മഹാരാഷ്ട്രയിലെ നന്ദേദ് ജില്ലയിൽ മുഖേദ് താലൂക്കിലെ അംബുർഗ ഗ്രാമത്തിലെ കർഷകതൊഴിലാളിയായ മണിക് ഖോൺഷത്-വാദ് നിശ്ചിതമാസം പ്രത്യേക സീസണുകളിൽ കൃഷിഭൂമിയിൽ പണിയെടുക്കുന്നയാളാണ്. സൊയാബീനോ പരുത്തിയോ കൃഷി ചെയ്യുന്ന ജൂൺ, ജൂലെെ മാസങ്ങളിലും കളപറിക്കുന്ന (കെെകൊണ്ടോ കളനാശിനി ഉപയോഗിച്ചോ) ആഗസ്ത്, സെപ്തംബർ മാസങ്ങളിലും വിളവെടുക്കുന്ന ഡിസംബർ, ജനുവരി മാസങ്ങളിലുമാണ് അദ്ദേഹം പണിയെടുക്കുന്നത്. ഒരു സ്ഥിരമായ ജോലിയല്ലിത്. ഇപ്പറയുന്ന ഒാരോ മാസത്തിലും ഏതാനും ദിവസങ്ങൾ മാത്രമാണ് തൊഴിൽ ലഭിക്കുന്നത്. അദ്ദേഹത്തിന്റെ ഗ്രാമത്തിലും അതിനു തൊട്ടടുത്തുള്ള പ്രദേശങ്ങളിലും കാർഷികമേഖലയിൽ ലഭ്യമായ പരിമിതമായ പ്രവൃത്തിദിവസങ്ങൾ കുടുംബത്തിന്റെ അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റാൻ പര്യാപ്തമല്ല. അതിനാൽ വർഷത്തിൽ ബാക്കിവരുന്ന ദിവസങ്ങളിൽ വിവിധ തലങ്ങളിലുള്ള ദിവസക്കൂലിത്തൊഴിലുകളായ ചുമട്ടുതൊഴിൽ, മൺപാത്ര നിർമാണം, കൺസ്ട്രക്ഷൻ എന്നിവയുൾപ്പെടെ കിട്ടുന്ന എന്തുജോലിയും അയാൾ ഏറ്റെടുക്കുന്നു. സാധ്യമെങ്കിൽ, കൃഷിയുടെ സമയത്തും വിളവെടുപ്പ് സീസണിനിടയ്ക്കുപോലും കായികാധ്വാനം വേണ്ട കാർഷികേതര ജോലികൾചെയ്ത് കുടുംബത്തിനുവേണ്ടി കൂടുതൽ വരുമാനമുണ്ടാക്കുന്നു. ഗവൺമെന്റിന്റെയും പഞ്ചായത്ത് അധികാരികളുടെയും വിവേചനാധികാരത്തെ ആശ്രയിച്ചുള്ളതാണ് അയാളുടെ തൊഴിലെങ്കിലും അദ്ദേഹം തൊഴിലുറപ്പ് പദ്ധതിക്കുകീഴിലും സ്ഥിരം തൊഴിലാളിയുമാണ്. കൂടാതെ കുടുംബത്തോടൊപ്പം കാലി വളർത്തലിലും പങ്കുചേർന്ന് അവരുടെ വരുമാനത്തിലും ഒരു പങ്കുവഹിക്കുന്നു. ഇതേ ഗ്രാമത്തിൽ നിന്നുതന്നെയുള്ള മറോട്ടി ശിവ്റാം മിഷ്കിരെ എന്നയാളും ഇപ്പറയുന്ന തൊഴിലുകൾ കൂടാതെ പന്നിവളർത്തലിൽ നിന്നും കുടുംബത്തിന് അധികവരുമാനമുണ്ടാക്കുന്നു.
ഈ ഗ്രാമത്തിൽ നടത്തപ്പെട്ട ഒരു ഫീൽഡ് സർവെയ്ക്കിടെ കാണാനായ, കർഷകത്തൊഴിലാളികളുടെ ബഹുവിധമായ തൊഴിലിന്റെ മേൽപറഞ്ഞ രണ്ടുദാഹരണങ്ങൾ ഇന്ത്യയിലെ തൊഴിലിന്റെയും തൊഴിൽസേനയുടെയും മാറിക്കൊണ്ടിരിക്കുന്ന സ്വഭാവത്തെ വരച്ചുകാട്ടുന്നു. കാർഷികമേഖലയിലെ തൊഴിലുകൾ ചുരുങ്ങിവരുന്നതിനെ, കർഷകത്തൊഴിലാളികൾ നേരിടുന്നതെങ്ങനെയെന്ന് ഇത് എടുത്തുകാട്ടുന്നു. തൊഴിലാളിയെ പുറന്തള്ളുന്ന സാങ്കേതികവിദ്യയുടെ വിവേചനരഹിതമായ ഉപയോഗം, കൃഷിയെ ആശ്രയിക്കുന്ന തൊഴിലാളികളുടെ എണ്ണം വർധിച്ചുവരുന്നത് എന്നിവയുൾപ്പെടെ ബഹുവിധമായ ഘടകങ്ങൾ ഈ മാറ്റത്തിന് കാരണമായിട്ടുണ്ട്. ഗ്രാമപ്രദേശങ്ങളിൽ ലാഭകരമല്ലാത്ത തൊഴിലോ തങ്ങൾ കുടിയേറുന്ന നഗരകേന്ദ്രങ്ങളിൽ ഉറപ്പുള്ള തൊഴിലോ ഇല്ലാത്ത കരുതൽ തൊഴിൽസേന എക്കാലത്തും വർധിച്ചുകൊണ്ടിരിക്കുന്ന ഒരു സാഹചര്യമാണ് നമുക്കുള്ളത‍്. ഈ സാഹചര്യത്തിന്റെ അടിസ്ഥാന കാരണം ഇന്ത്യയിൽ നിലനിൽക്കുന്ന ആഴത്തിലുള്ള കാർഷികപ്രതിസന്ധിയാണ്.
