കാവിസാരി ചുറ്റി കയ്യിൽ കാവിക്കൊടിയേന്തിയ ഒരു സ്‌ത്രീയെ ഭാരതമാതവാക്കി ആർഎസ്‌എസ് പലപീഠങ്ങളിൽ പ്രതിഷ്‌ഠിച്ചത് കഴിഞ്ഞമാസം കേരളത്തിലുടനീളം ചർച്ചയായല്ലോ. എന്തേ കാവിക്കൊടി? ദേശീയപതാകയല്ലേ വേണ്ടത്? എന്നീ ചോദ്യങ്ങളുയർത്തിയവർ പലരുമുണ്ട്. ചിത്രം ഉപയോഗിച്ചപ്പോൾ അബദ്ധം പറ്റിയതാകാം എന്നു കരുതിയവർ പോലുമുണ്ട്.
ദേശീയ ചിഹ്നങ്ങളോടുള്ള ആർഎസ്‌എസിന്റെ ശത്രുത അങ്ങനെ അബദ്ധമോ ചിന്താരഹിതമായ ചെയ്‌തിയോ അല്ല. അതവരുടെ നയമാണ്. അവർ അത് ഒളിച്ചുവെച്ചിട്ടുമില്ല. ഇന്ത്യ സ്വതന്ത്രമായപ്പോൾ ദേശീയ ചിഹ്നങ്ങളെയെല്ലാം ശക്തിയുക്തം എതിർത്ത ഏക സംഘടന ആർഎസ്‌എസ്സായായിരുന്നു . ഭരണഘടനയ്‌ക്കും ദേശീയപതാകയ്‌ക്കും ദേശീയഗാനത്തിനും അവർ കുറ്റം കണ്ടു. തങ്ങളുടെ വിഭാഗീയ നീക്കങ്ങൾക്ക് തടസ്സമുണ്ടാക്കുന്നവയാണ് ഇതെല്ലാം എന്നവർ തിരിച്ചറിഞ്ഞിരുന്നു. ഭരണഘടനയ്‌ക്കുപകരം മനുസ്‌മൃതിയും ജനഗണമന മാറ്റി വന്ദേമാതരവും മൂവർണ്ണ ദേശീയപതാകയ്‌ക്ക് പകരമായി ഭഗവധ്വജമെന്ന കാവിക്കൊടിയും അവർ നിർദേശിച്ചു.
ഭരണഘടനാ അസംബ്ലി ത്രിവർണ പതാക ദേശീയ പതാകയായി തീരുമാനിച്ചപ്പോൾ തന്നെ ആർ എസ് എസ് മുഖപത്രമായ ഓർഗനൈസർ മുഖപ്രസംഗം എഴുതി. മൂന്ന് എന്ന വാക്കുപോലും തിന്മയാണെന്നും മൂന്നു നിറമുള്ള കൊടി ഇന്ത്യക്കാർക്ക് മാനസികവിഭ്രാന്തിയുണ്ടാക്കുമെന്നും രാഷ്ട്രത്തിന് ഹാനികരമാകുമെന്നുമൊക്കെയായിരുന്നു വ്യാഖ്യാനം.
ഓർഗനൈസറിന്റെ 1947 ജൂലൈ 17 ലെ മൂന്നാം ലക്കത്തിൽ പ്രസിദ്ധീകരിച്ച മുഖപ്രസംഗത്തിൽ ചെങ്കോട്ടയിൽ ത്രിവർണ പതാകയല്ല കാവിപ്പതാകയാണ് ഉയർത്തേണ്ടതെന്ന് ആവശ്യപ്പെട്ടു.
ഇനി ഈ കുറിപ്പിനൊപ്പമുള്ള വാർത്ത 1947 ആഗസ്‌ത് പത്തിലെ ദി ബോംബേ ക്രോണിക്കിൾ പത്രത്തിൽ നിന്നാണ്.
സ്വാതന്ത്ര്യ പ്രഖ്യാപനം ഉറപ്പായതോടെ കമ്മിറ്റി വിളിച്ചുചേർത്ത് ഒരു സംഘടന അവരുടെ തീരുമാനം പ്രഖ്യാപിക്കുകയാണ്.
