
നവംബർ ഒന്ന്. മലയാളിയുടെ സ്വപ്നസാക്ഷാത്കാരദിനമായിരുന്നു – കേവലം സ്വപ്നസാക്ഷാത്കാരമെന്നതിലുപരി ഒരു ദശകത്തിലേറെക്കാലം കമ്യൂണിസ്റ്റു പാർട്ടി നടത്തിയ പോരാട്ടത്തിന്റെ വിജയ വാർഷിക ദിനം. കേരളപ്പിറവിയെ തുടർന്ന് നടന്ന സംസ്ഥാന നിയമസഭയിലേക്കുള്ള ഒന്നാമത്തെ പൊതുതിരഞ്ഞെടുപ്പിൽ കമ്യൂണിസ്റ്റ് പാർട്ടിക്കായിരുന്നു കേവല ഭൂരിപക്ഷം. അഞ്ച് സ്വതന്ത്രരടക്കം 65 അംഗങ്ങൾ കമ്യൂണിസ്റ്റു പാർട്ടിക്കൊപ്പം ഭരണപക്ഷത്തും 61 അംഗങ്ങൾ പ്രതിപക്ഷ നിരയിലും.
ഇന്ത്യയിലാദ്യമായി ഒരു കോൺഗ്രസിതര ഗവൺമെന്റ് രൂപീകരിക്കാനുള്ള സാധ്യതയെ മുളയിലേ നുള്ളിക്കളയാനുള്ള നീക്കമാണ് കോൺഗ്രസ് നടത്തിയത്. കേന്ദ്രത്തിന്റെ പ്രതിനിധിയായ ഗവർണറെയാണ് അതിന് അന്നും ആദ്യം ഉപയോഗിച്ചത്. കോൺഗ്രസുകാരനായ ഗവർണർ ബി രാമകൃഷ്ണറാവു കമ്യൂണിസ്റ്റു പാർട്ടിയുടെ പിന്തുണയോടെ ജയിച്ചുവന്ന 5 സ്വതന്ത്ര അംഗങ്ങളെയും പ്രത്യേകം, പ്രത്യേകം വിളിച്ചുവരുത്തി അവർ കമ്യൂണിസ്റ്റു മന്ത്രിസഭയ്ക്ക് പിന്തുണ നൽകുന്നുണ്ടോയെന്ന് ആരായുന്ന വിചിത്രമായ നടപടിയാണ് സ്വീകരിച്ചത്. ഒരാളും ചേരി മാറാൻ തയ്യാറാകതിരുന്നതിനെ തുടർന്നാണ് ഇ എം എസിനെ മന്ത്രിസഭ രൂപീകരിക്കാൻ ഗവർണർ ക്ഷണിച്ചത്.
അപ്പോഴും പ്രതിപക്ഷ നിരയുടെ അംഗസംഖ്യ വർധിപ്പിക്കാൻ ഗവർണർ ഒരറ്റകെെ പ്രയോഗം കൂടി നടത്തി. നിയമസഭയിലേക്കുള്ള ആംഗ്ളോ ഇന്ത്യൻ പ്രതിനിധിയെ മന്ത്രിസഭയുടെ നിർദ്ദേശാനുസൃതം നിയമിക്കുന്നതിനുപകരം മന്ത്രിസഭ നിലവിൽവരുന്നതിന് മുൻപ് ഗവർണർ സ്വന്തം നിലയിൽ നിയമിച്ചു. അങ്ങനെ പ്രതിപക്ഷത്തിന്റെ അംഗസംഖ്യ 62 ആയി ഉയർന്നു. ഭരണപക്ഷത്താകട്ടെ 65 പേരിലൊരാൾ സ്പീക്കറായതിനെ തുടർന്ന് അംഗസംഖ്യ 64 ആയി കുറഞ്ഞിരുന്നു. അങ്ങനെ ഗവർണറുടെ നടപടിയിലൂടെ തിരഞ്ഞെടുക്കപ്പെട്ട എംഎൽഎമാരുടെ എണ്ണം 65ഉം 61 ഉം ആയിരുന്നത് 64ഉം 62ഉം ആയി മാറി. കേവലം 2 അംഗങ്ങളുടെ ഭൂരിപക്ഷം. ഒരാളിനെ ചാക്കിട്ടുപിടിച്ചാൽ കമ്യൂണിസ്റ്റ് മന്ത്രിസഭയെ അട്ടിമറിക്കാമെന്ന പ്രതീക്ഷയിലായി പ്രതിപക്ഷം. ആ നീക്കവും പാളിപ്പോയപ്പോൾ അവർക്കു വീണുകിട്ടിയ സുവർണാവസരമായി ദേവികുളം ഉപതിരഞ്ഞെടുപ്പ്.
