Sunday, November 16, 2025

ad

Homeനിരീക്ഷണംസമഗ്ര ഗുണമേന്മാ വിദ്യാഭ്യാസപദ്ധതി കേരളവിദ്യാഭ്യാസത്തിന് 
പുതിയ കരുത്താകും

സമഗ്ര ഗുണമേന്മാ വിദ്യാഭ്യാസപദ്ധതി കേരളവിദ്യാഭ്യാസത്തിന് 
പുതിയ കരുത്താകും

രാജേഷ് എസ് വള്ളിക്കോട്

പൊതുവിദ്യാഭ്യാസ രംഗത്ത് സമാനതകളില്ലാത്ത മുന്നേറ്റമാണ് കഴിഞ്ഞ ഒൻപത് വർഷമായി കേരളത്തിൽ നടക്കുന്നത്. ഭൗതികവും അക്കാദമികവുമായ സാഹചര്യങ്ങൾ മെച്ചപ്പെടുത്തിക്കൊണ്ട്- പൊതുവിദ്യാലയങ്ങളിലെ എത്തുന്ന എല്ലാ കുട്ടികൾക്കും മികച്ച വിദ്യാഭ്യാസം ഉറപ്പാക്കുന്നതിൽ ഏറെ മുന്നോട്ടു പോകുവാൻ നമുക്കു കഴിഞ്ഞിട്ടുണ്ട്. സംസ്ഥാന സർക്കാർ, പ്രാദേശിക ഭരണസമിതികളെയും ജനങ്ങളെയും അണിനിരത്തിയാണ് ഈ മുന്നേറ്റം സാധ്യമാക്കിയത്. പൊതുവിദ്യാഭ്യാസത്തെക്കുറിച്ച് കേരളീയ പൊതുബോധത്തിലുണ്ടായിരുന്ന ഒട്ടേറെ വിശ്വാസങ്ങളെ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ബാനറിൽ സർക്കാർ നടത്തിയ ഇടപെടലുകൾ പൊളിച്ചെഴുതി. പൊതുവിദ്യാലയങ്ങളിലെത്തുന്ന കുട്ടികളുടെ എണ്ണത്തിൽ വലിയ വർദ്ധനവ് രേഖപ്പെടുത്തി. മികച്ച സൗകര്യങ്ങളും പഠനാന്തരീക്ഷവും ഉറപ്പാക്കിയതിലൂടെയാണ് ഈ നേട്ടം കൈവരിച്ചത്.

എന്നാൽ, ഭൗതികവും അക്കാദമികവുമായ വളർച്ചക്കൊപ്പം, ഓരോ കുട്ടിയുടെയും കഴിവുകൾ പരിഗണിച്ച് അവർക്കുവേണ്ട പിന്തുണ നൽകുന്നതിൽ ഇനിയും മുന്നേറാനുണ്ട്. ചിലപ്പോഴൊക്കെ മാധ്യമങ്ങളിൽ വരുന്ന ഒറ്റപ്പെട്ട സംഭവങ്ങളെ പെരുപ്പിച്ചു കാണിച്ച് പൊതുവിദ്യാഭ്യാസ മേഖലയെക്കുറിച്ച് തെറ്റിദ്ധാരണകൾ പ്രചരിപ്പിക്കാനുള്ള ശ്രമം നടക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ ഇത് ഓരോ കുട്ടിക്കും വ്യക്തിഗത ശ്രദ്ധ നൽകേണ്ടതിന്റെ പ്രാധാന്യം വർദ്ധിക്കുന്നു. ഒറ്റപ്പെട്ട സംഭവങ്ങളെ പർവതീകരിച്ച് പൊതുവിദ്യാഭ്യാസ മേഖലയെ ആക്രമിക്കാൻ തുനിയുന്ന സാഹചര്യത്തിൽ ഏറെ പ്രസക്തമാണ്. എല്ലാ രക്ഷിതാക്കളും തങ്ങളുടെ കുട്ടികളുടെ വിദ്യാഭ്യാസം മികവുറ്റതാകണമെന്ന് ആഗ്രഹിക്കുന്നു. പൊതുനേട്ടങ്ങളേക്കാൾ അവർ തങ്ങളുടെ കുട്ടികളുടെ വ്യക്തിപരമായ നേട്ട–കോട്ടങ്ങളെ താരതമ്യപ്പെടുത്തിയാണ് വിദ്യാലയങ്ങളെ വിലയിരുത്തുന്നത്. ഓരോ കുട്ടിയെയും പരിഗണിച്ചുകൊണ്ടുള്ള വിദ്യാഭ്യാസനേട്ടം കെെവരിക്കാൻ പൊതുവിദ്യാലയങ്ങൾക്കു ഇനിയും ഒരുപാട് മുന്നോട്ട് പോകേണ്ടതുണ്ട്. എല്ലാ കുട്ടികൾക്കും ഒരേപോലെ ഗുണമേന്മയുള്ള വിദ്യാഭ്യാസം നൽകുന്നതിന് കൂടുതൽ ശ്രദ്ധയും പ്രവർത്തനങ്ങളും ആവശ്യമാണ്. ഓരോ കുട്ടിയുടെയും കഴിവുകൾ കണ്ടെത്തി അവർക്കു വേണ്ട സഹായം നൽകുന്നതിലൂടെ ഈ രംഗത്ത് നമുക്ക് കൂടുതൽ മുന്നേറാൻ കഴിയും. അതിനായി പുതിയ പ്രവർത്തന പരിപാടികളും, നിലവിലുള്ളവയുടെ മെച്ചപ്പെടുത്തലും അനിവാര്യമാണ്.

