ആർ എസ് എസിനും സംഘപരിവാറിനും ഒരു ഗുണം കിട്ടി. സംഘടനയുടെ പരിപാടികൾ എഴുതിയുണ്ടാക്കാൻ അധികം ബുദ്ധിമുട്ടേണ്ടി വന്നില്ല. ആരംഭ കാലത്ത് നാസികളെയും ഫാസിസ്റ്റുകളെയും കോപ്പി പേസ്റ്റ് ചെയ്തു . ഭരണം കിട്ടിയപ്പോൾ സ്വീകര്യമായത് ബെന്യാമിൻ നെതന്യാഹുവിന്റെ ഇസ്രയേലി ഭരണമാണ്. ആർ എസ് എസ് രാഷ്ട്രീയം രൂപീകരിക്കുന്നത് ഇരകളെ നോക്കിയല്ല, മർദ്ദക ശക്തികളെ നോക്കിയാണ് എന്ന് ചുരുക്കം. ജൂതരെ ഉന്മൂലനം ചെയ്യുമ്പോൾ ഹിറ്റ്ലർക്കൊപ്പം; ജൂത ഭരണാധികാരികൾ മുസ്ലീങ്ങളുടെ വംശനാശത്തിന് ശ്രമിക്കുമ്പോൾ അവർക്കൊപ്പം.
ഇസ്രയേലി പ്ലേ ബുക്ക് അതേപോലെ കോപ്പി അടിച്ചാണ് മോദിയുടെ ഗമനം. ‘ഹിന്ദു ആക്രമിക്കപ്പെടുന്നു’ എന്ന ആഖ്യാനം സൃഷ്ടിച്ച് മുസ്ലീങ്ങളെയും മിഷനറിമാരെയും അടിച്ചമർത്തുന്നു. പള്ളികൾ ടാർപോളിൻ ഉപയോഗിച്ച് മറയ്ക്കുന്നു, മാംസാഹാരത്തിന്റെ പേരിൽ മനുഷ്യരെ കൊല്ലുന്നു, ജുഡീഷ്യൽ സംവിധാനങ്ങളെ അപ്രസക്തമാക്കി ഒറ്റ ദിവസം കൊണ്ട് വീടുകൾ പൊളിച്ചു മാറ്റുന്നു.
ഇസ്രയേലിനെ നോക്കൂ . അവർക്ക് ലോക നിയമമൊന്നും ബാധകമല്ല. പലസ്തീനിൽ വംശഹത്യ നടത്തുന്നതിൽ ഒരു കുറ്റബോധവുമില്ല. ഐക്യരാഷ്ട്ര സഭയൊക്കെ കാലഹരണപ്പെട്ടതിനാൽ ലോകത്തിന് നിയമമില്ലെന്നും ശക്തിയുള്ളവന്റെ കൂടെ നിൽക്കുന്ന കാട്ടുനീതിയാണെന്നും അതിൽ തങ്ങൾക്ക് അഭികാമ്യം ഇസ്രായേൽ, -അമേരിക്ക അച്ചുതണ്ട് ആണെന്നും ആർ എസ് എസുകാർ നയിക്കുന്ന ഇന്ത്യൻ ഭരണകൂടം ചിന്തിക്കുന്നു. ഗാസയിൽ പട്ടിണിയും ദുരിതാശ്വാസവും യുദ്ധമുറയാക്കിയ ഇസ്രയേലി ശൈലിയോട് നമ്മുടെ രാജ്യം മൗനമവലംബിച്ചു. യുദ്ധം അവസാനിപ്പിക്കണം എന്ന യു എൻ പ്രമേയത്തിനെ അനുകൂലിക്കാൻ പോലും ഇന്ത്യ തയ്യാറായില്ല. ഇസ്രയേലിനെ, ഇന്റലിജൻസ് നിരീക്ഷണങ്ങൾക്കും ആയുധങ്ങൾക്കുമെല്ലാം ഇന്ത്യയ്ക്ക് വേണം. ഇന്ത്യ ഇന്ന് ലോകത്തിനു മുന്നിൽ ധാർമികത പറയുന്ന രാജ്യമല്ല; അമേരിക്കയുടെയും ഇസ്രയേലിന്റെയും സാമന്ത രാജ്യം മാത്രമാണ്.
