നമ്മുടെ വർത്തമാനകാല ജീവിത പരിസരങ്ങളിൽ പലവിധത്തിലുള്ള മനുഷ്യ -വന്യജീവി സംഘർഷങ്ങൾക്ക് നാം ദിനംപ്രതി സാക്ഷിയായിക്കൊണ്ടിരിക്കുകയാണ്.
ഇത്തരം സംഘർഷങ്ങൾ ചരിത്രാതീതകാലംമുതലേ ഉള്ളതാണെന്ന് നമുക്കറിയാമെങ്കിലും, നാൾക്കുനാൾ സംഘർഷം കൂടിക്കൊണ്ടിരിക്കുമ്പോൾ ആകുലതകൾ നമ്മെ വിട്ടൊഴിയുന്നില്ല.
കൃഷിഭൂമി വനഭൂമിയേക്കാൾ കുറവായിരുന്ന ഒരു കാലത്ത് ഇത്തരം സംഘർഷം ഇല്ലായിരുന്നുവെന്ന് നമുക്ക് അനുമാനിക്കാം. പിന്നീട് എപ്പോഴോ കൃഷിഭൂമി വനഭൂമിയെക്കാൾ കൂടിയപ്പോൾ അവിടെ മനുഷ്യ– വന്യജീവി സംഘർഷം ആരംഭിച്ചു.
ഇന്ന്,ഇത്തരം മനുഷ്യ-–വന്യജീവി സംഘർഷങ്ങൾക്ക് സാമൂഹിക പാരിസ്ഥിതിക സാമ്പത്തിക തലങ്ങൾ കാണുന്നുണ്ട്. മാത്രമല്ല, ഇന്ന് ലോകത്തെവിടെയും കാണുന്ന ഇത്തരം മനുഷ്യ – വന്യജീവി സംഘർഷത്തിന് ശാശ്വത പരിഹാരം ഇതുവരെ കണ്ടെത്തിയിട്ടുമില്ല.
യഥാർത്ഥത്തിൽ എന്താണ് മനുഷ്യ – വന്യജീവി സംഘർഷം എന്നതുകൊണ്ട് വിവക്ഷിക്കുന്നത് ? മനുഷ്യനും വന്യജീവികളും തമ്മിലുള്ള വ്യവഹാരം നെഗറ്റീവ് ആകുമ്പോഴാണ് സംഘർഷം ഉടലെടുക്കുന്നത്. അത്, മനുഷ്യനും വന്യജീവികൾക്കും ഒരുപോലെ ജീവനും, സ്വത്തിനും സ്വാഭാവിക ആവാസവ്യവസ്ഥയ്ക്കും ഉണ്ടാകുന്ന നഷ്ടമാണ്. എന്നാൽ ബഹുഭൂരിപക്ഷം പേരും ഇതിനെ വിശകലനം ചെയ്യുന്നത് മനുഷ്യന്റെ നഷ്ടം മാത്രമായിട്ടാണ്. ഇത്തരം സംഘർഷങ്ങൾക്ക് ശാശ്വത പരിഹാരം ഇല്ലെങ്കിൽപോലും സംഘർഷ ലഘൂകരണ ഉപാധികൾ ഉരുത്തിരിഞ്ഞുവരുന്നുണ്ട്. ഇത് വന്യജീവികളുടെ ഭാഗത്തുനിന്ന് ചിന്തിച്ചാൽ മാത്രമേ ശാശ്വത പരിഹാരങ്ങൾ അല്ലെങ്കിൽ പോലും സംഘർഷ ലഘൂകരണ ഉപാധികൾ ഉരുത്തിരിഞ്ഞ് വരികയുള്ളൂ. ഓരോ സംഘർഷങ്ങളിലും മനുഷ്യനിലും വന്യജീവികളിലും ഉണ്ടാകുന്ന മാനസിക വിഭ്രാന്തികൾക്ക് നാം ഊന്നൽ കൊടുക്കുന്നില്ല എന്നത് സത്യം. അത്തരം മാനസിക സംഘർഷങ്ങൾ പരിഹരിച്ചേ പറ്റൂ. പലപ്പോഴും ഈ ഘടകത്തെക്കുറിച്ച് മറന്നുപോവുകയോ മനപ്പൂർവ്വം മറക്കുകയോ ചെയ്യുമ്പോൾ, പൊതുസമൂഹത്തിൽ ഭീതി വരുത്തുന്ന രീതിയിൽ സംഘർഷം മാറുന്നതാണ് നാം കാണുന്നത് . അതിന് എരികേറ്റാൻ പത്ര- – ദൃശ്യ മാധ്യമങ്ങളും, സാമൂഹ്യ മാധ്യമങ്ങളും അവരെക്കൊണ്ട് കഴിയുന്ന വിധത്തിൽ എണ്ണ ഒഴിക്കുന്നുമുണ്ട്. അതിസങ്കീർണമായ ഈ വിഷയത്തിന്റെ മൂലകാരണങ്ങൾ മനസ്സിലാക്കിയാൽ മാത്രമേ ലഘൂകരണ ഉപാധികൾ ഉണ്ടാക്കാൻ കഴിയുകയുള്ളൂ.കേരള വനംവകുപ്പിന്റെ കണക്കുപ്രകാരം മുൻകാലങ്ങളെ അപേക്ഷിച്ച് കേരളത്തിൽ മനുഷ്യ – വന്യജീവി സംഘർഷം കുറഞ്ഞിട്ടുണ്ടെന്നാണ് കാണുന്നത്. അതുമാത്രമല്ല, ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിലാണ് സംഘർഷം താരതമ്യേന കുറവാണെന്ന് കാണുന്നത്-. ഇത്തരം കണക്കുകൾ ഉദ്ധരിച്ചതുകൊണ്ട് സംഘർഷത്തെ കുറച്ചുകാണുകയാണെന്ന് കരുതരുത്.
ഇത്തരം മനുഷ്യ – വന്യജീവി സംഘർഷത്തെ അപഗ്രഥിക്കുമ്പോൾ മനുഷ്യനും പരിസ്ഥിതിയും തമ്മിലുള്ള ഇടപെടലുകൾ, അവയുടെ പശ്ചാത്തലങ്ങൾ എന്നിവ പരിശോധനയ്ക്ക് വിധേയമാക്കേണ്ടതാണ്. അതിൽ ഏറ്റവും പ്രാധാന്യമർഹിക്കുന്നതും ബഹുഭൂരിപക്ഷം പേരും തിരിച്ചറിയേണ്ടതുമായ കാര്യം, മനുഷ്യൻ ഈ പ്രകൃതിയിൽ വേറിട്ടു നിൽക്കുന്ന ഒരു ജീവിയല്ല, മറിച്ച് പ്രകൃതിയിലെ മറ്റെല്ലാ ജീവികളെയും പോലെ പരസ്പരം ബന്ധപ്പെട്ട് സഹവർത്തിത്വം പുലർത്തേണ്ട ജീവിയാണ് എന്നതാണ് അല്ലാതെ മറ്റെല്ലാ ജീവികളെക്കാളും മുകളിൽ, അവയെയെല്ലാം അടിച്ചമർത്തി ജീവിക്കേണ്ട ജീവിയാണെന്ന് കരുതരുത്.
മനുഷ്യ -–വന്യജീവി സംഘർഷം ഇല്ലാതാക്കാനായി ഇത്തരം വന്യമൃഗങ്ങളെയൊന്നാകെ കൊന്നൊടുക്കിയാൽ മതയെന്നാണെങ്കിൽ നാം തിരിച്ചറിയുക, നമുക്ക് സ്വന്തമായി നിലനിൽപ്പില്ല എന്നാണ്. പ്രകൃതിയുടെ സന്തുലനാവസ്ഥയെ തകിടംമറിച്ചുകൊണ്ട് പ്രകൃതിയിലെ ഒരു ജീവിക്കും നിലനിൽപ്പില്ല എന്ന കാര്യം നാം ഇനിയെങ്കിലും തിരിച്ചറിയേണ്ടതാണ്.
കാരണങ്ങൾ
മനുഷ്യ– വന്യജീവി സംഘർഷം ഉണ്ടാകുന്നതിന് നിരവധി കാര്യകാരണങ്ങൾ നമുക്ക് കണ്ടെത്താൻ കഴിയും . അവയിൽ പ്രധാനം ആവാസ വ്യവസ്ഥയുടെ ശോഷണം, അശാസ്ത്രീയമായ രീതിയിലുള്ള വികസന പ്രവർത്തനങ്ങൾ, വന്യജീവികളുടെ സ്വതന്ത്രസഞ്ചാരത്തിന് വിഘാതം സൃഷ്ടിക്കുന്ന പ്രവർത്തനങ്ങൾ, അശാസ്ത്രീയമായ എക്കോ ടൂറിസവും അതിന്റെ ഭാഗമായി ഉരുത്തിരിഞ്ഞിരിക്കുന്ന റിസോർട്ട് സംസ്കാരവും, വനമേഖലകൾക്കടുത്തുള്ള ജനസാന്ദ്രത, തെറ്റായ ഭൂവിനിയോഗം, അധിനിവേശ സസ്യങ്ങളുടെ കടന്നുകയറ്റം തുടങ്ങിയവയാണ്. ഇതിൽ വനത്തിനുള്ളിൽ നടത്തുന്ന പ്രവർത്തനങ്ങളാണ് മനുഷ്യ –വന്യജീവി സംഘർഷങ്ങൾക്ക് കാഠിന്യംകൂട്ടുന്നത്. അതിൽ ഏറ്റവും പ്രധാനം കാട്ടുതീയാണ്. ഇന്ന് കാട്ടുതീയെ നമ്മുടെ ശത്രുപക്ഷത്ത് നിർത്തുകയും കാടുകത്താതിരിക്കാൻ അഹോരാത്രം പ്രവർത്തിക്കുകയുമാണ് ചെയ്യുന്നത്. കാട്ടുതീയെ ഒരു മാനേജ്മെന്റ് ടൂളായി നാം സ്വീകരിക്കേണ്ടതാണ്. അല്ലാത്തപക്ഷം നമ്മുടെ കാടുകളിൽ സസ്യഭുക്കുകൾക്ക് ആവശ്യമായ ഭക്ഷ്യയോഗ്യമായ സസ്യങ്ങൾ കിട്ടാതെ വരികയും അവ കാട്ടിൽ നിന്ന് വെളിയിൽ വന്ന് പുതിയ മേച്ചിൽ പുറങ്ങൾ തേടുകയും ചെയ്യുന്നു.
അതുപോലെയാണ് കാട്ടിൽ വെള്ളം കിട്ടാനില്ല എന്ന മുറവിളി. കാട്ടിൽ കൊടിയ വേനൽ കാലത്ത് ലഭ്യമായ വെള്ളം തേടി ജന്തുജാലങ്ങൾ ഉൾക്കാട്ടിലേക്ക് വലിയുകയാണ് ചെയ്യുന്നത്. എന്നാൽ, അശാസ്ത്രീയമായി കാടുകളിൽ ജലസ്രോതസ്സുകൾ ഉണ്ടാക്കുന്നതുകൊണ്ട് മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്യമൃഗങ്ങളെ നാം ഇവിടേക്ക് പലപ്പോഴും മാടിവിളിക്കുകയാണ് ചെയ്യുന്നത്. എന്നാൽ ജലദൗർലഭ്യമുള്ള കിഴക്കനട്ടപ്പാടി പോലെയുള്ള പ്രദേശങ്ങളിൽ ജലസ്രോതസ്സുകളുടെ എണ്ണം കുറവാണ്.
