Saturday, February 14, 2026

ad

Homeകവര്‍സ്റ്റോറിഒളിവിലെ പോരാട്ടവും തടവറയിലെ ജീവിതവും

ഒളിവിലെ പോരാട്ടവും തടവറയിലെ ജീവിതവും

ആര്യ ജിനദേവൻ

മ്യൂണിസ്റ്റുകാരെ സംബന്ധിച്ചിടത്തോളം, ചൂഷകവർഗാശയങ്ങൾക്കും ബൂർഷ്വാ ഭരണകൂടങ്ങൾക്കുമെതിരായ പോരാട്ടത്തിന്റെ ഭാഗമായിത്തന്നെയാണ് ജയിൽ ജീവിതത്തെയും ഒളിവുകാലത്തെയും അവർ കാണുന്നത്. തടവറകളെ ഭയന്ന് കമ്യൂണിസ്റ്റുകാർ പോരാട്ടത്തോട് സന്ധി ചെയ്യുകയില്ല. ബൂർഷ്വാ ഭരണകൂടങ്ങൾക്കും വ്യവസ്ഥിതിക്കുമെതിരായ പോരാട്ടത്തിന്റെ ഭാഗമായാണ് അവർ ഒളിവുജീവിതത്തെയും കാണുന്നത‍്. വി എസിനെ സംബന്ധിച്ചിടത്തോളം തന്റെ രാഷ്ട്രീയ ജീവിതത്തിന്റെ ആദ്യ ദശകങ്ങളിൽ തന്നെ നേരിടേണ്ടി വന്ന അഞ്ചുവർഷത്തോളം നീണ്ട ജയിൽ ജീവിതവും നാലര വർഷത്തെ ഒളിവു ജീവിതവും ഇടവേളകളില്ലാത്ത പോരാട്ടത്തിന്റെ ഭാഗം തന്നെയായിരുന്നു. തന്റെ തീക്ഷ്ണയൗവനത്തിന്റെ നാളുകളിൽ തന്നെ നേരിടേണ്ടിവന്ന കൊടിയ മർദ്ദനങ്ങളുടെയും ഭരണകൂട ഭീകരതകളുടെയും മുന്നിൽ വി എസ് പിടിച്ചുനിന്നത് കമ്യൂണിസ്റ്റുകാരന്റെ കരളുറപ്പുകൊണ്ടാണ്. ദിവാന്റെ പൊലീസ് ആ ശരീരത്തിലാകെ മർദ്ദനമുറകൾ പരീക്ഷിക്കുമ്പോൾ ആ ചെറുപ്പക്കാരന്റെ പ്രായം 25ൽ താഴെ മാത്രമായിരുന്നു. പോരാട്ടത്തിന്റെ ഊർജവും സത്തയും ശിരസാവഹിച്ചുകൊണ്ടാണ് കമ്യൂണിസ്റ്റുകാർ ലോകത്തെല്ലായിടത്തും എക്കാലവും ഇത്തരം ഭരണകൂടഭീകരതകളെ നേരിട്ടിട്ടുള്ളത്.

ദിവാനുമായുള്ള സന്ധി സംഭാഷണം പരാജയപ്പെട്ടതിനെതുടർന്ന് 1946 ഒക്ടോബർ 22 മുതൽ എഐടിയുസി പൊതുപണിമുടക്കിന് ആഹ്വാനം ചെയ്തു. പണിമുടക്കിനു മുന്നോടിയായി ആലിശ്ശേരിയിൽ നടത്തിയ പൊതുസമ്മേളനത്തിൽ ആർ സുഗതൻ, കെ വി പത്രോസ്, സെെമൺ ആശാൻ, വി എസ് തുടങ്ങിയവർ പ്രസംഗിച്ചു. പ്രായപൂർത്തി വോട്ടവകാശം അനുവദിക്കണമെന്നും ദിവാൻ ഭരണം അവസാനിപ്പിക്കണമെന്നും അത് രാജ്യത്തിന്റെ സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട കാര്യമാണെന്നും വി എസ് എടുത്തുപറഞ്ഞു. ആലിശ്ശേരിയിലെ ഈ പൊതുസമ്മേളനത്തെ ദിവാൻ ഭരണം അട്ടിമറിക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമായാണ് അധികാരിവർഗവും ദിവാനും കണക്കാക്കിയത്. സമ്മേളനവുമായി ഏതെങ്കിലും രൂപത്തിൽ ബന്ധപ്പെട്ടവരെയെല്ലാം അറസ്റ്റുചെയ്യണമെന്ന് ഉത്തരവുണ്ടായി. ആർ സുഗതനും സെെമൺ ആശാനും പിറ്റേന്നുതന്നെ അറസ്റ്റിലായി. ദിവാനെതിരായ ഏതെങ്കിലും പ്രചാരണ പരിപാടികളിൽ പങ്കെടുക്കുന്നവരെല്ലാം അറസ്റ്റിലാകുന്ന സ്ഥിതിയായി. ദിവാനെതിരായി എന്തെങ്കിലും അച്ചടിക്കാൻ ശ്രമിക്കുന്ന പ്രസ്സുകൾ കണ്ടുകെട്ടും. കമ്യൂണിസ്റ്റ് പാർട്ടി നേതാക്കളുടെ സ്വത്തുകൾ കണ്ടുകെട്ടാൻ ഉത്തരവായി. സമ്മേളനത്തിന്റെ സംഘാടന ചുമതലയുണ്ടായിരുന്ന വി എസിനെ തേടി പൊലീസ് നാടെങ്ങും തേർവാഴ്ച നടത്തി. വി എസിന്റെ വെന്തലന്തറ വീടിന്റെ വാതിലിൽ രാജമുദ്ര പതിപ്പിച്ചു. ‘‘അച്യുതാനന്ദൻ പൊലീസിനു കീഴടങ്ങണം. അല്ലാത്തപക്ഷം വീട് കണ്ടുകെട്ടും’’ എന്നായിരുന്നു നോട്ടീസ്.

ഒരു കാരണവശാലും പിടികൊടുക്കരുതെന്ന പാർട്ടി നിർദേശത്തെ തുടർന്ന് വി എസ് ഒളിവിൽപോയി. പള്ളാത്തുരുത്തിലെ ദ്വീപുപോലുള്ള ഒരു പ്രദേശത്ത് വയൽപറമ്പിൽ ഭാസ്കരന്റെ വീടായിരുന്നു ഒളിവു സങ്കേതം. കൊച്ചിയിലേക്കാണ് പോയതെന്ന് വി എസ് തന്നെ പ്രചരിപ്പിച്ചതിനാൽ അദ്ദേഹം അമ്പലപ്പുഴ, ചേർത്തല താലൂക്കുകളിലൊന്നും ഉണ്ടാകാനിടയില്ലെന്ന് ദിവാന്റെ പൊലീസും കരുതി. കൊച്ചി മറ്റൊരു നാട്ടുരാജ്യമായിരുന്നതിനാൽ അവിടെ പോയി തിരുവിതാംകൂറിലെ പൊലീസിന് പ്രതിയെ പിടിക്കുക അസാധ്യമായിരുന്നു. വയൽപറമ്പിൽ ഭാസ്കരന്റെ കുടിലിൽ വേലിക്കമ്പുകൾക്കൊണ്ടാരു മച്ചുണ്ടാക്കി അതിനു മുകളിലായിരുന്നു വാസം. നേരേചൊവ്വെ തലനിവർത്തി ഇരിക്കാൻ പോലുമുള്ള ഉയരമുണ്ടായിരുന്നില്ല ഈ മച്ചിന് എന്നതുകൊണ്ട് ഭൂരിപക്ഷം സമയവും അവിടെ കിടന്നു കഴിച്ചുകൂട്ടി. ഇടയ്ക്ക് എന്തെങ്കിലുമൊക്കെ ഭക്ഷണം എത്തിച്ചുകൊടുക്കും. ദിവാന്റെ പൊലീസ് ഭീകരമായ അക്രമം അഴിച്ചുവിട്ടിരുന്നതിനാൽ ഭാസ്കരൻ ഭാര്യയെയും കുടുംബത്തെയും ഭാര്യവീട്ടിലേക്കു മാറ്റിയിരുന്നു.

കൂലിപ്പണിക്ക് പോകുന്ന ഭാസ്കരൻ വീടു പൂട്ടിയിട്ടായിരിക്കും പോവുക. പകൽ മുഴുവൻ മച്ചിൻപുറത്ത് സമയം കഴിക്കുന്ന വിഎസ് സന്ധ്യയാകുന്നതോടെ ജോലി കഴിഞ്ഞ് ഭാസ്കരൻ എത്തിയാൽ പിന്നെ പുറത്ത് ഇറങ്ങി തോടും പാടവും താണ്ടി നാട്ടുവഴിയിൽ എത്തും. തുടർന്ന് സമരസേനാനികൾക്ക് പരിശീലനം നൽകുന്ന ക്യാമ്പുകളിലേക്ക് പോയി സ്ഥിതിഗതികൾ വിലയിരുത്തും. ചിലപ്പോൾ സഹായത്തിന് പാർട്ടിപ്രവർത്തകർ ആരെങ്കിലും സൈക്കിളിന്റെ പുറകിൽ കയറ്റികൊണ്ടുപോകും. ക്യാമ്പുകളിലേക്കുള്ള സഞ്ചാരവും അവിടങ്ങളിലെ കൊച്ചുകൊച്ച് യോഗങ്ങളും കഴിഞ്ഞ് നേരം പുലരുന്നതിനു മുമ്പേതന്നെ ഒളിവുസങ്കേതത്തിൽ തിരിച്ചെത്തും.

