Wednesday, June 17, 2026

ad

Homeനിരീക്ഷണംനമ്മുടെ ആകാശത്തിലൂടെ മസ്കിന്റെ സ്വൈര വിഹാരം

നമ്മുടെ ആകാശത്തിലൂടെ മസ്കിന്റെ സ്വൈര വിഹാരം

ന്ത്യയുടെ വേ-്യാമപഥങ്ങൾ ഇനി അടക്കിവാഴുക ലോകത്തെ നമ്പർ വൺ ശതകോടീശ്വരനായ ഇലോൺ മസ്ക് ആയിരിക്കും. ഇലോൺ മസ്കിന്റെ ഉടമസ്ഥതയിൽ അമേരിക്കയിലുള്ള ബഹിരാകാശ കമ്പനിയായ ‘സ്പേസ് എക്സി’ന്റെ അനുബന്ധ സ്ഥാപനമായ ‘സ്റ്റാർലിങ്കി’നാണ് നമ്മുടെ വേ-്യാമാകാശം വഴി അതിവേഗ ഇന്റർനെറ്റ് സംവിധാനം ഒരുക്കുന്നതിന് കേന്ദ്ര സർക്കാർ ലെെസൻസ് നൽകിയിരിക്കുന്നത്. ഭൂമിയോടുചേർന്നുള്ള ഭ്രമണപഥ ഉപഗ്രഹങ്ങൾ വഴി ആഗോളതലത്തിൽ ഇന്റർനെറ്റ് കണക്ടിവിറ്റി നൽകുന്ന സ്ഥാപനമാണ് സ്റ്റാർലിങ്ക് സർവീസസ്. അതിവേഗ ഉപഗ്രഹ ഇന്റർനെറ്റ് സംവിധാനം സാധ്യമാക്കുന്ന ‘ഗ്ലോബൽ പേഴ്സണൽ കമ്യൂണിക്കേഷൻ ബെെ സാറ്റലെെറ്റ്’ (GMPCS) ലെെസൻസാണ് കേന്ദ്ര ടെലികോം മന്ത്രാലയം സ്റ്റാർലിങ്കിന് അനുവദിച്ചിട്ടുള്ളത്. രാജ്യത്ത് ഈ ലെെസൻസ് ലഭിക്കുന്ന മൂന്നാമത്തെ സ്ഥാപനമാണിത്. യൂടെൽ സാറ്റിന്റെ ‘വൺ വെബ്’, റിലയൻസിന്റെ ‘ജിയോ’ എന്നിവയാണ് ഈ ലെെസൻസ് ലഭിച്ചിട്ടുള്ള മറ്റു രണ്ടു സ്ഥാപനങ്ങൾ. ഫ്രഞ്ച് കമ്പനിയായ യൂടെൽ സാറ്റിന്റെ അനുബന്ധ സ്ഥാപനമാണ് ലണ്ടൻ ആസ്ഥാനമായ ആഗോള ആശയ വിനിമയ കമ്പനിയായ ‘വൺവെബ്’. മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ളതാണ് റിലയൻസ് ജിയോ. റിലയൻസ് ജിയോയുടെ കീഴിലുള്ള ‘ജിയോ സ്പേസ് ഫെെബർ’ ഇലോൺ മസ്കിന്റെ ‘സ്പേസ് എക്സ്’ കമ്പനിയുമായി പങ്കാളിത്തത്തിലാണ്. സമാനമായ ലെെസൻസിനായി അമേരിക്കയിലെ തന്നെ ജെഫ് ബെസോസിന്റെ ഉടമസ്ഥതയിലുള്ള ‘ആമസോണി’ന്റെ അനുബന്ധ കമ്പനിയായ ‘ആമസോൺ കെെപ്പറും’ അപേക്ഷിച്ചിട്ടുണ്ട്. ഇതിൽ കേന്ദ്ര സർക്കാർ തീരുമാനമെടുത്തിട്ടില്ല. സ്റ്റാർലിങ്കിന്റെ എതിരാളിയായിട്ടാണ് കെെപ്പർ അറിയപ്പെടുന്നത്.

