Wednesday, March 4, 2026

ad

Homeവിശകലനംട്രംപിന്റെ യുദ്ധം 
വൈജ്ഞാനിക ലോകത്തും

ട്രംപിന്റെ യുദ്ധം 
വൈജ്ഞാനിക ലോകത്തും

വി കെ ഷറഫുദ്ദീന്‍

റിവ് ശക്തിയാണ്. അത് ആയുധമായി മാറുന്നതും ചരിത്രം. അറിവ് സംശയങ്ങളും ചോദ്യങ്ങളും സൃഷ്ടിക്കും. മറുപടികളും വിശദീകരണങ്ങളും തൃപ്തികരമല്ലെങ്കില്‍ അമര്‍ഷവും പ്രതിഷേധവുമുണ്ടാകും. അതുപിന്നെ കലാപവും വിപ്ലവം പോലുമായിത്തീരും. അതുകൊണ്ടുതന്നെ അധികാരം എന്നും ഭയപ്പെടുന്നത് അറിവിനെയും അതിന്റെ ഉത്പന്നങ്ങളെയുമാണ്.

അമേരിക്കയില്‍, സര്‍ഗാത്മകതയും സമരോത്സുകതയും തിരതല്ലിയിരുന്ന ക്യാമ്പസുകള്‍ നിശ്ശബ്ദമായിരിക്കുന്നു. മുതലാളിത്തത്തിനും സാമ്രാജ്യത്വത്തിനും ബദല്‍ ആഖ്യാനങ്ങള്‍ വിരചിച്ച 1960 കളിലെയും 70 കളിലെയും കലാലയ പരിസരങ്ങള്‍ 1990 കളില്‍ ആഗോളവത്കരണത്തിന്റെ ആഗമനത്തോടെതന്നെ സജീവതയും സക്രിയതയും കൈവിടാന്‍ തുടങ്ങിയിരുന്നു. വിയറ്റ്നാം യുദ്ധവേളയിലുയര്‍ന്ന വിദ്യാര്‍ത്ഥി കലാപം ലോകത്തൊട്ടാകെ സര്‍വകലാശാലകളെ പിടിച്ചുകുലുക്കിയതും തുടര്‍ന്ന് മൂന്നാം ലോകരാജ്യമാകെ കോളനിവിരുദ്ധ പ്രക്ഷോഭം ആളിപ്പടര്‍ന്നതും ജനാധിപത്യത്തിന്റെ മുഖപടമണിഞ്ഞ ഏകാധിപതികളെ വിറളിപിടിപ്പിച്ചു. സ്വാതന്ത്ര്യത്തെയും വിമോചനത്തെയും വിപ്ലവത്തിന്റെ അടവുനയങ്ങളെയും രീതിശാസ്ത്രങ്ങളെയും കുറിച്ചുള്ള ചര്‍ച്ചകളും സംവാദങ്ങളും ക്യാമ്പസുകളില്‍ നിത്യേനയെന്നോണം അരങ്ങേറി. സമത്വവും സാഹോദര്യവും പുലരുന്ന പുലരികളുടെ തുടിപ്പ് തുളുമ്പിനില്‍ക്കുന്ന കവിതകളും മറ്റു സര്‍ഗസൃഷ്ടികളും ലാറ്റിനമേരിക്കയിലും ആഫ്രിക്കയിലും തളിര്‍ത്തു വളര്‍ന്ന് ഭൂമുഖമാകെ പൂത്തുല്ലസിച്ചു. ഏകാധിപത്യ –സൈനിക ഭരണകൂടങ്ങളെ തകിടംമറിച്ച് ജനാധിപത്യ – സോഷ്യലിസ്റ്റ് വ്യവസ്ഥ സ്ഥാപിക്കാന്‍ തൊഴിലാളികളും മറ്റ് അധ്വാനിക്കുന്നവരും തെരുവിലിറങ്ങി.