ഹിന്ദുത്വശക്തികൾ പോറ്റുന്ന മാധ്യമങ്ങൾ
ദേശീയ മുഖ്യധാരാ മാധ്യമങ്ങളിൽ ചിലർ സംസാരിക്കുന്നത് മതഭ്രാന്തന്മാരെപ്പോലെയാണ്. ടെലിവിഷൻ അവതാരകർ തുപ്പുന്നത് കട്ടവിഷമാണ്. ന്യൂനപക്ഷത്തെ, പുരോഗമനവാദികളെ,ഇടതുപക്ഷത്തെ അവർക്ക് അവജ്ഞയാണ്. ‘ഹിന്ദു ആക്രമിക്കപ്പെടുന്നു’ എന്ന പ്രചാരണ കോലാഹലം സൃഷ്ടിക്കാനാണ് മാധ്യമങ്ങൾക്ക് ഭരണകൂടം നൽകിയ തീട്ടൂരം. ഹിന്ദു സമൂഹം വൈവിധ്യത്തെ ഉൾക്കൊള്ളുന്നതാണെങ്കിലും മാധ്യമങ്ങൾ ഹിന്ദുവിനെ ആർ എസ് എസ് ആഖ്യാനത്തിലാണ് ഉൾക്കൊള്ളിച്ചിരിക്കുന്നത് എന്നത് അവരുടെ പാണ്ഡിത്യക്കുറവായി കാണേണ്ടതില്ല. ഒരു തീവ്രവാദ സംഘടനയുടെ ആഖ്യാനത്തിലല്ല ആ മതത്തിന്റെ കാര്യം പറയേണ്ടത് എന്ന ബോധ്യമൊക്കെ നമ്മുടെ മാധ്യമങ്ങൾക്കുണ്ട് . പക്ഷേ, അങ്ങനെ പറയാൻ അവർ നിർബന്ധിക്കപ്പെടുകയാണ് . സമ്മർദ്ദം ചില്ലറയല്ല . എങ്കിലും അതിനെ അതിജീവിക്കാനുള്ള നേരിയ ശ്രമം പോലും നടത്താതെ മാധ്യമങ്ങൾ കീഴടങ്ങുന്നത് രാജ്യത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ്.
കോൺഗ്രസ് സ്വയം കുഴിച്ച കുഴിയിൽ
ഇടതുപക്ഷത്തെ മുഖ്യധാരയിൽ നിന്ന് അകറ്റി നിർത്താനുള്ള ബോധപൂർവമായ ശ്രമം മുമ്പേമുതൽക്കുണ്ട് . ആണവ കരാറിനെ എതിർത്തപ്പോൾ അത് ശക്തമായി. 2006 ന് ശേഷം ടെലിവിഷൻ ചാനലുകൾ ഇടതുപക്ഷം എന്ന വാക്കേ മിണ്ടാതായി. കോൺഗ്രസുകാരാണ് എല്ലാത്തിനും ചൂട്ടുപിടിച്ചത്. ബിജെപി-/ കോൺഗ്രസ് എന്ന ദ്വന്ദ്വത്തിൽ അവർ അഭിമാനം കൊണ്ടു. ഇന്ത്യ ഒരു ബഹുപാർട്ടി ജനാധിപത്യമാണെങ്കിലും കോൺഗ്രസ്/ബിജെപി എന്ന നിലയിലത് ചുരുങ്ങുകയാണെന്ന് എൽ കെ അദ്വാനി പറഞ്ഞത് കോൺഗ്രസിന്റെ അന്നത്തെ നേതൃത്വത്തെ ഹർഷപുളകിതരാക്കി.