ഇന്ത്യയിലെ ഗ്രാമീണ ജനതയ്ക്ക് തൊഴിൽ പ്രദാനം ചെയ്യുന്ന ഏറ്റവും വലിയ മേഖലകളിലൊന്നാണ് കാർഷികമേഖല. തൊഴിലിൽ കാർഷികമേഖലയുടെ പങ്ക് 2017–18ൽ 44.1 ശതമാനമായിരുന്നത് 2023–24ൽ 46.1 ശതമാനമായി ഉയർന്നു. 2011ലെ സെൻസസ് പ്രകാരം ഇന്ത്യയുടെ മൊത്തം തൊഴിൽസേന 48.17 കോടിയായിരുന്നു. ഈ തൊഴിൽസേനയിലെ 72 ശതമാനവും ഗ്രാമീണമേഖലയിൽ നിന്നുമാണ്; ഇതിൽ പകുതിയിലേറെ, അതായത് 54.6 ശതമാനം അഥവാ 26.3 കോടി തൊഴിലാളികൾ, കാർഷിക മേഖലയിൽ പണിയെടുക്കുന്നവരാണ്. നമ്മുടെ രാജ്യത്ത് കാർഷിക തൊഴിൽസേനയിൽ പ്രധാനമായും കൃഷിക്കാരും കർഷകത്തൊഴിലാളികളുമാണ് ഉൾപ്പെടുന്നത്. 2011 ലെ സെൻസസിൽ രേഖപ്പെടുത്തപ്പെട്ടിട്ടുള്ളതുപ്രകാരം, ഈ രണ്ട് ഗ്രൂപ്പുകളും തമ്മിലുള്ള അടിസ്ഥാനപരമായ വ്യത്യാസം ഉടമസ്ഥാവകാശം, പാട്ടാവകാശം അല്ലെങ്കിൽ ഭൂമിയുമായി ബന്ധപ്പെട്ട കരാർ എന്നിവയുടെ സാന്നിധ്യമോ അഭാവമോ ആണ്. കർഷകന് സ്വന്തമായോ, അതുമല്ലെങ്കിൽ കൃഷി ചെയ്യുന്നതിന് പാട്ടമായോ കരാറടിസ്ഥാനത്തിലോ ഭൂമിയുണ്ട്; അതേസമയം പണമായോ മറ്റെന്തെങ്കിലും രൂപത്തിലോ ലഭിക്കുന്ന കൂലിക്കുവേണ്ടി മറ്റുള്ളവന്റെ ഭൂമിയിൽ പണിയെടുക്കുന്നകർഷകത്തൊഴിലാളിക്ക് സ്വന്തമായി ഭൂമിയില്ല. മാത്രവുമല്ല, ചെറിയ അളവിലുള്ളതും സാമ്പത്തികമായി ലാഭകരമല്ലാത്തതുമായ ഭൂമിയുള്ള ദരിദ്രകർഷകരിൽ വലിയൊരു വിഭാഗവും മറ്റുള്ളവരുടെ കൃഷിയിടങ്ങളിൽ പണിയെടുക്കാനോ മറ്റ് തുച്ഛമായ ജോലികൾ ചെയ്യാനോ നിർബന്ധിതരായിത്തീരുന്നു. ആരാണ് കർഷകൻ, ആരാണ് പാട്ടകൃഷിക്കാരൻ അല്ലെങ്കിൽ കർഷകത്തൊഴിലാളി എന്നതുസംബന്ധിച്ച് അവ്യക്തത നിലനിൽക്കുന്നു എന്നത് വ്യക്തമാണ്.
