്ടിയെക്കുറിച്ചും സംഘടനാ പ്രവർത്തനങ്ങളെക്കുറിച്ചുമുള്ള വി എസിന്റെ ആദ്യപാഠം ഈ ഒരു മാസം നീണ്ടുനിന്ന സംഘടനാ ക്ലാസായിരുന്നു. സംഘടനാ ക്ലാസിന്റെ ആദ്യാവസാന പഠിതാവു കൂടിയായിരുന്നു വി എസ്. വി എസിനുള്ളിലെ സംഘടനാ മികവ് പുറത്തുകൊണ്ടുവരാൻ ഇത് സഹായിച്ചു. ട്രേഡ് യൂണിയൻ പ്രവർത്തകനെന്ന നിലയിൽ ആലപ്പുഴയിലെ കയർത്തൊഴിലാളികൾക്കിടയിൽ വി എസിനു വളരെ പെട്ടെന്നുതന്നെ മികച്ച സംഘാടകനെന്ന നിലയിൽ പ്രചാരം സിദ്ധിക്കുകയും ചെയ്തു.
ഇൗ കാലയളവിലായിരുന്നു പാർട്ടിയുടെ പാറപ്രം സമ്മേളനം നടക്കുന്നത്. ഇതോടെ കേരളത്തിലെ കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടി കമ്യൂണിസ്റ്റു പാർട്ടിയുടെ കേരള സംസ്ഥാന ഘടകമായി മാറ്റപ്പെട്ടു. സമ്മേളനത്തിനുശേഷം കമ്യൂണിസ്റ്റ് പാർട്ടി കെട്ടിപ്പടുക്കുന്നതിനുള്ള തീവ്രശ്രമങ്ങളിൽ വ്യാപൃതനായിരുന്നു സഖാവ് പി കൃഷ്ണപിള്ള. ഇൗ അവസരത്തിൽ പതിനെട്ടു വയസ്സുപോലും തികയാത്ത വി എസ്സിന്റെ കരുത്തും ആർജവവും പാർട്ടി കെട്ടിപ്പടുക്കുവാൻ സഹായിക്കുമെന്നു തിരിച്ചറിഞ്ഞ കൃഷ്ണപിള്ളയാണ് കമ്യൂണിസ്റ്റ് പാർട്ടിയുടെ അംഗത്വം നൽകുന്നതിന് വി എസ്സിന്റെ പേരു നിർദ്ദേശിച്ചത്. കൃഷ്ണപിള്ളയുടെ പ്രത്യേക താൽപര്യത്തിന്റെ കൂടി ഭാഗമായിരുന്നു അത്. സഖാവ് കൃഷ്ണപിള്ള നയിച്ച പാതയിലൂടെ വി എസ്സും തൊഴിലാളി പ്രസ്ഥാനത്തിന്റെ കരുത്തും കാവലുമായി ഇക്കാലമത്രയും നമുക്കൊപ്പം നിലകൊണ്ടു. l



