ഏപ്രിൽ 11ന് ചേർന്ന സിപിഐയുടെ നാഷണൽ കൗൺസിലിൽ നിന്ന് 32 പേർ ഇറങ്ങിപ്പോയി. ആകെ പങ്കെടുത്തത് 65 പേരായിരുന്നു. അതിൽനിന്നാണ് 32 പേർ ഇറങ്ങിപ്പോയത് – അതായത് ഔദ്യോഗികപക്ഷത്ത് അപ്പോൾ അവശേഷിച്ചത് 33 പേർ – ഒരാളിന്റെ ഭൂരിപക്ഷമേ ഔദ്യോഗിക പക്ഷത്തിന് ഉണ്ടായിരുന്നുള്ളൂവെന്നർഥം.
ഇറങ്ങിപ്പോയ 32 പേരിൽ 7 പേർ കേരളത്തിൽനിന്നുള്ളവരായിരുന്നു. ഇ എം എസ്, എ കെ ജി, എ വി കുഞ്ഞമ്പു, സി എച്ച് കണാരൻ, ഇ കെ നായനാർ, വി എസ് അച്യുതാനന്ദൻ, ഇ കെ ഇമ്പിച്ചി ബാവ എന്നിവരായിരുന്നു ആ ഏഴുപേർ. കേരളത്തിൽനിന്നുള്ള ഈ നേതാക്കൾക്കുപുറമെ, ആന്ധ്രാപ്രദേശിൽനിന്നും പശ്ചിമ ബംഗാളിൽനിന്നും 6 പേർ വീതവും തമിഴ്നാട്ടിൽനിന്നും പഞ്ചാബിൽനിന്നും 4 പേർ വീതവും യുപിയിൽനിന്ന് രണ്ടുപേരും രാജസ്താനിൽനിന്നും ജമ്മു – കാശ്മീരിൽനിന്നും ഓരോരുത്തരുമുൾപ്പെടെയാണ് ആ 32 പേർ. അതിൽ പശ്ചിമബംഗാളിൽനിന്നുള്ള ഭൂപേശ് ഗുപ്ത ഏതാനും ദിവസങ്ങൾക്കുശേഷം ഔദേ-്യാഗിക (വലതുപക്ഷ) നേതൃത്വത്തിനൊപ്പം ചേർന്നു. 1964 ഏപ്രിൽ 11ന്റെ നാഷണൽ കൗൺസിൽ യോഗത്തിൽനിന്നും ഇറങ്ങിപ്പോയ 32 പേരിൽ അവശേഷിച്ച അവസാനത്തെയാളാണ് വി എസ്.
കമ്യൂണിസ്റ്റ് പാർട്ടിയിൽ ഇറങ്ങിപ്പോക്ക് (Walkout) എന്നത് കേട്ടുകേൾവിയില്ലാത്ത നടപടിയാണ്. അതാണ് ഭൂരിപക്ഷ വിഭാഗം, അതായത് ഔദ്യോഗിക നേതൃത്വം നാഷണൽ കൗൺസിൽ യോഗത്തിൽ നിന്ന് വാക്കൗട്ട് നടത്തിയ 32 പേരെയും തൊട്ടടുത്ത ദിവസം തന്നെ പാർട്ടിയിൽനിന്ന് സസ്പെൻഡ് ചെയ്തത്. പാർട്ടി പരിപാടി തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട് പാർട്ടിയിൽ 1940കളിൽ തന്നെ ഉടലെടുത്തിരുന്ന അഭിപ്രായഭിന്നതകളാണ് ഈ വിധത്തിൽ പ്രതിസന്ധിയിൽ എത്തിച്ചത്. പാർട്ടിക്കകത്ത് രൂക്ഷമായ അഭിപ്രായ ഭേദങ്ങളുള്ള പ്രശ്നങ്ങൾ വിശദമായ, പാർട്ടിയിലെ ഏറ്റവും താഴേ തലം മുതലുള്ള ഉൾപ്പാർട്ടി ചർച്ചയ്ക്ക് വിധേയമാക്കി പാർട്ടിയെ യോജിച്ച നിലപാടിലെത്തിക്കാനും അതിനു കഴിഞ്ഞില്ലെങ്കിൽ ഭൂരിപക്ഷാഭിപ്രായം എന്താണെന്ന് വ്യക്തമാക്കാനും ഭൂരിപക്ഷത്തിന്റെയും ന്യൂനപക്ഷത്തിന്റെയും ചിന്താഗതികൾ വ്യക്തമാക്കുന്ന രേഖകൾ തയ്യാറാക്കി രണ്ടിന്റെയും വാദമുഖങ്ങൾ ആധികാരികമായിത്തന്നെ (അതായത് അതാത് ചിന്താഗതിക്കാർ തന്നെ) അണികളെയാകെ അറിയിച്ച് ഉൾപ്പാർട്ടി ചർച്ച നടത്തുന്നതിനും പാർട്ടി ഭരണഘടനയിൽ വ്യവസ്ഥയുണ്ട്.