കാർഷികോൽപ്പാദനത്തിലേർപ്പെട്ടിരിക്കുന്ന ഗ്രാമീണ തൊഴിലാളിവർഗത്തിലെ മുഖ്യഘടകം കർഷകത്തൊഴിലാളികളാണ്. ഗ്രാമീണ ഇന്ത്യയിലെ ഏറ്റവും അടിച്ചമർത്തപ്പെട്ടവരും അരികുവൽക്കരിക്കപ്പെട്ടവരുമായ വർഗവും അവരാണ്. ഇവരിൽ ബഹുഭൂരിപക്ഷത്തിനും എല്ലാ വിഭവങ്ങളും ലഭിക്കുന്നില്ല; ഇവരിൽ ഭൂരിപക്ഷവും ഭൂരഹിതരും ഉൽപാദനോപാധികൾ അപ്രാപ്യമായതുകൊണ്ട് അവയുടെ അഭാവം നേരിടുന്നവരും ജീവസന്ധാരണത്തിനായി സ്വന്തം അധ്വാനത്തെമാത്രം ആശ്രയിക്കുന്നവരുമാണ്. അവരുടെ സാമൂഹ്യ–സാമ്പത്തികനില അവർ ചൂഷണംചെയ്യപ്പെടുന്നതിനിടയാക്കുന്നു. ഭൂവുടമകൾ തീരുമാനിക്കുന്ന, മിക്കപ്പോഴും മിനിമം കൂലിയിൽ താഴെ മാത്രമായ കൂലി അംഗീകരിക്കാൻ അവർ നിർബന്ധിതരായിത്തീരുന്നു. ഇവരിൽ ബഹുഭൂരിപക്ഷത്തിനും സ്വന്തമായി വീടില്ലാത്തതിനാൽ അത് അവരുടെ അരക്ഷിതാവസ്ഥയെ കൂടുതൽ തീവ്രമാക്കുന്നു. അവർ സാമ്പത്തികമായി ചൂഷണം ചെയ്യപ്പെടുക മാത്രമല്ല വ്യാപകമായ രീതിയിൽ സാമൂഹ്യമായ അരികുവൽക്കരണവും വിവേചനവും അക്രമവും നേരിടുന്നു. സ്ത്രീ തൊഴിലാളികൾ ലിംഗവിവേചനവും സാമൂഹ്യമായ അടിച്ചമർത്തലും നേരിടുന്നവരും സമാനമായ തൊഴിൽ ചെയ്യുന്ന പുരുഷന്മാരെക്കാൾ കുറഞ്ഞ കൂലി ലഭിക്കുന്നവരുമാണ്.
വിശാലമായ വികസനത്തിൽ കർഷകത്തൊഴിലാളികളെ ഉൾചേർക്കുന്നതിനെ അവർ നേരിടുന്ന വ്യവസ്ഥാപിതമായ അടിച്ചമർത്തൽ തടസ്സപ്പെടുത്തുകയും അതുവഴി അവരെ ദാരിദ്ര്യത്തിന്റെയും അസമത്വത്തിന്റെയും പടുകുഴിയിലേക്ക് തള്ളിവിടുകയും ചെയ്യുന്നു. നിരക്ഷരതയാൽ ചരിത്രപരമായി അരികുവൽക്കരിക്കപ്പെട്ട അവരുടെ കുട്ടികൾക്ക് ഇന്നും മോശപ്പെട്ട വിദ്യാഭ്യാസമാണ് ലഭിക്കുന്നത്; അത് അവരുടെ പരിമിതമായ അവബോധത്തെ ശാശ്വതമാക്കുകയും പുരോഗതിക്ക് തടസ്സം സൃഷ്ടിക്കുകയും ചെയ്യുന്നു. സംഘടനയുടെയും യൂണിയൻവത്കരണത്തിന്റെയും അഭാവം കൂട്ടായ വിലപേശലിനും രാഷ്ട്രീയമായ അണിനിരക്കലിനും തടസ്സം സൃഷ്ടിക്കുകയും അത് -ഫലത്തിൽ, രാഷ്ട്രീയ സമരങ്ങൾക്കും അതുപോലെ തന്നെ രാഷ്ട്രീയവത്കരണത്തിനുമുള്ള അവസരം ഇല്ലാതാക്കുകയും ചെയ്യുന്നു.
ഇന്ത്യയിൽ അടിമപ്പണി ചെയ്യുന്നവരിൽ ബഹുഭൂരിപക്ഷവും കർഷകത്തൊഴിലാളികളാണ്. അടിമപ്പണി, സാമൂഹ്യവും സാമ്പത്തികവുമായ അടിച്ചമർത്തലിന്റെ ഏറ്റവും ഹീനമായ രൂപമാണ്. കടമെടുക്കേണ്ട സാഹചര്യത്തിൽനിന്നും കടബാധ്യതയിൽ നിന്നുമാണ് ഈ അടിമപ്പണിയിലേക്ക് നയിക്കുന്ന വിധേയത്വം ഉടലെടുക്കുന്നത്. അത് ഒരു തലമുറയിൽനിന്ന് അടുത്ത തലമുറയിലേക്ക് കെെമാറ്റം ചെയ്യപ്പെടുന്നു. രാജ്യത്തിന്റെ വ്യത്യസ്ത ഭാഗങ്ങളിൽ വ്യത്യസ്ത പേരുകളിലാണ് അടിമപ്പണി അറിയപ്പെടുന്നത്. ഗുജറാത്തിൽ ഹലി, ബീഹാറിൽ കാമിയ, മധ്യപ്രദേശിൽ ഹർവാഹ, ആന്ധ്രാപ്രദേശിൽ ഗോത്തി, കർണാടകത്തിൽ ജീത്ത എന്നിങ്ങനെ ഇത് അറിയപ്പെടുന്നു. ഹരിതവിപ്ലവം അരങ്ങേറിയ പ്രദേശങ്ങളിൽ അനേകം കുടിയേറ്റതൊഴിലാളികൾ അവരുടെ നിസ്സഹായാവസ്ഥയാൽ ഭൂവുടമകൾ അവർക്കുമേൽ അടിച്ചേൽപ്പിച്ച വിവിധതരത്തിലുള്ള നിയന്ത്രണങ്ങൾക്ക് വിധേയരാകാൻ നിർബന്ധിതമായി; ഫലത്തിൽ അതവരെ അടിമപ്പണി ചെയ്യുന്നവർ എന്ന നിലയിലേക്ക് തരംതാഴ്ത്തി. ഫ്യൂഡൽ ഗ്രാമീണഘടനയിൽ ഭൂരഹിത കുടുംബങ്ങൾ ഇപ്പോഴും ഉപജീവനത്തിനായി ഭൂവുടമകളെയും ധനിക കർഷകരെയും ആശ്രയിക്കുകയും അവരുടെ തീട്ടൂരങ്ങൾക്കനുസരിച്ച് തൊഴിൽ ചെയ്യാൻ നിർബന്ധിതരായിത്തീരുകയുമാണ്. അടിമപ്പണിയിൽനിന്നും കർഷകത്തൊഴിലാളികൾ നിയമപരമായി മോചിപ്പിക്കപ്പെട്ടെങ്കിലും തൊഴിലില്ലായ്മയുടെ പിടിയിൽനിന്നും രക്ഷനേടുന്നതിന് തുച്ഛമായ കൂലിക്ക് അടിമപ്പണി ചെയ്യാൻ കരാറിലൂടെ അവരിൽ വലിയൊരു വിഭാഗം നിർബന്ധിതരായിത്തീരുന്നു എന്നതാണ് യാഥാർഥ്യം. സ്വാതന്ത്ര്യാനന്തരം അതിവേഗം വളർന്നുകൊണ്ടിരിക്കുന്ന ഒരു വർഗമാണിത്. കർഷകത്തൊഴിലാളികളുടെ പ്രത്യേകിച്ചും നവലിബറൽ നയങ്ങൾ നടപ്പാക്കിയതിനുശേഷമുള്ള കഴിഞ്ഞ മൂന്നു പതിറ്റാണ്ടിനിടയിൽ എണ്ണം അതിവേഗം വർധിച്ചുകൊണ്ടിരിക്കുകയാണ്; 1960 മുതൽ 2001 വരെയുള്ള നാല് ദശകങ്ങളിൽ കാർഷികമേഖലയിലെ തൊഴിൽ സേനയിൽ തൊഴിലാളികളെക്കാൾ എണ്ണത്തിൽ കൂടുതൽ കൃഷിക്കാരായിരുന്നു. എന്നാൽ, ഇന്ത്യയുടെ ചരിത്രത്തിലാദ്യമായി 2011ലെ സെൻസസിൽ ഈ പ്രവണത നേർവിപരീതമായി; കാർഷിക മേഖലയിലെ മൊത്തം തൊഴിൽ സേനയിൽ കൃഷിക്കാരുടെ എണ്ണം പകുതിയിൽ താഴെ (ഏകദേശം 45 ശതമാനം) ആണെന്നും അതേസമയം കർഷകത്തൊഴിലാളികളുടെ എണ്ണം 55 ശതമാനത്തോടടുത്തുമാണെന്നുമാണ് വെളിപ്പെടുത്തപ്പെട്ടത്. യഥാർഥ കൃഷിക്കാരുടെയും നാമമാത്ര കർഷകരുടെയും മൊത്തം എണ്ണം 11,86,69,264 ഉം അതേസമയം കർഷകത്തൊഴിലാളികളുടെ എണ്ണം 14,43,29,833 ഉം ആണ്. വർഷങ്ങൾക്കുമുമ്പ്, 1961 ൽ 100 കർഷകർക്ക് ഏകദേശം 33 തൊഴിലാളികൾ എന്ന നിലയിലായിരുന്നു. 2011ൽ അത് 100 കർഷകർക്ക് 121 തൊഴിലാളികൾ എന്ന നിലയ്ക്കായി.
കർഷകത്തൊഴിലാളികളുടെ എണ്ണം വർധിച്ചുവരുന്നതിനുപിന്നിൽ നിരവധി കാരണങ്ങളുണ്ട്. മുഖ്യകാരണം, കർഷകർ പാപ്പരീകരിക്കപ്പെട്ടതാണ്, പ്രതേ-്യകിച്ചും നവലിബറൽ നയങ്ങൾ നടപ്പാക്കപ്പെട്ടതിനുശേഷം. നവലിബറൽ സാമ്പത്തികനയങ്ങൾ നടപ്പാക്കിയതോടെ, കാർഷികമേഖലയ്ക്കുള്ള ഭരണകൂട പിന്തുണ വെട്ടിച്ചുരുക്കപ്പെട്ടു. അത് ഇൻപുട്ട് വിലകൾ വലിയ തോതിൽ വർധിക്കുന്നതിനിടയാക്കുകയും മിനിമം താങ്ങുവിലയുടെ കാര്യത്തിലോ കാർഷികോൽപ്പന്നങ്ങളുടെ സംഭരണത്തിന്റെ കാര്യത്തിലോ ഉറപ്പില്ലാതാക്കുകയും ചെയ്തു. അങ്ങനെ കാർഷിക ഉൽപ്പാദന പ്രക്രിയയാകെ അനിശ്ചിതത്വത്തിലായി. മുമ്പ് കാലാവസ്ഥ മാത്രമായിരുന്നു കർഷകർക്കുണ്ടായിരുന്ന ഏക അനിശ്ചിതത്വം. വരൾച്ചയെയും മഴയെയും അവർ ഭയപ്പെട്ടിരുന്നു. എന്നാൽ ഇപ്പോൾ പ്രകൃതിയെക്കാൾ കഠിനം വിപണിയിലെ അനിശ്ചിതത്വമാണ്. എല്ലാത്തിനെയും നിയന്ത്രിക്കുന്ന ഒരേയൊരു ശക്തി ലാഭം മാത്രമാകുമ്പോൾ എവിടെയും കർഷകത്തൊഴിലാളികളുടെ ജീവിതം ദുസ്സഹമാകുന്നു.