സ്റ്റാർലിങ്കിന്റെ പ്രവർത്തന രീതി
ഭൂമിയിൽ സ്ഥാപിച്ചിട്ടുള്ള ‘ട്രാൻസിവേഴ്സ‍്’ (tran
sivers) വഴി ആഗോളതലത്തിൽ വേഗതയേറിയ ഇന്റർനെറ്റ് ലഭ്യത ഉറപ്പാക്കുകയാണ് സ്റ്റാർലിങ്ക് ചെയ്യുന്നത്. ഡാറ്റ സ്വീകരിക്കുകയും കെെമാറുകയും ചെയ്യുന്നതിനായി സ്ഥാപിക്കുന്ന ട്രാൻസ്മിറ്ററും റിസീവറും അടങ്ങുന്ന സംവിധാനത്തിനാണ് ട്രാൻസിവേഴ്സ് എന്നു പറയുന്നത്. 7600 ചെറിയ ഉപഗ്രഹങ്ങളാണ് നിലവിൽ സ്റ്റാർലിങ്കിനുള്ളത്. ഇത് 12000 ആയി വർദ്ധിപ്പിക്കാനാണ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്. 2024ൽ സ്റ്റാർലിങ്കിന്റെ അറ്റാദായം 770 കോടി ഡോളർ ആയിരുന്നു. ഇത് 1180 കോടി ഡോളറായി 2025ൽ വർധിപ്പിക്കുമെന്നാണ് സ്റ്റാർലിങ്ക് പ്രഖ്യാപിച്ചിട്ടുള്ളത്. 130 രാജ്യങ്ങളിൽ സ്റ്റാർലിങ്കിന്റെ അതിവേഗ ഉപഗ്രഹ ഇന്റർനെറ്റ് സംവിധാനം പ്രവർത്തിക്കുന്നുണ്ട്.
2003 മുതൽ ഉപഗ്രഹ ഇന്റർനെറ്റ് ലഭ്യത കെെവന്നിരുന്നുവെങ്കിലും തടസ്സരഹിതമായി അതിവേഗ ഇന്റർനെറ്റ് ലഭിച്ചിരുന്നില്ല. ഈ ഉപഗ്രഹങ്ങൾ ഭൂമിയുടെ ഭ്രമണപഥത്തിൽനിന്ന് 22,236 മെെൽ അകലെയായിരുന്നു എന്നതുകൊണ്ട് വേഗത തീരെ കുറവായിരുന്നു. ഇത് ഡാറ്റാ പ്രസരണത്തിൽ വലിയ തോതിൽ താമസവും സൃഷ്ടിച്ചിരുന്നു. ഉപഗ്രഹങ്ങൾ മുഖേനെയായിരുന്നിട്ടും, ഇതിന് ഫെെബർ വഴിയും കേബിൾ വഴിയും ലഭിക്കുന്ന ഇന്റർനെറ്റിനേക്കാൾ വേഗത കുറവായിരുന്നു.

ഇത്തരമൊരു സാഹചര്യത്തിലാണ് ഭൂമിയോടു ചേർന്നുള്ള ഭ്രമണപഥത്തിൽനിന്ന് ഇന്റർനെറ്റ് സംവിധാനം ശക്തിപ്പെടുത്താനുള്ള ശ്രമങ്ങളുണ്ടാകുന്നത്. സ്റ്റാർലിങ്ക് ചെയ്യുന്നത് ഭൂമിയുടെ ഭ്രമണപഥത്തിന്റെ 350 മെെലോ അതിൽ താഴെയോ നിന്ന് ഡാറ്റ കെെമാറുകയാണ്. ഇതിനു കൂടുതൽ വ്യക്തതയും വേഗതയും ഉണ്ടാകും. ഇതു ഫലപ്രദമായി പ്രവർത്തിപ്പിക്കുന്നതിന് ഭൂമിയിൽ ഒരു ലാപ്ടോപ്പിന്റെ മാത്രം വലിപ്പമുള്ള ചെറിയ ട്രാൻസ്മിറ്റർ മതിയാകും. എത്ര വിദൂരസ്ഥലത്തും ഇതു ലഭ്യമാകും എന്നതാണ് പ്രധാന സവിശേഷത. മലമ്പ്രദേശങ്ങളിലോ വനമേഖലയിലോ താഴ്വാരങ്ങളിലോ ഒക്കെ ഈ ഇന്റർനെറ്റ് സംവിധാനം ലഭ്യമാകും.