പാർട്ടി നടപടിയുമായി ബന്ധപ്പെട്ട വിഷയത്തിൽ അത്തരമൊരു ചർച്ച നടത്തേണ്ടത് അനിവാര്യമാണെന്ന് വ്യക്തമാക്കിക്കൊണ്ടാണ് 1961ൽ വിജയവാഡയിൽ ചേർന്ന 6–ാം പാർട്ടി കോൺഗ്രസ് പിരിഞ്ഞത്. ഇത്തരത്തിലൊരു ചർച്ച സംഘടിപ്പിച്ച് ഏകോപിതമായ പാർട്ടി പരിപാടിക്കും പ്രത്യയശാസ്ത്ര – രാഷ്ട്രീയ നിലപാടുകൾക്കും രൂപം നൽകുകയെന്നതായിരുന്നു ഭൂരിപക്ഷ വിഭാഗത്തിനും ന്യൂനപക്ഷ വിഭാഗത്തിനും പ്രാതിനിധ്യമുള്ള നാഷണൽ കൗൺസിലിന്റെ മുഖ്യകടമ.
പാർട്ടി കോൺഗ്രസ് തീരുമാനപ്രകാരമുള്ള കടമ നിറവേറ്റുന്നതിനുപകരം ഭൂരിപക്ഷ വിഭാഗം ശ്രമിച്ചത്, നാഷണൽ കൗൺസിലിലെ ന്യൂനപക്ഷ വിഭാഗത്തെ (യഥാർഥത്തിൽ പാർട്ടി അംഗങ്ങളിൽ 60 ശതമാനത്തിലേറെയും ‘ന്യൂനപക്ഷ’ത്തോടൊപ്പമായിരുന്നു. പാർട്ടി അനുഭാവികളുടെ പിന്തുണയും ലഭിച്ചത് ഈ വിഭാഗത്തിനായിരുന്നു. ഇത് പിളർപ്പിനെ തുടർന്ന് വ്യക്തമായ വസ്തുതയാണ്) ‘ചെെനാപക്ഷപാതി’കളും ‘രാജ്യദ്രോഹി’കളുമായി ചാപ്പകുത്താനും ജനങ്ങൾക്കിടയിൽ ‘തുറന്നുകാട്ടാനും’ മാത്രമല്ല തങ്ങൾക്കൊപ്പം നിൽക്കാത്തവരെയെല്ലാം ‘ചെെനാചാരന്മാരാ’യി മുദ്രകുത്തി അറസ്റ്റു ചെയ്യാൻ ഭരണാധികാരികൾക്ക് ചൂണ്ടിക്കൊടുക്കാനും ഡാങ്കേ നേതൃത്വം മടിച്ചില്ല.