ഒക്ടോബർ 24ലെ (തുലാം 7 ) പുന്നപ്ര വെടിവെപ്പിനു ശേഷം പുന്നപ്ര, പറവൂർ പ്രദേശങ്ങളിലാകെ പൊലീസിന്റെയും പട്ടാളത്തിന്റെയും അഴിഞ്ഞാട്ടം തന്നെയായിരുന്നു. വിഎസ് അടക്കം സമരത്തിന് നേതൃത്വം നൽകിയവരെ തേടി വീടുകളിൽ കയറിയിറങ്ങിയ പൊലീസുകാർ നേതാക്കളെ കിട്ടാതായപ്പോൾ സ്ത്രീകൾക്കു നേരെ അക്രമം അഴിച്ചുവിട്ടു. എങ്ങും ഭീകരാന്തരീക്ഷം. കമ്യൂണിസ്റ്റുകാരെ അടിച്ചമർത്താനെന്ന പേരിൽ ദിവാൻ സിപി രാമസ്വാമി അയ്യർ രാജാവിനെ സ്വാധീനിച്ച് പട്ടാളമേധാവിസ്ഥാനം കൂടി തരപ്പെടുത്തിയതോടുകൂടി ഈ പ്രദേശങ്ങളിലാകെ പട്ടാളം നരനായാട്ട് നടത്തി. പൊലീസിന്റെയും പട്ടാളത്തിന്റെയും കണ്ണുവെട്ടിച്ച് രക്ഷപ്പെട്ടവരോട് ഒരു കാരണവശാലും പിടികൊടുക്കരുതെന്ന് പാർട്ടി നിർദ്ദേശിച്ചു. പുന്നപ്രയിൽ പൊലീസുമായുണ്ടായ ഏറ്റുമുട്ടലിൽ പൊലീസിന്റെ കയ്യിൽ നിന്ന് സമര വളണ്ടിയർമാർ തോക്കുകൾ പിടിച്ചെടുത്തിരുന്നു. ഈ തോക്ക് ഉപേക്ഷിച്ച് രക്ഷപ്പെടാനായിരുന്നു പാർട്ടി നിർദേശം. തുടർന്ന് തോക്ക് കൈവശപ്പെടുത്തിയിരുന്ന സമരവളണ്ടിയർമാർ കളർകോട്ട് നിന്ന് കിഴക്കോട്ട് നീങ്ങി പള്ളാത്തുരുത്തിലെത്തി അവിടെ ആറ്റിൽ തോക്കുകൾ ഉപേക്ഷിച്ച് ഒളിവിൽ മറഞ്ഞു. വെടിവെപ്പിന്റെ പിറ്റേദിവസംതന്നെ പൊലീസ് വെന്തലത്തറ വീട്ടിലെത്തി. പൊലീസ് ഇവിടെയെത്തുമ്പോൾ വി എസിന്റെ സഹോദരി ആഴിക്കുട്ടി മാത്രമേ ഇവിടെ ഉണ്ടായിരുന്നുള്ളൂ. വെന്തലത്തറ അച്യുതാനന്ദന്റെ വീടല്ലെന്നും ജ്യേഷ്ഠൻ ഗംഗാധരന്റെ വീടാണെന്നും അവർ രണ്ടുപേരും തമ്മിൽ വിരോധത്തിൽ കഴിയുകയാണെന്നും ആഴിക്കുട്ടി പൊലീസിനോട് പറഞ്ഞു. പാർട്ടി പ്രവർത്തനം തലയ്ക്കുപിടിച്ചു നടക്കുന്നതുകൊണ്ടാണ് ജ്യേഷ്ഠന് അച്യുതാനന്ദനോട് വിരോധം എന്നും സൂചിപ്പിച്ചു. അച്യുതാനന്ദൻ ഏതോ പാർട്ടി ഓഫീസിൽ ആണ് താമസിക്കുന്നത് എന്നാണ് കേട്ടിട്ടുള്ളത് എന്നും അവർ പറഞ്ഞു, എങ്കിലും പൊലീസ് വീടിനുള്ളിൽ കയറി സാധനങ്ങളൊക്കെ വലിച്ചു താഴെയെറിഞ്ഞ് വീടാകെ പരതിയതിനുശേഷമാണ് തിരിച്ചുപോയത്.