ആശങ്കകൾ ഏറെ
വ്യോമമാർഗത്തിലൂടെയുള്ള വിവരവിനിമയത്തിന്റെ കുത്തക സ്റ്റാർലിങ്ക് പോലുള്ള, അമേരിക്കൻ താൽപര്യം സംരക്ഷിക്കുന്ന സ്ഥാപനത്തിന്റെ കെെവശമെത്തുമ്പോൾ, അതു നമ്മുടെ രാജ്യത്തിന്റെ സ്വതന്ത്രവും ജനാധിപത്യപരവുമായ പ്രവർത്തനങ്ങളെ എത്രത്തോളം ബാധിക്കും എന്ന ആശങ്കയാണ് ഉയർന്നിട്ടുള്ളത്. ഇന്ത്യയുടെ ടെലികോം മേഖലയിലേക്കും, തന്ത്രപരമായ ആശയവിനിമയ സംവിധാനത്തിലേക്കും അമേരിക്കൻ ഏജൻസികൾക്ക് കടന്നുകയറാനുള്ള വാതിലുകളാണ് സ്റ്റാർലിങ്കിന്റെ ഇവിടത്തെ പ്രവർത്തനം വഴി തുറക്കപ്പെടുന്നത് എന്നാണ് ഇതിനകം തന്നെ ഉയർന്നിട്ടുള്ള പ്രധാന ആശങ്ക. ഈ ആശങ്കകൾ ഗൗരവമായി കണക്കിലെടുത്ത്, സ്റ്റാർലിങ്കിനു നൽകിയ ലെെസൻസ് പിൻവലിക്കണമെന്ന് സിപിഐ എം ഇതിനകം തന്നെ ആവശ്യപ്പെട്ടിരിക്കുകയാണ്.

സ്റ്റാർലിങ്കിന്റെ പ്രവർത്തനങ്ങൾക്കായി ഇന്ത്യയുടെ നിർണായക അടിസ്ഥാന സൗകര്യങ്ങൾ അവർക്കു കെെമാറേണ്ടിവരും. ഇത് ഗുരുതരമായ സുരക്ഷാപ്രശ്നം സൃഷ്ടിക്കാനും സാധ്യതയുണ്ട്. സ്റ്റാർലിങ്കിന്റെ ഉപഗ്രഹങ്ങൾക്ക് ഭൂമിയിലെ ഇന്റർനെറ്റ് ശൃംഖലയുമായി ബന്ധപ്പെടുന്നതിന് എർത്ത് സ്റ്റേഷനുകൾ ഇന്ത്യ നൽകേണ്ടിവരും. എന്നാൽ മാത്രമേ വിദൂര മേഖലകളിൽ അതിവേഗ ഇന്റർനെറ്റ് ലഭ്യത ഉറപ്പാക്കാനാവൂ. സ്റ്റാർലിങ്കിലേക്കും സ്റ്റാർലിങ്കിൽനിന്ന് താഴ്ന്ന ഭൂമിയോടു ചേർന്നുള്ള ഭ്രമണപഥത്തിലേക്കും ഡാറ്റ കെെമാറാൻ പ്രവേശന കവാടങ്ങൾ നൽകേണ്ടതുണ്ട്. ഇത് സ്റ്റാർലിങ്കിനു നൽകിക്കഴിഞ്ഞാൽ, പിന്നെ അതു തിരിച്ചെടുക്കാനാവില്ലെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. സ്റ്റാർലിങ്കിന്റെ പ്രവർത്തനത്തിനാവശ്യമായ സ‍്പെക്ട്രം ടെലികോം ഡിപ്പാർട്ട്മെന്റ് അവർക്ക് നേരിട്ടു നൽകേണ്ടിവരും. ഇതിന്റെ വിതരണ രീതിയും, വിലയും സംബന്ധിച്ച കാര്യങ്ങൾ ഇതേവരെ തീരുമാനിച്ചിട്ടില്ല. ഇക്കാര്യങ്ങൾ ടെലികോം റെഗുലേറ്ററി അതോറിറ്റി (TRAI) പരിശോധിച്ചുവരുന്നതേയുള്ളൂ. ഇന്ത്യയിലെ പ്രാദേശിക ടെലികോം ഓപ്പറേറ്റർമാരായ ജിയോ, എയർടെൽ തുടങ്ങിയവയുമായി സ്റ്റാർലിങ്കിന് പങ്കാളിത്തം ഉറപ്പാക്കേണ്ടി വരും. ഇങ്ങനെ വരുമ്പോൾ രാജ്യത്തിന്റെ അമൂല്യമായ ബഹിരാകാശ വിഭവങ്ങൾ വിദേശസ്ഥാപനങ്ങളുടെ നിയന്ത്രണത്തിൽ അകപ്പെടുന്ന സ്ഥിതിയുണ്ടാകും. ഇതിനുപകരമായി നമ്മുടെ ഐഎസ്ആർഒയുടെ സേവനം പ്രയോജനപ്പെടുത്താൻ കഴിയുമായിരുന്നു എന്നും ഈ മേഖലയിലുള്ളവർ ചൂണ്ടിക്കാട്ടുന്നുണ്ട്. അതിവേഗ ഇന്റർനെറ്റ് ലഭ്യതയ്ക്കായി ടെലികോം വകുപ്പിനും, സെന്റർ ഫോർ ടെലിമാറ്റിക്-സിനും ഇതിനാവശ്യമായ ഉപകരണങ്ങൾ ഉണ്ടാക്കാവുന്നതേയുള്ളൂ. സ്റ്റാർലിങ്കിന്റെ പ്രവർത്തനം പൂർണാർഥത്തിൽ സജീവമാകുന്നതോടെ, നമ്മുടെ ടെലികോം വകുപ്പ് അപ്രസക്തമാകും.