സാർവദേശീയ കമ്യൂണിസ്റ്റു പ്രസ്ഥാനത്തിലെ സോവിയറ്റ് – ചെെനാ ഭിന്നിപ്പും 1962ലെ ഇന്ത്യാ – ചെെനാ അതിർത്തി സംഘട്ടനവും അതിനവർക്ക് സുവർണാവസരം നൽകി. ഈ രണ്ട് പ്രശ്നത്തിലും ഔദ്യോഗിക നേതൃത്വത്തിന്റെ നിലപാട് അംഗീകരിക്കാത്തവരെ മാത്രമല്ല, കോൺഗ്രസ് ഗവൺമെന്റിന്റെ വർഗസ്വഭാവം സംബന്ധിച്ച് വ്യത്യസ്ത കാഴ്ചപ്പാട് പുലർത്തിയവരെയും അച്ചടക്കത്തിന്റെ വാൾവീശി തങ്ങൾക്കൊപ്പം നിർത്താനും അതിനു തയ്യാറാകാത്തവരെ പാർട്ടിയിൽനിന്ന് ‘അച്ചടക്ക നടപടി’യെടുത്ത് പുറത്താക്കാനുമാണ് ഡാങ്കെ വിഭാഗം തുനിഞ്ഞത്. മാത്രമല്ല, ഔദ്യോഗികപക്ഷത്ത് നിലയുറപ്പിച്ചവർക്കെതിരെ ഉയരുന്ന ശരിയായ ആരോപണങ്ങൾക്കുനേരെ പോലും കണ്ണടയ്ക്കാനും അതുന്നയിക്കുന്നവർക്കെതിരെ നടപടിയെടുക്കാനും നേതൃത്വം തുനിഞ്ഞു. അത്തരമൊരു പശ്ചാത്തലത്തിലാണ് നാഷണൽ കൗൺസിലിലെ 32 അംഗങ്ങളെ യോഗത്തിൽനിന്നും ഇറങ്ങിപ്പോവുകയെന്ന ‘അച്ചടക്കലംഘനം’നടത്താൻ നിർബന്ധിതമാക്കിയത്.
ഇത്തരമൊരു പശ്ചാത്തലത്തിൽ, ഡാങ്കെയുടെ കത്തുകളുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന ആരോപണത്തെക്കുറിച്ച് നാഷണൽ കൗൺസിൽ യോഗം, അധ്യക്ഷസ്ഥാനത്തുനിന്ന് ഡാങ്കെയെ മാറ്റി നിർത്തി ചർച്ച ചെയ്യണമെന്ന ആവശ്യം നിരാകരിക്കപ്പെട്ടതോടെയാണ് 32 നാഷണൽ കൗൺസിൽ അംഗങ്ങൾ യോഗത്തിൽനിന്ന് ഇറങ്ങിപ്പോയത്. നാഷണൽ ആർക്കെെവ്സിൽ ബ്രിട്ടീഷ് ഗവൺമെന്റിന് ഡാങ്കെ എഴുതിയ ഒരു കത്തുണ്ടെന്ന വാർത്ത ‘കറന്റ്’ എന്ന പ്രസിദ്ധീകരണത്തിൽ (ഇതൊരു കമ്യൂണിസ്റ്റു വിരുദ്ധ പ്രസിദ്ധീകരണമായിരുന്നു) അച്ചടിച്ച് വന്നിരുന്നു. ആർക്കെെവ്സിൽ അങ്ങനെയൊരു കത്തുണ്ടെന്നതും യാഥാർഥ്യമാണ്. എന്നാൽ ആ കത്ത് തന്റേതല്ലെന്നും വ്യാജ നിർമിതിയാണെന്നുമാണ് ഡാങ്കെ വാദിച്ചത്. കമ്യൂണിസ്റ്റു പാർട്ടിയെ സംബന്ധിച്ചിടത്തോളം ആ കത്ത് വ്യാജമാണോ അല്ലയോ എന്ന് ഉറപ്പുവരുത്തേണ്ടത് അനിവാര്യമാണ്. കാരണം, ഡാങ്കെയുടെ വാദം ശരിയല്ലെങ്കിൽ പാർട്ടിയുടെ ചെയർമാൻ സ്ഥാനത്തെന്നല്ല പാർട്ടി അംഗമായി തുടരാൻ പോലും സാധ്യമല്ല. അതാണ് ഡാങ്കെ ചെയർമാൻ സ്ഥാനത്തുനിന്ന് മാറിനിന്നുകൊണ്ട് ആ വിഷയം ചർച്ച ചെയ്യണമെന്ന് ന്യൂനപക്ഷം ആവശ്യപ്പെട്ടത്.
