Saturday, May 2, 2026

ad

Homeകവര്‍സ്റ്റോറിവിഎസ് ജനകീയാസൂത്രണ സമിതി അധ്യക്ഷൻ

വിഎസ് ജനകീയാസൂത്രണ സമിതി അധ്യക്ഷൻ

ഡോ. ടി എം തോമസ് ഐസക്

എം എസിനുശേഷം ജനകീയാസൂത്രണ ഉന്നതാധികാരസമിതിയുടെ അധ്യക്ഷനായി ചുമതല ഏറ്റെടുത്തത് വി എസ് അച്യുതാനന്ദൻ ആയിരുന്നു. 1998 ഏപ്രിൽ മുതൽ 2001 മാർച്ച് വരെ ആ ചുമതല സ്തുത്യർഹമായ രീതിയിൽ സഖാവ് നിർവഹിക്കുകയും ചെയ്തു.

അപ്പോൾ ജനകീയാസൂത്രണം ഒന്നരവർഷം പിന്നിട്ടിരുന്നു. പ്രസ്ഥാനം വലിയ വെല്ലുവിളി നേരിടുകയായിരുന്നു. ആദ്യവർഷ പദ്ധതിരേഖകൾ തയ്യാറാക്കുന്നതിനും ഡിപിസികൾ അംഗീകരിക്കുന്നതിനും വലിയ കാലതാമസം നേരിട്ടു. അതുകൊണ്ടു നിർവ്വഹണം പ്രശ്നമായി. മാർച്ച് 31 കഴിഞ്ഞ് ഏതാനും മാസവുംകൂടി പദ്ധതി നിർവ്വഹണത്തിനു സമയം കൊടുത്തു. ഇതിനെതിരെ പ്രതിപക്ഷം വലിയ വിമർശനമുയർത്തി. ഈ സന്ദിഗ്ധഘട്ടത്തിൽ 1998 മാർച്ചിലായിരുന്നു ഇഎംഎസിന്റെ നിര്യാണം.

പ്രതിപക്ഷ വിമർശനങ്ങൾക്കു മറുപടി പറയണം. തദ്ദേശഭരണ സ്ഥാപനങ്ങൾക്ക് ആവേശം പകരണം. പദ്ധതി നിർവഹണത്തിന്റെ വേഗത വർദ്ധിപ്പിക്കണം. ഉന്നതാധികാര സമിതി എല്ലാ രാഷ്ട്രീയകക്ഷികളെയും പ്രത്യക്ഷമായ രാഷ്ട്രീയബന്ധങ്ങൾ ഇല്ലാത്ത പ്രമുഖരെയും ഉൾക്കൊള്ളുന്നൊരു വേദിയായിരുന്നു. അതുകൊണ്ട് അധ്യക്ഷനായ വിഎസ് പ്രതിപക്ഷ വിമർശനങ്ങൾക്ക് നേരിട്ട് മറുപടി പറയണ്ടായെന്നു തീരുമാനിച്ചു. ജനകീയാസൂത്രണത്തിന് പുതിയൊരു ആവേശം നൽകുന്നതിനും നിർവ്വഹണത്തിന്റെ വേഗത വർദ്ധിപ്പിക്കുന്നതിനും പുതിയ അധ്യക്ഷൻ തദ്ദേശഭരണ സ്ഥാപനങ്ങൾ നേരിട്ടു സന്ദർശിച്ച് പ്രോത്സാഹനം നൽകണമെന്നു ധാരണയായി.

വി എസിന്റെ ആദ്യ സന്ദർശനം എറണാകുളം ജില്ലയിലെ വാരപ്പെട്ടി പഞ്ചായത്തിലേയ്ക്കായിരുന്നു. കണിയാംകുടി കടവ് പാലത്തിന് പൊതുമരാമത്ത് വകുപ്പിന്റെ എസ്റ്റിമേറ്റ് 42 ലക്ഷം രൂപ. ഇത് ജനകീയകമ്മിറ്റി 20 ലക്ഷം രൂപയ്ക്കു പൂർത്തീകരിച്ചു. 7112 സന്നദ്ധപ്രവർത്തകർ, 275 ചാക്ക് സിമന്റും 3.5 ലക്ഷം രൂപയും സംഭാവന. ഇവയെല്ലാം കിഴിച്ചാൽ പഞ്ചായത്തിന്റെ പദ്ധതിപ്പണത്തിൽ നിന്നും ചെലവായത് 9 ലക്ഷം രൂപ. വി എസിന്റെ സന്ദർശനത്തോടെ സന്നദ്ധപ്രവർത്തനത്തിലൂടെയും സംഭാവനകളിലൂടെയും പദ്ധതിക്ക് വിഭവസമാഹരണം നടത്തുന്നതിന് മാതൃകയായി വാരപ്പെട്ടിയിലെ പാലം കേരളം മുഴുവൻ പ്രസിദ്ധമായി.