പുന്നപ്ര വയലാർ സമരത്തിൽ പങ്കെടുത്ത പാവപ്പെട്ട തൊഴിലാളി ജനതയ്ക്കു നേരെ നിഷ്ഠൂരമായ നരനായാട്ട് നടത്തിക്കൊണ്ട് പൊലീസും ദിവാനും ഈ ജനമുന്നേറ്റത്തെ അടിച്ചമർത്തി എന്ന് അവകാശപ്പെടുന്ന സന്ദർഭമായിരുന്നതുകൊണ്ടുതന്നെ കമ്യൂണിസ്റ്റ് പാർട്ടിയുടെ ദൗത്യം പിന്നെയും ശേഷിക്കുകയായിരുന്നു. അത്തരമൊരു സാഹചര്യത്തിൽ സമരത്തിന്റെ നേതൃനിരയിൽ ഉണ്ടായിരുന്നവർ ഒന്നടങ്കം പൊലീസ് പിടിയിലായാൽ പാർട്ടിയുടെ മുന്നോട്ടുപോക്കുതന്നെ ബുദ്ധിമുട്ടിലാകും. അതുകൊണ്ടുതന്നെ പിടികൊടുക്കരുതെന്ന കർശനമായ പാർട്ടി നിർദ്ദേശപ്രകാരം വിഎസ് കോട്ടയത്തേക്ക് പോയി. ആലപ്പുഴ നിന്ന് ബോട്ടുമാർഗ്ഗം കോട്ടയത്തെത്തിയ വിഎസ് അന്നത്തെ കോട്ടയം ജില്ലാ സെക്രട്ടറി സി എസ് ഗോപാലപിള്ളയെ കാണുകയും അദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരം പൂഞ്ഞാറിൽ എത്തി അവിടുത്തെ വാലാനിക്കൽ കുടുംബത്തിൽ അഭയം പ്രാപിക്കുകയും ചെയ്തു. കമ്യൂണിസ്റ്റ് രാഷ്ട്രീയം നെഞ്ചേറ്റിയ വാലാനിക്കൽ കുടുംബക്കാർ എക്കാലത്തും സഖാക്കളുടെ പോരാട്ടത്തിന് തങ്ങളാലാവുന്ന കൈത്താങ്ങ് നൽകാൻ തയ്യാറായവരായിരുന്നു. പി കൃഷ്ണപിള്ളയും ഇ കെ നായനാരുമടക്കം ഇവിടെ ഒളിവിൽ കഴിഞ്ഞിട്ടുണ്ട്. കുറച്ചു ദിവസങ്ങൾക്കു ശേഷം, പൂഞ്ഞാർ തിരുവിതാംകൂറിന്റെ ഭാഗമായിരുന്നതിനാൽ അമ്പലപ്പുഴ, ചേർത്തല താലൂക്കുകളിൽ നിന്നുള്ള പൊലീസുകാർ ഇവിടെ എത്താനുള്ള സാധ്യത കോട്ടയത്തെ പാർട്ടി നേതൃത്വം മുൻകൂട്ടി കണ്ടതിനെ തുടർന്ന് ഗോപാലപിള്ള ഒരു കുറിപ്പ് ദൂതൻവശം വിഎസിന് കൊടുത്തയച്ചു. അവിടെനിന്ന് മാറണം എന്നതായിരുന്നു കുറുപ്പിലെ നിർദ്ദേശം. അപകടം മണത്തറിഞ്ഞ വാലാനിക്കൽ കുടുംബം തങ്ങളുടെ ബന്ധുക്കളായ വേലൻപറമ്പിലേക്ക് വിഎസിനെ മാറ്റി. വിഎസ് വാലാനിക്കൽ കുടുംബത്തിൽ നിന്നും മാറി അധികം വെെകാതെ തന്നെ ആലപ്പുഴയിൽ നിന്ന് രണ്ടു പൊലീസുകാർ അവിടെ എത്തുകയും അവർ നിരാശരായി മടങ്ങുകയും ചെയ്തു. വയലാറിലെ വെടിവെപ്പിന്റെ തൊട്ടു പിറ്റേ ദിവസം പുലർച്ചെ വേലൻ പറമ്പിലെ വീടിനു മുന്നിലെ തോട്ടിൽ കുളി കഴിഞ്ഞ് മടങ്ങുകയായിരുന്ന വിഎസിനെ അച്യുതാനന്ദൻ അല്ലേ എന്ന് ചോദിച്ച് അപരിചിതനായ ഒരാൾ പുറകിൽ നിന്ന് തോളത്തുപിടിച്ചു. ഒന്നും മിണ്ടാതെ വിഎസ് മുന്നോട്ട് നീങ്ങുന്നതിനിടയിൽ ഒരു വിസിൽ മുഴക്കം കേട്ടു. ചുറ്റും പൊലീസ് ഓടിക്കൂടി. അക്കൂട്ടത്തിൽ പുന്നപ്ര പൊലീസ് സ്റ്റേഷനിൽ ഉണ്ടായിരുന്ന രഹസ്യ പൊലീസുകാരൻ വാസുപിള്ളയാണ് വിഎസിനെ തിരിച്ചറിഞ്ഞത്.