ഈ പൊതു ലക്ഷ്യം മുൻനിർത്തിയാണ് കേരള സർക്കാർ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന സമഗ്ര ഗുണമേന്മാ വിദ്യാഭ്യാസ പദ്ധതി. പേര് സൂചിപ്പിക്കുന്നതുപോലെ, വിദ്യാഭ്യാസത്തിന്റെ എല്ലാ മേഖലകളിലും സമഗ്രമായ, അതായത് ഒരു കുട്ടി പോലും പിന്നോട്ടുപോകാത്ത വിധത്തിലുള്ള, ഗുണമേന്മ ഉറപ്പാക്കുക എന്നതാണ് ലക്ഷ്യം. എല്ലാ പൊതുവിദ്യാലയങ്ങളെയും പരിഗണിച്ച്, ഓരോ കുട്ടിയെയും ഒരു യൂണിറ്റായി കണക്കാക്കിയാണ് ഈ പദ്ധതിയുടെ പ്രവർത്തനങ്ങൾ. അങ്ങനെ ഓരോ കുട്ടിക്കും വ്യക്തിപരമായ ശ്രദ്ധ ഉറപ്പാക്കുകയും ഇതുവഴി മികച്ച നേട്ടങ്ങൾ കെെവരിക്കാനും പഠനപരവും വ്യക്തിപരവുമായ പ്രശ്നങ്ങൾ പരിഹരിക്കാനും പദ്ധതി ലക്ഷ്യം വെയ്ക്കുന്നു.

വിദ്യാഭ്യാസരംഗത്ത് സ്കൂൾ പ്രായത്തിലുള്ള എല്ലാ കുട്ടികളെയും ക്ലാസ് മുറികളിലെത്തിക്കാനും, അവർക്കെല്ലാം ആവശ്യമായ അധ്യാപകരെ ലഭ്യമാക്കാനും കഴിഞ്ഞ സംസ്ഥാനമാണ് കേരളം. ഈ നേട്ടത്തിനനുസരിച്ച് കുട്ടികളിൽ പഠനമികവുകൾ ഉണ്ടാകാൻ കൂടുതൽ ലക്ഷ്യബോധത്തോടെ പ്രവർത്തിക്കേണ്ടതുണ്ട്. ഓരോ കുട്ടിയുടെയും പഠനരീതി, പഠന വേഗത, വീട്ടിലെ അന്തരീക്ഷം, സാമൂഹ്യ സാഹചര്യം, ശാരീരിക-–മാനസിക അവസ്ഥകൾ എന്നിവ വ്യത്യസ്തമാണ്. ഈ വ്യത്യാസങ്ങൾ മനസ്സിലാക്കി ഓരോ കുട്ടിയെയും വിദ്യാഭ്യാസ പ്രവർത്തനങ്ങളിൽ ഉൾപ്പെടുത്താൻ കഴിയുമ്പോഴാണ് വിദ്യാഭ്യാസത്തിൽ സാമൂഹ്യനീതി കൈവരിക്കാനാവുക.