സംഘടനയുടെ പേര് ഹിന്ദുമഹാസഭ. Hindu Mahasabha to Hold Protest Meetings on Independence Day (സ്വാതന്ത്ര്യദിനത്തിൽ പ്രതിഷേധയോഗങ്ങൾ നടത്താൻ ഹിന്ദുമഹാസഭ) എന്നായിരുന്നു തലക്കെട്ട്. വി ഡി സവർക്കർ ആണ് യോഗത്തിൽ അധ്യക്ഷനായിരുന്നതെന്നും വാർത്തയിൽ കാണാം. ഈ തീരുമാനത്തിന്റെ വിശദാംശങ്ങൾ അടുത്ത ദിവസം വന്നിരുന്നു.
അതിൽ ഭഗവധ്വജം ‐അതായത് ആർഎസ്‌എസ് കൊണ്ടുനടക്കുന്ന ആ കാവിക്കൊടി വേണം ദേശീയപതാക ആക്കാനെന്നും ആവശ്യപ്പെട്ടതായി ഈ വാർത്തയിലുണ്ട്. അതിലും അധ്യക്ഷൻ വി ഡി സവർക്കർ തന്നെ.
ഗാന്ധിവധത്തെ തുടർന്ന് നിരോധിക്കപ്പെട്ടതോടെയാണ് ആർഎസ്എസിന്റെ ദേശവിരുദ്ധത കൂടുതൽ ചർച്ചയാകുന്നത്. ഗാന്ധിവധത്തിൽ മധുരം വിതരണം ചെയ്‌ത് ആഘോഷിച്ച ആർഎസ്‌എസുകാർ ചിലയിടങ്ങളിൽ ദേശീയപതാക നിലത്തിട്ട് ചവിട്ടിയാണ് അവരുടെ രോഷം തീർത്തത്. ഇത് പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിനെ വല്ലാതെ രോഷംകൊള്ളിച്ചു. ‘‘ഈ ചെയ്തിയിലൂടെ തങ്ങൾ രാജ്യദ്രോഹികൾ ആണെന്ന് അവർ തെളിയിക്കുകയാണെ’’ന്ന് 1948 ഫെബ്രുവരി 24 നു ചെയ്‌ത പ്രസംഗത്തിൽ നെഹ്‌റു പറഞ്ഞു.
ജയിലിലായ രണ്ടാം സർസംഘചാലക് എം എസ് ഗോൾവാൾക്കർ നിരോധനം പിൻവലിപ്പിക്കാൻ തീവ്രശ്രമം തുടങ്ങി. തുടരെ കത്തുകൾ അയച്ചു. പ്രധാനമന്ത്രി ജവഹർ ലാൽ നെഹ്‌റുവിനും ആഭ്യന്തരമന്ത്രി സർദാർ വല്ലഭായ് പട്ടേലിനും മറ്റ് ചില മധ്യസ്ഥർക്കും അയച്ച ഈ കത്തുകൾ പബ്ലിക്ക് ഡൊമൈനിൽ ലഭ്യമാണ്. ഇതിൽ 1948 സെപ്‌തംബർ 24 ന് അയച്ച കത്തിൽ രാജ്യത്ത് ശക്തിപ്പെടുന്ന കമ്യൂണിസത്തെ നേരിടണമെങ്കിൽ നിരോധനം നീക്കിയാലേ കഴിയൂ എന്ന മുന്നറിയിപ്പും ഗോൾവാൾക്കർ നൽകുന്നുണ്ട്. ഇതേ ദിവസം നെഹ്‌റുവിനയച്ച കത്തിലും ഇക്കാര്യം ആവർത്തിക്കുന്നു.
‘‘തെക്കും യുണൈറ്റഡ് പ്രോവിൻസിലും നിന്നുമുള്ള റിപ്പോർട്ടുകൾ വെളിവാക്കുന്നത് ആർഎസ്എസിനെ നിരോധിച്ച ശേഷം യുവാക്കൾ; പ്രത്യേകിച്ച്, വിദ്യാർത്ഥികൾ കൂടുതലായി കമ്യൂണിസത്തിലേക്ക് ചായുന്നു എന്നാണ്. അവരുടെ പ്രചാരവേല കൂടുകയാണ്….സംഘിനെ കളങ്കം മാറ്റി പ്രവർത്തിക്കാൻ അനുവദിച്ചാൽ വലിയൊരളവുവരെ ഈ യുവാക്കളെ രക്ഷിക്കാനാകും’ ‐ ആർഎസ്‌എസ് മേധാവി പറയുന്നു. ഇതൊന്നും ഏറ്റില്ല. നിരോധനം തുടർന്നു.