‘‘അപകടകരമായ” ഈ സാഹചര്യം സൃഷ്ടിച്ച സര്‍വകലാശാലകളെയും മറ്റ് ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളെയും ചൊല്പടിയിലാക്കാന്‍ റൊണാള്‍ഡ് റീഗന്റെയും മാര്‍ഗരറ്റ് താച്ചറുടെയും നേതൃത്വത്തില്‍ നവലിബറല്‍ പുത്തന്‍ ലോകക്രമത്തിന്റെ വക്താക്കള്‍ സര്‍വശക്തിയും പ്രയോഗിക്കുകയുണ്ടായി. പിന്നീട് തന്റെ ഒന്നാം ഭരണകാലത്ത് (2016) ഗതിവേഗം കൂട്ടിയ നിയന്ത്രണ നടപടികള്‍ രണ്ടാം വാഴ്ചയില്‍ അതിന്റെ പരകോടിയിലെത്തിക്കുകയാണ് ഡൊണാള്‍ഡ് ട്രംപ് ചെയ്തുകൊണ്ടിരിക്കുന്നത്.

സാര്‍വദേശീയ മാനവികത, തൊഴിലാളി ഐക്യം, ലിംഗ സമത്വം, വിശാലത, ഉദാരത, ഉള്‍ക്കൊള്ളല്‍, ട്രാന്‍സ്ജെന്‍ഡറുകളെ അംഗീകരിക്കല്‍, ബഹുസ്വരത, വംശീയ ഭേദങ്ങളെ എതിര്‍ക്കല്‍ തുടങ്ങിയ സാംസ്കാരിക ഉന്നതികളോടുള്ള അസഹിഷ്ണുതയാണ് വലത്–തീവ്ര വലത് പ്രത്യയശാസ്ത്രങ്ങളുടെ കാതല്‍. അതുകൊണ്ടുതന്നെ നവചിന്താധാരകള്‍ മുളപ്പിക്കുന്ന കലാലയങ്ങളെ വരുതിയിലാക്കല്‍ അവരുടെ മുഖ്യഅജൻഡയാകുന്നു. എല്ലാ പുരോഗമനോന്മുഖതകളെയ ‘റാഡിക്കല്‍’ ആശയങ്ങള്‍ വെച്ചു പൊറുപ്പിക്കില്ലെന്നും നിരന്തരം ഉദ്ഘോഷിക്കുന്ന ട്രംപ്, രണ്ടാം വട്ടം അധികാരമേറ്റയുടന്‍ ഒപ്പുവെച്ച ഒരുകൂട്ടം പ്രഖ്യാപനങ്ങളില്‍, വിദ്യാഭ്യാസ വകുപ്പ് റദ്ദാക്കിയതും അക്കാദമിക ഫണ്ടുകള്‍ വെട്ടിക്കുറയ്ക്കുകയോ പിന്‍വലിക്കുകയോ ചെയ്യുന്നതും മുഖ്യസ്ഥാനത്തുണ്ടായത് സ്വാഭാവികം. ‘കണ്‍സര്‍വേറ്റീവു’കളുടെ ദീര്‍ഘകാല ആവശ്യമായിരുന്നു അത്. 1979þല്‍ കോണ്‍ഗ്രസ് രൂപം നല്‍കിയ വിദ്യാഭ്യാസ വകുപ്പ് ധനനഷ്ടവും സമയനഷ്ടവും ദുര്‍വ്യയവും മാത്രമാണ് വരുത്തിവെച്ചതെന്നും ‘ലിബറല്‍’ പ്രത്യയശാസ്ത്രങ്ങള്‍ പടര്‍ന്നുപന്തലിച്ചുവെന്ന ‘ദുരന്ത’മാണ് സംഭവിച്ചതെന്നും ട്രംപ് വിലയിരുത്തി.