ഒരുകാലത്ത് അധിനിവേശ സസ്യങ്ങളുടെ ദോഷവശങ്ങൾ അറിയാതെ നാം പാതയോരങ്ങളിലും കാടുകളിലും ഇവ നട്ടുവളർത്തി. ഇന്നവ നമ്മുടെ ആവാസ വ്യവസ്ഥയെ മുച്ചൂടും തകിടംമറിച്ചുകൊണ്ട് വളർന്നുവരികയാണ്. ഇത്തരം സസ്യങ്ങളെ തുടച്ചു മാറ്റിയേ പറ്റൂ . അതുപോലെതന്നെ ഓരോ എക്കോ ടൂറിസം സെന്ററുകളും നാം കെട്ടിപ്പടുക്കുമ്പോൾ നാം തിരിച്ചറിയണം, നിരവധി വന്യമൃഗങ്ങളുടെ ആവാസവ്യവസ്ഥയിലേക്കാണ്- നാം കൈകടത്തുന്നതെന്ന്. ഒരുകാലത്ത് വനം വകുപ്പ് കേരളത്തിലെ വനങ്ങളിൽ വയൽ മാനേജ്മെന്റ് നല്ല രീതിയിൽ ചെയ്തുവന്നിരുന്നു . എന്നാൽ ഇടയ്ക്കെപ്പോഴോ ഇവ നിർത്തലാക്കുകയും തുടർന്ന് വയലുകളിൽ സസ്യഭുക്കുകളുടെ ഭക്ഷ്യലഭ്യത കുറയുകയും ചെയ്തു.എന്നാൽ ഇന്ന് ഈ കാര്യം തിരിച്ചറിഞ്ഞുകൊണ്ട് വീണ്ടും വയൽ മാനേജ്മെന്റ് സിസ്റ്റം വനം വകുപ്പിൽ നടപ്പിലാക്കുന്നത് ശുഭോദർക്കമാണ്. മനുഷ്യ–വന്യജീവി സംഘർഷത്തെ നമുക്ക് രണ്ടായി തരംതിരിക്കാം : ഒന്ന്, കാടുകളിൽ നിന്ന് ഇടയ്ക്കിടയ്ക്ക് നാട്ടിലേക്ക് ഇറങ്ങിവന്ന്, നാട്ടിൽ സംഘർഷം സൃഷ്ടിക്കുന്ന വന്യമൃഗങ്ങൾ. രണ്ട്, നാട്ടിൽ ജീവിക്കുന്ന വന്യമൃഗങ്ങൾ ഉണ്ടാക്കുന്ന സംഘർഷങ്ങൾ. ആന, കടുവ, പുലി, കാട്ടുപോത്ത് തുടങ്ങിയവ ആദ്യത്തേതിന് ഉദാഹരണങ്ങളാണ്. പാമ്പ്,കുരങ്ങ്, മയിൽ, തുടങ്ങിയവ രണ്ടാമത്തേതിന് ഉദാഹരണങ്ങളാണ്.
ഇന്ന് കേരളത്തിലുണ്ടാകുന്ന സംഘർഷം ആദ്യത്തെ തരത്തിൽ വരുന്ന മൃഗങ്ങൾ ഉണ്ടാക്കുന്നതാണ്. രണ്ടാമത്തെ തരത്തിൽപ്പെട്ട മൃഗങ്ങൾ ഉണ്ടാക്കുന്ന പ്രശ്നങ്ങൾ താരതമ്യേന സംഘർഷഭരിതമല്ല എന്ന് കാണാം.
ഇത്തരം സംഘർഷങ്ങളെ ലഘൂകരിക്കാൻ മാത്രമേ നമുക്ക് ഇന്ന് കഴിയുകയുള്ളൂ, അല്ലാതെ ശാശ്വതമായ പരിഹാരം ഇന്നുവരെ നമ്മുടെ മുന്നിൽ തെളിഞ്ഞിട്ടില്ല. ഈ കാര്യം നാഷണൽ വൈൽഡ് ലൈഫ് ആക്ഷൻ പ്ലാനിൽ (2017- –2035) ഊന്നിപറയുന്നുണ്ട്.
മനുഷ്യ – -വന്യജീവി സംഘർഷത്തിന്റെ ലഘൂകരണത്തിനായി ഉണ്ടാക്കുന്ന പദ്ധതികൾ മനുഷ്യന്റെ ക്ഷേമത്തിനുവേണ്ടി മാത്രമല്ല, അത് വന്യജീവിയുടെ ക്ഷേമത്തിനും ആവാസ വ്യവസ്ഥയുടെ പുനരുജ്ജീവനത്തിനുംകൂടി ഉതകുന്ന തരത്തിലായിരിക്കണം. ഇതിനായി ആദ്യമായി നമുക്ക് വേണ്ടത് ഒരു സമഗ്ര പദ്ധതിയാണ്. ആ സമഗ്ര പദ്ധതിയിൽ വിഭാവനം ചെയ്യുന്ന പ്രവർത്തനങ്ങൾ അതത് പ്രദേശത്തിന് അനുയോജ്യമായ രീതിയിൽ ആയിരിക്കണം. അതുപോലെ വന്യജീവികളുടെ സ്വതന്ത്ര സഞ്ചാരത്തിന് വിഘാതം സൃഷ്ടിക്കുന്ന തരത്തിലുള്ളത് ആവുകയുമരുത്.
മാത്രമല്ല, പദ്ധതി ആവിഷ്കരിക്കുമ്പോഴും നടപ്പിലാക്കുമ്പോഴും പ്രദേശവാസികളുടെ സഹായ-സഹകരണങ്ങൾ നിർബന്ധമായും ഉറപ്പാക്കേണ്ടതുമാണ്.