2009-–2014 ഭരണകാലം ഓർമയില്ലേ? സോണിയ ഗാന്ധി നിയന്ത്രിച്ചിരുന്ന ഭരണത്തിനെതിരെ ആർ എസ് എസിന്റെ കുത്തിത്തിരിപ്പു പദ്ധതികൾ എല്ലാം വിജയിച്ചു . എങ്ങും അഴിമതി, അധികാരത്തിന്റെ ഹുങ്കും അഹങ്കാരവും, രാജ്യത്തെ പിടിച്ചു കുലുക്കിയ സ്ഫോടനങ്ങൾ. അഴിമതിക്കഥകൾ ജനങ്ങളെ മൻമോഹൻ സിങ് സർക്കാരിനെതിരാക്കി. ‘ഇന്ത്യ അഴിമതിക്കെതിരെ’ എന്ന വിഷയമുയർത്തി അണ്ണാ ഹസാരെ നിരാഹാര സമരം തുടങ്ങി. ‘ദി നേഷൻ വാണ്ട്‌സ് ടു നോ’ എന്ന മുദ്രാവാക്യം അർണബ് ഗോസ്വാമി ടൈംസ് നൗ ചാനലിൽ മുഴക്കി. എല്ലാത്തിനും പിന്നിൽ ചരടുവലിയുമായി ആർ എസ് എസ് ഉണ്ടായിരുന്നു. 2014ൽ ബിജെപി കേവല ഭൂരിപക്ഷം നേടി.
മോദിയുടെ കോർപ്പറേറ്റ് ചങ്ങാതിമാർ അവസരം കാത്തിരിക്കുകയായിരുന്നു . കുത്തകകളെ സംബന്ധിച്ചിടത്തോളം ജനാധിപത്യം അവർക്ക് അലർജിയുള്ള വാക്കാണ്. ജനാധിപത്യ സംവാദങ്ങളെ നിയന്ത്രിച്ച് കോർപ്പറേറ്റ് അനുകൂല തീരുമാനങ്ങളിൽ രാജ്യത്തെ എത്തിക്കാൻ കഴിയുന്നത് വർഗീയ രാഷ്ട്രീയത്തിനു മാത്രമാണ്. വർഗീയത കോർപ്പറേറ്റുകൾക്ക് തടിച്ചുകൊഴുക്കാനുള്ള വളമാണ്. അംബാനിയും അദാനിയും ബിജെപിയുടെ രാഷ്ട്രീയാവശ്യങ്ങൾക്ക് വേണ്ടി നിലകൊണ്ടു. മോദി പറയുന്ന മാധ്യമങ്ങളെ ഈ മുതലാളിമാർ വിലയ്-ക്കു വാങ്ങി. എൻ ഡി ടി വിയുടെയും ദി ക്വിന്റിന്റെയും പിടിച്ചെടുക്കൽ കണ്ണിനു മുൻപിൽ കണ്ട കഥകളാണെങ്കിൽ ഭീഷണിയും വരുതിക്ക് നിർത്തലും രഹസ്യമായി വേറെ എവിടെയൊക്കെ നടന്നിരിക്കുന്നു! അദാനി തുറമുഖങ്ങളും വിമാനത്താവളങ്ങളും സ്‌പെക്ട്രവും വാങ്ങിക്കൂട്ടുന്നതിനിടയിൽ മാധ്യമങ്ങളെയും ഏറ്റെടുത്തു. എസ്ബിഐ അടക്കമുള്ള ബാങ്കുകളിൽ രാജ്യത്തിന്റെ സമ്പത്ത് കുന്നുകൂടി കിടക്കുന്നുണ്ടായിരുന്നു. ഒന്നിനും ഒരു കുറവും വരുത്തിയില്ല. അംബാനിയാകട്ടെ അഞ്ചുവർഷം കൊണ്ട് സ്വന്തം വരുതിയിലെത്തിച്ചത് 72 ചാനലുകൾ. ഇന്നിപ്പോൾ അറുപത് ശതമാനത്തിലേറെ സ്ട്രീമിങ്ങും അംബാനിയുടേതാണ്. 2.32 ലക്ഷം കോടി മാധ്യമ വരുമാനത്തിൽ മുഖ്യ പങ്കും ഈ രണ്ടു മുതലാളിമാർക്കായിരിക്കുന്നു.
