കേരളത്തിന്റെ രാഷ്ട്രീയ ചരിത്രം പരിശോധിച്ചാല്‍ ഉപതിരഞ്ഞെടുപ്പുകള്‍ പലപ്പോഴും രാഷ്ട്രീയ സ്ഥിതിഗതികളെ നിയന്ത്രിക്കുന്നതിന് ഇടയാക്കിയിട്ടുണ്ടെന്ന് കാണാം. വലതുപക്ഷ ശക്തികളുടെ പ്രലോഭനങ്ങളും, ചതിയിലധിഷ്ഠിതമായ നീക്കങ്ങളുമാണ് നിലമ്പൂരിലെ ഉപതിരഞ്ഞെടുപ്പിന് ഇടയാക്കിയത്. ഇന്നത്തെ കേരള രാഷ്ട്രീയത്തെ സംബന്ധിച്ചിടത്തോളം സവിശേഷമായ പ്രാധാന്യം ഈ തിരഞ്ഞെടുപ്പിനുണ്ട്.
അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിന് 10 മാസം മാത്രമിരിക്കെയാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. ഇത്തരമൊരു തിരഞ്ഞെടുപ്പ് അടിച്ചേല്‍പ്പിക്കപ്പെട്ടതാണ്. എല്‍ഡിഎഫിന്റെ പിന്തുണയോടെ 2016ലും 2021þലും നിലമ്പൂരില്‍ നിന്നും വിജയിച്ച അന്‍വര്‍ യുഡിഎഫ് നേതാക്കളുമായി നടത്തിയ ഗൂഢാലോചനയുടേയും വഞ്ചനാപരമായ സമീപനത്തിന്റെയും ഫലമായാണ് ഈ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. കേരളത്തിന് സുപരിചിതമല്ലാത്ത ‘ആയാറാം ഗയാറാം’ രാഷ്ട്രീയത്തെ അതിരറ്റ് പ്രോത്സാഹിപ്പിക്കാനുള്ള കോണ്‍ഗ്രസിന്റെയും യുഡിഎഫിന്റെയും ഇടപെടലാണ് ഇതിനിടയാക്കിയത്.
1965ൽ മഞ്ചേരി മണ്ഡലം വിഭജിച്ച് നിലമ്പൂര്‍ മണ്ഡലം രൂപീകരിക്കപ്പെട്ടതുമുതല്‍ നടന്ന 14 തിരഞ്ഞെടുപ്പുകളിൽ അഞ്ച് തവണ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയാണ് ഇവിടെ വിജയിച്ചത്. സഖാവ് കുഞ്ഞാലി 1965ലും, 1967ലും ഈ മണ്ഡലത്തില്‍ നിന്നും സിപിഐ എം സ്ഥാനാര്‍ഥിയായി വിജയിച്ചിട്ടുണ്ട്. 1980ല്‍ എല്‍ഡിഎഫിന്റെ ഭാഗമായ കോണ്‍ഗ്രസ് (യു) സ്ഥാനാര്‍ഥിയായി സി എച്ച് ഹരിദാസ് ഇവിടെ വിജയിക്കുകയുണ്ടായി. ലോക് സഭയിലേക്ക് പൊന്നാനിയില്‍ നിന്ന് മത്സരിച്ച് തോറ്റ കോണ്‍ഗ്രസ് (യു) നേതാവ് ആര്യാടന്‍ മുഹമ്മദ് അവരുടെ പാര്‍ട്ടി പ്രതിനിധിയായി നായനാര്‍ മന്ത്രിസഭയില്‍ അംഗമായപ്പോള്‍ ഹരിദാസനെ രാജിവെപ്പിച്ചു തുർന്ന് നിലമ്പൂരില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുകയുണ്ടായി. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ആര്യാടന്‍ ആ ഉപതിരഞ്ഞെടുപ്പില്‍ വിജയിച്ചു. നായനാര്‍ മന്ത്രിസഭക്ക് പിന്തുണ പിന്‍വലിച്ച് കോണ്‍ഗ്രസ് (യു) യുഡിഎഫിലേക്ക് തിരിച്ചുപോയതിന് ശേഷം 1982ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ നിലമ്പൂരില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിച്ച ആര്യാടനെ സിപിഐ എം സ്വതന്ത്രനായി മത്സരിച്ച ടി കെ ഹംസ പരാജയപ്പെടുത്തി.
