രാഷ്ട്രീയ സ്വയംസേവക് സംഘിന്റെ പിറവിതന്നെ ചരിത്രപരമായ ഒരു ദൗത്യനിർവ്വഹണത്തിന്റെ അനിവാര്യതയിൽ സംഭവിച്ചതാണ് . ആ ദൗത്യത്തിന്റെ സൂക്ഷ്മമായ അടരുകളെയും അതിന്റെ ഉദ്ദേശ്യങ്ങളെയും പരിശോധിക്കുമ്പോൾ മാത്രമാണ് സംഘപരിവാർ നടത്തുന്ന പലമട്ടിലുള്ള അധിനിവേശങ്ങളുടെ പ്രത്യയശാസ്ത്രലോകം നമുക്ക് അനാവരണം ചെയ്യാൻ കഴിയുക. ഒരു സമൂഹത്തിന് തീർത്തും അപരിചിതമായ ആചാര പ്രകടനങ്ങളും ആത്മീയ പൊങ്ങച്ചങ്ങളും പൊടുന്നനെ കെട്ടിയിറക്കപ്പെടുന്നത് സ്വാഭാവികമായി സംഭവിക്കുന്നതല്ല. മറിച്ച് ആസൂത്രിതമായ ഒരു ബൃഹദ് രാഷ്ട്രീയ പരിപാടിയുടെ ഭാഗമായി നടപ്പാക്കപ്പെടുന്നതാണ് . ആസൂത്രണങ്ങൾ നമ്മുടെ പ്രത്യക്ഷമായ കാഴ്ചയിൽ നിന്ന് മറഞ്ഞിരിക്കുന്നിടത്തോളം കാലം ആ രാഷ്ട്രീയ പദ്ധതിയുടെ പങ്കാളികളും പ്രചാരകരും ഒരിക്കലും തങ്ങൾ ഉപകരണങ്ങളായിത്തീരുന്നു എന്ന് തിരിച്ചറിയുകയില്ല.
ഒരു ജനതയ്-ക്ക് തങ്ങൾ ജീവിക്കുന്ന ദേശത്തെക്കുറിച്ചും അവിടെ നിലനിൽക്കുന്ന മനുഷ്യബന്ധങ്ങളെക്കുറിച്ചുമുള്ള സ്മരണകളാണ് ആ പ്രദേശത്തിന്റെ അധികാരത്തെ നിർണ്ണയിക്കുന്നത് . ഒരു ജനതയുടെ സ്മരണകളെ നിയന്ത്രിക്കുകയെന്നാൽ അവർ തങ്ങളെയും ചുറ്റുമുള്ളവരെയും അവർ ജീവിക്കുന്ന ദേശത്തെയും എങ്ങനെ ഭാവന ചെയ്യണം എന്നതിനെ നിയന്ത്രിക്കുക എന്നാണർത്ഥം. ചരിത്രകാരനായ ഗ്യാൻ പ്രകാശ്, മുംബൈ ഫേബിൾസ് എന്ന പുസ്തകത്തിൽ എങ്ങനെയാണ് ഹിന്ദുത്വം ബോംബെ എന്ന നഗരത്തിന്റെ സ്മരണകളിൽ (Urban memories) നിന്ന് ബോംബെയുടെ കൊളോണിയൽ വിരുദ്ധ തൊഴിലാളിമുന്നേറ്റങ്ങളുടെയും ബഹുസ്വരചിന്തകളാൽ പ്രചോദിതമായ കലാസാംസ്കാരിക മുന്നേറ്റങ്ങളുടേയും സ്മരണകൾ തുടച്ചുനീക്കി പകരം പുതിയൊരു നഗരഭാവനയെ രൂപപ്പെടുത്തിയത് എന്ന് പരിശോധിക്കുന്നുണ്ട് . ഓട്ടോമൻ സാമ്രാജ്യത്തിന് കീഴിലെ ഇസ്താംബൂൾ പോലെ, ആസ്ത്രോ ഹംഗേറിയൻ സാമ്രാജ്യത്തിന് കീഴിലെ വിയന്നപോലെ ഒരു കോസ്മോപൊളിറ്റിൻ നഗരമായിരുന്നു കൊളോണിയൽകാലത്തെ ബോംബെ എന്ന തുറമുഖനഗരം. തുണിമിൽ തൊഴിലാളികൾക്കിടയിൽ ശക്തമായ ട്രേഡ് യൂണിയൻ സ്വാധീനമുണ്ടായിരുന്ന കമ്യൂണിസ്റ്റ് പാർട്ടിയുടെയും, IPTA (Indian people theatre Association) യുടെ കലാസാംസ്കാരിക മുന്നേറ്റങ്ങളുടെയും വേദികൂടിരുന്നു. കുടിയേറ്റ തൊഴിലാളികളും കൊളനിവിരുദ്ധ സമരങ്ങളും ബുദ്ധിജീവികളും എല്ലാമായി സാർവ്വദേശീയമായ സാമൂഹ്യ സാംസ്കാരിക സഹവർത്തിത്വം നിലനിന്നിരുന്ന ബോംബെ സ്വാതന്ത്ര്യാനന്തരം പതിയെ ആ മുഖമുദ്ര വെടിയുകയും അക്രമാസക്തമായ ഹിന്ദുത്വയുടെ പരീക്ഷണ നഗരമായി മാറുകയും ചെയ്തു . മറാത്താവാദവുമായാണ് ശിവസേന ആരംഭിച്ചതെങ്കിലും ഏറെ വൈകാതെ അതിന്റെ സ്വാഭാവികമായ കമ്മ്യൂണിസ്റ്റ് വിരുദ്ധതയും പിന്നീട് മുസ്ലിം വിരുദ്ധതയും വളരെ പ്രകടനാത്മകമായി തന്നെ പുറത്തെടുത്തു . കോൺഗ്രസ്സ് ഭരണത്തിന്റെ കീഴിൽ തുണിമിൽ ഉടമകളുടെ ഒത്താശയിലും പിന്തുണയിലും ബാൽ താക്കറയുടെ നേതൃത്വത്തിൽ ബോംബെയിലെ കമ്മ്യൂണിസ്റ്റ് പാർട്ടിക്കെതിരെ ആക്രമണപരമ്പരകൾ നടന്നു , പാർട്ടി ഓഫീസുകൾ അഗ്നിക്ക് ഇരയായി. ബാൽതാക്കറെ കമ്യൂണിസ്റ്റുകളെ ഇല്ലാതാക്കാൻ പരസ്യമായി ആഹ്വാനം ചെയ്തു. ശിവസേനയുടെ ദസറ റാലിയിൽ ഭരണത്തിലുള്ള കോൺഗ്രസ്സ് നേതാക്കൾ പങ്കെടുത്ത് സംസാരിക്കുകയുണ്ടായി.