ഒറ്റക്കാര്യമേ സർക്കാരിൽ നിന്ന് ആവശ്യപ്പെടാൻ ഈ ചങ്ങാത്ത മുതലാളിമാർക്ക് ഉണ്ടായിരുന്നുള്ളൂ. സ്വതന്ത്ര മാധ്യമങ്ങളെ നിലനിൽക്കാൻ അനുവദിക്കരുത്. അക്കാര്യത്തിൽ മോദി-–ഷാ ഭരണകൂടത്തിന് വ്യത്യസ്താഭിപ്രായം ഉണ്ടായിരുന്നില്ല. സ്വതന്ത്ര മാധ്യമങ്ങൾക്ക് നിലനിൽക്കാൻ കഴിയാത്ത സാഹചര്യം സൃഷ്ടിച്ച് അവയെശ്വാസം മുട്ടിച്ചു . അതിന് നയപരവും പ്രയോഗതലത്തിലുമുള്ള തീരുമാനങ്ങൾ എടുത്തു. അറിഞ്ഞും അറിയാതെയും പലരും , പല സംഘടനകൾ പോലും അതിന് കൂട്ടുനിന്നു . പതുക്കെപ്പതുക്കെ ഊർധ്വശ്വാസം വലിച്ച് സ്വതന്ത്ര മാധ്യമ പ്രവർത്തനം അവസാനിച്ചു. പത്തു വർഷം തികയ്ക്കുമ്പോഴേക്കും മാധ്യമങ്ങളുടെ പൂർണമായ ആധിപത്യം മോദിയുടെ കയ്യിലായി. ഇന്ന് മാധ്യമങ്ങൾ തീവ്ര ഹിന്ദുത്വ ഭാഷയിൽ സംസാരിക്കുന്നു. തിരഞ്ഞെടുപ്പ് വരുമ്പോൾ രാജ്യത്ത് അസ്വസ്ഥത ഉണ്ടാക്കാൻ സഹായിക്കും വിധം വെറുപ്പ് പടർത്തുന്ന പ്രചാരണങ്ങൾക്ക് ഒപ്പംകൂടുന്നു . അവാസ്തവവും ജനങ്ങളെ ഭിന്നിപ്പിക്കുന്നതുമായ വാർത്തകൾ പ്രസിദ്ധീകരിക്കുന്നു. ചർച്ചകളിൽ രാജാവിനെക്കാൾ വലിയ രാജഭക്തി കാട്ടുന്നു . കുനിയാൻ പറഞ്ഞപ്പോൾ ഇഴയുകയാണ്. അതാണ് നില.
ന്യൂസ് റൂമുകൾ മരിച്ചു
സ്വതന്ത്ര മാധ്യമങ്ങൾ വിഭവങ്ങൾ കണ്ടെത്താനാവാതെ അപ്രത്യക്ഷമായപ്പോൾ സമൂഹ മാധ്യമങ്ങളിൽ സത്യത്തിന്റെ പ്രകാശം വീശിത്തുടങ്ങിയിട്ടുണ്ട്. കോർപ്പറേറ്റ് ഭീമന്മാർ നിശ്ചയിക്കുന്ന അൽഗുരിതം മറികടന്ന് മികച്ച ഉള്ളടക്കങ്ങൾ ജനങ്ങളിലെത്തി. മുഖ്യധാരാ മാധ്യമങ്ങളിലെ എഡിറ്റർമാർ പ്രധാനമന്ത്രിയുടെ ഓഫീസിലെ തീട്ടൂരം കേട്ട് വാർത്ത എഴുതുമ്പോൾ ധ്രുവ് റാത്തിയെപ്പോലുള്ള ചെറുപ്പക്കാർ നെഞ്ചു വിരിച്ചു നിന്നു.