1980ല്‍ എൽഡിഎഫ് സ്ഥാനാർഥിയായി 19,000ലധികം ഭൂരിപക്ഷം നേടിയ ആര്യാടനെയാണ് 1982ൽ ടി കെ ഹംസ പരാജയപ്പെടുത്തിയത്. ഇന്ദിര ഗാന്ധി തന്നെ നിലമ്പൂരില്‍ വന്ന് പ്രചാരണം നടത്തിയിട്ടും ആര്യാടന്‍ അന്ന് നിലംതൊട്ടില്ല. രാഷ്ട്രീയ വഞ്ചനയ്-ക്ക് നിലമ്പൂരിലെ ജനത ആര്യാടനെയും, കോണ്‍ഗ്രസിനെയും ഒരു പാഠം പഠിപ്പിച്ചു. സമാനമായ രാഷ്ട്രീയ സാഹചര്യമാണ് ഇപ്പോഴും നിലമ്പൂരിലുള്ളത്. കേരളത്തില്‍ തുടര്‍ച്ചയായ മൂന്നാമാതും ഭരണത്തിന് എല്‍ഡിഎഫ് സര്‍ക്കാര്‍ ഭരണത്തിലേറുമെന്ന സാഹചര്യത്തിലാണ് ഈ തിരഞ്ഞെടുപ്പ് നടക്കുന്നത് എന്ന പ്രത്യേകതയും ഇപ്പോഴുണ്ട്.
2016ലെ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുമ്പോള്‍ ആഗോളവല്‍ക്കരണ നയങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടുവയ്ക്കുകയും, സംസ്ഥാനം ഭരിക്കുന്ന യുഡിഎഫ് സര്‍ക്കാര്‍ അത് അതേപടി നടപ്പിലാക്കുകയും ചെയ്യുന്ന സ്ഥിതിവിശേഷമായിരുന്നു ഉണ്ടായിരുന്നത്. അതിന്റെ ഫലമായി കേരളത്തിന്റെ വിവിധ മേഖലകള്‍ വലിയ തിരിച്ചടി നേരിട്ടുകൊണ്ട് മുന്നോട്ടുപോവുകയായിരുന്നു; കേരളത്തിന്റെ വളര്‍ച്ച പിറകോട്ട് പോയി. കാര്‍ഷിക രംഗത്ത് നെഗറ്റീവ് വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. ക്ഷേമ പെന്‍ഷനുകള്‍ 18 മാസം കുടിശ്ശികയായി. പൊതു ആരോഗ്യ –വിദ്യാഭ്യാസ മേഖലകള്‍ തകരുന്ന സ്ഥിതിയുണ്ടായി. അഴിമതിയാവട്ടെ സാര്‍വ്വത്രികമായി മാറി. വര്‍ഗീയ ചിന്തകള്‍ സമൂഹത്തില്‍ വരിഞ്ഞു മുറുക്കുന്ന സ്ഥിതിയും രൂപപ്പെട്ടു. ആസിയാന്‍ കരാര്‍ കേരളത്തിന്റെ കാര്‍ഷിക മേഖലയെ തകര്‍ക്കുന്ന സ്ഥിതിവിശേഷവും ഉയര്‍ന്നുവരികയായിരുന്നു.