1957ൽ ഇന്നത്തെ ഇടുക്കി ജില്ലയിലെ (അന്ന് കോട്ടയം) ദേവികുളം ദ്വയാംഗമണ്ഡലമായിരുന്നു. അവിടെ പട്ടികജാതി സംവരണ മണ്ഡലത്തിൽ നിന്ന് കോൺഗ്രസ് നേതാവ് എൻ ഗണപതി തിരഞ്ഞെടുക്കപ്പെട്ടപ്പോൾ പൊതുമണ്ഡലത്തിൽനിന്ന് തിരഞ്ഞെടുക്കപ്പെട്ടത് കമ്യൂണിസ്റ്റ് പാർട്ടി നേതാവ് റോസമ്മ പുന്നൂസായിരുന്നു. റോസമ്മ പുന്നൂസ് തിരഞ്ഞെടുക്കപ്പെട്ടതിനെ ചില സാങ്കേതിക പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ചോദ്യം ചെയ്ത് എതിർ സ്ഥാനാർഥി കോൺഗ്രസിലെ ബി കെ നായർ കോടതിയെ സമീപിച്ചു. ഇലക്ഷൻ ട്രിബ്യൂണലിൽനിന്നും ഹെെക്കോടതിയിൽനിന്നും കോൺഗ്രസ് സ്ഥാനാർഥിക്ക് അനുകൂലമായിട്ടായിരുന്നു വിധി. 1957 നവംബർ 14നായിരുന്നു റോസമ്മ പുന്നൂസിന്റെ തിരഞ്ഞെടുപ്പ് റദ്ദാക്കിക്കൊണ്ടുള്ള കോടതി വിധി വന്നത്. അങ്ങനെ റോസമ്മ പുന്നൂസ് രാജിവെച്ചതിനെ തുടർന്നാണ് ദേവികുളം ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്.
സംവരണ സീറ്റിൽ ജയിച്ചത് കോൺഗ്രസാണെന്നതും പൊതുമണ്ഡലത്തിൽ ജയിച്ച കമ്യൂണിസ്റ്റു സ്ഥാനാർഥിക്ക് വലിയ ഭൂരിപക്ഷം ഉണ്ടായിരുന്നില്ലയെന്നതും ദേവികുളം ഉപതിരഞ്ഞെടുപ്പ് കോൺഗ്രസിന് (പ്രതിപക്ഷത്തിനാകെയും) വലിയ പ്രതീക്ഷ നൽകി. റോസമ്മ പുന്നൂസിനെത്തന്നെ വീണ്ടും മത്സരിപ്പിക്കാൻ കമ്യൂണിസ്റ്റു പാർട്ടി തീരുമാനിച്ചു. ഇതിൽ കോൺഗ്രസ് ജയിക്കുകയാണെങ്കിൽ പ്രതിപക്ഷാംഗങ്ങളുടെ എണ്ണം 63 ആയി വർധിക്കും. കമ്യൂണിസ്റ്റ് പാർട്ടിയുടെ അംഗസംഖ്യ 63 ആയി കുറയുകയും ചെയ്യും. അതായത് സർക്കാരിന് പിന്തുണ നഷ്ടപ്പെടുമെന്നർഥം. അത്രത്തോളം പ്രാധാന്യമുള്ളതും നിർണായകവുമായിരുന്നു ദേവികുളം ഉപതിരഞ്ഞെടുപ്പ്.
പാർട്ടി ജനറൽ സെക്രട്ടറി അജയ്ഘോഷും പൊളിറ്റ് ബ്യൂറോ അംഗമായ മുഖ്യമന്ത്രി ഇ എം എസും പങ്കെടുത്തുകൊണ്ട് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ചേർന്നു. സംസ്ഥാന സെക്രട്ടറി എം എൻ ഗോവിന്ദൻ നായർക്കു പുറമെ കെ ദാമോദരൻ, സി ഉണ്ണിരാജ, സി അച്യുതമേനോൻ, എസ് കുമാരൻ, സി എച്ച് കണാരൻ, എ വി കുഞ്ഞമ്പു, ടി സി നാരായണൻ നമ്പ്യാർ, വി എസ് അച്യുതാനന്ദൻ എന്നിവരായിരുന്നു സെക്രട്ടേറിയറ്റ് അംഗങ്ങൾ. ദേവികുളം ഉപതിരഞ്ഞെടുപ്പായിരുന്നു യോഗത്തിന്റെ മുഖ്യ ചർച്ചാ വിഷയം. പാർട്ടിയുടെ ആലപ്പുഴ ജില്ലാ സെക്രട്ടറിയും പുതുതായി തിരഞ്ഞെടുക്കപ്പെട്ട സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായ വി എസിനെ ദേവികുളം ഉപതിരഞ്ഞെടുപ്പിന്റെ മുഖ്യ ചുമതലക്കാരനും തിരഞ്ഞെടുപ്പ് കമ്മിറ്റിയുടെ സെക്രട്ടറിയുമായി യോഗം തീരുമാനിച്ചു. 1957ലെ പൊതുതിരഞ്ഞടുപ്പിൽ കമ്യൂണിസ്റ്റ് പാർട്ടിക്ക് ഏറ്റവും കൂടുതൽ സീറ്റ് ലഭിച്ച ആലപ്പുഴ ജില്ലയുടെ സെക്രട്ടറിയായിരുന്നു വി എസ്. അത് പരിഗണിച്ചായിരുന്നു അദ്ദേഹത്തിനുതന്നെ ദേവികുളം ഉപതിരഞ്ഞെടുപ്പിന്റെ ചുമതല നൽകാൻ പാർട്ടി തീരുമാനിച്ചത്.