എന്നാൽ താൻ അധ്യക്ഷ സ്ഥാനത്തിരുന്നല്ലാതെ ഒരു ചർച്ചയും സാധ്യമല്ല എന്ന നിർബന്ധമാണ് കെെക്കൊണ്ടത്. ഭൂരിപക്ഷ വിഭാഗം അതിനൊപ്പം നിൽക്കുകയും ചെയ്തതിനെ തുടർന്നാണ് 32 നാഷണൽ കൗൺസിൽ അംഗങ്ങൾ യോഗത്തിൽനിന്ന് ഇറങ്ങിപ്പോയത്. ഇറങ്ങിപ്പോയവരിൽ ഭൂപേഷ് ഗുപ്തയൊഴികെയുള്ള 31 പേർ പാർട്ടി പുനഃസംഘടിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ അതാത് സംസ്ഥാനങ്ങളിലേക്ക് പോയി, പാർട്ടി അംഗങ്ങളോട് എന്താണ് നടന്നതെന്ന് വിശദീകരിച്ചു. അംഗങ്ങളിൽനിന്ന് ആവേശകരമായ പ്രതികരണമാണ് ലഭിച്ചത്.
1964 ജൂലെെ 7 മതൽ 6 ദിവസം നീണ്ട ഒരു കൺവെൻഷൻ ആന്ധ്രാപ്രദേശിലെ തെനാലിയിൽ വിളിച്ചുകൂട്ടി ഭാവി പരിപാടികൾ ആസൂത്രണം ചെയ്തു. 1964 ഒക്ടോബർ 31 മുതൽ നവംബർ 7 വരെ കൽക്കത്തയിൽ ഏഴാം പാർട്ടി കോൺഗ്രസ് ചേരുന്നതിനും അതിനു മുന്നോടിയായി പുതിയ പാർട്ടി പരിപാടിയുടെ കരട് തയ്യാറാക്കി പാർട്ടിയിലാകെ ചർച്ച ചെയ്യാനും തെന്നാലി കൺവൻഷൻ തീരുമാനിച്ചു. കമ്യൂണിസ്റ്റു പാർട്ടി ഓഫ് ഇന്ത്യ (സിപിഐ) എന്ന പേരിൽ തന്നെ തുടർന്നും പ്രവർത്തിക്കണമെന്ന ധാരണയോടുകൂടിയാണ് കൺവൻഷൻ പിരിഞ്ഞത്. എന്നാൽ ഇലക്ഷൻ കമ്മീഷൻ സിപിഐ എന്ന പേരും പാർട്ടിയുടെ തിരഞ്ഞെടുപ്പ് ചിഹ്നവുമായ അരിവാളും നെൽക്കതിരും ഔദ്യോഗിക വിഭാഗത്തിന് അനുവദിച്ചതിനെതുടർന്നാണ് പാർട്ടിയുടെ പേര് സിപിഐ എം എന്നാക്കാനും തിരഞ്ഞെടുപ്പു ചിഹ്നമായി അരിവാൾ, ചുറ്റിക, നക്ഷത്രം സ്വീകരിക്കാനും തീരുമാനിച്ചത്.