വിയറ്റ്നാം യുദ്ധം
ഗാസയില്‍ ഇസ്രയേല്‍ നടത്തുന്ന നരനായാട്ടിനെതിരെ ഹാര്‍വാര്‍ഡ്, കൊളംബിയ എന്നിവ ഉള്‍പ്പെടെയുള്ള ഉന്നത സര്‍വകലാശാലകളില്‍ വിദ്യാര്‍ത്ഥി പ്രക്ഷോഭം ആളിപ്പടര്‍ന്നതാണ് കലാലയങ്ങളുടെ കഴുത്തില്‍ കത്തിവീഴ്ത്താന്‍ ട്രംപിനെ പെട്ടെന്നു തന്നെ പ്രേരിപ്പിച്ചത്. വിയറ്റ്നാം യുദ്ധത്തിനെതിരെ അമേരിക്കയിലുയര്‍ന്ന വിദ്യാര്‍ത്ഥി പ്രക്ഷോഭങ്ങളുടെ ആവേശകരമായ ഓര്‍മ്മകള്‍ ലോകത്തെങ്ങും ഉയിര്‍ത്തെഴുന്നേറ്റ പ്രതീതിയായിരുന്നു ഗാസാ അധിനിവേശത്തിനെതിരായ വിദ്യാർഥി പ്രക്ഷോഭം സൃഷ്ടിച്ചത്. ഫണ്ടുകള്‍ പിന്‍വലിക്കുകയും വെട്ടിക്കുറയ്ക്കുകയും ചെയ്തപ്പോള്‍ നിരവധി പഠന – ഗവേഷണ വിഭാഗങ്ങള്‍ പല സര്‍വകലാശാലകള്‍ക്കും അടച്ചുപൂട്ടേണ്ടിവന്നു. വിവിധ രാഷ്ട്രങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും രാജ്യംവിടേണ്ട അവസ്ഥയായി. ഹമാസ് അനുകൂല പ്രചാരണം നടത്തിയതിന് ഇന്ത്യന്‍ വിദ്യാര്‍ത്ഥിയുള്‍പ്പെടെ ഒട്ടേറെപ്പേരെ അറസ്റ്റു ചെയ്തു.

ജോര്‍ജ് ടൗണ്‍ യൂണിവേഴ്സിറ്റിയിലെ ഗവേഷണ വിദ്യാര്‍ത്ഥിയായ ബാദര്‍ ഖാന്‍ സൂരിയുടെ നാടുകടത്തല്‍ ഫെഡറല്‍ കോടതി തടയുകയായിരുന്നു. പോസ്റ്റ് ഡോക്ടറല്‍ ഫെലോ ആയ സൂരി ജൂതവിരോധം പ്രോത്സാഹിപ്പിക്കുന്നുവെന്നായിരുന്നു ആരോപണം. ഇയാള്‍ക്ക് ‘ഭീകരവാദികളു’മായി അടുത്ത ബന്ധമുണ്ടെന്നും ട്രംപ് ഭരണകൂടം ആരോപിച്ചു. വിദേശികളെ നാടുകടത്താന്‍ അമേരിക്കയില്‍ ഇത്തരം ആരോപണങ്ങള്‍ മാത്രം മതി. ‘പരിവര്‍ത്തനാത്മക ജനാധിപത്യം : വിഭജിത സമൂഹങ്ങളും സമാധാനസാധ്യതകളും – അഫ്ഗാനിലേയും ഇറാഖിലേയും രാഷ്ട്ര നിര്‍മ്മാണത്തെക്കുറിച്ച് ഒരു പഠനം’ എന്ന വിഷയത്തില്‍ ഗവേഷണവിദ്യാര്‍ത്ഥിയായിരുന്നു ആ ഇന്ത്യക്കാരന്‍. ദീര്‍ഘകാലമായി നിലനില്‍ക്കുന്ന വിഭാഗീയ þ പ്രത്യയശാസ്ത്ര സംഘര്‍ഷങ്ങള്‍ക്ക് എങ്ങനെ ജനാധിപത്യപരമായ പരിഹാരം കണ്ടെത്താം എന്നതായിരുന്നു ചുരുക്കത്തില്‍ പഠനവിഷയം; പ്രത്യേകിച്ചും പശ്ചിമേഷ്യയിലെയും ദക്ഷിണേഷ്യയിലെയും സവിശേഷ സാഹചര്യത്തില്‍. നിയമാനുസൃത രേഖകളുമായി സര്‍വകലാശാലയില്‍ പ്രവേശനം ലഭിച്ചയാളാണ് സൂരി. അംഗീകൃത താമസപത്രവുമുണ്ട്. ഭാര്യയുടെ കുടുംബത്തിന്റെ വേരുകള്‍ പലസ്തീനിലാണെന്നതു മാത്രമാണ് ചൂണ്ടിക്കാട്ടാവുന്ന ‘കുറ്റം’.