സ്ഥിരമായി നിലനിൽക്കുന്ന കാർഷികപ്രതിസന്ധി, ചെറുകിട–നാമമാത്ര കർഷകരുടെ കുടിയേറ്റത്തിനും തങ്ങളുടെ കുടുംബത്തിന്റെ ഉപജീവനത്തെ പിന്തുണയ്ക്കുന്നതിൽ പരാജയപ്പെടുന്നതിനാൽ കൃഷി തന്നെ ഉപേക്ഷിക്കാനും അവർ നിർബന്ധിതരാവുന്നു. എൻഎസ്ഒ ഡാറ്റ അടിസ്ഥാനമാക്കിയുള്ള പഠനങ്ങൾ വെളിപ്പെടുത്തുന്നത്, ലക്ഷക്കണക്കിന് ചെറുകിട– നാമമാത്ര കർഷകർ തങ്ങളുടെ ഭൂമി വിൽക്കാൻ നിർബന്ധിതരാവുകയും കൃഷിയുപേക്ഷിച്ച് മറ്റ് കൂലിവേലയിലേർപ്പെടുകയും ചെയ്തുവെന്നാണ്. കൃഷിക്കാർക്കു മാത്രമല്ല, ചെറുകിട കെെത്തൊഴിലുകാർക്കും തൊഴിൽ നഷ്ടമായി. അവർ കർഷകത്തൊഴിലാളികളായി ജോലി ചെയ്യാനോ മറ്റ് നിസ്സാരജോലികൾ ഏറ്റെടുക്കാനോ നിർബന്ധിതരായിത്തീർന്നു.
കർഷകത്തൊഴിലാളികളുടെ എണ്ണം ഇപ്പോൾ കർഷകരെക്കാൾ കൂടുതലാണെന്ന വസ്തുത കൊണ്ടർഥമാക്കുന്നത്, അവർ ഭൂമിയെക്കാൾ കൂടുതലും ആശ്രയിക്കുന്നത് കൂലിവേലയെയാണെന്നാണ്. കർഷകത്തൊഴിലാളികളുടെ എണ്ണം വർധിക്കുന്നതിനനുസരിച്ച് കാർഷികമേഖലയിലെ തൊഴിലവസരങ്ങൾ വർധിക്കുന്നില്ല. മാത്രവുമല്ല, തൊഴിലാളികളെ ഒരിടത്തുനിന്നും മറ്റൊരിടത്തേക്ക് തരംപോലെ മാറ്റുന്ന വിദ്യ പ്രയോഗിക്കുന്നത് കൃഷിയിടങ്ങളിലെ തൊഴിൽദിനങ്ങൾ വീണ്ടും വെട്ടിച്ചുരുക്കുകയും ചെയ്തു. ഗ്രാമീണ ഇന്ത്യയിലെ മൊത്തത്തിലുള്ള തൊഴിലില്ലായ്മ വർധിച്ചു. കർഷകതൊഴിലാളികളുടെ എണ്ണം വർധിക്കുന്നതും കാർഷിക തൊഴിലുകൾ കുറയുന്നതും ഗ്രാമീണ ഇന്ത്യയിൽ പുതിയ തരത്തിലുള്ള പ്രതിസന്ധികൾ സൃഷ്ടിച്ചു. കുറഞ്ഞ വരുമാനം നൽകുന്ന ലാഭകരമല്ലാത്ത കൃഷി, മെച്ചപ്പെട്ട മറ്റ് ഉപജീവനമാർഗങ്ങൾ തേടി മറ്റിടങ്ങളിലേക്ക് കുടിയേറാൻ കർഷകത്തൊഴിലാളികളെയും ചെറുകിട കർഷകരെയും പ്രേരിപ്പിക്കുന്ന ഒരു പ്രധാന ഘടകമായിത്തീർന്നിരിക്കുന്നു.
കാർഷികമേഖലയുടെ കുത്തനെയുള്ള തകർച്ചയും പ്രതിസന്ധിയും ചെറുപ്പക്കാർ തങ്ങളുടെ ഉപജീവനത്തിനായി പലായനം ചെയ്യാൻ കാരണമായി. ഈ സാഹചര്യത്തിൽ എണ്ണം പെരുകിവരുന്ന കർഷകതൊഴിലാളികൾ കാർഷികേതര മേഖലകളിൽ തൊഴിൽതേടാൻ നിർബന്ധിതരായി. സാമ്പത്തിക പ്രതിസന്ധികളും നഗരങ്ങളിൽ വർധിതമായിക്കൊണ്ടിരിക്കുന്ന തൊഴിലില്ലായ്മയും കൂടുതൽ സങ്കീർണമായ സാഹചര്യം സൃഷ്ടിച്ചിരിക്കുകയാണ്.