അതോടൊപ്പം മറ്റ് സർക്കാർ വകുപ്പുകളുടെയും ഏകീകരണവും സഹകരണവുംകൂടി ഉറപ്പുവരുത്തേണ്ടതാണ്. ഇതിനെല്ലാം നെടുനായകത്വം വഹിക്കേണ്ടത് വനം വകുപ്പാണ്, കാരണം വനമേഖല അവരുടെ ചുമതലയിലാണ്. മാത്രമല്ല, സമഗ്ര പദ്ധതി ആവിഷ്കരിക്കുമ്പോൾ ആ പ്രദേശത്തിലെ സംഘർഷത്തിന്റെ വ്യാപ്തി, കാഠിന്യം, ഗതി തുടങ്ങിയവ വ്യക്തമായി അറിഞ്ഞിരിക്കുകയും അവ ഒരു മാപ്പിൽ അടയാളപ്പെടുത്തുകയും വേണം. ഇങ്ങനെ തയ്യാറാക്കുന്ന സംഘർഷ മാപ്പിൽ പ്രദേശവാസികളുടെയും പ്രത്യേകിച്ച് ആദിവാസികളുടെയും അഭിപ്രായവും സഹായവും തേടേണ്ടതാണ്. സംഘർഷത്തിന്റെ കാഠിന്യം വ്യക്തമാക്കുന്ന ഹോട്ട്സ്പോട്ടുകൾ പ്രത്യേകം പ്രത്യേകം അടയാളപ്പെടുത്തണം.ഇതിൽ സംഘർഷത്തിൽ ഉണ്ടാകുന്ന നഷ്ടങ്ങൾ (മനുഷ്യജീവൻ, കൃഷിനാശം, വളർത്തു മൃഗങ്ങളുടെ നഷ്ടം) തുടങ്ങിയവ പ്രത്യേകം അടയാളപ്പെടുത്തിയിരിക്കണം. അതോടൊപ്പം ഈ പ്രദേശങ്ങളിൽ എന്തൊക്കെ ഹ്രസ്വകാല പ്രവർത്തനങ്ങൾ ഉടൻ നടപ്പിലാക്കണമെന്നും (ഉദാഹരണത്തിന് മതിൽ, കിടങ്ങ്, വേലി തുടങ്ങിയവ) എവിടെയെല്ലാമാണ് അത് വേണ്ടതെന്നും, എന്തെല്ലാമാണ് വേണ്ടെതെന്നും പ്രദേശവാസികളുടെ അഭിപ്രായം കണക്കിലെടുത്ത് ശാസ്ത്രീയമായി അപഗ്രഥിച്ചു വേണം ഉൾപ്പെടുത്താൻ.
മനുഷ്യ–വന്യജീവി സംഘർഷത്തെ അടിസ്ഥാനമാക്കി കേരളത്തിലെ മൊത്തം ഭൂപ്രദേശത്തെ 12 സംഘർഷ ഭൂപ്രദേശമായി (conflict landscape ) വനം വകുപ്പ് തരംതിരിച്ചിട്ടുണ്ട്. ആറളം, – കാസർകോട്, വയനാട്, നിലമ്പൂർ, പാലക്കാട് – മണ്ണാർക്കാട്, തൃശ്ശൂർ -കുതിരാൻ, ആതിരപ്പള്ളി – വാഴച്ചാൽ, മലയാറ്റൂർ, മാങ്കുളം -മൂന്നാർ, പെരിയാർ -റാന്നി, അച്ചൻകോവിൽ – തെന്മല, അഗസ്ത്യാർകൂടം തിരുവനന്തപുരം എന്നിവയാണവ. സംഘർഷം കൂടുതലുള്ള 273 പഞ്ചായത്തുകൾ സംഘർഷഭരിത മേഖലയായി കണ്ടെത്തിയിട്ടുണ്ട്. ഇതിൽ ഏറ്റവുമധികം സംഘർഷ മേഖലയുള്ള മുപ്പതോളം പഞ്ചായത്തുകളിൽ ഹോട്ട്സ്പോട്ടുകൾ കണ്ടെത്തി അവയുടെ പ്രത്യേകതകൾ മനസ്സിലാക്കിയാണ് ലഘൂകരണ പദ്ധതികൾ (ആദിവാസികൾ) ആവിഷ്കരിക്കുന്നത്. ഇങ്ങനെ ആവിഷ്കരിക്കുന്ന പദ്ധതികൾ തദ്ദേശവാസികളുടെ അറിവും സഹായസഹകരണവും ഉൾപ്പെടെയുള്ളവരുടെയും, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, മറ്റു സർക്കാർ വകുപ്പുകൾ എന്നിവയുടെ ഏകീകരണവുമടക്കം ഉറപ്പുവരുത്തേണ്ടതാണ്.