സൂരിക്ക് അമേരിക്കയില്‍ തങ്ങാന്‍ തല്‍ക്കാലം അവസരം ലഭിച്ചെങ്കിലും മോദി സ്തുതിക്കു തയ്യാറാകാത്ത ഒട്ടേറെ വിദേശ വിദ്യാര്‍ത്ഥികള്‍ സ്വദേശത്തേക്കു മടങ്ങിക്കഴിഞ്ഞു. അഭിപ്രായ – ആവിഷ്കാര സ്വാതന്ത്ര്യത്തിനു കൂച്ചുവിലങ്ങിടുന്ന ട്രംപ് ഭരണകൂടം ഫലത്തില്‍ ക്യാമ്പസുകളെ നിശ്ശബ്ദമാക്കിക്കഴിഞ്ഞു. സാമൂഹിക – വൈജ്ഞാനിക ലോകത്തെ സമ്പന്നവും സംസ്കൃതവുമാക്കാന്‍ പ്രാപ്തരായ പ്രതിഭകള്‍ കൂട്ടത്തോടെ ‘ട്രംപേരിക്ക’ വിട്ടുകൊണ്ടിരിക്കുകയാണ്. ‘ബുദ്ധിജീവികളുടെ കൂട്ടപ്പലായനം’ എന്നു തന്നെ ഈ ദുരവസ്ഥ വിശേഷിപ്പിക്കപ്പെടുന്നു. ഫണ്ടുകള്‍ റദ്ദാക്കുകയോ വെട്ടിക്കുറയ്ക്കുകയോ ചെയ്യുന്നതുമൂലം പ്രൊജക്ടുകള്‍ നിര്‍ത്തലാക്കിയതും അക്കാദമിക സ്വാതന്ത്ര്യം നിരോധിച്ചതും തന്നെയാണ് ഇതിനു പെട്ടെന്നു നിമിത്തമായത്.

ധിഷണാനിലയങ്ങള്‍
സര്‍വ ഗവേഷണ മേഖലകളിലും ലോകത്തെ ഏറ്റവും മികച്ച വിദ്യാര്‍ത്ഥികള്‍ പ്രതിഭ തെളിയിച്ച ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളായിരുന്നു അമേരിക്കയിലേത്. നാഷണല്‍ സയന്‍സ് ഫൗണ്ടേഷന്‍ (NSF), നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് (NIH), എന്‍വയോണ്‍മെന്റ് പ്രൊട്ടക്ഷന്‍ ഏജന്‍സി (EPA), നാഷണല്‍ എറോനോട്ടിക്സ് ആൻഡ് സ്പേസ് അഡ്മിനിസ്ട്രേഷന്‍ ഏജന്‍സി (NASA), നാഷണല്‍ ഓഷ്യാനിക് ആൻഡ് അറ്റ്മോസ്ഫറിക് അഡ്മിനിസ്ട്രേഷന്‍ (NOAA), സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആൻഡ് പ്രിവന്‍ഷന്‍ (CDC) തുടങ്ങിയ ലോകോത്തര ഏജന്‍സികള്‍ സൃഷ്ടിച്ച ധിഷണാ ശാലകള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ശാസ്ത്ര –സാങ്കേതിക – വൈജ്ഞാനിക മേഖലകളില്‍ നിസ്തുല സേവനങ്ങള്‍ അര്‍പ്പിച്ചവയാണ്. ജനാധിപത്യം, സ്വാതന്ത്ര്യം തുടങ്ങിയ അടിസ്ഥാന ആശയങ്ങളില്‍ നിന്നകന്ന് ഭരണകൂടത്തിന്റെ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കുവാനാണ് ‘ട്രംപിസം’ കല്പിക്കുന്നത്. പ്രകൃതിസംരക്ഷണവും മാനവിക വിഷയങ്ങളും കാലാവസ്ഥാ വ്യതിയാനവും ‘നികൃഷ്ട’ വിഷയങ്ങളാണെന്ന് ട്രംപ് പലതവണ വ്യക്തമാക്കിക്കഴിഞ്ഞു. സംസ്കാരവും ശാസ്ത്രവും ‘വെറുക്കപ്പെട്ട’വയുടെ പട്ടികയില്‍ നേരത്തേ ഇടംപിടിച്ചിട്ടുണ്ട്.