ബാൽതാക്കറെ വിദ്വേഷപ്രചാരണത്തിനായി തുടങ്ങിയ മാർമിക് എന്ന ആഴ്ചപ്പതിപ്പ് പ്രകാശനം ചെയ്തത് കോൺഗ്രസ്സ് നേതാവും മുഖ്യമന്ത്രിയുമായിരുന്ന വൈ ബി ചവാൻ ആയിരുന്നു . ഈ സംയുക്ത ആക്രമണ പരമ്പരയുടെ തുടർച്ചയിലാണ് സ്വാതന്ത്ര്യാനന്തര മഹാരാഷ്ട്രയുടെ ചരിത്രത്തിലെ ആദ്യത്തെ രാഷ്ട്രീയ കൊലപാതകം നടന്നത് . വളരെ ജനപ്രിയനും വർക്കിങ് ക്ലാസ് കമ്യൂണിറ്റിയുടെ ആരാധനാപാത്രവുമായിരുന്ന സഖാവ് കൃഷ്ണ ദേശായിയെ ശിവസേനക്കാർ വധിച്ചു. കൊലചെയ്യപ്പെടുമ്പോൾ ദേശായി ബോംബെ നിയമസഭയിലെ അംഗമായിരുന്നു , 1957 മുതൽ 67 വരെ ബോംബെ മുനിസിപ്പൽ കോർപ്പറേഷനിലെ അംഗവുമായിരുന്നു ദേശായി . 1970 ലെ ദേശായിയുടെ കൊലപാതകമാണ് ബോംബയുടെ പൊളിറ്റിക്കൽ ലാൻഡ്സ്കേപ്പിലെ നിർണ്ണായക വഴിത്തിരിവായി ഗ്യാൻ പ്രകാശ് നിരീക്ഷിക്കുന്നത് . ശിവസേനയുടെ മറാത്താവാദവും ഹിന്ദുത്വ മൊബിലൈസേഷനും യുവാക്കളിൽ വിദ്വേഷാവേശം ജനിപ്പിച്ചിരുന്നു.
തുടർന്നുവന്ന ഉപതിരഞ്ഞെടുപ്പിൽ ദേശായിയുടെ പങ്കാളി സരോജിനി ദേശായി ശിവസേനയുടെ വാമൻ റാവുവിനോട് 1679 വോട്ടുകൾക്ക് പരാജയപ്പെട്ടു . അരിവാൾ ചുറ്റിക വസ്ത്രത്തിൽ പതിച്ച ഒരു വലിയ മനുഷ്യന്റെ മൃതശരീരത്തിന് മീതെ വാമനരൂപത്തിലുള്ള ശിവസേനക്കാരൻ ഇരിക്കുന്ന ബാൽതാക്കറെ തന്നെ വരച്ച ഒരു കാർട്ടൂൺ ഉണ്ട് . ശിവസേന മഹാരാഷ്ട്ര തിരഞ്ഞെടുപ്പിൽ ആദ്യം വിജയമറിഞ്ഞ തിരഞ്ഞെടുപ്പായിരുന്നു അത് . സേനയുടെ ദസറാഘോഷയാത്രയും ഗണേശ ചതുർത്ഥി ഘോഷയാത്രയും ആയുധമേന്തി ഉച്ചഭാഷിണികളിലൂടെ മുദ്രാവാക്യങ്ങൾ മുഴക്കിയ ശിവജി ദിനാഘോഷങ്ങളും ഹിന്ദുത്വയുടെ വെറുപ്പും വിദ്വേഷവും പരത്തുന്ന തെരുവ് നാടകങ്ങളായി . ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ അടിസ്ഥാന സ്വഭാവങ്ങളായ പ്രകടനാത്മകമായ ഹിന്ദു സ്വത്വ ( Performative Hindu Identity) രൂപീകരണത്തിന്റെയും ആചാരവൽക്കരിച്ചുകൊണ്ടുള്ള ഉടമസ്ഥത ( Ritualised belonging) സ്ഥാപിക്കുന്നതിന്റെയും പ്രത്യക്ഷ ഉദാഹരണമായാണ് ശിവസേന മഹാരാഷ്ട്രയുടെ നാഡീവ്യൂഹത്തിൽ പടർന്നുകയറിയത്. ബഹുസാംസ്കാരിക സഹവർത്തിത്വത്തിന്റെ വലിയ പൈതൃകം പേറുന്ന മഹാനഗരത്തെ, അതിന്റെ ആധുനിക മൂല്യങ്ങളായിത്തീരേണ്ടിയിരുന്ന നഗരസ്മരണകളെ ഹിന്ദുത്വം മറവികളുടെ ചുടലപ്പറമ്പിലേക്കയച്ചു . വർഗ്ഗീയ കലാപങ്ങളായി തെരുവിലെ മതാഘോഷ ആർപ്പുവിളികളായി നഗരവികസനത്തിന്റെ പേരിലെ തുടച്ചുനീക്കലുകളായി നഗരത്തിന്റെ ഹൃദയമായ ബഹുസ്വരതയെ ഓരങ്ങളിൽ നിന്ന് ഓരങ്ങളിലേക്ക് തള്ളിമാറ്റി . ഒരു നഗരം പുനർനിർമ്മിക്കുന്നത് കല്ലും മണ്ണും ഇരുമ്പുകമ്പിയും സിമന്റും കൊണ്ടല്ല , കഥകളും സ്മരണകളും സ്മാരകങ്ങളും കൊണ്ടാണ് . സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ പലസ്ഥലങ്ങളും ഭരണപരമായ പലകാരണങ്ങളാൽ പുനർനാമകരണം ചെയ്യപ്പെട്ടിട്ടുണ്ട്. എന്നാൽ ആദ്യമായി ഇന്ത്യയിലെ ഒരു പ്രധാന വൻ നഗരം ഹിന്ദുത്വഭരണകൂടം മതാധിഷ്ഠിതമായി പുനർനാമകരണം ചെയ്തത് ബോംബെയുടെതാണ്. 