വർഗീയതയുടെ നിഴലിൽ വളരുന്ന മുഖ്യധാരാ മാധ്യമങ്ങളിലെ കീഴടങ്ങലിനു പിന്നിൽ നിരവധി കാരണങ്ങളുണ്ട്. കോർപ്പറേറ്റുകൾ ഏറ്റെടുത്ത് മോദിക്ക് അപദാനം പാടാൻ ആവശ്യപ്പെടുമ്പോൾ അതിനെ സാധാരണഗതിയിൽ പഠിപ്പും ലോകവിവരവുമുള്ള ചെറുപ്പക്കാർ പ്രതിരോധിക്കാൻ ശ്രമിക്കേണ്ടതല്ലേ?
മാധ്യമങ്ങളിലെ പേരുകൾ പരിശോധിച്ച് നോക്കൂ. സവർണ വിഭാഗത്തിൽപെടാത്ത എത്ര പേരെ ന്യൂസ് റൂമുകളിൽ കാണാനാകും? ഏത് തരം രാഷ്ട്രീയം ഉള്ളവരെയാണ് മാധ്യമങ്ങളിൽ സ്ഥിരമായി പ്രതിഷ്ഠിച്ചുവരുന്നത്? ഇടതുപക്ഷത്തെപ്പറ്റി മിണ്ടാൻ മടിക്കുന്നവർ എന്ത് വർഗ താല്പര്യം സംരക്ഷിക്കുന്നവരാകും ? ഇത്തരം ചർച്ചകൾ ഉയർന്നു വരാൻ മാധ്യമങ്ങൾ അനുവദിച്ചിട്ടുണ്ടോ? എല്ലാത്തിന്റെയും പരിണിതഫലമല്ലേ ഇപ്പോൾ അനുഭവിക്കുന്നത്?
അർണബുമാർ ഉണ്ടാകുന്നത്
നരേന്ദ്രമോദിയെ സംബന്ധിച്ചിടത്തോളം മാധ്യമങ്ങളെ തളച്ചിടുക എന്നത് അദ്ദേഹത്തിന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട അജൻഡയായിരുന്നു. 2002ലെ ഗുജറാത്ത് കലാപത്തിൽ മോദി വെറുക്കപ്പെട്ടവനായി. പാശ്ചാത്യ രാജ്യങ്ങൾ മോദിക്ക് വിസ നിഷേധിച്ചു. ഗുജറാത്ത് മുഖ്യമന്ത്രി സ്ഥാനം മോദി രാജിവെക്കണം എന്ന ആവശ്യം വാജ്പേയി ഉന്നയിച്ചു. എൽ കെ അദ്വാനിയുടെ കടുംപിടുത്തം കാരണമാണത് നടക്കാതെ പോയത്. രാജധർമം പാലിക്കണമെന്ന് ഒപ്പമിരുത്തി വാജ്പേയി, നരേന്ദ്രമോദിയെ ഉപദേശിക്കുന്നത് ഇന്നും യൂട്യൂബിൽ കാണാം. മുഖ്യമന്ത്രിമാരുടെ സമ്മേളനങ്ങളിൽ പോലും ആരും മോദിക്ക് ഹസ്തദാനം നൽകാൻ തയ്യാറായില്ല. അവഹേളിതനായിക്കൊണ്ടിരുന്ന നരേന്ദ്ര മോദി താൻ ഒറ്റപ്പെടുന്നത് അറിഞ്ഞു.