പ്രധാനമന്ത്രി നെഹ്‌റു കർക്കശമായ ഭാഷയിലാണ് ഗോൾവാൾക്കറുടെ കത്തുകളോട് പ്രതികരിച്ചത്.കൂടിക്കാഴ്‌ചയ്‌ക്ക് അവസരം ചോദിച്ച് ഗോൾവൾക്കർ അയച്ച കത്തിന് 1948 നവംബർ പത്തിനയച്ച മറുപടിയിൽ ‘എന്നെ കണ്ടിട്ട് കാര്യമില്ല; പട്ടേലിനെ കണ്ടാൽ മതി, ഞാൻ തിരക്കിലാണ്’ എന്ന് മറുപടി കൊടുക്കുന്നു. കൂട്ടത്തിൽ ഇങ്ങനെ കൂടി പറയുന്നു: ‘‘ഞങ്ങൾക്ക് കിട്ടുന്ന റിപ്പോർട്ടുകൾ അനുസരിച്ച്, ആർഎസ്‌എസിന്റെ പ്രവർത്തനങ്ങൾ ദേശവിരുദ്ധവും മിക്കപ്പോഴും അട്ടിമറി സ്വഭാവമുള്ളതും അക്രമാസക്തവുമാണ്’’.
കത്തെഴുത്തുകൾക്കും കൂടിക്കാഴ്‌ചകൾക്കുമൊടുവിൽ നിരോധനം പിൻവലിക്കാൻ സർക്കാർ ചില ഉപാധികൾ വെച്ചു. അതിലൊന്നായിരുന്നു ആർഎസ്‌എസിന് എഴുതിയുണ്ടാക്കിയ ഒരു ഭരണഘടന വേണമെന്ന ആവശ്യം. മനസ്സില്ലാമനസ്സോടെ അതിന് ആർഎസ്‌എസ് വഴങ്ങി.
എന്നാൽ ഭരണഘടനയിൽ ദേശീയപതാകയെ അംഗീകരിക്കുമെന്നു കൂടി എഴുതിച്ചേർക്കണമെന്ന് സർദാർ പട്ടേൽ നിർബ്ബന്ധം പിടിച്ചു. ‘അതൊക്കെ വേണോ’ എന്ന സംശയവുമായി ഗോൾവാൾക്കർ പിന്നെയും ഉടക്കി. ‘ദേശീയപതാക എല്ലാവരും അംഗീകരിക്കുമല്ലോ’ എന്നൊക്കെ തൊടുന്യായം പറഞ്ഞു. പക്ഷേ ഒടുവിൽ സമ്മതിച്ചു. അങ്ങനെ എഴുതി ഉണ്ടാക്കിയ ആർഎസ്‌എസ് ഭരണഘടനയുടെ അഞ്ചാം വകുപ്പിൽ ദേശീയപതാകയെ അംഗീകരിക്കും എന്ന് ചേർത്തു. ഇന്ത്യയിൽ ഇങ്ങനെ ഒന്ന് ഭരണഘടനയിൽ എഴുതിച്ചേർക്കേണ്ടി വന്ന ഏകസംഘടനയാണ് ആർഎസ്‌എസ്!