1995ൽ ഭരണത്തിലിരിക്കുന്ന ശിവസേന – ബി ജെ പി ഐക്യമുന്നണി സർക്കാർ 1992– 93 ലെ വർഗ്ഗീയകലാപാനന്തര ബോംബെയെ മുംബൈ എന്ന് പുനർനാമകരണം ചെയ്തു . ബോംബെ എന്നാൽ Good Bay എന്നാണർത്ഥം, നൂറ്റാണ്ടുകളായി യാത്രികരും കച്ചവടക്കാരും തീരമണഞ്ഞ ഒരു തുറമുഖനഗരത്തിന് വന്നുചേർന്നൊരു പേരാണത്. ബോംബെയിലെ പ്രധാന മത്സ്യതൊഴിലാളികളായ കോലി വിഭാഗത്തിന്റെ കടൽദേവതയാണ് മുംബെ ദേവി . മുംബെ ദേവിയുടെ പേരിൽ ബോംബയെ പുനർനാമകരണം ചെയ്യുമ്പോൾ ശിവസേനയും ആർഎസ്എസും മുംബെ ദേവിയെ ഒരു ഹിന്ദുത്വ പ്രതീകമായി മാറ്റുകയാണ് ചെയ്തത് . മുംബെ ദേവിയുടെ ഹിന്ദുത്വ അപഹരണ (Hindutva Appropriation)ത്തിലൂടെ കോലി സമൂഹത്തിന് പ്രതീകാത്മക അംഗീകാരം ലഭിക്കുന്നതായി തോന്നലുളവാക്കും. എന്നാൽ യഥാർത്ഥത്തിൽ കോലി സമൂഹത്തിന്റെ സാമ്പത്തികവും രാഷ്ട്രീയവുമായ കർതൃത്വത്തെ ഹിന്ദുത്വ തടവിലാക്കുകതന്നെ ചെയ്തു. കോലിവാഡയിലെ ജനങ്ങളുടെ ഭൂമിക്കും സാക്ഷരതക്കും മെച്ചപ്പെട്ട ജീവിതാവശ്യങ്ങൾക്കും വേണ്ടിയുള്ള താൽപര്യങ്ങൾ ഒന്നും സംരക്ഷിക്കപ്പെട്ടില്ല. മുംബെെയിൽ വളരെ ക്രമാനുഗതമായി വിജയിപ്പിച്ചെടുത്ത ഹിന്ദുത്വരാഷ്ട്രീയമാണ് ആർഎസ്എസും സംഘപരിവാറും ഇന്ത്യയാകെ പരീക്ഷിക്കുന്നതും വ്യാപിപിച്ചികൊണ്ടിരിക്കുന്നതും. വി ഡി സവർക്കർ ഹിന്ദുത്വം എന്ന ആശയം അവതരിപ്പിക്കുന്നതുതന്നെ പ്രകടനാത്മകമായ ഹൈന്ദവ വ്യക്തിത്വത്തിന്റെ രാഷ്ട്രീയവൽക്കരണം എന്ന നിലയ്-ക്കാണ്. ഇന്ത്യയെ പുണ്യഭൂമിയായും പിതൃഭൂമിയായും കാണുന്നവരാണ് സവർക്കറുടെ സിദ്ധാന്തത്തിലെ ഹിന്ദു . അന്നേവരെ നിലനിന്ന ജാതിവ്യവസ്ഥയെ മറ്റൊരു നിലയ്ക്ക് അതിജീവിപ്പിക്കാനാണ് സവർക്കറും സംഘപരിവാറും ശ്രമിച്ചത്. ഇങ്ങനെയൊരു തന്ത്രപരമായ സാംസ്കാരിക രാഷ്ട്രീയ പദ്ധതിക്ക് ആർഎസ്എസ് മുന്നോട്ടുവന്ന സാഹചര്യത്തെ ചരിത്രപരമായി പരിശോധിച്ചാലേ അതിന്റെ അകംപൊരുൾ മനസ്സിലാവുകയുള്ളൂ . ആർഎസ്എസിന്റെയും മറ്റ് ഹിന്ദുത്വരാഷ്ട്രീയ ആശയങ്ങളുടെയും ഉറവയും ഒഴുക്കുമായിത്തീർന്ന പൂനെ ഉൾപ്പെടുന്ന മറാത്ത സാമ്രാജ്യത്തിന്റെ ചരിത്രവുമായി ബന്ധപ്പെട്ടതാണത്.
ഛത്രപതി ശിവജിയുടെ മറാഠ സാമ്രാജ്യത്തിലെ മന്ത്രിപദവിയിലുള്ളവരായിരുന്നു പേഷ്വകൾ. പേർഷ്യൻ ഭാഷയിൽ മന്ത്രിക്ക് നൽകുന്ന സ്ഥാനപേരായിരുന്നു പേഷ്വ. പതിനെട്ടാം നൂറ്റാണ്ട് ആവുമ്പോഴേക്കും മറാഠയുടെ ഭരണനിയന്ത്രണം പൂർണ്ണമായും പേഷ്വകളുടെ കയ്യിലാവുകയും അങ്കോള ഉടമ്പടിയോടെ ഛത്രപതി എന്നത് നാമമാത്രപ്രതീകമാവുകയും പൂനെ കേന്ദ്രീകരിച്ചുള്ള പേഷ്വ ഭരണം നിലവിൽവരികയും ചെയ്തു. ഇന്ത്യയുടെ ചരിത്രത്തിലെ വളരെ നിർണായകമായതും ഏറെ പ്രധാന്യമുള്ളതുമായ ഒരു അധികാരകേന്ദ്രീകരണമാണ് മറാഠ സാമ്രാജ്യത്തിന്റെ ഒരു നൂറ്റാണ്ട് നീണ്ടുനിന്ന പേഷ്വഭരണം. വർണ്ണാശ്രമധർമ്മ പ്രകാരം ക്ഷത്രിയരാണ് ബ്രാഹ്മണ പ്രീതിയിലടിയുറച്ച രാജ്യഭരണവും യുദ്ധവും ധർമ്മമായി സ്വീകരിച്ചിരുന്നവർ . ബ്രാഹ്മണർ രാജാവിന്റെ ഉപദേശകരും പൗരോഹിത്യവൃത്തിയുമാണ് അനുഷ്ഠിച്ചുപോന്നിരുന്നത്. മറാഠയിലെ ശിവജി ഹിന്ദുത്വം ഉയർത്തിക്കാണിക്കുന്നപോലെ ഒരു മുസ്ലിംവിരുദ്ധനായ ഹിന്ദുരാജാവോ ക്ഷത്രിയനോ ആയിരുന്നില്ല എന്ന കാര്യം ഫൂലെ മുതലുള്ള സാമൂഹൃപരിഷ്കർത്താക്കൾ പലരും ചൂണ്ടിക്കാണിച്ചിട്ടുണ്ട്. സംഘപരിവാറിന്റെ ശിവജി നെരേറ്റീവിനെതിരെ ‘ആരായിരുന്നു ശിവജി’ എന്ന പുസ്തകമെഴുതിയ ചരിത്രകാരനും കമ്മ്യൂണിസ്റ്റുകാരനുമായ ഗോവിന്ദ് പൻസാരയെ 2015ൽ ഹിന്ദുത്വ തീവ്രവാദികൾ കൊലപ്പെടുത്തുകയാണുണ്ടായത് . മറാഠയിലെ ഭരണം ഏറ്റെടുത്ത പേർഷ്വകൾ ബ്രാഹ്മണരായിരുന്നു. ബ്രാഹ്മണർ മറ്റൊരു സ്ഥലത്തും ഇത്രയും വലിയ ഒരു സാമ്രാജ്യത്തെയും സൈന്യത്തേയും നേരിട്ടു ഭരിച്ചിട്ടില്ല. പേഷ്വ ഭരണമാകുന്നതോടെ മറാത്തയിൽ മനുസ്മൃതിയിലധിഷ്ഠിതമായ കടുത്ത ജാതി നിയമങ്ങളും വിവേചനവും നിലവിൽവന്നു. പേഷ്വ ഭരണകാലത്ത് ദളിതർക്ക് പൊതുവിദ്യാഭ്യാസം, ക്ഷേത്രപ്രവേശനം, പൊതുജലസ്രോതസ്സുകൾ ഉപയോഗിക്കൽ എന്നിവ നിരോധിച്ചിരുന്നു. ദളിതർ കഴുത്തിൽ പാത്രവും കയ്യിൽ ചൂലും കെട്ടിനടക്കണമെന്നതുപോലുള്ള കഠിനമായ തൊട്ടുകൂടായ്മയും നിലവിൽ വന്നു . മറാഠ സാമ്രാജ്യത്തിന്റെ സത്താറയിൽ നിന്നും പൂനയിലേക്കുള്ള അധികാരമാറ്റം ബ്രാഹ്മണ്യ ഭരണക്രമ സംസ്ഥാപനത്തിന്റെയും പെഷവാർവരെയുള്ള ഉത്തരേന്ത്യൻ സാമ്രാജ്യ വ്യാപനത്തിന്റെയും ചരിത്രമാണ്. പേഷ്വകൾ മഹാരാഷ്ട്രയിലെ കൊങ്കൺ പ്രദേശത്തെ ചിത്പവൻ ബ്രാഹ്മണഗോത്രത്തിൽപ്പെട്ടവരായിരുന്നു. ഇവരുടെ മനുവാദ ഭരണം മറാഠയിൽ അവസാനിക്കുന്നത് ബ്രിട്ടീഷ് ആർമിയിലെ ശിപായികളായിരുന്ന മറാഠയിലെ ദളിത് വിഭാഗത്തിൽപ്പെട്ടവർ–അതിൽ കൂടുതലും മഹർ ജാതിയിൽപ്പെട്ടവരായിരുന്നു കൊറഗാവിൽ വച്ച് പേഷ്വ സൈന്യത്തെ യുദ്ധത്തിൽ പരാജയപ്പെടുത്തുന്നതോടുകൂടിയാണ്. 1857 ലെ ഒന്നാം സ്വാതന്ത്ര്യസമരത്തിനും മുമ്പേ 1818ൽ ദളിത് ശിപായികൾ തങ്ങളുടെ സ്വാതന്ത്ര്യത്തിനായി യുദ്ധം നയിച്ച് വിജയിച്ചത് ഇന്ത്യൻ രാഷ്ട്രീയത്തിലെ തിളക്കമുള്ള ഒരേടാണ്. പേഷ്വ ഭരണത്തിനെതിരെ മറാഠയിലും വിശേഷിച്ച് പൂനയിലും ശക്തിപ്പെട്ടുവന്ന അബ്രാഹ്മണ പ്രസ്ഥാനങ്ങളുടെ വിമോചനപരമായ ഉള്ളടക്കങ്ങളുള്ള വിജയമായിരുന്നു കൊറഗാവ് യുദ്ധം. അതോടുകൂടി ഈ പ്രദേശം ബ്രിട്ടൻ, ബോംബെ പ്രസിഡൻസിയുടെ ഭാഗമാകയി.
പേഷ്വകൾക്ക് നഷ്ടപ്പെട്ട രാഷട്രീയ അധികാരവും ബ്രാഹ്മണ മേൽകോയ്മയും തിരിച്ചുപിടിക്കാൻവേണ്ടി ചിത്പവൻ ബ്രാഹ്മണ ഗോത്രത്തിൽപ്പെട്ട വിഡി സവർക്കർ രൂപം നൽകിയ നവബ്രാഹ്മണ്യരാഷ്ട്രീയമാണ് ഹിന്ദുത്വ എന്നത്. ഇരുപതാംനൂറ്റാണ്ട് ആകുമ്പോഴേക്കും ഇന്ത്യയിൽ രൂപപ്പെട്ട ജാതിവിരുദ്ധ ഫ്യൂഡൽവിരുദ്ധ മുന്നേറ്റങ്ങൾ ബ്രാഹ്മണ്യത്തിനെതിരെ ഉയർത്തിയ വെല്ലുവിളികളെ മറികടക്കുന്നതിന് വേണ്ടി സമർത്ഥമായി ആസൂത്രണം ചെയ്ത ഒരു രാഷ്ട്രീയ സാംസ്കാരിക പദ്ധതിയാണ് ഹിന്ദുത്വ. ബ്രാഹ്മണ്യമേൽക്കോയ്മയെ നിലനിർത്തിക്കൊണ്ടുതന്നെ പുതിയൊരു പൊളിറ്റിക്കൽ ഫോം രൂപപ്പെടുത്തിയെടുക്കേണ്ട സാഹചര്യം ഉണ്ടായപ്പോഴാണ് ഹിന്ദുത്വ എന്ന ആശയം സവർക്കർ ആവിഷ്കരിക്കുന്നതും ഹെഡ്ഗെവാർ അടക്കമുള്ള മറാത്ത ബ്രാഹ്മണർ അതിൽ ആകൃഷ്ടരാകുന്നതും. ആർഎസ്എസിന്റെ പ്രധാനപ്പെട്ട നേതാക്കളെല്ലാം ബ്രാഹ്മണരും അതിൽ പലരും ചിത്പവൻ ബ്രാഹ്മണഗോത്രത്തിൽപ്പെട്ടവരുമാണ്. ഗണേശോത്സവത്തിന്റെ പ്രോദ്ഘാടകനായ തിലകും ഗാന്ധിയെ വധിച്ച ഗോഡ്സെയും ചിത്പവൻ ബ്രാഹ്മണരാണ്. ഹെഡ്ഗെവാർ മുതൽ മോഹൻഭാഗവത് വരെയുള്ള ആർഎസ്എസിന്റെ സർസംഘചാലകുമാർ എല്ലാവരും ബ്രാഹ്മണരാണ് . ബ്രാഹ്മണ്ണ്യത്തെ നിലനിർത്തിക്കൊണ്ടുതന്നെ പുതിയൊരു ഹിന്ദുസ്വത്വ നിർമ്മിതിയുടെ ആശയവും പ്രയോഗവുമായാണ് സംഘപരിവാറിനെ ആകെയും ആർഎസ്എസിനെ വിശേഷിച്ചും മനസ്സിലാക്കേണ്ടത്. ബ്രാഹ്മണ്യ ഇതര ആവിഷ്കാരങ്ങളെ അപഹരിച്ചും ബ്രാഹ്മണ്യത്തെ പൊതുവൽക്കരിച്ചും നടത്തുന്ന സാംസ്കാരിക അധിനിവേശമാണത്.