‘ക്യാമ്പസ് ആക്ടിവിസം’ ഏറ്റവും ശക്തമായി ആരോപിച്ച ട്രംപ് ശക്തമായി തിരിഞ്ഞത് ഹാര്‍വാര്‍ഡ് യൂണിവേഴ്സിറ്റിക്കെതിരെയാണ്. (ആദ്യലക്ഷ്യം കൊളംബിയ യൂണിവേഴ്സിറ്റിയായിരുന്നു. അവര്‍ ട്രംപിന്റെ തീട്ടൂരം ശിരസാ വഹിച്ചു.) മഹ്മൂദ് ഖലീല്‍ എന്ന നിയമാനുസൃത താമസ രേഖകളുള്ള പലസ്തീന്‍ വിദ്യാര്‍ത്ഥിയെ ഈ സര്‍വകലാശാലയില്‍നിന്ന് അറസ്റ്റുചെയ്ത് നാടുകടത്താനൊരുങ്ങിയെങ്കിലും ഫെഡറല്‍ ജഡ്ജി താത്കാലികമായി അത് തടയുകയാണുണ്ടായത്. ഇവിടത്തെ തന്നെ രഞ്ജിത്ത് ശ്രീനിവാസന്‍ എന്ന വിദ്യാര്‍ത്ഥി സമാന സാഹചര്യത്തില്‍ കാനഡയില്‍ അഭയം തേടി. ചെറുത്തുനിന്ന ഹാര്‍വാര്‍ഡിന് ആദ്യം 2.2 ബില്യണ്‍ ഡോളര്‍ ധനസഹായം ശിക്ഷയെന്നോണം മരവിപ്പിച്ചു; പിന്നീട് 6 കോടി ഡോളറും. ലോകത്തെതന്നെ ഏറ്റവും പ്രമുഖ സര്‍വകലാശാലകളില്‍ ഒന്നും രാജ്യത്തെ ഏറ്റവും പഴയ ഉന്നത പഠനകേന്ദ്രവുമാണ് ഹാർവാർഡ്. അവിടത്തെ പ്രവേശനരീതി അടിമുടി മാറ്റണമെന്നും ട്രംപ് ആവശ്യപ്പെട്ടു. വിരുദ്ധ രാഷ്ട്രീയ ദര്‍ശനങ്ങള്‍ പുലര്‍ത്തുന്ന വിദ്യാര്‍ത്ഥി കൂട്ടായ്മകളെ നിരോധിക്കണമെന്നും സര്‍വകലാശാലയ്ക്ക് ട്രംപ് നിര്‍ദ്ദേശം നല്‍കി. ഈ വിലകുറഞ്ഞ ഭീഷണികള്‍ക്കൊന്നും മുന്നില്‍ മുട്ടുമടക്കില്ലെന്ന് ഹാര്‍വാര്‍ഡ് പ്രസിഡന്റ് അലന്‍ ഗാര്‍ബ വ്യക്തമാക്കി. ഭരണഘടനാ പരമായ അവകാശങ്ങള്‍ അടിയറ വെക്കില്ല. അധികാരത്തില്‍ ഏതു പാര്‍ട്ടിയാണെങ്കിലും സ്വകാര്യ സര്‍വകലാശാലകളുടെ അക്കാദമിക സ്വാതന്ത്ര്യത്തില്‍ ഇടപെടേണ്ടെന്നും അദ്ദേഹം തുടര്‍ന്നു പറഞ്ഞു.

യൂണിവേഴ്സിറ്റി പുറത്തിറക്കുന്ന പ്രസിദ്ധീകരണത്തിന് (Harvard Law Review) എതിരെയാണ് ട്രംപ് ഏറ്റവുമൊടുവില്‍ ചന്ദ്രഹാസമെടുത്തിരിക്കുന്നത്. ഉള്ളടക്കം തീരുമാനിക്കുന്നതിന്റെ മാനദണ്ഡങ്ങള്‍, വരിക്കാര്‍ തുടങ്ങിയ വിവരങ്ങളെല്ലാം അന്വേഷണ വിധേയമാക്കിയിരിക്കുകയാണ്. നിയമ സംബന്ധിയായ സുപ്രധാന ലേഖനങ്ങളാലും പഠനങ്ങളാലും ഏറെ ശ്രദ്ധേയമായ പ്രസിദ്ധീകരണമാണിത്. (1887ല്‍ പ്രസിദ്ധീകരണമാരംഭിച്ച ഹാര്‍വാര്‍ഡ് ലോ റിവ്യൂവുമായി വിദ്യാര്‍ത്ഥി കാലത്ത് ബറാക് ഒബാമ സജീവമായി സഹകരിച്ചിരുന്നു.) വിദ്യാര്‍ത്ഥികള്‍ തന്നെയാണ് പ്രസിദ്ധീകരണത്തിന്റെ നടത്തിപ്പുകാര്‍.

ജൂതസ്വാധീനം
പലസ്തീന്‍ അനുകൂല പ്രക്ഷോഭത്തിന്റെ പേരില്‍ കൊളംബിയ സര്‍വകലാശാല 65 ലധികം വിദ്യാര്‍ത്ഥികളെ സസ്പെന്റ് ചെയ്തതാണ് ക്യാമ്പസുകളില്‍ നിന്നു കേട്ട ഏറ്റവും പുതിയ വാര്‍ത്ത. ബര്‍ണാഡ് കോളേജ് ഉള്‍പ്പെടെ അനുബന്ധ കലാലയങ്ങളിലെ 33 വിദ്യാര്‍ത്ഥികള്‍ക്ക് ക്യാമ്പസില്‍ പ്രവേശനം വിലക്കിയിട്ടുമുണ്ട്. പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് തടസ്സമുണ്ടാക്കിയെന്നാരോപിച്ച് ന്യൂയോര്‍ക്ക് സിറ്റി പൊലീസ് കാമ്പസില്‍ പ്രവേശിച്ച് പ്രകടനം പിരിച്ചുവിടുകയും ചെയ്തു. നേരത്തേ വിദ്യാര്‍ത്ഥികളും സുരക്ഷാ ജീവനക്കാരും തമ്മില്‍ ഏറ്റുമുട്ടലുണ്ടായി.

ഐക്യരാഷ്ട്ര സഭയില്‍ ജൂത ജനസംഖ്യ കൂടുതലുള്ള സ്ഥലമായ കൊളംബിയ ദശകങ്ങളായി ഇസ്രായേല്‍ അനുകൂല – പ്രതികൂല പ്രക്ഷോഭങ്ങളാല്‍ മുഖരിതമാണ്. ജൂത സംഘടനകളുടെ സജീവ പ്രവര്‍ത്തനകേന്ദ്രവും ആസ്ഥാനവും കൂടിയാണിത്. ‘ആന്റി ഡിഫമേഷന്‍ ലീഗ്’, ‘ജ്യൂയിഷ് ഫെഡറേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്ക’, ‘കനാറി മിഷന്‍’ എന്നിവ അവയിൽ ചിലതു മാത്രം.

പ്രവേശനം, പഠനരീതി, ഭരണസമ്പ്രദായം തുടങ്ങിയ കാര്യങ്ങളില്‍ നിയമലംഘനം ചമച്ച് 60ലധികം സര്‍വകലാശാലകള്‍ക്ക് വൈറ്റ്ഹൗസ് ഇതിനകം നോട്ടീസ് അയച്ചു കഴിഞ്ഞു. ‘ഇസ്രയേല്‍ വിരുദ്ധ ആക്ടിവിസം’ അമേരിക്കന്‍ ക്യാമ്പസുകളില്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണെന്നും അതനുവദിക്കുകയില്ലെന്നുമാണ് ട്രംപിന്റെ നിലപാട്. അതോടൊപ്പം ‘വെറുപ്പി’നെതിരായ പ്രവണതകളും പരിസ്ഥിതി അവബോധവും ഭിന്നലിംഗ സാഹോദര്യവും അടിസ്ഥാന വര്‍ഗത്തോടുള്ള ഐക്യപ്പെടലും ശക്തിപ്രാപിച്ചുവരുന്നത് തന്റെ അതിതീവ്ര – കോര്‍പ്പറേറ്റ് മുതലാളിത്ത പ്രത്യയശാസ്ത്രത്തിന് ഭീഷണിയാകുമെന്നും ട്രംപ് ഭയപ്പെടുന്നു.

യേല്‍ യൂണിവേഴ്സിറ്റിയില്‍ അന്താരാഷ്ട്ര നിയമത്തിലും ഭൗമരാഷ്ട്രീയ സമ്പദ്-വ്യവസ്ഥയിലും സ്കോളറായ ഹെല്യ ഭൗത്താഗിയെ ഭീകരവാദിയെന്നു മുദ്രകുത്തി നടപടികള്‍ക്കു വിധേയമാക്കിയതും ഈയിടെയാണ്. ഭൗത്താഗിയോട് വിശദീകരണം പോലും ചോദിക്കാതെ, ഭരണകൂടത്തിന്റെ നിര്‍ദേശം ശിരസാവഹിക്കുകയായിരുന്നു യൂണിവേഴ്സിറ്റി. അതിനും രണ്ടാഴ്ച മുമ്പാണ് ബ്രൗണ്‍ യൂണിവേഴ്സിറ്റി അസിസ്റ്റന്റ് പ്രൊഫസറും സര്‍ജനുമായ റാഷാ അലാവിയെ ലെബനോണിലേക്കു നാടുകടത്തിയത്. പലസ്തീന്‍ പക്ഷപാതിത്വമാണ് രണ്ടു സംഭവങ്ങളിലും ചുമത്തപ്പെട്ടത്.

