Wednesday, March 4, 2026

ad

Homeകവര്‍സ്റ്റോറിമനുഷ്യ–വന്യമൃഗ സംഘർഷം കേരളത്തിന്റെ ആവശ്യങ്ങളെ അവഗണിക്കുന്ന മോദി സർക്കാർ

മനുഷ്യ–വന്യമൃഗ സംഘർഷം കേരളത്തിന്റെ ആവശ്യങ്ങളെ അവഗണിക്കുന്ന മോദി സർക്കാർ

പിണറായി വിജയൻ

ന്യജീവി ആക്രമണം തടയുന്നതിന് അടിയന്തര പ്രാധാന്യമാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ നല്‍കുന്നത്. 10 മിഷനുകള്‍ രൂപീകരിച്ച് പ്രവര്‍ത്തനങ്ങള്‍ നടത്തിവരികയാണ് സര്‍ക്കാര്‍. റിയല്‍ ടൈം മോണിട്ടറിംഗ്, പ്രൈമറി റെസ്പോണ്‍സ് ടീം, ട്രൈബല്‍ നോളജ്, ഫുഡ് ഫോഡര്‍ ആന്‍ഡ് വാട്ടര്‍, ബോണറ്റ് മക്കാക്ക്, വൈല്‍ഡ് പിഗ്, സര്‍പ്പ, നോളജ്, സോളാര്‍ ഫെന്‍സിംഗ്, സെന്‍സിറ്റൈസേഷന്‍ ടു പബ്ലിക് തുടങ്ങിയ മിഷനുകളാണ് രൂപീകരിച്ചിട്ടുള്ളത്. 36 ഫോറസ്റ്റ് ഡിവിഷനുകളിലായി എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്ററുകള്‍ രൂപീകരിച്ചു. ഇവയുടെ ശാക്തീകരണത്തിനായി മൂന്നേമുക്കാല്‍ കോടി രൂപ അനുവദിച്ചു. ജനജാഗ്രതാ സമിതികള്‍ രൂപീകരിച്ചു. നിലവില്‍ 280 എണ്ണം പ്രവര്‍ത്തിച്ചുവരുന്നു.

കഴിഞ്ഞ 4 വര്‍ഷങ്ങളിലായി സോളാര്‍വേലി നിര്‍മ്മിക്കുന്നതിന് 8 കോടി രൂപയും സോളാര്‍ തൂക്കുവേലി നിര്‍മ്മിക്കുന്നതിന് 3.67 കോടി രൂപയും ആനക്കിടങ്ങും ആന പ്രതിരോധ മതിലും നിര്‍മ്മിക്കുന്നതിന് രണ്ടര കോടി രൂപയും ഉള്‍പ്പെടെ വിവിധ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി 15 കോടി രൂപയാണ് ചെലവഴിച്ചത്. കഴിഞ്ഞ അഞ്ചു വര്‍ഷക്കാലയളവില്‍, 34,000 പേര്‍ക്ക് 55 കോടി രൂപയാണ് നഷ്ടപരിഹാരമായി ലഭ്യമാക്കിയത്. എല്ലാ ജില്ലകളിലും വന സൗഹൃദസദസ്സ് എന്ന പേരില്‍ അദാലത്തുകള്‍ നടത്തി. വന്യജീവി ആക്രമണങ്ങള്‍ അറിയിക്കുന്നതിനായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്‍പ്പ് ലൈന്‍ സജ്ജമാക്കി.

വന്യജീവികളുടെ ആക്രമണത്തില്‍ ആളുകള്‍ക്കും വളര്‍ത്തുമൃഗങ്ങള്‍ക്കും ജീവന്‍ നഷ്ടപ്പെടുന്നത് ചെറുക്കാന്‍ സംസ്ഥാന സര്‍ക്കാരിന് ചെയ്യാന്‍ കഴിയുന്ന കാര്യങ്ങളില്‍ ചില പരിമിതികളുണ്ട്. അതിനു കാരണമാകുന്നത് 1972 ലെ കേന്ദ്ര വന്യജീവി സംരക്ഷണ നിയമമാണ്. ഭരണഘടനയുടെ 252–ാം അനുച്ഛേദപ്രകാരം പാര്‍ലമെന്റ് പാസ്സാക്കിയിട്ടുള്ള ഈ നിയമത്തില്‍ ഭേദഗതി വരുത്താന്‍ സംസ്ഥാന സര്‍ക്കാരിനു കഴിയില്ല. ഈ നിയമപ്രകാരമുള്ള നടപടിക്രമങ്ങള്‍ പാലിക്കേണ്ടി വരുന്നതുകൊണ്ടാണ് പലപ്പോഴും മയക്കുവെടി വെക്കാനുള്ള ഉത്തരവ് പുറപ്പെടുവിക്കുന്ന കാര്യത്തില്‍ പോലും കാലതാമസം നേരിടുന്നത്.

കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്ന കേരളത്തിന്റെ ആവശ്യം പരിഗണിക്കാന്‍ പോലും കേന്ദ്ര സര്‍ക്കാര്‍ തയ്യാറായിട്ടില്ല. 2015 ല്‍ ബീഹാറില്‍ കൃഷിനാശം വരുത്തുന്ന നീലക്കാളകളെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കാന്‍ കേന്ദ്ര സര്‍ക്കാരിനു വിഷമമുണ്ടായിരുന്നില്ല. 2016 ല്‍, ഉത്തരാഖണ്ഡില്‍ കാട്ടുപന്നികളെ ക്ഷുദ്രജീവികളായി പ്രഖ്യാപിക്കാനുള്ള അനുമതിയും നല്‍കിയിരുന്നു. ഇതേ കേന്ദ്ര സര്‍ക്കാര്‍ തന്നെയാണ് കേരള സര്‍ക്കാരിന്റെ ആവശ്യങ്ങള്‍ നിരസിക്കുന്നത്. ജനസാന്ദ്രതയും വനസാന്ദ്രതയും കൂടുതലുള്ള കേരളത്തില്‍ വന്യജീവി ആക്രമണങ്ങള്‍ ലഘൂകരിക്കുന്നതിനുള്ള പദ്ധതികള്‍ നടപ്പാക്കുന്നതിനായി പ്രത്യേക പാക്കേജ് വേണമെന്ന് കേരളം ആവശ്യപ്പെട്ടിട്ടും കേന്ദ്രം അത് ചെവിക്കൊള്ളാന്‍ തയ്യാറായിട്ടില്ല. ഇതുപോലുള്ള കേരളത്തിന്റെ ആവശ്യങ്ങള്‍ക്കൊപ്പം നില്‍ക്കാന്‍ യുഡിഎഫോ ഇവിടുത്തെ ബിജെപിയോ തയ്യാറായിട്ടുമില്ല.

വന നിയമവുമായി ബന്ധപ്പെട്ട് പൊതുജനങ്ങളെ ബുദ്ധിമുട്ടിച്ച എല്ലാ നിയമ നിര്‍മ്മാണങ്ങള്‍ക്കും നേതൃത്വം നല്‍കിയത് കോണ്‍ഗ്രസ്സാണ്. ഭരണത്തിലിരുന്ന ഘട്ടത്തിലെല്ലാം അശാസ്ത്രീയമായ വന നിയമങ്ങള്‍ കൊണ്ടുവന്ന് മലയോര ജനതയെ ബുദ്ധിമുട്ടിച്ചവരാണ് കോണ്‍ഗ്രസ്സുകാർ. പതിച്ചുകിട്ടിയ ഭൂമി കൈമാറ്റം ചെയ്യാന്‍ പാടില്ല, പട്ടയം ലഭിക്കുന്ന വരുമാനപരിധി ഒരു ലക്ഷമാക്കി നിജപ്പെടുത്തുക എന്നിങ്ങനെയുള്ള നിയമനിര്‍മ്മാണങ്ങള്‍ക്ക് നേതൃത്വം നല്‍കിയതും കോണ്‍ഗ്രസ്സ് സര്‍ക്കാരുകളാണ്.