പിന്നെ നേരെ പാലാ പൊലീസ് ലോക്കപ്പിലേക്കാണ് വിഎസിനെ കൊണ്ടുപോയത്. തുടർന്ന് നേരിടേണ്ടി വന്നത് കൊടിയ മർദനമായിരുന്നു. പൊലീസുകാരിൽ ഒരാൾ നടുവിന് ചവിട്ടി ലോക്കപ്പിലേക്ക് തള്ളിയിട്ടു. മുഖമടിച്ച് നിലത്തുവീണ വിഎസിനെ പൊലീസുകാർ കൈത്തരിപ്പ് മാറുന്നതുവരെ തല്ലി. പുന്നപ്ര വയലാർ സമരത്തിനും പൊലീസ് ക്യാമ്പ് ആക്രമണത്തിനും ഒത്താശകൾ നൽകിയ വിഎസിനെ പരമാവധി ക്രൂരമായി മർദ്ദിച്ചാൽ പൊലീസ് മേധാവിയുടെയും ദിവാന്റെ തന്നെയും പ്രീതി പിടിച്ചുപറ്റാനാകും എന്ന ചിന്തയും പൊലീസുകാരുടെ മർദ്ദനത്തിന് ആക്കംകൂട്ടി. അന്ന് പാലാ പൊലീസ് ലോക്കപ്പിൽ വിഎസിനുമേൽ പൊലീസ് നടത്തിയ മർദ്ദനം പൊലീസിന്റെ മൂന്നാംമുറയുടെ ചരിത്രത്തിലെ അത്യപൂർവ്വമായ ഒന്നായിരുന്നു.

ചില പൊലീസുകാർ ചേർന്ന് വിഎസിനെ പൊക്കിയെടുത്ത് കാലുകൾ രണ്ടും ലോക്കപ്പിന്റെ അഴികൾക്കിടയിലൂടെ പുറത്തേക്കിട്ടു. എന്നിട്ട് കണങ്കാലുകൾ അഴികളോട് ചേർത്ത് കെട്ടിവെച്ചു. അതായത്, കെട്ടിയ പൊലീസുകാർ വിചാരിച്ചാലേ പിന്നെയാ കാൽപാദങ്ങൾ സ്വതന്ത്രമാക്കാൻ കഴിയുകയുള്ളൂ. ശേഷം രണ്ടു പൊലീസുകാർ ലാത്തികൊണ്ട് കാൽവെള്ളയിൽ ആഞ്ഞടിക്കാൻ തുടങ്ങി. ഇഎംഎസ് അടക്കമുള്ള നേതാക്കൾ എവിടെയാണെന്ന് പറയണമെന്നതായിരുന്നു പൊലീസിന്റെ ആവശ്യം. പക്ഷേ പൊലീസിന്റെ ചോദ്യത്തിന് മറുപടി നൽകാൻ വിഎസ് തയ്യാറായില്ല. ഇതുകണ്ട് രോഷം അണപൊട്ടിയ ഒരു പൊലീസുകാരൻ തോക്കിന്റെ ബയണറ്റുകൊണ്ട് വിഎസിന്റെ ഇടതുകാലിൽ ആഞ്ഞു കുത്തി. കാൽവെള്ളയിൽ കുത്തിയിറക്കുമ്പോൾ ഒരു നിമിഷം ഒന്നലറി. പിന്നെ അവിടം രക്തക്കളമാവുകയായിരുന്നു. വിഎസിന്റെ ബോധം നഷ്ടപ്പെട്ടിരുന്നു.

അനക്കമില്ലാതെ അച്യുതാനന്ദൻ രക്തത്തിൽ കുളിച്ചു കിടക്കുകയാണ്. ശ്വാസംപോലും നിലച്ച മട്ടായിരുന്നു. ആൾ മരിച്ചു എന്നു തന്നെ പൊലീസ് വിചാരിച്ചു. എങ്ങനെയും ഇരുചെവി അറിയാതെ ആളെ എവിടെയെങ്കിലും കൊണ്ടുപോയി മറവുചെയ്യണം. കാലിലെ കെട്ടഴിച്ച് വിഎസിന്റെ ശരീരം തൂക്കിയെടുത്ത് പൊലീസ് ജീപ്പിലിട്ടു . സഹായത്തിന് ലോക്കപ്പിലുണ്ടായിരുന്ന കള്ളൻ കോലപ്പനെയും കൂട്ടി . കുറ്റിക്കാട്ടിൽ എവിടെയെങ്കിലും കൊണ്ടുപോയി മറവു ചെയ്യുകയായിരുന്നു ലക്ഷ്യം. അങ്ങോട്ടേക്കുള്ള യാത്രയ്ക്കിടയിൽ കള്ളൻ കോലപ്പൻ വിഎസ് മരിച്ചിട്ടില്ലെന്നും ശ്വാസമുണ്ടെന്നും തിരിച്ചറിഞ്ഞു. ഇക്കാര്യം പൊലീസിനെ അറിയിച്ചതിനെ തുടർന്ന് ജീപ്പ് പാലാ ആശുപത്രിയിൽ എത്തിക്കുകയും ആശുപത്രിയിലെ തീവ്രപരിചരണത്തിന്റെ ഫലമായി രണ്ടുമൂന്നു ദിവസം കഴിഞ്ഞപ്പോൾ വിഎസ് കണ്ണു തുറക്കുകയും ചെയ്തു; വെള്ളം കുടിച്ചു. കാലിൽ അസഹനീയമായ വേദനയായിരുന്നു. അച്യുതാനന്ദനു ആശുപത്രിയിൽ സഹായത്തിനായി കോലപ്പനും ഉണ്ടായിരുന്നു. ബോധരഹിതനായതിനു ശേഷമുള്ള കാര്യങ്ങളെപ്പറ്റി കോലപ്പൻ പറഞ്ഞാണ് പിന്നീട് വിഎസ് മനസ്സിലാക്കുന്നത്.