സൈറ്റ് സ്പെസിഫിക് പ്ലാനുകൾ
(site specific plan)
ഇങ്ങനെ തയ്യാറാക്കുന്ന പദ്ധതികൾ ഓരോ സംഘർഷ സാഹചര്യവും വ്യത്യസ്തമാണെന്നും, അതുകൊണ്ടുതന്നെ പരിഹാര ലഘൂകരണ പദ്ധതികളും വ്യത്യസ്തങ്ങളായിരിക്കുമെന്നതും കണക്കിലെടുക്കണം. അതായത്,മതിൽ, വേലി, കിടങ്ങ് തുടങ്ങിയവ എവിടെ, എങ്ങനെ പ്രാവർത്തികമാക്കണമെന്ന് അതാത് സാഹചര്യം നോക്കിയാണ് ആവിഷ്കരിക്കേണ്ടത് എന്നർത്ഥം. അതുപോലെ വനത്തോടടുത്തു കിടക്കുന്ന കൃഷിഭൂമിയിൽ എന്ത് കൃഷി ചെയ്യണമെന്ന് പ്രദേശവാസികളുടെ അഭിപ്രായംകൂടി കണക്കിലെടുത്താണ് പ്രാവർത്തികമാക്കേണ്ടത്. അതായത്, വന്യജീവികളെ പെട്ടെന്ന് ആകർഷിക്കുന്ന വിളകൾ തൽക്കാലത്തേയ്ക്കെങ്കിലും ഉപേക്ഷിക്കേണ്ടതാണ്.
നേരത്തെയുള്ള മുന്നറിയിപ്പ് സംവിധാന സിസ്റ്റം ഏതൊക്കെ വേണമെന്നും, എങ്ങനെ വേണമെന്നും തീരുമാനിക്കണം. ഇതിനായിട്ടുള്ള പരിശീലനം നാട്ടുകാർക്കും മറ്റുള്ളവർക്കും നൽകണം. ബോധവൽക്കരണമടക്കമുള്ള പ്രവർത്തനങ്ങൾ സ്ഥിരമായി നടത്താനുള്ള സംവിധാനമൊരുക്കണം. ഇതോടൊപ്പം സംഘർഷം മുൻകൂട്ടിക്കണ്ടുകൊണ്ടുള്ള വിവരം നൽകുന്നതിന് ഓട്ടോമാറ്റിക് മെസ്സേജ് സിസ്റ്റം നിർബന്ധമായും പ്രദേശവാസികൾക്കിടയിൽ നടപ്പിലാക്കണം.
നിയമങ്ങളിലെ മാറ്റം
ഇന്ന് കേരളത്തിൽ നിലനിൽക്കുന്നത് 1972 -ലെ ഇന്ത്യൻ വന്യജീവി സംരക്ഷണ നിയമമാണ്. അതിൽ മാറ്റങ്ങൾ വരുത്താൻ സംസ്ഥാന സർക്കാരിന് പരിമിതികൾ ഏറെയുണ്ട്. എന്നിരുന്നാലും, നിരന്തരം കേന്ദ്രത്തിൽ സമ്മർദ്ദം ചെലുത്തിയാൽ ഒരുപക്ഷേ ഇതിൽ പരിഹാരം കണ്ടെത്താൻ കഴിയും. കേരളത്തിൽ ഇന്ന് എല്ലാ ഭാഗത്തും, നഗരങ്ങളിൽ പോലും ശല്യമായി തീർന്നിരിക്കുന്ന കാട്ടുപന്നികളെ ഒരു വർഷത്തേക്കെങ്കിലും ക്ഷുദ്രജീവികളായി പ്രഖ്യാപിക്കാൻ വേണ്ടിയുള്ള ഉത്തരവ് കേന്ദ്രത്തിൽനിന്ന് ലഭിക്കണം. 2015 ഡിസംബർ 1 മുതൽ ഒരു വർഷക്കാലത്തേക്ക് കാട്ടുപന്നികളെയും നീലക്കാളകളെയും ക്ഷുദ്രജീവികളുടെ ഗണത്തിൽപ്പെടുത്തി കൊല്ലാനുള്ള ഉത്തരവ് കേന്ദ്രം ബീഹാറിന് നൽകിയിരുന്നു. അത്തരമൊരു ഉത്തരവ് കേന്ദ്രത്തിൽ നിന്ന് സമീപഭാവിയിൽ നമുക്ക് ലഭിക്കുമെന്ന് പ്രതീക്ഷിക്കാം.