ഒരു സമൂഹത്തിന്റെ ബഹുസ്വരമായ സ്മരണകളെ തകർത്തും മായ്ച്ചുകളഞ്ഞും ഹിന്ദു ഐക്യത്തിന്റെ ഒരു രാഷ്ട്രീയ ദൃശ്യം രൂപപ്പെടുത്തിയെടുക്കുകയാണ് സംഘപരിവാർ ചെയ്യുന്നത്. സമൂഹത്തിൽ ഹിന്ദുത്വ മൂല്യങ്ങൾ ആധുനിക പൗരപ്രതിഷ്ഠയുടെ രൂപത്തിൽ ‘കാഴ്ചവയ്ക്കുന്ന’ രാഷ്ട്രീയ-സാംസ്കാരിക ഘോഷയാത്രകൾ, വസ്ത്രധാരണങ്ങൾ, യാത്രകൾ, വിദ്വേഷ മുദ്രാവാക്യങ്ങൾ, സാമൂഹ്യമാധ്യമ ക്യാമ്പെയ്‌നുകൾ എന്ന് തുടങ്ങി ഭക്തിയും മതപരമായ അനുഭവവും വ്യക്തിയുടെ ആന്തരികമായ ആത്മീയത അല്ലാതായിത്തീരുകയും മറിച്ച് ‘ഞങ്ങളൊരു ഭക്തജന സമുദായം എന്ന തോന്നൽ കൃത്രിമമായി സൃഷ്ടിച്ചെടുക്കുകയും ചെയ്യുകയാണ് പെർഫോമേറ്റീവ് ഹിന്ദുത്വ ചെയ്യുക . ഇത്തരത്തിൽ കൃത്രിമമായ ഭക്തിപ്രകടനം, പുത്തൻ ഉത്സവക്കാഴ്ചകൾ, ആചാരങ്ങൾ എന്നിവയിലൂടെ ആളുകൾക്ക് അവരുടെ “അംഗത്വം” അനുഭവപ്പെടുത്തുന്നതാണ് Ritualised Belonging. ആദർശാത്മകമായി നമ്മൾ ഒന്നാണ് എന്ന സാഹോദര്യസങ്കൽപ്പം അന്യവും അസാധ്യവുമായ ബ്രാഹ്മണമതത്തിന്റെ തന്ത്രമായി വേണം ഈ ദൃശ്യപരതയിൽ ഊന്നിയ രാഷ്ട്രീയ ആവിഷ്കാരങ്ങളെ കാണാൻ. അങ്ങനെ ഇന്ത്യക്കാർക്കാകെ കാണാൻ രൂപപ്പെടുത്തിയ രാഷ്ട്രീയ ദൃശ്യമാണ് ബാബറി മസ്ജിദിന്റെ മിനാരങ്ങൾ തച്ചുടയ്-ക്കുന്നതിൽ കലാശിച്ച അദ്വാനിയുടെയും മോദിയുടെയും ഒക്കെ നേതൃത്വത്തിൽ നടന്ന രഥയാത്ര . രക്ഷാബന്ധൻ ചടങ്ങുകളിലൂടെ , ഗണേശോത്സവ ഘോഷയാത്രയിലൂടെ അങ്ങനെ അനേകം നവമതാഘോഷങ്ങളിലൂടെ മനുഷ്യരുടെ ചിന്താവ്യൂഹത്തെ അവർപോലുമറിയാതെ ഹിന്ദുത്വ അവരുടെ രാഷ്ട്രീയ പരിപാടികളിലേക്ക് കണ്ണിചേർക്കുന്നു.
ഹിന്ദു സമൂഹത്തിലെ വിശ്വാസങ്ങളിലെയും അടയാളങ്ങളിലെയും പെരുമാറ്റ ശീലങ്ങളിലേയും ചിലതിനെ മാത്രം ഏറ്റെടുത്തും ചിലതിനെ തമസ്കരിച്ചും നടത്തുന്ന വലിയ സാംസ്കാരിക ആസൂത്രണമാണിത് . രഥയാത്രയും മുസ്ലിം വിരുദ്ധ മുദ്രാവാക്യങ്ങളും വർഗ്ഗീയ കലാപങ്ങളും വംശഹത്യകളും വഴി ഹിന്ദുത്വശക്തിപ്രകടനങ്ങൾ രൂപപ്പെടുത്തിയെടുക്കുന്ന മനഃശാസ്ത്രപരമായ ഒരു മിഥ്യാബോധമുണ്ട്. അനേകം അന്തരങ്ങളും അസമത്വങ്ങളും നിലനിൽക്കുമ്പോഴും ഹിന്ദു ഐക്യത്തിന്റെ ഒരു മിഥ്യാഭാവം അത് സൃഷ്ടിക്കുന്നു. സവർണ്ണരെ ഹിന്ദുത്വത്തിന്റെ പങ്കാളികളാക്കിമാറ്റാൻ അധികം അധ്വാനത്തിന്റെ ആവശ്യമില്ല കാരണം ബ്രാഹ്മണ്യത്തിന്റെ രാഷ്ട്രീയ സാംസ്കാരിക ആനുകൂല്യങ്ങൾ ജീവിതത്തിൽ അനുഭവിക്കുന്നവരാണവർ. എന്നാൽ ഇന്ത്യയിലെ ബഹുഭൂരിപക്ഷം വരുന്ന അവർണ്ണരെ തങ്ങൾക്കനുകൂലമാക്കുക എന്നത് സംസ്കാരത്തിൽ ഇടപെട്ടും സംസ്കാരത്തെ പുനരാഖ്യാനം ചെയ്തും മാത്രം സാധ്യമാകുന്ന ഒരു കാര്യമാണ്. സ്വാതന്ത്ര്യാനന്തരം അധികാരത്തിലേറാൻ സംഘപരിവാറിനെ വൈകിപ്പിച്ച കാരണങ്ങളിലൊന്ന് ഈ സാംസ്കാരിക പരീക്ഷണങ്ങളുടെ വിജയത്തിനെടുത്ത താമസങ്ങളും അതിനെതിരായ വിട്ടുവീഴ്ചയില്ലാത്ത അപൂർവ്വം പ്രതിരോധങ്ങളുമാണ്.