മാധ്യമ അഭിമുഖങ്ങളെ കൈകാര്യം ചെയ്യാൻ നരേന്ദ്ര മോദി തീർത്തും വിഷമിച്ചു . വിയർത്ത് പരിഭ്രമിച്ചു നിന്ന മോദി ‘തനിക്ക് മാധ്യമങ്ങളെ കൈകാര്യം ചെയ്യാനാണ് ഇനി പഠിക്കാനുള്ളത് ’എന്ന് ബിബിസിയോട് പറയുന്നുണ്ട്. പല അഭിമുഖങ്ങളിൽ നിന്നും അദ്ദേഹം ഇറങ്ങിപ്പോയി . ചിലതിൽ തന്ത്രപരമായി വെള്ളം ചോദിച്ച് അഭിമുഖം അവസാനിപ്പിച്ചു. മാധ്യമങ്ങളെ വരുതിയിൽ നിർത്താതെ തനിക്ക് രാഷ്ട്രീയത്തിൽ മുന്നോട്ട് പോകാനാകില്ല എന്ന് മോദി ഉറപ്പിച്ചു. അങ്ങനെയാണ് അർണബ് ഗോസ്വാമിമാർ ഉണ്ടാകുന്നത്. അത്തരം വാങ്ങാൻ കിട്ടുന്ന മാധ്യമപ്രവർത്തകരെ മോദി നോട്ടമിട്ടു, അവരെ വിലകൊടുത്തു വാങ്ങി. പ്രതീക്ഷിച്ചതിലും വിലക്കുറവിൽ തന്നെ കച്ചവടം നടന്നു എന്ന് എതിർഭാഗത്തെ എണ്ണക്കുറവ് കാണുമ്പോൾ ഉറപ്പിക്കാം. കൂടുതൽ രാഷ്ട്രീയാധികാരം കയ്യിൽ വന്നതോടെ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ പ്രചാരകരായിക്കൂടി മോദി മാധ്യമങ്ങളെ മാറ്റി.
മാധ്യമങ്ങൾ ഭയപ്പെട്ടവർ
ഇന്നിപ്പോൾ മാധ്യമ ലോകത്ത് മോദിക്ക് എതിർവാക്കില്ല. ഭയം എന്ന വാക്കിന് രണ്ടക്ഷരമേയുള്ളൂ. പക്ഷേ ഒരു രാജ്യത്തെ മുഴുവൻ മാധ്യമങ്ങളെയും വിറപ്പിച്ചു നിർത്താൻ ഈ വാക്കിലെ പ്രയോഗത്തിനു കഴിയുന്നു . ചുറ്റും നോക്കൂ . എന്തൊക്കെ സുപ്രധാന വിഷയങ്ങളാണ് മാധ്യമങ്ങൾ വിട്ടുകളയുന്നത് . പാകിസ്താനുമായുള്ള സംഘർഷത്തിൽ റഫാൽ യുദ്ധവിമാനം തകർന്നു എന്ന് മലയാള പത്രമായ മനോരമ വരെ റിപ്പോർട്ട് ചെയ്തുകഴിഞ്ഞു. പാകിസ്താനെയും ചൈനയേയും നേരിടാൻ റഫാൽ ഉപകരിക്കുന്നില്ലെങ്കിൽ എന്തിനാണ് ലക്ഷക്കണക്കിന് കോടി രൂപ ഉപയോഗിച്ച് തുടർന്നും ഇത് വാങ്ങിക്കൂട്ടുന്നത് ? എന്ത് കൊണ്ടാണ് പഹൽഗാമിൽ ഇന്റലിജൻസ് വീഴ്ചയുണ്ടായത്? എങ്ങനെയാണ് 26 പേരെ വെടിവെച്ചു കൊന്നതിനു ശേഷം തീവ്രവാദികൾ രക്ഷപ്പെട്ടത് ? പഹൽഗാമിനു ശേഷമുള്ള നയതന്ത്ര വീഴ്ച, അയൽരാജ്യങ്ങൾ ആരും നമ്മെ പിന്തുണയ്ക്കാൻ കൂട്ടാക്കാത്തത്, അങ്ങനെ ചോദ്യങ്ങൾ ഏറെയാണ്.
നമ്മൾ ശീലിച്ച ന്യൂസ് റൂം മരിച്ചു. ഏകാധിപതികൾക്ക് ഇത്ര വേഗം കീഴടങ്ങിയ മറ്റൊരു വിഭാഗം വേറെയില്ല. മാധ്യമ ലോകത്ത് വലിയ ശമ്പളവും ആനുകൂല്യങ്ങളും ആണ്. അതൊക്കെ ഒറ്റയടിക്ക് നിന്നു പോയാൽ ഉണ്ടാകാൻ സാധ്യതയുള്ള നഷ്ടങ്ങളാണോ ചരിത്രപരമായ ദൗത്യത്തിൽ നിന്ന് ഉശിരും ചുണയുമുണ്ടായിരുന്ന മാധ്യമ പ്രവർത്തകരെ പിന്തിരിപ്പിക്കുന്നത്?