അക്കാലത്ത് ജില്ലാ സെക്രട്ടറിയെന്ന നിലയിൽ ആഴ്ചയിൽ നാല് ദിവസം ആലപ്പുഴയിലും സംസ്ഥാന സെക്രട്ടറിയറ്റ് അംഗമെന്ന നിലയിൽ മൂന്ന് ദിവസം തിരുവനന്തപുരത്ത് പാർട്ടി സെന്ററിലുമായിരുന്നു വി എസിന്റെ പ്രവർത്തനം. ഉപതിരഞ്ഞെടുപ്പിന്റെ ചുമതല നൽകപ്പെട്ടതോടുകൂടി അദ്ദേഹം തന്റെ പ്രവർത്തനം പൂർണമായും ദേവികുളത്തേക്കുമാറ്റി. ജില്ലാ സെക്രട്ടറിയുടെ ചുമതല ജോയിന്റ് സെക്രട്ടറിയായിരുന്ന എൻ ശ്രീധരന് നൽകപ്പെട്ടു.
യാത്രാസൗകര്യം തീരെ പരിമിതമായിരുന്ന, കാടും മലയും നിറഞ്ഞ ദേവികുളത്ത് ദുഷ്കരമായിരുന്നു പ്രചാരണ പ്രവർത്തനം. ബാറ്ററിപ്പെട്ടിയും മെെക്കുമൊക്കെ തലച്ചുമടായി കിലോമീറ്ററുകളോളം കൊണ്ടുപോയായിരുന്നു പ്രചരണയോഗങ്ങൾ സംഘടിപ്പിച്ചത്. തമിഴ്നാടുമായി അതിർത്തിപങ്കിടുന്ന നിയോജകമണ്ഡലമായതുകൊണ്ടുതന്നെ വോട്ടർമാരിൽ നല്ലൊരു പങ്ക് തമിഴ് വംശജരായിരുന്നു. പ്രചാരണ പ്രവർത്തനത്തിനായി ഇ കെ നായനാരും ബി ജനാർദനനും പുറമെ തമിഴ്നാട്ടിൽനിന്ന് പി രാമമൂർത്തിയും കെ രമണിയും ദേവികുളത്ത് ക്യാമ്പ് ചെയ്തു. മുഖ്യമന്ത്രിയോ മന്ത്രിമാരോ ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിന് പങ്കെടുക്കേണ്ടതില്ലയെന്ന് പാർട്ടി തീരുമാനിച്ചിരുന്നു.
ഒട്ടേറെ പ്രതിസന്ധികൾ നേരിട്ടായിരുന്നു തിരഞ്ഞെടുപ്പ് പ്രചരണം നേരിട്ടത്. കമ്യൂണിസ്റ്റു പാർട്ടിയുടെ യോഗങ്ങളും പ്രകടനങ്ങളും അലങ്കോലപ്പെടുത്താൻ കോൺഗ്രസ് പ്രവർത്തകർക്കൊപ്പം കണ്ണൻ ദേവൻ തേയില കമ്പനിയുടെ ഗുണ്ടകളും രംഗത്തുണ്ടായിരുന്നു. ഈ ആക്രമണങ്ങളെയെല്ലാം നേരിട്ടായിരുന്നു കമ്യൂണിസ്റ്റ് പാർട്ടി ഉപതിരഞ്ഞെടുപ്പ് പ്രവർത്തനം നടത്തിയത്. ഇ എം എസ് ദേവികുളം ഉപതിരഞ്ഞെടുപ്പ് പ്രവർത്തനത്തെക്കുറിച്ച് എഴുതിയത് ഇങ്ങനെ: ‘‘ഇതാകെ കണക്കിലെടുത്ത് കേരളത്തിലാകമാനമുള്ള പാർട്ടിയുടെ ഉയർന്ന നേതാക്കൾ, പരിചയ സമ്പന്നരായ പ്രവർത്തകർ എന്നിവർ തിരഞ്ഞെടുപ്പ് കാലത്ത് മുഴുവൻ ഈ മണ്ഡലത്തിൽ കേന്ദ്രീകരിച്ച് പ്രവർത്തിച്ചു (മന്ത്രിമാർ മാത്രം മണ്ഡലം സന്ദർശിച്ചില്ല). പ്രയാസം നിറഞ്ഞ തിരഞ്ഞെടുപ്പ് പ്രവർത്തനത്തിന് വേണ്ടിവരുന്ന ഭാരിച്ച ചെലവ് നടത്താനാവശ്യമായ ധനശേഖരണവും പാർട്ടി സംസ്ഥാനത്താകെ നടത്തി. മറുനാടൻ മലയാളികളിൽനിന്നും അതിനാവശ്യമായ ധനസഹായം പരിമിതമായ തോതിൽ കിട്ടിക്കൊണ്ടിരുന്നു.’’ (സമ്പൂർണ കൃതികൾ, സഞ്ചിക 79, പേജ് 81).