വിഎസിനെതിരായ പ്രധാന കേസ് ആലപ്പുഴയിൽ ആയിരുന്നു. പുന്നപ്ര വയലാർ സമരവുമായി ബന്ധപ്പെട്ട കലാപ കേസിലെ പ്രതിയായിരുന്ന അദ്ദേഹം പുന്നപ്ര പൊലീസ് ക്യാമ്പ് ആക്രമണത്തിനിടയിൽ എസ് ഐ വേലായുധൻ നാടാർ കൊല്ലപ്പെട്ട കേസിലും പ്രതിയായിരുന്നു. ഈ കേസുകളുടെ വിചാരണയ്ക്കായി ആലപ്പുഴയിൽ പ്രത്യേക കോടതി തന്നെ രൂപീകരിച്ചിരുന്നു. അതിന്റെ ഭാഗമായി ആലപ്പുഴയിൽ നിന്നുള്ള പൊലീസ് സംഘം പാലായിലെത്തി. വിഎസിനെ ആലപ്പുഴ സബ് ജയിലിൽ എത്തിച്ചു. മുറിവുകളും പരിക്കുകളും ഗുരുതരമായിരുന്നു. അതുകൊണ്ട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ഏറെനാൾ അവിടെ അദ്ദേഹത്തിന് ചികിത്സയിൽ കഴിയേണ്ടി വന്നു. മാസങ്ങൾ കഴിഞ്ഞ് കേസിന്റെ വിചാരണ ആരംഭിച്ചപ്പോഴും വിഎസിന്റെ ആരോഗ്യനില മെച്ചപ്പെട്ടിരുന്നില്ല. കോടതിയിലേക്ക് പോകാനായി വിഎസ് പൊലീസ് ജീപ്പിൽ കയറിയത് ഏന്തിയേന്തിയാണ്. ഇതിനിടയിൽ പൂഞ്ഞാറിൽ രജിസ്റ്റർ ചെയ്ത കേസിനായി പാലാ കോടതിയിലേക്കും കൊണ്ടുപോയി. ഈ യാത്രകളാകെയും പൊലീസിന്റെ നരകപീഡനത്തിന്റെ തനിയാവർത്തനമായിരുന്നു. പ്രക്ഷോഭം കെട്ടടങ്ങിയതിനെ തുടർന്ന് 1946 ഒക്ടോബർ 31ന് പട്ടാള നിയമം പിൻവലിച്ചുവെങ്കിലും പൊലീസിന്റെ ഭീകരതയ്ക്ക് ഒരു കുറവും ഉണ്ടായിരുന്നില്ല. കമ്യൂണിസ്റ്റ് സഖാക്കളുടെ വീടുകളിലുടനീളം പൊലീസ് നിരന്തരം കയറിയിറങ്ങി. പാർട്ടി പ്രവർത്തകർ കൊച്ചിയിലേക്കും മലബാറിലേക്കും മറ്റും പലായനം ചെയ്തു. അമ്പലപ്പുഴയിലും പൂഞ്ഞാറിലും കേസുണ്ടായിരുന്ന വിഎസിനെ ഇടയ്ക്കിടയ്ക്ക് ആലപ്പുഴ മജിസ്ട്രേറ്റ് കോടതിയിലും മീനച്ചിൽ മജിസ്ട്രേറ്റ് കോടതിയിലും ഹാജരാക്കേണ്ടതുണ്ടായിരുന്നു. ആലപ്പുഴ സബ്ജയിലിൽ ആയിരുന്നു തടവിലാക്കപ്പെട്ടിരുന്നത്. പിന്നീട് ഇവിടെ നിന്ന് മറ്റു ചില പ്രതികൾക്കൊപ്പം അദ്ദേഹത്തെ തിരുവനന്തപുരത്ത് പൂജപ്പുര സെൻട്രൽ ജയിലിലേക്ക് മാറ്റുകയായിരുന്നു.