2024 ലോക്-സഭാ തിരഞ്ഞെടുപ്പിൽ രാഷ്ട്രീയ പാർട്ടികളെയും നേതാക്കളെയും തെരഞ്ഞു പിടിച്ച് ജയിലിൽ ഇട്ടപ്പോൾ മാധ്യമങ്ങളും മാധ്യമ പ്രവർത്തകരും ഭയപ്പെട്ടു നിന്നു. പി എം ഒയിൽ നിന്ന് കിട്ടുന്ന ലിസ്റ്റ് വെച്ച് വാർത്ത കൈകാര്യം ചെയ്യേണ്ട ദയനീയാവസ്ഥയിലാണ് ദേശീയ മാധ്യമങ്ങളുടെ ദില്ലി ബ്യൂറോകൾ. ഒരു പതിറ്റാണ്ട് മുൻപ് വരെ റിപ്പോർട്ടർ, ബ്യൂറോ, ഇൻപുട് ഡെസ്ക്, എഡിറ്റർ എന്ന വ്യവസ്ഥാപിത സംവിധാനം ദില്ലിയിൽ നിലനിന്നിരുന്നു. ഇന്ന് പക്ഷേ, കേന്ദ്ര സർക്കാർ എന്താണോ ആഗ്രഹിക്കുന്നത് അതാണ് ലേഖകൻ റിപ്പോർട്ട് ചെയ്യേണ്ടത്. അന്വേഷണാത്മക റിപ്പോർട്ടിങ് അവസാനിച്ചിരിക്കുന്നു. വാർത്തയ്ക്ക് വിശാല മാനം നൽകി അവതരിപ്പിക്കാൻ എഡിറ്റർമാരും ഇല്ല. അങ്ങനെ എവിടെയെങ്കിലും സംഭവിച്ചാൽ പരഞ്ജോയ് ഗുഹ താക്കൂർത്തയുടെ അവസ്ഥ വരും, ഈ ഭീഷണി എപ്പോഴും ഓരോ മാധ്യമ പ്രവർത്തകന്റേയും തലയ്ക്കുമീതെ തൂങ്ങുന്നുണ്ട്.
ഭരണഘടനയുടെ ആമുഖത്തിലുള്ള മതനിരപേക്ഷത, സോഷ്യലിസം എന്നിവ എടുത്തു കളയണമെന്ന് സുബ്രഹ്മണ്യൻ സ്വാമി അടക്കമുള്ള ബിജെപി നേതാക്കൾ സുപ്രീം കോടതിയിൽ ഹർജി നൽകിയപ്പോൾ ഗൗരവതരമായ ചർച്ച നടത്താൻ മാധ്യമങ്ങൾ ഭയപ്പെട്ടു. സുപ്രീം കോടതി വിധി പുറപ്പെടുവിച്ചപ്പോഴാണ് അത് കോടതി വാർത്തയായി പ്രസിദ്ധീകരിച്ചത്. കോടതി മുഖാന്തിരം ലക്ഷ്യങ്ങൾ നടക്കാതെ വന്നപ്പോൾ ആർ എസ് എസിന്റെ ജനറൽ സെക്രട്ടറി ദത്താത്രേയ ഹോസ്ബോളെ ആക്കാര്യം പൊതുമണ്ഡലത്തിൽ ആവശ്യപ്പെട്ടിരിക്കുകയാണ് . ടൈംസ് ഓഫ് ഇന്ത്യ ഈ വിഷയത്തിൽ മുഖപ്രസംഗം എഴുതി. മതനിരപേക്ഷത വേണമെങ്കിൽ വെച്ചോ സോഷ്യലിസം എന്തായാലും വേണ്ട എന്നാണ് മുഖപ്രസംഗം . ആർ എസ് എസിനും ഇന്ത്യയിലെ കുത്തകപ്പത്രത്തിനും ഭരണഘടന മാറ്റി എഴുതണം എന്നു പറയാൻ കഴിയുന്നു, അതും സുപ്രീം കോടതി ആവർത്തിച്ച് തീർപ്പുകല്പിച്ചതിനു ശേഷവും.
