Friday, June 13, 2025

ad

Homeആമുഖംആമുഖം

ആമുഖം

നുഷ്യരും വന്യമൃഗങ്ങളും തമ്മിലുള്ള സംഘർഷം പുതിയൊരു വിഷയമൊന്നുമല്ല. അത് എക്കാലത്തും, ചരിത്രാതീതകാലംമുതൽ തന്നെ നിലനിന്നിരുന്നു എന്നതാണ് വസ്തുത. അത് ഏതെങ്കിലും ഒരു പ്രദേശത്തോ രാജ്യത്തോ മാത്രമുള്ള പ്രശ്നവുമല്ല, ലോകത്തുടനീളം കണ്ടിരുന്ന, ഇപ്പോഴും നിലനിൽക്കുന്ന പ്രശ്നമാണ്. ഓരോ രാജ്യവും അവരവരുടേതായ സാഹചര്യങ്ങൾക്കനുസരിച്ചുള്ള പരിഹാരമാർഗങ്ങളും ഉണ്ടാക്കിയിട്ടുണ്ട്. ഇന്ത്യയിൽ 1972ലെ വന്യജീവി സംരക്ഷണനിയമത്തിലെ കർക്കശമായ വ്യവസ്ഥകൾ സംസ്ഥാനാടിസ്ഥാനത്തിൽ പ്രശ്നപരിഹാരത്തിനു തടസ്സമായി നിൽക്കുന്നു. കേരളത്തിൽ അടുത്ത കാലത്തായി വർധിച്ചുവരുന്ന വന്യമൃഗങ്ങളുടെ ആക്രമണത്തെ ഈ പശ്ചാത്തലത്തിലാണ് കാണേണ്ടത്. മാത്രമല്ല, കേരളത്തിൽ ഈ വിഷയത്തെ സംസ്ഥാനത്തെ എൽഡിഎഫ് സർക്കാരിനെതിരായ പ്രചരണായുധമായി കോൺഗ്രസും ബിജെപിയും ഉൾപ്പെടെയുള്ള വലതുപക്ഷ രാഷ്ട്രീയശക്തികളും അവയ്ക്കു വിടുപണി ചെയ്യുന്ന മാധ്യമങ്ങളും ഉപയോഗിക്കുകയാണെന്നതും കാണേണ്ടതുണ്ട്. ഈ വിഷയമാണ് ഈ ലക്കം കവർസ്റ്റോറി കെെകാര്യം ചെയ്യുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ, സിപിഐ എം പോളിറ്റ് ബ്യൂറോ അംഗം വിജൂ കൃഷ്ണൻ, ഇ പി ഇയരാജൻ, കെ രാംകുമാർ, മുഹമ്മദ് അൻവർ വെെ, ഡോ. എ വി രഘു എന്നിവരാണ് ഈ വിഷയത്തിന്റെ വിവിധ വശങ്ങൾ പ്രതിപാദിക്കുന്നത്.

വന്യമൃഗങ്ങളുടെ ആക്രമണത്തെ രാഷ്ട്രീയവൽക്കരിച്ച് മുതലെടുപ്പ് നടത്താൻ ശ്രമിക്കുന്നവർ 1972ലെ വന്യജീവി സംരക്ഷണ നിയമത്തെയോ 1976ലെ ഭരണഘടനാ ഭേദഗതിയിലൂടെ അതേവരെ സംസ്ഥാന വിഷയമായിരുന്ന വനസംരക്ഷണത്തെ കേന്ദ്രം കൺകറന്റ് പട്ടികയിൽപെടുത്തിയതിനെയോ കാണാൻ തയ്യാറാകുന്നില്ല. നിയമത്തിൽ അയവു വരുത്തണമെന്ന സംസ്ഥാന സർക്കാരിന്റെ ആവർത്തിച്ചുള്ള അഭ്യർഥനകൾക്ക് ചെവികൊടുക്കാത്ത മോദി സർക്കാരിന്റെ കേരളാവിരുദ്ധ നിലപാടിനെതിരെ ഒരക്ഷരംപോലും ഉരിയാടാത്തവരാണ് കേരളത്തിലെ എൽഡിഎഫ് സർക്കാരിനെതിരെ സദാ വാളോങ്ങിനിൽക്കുന്നത്.