തിരുവിതാംകൂർ ഗവൺമെന്റിന്റെ കോൺഫിഡൻഷ്യൽ ഡിപ്പാർട്ട്മെന്റ്- സൂക്ഷിച്ചിരുന്ന ഡോക്കറ്റ് ഷീറ്റിലും അന്നത്തെ ഗവൺമെന്റ് സെക്രട്ടറി വെങ്കിടേശ്വര അയ്യർ സെൻട്രൽ ജയിൽ സൂപ്രണ്ട് വിഎസ് ഗണേശ പിള്ളയ്ക്ക് അയച്ച ഔദ്യോഗിക കത്തിലും രേഖപ്പെടുത്തിയിട്ടുള്ളതുപ്രകാരം സെൻട്രൽ ജയിലിൽ വിഎസ് 8957 നമ്പർ തടവുകാരനായിരുന്നു. ഇതിൽ പറഞ്ഞ കേസുകൾ പിൻവലിക്കപ്പെട്ടതിനുശേഷവും ഇവരെ രണ്ടുപേരെയും ജയിലിൽ നിന്നും മോചിപ്പിക്കാത്തത് കൊല്ലം ഡിവിഷൻ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലും ആലപ്പുഴ മജിസ്ട്രേറ്റ് കോടതിയിലും മീനച്ചിൽ മജിസ്ട്രേറ്റ് കോടതിയിലും കേസുകൾ നിലനിൽക്കുന്നതു കൊണ്ടാണെന്നും ഈ രേഖയിൽ പറയുന്നുണ്ട്. ഈ കേസുകളിൽ ഒന്നര വർഷമാണ് വി എസ്സിന് തടവു ശിക്ഷ അനുഭവിക്കേണ്ടിവന്നത്.

രാജ്യത്തിന് സ്വാതന്ത്ര്യം ലഭിച്ചതിനെ തുടർന്ന് പട്ടംതാണുപിള്ള പ്രധാനമന്ത്രിയായി തിരുവിതാംകൂറിലെ ആദ്യത്തെ ജനാധിപത്യ സർക്കാർ 1948 മാർച്ച് 24ന് അധികാരത്തിലെത്തി. ഗ്രൂപ്പ് വഴക്കിനെ തുടർന്ന് കേവലം ഏഴുമാസത്തിനുള്ളിൽ ഈ സർക്കാർ നിലംപൊത്തി. ഇതിനിടയിൽ സർക്കാർ പുന്നപ്ര വയലാർ സമരത്തോട് അനുബന്ധിച്ച് ചാർജ് ചെയ്ത രാഷ്ട്രീയ കേസുകൾ പിൻവലിക്കുകയും തടവുകാരെ വിട്ടയക്കുകയും ചെയ്തു. പക്ഷേ വി എസിന് അപ്പോഴും മോചനം ലഭിച്ചില്ല. വിവിധ മജിസ്ട്രേറ്റ് കോടതികളിലെ കേസുകളിൽ നിന്ന് ഇളവ് ലഭിക്കാത്തതിനെ തുടർന്ന് അവിടങ്ങളിലെ ശിക്ഷാ കാലാവധിയും കഴിഞ്ഞ് 1949 മാർച്ചിലാണ് വിഎസ് ജയിലിൽ നിന്ന് ഇറങ്ങുന്നത്.

പിന്നീട് വിഎസിന് ജയിലിൽ കിടക്കേണ്ടിവന്നത് 1962ലെ ഇന്ത്യ – – ചൈന യുദ്ധകാലത്ത് ആയിരുന്നു. 1962 ഒക്ടോബർ 20ന് ആരംഭിച്ച ഇന്ത്യ–ചൈന യുദ്ധം ഒരു മാസത്തിനുശേഷം നവംബർ 21ന് അവസാനിച്ചെങ്കിലും ഇതിന്റെ പേരിൽ അറസ്റ്റിലായ വിഎസിന് ഒരു വർഷം ജയിലിൽ കഴിയേണ്ടി വന്നു. ഇന്ത്യയും ചൈനയും തമ്മിൽ ഉണ്ടായിട്ടുള്ള ഈ അതിർത്തി പ്രശ്നം ഇരു രാജ്യങ്ങളും ഒരു മേശയ്ക്ക് ചുറ്റുമിരുന്ന് ചർച്ചചെയ്ത് പരിഹരിക്കേണ്ടതാണെന്ന പാർട്ടി നിലപാട് സ്വീകരിച്ചതിന്റെ പേരിലാണ് ചൈന ചാരന്മാർ എന്ന് മുദ്രകുത്തി വിഎസ് അടക്കമുള്ളവരെ അന്ന് ഇന്ത്യൻ ഭരണകൂടം തടവിലാക്കിയത്. ഇത്തവണ പൂജപ്പുര സെൻട്രൽ ജയിലിൽ 10 ദിവസവും ബാക്കി വിയ്യൂർ സെൻട്രൽ ജയിലിലും ആയിരുന്നു തടവ്.