ഈ സാഹചര്യത്തില്‍ കേരളത്തിന്റെ വികസനത്തെ മുന്നോട്ടുകൊണ്ടുപോകാനുള്ള ക്രിയാത്മകമായ നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവെച്ചുകൊണ്ടാണ് നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് മത്സരിച്ചത്. അടിസ്ഥാന മേഖലയെ സംരക്ഷിക്കുന്നതിനും ആരോഗ്യ – വിദ്യാഭ്യാസ മേഖലകളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനുമുള്ള സമീപനങ്ങളും അത് മുന്നോട്ടുവെച്ചു. പശ്ചാത്തല സൗകര്യ വികസനവും, സാമൂഹ്യ സുരക്ഷാ പദ്ധതികളുടെ സംരക്ഷണവും അതിലെ പ്രധാന അജൻഡയായി. കേരളത്തിന്റെ മതനിരപേക്ഷത സംരക്ഷിക്കുകയെന്നുള്ളതും പ്രധാന അജൻഡയായി മുന്നോട്ടുവെച്ചു. തകര്‍ന്ന കേരളത്തെ സംരക്ഷിക്കുന്നതിനുള്ള കാഴ്ചപ്പാട് മുന്നോട്ടുവെച്ച പ്രകടനപത്രികയിലെ നിര്‍ദ്ദേശങ്ങള്‍ ഏറെക്കുറെ പൂര്‍ത്തീകരിക്കാന്‍ സംസ്ഥാന സര്‍ക്കാരിനായി. തകര്‍ന്ന കേരളത്തെ മുന്നോട്ടുകൊണ്ടുപോകുന്നതിനുള്ള ക്രിയാത്മകമായ പ്രവർത്തനങ്ങൾ സ്വീകരിച്ച്, അക്കാലത്ത് രൂപപ്പെട്ട പ്രകൃതി ദുരന്തങ്ങളെയാകെ അതിജീവിച്ചുകൊണ്ടാണ് ഇത്തരമൊരു നേട്ടത്തിലേക്ക് എല്‍ഡിഎഫ് സര്‍ക്കാര്‍ എത്തിച്ചേര്‍ന്നത്. വാഗ്ദാനങ്ങള്‍ നടപ്പിലാക്കുകയും, പ്രകൃതി ദുരന്തങ്ങളില്‍ നാടിനെ സംരക്ഷിക്കുകയും ചെയ്ത സര്‍ക്കാരിന് തുടര്‍ഭരണം കേരള ജനത നല്‍കി.
2021ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ കേരളത്തെ കൂടുതല്‍ മുന്നോട്ടുകൊണ്ടുപോകുന്നതിനുള്ള കാഴ്ചപ്പാടുകള്‍ എല്‍ഡിഎഫ് ജനങ്ങള്‍ക്കു മുമ്പാകെ അവതരിപ്പിച്ചു. വൈജ്ഞാനിക സമൂഹ സൃഷ്ടി തൊട്ട് അതിദാരിദ്ര്യം പരിഹരിക്കുന്നതുവരെയുള്ള നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവെച്ചുകൊണ്ടുള്ള അതിലെ കാഴ്ചപ്പാടുകളും കേരളത്തെ കൂടുതല്‍ മുന്നോട്ടുകൊണ്ടുപോകുന്നതിന് സഹായകമായി. ഇത്തരത്തില്‍ നവകേരളം സൃഷ്ടിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച സമീപനങ്ങള്‍ കേരള സമൂഹത്തെ ഏറെ മുന്നോട്ടുകൊണ്ടുപോകുന്നതിന് സഹായകമായിത്തീര്‍ന്നു. കേരളം എത്രയേറെ മുന്നോട്ടുപോയി എന്നതിന്റെ സാക്ഷ്യപത്രമാണ് അഖിലേന്ത്യാ തലത്തില്‍ സംസ്ഥാന സര്‍ക്കാരിന് ലഭിച്ച 34 അവാര്‍ഡുകള്‍.