വാരപ്പെട്ടിയിലെ പാലം സന്ദർശനത്തെത്തുടർന്ന് കേരളത്തിൽ ഇതുപോലെ വലിയ തോതിൽ സന്നദ്ധപ്രവർത്തനവും സംഭാവനയും സമാഹരിച്ചു നടത്തിയ വികസന പ്രവർത്തനങ്ങൾ ജനശ്രദ്ധയിലേക്കു വന്നു. ഇത് ജനകീയാടിസ്ഥാനത്തിൽ വികസന പ്രവർത്തനങ്ങൾ നടത്തുന്നതിന് വലിയ ഉത്തേജകമായി.

തിരുവനന്തപുരം ജില്ലയിലെ കുന്നത്തുകാൽ പഞ്ചായത്തിലായിരുന്നു ചലനം സൃഷ്ടിച്ച മറ്റൊരു സന്ദർശനം. കുന്നത്തുകാൽ ലേബർ ബാങ്ക് ദേശീയതലത്തിൽതന്നെ ശ്രദ്ധയാകർഷിക്കപ്പെട്ടു. വേണ്ടത്ര കർഷകത്തൊഴിലാളികളെ ജോലിക്ക് ലഭിക്കാത്ത പ്രതിഭാസം കേരളത്തിലെ കാർഷിക മേഖലയിൽ പ്രത്യക്ഷപ്പെട്ടുകഴിഞ്ഞിരുന്നു. കൂലി ഉയർന്നതായിരുന്നുവെങ്കിലും പ്രവൃത്തി ദിനങ്ങൾ നന്നേ കുറവായിരുന്നു. ആധുനിക സങ്കേതങ്ങൾ ഉപയോഗപ്പെടുത്തിയിരുന്നില്ല. കൂലിക്കനുസരിച്ച് ഉല്പാദനക്ഷമത ഉയരാത്തതിന്റെ പശ്ചാത്തലത്തിൽ തീവ്രകൃഷിക്ക് പൊതുവിൽ കൃഷിക്കാർ വിമുഖരായിരുന്നു. ഈയൊരു പശ്ചാത്തലത്തിലാണ് കുന്നത്തുകാൽ പഞ്ചായത്തിലെ ലേബർ ബാങ്ക് നൂതനമായ ഒരു ഉത്തരം നൽകാൻ ശ്രമിച്ചത്.

ലേബർ ബാങ്കിന്റെ മൂലധനം അംഗങ്ങളായ കർഷകത്തൊഴിലാളികളുടെ കർമ്മശേഷിയാണ്. അത് കാർഷികവൃത്തികൾക്കുവേണ്ടി കൃഷിക്കാർക്കു വായ്പയായി നൽകുന്നു. കൃഷി വിളവെടുക്കുമ്പോൾ ബാങ്കിനു കൂലി നൽകിയാൽ മതിയാകും. കൃഷി ചെയ്യാൻ താൽപ്പര്യമില്ലെങ്കിൽ ബാങ്ക് ഭൂമി ഏറ്റെടുത്തു കൃഷി ചെയ്യിക്കുകയും ചെയ്യും. കർഷകത്തൊഴിലാളികൾക്ക് പഞ്ചായത്ത് 20 ദിവസത്തെ ജോലി ഉറപ്പുനൽകി. കൃഷിപ്പണി ഇല്ലെങ്കിൽ പഞ്ചായത്തിന്റെ മരാമത്ത് പണികൾ ലേബർ ബാങ്കിനെ ഏൽപ്പിക്കും. കർഷകത്തൊഴിലാളികൾക്ക് കാർഷിക സർവകലാശാലയിൽവച്ച് പരിശീലനം നൽകി.

പ്ലാൻ ഫണ്ടിൽ നിന്നും യന്ത്രങ്ങളും മറ്റും ലഭ്യമാക്കി. മാസശമ്പളം ആയിരുന്നു. ദൈനംദിന ആവശ്യങ്ങൾക്ക് തൊഴിലാളികൾക്ക് സാധനങ്ങൾ വാങ്ങുന്നതിന് ലേബർ ബാങ്കിൽ നിന്നും നൽകുന്ന സ്ലിപ്പുകൾ കടക്കാർ അംഗീകരിക്കുകയും ചെയ്തു. ഇങ്ങനെ നാട്ടിൽ പൊതു അംഗീകാരമുള്ള സ്ലിപ്പുകൾ അടിച്ചിറക്കുക വഴി പഞ്ചായത്ത് പ്രാദേശിക നോട്ട് സമ്പ്രദായം ആവിഷ്കരിച്ചിരിക്കുകയാണെന്ന കൗതുകകരമായ നിരീക്ഷണവുമുണ്ടായി. ഈ പരീക്ഷണത്തിന്റെ പ്രധാന ഉപജ്ഞാതാവ് അവിടുത്തെ കൃഷി ഓഫീസർ ഗിരീഷ് ആയിരുന്നു.