വ്യത്യസ്ത സാഹചര്യങ്ങളിൽ നിന്നും വരുന്ന കുട്ടികൾ നമ്മുടെ ക്ലാസ് മുറികളിലുണ്ട്. അതുകൊണ്ടുതന്നെ അവരെ പരിഗണിച്ച് വിദ്യാഭ്യാസ പ്രവർത്തനങ്ങളൊരുക്കുമ്പോൾ, ഈ കുട്ടികൾക്ക് പ്രത്യേക ശ്രദ്ധയും പരിഗണനയും ലഭിക്കുന്നുവെന്ന് ഉറപ്പാക്കേണ്ടതുണ്ട്. ഇതിനായി ഓരോ കുട്ടിയിലും അന്തർലീനമായിരിക്കുന്ന കഴിവുകൾ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടപ്പാക്കും,ഒന്ന് മുതൽ പന്ത്രണ്ട് വരെ ക്ലാസ്സുകളിലെ കുട്ടികളെ ലക്ഷ്യമിട്ടുകൊണ്ട്, വിദ്യാഭ്യാസ രംഗത്തെ എല്ലാ ഏജൻസികളെയും കൂട്ടിയോജിപ്പിച്ച് സമഗ്ര ഗുണമേന്മാ വിദ്യാഭ്യാസ പരിപാടി നടപ്പിലാക്കും.

ഇതിനായി അക്കാദമിക പ്രവർത്തനങ്ങളുടെ കാര്യക്ഷമത വർദ്ധിപ്പിക്കാനും ഗുണമേന്മ ഉറപ്പാക്കാനും പ്രവർത്തന പരിപാടികളുണ്ടാകും. വിലയിരുത്തൽ രീതി ഇതിനെ ശാസ്ത്രീയമായി പരിഷ്കരിക്കും. ഇതുവഴി ലഭ്യമാകുന്ന ഫലത്തെ അടിസ്ഥാനമാക്കി ഓരോ കുട്ടിക്കും ആവശ്യമായ പഠന പിന്തുണ ഉറപ്പുവരുത്തും. പുതിയ സാങ്കേതികവിദ്യകൾ രൂപപ്പെടുത്തി അക്കാദമിക പ്രവർത്തനങ്ങളും വിശിഷ്യാ നിരന്തരവിലയിരുത്തലും അധ്യാപക- – വിദ്യാർത്ഥി സൗഹൃദമാക്കും. ആക്ഷൻ റിസർച്ചടക്കമുള്ള ഗവേഷണ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തും. വിദ്യാഭ്യാസ രംഗത്തെ വ്യത്യസ്ത ഏജൻസികളുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനൊപ്പം ഇതര വകുപ്പുകൾ ,പി ടി എ, എം പി ടി എ, സ്കൂൾ വികസന സമിതികൾ, പൂർവവിദ്യാർഥി അധ്യാപക സംഘടനകൾ എന്നിവയുടെ സഹകരണവും പിന്തുണയുമുറപ്പാക്കിയാണ് സമഗ്രഗുണമേന്മാ വിദ്യാഭ്യാസപരിപാടി നടപ്പിലാക്കുന്നത്.

പാഠ്യപദ്ധതി മുന്നോട്ടുവച്ചിട്ടുള്ള പഠന ലക്ഷ്യം എല്ലാ കുട്ടികൾക്കും ഉറപ്പാക്കുന്നതിനാവശ്യമായ സാഹചര്യം പൊതുവിദ്യാലയങ്ങളിലുറപ്പാക്കുകയെന്നതാണ് സമഗ്രഗുണമേന്മാ വിദ്യാഭ്യാസ പരിപാടിയുടെ പ്രധാന ലക്ഷ്യം. ഇതുവഴി കുട്ടികളെ ശാസ്ത്രീയമായി വിലയിരുത്തുന്നതിനൊപ്പം അവർക്ക് സ്വയം വിലയിരുത്തലുകൾ നടത്തി മുന്നേറുന്നതിനും നിരന്തരമായി മെച്ചപ്പെടുന്നതിനും ആവശ്യമായ പിന്തുണ വിദ്യാലയങ്ങളിലുറപ്പാക്കും.