ബഹിരാകാശം, അന്തരീക്ഷത്തിൽനിന്നുള്ള അവശിഷ്ടങ്ങൾ എന്നിവയെ ശക്തമായി സ്വാധീനിക്കാൻ സ്റ്റാർലിങ്കിന്റെ അതിവേഗ ഇന്റർനെറ്റ് സംവിധാനത്തിനു കഴിയും. ഭൗമരാഷ്ട്രീയ (Geopolitics)ത്തിൽ വരെ ഇതിന്റെ സ്വാധീനമുണ്ടാകും. ഇതിനകം തന്നെ പല രാജ്യങ്ങളിലും അവിടത്തെ ഇന്റർനെറ്റ് സ്വയംഭരണാവകാശത്തെ സ്റ്റാർലിങ്ക് ഹനിക്കുന്നതായി ആക്ഷേപമുണ്ട്. ശ്രീലങ്ക, ഉക്രെയ്ൻ, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങളാണ് ഇത്തരം ആശങ്കകൾ പങ്കുവയ്ക്കുന്നത്. ഉ ക്രെയ്ൻ സെെന്യത്തിന് യുദ്ധമുഖത്തെ ആശയവിനിമയങ്ങൾക്ക് പൂർണമായും ഇലോൺ മസ്കിനെ ആശ്രയിക്കേണ്ടി വന്നു എന്നാണവർ പരാതിപ്പെട്ടിട്ടുള്ളത്. ഭൗമരാഷ്ട്രീയം മാത്രമല്ല, സമ്പദ്ഘടന, രാഷ്ട്രീയ സാമൂഹ്യജീവിതം എന്നിവയെ നിർണയിക്കുന്ന പല കാര്യങ്ങളും വരെ ഇത്തരം വിദേശകമ്പനികൾ നിയന്ത്രിക്കുന്ന അവസ്ഥയിലേക്ക് എത്തിപ്പെടുന്നത് പല രാജ്യങ്ങ‍ളിലും പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ചില രാജ്യങ്ങൾ സ്റ്റാർലിങ്കിനെ നിരോധിച്ചിട്ടുമുണ്ട്. സിംബാബ്-വെ, സുഡാൻ, സെനഗൽ എന്നീ രാജ്യങ്ങളാണ് സ്റ്റാർലിങ്കിനെ നിരോധിച്ചിട്ടുള്ളത്. തായ്-വാനിൽ ഇന്റർനെറ്റ് സംവിധാനത്തിന്റെ പൂർണമായ ചുമതല വേണമെന്ന സ്റ്റാർലിങ്കിന്റെ ആവശ്യം തായ്-വാൻ ഗവൺമെന്റ് അംഗീകരിച്ചിട്ടില്ല. രാജ്യത്തെ ഇന്റർനെറ്റ് സേവനത്തിന്റെ 51 ശതമാനമെങ്കിലും അവിടത്തെ പ്രാദേശിക കമ്പനികൾക്കായിരിക്കണം എന്നതാണ് തായ്-വാനിലെ നിബന്ധന. ബ്രസീലിലെ പരമോന്നത നീതിപീഠം ഇലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള ഓൺലെെൻ പ്ലാറ്റ്ഫോമായ ‘എക്സി’ന് നിരോധനം ഏർപ്പെടുത്തിയതിനെ തുടർന്ന് സ്റ്റാർലിങ്കിന്റെ പ്രവർത്തനവും ഒഴിവാക്കാൻ അവിടത്തെ ടെലികോം അധികൃതർ തീരുമാനിച്ചിരിക്കുകയാണ്.