ഈ സാഹചര്യം ഗ്രാമീണ ഇന്ത്യയിലെ കായികാധ്വാനം ചെയ്യുന്ന തൊഴിലാളികളെ, തങ്ങളുടെ കുടുംബത്തിന്റെ അതിജീവനത്തിനായി മറ്റ് വിവിധ തരത്തിലുള്ള തൊഴിലുകൾ ചെയ്യാൻ നിർബന്ധിതരാക്കുന്നു. ബഹുഭൂരിപക്ഷം കർഷകത്തൊഴിലാളികളും വർഷം മുഴുവനും പ്രത്യേക മേഖലകളിൽ മാത്രം ഒതുങ്ങിനിന്ന് തൊഴിൽ ചെയ്യുന്നവരല്ല. വിവിധ തരത്തിലുള്ള കാർഷികതൊഴിലുകളിലേർപ്പെടുന്ന മിക്കവാറുമെല്ലാ ഗ്രാമീണ കർഷകത്തൊഴിലാളികളും മറ്റ് തൊഴിലുകളിലും ഏർപ്പെടുന്നവരാണ്. തൊഴിലുറപ്പു മുതൽ ഇഷ്ടികച്ചൂളവരെയും കെെപ്പണികൾ മുതൽ തൊട്ടടുത്ത ചെറിയ പട്ടണത്തിലെ വ്യാവസായിക ജോലികൾ വരെയുമുള്ള പല തരത്തിലുള്ള ജോലികൾ പല ഘട്ടങ്ങളിലും അവർ ചെയ്യുന്നുണ്ട്.
കാർഷികമേഖലയിലെ കൂലിത്തൊഴിലാളികളും കാർഷികേതര മേഖലയിലെ കൂലിത്തൊഴിലാളികളും ഇനിമുതൽ ഗ്രാമീണതൊഴിലാളികളിലെ രണ്ട് വിഭിന്ന വിഭാഗങ്ങളല്ല. കാർഷികമേഖലയിലെ കൂലി തൊഴിലാളികൾ, നഗരപ്രദേശങ്ങളിലെ കുടിയേറ്റത്തൊഴിലാളികൾക്കൊപ്പം വിവിധ തരത്തിലുള്ള കാർഷികേതരവൃത്തികളിൽ ഏർപ്പെടുന്നുണ്ട്. എന്നിരുന്നാലും ഈ തൊഴിലാളികൾ ഭാഗികമായി കാർഷികവും ഗ്രാമീണവുമായ സ്വഭാവം വച്ചുപുലർത്തുകയും മുഖ്യമായ കാര്യങ്ങളിൽ നഗരത്തിലെ തൊഴിലാളിവർഗത്തിൽനിന്നും വ്യതിരിക്തവുമാണ്. അതിനർഥം, വ്യത്യസ്ത മേഖലകളിൽ തൊഴിലെടുക്കുന്ന ഗ്രാമീണ തൊഴിലാളികളുടെ എണ്ണം വലിയ തോതിൽ വർധിക്കുകയും അതേസമയം അവർ കൃഷിയുമായി ബന്ധപ്പെട്ടിരിക്കുകയും ചെയ്യുന്നു എന്നാണ്.
ശുപാർശ ചെയ്യപ്പെട്ടിട്ടുള്ളതിനേക്കാൾ കുറഞ്ഞ മിനിമം കൂലിയാണ് ബഹുഭൂരിപക്ഷം കർഷകത്തൊഴിലാളികൾക്കും ഗ്രാമീണ തൊഴിലാളികൾക്കും ലഭിക്കുന്നത്-. 2013–14നും 2018–19നുമിടയ്ക്ക് പ്രധാന കാർഷികത്തൊഴിലിന്റെയും–കാർഷികേതര തൊഴിലിന്റെയും കൂലി 3% വാർഷിക നിരക്കിൽ കുറഞ്ഞു. കുറഞ്ഞ വരുമാനത്തിനും ഉയർന്ന തൊഴിലില്ലായ്മ നിരക്കിനും നടുവിൽ നട്ടംതിരിയുന്ന കർഷകത്തൊഴിലാളികളുടെ ജീവിതം സാമൂഹ്യക്ഷേമ രാഷ്ട്രത്തിലെ പൊതുമേഖലാ സ്ഥാപനങ്ങളെയും ക്ഷേമപദ്ധതികളെയും വലിയ തോതിൽ ആശ്രയിക്കുന്നു. ഇത്തരമൊരു ക്ഷേമരാഷ്ട്ര സങ്കൽപ്പനത്തെതന്നെ വിദേശമൂലധനവും സ്വദേശ മൂലധനവും ഒരുപോലെ എതിർക്കുന്നു. എൽഡിഎഫിന്റെ നേതൃത്വത്തിലുള്ള ഗവൺമെന്റ് ഭരിക്കുന്ന കേരളത്തിലൊഴികെ മറ്റ് സംസ്ഥാനങ്ങളിലെല്ലാം ആരോഗ്യസുരക്ഷയും വിദ്യാഭ്യാസവും പോലെയുള്ള പൊതുമേഖലകൾ സ്വകാര്യവൽക്കരിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഒട്ടുമിക്ക സാമൂഹ്യക്ഷേമ പെൻഷനുകളും, മറ്റു ചില സ്കീമുകളിലേക്ക് വഴി മാറ്റപ്പെടുകയാണ്. ഇതുവഴി ഗ്രാമീണ ഇന്ത്യയിലെ വലിയൊരു വിഭാഗം തഴയപ്പെടുന്നു. തൊഴിലുറപ്പ് പദ്ധതിയ്ക്കു കീഴിൽ തൊഴിൽ ചെയ്യാനുള്ള അവകാശത്തെപ്പോലും കരുതിക്കൂട്ടി ദുർബലപ്പെടുത്തുകയാണ്. കർഷകത്തൊഴിലാളികളെ ആത്മഹത്യയിലേക്ക് തള്ളിവിടുംവിധം പ്രതിസന്ധി രൂക്ഷമായിരിക്കുന്നു. ഇത് അവർ അനുഭവിക്കുന്ന ദുരിതപൂർണമായ അവസ്ഥയെയാണ് പ്രതിഫലിപ്പിക്കുന്നത്. എൻസിആർബിയുടെ റിപ്പോർട്ടുപ്രകാരം 2014നുശേഷം ഇന്ത്യയിൽ 40,685 കർഷകത്തൊഴിലാളികളാണ് സ്വയം ജീവനൊടുക്കിയത്.