ഓരോ കുട്ടിയെയും ഓരോ യൂണിറ്റായി പരിഗണിച്ചുകൊണ്ടുള്ള വ്യക്തിഗത മാസ്റ്റർ പ്ലാൻ ലക്ഷ്യം വെച്ചുകൊണ്ട് വിദ്യാലയ അക്കാദമികമാസ്റ്റർ പ്ലാനുകൾ നവീകരിക്കും. ഉദാഹരണത്തിന്, ഒരു കുട്ടിക്ക് ഗണിതത്തിൽ പ്രത്യേക പിന്തുണ വേണമെങ്കിൽ, ആ കുട്ടിക്കായി മാത്രം ഒരു പഠന പദ്ധതി തയ്യാറാക്കുകയും അത് നടപ്പാക്കി പുരോഗതി തുടർച്ചയായി നിരീക്ഷിക്കുകയും ചെയ്യും. വ്യക്തി വ്യത്യാസമുൾക്കൊണ്ട് പഠനതന്ത്രങ്ങൾ ആവിഷ്കരിച്ചു നടപ്പിലാക്കുന്നതിനായി അധ്യാപകർക്ക് ആവശ്യമായ പിന്തുണ ഉറപ്പാക്കലും ഈ പദ്ധതിയുടെ ലക്ഷ്യമാണ്.

സ്കൂൾറിസോഴ്സ് ഗ്രൂപ്പുകൾ,സ്കൂൾ ജനകീയ സമിതികൾ എന്നിവയുടെ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുക, രക്ഷാകർതൃ,എന്നതും സമൂഹ വിദ്യാഭ്യാസ പരിപാടികൾ കാര്യക്ഷമമാക്കുകയെന്നതും പദ്ധതി മുന്നോട്ട!വയ്ക്കുന്ന ലക്ഷ്യമാണ്.