കെ ഫോണിനെ ബാധിക്കുമോ?
സംസ്ഥാന സർക്കാരിന്റെ അഭിമാനപദ്ധതിയായ കെ –ഫോണി (കേരളാ ഫെെബർ ഒപ്റ്റിക് നെറ്റ്-വർക്ക്)നെ ഏതെങ്കിലും തരത്തിൽ സ്റ്റാർ ലിങ്കിന്റെ പ്രവർത്തനം ബാധിക്കാനിടയുണ്ടോ എന്ന സംശയവും ഉയർന്നിട്ടുണ്ട്. കേരള സർക്കാരിന്റെ ഉടമസ്ഥതയിലുള്ള അതിവേഗ ഇന്റർനെറ്റ് സംവിധാനമാണ് കെ ഫോൺ. സംസ്ഥാനത്തെ എല്ലാവർക്കും, വിശേഷിച്ച് 20 ലക്ഷം ബിപിഎൽ കുടുംബങ്ങൾക്ക് അതിവേഗ ഇന്റർനെറ്റ് ലഭ്യത ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ 2021 ഫെബ്രുവരിയിൽ സംസ്ഥാന സർക്കാർ ആവിഷ്കരിച്ചതാണ് ഈ പദ്ധതി. കിഫ്ബിയുടെ സഹായത്തോടെ, ഈ പദ്ധതി നടപ്പാക്കിവരികയുമാണ്. കെഎസ്ഇബിയുടെ പ്രസരണ ലെെനാണ് ഇതിന് ഉപയോഗിക്കുന്നത്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് സൗജന്യ ഇന്റർനെറ്റ് നൽകുക, സർക്കാർ സ്ഥാപനങ്ങൾക്കും സ്കൂളുകൾക്കും അതിവേഗ ഇന്റർനെറ്റ് ലഭ്യത ഉറപ്പാക്കുക എന്നിവയാണ് ഇതിന്റെ ലക്ഷ്യങ്ങൾ. സ്റ്റാർലിങ്ക് പ്രവർത്തിച്ചുതുടങ്ങുമ്പോൾ, അത് കെ–ഫോൺ പദ്ധതിക്ക് വെല്ലുവിളി ഉയർത്താനിടയുണ്ട‍്. ഇത്തരമൊരു ഘട്ടത്തിൽ എന്തൊക്കെ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ കഴിയും എന്ന കാര്യം സംസ്ഥാന സർക്കാർ ആലോചിക്കേണ്ടതാണ്.

മർഡോക്കിന്റെ 
രണ്ടാം അവതാരമോ മസ്ക് ?
മാധ്യമമേഖലയിലെ ചക്രവർത്തി എന്നറിയപ്പെടുന്ന റൂപ്പർട്ട് മർഡോക്കിന്റെ പുനരവതാരമാണോ സ്റ്റാർ ലിങ്കിന്റെ ഉടമയായ ഇലോൺ മസ്ക് എന്ന രീതിയിൽ ചിന്തിക്കുന്നവരുണ്ട്. ആസ്ട്രേലിയയിൽ ജനിച്ച് ഇംഗ്ലണ്ടിലേക്കും, പിന്നീട് അമേരിക്കയിലേക്കും എത്തി, അമേരിക്കയിൽ ‘ന്യൂസ് കോർപറേഷൻ’ എന്ന മാധ്യമസാമ്രാജ്യം സ്ഥാപിച്ച് അമേരിക്കയിൽ മാത്രമല്ല, ലോകത്താകെ ആധിപത്യം സ്ഥാപിക്കാൻ ശ്രമിച്ചയാളാണ് മർഡോക്ക്. ലോകത്തെ എല്ലാ വൻകരകളിലുമുള്ള 150 ലേറെ രാജ്യങ്ങളിൽ മാധ്യമ സംവിധാനത്തിന്റെ എല്ലാ ശാഖകളും സ്ഥാപിച്ച് മാധ്യമ ചക്രവർത്തി എന്ന പേരു സ്വന്തമാക്കിയയാളാണ് മർഡോക്ക്. ഇങ്ങനെ മാധ്യമ വലവിരിച്ച് മർഡോക്ക് ലോകം കീഴടക്കാൻ ശ്രമിക്കുകയാണെന്നാണ് 1990കളിൽ മർഡോക്കിന്റെ എതിരാളികളായ മാധ്യമ മുതലാളിമാർ തന്നെ പറഞ്ഞിരുന്നത്.