കുന്നത്തുകാൽ പരീക്ഷണം പ്രസിദ്ധമാക്കുന്നതിൽ വി എസിന്റെ സന്ദർശനം വലിയ പങ്കുവഹിച്ചു. ആദ്യവർഷം ബാങ്കിൽ ചേരാൻ 25 കർഷകത്തൊഴിലാളികളെ ഓടിച്ചിട്ടുപിടിക്കുകയായിരുന്നു. എന്നാൽ മൂന്നാംവർഷം ആയപ്പോഴേക്കും ലേബർ ബാങ്കിൽ ചേരാൻ ആഗ്രഹിച്ച മുഴുവൻ പേരെയും എടുക്കാൻ കഴിയുമായിരുന്നില്ല. അവസാനം പരീക്ഷ നടത്തിയാണ് ആളുകളെ തെരഞ്ഞെടുത്തത്.

ചോറ്റാനിക്കരയിലെ കൂട്ടുകൃഷിയും പ്രസിദ്ധമായിരുന്നു. മഹാരാജാസ് കോളേജിൽ എന്റെകൂടി അധ്യാപകനായിരുന്ന ജോർജ്ജ് മാഷായിരുന്നു ഈയൊരു പരീക്ഷണത്തിന്റെ ഉപജ്ഞാതാവ്. ഇന്നത്തെ തരിശുരഹിത പഞ്ചായത്ത് പ്രസ്ഥാനത്തിന്റെ തുടക്കം ഇവിടെനിന്നായിരുന്നുവെന്നു പറയാം. പല നെൽകൃഷി ഗ്രാമങ്ങളും വിഎസ് സന്ദർശിച്ചിട്ടുണ്ട്. നെൽകൃഷിയോട് സഖാവിന് ഒരു പ്രത്യേക വികാരവായ്പായിരുന്നു.

ചോറ്റാനിക്കര സന്ദർശനവേളയിലുണ്ടായ ഒരു രംഗം ഞാൻ ഇപ്പോഴും ഓർക്കുന്നു. വിളഞ്ഞുനിൽക്കുന്ന നെല്ലിന്റെ ഏതാനും കതിരുകൾ കൈയിൽ മാടിയെടുത്ത് വിഎസ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഔസേപ്പേട്ടനോട് ചോദിച്ചു: “ഇതിൽ എത്ര നെന്മണികൾ ഉണ്ടാകും?” ആർക്കും ഉത്തരമുണ്ടായില്ല. വിഎസ് തന്നെ മറുപടിയും പറഞ്ഞു. ഈ രംഗം ഞാൻ വേറെയും കണ്ടിട്ടുണ്ട്. കതിര് കൈയിലെടുത്താൽ എത്ര മണി നെല്ലുണ്ടാകുമെന്ന് വിഎസിനു കൃത്യമായി പറയാനാകും.

ഇങ്ങനെ വിശദീകരിക്കാൻ തുടങ്ങിയാൽ ഇതു തീരില്ല. ഒരു സന്ദർശനത്തെക്കുറിച്ചുകൂടി പറയാം. അത് എറണാകുളം ജില്ലാ പഞ്ചായത്തിന്റെ ഐടി സഹകരണ സംഘം പ്രൊജക്ട് സന്ദർശിച്ചതാണ്. ഐടി വ്യവസായത്തിന്റെ ഭാവിസാധ്യതകളെക്കുറിച്ചും അതിൽ സ്വതന്ത്ര സോഫ്ട്-വെയർ പ്രസ്ഥാനത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും ജോസഫ് തോമസും സഹപ്രവർത്തകരും പറയുന്നത് വലിയ കൗതുകത്തോടെയാണ് വിഎസ് കേട്ടിരുന്നത്. സ്വതന്ത്ര സോഫ്ട്-വെയർ പ്രസ്ഥാനത്തെക്കുറിച്ചുള്ള വിഎസിന്റെ ആദ്യത്തെ അറിവായിരുന്നു അത്.l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

3 × 3 =

Most Popular