അക്കാദമിക പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തി ഗുണമേന്മ ഉറപ്പുവരുത്തുവാനും കുട്ടികളുടെ പഠന നിലവാരം ഉയർത്താനും സ്കൂളുകളിൽ മികച്ച പഠനാന്തരീക്ഷം സൃഷ്ടിച്ചു മുന്നേറാനും ഈ പദ്ധതി പ്രത്യേക പ്രവർത്തനങ്ങൾ ആവിഷ്കരിച്ച് നടപ്പാക്കും. സംസ്ഥാനത്തെ എല്ലാ വിദ്യാലയങ്ങളിലും മൂന്നു മുതൽ 9 വരെ ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർഥികളെ ഉൾപ്പെടുത്തിക്കൊണ്ട് സ്റ്റേറ്റ് അച്ചീവ്മെന്റ് സർവേയും പദ്ധതിയുടെ ഭാഗമാണ്. പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികളെ ലക്ഷ്യമാക്കി സ്കൂളുകളും പിന്നാക്കം നിൽക്കുന്ന സ്കൂളുകളെ ലക്ഷ്യമാക്കി പഞ്ചായത്ത്–ജില്ലാതല അക്കാദമിക സമിതികളും സഹായം ഒരുക്കും. റിസോഴ്സ് ഗ്രൂപ്പുകൾ, സബ്ജക്ട് കൗൺസിലുകൾ എന്നിവയുടെ യോഗങ്ങൾ അക്കാദമിക പ്രശ്നപരിഹാരത്തിനുള്ള ആസൂത്രണവേദിയാക്കി മാറ്റുവാൻ നടപടികളുണ്ടാകും. ഈ യോഗങ്ങളിലെ തീരുമാനങ്ങൾ സമഗ്ര പ്ലസിൽ ഓൺലൈനായി രേഖപ്പെടുത്തുവാൻ വിദ്യാലയങ്ങൾക്ക് അവസരമുണ്ടാകും. ഈ ഓൺലൈൻ പ്ലാറ്റ്ഫോം കുട്ടികളുടെ പഠന പുരോഗതി, അധ്യാപകരുടെ വിലയിരുത്തലുകൾ, ആവശ്യമായ പിന്തുണ എന്നിവ രേഖപ്പെടുത്താനും പങ്കുവെക്കാനും സഹായിക്കും.പാഠ്യ പദ്ധതി ലക്ഷ്യം വെക്കുന്ന രീതിയിൽ ഓരോ ക്ലാസിലും / വിഷയത്തിലും കുട്ടികൾ ആർജിക്കേണ്ട പഠന ലക്ഷ്യങ്ങൾ സംബന്ധിച്ച രേഖ തയ്യാറാക്കി സഹിതം പോർട്ടൽ വഴി നൽകും. ഈ പോർട്ടൽ വഴി, ഓരോ ക്ലാസിലെയും ഓരോ വിഷയത്തിലെയും പഠന ലക്ഷ്യങ്ങൾ വ്യക്തമായി ലഭിക്കും. ഇത് അധ്യാപകർക്കും രക്ഷിതാക്കൾക്കും കുട്ടികൾക്കും പഠനത്തിൽ വ്യക്തമായ ദിശാബോധം നൽകും. വിലയിരുത്തലിന്റെ ഭാഗമായി കുട്ടികളുടെ നില നിർണയിച്ച് അധ്യാപകർ സഹിതത്തിൽ രേഖപ്പെടുത്തണം. ഈ അധ്യായന വർഷം എട്ടാം ക്ലാസിലും തുടർന്നുള്ള വർഷങ്ങളിൽ ഒമ്പത്,പത്ത് ക്ലാസുകളിലും എഴുത്തു പരീക്ഷയിൽ മിനിമം മാർക്ക് നേടാത്ത കുട്ടികൾക്കായി പ്രത്യേക പഠനപിന്തുണ പരിപാടി നടപ്പാക്കും. പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികളുടെ പഠനനിലവാരമുറപ്പാക്കുവാൻ പ്രത്യേക പ്രവർത്തനങ്ങളുണ്ടാവും. എൻട്രൻസ് പരീക്ഷ എഴുതുവാൻ താല്പര്യമുള്ള കുട്ടികൾക്കായി ഹയർ സെക്കൻഡറി ഭാഗവും കൈറ്റും ചേർന്നുനടത്തുന്ന ഓൺലൈൻ പഠന പരിശീലന പരിപാടികളിൽ കുട്ടികളുടെ പങ്കാളിത്തമുറപ്പാക്കും.

എല്ലാ പഠിതാക്കളും പഠനലക്ഷ്യങ്ങൾ ആർജിക്കുന്ന തരത്തിൽ പഠനപ്രവർത്തനങ്ങളെ നിരന്തരം പുതുക്കി, പഠനപിന്തുണ നൽകും. നിരന്തരമായി അതിനെ വിലയിരുത്തുന്ന രീതിയിൽ മൂല്യനിർണയ രീതിശാസ്ത്രം കാര്യക്ഷമമാക്കുവാൻ പദ്ധതി ലക്ഷ്യമിടുന്നു. എല്ലാ കുട്ടികൾക്കും സമഗ്രപഠന പുരോഗതി രേഖ തയ്യാറാക്കി നൽകും. പരിഷ്കരിക്കുന്ന മൂല്യനിർണയ രീതി ശാസ്ത്രം അധ്യാപകരെ പരിചയപ്പെടുത്തുന്നതിനും ചോദ്യപേപ്പർ നിർമ്മാണത്തിൽ എല്ലാ അധ്യാപകരുടെയും പങ്കാളിത്തം ഉറപ്പാക്കുന്നതിനും ഈ പദ്ധതിയിലൂടെ കഴിയും. സാങ്കേതികവിദ്യാ സൗഹൃദമായ പഠനാന്തരീക്ഷം കൂടുതൽ ഊർജസ്വലമാക്കും.