ഹിന്ദുത്വഭരണകൂടത്തിന്റെ നഗരാസൂത്രണം ഹിന്ദുരാഷ്ട്രത്തിന്റെ മാനസിക ഭൂപടത്തെ വരച്ചെടുക്കാൻ പാകത്തിലാണ് ചിട്ടപ്പെടുത്താറ്. പ്രകടനാത്മക ഹിന്ദുത്വയുടെ വേദിയാക്കി ഒരു നഗരത്തെത്തന്നെ പുനർഭാവനചെയ്യുന്ന ഒരു സാംസ്കാരിക പ്രക്രിയയാണത്. ഫൈസാബാദ് എന്ന ജില്ലയുടെ പേരിനെ അയോധ്യ എന്ന് പുനർനാമകരണം ചെയ്യുന്നത് മോഷ്ടിക്കപ്പെട്ട ഒരു നഗരത്തിന്റെ ഓർമ്മയെ പുനർനിർമ്മിക്കുന്നതായൊരു പ്രതീതി ജനിപ്പിച്ചുകൊണ്ടാണ് . പൗരത്വത്തിന്റെ ഭാവനയിൽ നിന്നും നഗരത്തെ ഭക്തിയുടെ കേന്ദ്രമാക്കി ഒരു പുതിയ നഗരസംസ്കാരം സ്ഥാപിക്കുകയാണ് സംഘപരിവാർ.
ജനാധിപത്യത്തിൽ തത്വചിന്തയും അവകാശങ്ങളും ചരിത്രവും അടിസ്ഥാനമാക്കിയിട്ടുള്ള രാഷ്ട്രീയ ഐക്യവും സംവാദവും വിയോജിക്കലുമാണ് ഒരു നഗരത്തിന്റെ ചേതനയായി തീരുക. ഹിന്ദുത്വ നഗരരൂപീകരണം കൃത്രിമമായിട്ടുള്ള ഒരു ഭക്തജനതയെ സൃഷ്ടിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. മതപരമായ അനുസരണയും ആദർശങ്ങളും പാലിക്കേണ്ട /പാലിക്കപ്പെടേണ്ട ഒരു ദേശ ഭാവന രൂപപ്പെടുന്നതോടെ ബ്രാഹ്‌മണ്യം എന്നത് അവിടുത്തെ സ്വാഭാവിക പ്രക്രിയയായി മാറുന്നു. ബാബറി മസ്ജിദിന്റെ മിനാരങ്ങൾ അടിച്ചുതകർത്ത ദളിതനും പിന്നോക്കക്കാരനും ശൂദ്രനും അയോധ്യയിലെ പൊതുഭക്തിയുടെ ആധികാരിക അനുചരൻമാരായിത്തീരുന്നു. നഗരസ്മരണകളിൽ നിന്ന് സഹവർതിത്വത്തിന്റെതായ പോയകാലം കടലെടുക്കുന്നു. പൗരബോധത്തെ, നീതിയെ, അവകാശങ്ങളെ മനുഷ്യാന്തസ്സിനെ ആകെത്തന്നെയും ചടങ്ങുകളുടേയും ഭക്തിപ്രകടനങ്ങളുടേയും മറവിൽ ബ്രാഹ്മണ്യം കോളണൈസ് ചെയ്യുന്നു . ഒരു വർഗ്ഗീയകലാപവും ആരാധനാലയങ്ങൾ തകർക്കലും അതിന്റെ ഭൗതികവും വൈകാരികവുമായ പ്രത്യാഘാതങ്ങളോടെ അവസാനിക്കുന്നില്ല . മറിച്ച് പുതിയൊരു നഗരസ്മരണയുടെ രംഗപ്രവേശനമാണ് അവിടെ സംഭവിക്കുന്നത് . പ്രകടനാത്മകമായ ഒരു ഹിന്ദു സ്വത്വത്തെ രൂപപ്പെടുത്തിയും ആചാരാധിഷ്ഠിതമായ ഉടമസ്ഥത സൃഷ്ടിച്ചുമാണ് ബ്രാഹ്മണ്യത്തിന്റെ സാംസ്കാരിക ഫാസിസത്തെ സംഘപരിവാർ എക്സിക്യൂട്ട് ചെയ്യുന്നത് . ഇത് അയോധ്യയിൽ അവസാനിക്കുന്നതുമല്ല. ദീപാവലി ദിവസം സർജിക്കൽ സ്ട്രൈക്ക് നടത്തിയും മതേതരരാഷ്ട്രത്തിന്റെ പ്രതിരോധപ്രവർത്തനങ്ങൾ വഴി ഇന്ത്യക്കാരെ മുഴുവൻ സിന്ദൂരമണിയിച്ചും ഹിന്ദുത്വ ഭരണകൂടം തങ്ങളുടെ ദേശഭാവനക്ക് അടിത്തറയും മേൽക്കൂരയും പണിയുന്നു.