ഹിന്ദുത്വ ആവശ്യങ്ങൾ ഉയർത്തുമ്പോൾ പത്രങ്ങൾക്ക് കോടതികളെ പേടിയില്ല . എന്നാൽ ഭരണകൂടത്തെ പേടിയുണ്ട് . ഭൂരിപക്ഷത്തിന്റെ ആഗ്രഹപ്രകാരമാണ് രാജ്യം മുന്നോട്ടുപോകേണ്ടത് എന്ന അലഹബാദ് ഹൈക്കോടതി ജഡ്ജി ശേഖർ കുമാർ യാദവിന്റെ പ്രസംഗം ആദ്യ ദിവസം മലയാള മാധ്യമങ്ങൾ ഒളിച്ചു വെച്ചു. അതിൽ സുപ്രീംകോടതി നടപടി വന്നപ്പോ വാർത്തയാക്കിയത്-. ഓക്സിജൻ ശ്വസിച്ച് പുറത്തേക്ക് വിടുന്ന ഏക ജീവിയാണ് പശു എന്ന് പറഞ്ഞയാളാണ് ഈ ജഡ്ജി. ഇത്തരം ആളുകളെയും, അവർ പരത്തുന്ന അന്ധവിശ്വാസങ്ങളെയും വർഗീയതയേയും എതിർക്കാൻ കഴിയുന്നില്ലെങ്കിൽ എന്തിനാണ് മാധ്യമങ്ങൾ ഈ പണി എടുക്കുന്നത്? മോദി താൻ ‘നോൺ ബയോളജിക്കൽ’ ആണെന്ന് അവകാശപ്പെട്ടപ്പോഴും ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അയോധ്യാ വിധി കിട്ടിയത് പ്രാർത്ഥിച്ചിട്ടാണ് എന്നു പറഞ്ഞപ്പോഴും സുരേഷ് ഗോപി ആംബുലൻസ് യാത്ര മായക്കാഴ്ചയാണ് എന്ന് കെ സുരേന്ദ്രനെ തിരുത്തിയപ്പോഴും അതിനെ വിമർശന വിധേയമാക്കിയില്ല. ഈ വിഷയങ്ങൾ ശാസ്ത്രീയമായി അപഗ്രഥിച്ച് വായനക്കാരിലും പ്രേക്ഷകരിലും എത്തിക്കാൻ മാധ്യമങ്ങൾക്ക് കഴിഞ്ഞില്ല. ഈ കാലഘട്ടത്തെ മുറിച്ചു കടക്കാൻ തലമുറയെ പ്രചോദിപ്പിക്കേണ്ടവരാണ് മാധ്യമങ്ങൾ. സത്യം വിളിച്ചു പറയാൻ മുഖ്യധാരാ മാധ്യമങ്ങൾ മടിക്കുമ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ നാമോരോരുത്തരും മാധ്യമ പ്രവർത്തകരും ബ്രോഡ്കാസ്റ്ററുമാരുമാകണം. കാലം അതാവശ്യപ്പെടുന്നുണ്ട്. ന്യൂയോർക്ക് മേയർ സ്ഥാനാർഥി സോഹ്റാൻ മംദാനിക്ക് പ്രൈമറിയിൽ ജയിക്കാനായത് താൻ ഉയർത്തുന്ന ജനക്ഷേമ പരിപാടികൾ വ്യക്തതയോടെ അവതരിപ്പിക്കാൻ കഴിഞ്ഞതു കൊണ്ടാണ്; സോഷ്യലിസം സ്വീകാര്യമായത്- , ന്യൂയോർക്കിൽ പോലും.l