നിരന്തര വിലയിരുത്തൽ കാര്യക്ഷമമാക്കൽ,സാങ്കേതികവിദ്യാസഹായത്തോടെ അധ്യാപകരെ പരിവർത്തനം ചെയ്യൽ,പഠനത്തിന് സാങ്കേതിവിദ്യയുടെ ഉപയോഗം എത്രമാത്രമുണ്ട് എന്ന് പരിശോധിക്കുക എന്നിവയെല്ലാം സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമാണ്. പദ്ധതി പ്രാവർത്തികമാക്കുന്നതിന് ഔദ്യോഗിക സംവിധാനങ്ങളെ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി വിദ്യാഭ്യാസ വകുപ്പിലെ എല്ലാ ഉദ്യോഗസ്ഥർക്കും ശാക്തീകരണ പരിപാടികൾ സംഘടിപ്പിക്കും. സമഗ്ര ഗുണമേന്മാ പദ്ധതി കാര്യക്ഷമമാക്കുന്നതിനായി സംസ്ഥാനതലം മുതൽ സ്കൂൾതലം വരെ മാസത്തിൽ ഒരു തവണയെങ്കിലും യോഗം ചേർന്ന് വിലയിരുത്തൽ നടത്തും.

സമഗ്ര ഗുണമേന്മാ വിദ്യാഭ്യാസ പദ്ധതി, കേരളത്തിലെ പൊതുവിദ്യാഭ്യാസ രംഗത്തെ നേട്ടങ്ങൾ പരിഹരിച്ച് നിലനിർത്തിക്കൊണ്ട് പോരായ്മകളെ ഇല്ലാതാക്കി മാതൃകയായ വിദ്യാഭ്യാസ സംവിധാനം രൂപപ്പെടുത്തുവാനുള്ള ഇടപെടലാണ് മുന്നോട്ടുവയ്ക്കുന്നത്. ഈ പദ്ധതിയുടെ വിജയത്തിന് അധ്യാപകരുടെയും സമൂഹത്തിന്റെയും മികച്ചപങ്കാളിത്തമാണ് പരമപ്രധാനം. ഒരു കുട്ടിയെ ഒരു യൂണിറ്റായി കണ്ടുകൊണ്ടുള്ള പ്രവർത്തനങ്ങൾ ആവിഷ്കരിക്കുമ്പോൾ, ഓരോ വിദ്യാലയത്തിലും നിശ്ചിത എണ്ണം കുട്ടികളുടെ മെന്റർമാരായി അധ്യാപകർ മാറണം. ഒരു മെന്റർ അധ്യാപകൻ തന്റെ കീഴിലുള്ള കുട്ടികളുടെ പഠന നിലവാരം, കഴിവുകൾ, താൽപ്പര്യങ്ങൾ, വെല്ലുവിളികൾ എന്നിവ മനസ്സിലാക്കി അവർക്ക് വ്യക്തിഗത പിന്തുണ നൽകണം. ഇത് കുട്ടികളുടെ പഠനത്തെയും വ്യക്തിത്വ വികാസത്തെയും വലിയ തോതിൽ സ്വാധീനിക്കും. അവരുടെ കഴിവുകൾ, കൈവരിക്കേണ്ട കഴിവുകൾ, വ്യക്തിപരമായ സ്വഭാവസവിശേഷതകൾ, സാമൂഹ്യ പശ്ചാത്തലം എന്നിവ തിരിച്ചറിഞ്ഞ് നൽകുന്ന പിന്തുണ കേരള വിദ്യാഭ്യാസ രംഗത്ത് പകരംവയ്ക്കാനില്ലാത്ത പ്രവർത്തനമായി മാറുമ്പോൾ സമഗ്രഗുണമേന്മാ വിദ്യാഭ്യാസ പദ്ധതി അതിന്റെ പൂർണ്ണാർത്ഥത്തിൽ വിജയം നേടുക തന്നെ ചെയ്യും. l
(എസ് സി ഇ ആർ ടിയിലെ റിസർച്ച് ഓഫീസറാണ് ലേഖകൻ)

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

nineteen − eight =

Most Popular