നിതി ആയോഗിന്റെ കണക്കുകള്‍ പരിശോധിച്ചാല്‍ കേരളം ഏറെ മുന്നോട്ടുപോകുന്ന സ്ഥിതിയാണുണ്ടായിട്ടുള്ളത്. അടിസ്ഥാന മേഖലകളില്‍ വലിയ തോതിലുള്ള വികസനമുണ്ടായി. സ്വകാര്യ നിക്ഷേപം ആകര്‍ഷിക്കുന്നതിന്റെ കൂടി ഭാഗമായി മുന്നോട്ടുവെച്ച പശ്ചാത്തല സൗകര്യ വികസന മേഖലയില്‍ വന്‍ കുതിപ്പ് കേരളം നടത്തി. 80,000 കോടിയോളം രൂപയുടെ വികസന പ്രവര്‍ത്തനങ്ങളാണ് ഈ രംഗത്തുണ്ടായത്. രണ്ട് ലക്ഷം കോടിയോളം രൂപയുടെ നിക്ഷേപങ്ങള്‍ സംസ്ഥാനത്ത് ലഭിക്കുന്ന സ്ഥിതിയുമുണ്ടായിരിക്കുന്നു. വീടില്ലാത്തവര്‍ക്ക് വീട് ലഭ്യമാക്കുന്ന ലൈഫ് പദ്ധതി പ്രകാരം 5 ലക്ഷത്തിലേറെ വീടുകള്‍ നല്‍കാന്‍ സംസ്ഥാന സര്‍ക്കാരിന് കഴിഞ്ഞു. 5 ലക്ഷത്തോളം പട്ടയം വിതരണം ചെയ്തുകൊണ്ടും ഈ രംഗത്ത് വലിയ കുതിപ്പ് നടത്താന്‍ സര്‍ക്കാരിന് സാധ്യമായി. പൊതുവിദ്യാഭ്യാസത്തിന്റേയും ആരോഗ്യ മേഖലയുടേയും വളര്‍ച്ച പാവപ്പെട്ടവര്‍ക്ക് താങ്ങായി. ക്ഷേമ പെന്‍ഷനുകള്‍ 600ല്‍ നിന്നും 1,600 ആയി നല്‍കുന്ന സ്ഥിതിയുണ്ടായി. പട്ടികജാതി – പട്ടിക വര്‍ഗ മേഖലകളില്‍ വികസനത്തിന്റെ കുതിപ്പുണ്ടാക്കി.
1,80,000 കോടിയോളം രൂപ കേരളത്തിന് ലഭിക്കേണ്ടത് നിഷേധിച്ച കേന്ദ്ര സര്‍ക്കാര്‍ നിലപാടിനെതിരെ പൊരുതിക്കൊണ്ടാണ് ഈ നേട്ടം നാം കൈവരിച്ചത്. കേരളത്തിന്റെ തനത് വരുമാനം വര്‍ദ്ധിപ്പിക്കുന്നതിന് ഇടപെട്ടുകൊണ്ടാണ് കേരളം പ്രതിസന്ധികളെ അതിജീവിക്കുന്നതിന് കരുത്തു നേടിയത്. 2020 – 21 ന് ശേഷം 2024 –25 വരെ തനത് നികുതി വരുമാന വളര്‍ച്ച 71.66 ശതമാനമായി ഉയര്‍ന്നു. കേരളത്തിന്റെ ആകെ റവന്യു വരുമാനത്തില്‍ തനത് റവന്യു വരുമാനത്തിന്റെ പങ്ക് 2023 – 24 ലെ ഓഡിറ്റ് ചെയ്ത കണക്ക് പ്രകാരം 72.84 ശതമാനമാണ്. ഇത്തരത്തിലുള്ള കാര്യക്ഷമമായ ഇടപെടലാണ് കേരളത്തിന്റെ കുതിപ്പിനിടയാക്കിയത്.