സോഷ്യലിസം നടപ്പിലാക്കുന്നു എന്ന വ്യാജേന കമ്യൂണിസ്റ്റുകാർക്കും സോഷ്യലിസ്റ്റുകാർക്കും നേരെ ഇന്ദിരാഗാന്ധിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാർ സമാനതകളില്ലാത്ത നരനായാട്ട് നടത്തിയ കാലഘട്ടമായിരുന്നുവല്ലോ അടിയന്തരാവസ്ഥക്കാലം. അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് മൂന്നുമാസത്തിനു ശേഷം 1975 സെപ്റ്റംബർ 25നാണ് വിഎസിനെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. പിന്നീട് അടിയന്തരാവസ്ഥക്കാലം മുഴുവൻ അദ്ദേഹത്തിന് ജയിലിൽ കഴിയേണ്ടി വന്നു. എന്നാൽ എംഎൽഎ കൂടിയായിരുന്ന അദ്ദേഹത്തിന് രാഷ്ട്രീയ തടവുകാരൻ എന്ന പരിഗണന ലഭിച്ചിരുന്നതുകൊണ്ട് ഇക്കാലത്ത് ജയിൽവാസത്തിനിടയിൽ മർദ്ദനമൊന്നും നേരിടേണ്ടി വന്നിരുന്നില്ല എന്ന് വിഎസ് തന്നെ പിൽക്കാലത്ത് വ്യക്തമാക്കിയിട്ടുണ്ട്. എന്നിരുന്നാലും വിഎസിന്റെ പോരാട്ട ജീവിതത്തിലെ മൂന്നാംഘട്ട തടവറ ജീവിതമായിരുന്നു അടിയന്തരാവസ്ഥക്കാലത്തേത്. ഇങ്ങനെ തന്റെ പോരാട്ട ജീവിതത്തിന്റെ ആദ്യ കാലത്ത് തന്നെ ഏതാണ്ട് അഞ്ചുകൊല്ലത്തിലേറെ വിഎസിന് ജയിലിലും നാലുവർഷത്തിലേറെ ഒളിവിലുമായി കഴിയേണ്ടി വന്നു. ശാരീരികമായി വിഎസിനുമേൽ കനത്ത ആഘാതം ഏൽപ്പിക്കാൻ പൊലീസിനു കഴിഞ്ഞെങ്കിലും മാനസികമായി വിഎസിലെ പോരാളിയെ തെല്ലും തളർത്താൻ ഭരണകൂടത്തിന് കഴിഞ്ഞിരുന്നില്ല. ജയിലിൽ കഴിയുന്ന കാലത്ത് പുന്നപ്ര വയലാർ സമരത്തിന്റെ വാർഷിക വേളയിൽ ജയിലിൽ ചെങ്കൊടി ഉയർത്താൻ മുന്നിട്ടുനിന്ന മുഹമ്മ അയ്യപ്പനെ പൊലീസുകാർ അവിടെയിട്ട് പൊതിരെ തല്ലി. മർദ്ദനത്തിനൊടുവിൽ അയ്യപ്പൻ രക്തസാക്ഷിയായി. അന്ന് ജയിലിൽ ഒപ്പമുണ്ടായിരുന്ന സമര സേനാനി കെ വി തങ്കപ്പന്റെ മടിയിൽ കിടന്ന് അയ്യപ്പൻ അന്ത്യശ്വാസം വലിക്കുമ്പോൾ ഒരിറ്റു വെള്ളം കൊടുക്കാൻ മാത്രമേ തനിക്ക് കഴിഞ്ഞുള്ളൂ എന്ന് വിഎസ് പിന്നീട് പറയുകയുണ്ടായി. ജയിലിൽ കഴിയുമ്പോൾ തനിക്ക് ഏറെ വേദനയുണ്ടാക്കിയ സംഭവങ്ങളിൽ ഒന്നായിരുന്നു മുഹമ്മ അയ്യപ്പന്റെ രക്തസാക്ഷിത്വം എന്ന് അദ്ദേഹം പലതവണ പറഞ്ഞിട്ടുണ്ട്. ഇത്തരം സംഭവങ്ങൾ മാനസികമായ സംഘർഷങ്ങൾ ഏറെ ഉണ്ടാക്കിയെങ്കിലും ഭരണകൂടത്തിന്റെ കിരാതമായ മർദ്ദനത്തിനു മുന്നിൽ ഒരു തരിമ്പുപോലും കീഴടങ്ങാൻ തയ്യാറാകാതെ നെഞ്ചുവിരിച്ചുനിന്ന് വി എസ് പടപൊരുതിയ നാളുകളായി അദ്ദേഹത്തിന്റെ ജീവിതത്തിലെ ഒളിവുകാലവും ജയിൽ ജീവിതവും എന്നും അടയാളപ്പെടുത്തപ്പെടും. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

4 × four =

Most Popular