എന്നാൽ, 21–ാം നൂറ്റാണ്ടായതോടെ മാധ്യമമേഖലയിലും വിസ്മയകരമായ മാറ്റങ്ങളുണ്ടായി. ഡിജിറ്റൽ സാങ്കേതികവിദ്യ എല്ലാ മാന്ത്രികതയോടെയും ആശയവിനിമയ രംഗം അടക്കിവാഴുന്ന സ്ഥിതിയായി. ഈ ഘട്ടത്തിലാണ് ദക്ഷിണാഫ്രിക്കയിൽ ജനിച്ച കാനഡ–അമേരിക്കക്കാരനായ വ്യവസായിയും എഞ്ചിനീയറുമായ ഇലോൺ മസ്കിന്റെ രംഗപ്രവേശം. ‘ടെസ്-ല മോട്ടോഴ്സ്’, സ്വകാര്യറോക്കറ്റ് വിക്ഷേപിച്ച് അത്ഭുതപ്പെടുത്തിയ ‘സ്പേസ് എക്സ്’ എന്നീ കമ്പനികളുടെ ഉടമസ്ഥനായ മസ്ക് 2018ലാണ് സ്റ്റാർലിങ്ക് കൊണ്ടുവരുന്നത്. ആറേഴു വർഷം കൊണ്ടുതന്നെ ലോകത്തെ മൂന്നിൽ രണ്ടു രാജ്യങ്ങളിലും മസ്ക് അതിവേഗ ഇന്റർനെറ്റ് ലഭ്യത ഉറപ്പാക്കുന്ന സ്റ്റാർ ലിങ്ക് പ്രവർത്തിപ്പിച്ചു തുടങ്ങി. എന്നു പറഞ്ഞാൽ, ഈ രാജ്യങ്ങളിലെ സാമൂഹ്യ–സാമ്പത്തിക ജീവിതത്തിന്റെ നിയാമക ഘടനയെ സ്വാധീനിക്കാൻ കഴിയുന്ന വിധത്തിൽ മസ്കിന്റെ അതിവേഗ ഇന്റർനെറ്റ് സംവിധാനം പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണ് എന്നർഥം.

2012ൽ ബിബിസി നടത്തിയ ഒരു പഠനത്തിൽ, 2020നുശേഷം ലോകം ഡിജിറ്റൽ ഡിസ്റപ്ഷനിലൂടെ കടന്നുപോകുമെന്ന് പ്രവചനാത്മകമായി കണ്ടെത്തിയിരുന്നു. ഡിജിറ്റൽ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള വിധ്വംസക പ്രവർത്തനങ്ങളെയാണ് ഡിജിറ്റൽ ഡിസ്റപ്ഷൻ എന്ന പദം കൊണ്ടുദ്ദേശിക്കുന്നത്. ഡിജിറ്റൽ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള വിധ്വംസക പ്രവർത്തനങ്ങൾ പല രാജ്യങ്ങളിലെയും സാമൂഹ്യജീവിതത്തെയും ഭരണസംവിധാനങ്ങളെയും വരെ ഭീതിയിലാഴ്-ത്തുന്ന സംഭവങ്ങളും ധാരാളമായി കണ്ടുവരുന്നുണ്ട്. ഇത്തരമൊരു പശ്ചാത്തലത്തിലാണ് അതിവേഗ ഇന്റർനെറ്റ് വ്യാപനത്തിന്റെ കുത്തക ഒരു അമേരിക്കൻ മുതലാളി സ്വന്തമാക്കുന്നത്. ഇത് എത്രത്തോളം നമ്മുടെ ആഭ്യന്തര സംവിധാനങ്ങളെയും സുരക്ഷിതത്വത്തെയും ബാധിക്കും എന്നത് കാണാനിരിക്കുന്നതേയുള്ളൂ. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

four × 2 =

Most Popular