രാജ്യത്തെമ്പാടും വര്‍ഗീയ ധ്രുവീകരണത്തിന്റെ തീക്കാറ്റ് ആഞ്ഞു വീശിയപ്പോള്‍ വര്‍ഗീയ സംഘര്‍ഷങ്ങളില്ലാത്ത സംസ്ഥാനമായി കേരളത്തെ മാറ്റാനായി. ഭരണഘടനയെ തകര്‍ക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നിലപാടുകള്‍ക്കെതിരെ പ്രതിരോധമുയര്‍ത്താനും കേരളത്തിനായി. കോടതികളില്‍ ഈ പോരാട്ടം സംസ്ഥാന സർക്കാർ നടത്തിയെന്ന് മാത്രമല്ല, ഡല്‍ഹിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ നടന്ന സമരം രാജ്യത്തെമ്പാടും തന്നെ വലിയ ബഹുജന മുന്നേറ്റത്തിന് അടിത്തറയായിത്തീരുകയും ചെയ്തു.
കേരളത്തെ തകര്‍ക്കുന്ന സാമ്പത്തിക ഉപരോധം കേന്ദ്രം ഏര്‍പ്പെടുത്തിയിട്ടും അതിനെതിരെ പ്രതികരിക്കാന്‍ യുഡിഎഫ് തയ്യാറായില്ല. രാഷ്ട്രീയ താല്‍പര്യത്തോടെ കേന്ദ്ര ഏജന്‍സികള്‍ കേരളത്തില്‍ ഇടപെട്ടപ്പോഴും യുഡിഎഫ് ബിജെപിക്കൊപ്പമായിരുന്നു. മതനിരപേക്ഷതയുടെ അടിസ്ഥാനമായ ന്യൂനപക്ഷ അവകാശങ്ങൾ സംരക്ഷിക്കുന്നതിന് പാര്‍ലമെന്റിനകത്തും, പുറത്തും പൊരുതിയതും ഇടതുപക്ഷമായിരുന്നു.
മോദി സര്‍ക്കാര്‍ നടത്തുന്ന തെറ്റായ നയങ്ങള്‍ക്കെതിരെ ബദലുയര്‍ത്തിപ്പിടിച്ചുകൊണ്ട് എല്‍.ഡി.എഫ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുകയാണ്. തുടര്‍ച്ചയായി രണ്ട് തവണ അധികാരത്തില്‍ വന്ന എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഭരണ നേട്ടങ്ങള്‍ കേരളത്തിലെ ജനങ്ങളുടെയാകെ ജീവിതത്തെ കൂടുതല്‍ മുന്നോട്ടുകൊണ്ടുപോകുന്നതിന് പര്യാപ്തമായ ഒന്നാണ്. വര്‍ഗീയ സംഘര്‍ഷങ്ങളില്ലാത്ത നാടായി കേരളത്തെ വളര്‍ത്തിയെടുക്കുന്നതിനും എല്‍ഡിഎഫ് സര്‍ക്കാരിന് കഴിയുകയുണ്ടായി. സര്‍ക്കാരിന്റെ ഇത്തരം നയങ്ങള്‍ക്ക് കൂടുതല്‍ കരുത്തു പകരുന്ന വിധം മുന്നോട്ടുപോകുന്നതിന് നിലമ്പൂരിലെ തിരഞ്ഞെടുപ്പ് വിജയം സഹായകമായിത്തീരും. യുഡിഎഫ് പിന്തുടരുന്ന തെറ്റായ രാഷ്ട്രീയ സമീപനങ്ങള്‍ക്കെതിരായ പ്രതിഷേധമായും ഇതിനെ മാറ്റിയെടുക്കാന്‍ കഴിയണം. ഇത്തരത്തില്‍ എല്‍ഡിഎഫിന്റെ തുടര്‍ഭരണം നടപ്പില്‍ വരുത്തുകയെന്ന ആഗ്രഹം കേരളീയ സമൂഹത്തില്‍ സജീവമാണ്. കേരളത്തിന്റെ മുന്നോട്ടുപോക്കിന് ഏറ്റവും പ്രധാനമായ തുടര്‍ഭരണം കൊണ്ടുവരുന്നതിന് നിലമ്പൂരിലെ എൽഡിഎഫ് വിജയം കൂടുതല്‍ കരുത്തും ആത്മവിശ്വാസവും പകരും. l