കർഷകത്തൊഴിലാളികളുടെ തൊഴിൽ രൂപങ്ങളും ജീവിതസാഹചര്യങ്ങളും മാറിക്കൊണ്ടിരിക്കുമ്പോൾ ഗ്രാമങ്ങളിൽ, ഗ്രാമീണ സമ്പന്ന ജനത എന്ന ഒരു പുതിയ വർഗം ഉയർന്നുവന്നിരിക്കുന്നു. നവലിബറൽ നയങ്ങൾ നടപ്പാക്കിയ കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിനിടയിലാണ് ഈ വർഗം പ്രകടമായും ഉയർന്നുവന്നത്. നവലിബറൽ നയങ്ങളുടെ ഗുണഭോക്താക്കൾ അവരാണ്. ഉന്നത വിദ്യാഭ്യാസത്തിന്റെയും ആധുനിക സംഘടിതമേഖലയിലെ തൊഴിലുകളുടെയും സാധ്യതകൾ ആദ്യം പ്രയോജനപ്പെടുത്തുന്നതും അവരാണ്. പ്രധാനപ്പെട്ട കൃഷി ഭൂമികൾ കയ്യടക്കുന്നതുകൂടാതെ കാർഷികേതര ബിസിനസുകളിലും അവർ മൂലധന നിക്ഷേപം നടത്തുന്നു. മിക്ക ഭൂപ്രഭുക്കളും വമ്പൻ മുതലാളിത്ത കൃഷിക്കാരും ലാഭകരമായ ബിസിനസ് പ്രവൃത്തികളിൽ ഏർപ്പെട്ടിരിക്കുന്നവരുമാണെന്ന് വിവിധ പഠനങ്ങൾ സൂചിപ്പിക്കുന്നു.
പണമിടപാട്, ധാന്യമില്ലുകളും ഡയറികളും പ്രവർത്തിപ്പിക്കൽ, വിളകളുടെ വ്യാപാരവും ഊഹക്കച്ചവടവും (ഭക്ഷ്യധാന്യങ്ങൾ, ഹോർട്ടികൾച്ചർ, വന ഉൽപ്പന്നങ്ങൾ) റിയൽ എസ്റ്റേറ്റ്, കൺസ്ട്രക്ഷൻ, സിനിമാഹാളുകൾ, പെട്രോൾ സ്റ്റേഷനുകൾ, ഹോട്ടലുകൾ, ട്രാൻസ്പോർട്ട് സേവനങ്ങൾ, കൃഷി യന്ത്രങ്ങൾ വാടകയ്ക്കു നൽകൽ, സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നടത്തിപ്പ് എന്നിവയെല്ലാം ഇവയിലുൾപ്പെടുന്നു. പ്രത്യേകിച്ചും വിദ്യാഭ്യാസരംഗം ഒരു വരുമാന മാർഗമായും സാമൂഹികമായ സ്വാധീനം അവരിലേക്ക് കേന്ദ്രീകരിക്കുന്നതിനുള്ള ഒരു മാർഗമായും ഉയർന്നു വന്നിട്ടുണ്ട്. പണം നിക്ഷേപിക്കുന്നതിലൂടെയും അവർ വരുമാനം ഉൽപ്പാദിപ്പിക്കുന്നു. സാമ്പത്തിക പ്രവർത്തനങ്ങൾക്കുമപ്പുറം തദ്ദേശ ഭരണസമിതികൾ (ഉദാ: പഞ്ചായത്തീരാജ്), കേന്ദ്ര–സംസ്ഥാന നിയമസഭകൾ, നിയമനിർവഹണം, നിയമ മേഖല എന്നിവ പോലെയുള്ള ഭരണകൂട അധികാരഘടനകളിൽ സജീവമായ സ്വാധീനം നേടുന്നതിനായി ഈ കുടുംബങ്ങൾ ശ്രമിക്കുന്നു.