മറ്റൊരു കാര്യം കേരളത്തിലുള്ള മനുഷ്യ –വന്യജീവി സംഘർഷത്തിൽ ഏറ്റവും കൂടുതൽ ജീവൻ പൊലിയുന്നത് പാമ്പുകടിയേറ്റാണ്. എന്നാൽ, ഇന്ന് അത്തരം മരണങ്ങൾ വളരെ കുറഞ്ഞിട്ടുണ്ട് എന്നത് സത്യമാണ്. വനം വകുപ്പ് പുറത്തുവിട്ട ‘സർപ്പ’ എന്ന ആപ്പിന്റെ സഹായത്തോടെയാണ് ത് സാധ്യമാക്കിയത്. എന്നാൽ പലപ്പോഴും പാമ്പുകടിയേറ്റയാളെ സമീപത്തെ സർക്കാർ ആശുപത്രിയിൽ എത്തിക്കുമ്പോൾ അവിടെ ആന്റിവെനം ഇല്ലാതെപോകുന്ന പ്രശ്നം ഇപ്പോഴുണ്ട്. സർക്കാർ അടിയന്തിരമായി ഇടപെട്ടുകൊണ്ട് കേരളത്തിലെ എല്ലാ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററുകളിലും നിർബന്ധമായും ആന്റിവെനം സൂക്ഷിക്കാനുള്ള സൗകര്യം ഒരുക്കേണ്ടതാണ്.
മാത്രമല്ല, കേരളത്തിലെ മനുഷ്യ–- വന്യജീവി സംഘർഷത്തെക്കുറിച്ച് സമഗ്ര വിവരങ്ങൾ ലഭിക്കാനായി ഒരു ഡാറ്റ പോർട്ടൽ ഉടനെ തുടങ്ങേണ്ടതാണ്. അത് യൂസർ ഫ്രണ്ട്ലി ആയിരിക്കണം. അതിൽ സംഘർഷം ലഘൂകരിക്കാനുള്ള പൊതു നിർദ്ദേശങ്ങൾ സ്വീകരിക്കാനുള്ള ശേഷിയും ഉണ്ടായിരിക്കണം. ( ഉദാഹരണത്തിന് സമീപഭാവിയിൽ നമ്മൾ അഭിമുഖീകരിക്കാൻ പോകുന്ന പ്രധാന സംഘർഷം മയിൽ ഉയർത്തുന്ന ഭീഷണി ആയിരിക്കും. അത്തരം കാര്യങ്ങൾ എങ്ങനെ ലഘൂകരിക്കാം എന്നതിനെക്കുറിച്ച് തദ്ദേശവാസികളുടെ അറിവ് നാം ഇത്തരം പോർട്ടലിൽ കൂടി ലഭിക്കുമെന്നു കരുതാം)
അവസാനമായി ഈ ഭൂമി, ഈ പ്രകൃതി, മനുഷ്യന് മാത്രമുള്ളതല്ലയെന്ന് നാം തിരിച്ചറിയണം. നമ്മളെപ്പോലെ തന്നെ മറ്റു ജീവികൾക്കും ഈ ഭൂമിയിൽ ജീവിക്കാനുള്ള അവകാശം ഉണ്ട്. സഹവർത്തിത്വത്തിലൂടെ നാം അതിജീവനത്തിലേക്ക് എത്തിച്ചേരണം. ആവാസ വ്യവസ്ഥ പങ്കിടണം. എന്നുവെച്ചാൽ ഒരു സൗഹാർദപരമായൊരു സഹവർത്തിത്വം (harmonious coexistence) കൈവരിക്കാൻ നമുക്ക് ഒന്നിച്ച് പ്രവർത്തിക്കാം. l