പിന്നെയും ദേശീയപതാകയോട് ആർഎസ്‌എസ് എതിർപ്പ് തുടർന്നു. 1966ൽ വിചാരധാരയിലും ഗോൾവാൾക്കർ ദേശീയപതാകയുടെ ആപത്ത് ഓർമ്മിപ്പിച്ചു. അവരുടെ നേതാക്കൾ കാവിക്കൊടി വരേണ്ടതിന്റെ ആവശ്യകത പറഞ്ഞുകൊണ്ടേയിരുന്നു. 2015 സെപ്‌തംബറിൽ ചെന്നെെയിൽ എഴുത്തുകാരുടെ യോഗം വിളിച്ചപ്പോൾ പോലും അന്നത്തെ പ്രചാർ പ്രമുഖ് ഡോ. മൻമോഹൻ വൈദ്യ ഈ നിലപാട് ആവർത്തിച്ചു. എന്നാൽ ദേശീയ പതാക വർഗീയ ചേരിതിരിവിനും കലാപത്തിനും ഉപകരണമായി ഉപയോഗിക്കാൻ ആർഎസ്‌എസ് ഒരിക്കലും മടിച്ചില്ല. മധ്യപ്രദേശ് മുഖ്യമന്ത്രി ഉമാഭാരതിയെപ്പോലുള്ളവർ 1994ൽ കർണാടകത്തിലെ ഹുബ്ലിയിൽ കലാപശ്രമവുമായി എത്തിയപ്പോൾ ദേശീയപതാകയാണ് കയ്യിൽ കരുതിയത്. ഈദ്ഗാഹ് മൈതാനത്ത് ദേശീയ പതാക ഉയർത്തി സംഘർഷത്തിനായിരുന്നു നീക്കം. അവിടെ പൊലീസ് വെടിവെപ്പിൽ ആറുപേരാണ് മരിച്ചത്. 1992ൽ ശ്രീനഗറിലെ ലാൽ ചൗക്കിലും ദേശീയ പതാക അവർ കലാപത്തിന് ഉപകരണമാക്കിയിരുന്നു. ലഹളയ്‌ക്ക് മരുന്നിടാൻ അവർക്ക് എന്തും ആയുധമാക്കാമല്ലോ.
അതിനിടെ പതാകയിലെ നിറങ്ങൾക്ക് മതത്തിന്റെ വ്യാഖ്യാനം നൽകി അസ്വാസ്ഥ്യമുണ്ടാക്കാനും ആർഎസ്‌എസ് ശ്രമം നടത്തി.‘മുസ്ലീങ്ങളുടെ പച്ച’യും ‘ക്രിസ്‌ത്യാനിയുടെ വെള്ള’യും ഹിന്ദുക്കളുടെ ഓറഞ്ചിന്റെ അളവിൽ തന്നെ നൽകിയത് തീർത്തും പിശകാണെന്നായിരുന്നു 2005 ൽ ഓർഗനൈസറിലെ ലേഖനം പറഞ്ഞത്. മൂന്നു നിറങ്ങൾക്ക് രാഷ്‌ട്രം കൽപ്പിക്കുന്ന അർത്ഥമൊന്നും അവർക്ക് സ്വീകാര്യമല്ല.
വിലക്ക് നീങ്ങാനായി ഗതികേടുകൊണ്ട് ആദരിക്കാമെന്ന് സമ്മതിക്കേണ്ടി വന്ന ദേശീയപതാകയുടെ ചിത്രം അവരുടെ ‘കാവി മാതാവി’ന്റെ കയ്യിൽ അവർ എന്തിനേൽപ്പിക്കണം? ഭൂതകാല ആർഎസ്‌എസ് ബന്ധത്തിൽ കോൾമയിർകൊള്ളുന്ന പ്രധാനമന്ത്രി അടക്കമുള്ളവർ ആ പതാകയ്‌ക്കു മുമ്പിൽ നിൽക്കുന്നത് ഭരണഘടന എന്നൊന്ന് ഇപ്പോഴും നിലവിലുള്ളതുകൊണ്ട് മാത്രമാണെന്ന് വ്യക്തമല്ലേ? ഒരുനാൾ ദേശീയപതാകമാറ്റി, അമ്പലപരിസരത്തെ കസർത്തു പറമ്പുകളിൽ അവർ കുത്തിനിർത്തി വന്ദിക്കുന്ന കാവിപ്പതാക കൊണ്ടുവരാം എന്നവർ ഇപ്പോഴും പ്രത്യാശിക്കുന്നുണ്ടെന്നു വ്യക്തം. അതുകൊണ്ട് ഇപ്പോൾ ഏതോ ചിത്രപ്പകർപ്പിൽ വരച്ചുവെച്ച ആ കൊടിയുമായി അവർ ഇനിയും വരും. കാത്തിരിക്കാം; ജാഗ്രതയോടെ.l