2011 ലെ യുഡിഎഫ് സര്‍ക്കാരിന്റെ കാലഘട്ടത്തില്‍ മലയോര ജനതയെ കയ്യേറ്റക്കാരായി ചിത്രീകരിച്ചുകൊണ്ട് മുന്നോട്ടുവന്ന യുഡിഎഫ് എംഎല്‍എമാര്‍ക്ക് നേതൃത്വം നല്‍കിയത് ഇന്നത്തെ പ്രതിപക്ഷ നേതാവാണ്. അന്ന് കേന്ദ്ര മന്ത്രിയായിരുന്ന ജയറാം രമേശിന്റെ നേതൃത്വത്തില്‍ പശ്ചിമഘട്ട സംരക്ഷണം എന്ന പേരില്‍ നിര്‍ബന്ധിത കുടിയിറക്കത്തിന് ചുക്കാന്‍ പിടിച്ചതും ഇതേ പ്രതിപക്ഷ നേതാവാണ്. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ നിയമസഭാ സമിതി യോഗം ചേര്‍ന്ന് ബഫര്‍സോണ്‍ വിസ്തീര്‍ണം 10 കിലോമീറ്ററാക്കി മാറ്റണമെന്ന് ആവശ്യപ്പെട്ടു. ആ ഘട്ടത്തില്‍ മലയോര ജനതയ്ക്കൊപ്പം നിലയുറപ്പിച്ച രാഷ്ട്രീയ പ്രസ്ഥാനങ്ങളെയും സമുദായ നേതാക്കളെയും അധിക്ഷേപിക്കാനാണ് ഇന്നത്തെ പ്രതിപക്ഷ നേതാവും കൂട്ടരും തയ്യാറായത്.

മലയോര ജനതയെ ആശങ്കയിലാക്കിയ ജനവിരുദ്ധ വനനിയമങ്ങള്‍ കൂടാതെ ഇന്നും മലയോര ജനത ആശങ്കയോടെ കാണുന്ന പല റിപ്പോര്‍ട്ടുകളും ബഫര്‍സോണ്‍ പ്രതിസന്ധിയുമെല്ലാം കോണ്‍ഗ്രസ്സ് സര്‍ക്കാരുകളുടെ സൃഷ്ടികളാണ്. മലയോര ജനതയെ എന്നും കരുതലോടെ കണ്ടത് ഇടതുപക്ഷം തന്നെയാണ്. അതിന്റെ പ്രത്യക്ഷ ഉദാഹരണമാണ് ഭൂപതിവ് ചട്ടത്തിലുണ്ടായ ഭേദഗതി. അത് വെറുതെ ഉണ്ടായി വന്നതല്ല. കൃത്യമായ വീക്ഷണത്തിന്റെ അടിസ്ഥാനത്തില്‍ രൂപപ്പെടുത്തിയതാണ്. 2021 ലെ പ്രകടന പത്രികയിലെ 380–ാമത്തെ ഉറപ്പായിരുന്നു ഭൂപതിവ് ചട്ടത്തിന്റെ ഭേദഗതി. അത് പാലിക്കപ്പെട്ടു. അതിലൂടെ മലയോര മേഖലയിലെ അത്യന്തം സങ്കീര്‍ണമായ ഭൂപ്രശ്നങ്ങള്‍ക്കു പരിഹാരമുണ്ടാവുകയാണ്.

വന്യജീവി ആക്രമണങ്ങള്‍ കുറയ്ക്കാനുള്ള നടപടികള്‍ സ്വീകരിക്കുകയാണ് കേരള സര്‍ക്കാര്‍. കേരള നിയമസഭ പ്രമേയം പാസ്സാക്കിയിട്ടുപോലും കേന്ദ്രം ഇക്കാര്യം പരിഗണിക്കുന്നില്ല. കേരളത്തില്‍ നിന്നുള്ള യുഡിഎഫ് എം പിമാര്‍ ഈ വിഷയത്തില്‍ പാര്‍ലമെന്റില്‍ കൃത്യമായ ഇടപെടലുകളൊന്നും നടത്തുന്നില്ല. ഭരണത്തിലിരുന്നപ്പോള്‍ മലയോര ജനതയെ നിത്യദുഃഖത്തിലേക്കും ദുരിതത്തിലേക്കും തള്ളിവിട്ടുകൊണ്ട് നിരാലംബരും ഭൂരഹിതരുമാക്കി മാറ്റാന്‍ നേതൃത്വം കൊടുത്തതാര്? മലയോര ജനതയ്ക്ക് ഭൂമിയും പട്ടയവും നല്‍കി അവരെ സംരക്ഷിച്ചതാര്? ഇത് ജനം തിരിച്ചറിയുന്നുണ്ട്. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

12 + seven =

Most Popular