ബൂർഷ്വാ പാർട്ടികളുമായുള്ള സഖ്യങ്ങളിലൂടെ പ്രയോഗിക്കപ്പെടുന്ന, ഗ്രാമീണ–അർധനഗര പ്രദേശങ്ങളിലെ രാഷ്ട്രീയമായ ആധിപത്യമാണ് ഈ വർഗത്തിന്റെ നിർവചിക്കപ്പെട്ടിട്ടുള്ള ഒരു സ്വഭാവസവിശേഷത. ഗ്രാമങ്ങളിലെ ഭരണവർഗത്തിന്റെ രാഷ്ട്രീയ സംവിധാനത്തിന്റെ അച്ചുതണ്ട് എന്ന നിലയിൽ പ്രവർത്തിക്കുന്ന ഇൗ സംഘം ഭരണകൂട സ്ഥാപനങ്ങൾക്കുമേൽ വലിയ തോതിൽ നിയന്ത്രണം ചെലുത്തുന്നു. ഗ്രാമീണ ക്ഷേമപദ്ധതികളുടെ– അരികുവൽക്കരിക്കപ്പെട്ട വിഭാഗങ്ങളെ ലക്ഷ്യം വച്ചുള്ളവയെപ്പോലും– നടപ്പാക്കലിനെ തങ്ങളുടെ താൽപ്പര്യങ്ങൾക്ക് ഗുണകരമാകുന്ന രീതിയിലേക്ക് അവർ മാറ്റിയെടുക്കുന്നു. അവർ വലിയ സ്വാധീനം ചെലുത്തുന്ന എംഎൻആർഇജിഎ പോലെയുള്ള പദ്ധതികൾ ഇതിൽപ്പെടുന്നു. ഇതുകൂടാതെ പ്രബലരായ കോൺട്രാക്ടർമാർ തങ്ങളുടെ ഫ്യൂഡൽ പെെതൃകവുമായി കെട്ടുപിണഞ്ഞുകിടക്കുന്ന സേ-്വച്ഛാധിപത്യരീതികൾ പരമാവധി പ്രയോഗിച്ച് ചൂഷണ മാർഗങ്ങളിലൂടെ ആക്രമണാത്മകമാംവിധം ലാഭം പരമാവധിയാക്കുന്നു.
ഗ്രാമീണ ഇന്ത്യയിലെ തൊഴിലാളികൾ മിക്കപ്പോഴും അതത് സീസണുകളെ ആശ്രയിച്ച് കാർഷിക–കാർഷികേതര മേഖലകളിലേക്ക് മാറുന്നു എന്നത്, സംഘടനാപരമായി ഞങ്ങൾക്ക് അനുഭവമുള്ള കാര്യംകൂടിയാണ്. ഇങ്ങനെ മാറിക്കൊണ്ടിരിക്കുമ്പോഴും അവരുടെ ഉപജീവനമാർഗം കൃഷിയിൽ തന്നെ വേരുന്നിയിരിക്കുന്നു. അവരിൽ ബഹുഭൂരിപക്ഷവും ഭൂരഹിത തൊഴിലാളി കുടുംബങ്ങളിൽനിന്നുള്ളവരുമാണ്. വ്യത്യസ്തങ്ങളായ പ്രൊഫെെലുകളുള്ള തൊഴിലാളികളെ യോജിപ്പിക്കാനും സംഘടിപ്പിക്കാനും ഗൗരവമേറിയ ശ്രമങ്ങൾ ആവശ്യമാണ്. ഈ തൊഴിലാളികളെയെല്ലാം സംഘടിപ്പിക്കുകയും യോജിപ്പിക്കുകയും ഗ്രാമീണ ഇന്ത്യയിലെ ഭരണ വർഗത്തിനെതിരെ പോരാട്ടമഴിച്ചുവിടുകയും ചെയ്യുകയെന്നത് പ്രധാനപ്പെട്ട കടമയാണ്.
ഏറ്റവും നിർണായകമായത്, ഗ്രാമപ്രദേശങ്ങളിലെ തൊഴിലാളികളുടെ സമരങ്ങൾ തൊഴിലിടത്തിലെ ഡിമാൻഡുകൾക്കപ്പുറം വ്യാപിപ്പിക്കുകയെന്നതാണ്. ഭൂമിയില്ലാതിരിക്കൽ, വേതന മുരടിപ്പ്, ക്ഷേമപദ്ധതികളിൽനിന്നും പുറന്തള്ളപ്പെടൽ, സ്ത്രീയെന്ന നിലയിലും ജാതിയെ അടിസ്ഥാനമാക്കിയുമുള്ള അടിച്ചമർത്തൽ എന്നിങ്ങനെയുള്ള വ്യവസ്ഥാപരമായ പ്രശ്നങ്ങൾ ഇവർ നേരിടുന്നുണ്ട്. താത്കാലിക റോളുകളിലെ ഈ വെെവിധ്യം, ഗ്രാമീണ തൊഴിലാളിവർഗമെന്ന അവരുടെ പൊതുവർഗ സ്വത്വത്തെ കവച്ചുവെക്കുന്നു എന്നതിനാൽ കുടിയേറ്റ തൊഴിലാളികളുൾപ്പെടെയുള്ള ഗ്രാമീണ തൊഴിലാളികളെ അവരുടെ ഉറവിടസ്ഥാനത്തും കുടിയേറ്റ സ്ഥാനത്തും ഒന്നിച്ചണിനിരത്തേണ്ടതിന്റെ അനിവാര്യതയെ അടിവരയിടുന്നു. ഗ്രാമീണ സമ്പന്നരും ഹിന്ദുത്വശക്തികളും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടിനെതിരെ ശക്തമായ പോരാട്ടങ്ങൾ കെട്ടിപ്പടുക്കാൻ യോജിച്ചതും സംഘടിതവുമായ ഗ്രാമീണ തൊഴിലാളിവർഗത്തിന് കഴിയും; ഇത് ഗ്രാമീണ ഇന്ത്യയുടെ അധികാര ബലാബലത്തിൽ ഗുണപരമായ മാറ്റത്തിന് വഴിയൊരുക്കും. l