2016ൽ ഹിമാചൽപ്രദേശിലെ റീസസ് കുരങ്ങുകളെ ക്ഷുദ്രജീവികളായി പ്രഖ്യാപിച്ച് അവയെ കൊല്ലുന്നതിന് പ്രത്യേകാനുമതി നൽകിയ അനുഭവം നമ്മുടെ മുന്നിലുണ്ട്. ബീഹാറിൽ നീലക്കാളകളുടെയും ഉത്തരാഖ‍ണ്ഡിൽ കാട്ടുപന്നികളുടെയും എണ്ണം ക്രമാതീതമായി വർധിച്ചപ്പോഴും അവയിൽ കുറച്ചെണ്ണത്തെ കൊന്നുകൊണ്ട് മനുഷ്യജീവനെയും മനുഷ്യരുടെ ഉപജീവനമാർഗത്തെയും സംരക്ഷിക്കുന്നതിന് 1972ലെ നിയമത്തിൽ കേന്ദ്ര സർക്കാർ ഇളവനുവദിച്ച ചരിത്രവുമുണ്ട്. എന്നാൽ ഇത്തരം ഇളവുകൾ അനുവദിച്ച ബിജെപി സർക്കാർ പക്ഷേ കേരളത്തോടും ഇവിടത്തെ ജനങ്ങളോടും ശത്രുതാപരമായ നിലപാടാണ് തുടരുന്നത്.

വന്യജീവി സംരക്ഷണത്തിന്റെ പേരിൽ ആദിവാസികളെയും വനങ്ങളുടെ ഓരങ്ങളിൽ പാർപ്പുറപ്പിച്ചിട്ടുള്ള മറ്റു ദരിദ്ര ജനവിഭാഗങ്ങളെയും ദ്രോഹിക്കുന്ന കേന്ദ്ര സർക്കാർ, കോർപ്പറേറ്റുകൾ വനമേഖലയിൽ ഖനികൾ തുറന്ന് കാടുകൊള്ളയടിക്കുന്നതിന് അനുകൂലമായി നിയമഭേദഗതി ചെയ്യാൻപോലും മടിക്കുന്നില്ല.

മനുഷ്യന്റെ ജീവനും സ്വത്തിനും ഹാനികരമായ കാട്ടുമൃഗങ്ങളെ ക്ഷുദ്ര ജീവികളായി പ്രഖ്യാപിക്കാനുള്ള അവകാശം സംസ്ഥാന സർക്കാരുകൾക്ക് നൽകുകയെന്ന കർഷകസംഘത്തിന്റെ ആവശ്യം ഈ പ്രശ്നത്തിന് പരിഹാരമുണ്ടാക്കാൻ പര്യാപ്തമായതാണ്. ക്രമാതീതമായി പെറ്റുപെരുകുന്ന വന്യമൃഗങ്ങളെ ശാസ്ത്രീയമായി കൊലപ്പെടുത്തി അവയിൽനിന്നുള്ള ആക്രമണങ്ങളിൽനിന്ന് മനുഷ്യജീവനെ രക്ഷിക്കണമെന്ന ആശയം അവികസിത, വികസ്വര രാജ്യങ്ങളിൽ മാത്രമല്ല യൂറോപ്പ് പോലെയുള്ള വികസിതപ്രദേശങ്ങളിലും നടപ്പാക്കപ്പെടുന്നുണ്ട്. ഇത്തരം ശാസ്ത്രീയമായ സമീപനം, ഒരേസമയം മനുഷ്യനെയും പ്രകൃതിയെയും സംരക്ഷിക്കുന്നതിന് അനിവാര്യമാണ്. എന്നാൽ, കേരളത്തിൽ രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുന്നവർ ഇക്കാര്യങ്ങളൊന്നും പരിഗണിക്കുന്നില്ല. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

eight − six =

Most Popular