സംഘപരിവാർ, നഗരാസൂത്രണമെന്നപേരിലും ക്ഷേത്ര കോറിഡോർ നിർമ്മാണമെന്നപേരിലും ഇന്ത്യയിലാകെ നടപ്പിലാക്കുന്നത് തങ്ങളുടെ ഹിന്ദുത്വ അജൻഡയാണ് . മധ്യപ്രദേശിലെ ഉജ്ജൈൻലെ മഹാകാൽ കോറിഡോർ എന്നത് 850 കോടി മുതൽമുടക്കുള്ള പദ്ധതിയാണ് . മഹാകാൽ ക്ഷേത്ര ഇടനാഴിയുടെ നിർമ്മാണത്തിനായി അതിന് ചുറ്റുമുള്ള 257 കെട്ടിടങ്ങളെ ബുൾഡോസർ ഉപയോഗിച്ച് പൊളിച്ചുമാറ്റി . അതിൽ വീടുകളും കച്ചവടസ്ഥാപനങ്ങളും നിസാമുദ്ദീൻ കോളനിയിലെ പള്ളികളും എല്ലാം ഉൾപ്പെടും. ഉജ്ജൈൻ എന്ന പുരാതന നഗരം നവ ഭക്തിടൂറിസത്തിന്റെ ഭാഗമാവുകയാണ്. ഉജ്ജൈൻ ഒരു കാലത്ത് ജൈന, ബുദ്ധ, താന്ത്രിക പാരമ്പര്യങ്ങളുടെയും വലിയ കേന്ദ്രമായിരുന്നു. പുരാതനമായ കാലഭൈരവ ക്ഷേത്രത്തിൽ മദ്യം നിവേദ്യമായി നൽകാറുണ്ട് . ഇവയെല്ലാം അബ്രാഹ്മണ പാരമ്പര്യങ്ങളുടെ ഭാഗമായവയാണ്. എന്നാൽ ഹിന്ദുത്വയുടെ പുതിയ ശിവപ്രതിമകളും കോറിഡോർ നിർമാണം കേന്ദ്രമാക്കി പ്രദർശിപ്പിക്കപ്പെടുന്ന ദൈവ സങ്കൽപ്പവും ബ്രാഹ്മണ്യത്തിന്റെ ശിവനാണ്. അസാമാന്യമായ ജീവിതപ്രതീകമായ ഭൈരവൻ ഇന്ന് പരിഷ്കൃത പാക്കേജിലെ ഭക്തദൈവം ആയി. ഉത്തർപ്രദേശിലെ ബനാറസിലെ കാശി വിശ്വനാഥ കോറിഡോർ മറ്റൊരു ഉദാഹരണമാണ്. ബനാറസ്സിലെ (വാരാണസി) കാശി വിശ്വനാഥ ക്ഷേത്രത്തെ ഗംഗാനദിയുമായി നേരിട്ട് ബന്ധിപ്പിക്കുന്നതും, ക്ഷേത്ര പരിസരത്തെ “ശുദ്ധീകരിച്ച്” അതിനെ ആധുനിക തീർത്ഥാടന കേന്ദ്രമാക്കി മാറ്റുന്നതുമാണ് കാശി വിശ്വനാഥ കോറിഡോർ. ബനാറസ്സ് എക്കാലത്തും ബഹുസ്വരമായ ധാർമ്മിക-സാംസ്കാരിക സംവേദനത്തിന്റെ നഗരമായിരുന്നു. ഹിന്ദു-–മുസ്ലിം സംസ്‌കാരങ്ങളുടെ സമന്വയത്തിലൂടെ രൂപംകൊണ്ട ധാർമ്മികമായും സാമൂഹികമായും കലാപരമായും സമ്പന്നമായ സഹവർത്തിത്വ സംസ്കാരമാണ് ബനാറസിലെ ഗംഗ യമുന തഹ്സീബ് ( Ganga-Jamuna tehzeeb). കബീറിനെയും രവി ദാസിനെയും അമീർ ഖുസ്രുവിനെയും സൃഷ്ടിച്ച ഗംഗയുടെ തീരങ്ങൾ. പാരമ്പര്യ നെയ്ത്ത് സമൂഹങ്ങളായ മുഷാരുകൾ, അൻസാരി സമുദായങ്ങൾ, ഡാലിറ്റുകൾ–ഇവരുടെ ജീവിതവും ഇടങ്ങളും ഉൾക്കൊള്ളുന്ന വാരണസി . ബനാറസ് ഘരാന എന്ന ഹിന്ദുസ്ഥാനി ശാസ്ത്രീയ സംഗീത പൈതൃകത്തിൽ ഹിന്ദുവും മുസ്ലീമുമുള്ള ഗുരു-ശിഷ്യ പരമ്പരകളെ കാണാനാകും. അർധരാത്രിയിൽ ഇന്ത്യ സ്വാതന്ത്ര്യത്തിലേക്കുണർന്നപ്പോൾ ചെങ്കോട്ടയിൽ ദേശീയ പതാക ഉയരുമ്പോൾ ഇന്ത്യയിലെ മുഴുവൻ മനുഷ്യരുടെയും സഹനത്തിന്റെയും സ്വപ്നങ്ങളുടെയും ഹൃദയമിടിപ്പായി ശഹനായി വായിച്ച ഉസ്താദ് ബിസ്മില്ലഖാന്റെ ബനാറസ്. അദ്ദേഹം കാശി വിശ്വന്ഥ ക്ഷേത്രത്തിൽ സ്ഥിരമായി ശഹനായി വായിച്ചിരുന്നു. അങ്ങനെ എണ്ണമറ്റ സാംസ്കാരിക പൈതൃകം പേറുന്ന നഗരമാണ് ബനാറസ്. സംഘപരിവാർ ഭരണകൂടത്തിന്റെ ഭക്ത ഇടനാഴിനിർമ്മാണത്തിന്റെ ഭാഗമായി പല ചരിത്രസ്മരണകളും ബുൾഡോസർ എടുത്തുകഴിഞ്ഞു. ക്ഷേത്രത്തിനടുത്തുള്ള ഗ്യാൻവാപി പള്ളി സംഘപരിവാർ ഏറെക്കാലമായി വിവാദമാക്കിയിരിക്കുകയാണ്. പതിനായിരക്കണക്കിന് വീടുകളും തലമുറകളായി കൈമാറിവന്ന കച്ചവടസ്ഥാപനങ്ങളും ആരാധനാലയങ്ങളും ഒക്കെയുള്ള ബനാറസ്സിലെ ദാൽമൻഡി മാർക്കറ്റ് ഒഴിപ്പിക്കാനുള്ള ആദിത്യനാഥ് സർക്കാറിന്റെ ഉത്തരവിനെതിരെ പ്രദേശവാസികൾ കോടതിയെ സമീപിച്ച് സ്റ്റേ വാങ്ങിയിരിക്കുകയാണ്. ബനാറസ്സിന്റെ സഹവർതിത്വത്തിന്റെ പൈതൃകത്തിൽ നിന്നും മാറ്റി ക്ഷേത്ര-കേന്ദ്രമായ “ശുദ്ധ ഹിന്ദു നഗരമെന്ന” ഭാവനയെ ശക്തിപ്പെടുത്തുകയാണ് സംഘപരിവാരം . കബീറിന്റെ ദോഹകളിലും സൂഫിസംഗീത പാരമ്പര്യത്തിലും അനേകം ഭക്തികവികളുടെ സങ്കൽപത്തിലും സാന്ദ്രമായൊഴുകിയ ഗംഗനദിയല്ല സംഘപരിവാറിന്റെ ഗംഗ. രാഷ്ട്രീയ ഹിന്ദുത്വത്തിന്റെ ശുദ്ധിയുടെ പ്രതീകമായി ഗംഗമാറുന്നു. ഒരു നഗരത്തിന്റെ മുഖഛായയും ഭാവവും മാറ്റുന്നതിലൂടെ ആ ദേശത്തിലേക്ക് വരുന്ന മനുഷ്യരുടെ ഭാവനയിലും അനുഭൂതികളിലും ഇടപെടാൻ കഴിയുന്നു. തീർത്ഥാടകർക്ക് “വിസ്മയാനുഭവം” പ്രദാനം ചെയ്യുന്ന കോർപറേറ്റ് ടൂറിസ്റ്റ് ഹബ്ബുകളായി തീർത്ഥാടന കേന്ദ്രങ്ങളെ മാറ്റിയെടുക്കുന്നു; ഭക്തി എന്നത് വ്യക്തിഗതമായ ആത്മാനുഭവമല്ല. സംഘപരിവാർ സംവിധാനംചെയ്യുന്ന റിച്ച്വലൈസ്ഡ് ബിലോങ്ങിങ്ങിന്റെ ഭാഗമായി മാറുന്നതായി കാണാനാകും. ഇന്ത്യയിലെ ബഹുജനങ്ങളെ സംഘപരിവാർ ബ്രാഹ്മണ്യ മേൽകോയ്മ നിലനിർത്തുന്ന ഹിന്ദുത്വരാഷ്ട്രീയത്തിൽ ലയിപ്പിക്കുന്നത്- ഈവിധമാണ്.
പൂനെയിലെ പേഷ്വകളുടെ ഭരണകേന്ദ്രമായിരുന്ന ശനിവാർവാഡ ഇന്ന് പുരാവസ്തുവകുപ്പിന്റെ കീഴിലാണ്. പൂനെ സന്ദർശിക്കുന്ന ആർക്കും അവിടെ ചെല്ലാം പേഷ്വരാജാക്കൻമാരുടെ ചരിത്രം പറയുന്ന എഴുത്തുകളും പ്രദർശനങ്ങളും കാണാം . കൊടിയ ജാതി പീഡനങ്ങളുടെ ചരിത്രമൊന്നും അവിടെ നിന്ന് ഇന്ന് അറിയാൻ കഴിയില്ല. ശനിവാർവാഡയുടെ ടൂറിസ്റ്റ് ആഖ്യാനത്തിൽ പൂർണമായും ഒഴുവാക്കപ്പെട്ട ചരിത്ര അധ്യായങ്ങൾ ഏറെയുണ്ട്. ചിത്പവൻ ബ്രാഹ്മണ അധികാരത്തിന്റെ വാസ്തുചിഹ്നമാണ് ശനിവാർ വാഡ എന്നകാര്യം അവിടെയാരും പറഞ്ഞുതരില്ല. ശനിവാർവാഡയുടെ മുഖ്യവാതിലാണ് ദൽഹി ദർവാസ. അത് കേവലം ഒരു കോട്ടവാതിൽ മാത്രമല്ല പേഷ്വ ഭരണത്തിന്റെ അധികാരരൂപത്തിന്റെ ഭൗതിക പ്രതീകമായിരുന്നു. എത്ര മറച്ചുപിടിച്ചാലും സ്വയം സംസാരിക്കാനുള്ള ചരിത്രത്തിന്റെ ശേഷികൊണ്ട് വാതിൽ പാളികളിൽ പതിപ്പിച്ചിരിക്കുന്ന മെറ്റൽ സ്പൈക്കുകൾ നമ്മളോട് സംവദിക്കുന്നുണ്ട്, ആ വാതിലുകൾ മുന കൂർത്ത ജാതി അധീനതയുടെ ഭൗതിക ചിഹ്നങ്ങളാണ്. ഇതിന്റെയെല്ലാം പരിസരത്ത് നിന്നുകൊണ്ടുവേണം ഇപ്പോൾ ഇന്ത്യയാകെ ഏറെ ശക്തിപ്പെട്ടുകൊണ്ടിരിക്കുന്ന നവതീർത്ഥാടന യാത്രകളെ കാണാൻ. സംഘപരിവാറിന്റെ ഹിന്ദുത്വ പ്രദർശനത്തിലേക്കുള്ള ഡെലിഗേറ്റുകളാണ് നഗരമധ്യവർഗ്ഗ ഭക്തസഞ്ചാരികൾ. നവബ്രാഹ്മണ്യത്തിന്റെ സെൽഫി സ്പോട്ടുകൾ സൃഷ്ടിച്ചുകൊണ്ടാണ് ഹിന്ദുത്വയുടെ pilgrim tourism അരങ്ങുവാഴുന്നത്. ഇവ സഞ്ചരിച്ച് കാണാൻ കഴിയാത്തവർക്കായി TV, WhatsApp, Instagram, YouTube തുടങ്ങി ദൃശ്യ മാധ്യമങ്ങൾ വഴി “ഹിന്ദു സംസ്‌കാര ഐക്യം” എന്ന ദൃശ്യ പംക്-തികൾ തയ്യാറാക്കിക്കൊടുക്കപ്പെടും. സംഘപരിവാറിന് ഈവിധം നഗരഭാവനയെ അട്ടിമറിക്കാൻ കഴിയാത്ത ഒരേയൊരു സ്ഥലം കേരളം മാത്രമാണ്.
ഏതു നാടിന്റെയും ബഹുസ്വര മതനിരപേക്ഷ ചരിത്രത്തെ വീണ്ടെടുത്തും പറഞ്ഞും സർഗാത്മകമായി ആവിഷ്കരിച്ചും നഗര ഓർമയുടെ രാഷ്ട്രീയത്തെ തിരിച്ചുപിടിച്ചുകൊണ്ടും മാത്രമേ ഈ സാംസ്കാരിക പുനരാലേഖനങ്ങളെ ചെറുക്കാനാകൂ. സജീവവും സമരോത്സുകവുമായ ഓർമയാണ് നമ്മുടെ ഏറ്റവും ശക്തമായ ആയുധം.l