കൽക്കട്ടയിൽ ചേർന്ന 7–ാം പാർട്ടി കോൺഗ്രസ് നാഷണൽ കൗൺസിലിൽ നിന്ന‍് ഇറങ്ങിപ്പോന്ന കേരളത്തിൽനിന്നുള്ള വി എസ് അച്യുതാനന്ദൻ ഉൾപ്പെടെ ഏഴു പേരെയും പുതിയ കേന്ദ്ര കമ്മിറ്റിയിലേക്കും തിരഞ്ഞെടുത്തു. 1958 ഏപ്രിൽ 6 മുതൽ 13 വരെ അമൃത്-സറിൽ ചേർന്ന 5–ാം പാർട്ടി കോൺഗ്രസിലാണ് വി എസ് നാഷണൽ കൗൺസിലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. ദേവികുളം ഉപതിരഞ്ഞെടുപ്പിന്റെ ചുമതല ഏൽപ്പിക്കപ്പെട്ടിരുന്നതിനാൽ, അദ്ദേഹത്തിന്റെ സാന്നിധ്യം അവിടെ അനിവാര്യമായിരുന്നതിനാൽ പാർട്ടി കേന്ദ്ര നേതൃത്വം പാർട്ടി കോൺഗ്രസിൽ പങ്കെടുക്കുന്നതിൽനിന്ന് വി എസിന് അവധി അനുവദിച്ചു. അങ്ങനെ അദ്ദേഹത്തിന്റെ അസാന്നിധ്യത്തിലാണ് നാഷണൽ കൗൺസിലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. തെന്നാലി കൺവൻഷനെതുടർന്ന് പാർട്ടിയുടെ സംസ്ഥാന ജില്ലാ കമ്മിറ്റികളുടെ പുനഃസംഘടന നടന്നു. ഏപ്രിൽ 26ന് ചേർന്ന ആലപ്പുഴ ജില്ലാ കമ്മിറ്റി യോഗത്തിൽ കേന്ദ്ര നേതൃത്വം അദ്ദേഹത്തെ സസ്പെൻഡ് ചെയ്തിരുന്നതിനാൽ വി എസിനെ ആ യോഗത്തിൽ പങ്കെടുക്കുന്നതിൽനിന്ന് വിലക്കിയിരുന്നു. ജില്ലാ കമ്മിറ്റിയുടെ അധ്യക്ഷനെ തിരഞ്ഞെടുക്കുന്നതുമുതൽ ആ യോഗത്തിൽ രൂക്ഷമായ അഭിപ്രായ വ്യത്യാസമുണ്ടായി. ഔദേ-്യാഗികമായി നിർദേശിക്കപ്പെട്ട ടി വി തോമസിനെ വോട്ടെടുപ്പിൽ പരാജയപ്പെടുത്തി ആറാട്ടുപുഴ ഉസ്മാൻ യോഗാധ്യക്ഷനായി. വി എസ് ഉൾപ്പെടെയുള്ള വരെ സസ്പെൻഡ്- ചെയ്ത നടപടിയെ അപലപിക്കുന്ന പ്രമേയം അധ്യക്ഷൻ തന്നെ അവതരിപ്പിച്ചു. വോട്ടെടുപ്പിലൂടെ ആ പ്രമേയം അംഗീകരിക്കപ്പെട്ടു. ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് രണ്ട് പേരുകൾ വന്നു– ടി വി തോമസും വി എസും. വോട്ടെടുപ്പിൽ വൻ ഭൂരിപക്ഷത്തോടെ വി എസ് വിജയിച്ചു.
ഏഴാം പാർട്ടി കോൺഗ്രസിന് മുന്നോടിയായി കേരള സംസ്ഥാന സമ്മേളനം ആലപ്പുഴയിൽ നടത്താനാണ് തീരുമാനിച്ചത്. ആലപ്പുഴയിൽ ബ്രാഞ്ച് തലംമുതൽ പാർട്ടി സജീവമായിക്കഴിഞ്ഞിരുന്നു. വലതുപക്ഷം തീരെ ദുർബലവുമായിരുന്നു. വി എസിന്റെ സംഘാടക മികവിനുള്ള അംഗീകാരം കൂടിയായിരുന്നു ആലപ്പുഴയിൽ സംസ്ഥാന സമ്മേളനം ചേരാനുള്ള തീരുമാനം. l