മുകളില്‍ പറഞ്ഞ കേസുകളിലെല്ലാം തീവ്ര വലതുപക്ഷ യഹൂദ സംഘടനകള്‍ക്ക് ട്രംപ് ഭരണകൂടത്തിലുള്ള സ്വാധീനം പ്രകടമാകുന്നു. അതേസമയം പലസ്തീനിലെ ഇസ്രയേലി കൂട്ടക്കൊലകളെ എതിര്‍ക്കുന്ന ‘ജ്യൂയിഷ്’, ‘വോയ്സ് ഫോര്‍ പീസ്’, ‘നോട്ട് ഇന്‍ ഔര്‍ നെയിം’ തുടങ്ങിയ സംഘടനകളിലെയും ഗ്രൂപ്പുകളിലെയും അംഗങ്ങൾക്കും പീഡനം ഏറ്റുവാങ്ങേണ്ടിവരുന്നുണ്ട്. അത്തരം നിരവധി ജൂതവിദ്യാര്‍ത്ഥികളും കോളേജുകളില്‍ നിന്നു പുറത്താക്കപ്പെട്ടുകൊണ്ടിരിക്കുന്നു.

പ്രൊജക്ട് 2025
വിദ്യാര്‍ത്ഥികള്‍ക്കും ഗവേഷകര്‍ക്കും അദ്ധ്യാപകര്‍ക്കും പുറമെ ശാസ്ത്രജ്ഞരും സാങ്കേതിക പ്രതിഭകളും ആരോഗ്യ വിദഗ്ധരും ബുദ്ധിജീവികളും ഉന്നത വൈജ്ഞാനിക കേന്ദ്രങ്ങളില്‍ നിന്നും ബഹിഷ്കൃതരാവുകയോ സ്വയം പുറത്തുപോകുകയോ ചെയ്യുകയാണ്. ശാസ്ത്രത്തിനു നേരെയുള്ള കടന്നാക്രമണത്തിനു പിന്നില്‍ യാഥാസ്ഥിതിക ഹെറിറ്റേജ് ഫൗണ്ടേഷന്‍ തയ്യാറാക്കിയ ഒരു റിപ്പോര്‍ട്ടാണത്രെ. ‘പ്രൊജക്ട് 2025′ എന്ന പേരിലുള്ള ആ റിപ്പോര്‍ട്ട് അമേരിക്ക എന്ന രാജ്യത്തിന്റെ പുന:സംഘടന ലക്ഷ്യമാക്കുന്നു. കോര്‍പ്പറേറ്റ്, മുതലാളിത്തത്തിനു തഴച്ചുവളരാനുള്ള ഭൂമിയൊരുക്കുന്ന ബ്ലൂ പ്രിന്റ് ആണ് പ്രൊജക്ട് 2025. കാലാവസ്ഥാ വ്യതിയാനവും പരിസ്ഥിതി വിനാശവും സ്പര്‍ശിക്കാതെ വന്‍തോതില്‍ മൂലധനമൊഴുക്കാന്‍ ലോക മുതലാളിത്ത ശക്തികള്‍ക്ക് സൗകര്യമൊരുക്കുകയാണ് ഈ പദ്ധതി.