കോൺഗ്രസും പ്രതിപക്ഷവും ഒന്നടങ്കം ജീവന്മരണ പോരാട്ടത്തിലാണേർപ്പെട്ടത്. കമ്യൂണിസ്റ്റു പാർട്ടി മുഖ്യമന്ത്രിയും മന്ത്രിമാരും തിരഞ്ഞെടുപ്പ് പ്രചരണത്തിറങ്ങേണ്ടയെന്ന് തീരുമാനിച്ചെങ്കിലും മറുവശത്ത് കോൺഗ്രസ് സ്ഥാനാർഥിക്കായി തമിഴ്നാട് മുഖ്യമന്ത്രി കെ കാമരാജും മന്ത്രിസഭാംഗങ്ങളും ഒന്നടങ്കം പ്രചരണത്തിനെത്തി. കേരളത്തിലെ കോൺഗ്രസ് നേതൃത്വത്തിനും പ്രവർത്തകർക്കും പുറമേ കോൺഗ്രസ് അഖിലേന്ത്യാ പ്രസിഡന്റ് ഇന്ദിരാഗാന്ധി ഉൾപ്പെടെ ദേശീയ നേതാക്കളും അണിനിരന്നായിരുന്നു ബി കെ നായരുടെ പ്രചരണം. പുറമേ ജാതി–മത ശക്തികളും സജീവമായി ഈ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥിക്കായി അണിനിരന്നു.
എന്നാൽ, എല്ലാ വെെതരണികളും മറികടന്ന് കമ്യൂണിസ്റ്റു പാർട്ടി സ്ഥാനാർഥി വൻഭൂരിപക്ഷം നേടി വിജയം വരിച്ചു. 1958 മെയ് 16നായിരുന്നു ദേവികുളം ഉപതിരഞ്ഞെടുപ്പ്. 7609 വോട്ടിന്റെ ഭൂരിപക്ഷം നേടി വിജയിച്ച റോസമ്മ പുന്നൂസ് 1958 ജൂൺ 30ന് നിയമസഭാംഗമായി വീണ്ടും സത്യപ്രതിജ്ഞ ചെയ്തു. വി എസിന്റെ ജീവചരിത്രകാരനായ കെ വി സുധാകരന്റെ വാക്കുകൾ ഇങ്ങനെ : ‘‘ഒരർഥത്തിൽ ഗവൺമെന്റിന്റെ ഇരിപ്പിടം ഉറപ്പിച്ചുനിർത്താൻ സഹായകമായി മാറി ഉപതിരഞ്ഞെടുപ്പിലെ വിജയം. ഈ വിജയത്തിനു ചുക്കാൻ പിടിച്ചയാൾ എന്ന നിലയിൽ വി എസിന് പാർട്ടിക്കുള്ളിലും പൊതുജനങ്ങൾക്കിടയിലും കൂടുതൽ സ്വീകാര്യത സൃഷ്ടിച്ചു.
‘‘ഉപതിരഞ്ഞെടുപ്പിന്റെ പ്രവർത്തനങ്ങൾക്കായി സമാഹരിച്ച ഫണ്ടിൽനിന്ന്, തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ ഇരുപതിനായിരം രൂപ മിച്ചമുണ്ടായിരുന്നുവെന്നും ഈ തുക കൊണ്ട് പാർട്ടി കോട്ടയം ജില്ലാ കമ്മിറ്റിക്ക് ഒരു ജീപ്പ് വാങ്ങി നൽകിയതിനുശേഷമാണ് താൻ ദേവികുളത്തുനിന്ന് ആലപ്പുഴയ്ക്ക് തിരിച്ചതെന്നും വി എസ് തന്നെ പറഞ്ഞിട്ടുള്ളതാണ്.’’ (കെ വി സുധാകരൻ, ഒരു സമരനൂറ്റാണ്ട്, പേജ് 104). l