അക്കാദമിക വിദഗ്ധരും ഗവേഷകരും വസ്തുതകളെ വസ്തുനിഷ്ഠമായി അപഗ്രഥിക്കുകയും സംവാദാത്മക പരിസരം സൃഷ്ടിക്കുകയും ചെയ്യുമെന്നറിഞ്ഞുകൊണ്ടുതന്നെയാണ് തന്റെ രാഷ്ട്രീയ അജൻഡയെ എന്തു വില കൊടുത്തും സംരക്ഷിക്കാന്‍ പ്രതിജ്ഞാബദ്ധനായ ട്രംപ് വൈജ്ഞാനിക ലോകത്തിനെതിരെ യുദ്ധം പ്രഖ്യാപിക്കുന്നത്. മൂന്നു സുപ്രധാന മേഖലകള്‍ തെരഞ്ഞെടുത്ത് നിയന്ത്രണങ്ങളും ഭീഷണികളും പ്രഖ്യാപിക്കുകയാണ് ട്രംപിന്റെയും ശിങ്കിടി മുതലാളിത്ത തോഴരുടെയും ആദ്യഘട്ടം. ആദ്യത്തേത്, രാഷ്ട്രീയം തന്നെ. ഏത് പലസ്തീന്‍ അനുകൂല നിലപാടും യഹൂദ വിരുദ്ധമായി കണക്കാക്കപ്പെടും. 2023 ഒക്ടോബര്‍ 7നുശേഷം, ബൈഡന്റെ ഭരണകാലത്തുതന്നെ ഇതായിരുന്നു സ്ഥിതി. രണ്ടാമത്തേത്, കാലാവസ്ഥാ വ്യതിയാന പഠന രംഗത്താണ്. ഈ വിഷയവുമായി പഠന ഗവേഷണങ്ങളില്‍ ഏര്‍പ്പെട്ടിട്ടുള്ള നൂറുകണക്കിനു ശാസ്ത്രജ്ഞരെ ട്രംപ് ഭരണകൂടംപിരിച്ചുവിട്ടുകഴിഞ്ഞു. പരിസ്ഥിതി ശാസ്ത്രമാണ് മൂന്നാമത്തെ മുഖ്യശത്രു. ആയിരത്തിലധികം ശാസ്ത്രജ്ഞരും ഗവേഷകരും പഠിതാക്കളും ഈ മേഖലയിൽ നിന്ന് പുറത്തായിരിക്കുകയാണ്. കാലാവസ്ഥ – പരിസ്ഥിതി സംബന്ധമായ ഒരു അക്കാദമിക ചലനവും അനുവദിക്കേണ്ടതില്ല എന്നാണ് ട്രംപിന്റെ നിലപാട്.

ഗാസയില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ള പലസ്തീന്‍ ജനതയെ കൊന്നൊടുക്കാന്‍ ഇസ്രയേല്‍ ഉപയോഗിക്കുന്ന ആയുധങ്ങളില്‍ ഏറ്റവും കൂടുതല്‍ അമേരിക്ക നല്‍കുന്നവയാണ്. അതുകൊണ്ടു തന്നെയാണ് ഇസ്രയേലിന്റെ കൊടുംക്രൂരതകളെ വിമര്‍ശിക്കുമ്പോള്‍ ട്രംപിനു പൊള്ളുന്നത്. ബൈഡന്റെ നിലപാടും ഇതു തന്നെയായിരുന്നു. ട്രംപ് കുറേക്കൂടി കഠിനമാകുന്നുവെന്നു മാത്രം.

വിദ്യാഭ്യാസവും പഠന – ഗവേഷണങ്ങളും ശാസ്ത്ര, ചരിത്ര, മാനവിക വിഷയങ്ങൾ, വിമര്‍ശനാത്മക ചിന്ത, സത്യാന്വേഷണം, യുക്തിയും പരിപോഷിപ്പിക്കും. അംഗീകൃത ആഖ്യാനങ്ങളെ ചോദ്യംചെയ്തെന്നു വരും. ഡൊണാള്‍ഡ് ട്രംപുമാരും വിക്ടര്‍ ഒര്‍ബാന്‍മാരും റസപ് എർദോഗാന്‍മാരും നരേന്ദ്ര മോദിമാരും വിമര്‍ശിക്കുന്നവരെയും ചോദ്യങ്ങള്‍ ചോദിക്കുന്നവരെയും വെറുക്കുന്നതും എതിര്‍ക്കുന്നതും അധികാര പ്രമത്തത കൊണ്ടുതന്നെയാണ്. അമേരിക്കയില്‍ മാത്രമല്ല, തീവ്ര വലത് പ്രത്യയശാസ്ത്രങ്ങള്‍ വേരുകള്‍ പടര്‍ത്തുന്ന ഇന്ത്യയുള്‍പ്പെടെ പല രാജ്യങ്ങളിലും വൈജ്ഞാനിക – ധിഷണാ ലോകം നിര്‍ജ്ജീവമായിക്കൊണ്ടിരിക്കുകയാണ്. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

4 − 3 =

Most Popular