Friday, June 13, 2025

ad

Homeആമുഖംആമുഖം

ആമുഖം

എൽഡിഎഫ് സർക്കാർ പത്താം വർഷത്തിലേക്ക് കടക്കുകയാണ്. സംസ്ഥാനത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഒരു സർക്കാർ വീണ്ടും ജനവിധി നേടി, അതും വർധിച്ച ഭൂരിപക്ഷത്തോടെ അധികാരത്തിലേറുന്നത്.

കേരളത്തിന്റെ സമഗ്രമായ വികസനവും എല്ലാ ജനവിഭാഗങ്ങളുടെയും സർതോമുഖമായ ക്ഷേമവും ഉറപ്പുവരുത്തിയാണ് പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എൽഡിഎഫ് സർക്കാർ പത്താം വർഷത്തിലേക്ക് മുന്നേറുന്നത്. ഒട്ടേറെ പ്രതിസന്ധികൾ തരണം ചെയ്താണ് ഈ മുന്നേറ്റം എന്നതാണ് ഈ നേട്ടത്തിന്റെ മാറ്റുകൂട്ടുന്നത്. ആവർത്തിച്ചുണ്ടായ പ്രകൃതി ദുരന്തങ്ങൾക്കുപുറമെ ഫെഡറൽ ഭരണസംവിധാനം നിലനിൽക്കുന്ന രാജ്യത്ത് ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തവിധത്തിൽ സംസ്ഥാന ഭരണത്തെ സാമ്പത്തികമായും രാഷ്ട്രീയമായും ഞെരിച്ചമർത്താനും ശ്വാസംമുട്ടിക്കാനും ബിജെപി നേതൃത്വം നൽകുന്ന കേന്ദ്ര സർക്കാർ ശ്രമിച്ചുകൊണ്ടിരിക്കെയാണ് അതിനെയെല്ലാം തരണം ചെയ്ത് നാം മുന്നേറിക്കൊണ്ടിരിക്കുന്നത്. സംസ്ഥാനത്തെ ജനങ്ങളോട് യാതൊരു ഉത്തരവാദിത്വവും കാണിക്കാത്ത, കൺമുന്നിലെ യാഥാർഥ്യങ്ങൾക്കുനേരെ കണ്ണടച്ചിരുട്ടാക്കാൻ നോക്കുന്ന പ്രതിപക്ഷവും അവരെക്കാൾ മുന്നിൽനിന്ന് എൽഡിഎഫ് സർക്കാരിനെതിരെ പടവെട്ടുന്ന വലതുപക്ഷ മാധ്യമങ്ങളും നടത്തുന്ന നുണപ്രചരണങ്ങളെ അതിജീവിച്ചുമാണ് എൽഡിഎഫ് സർക്കാർ പത്താം വർഷത്തിലേക്ക് മുന്നേറുന്നത്.

ഏതു മേഖലയിലാണ് സംസ്ഥാനത്ത് 2016ൽ എൽഡിഎഫ് സർക്കാർ അധികാരത്തിലെത്തിയശേഷം വികസനത്തിന്റെ കയ്യൊപ്പ് പതിയാത്തത് എന്ന ചോദ്യത്തിന് മറുപടി പറയാൻ പ്രതിപക്ഷത്തിനോ വലതുപക്ഷ മാധ്യമങ്ങൾക്കോ കഴിയില്ല. കാസർകോടു മുതൽ തിരുവനന്തപുരം വരെ തലങ്ങും വിലങ്ങുമൊന്ന് യാത്ര ചെയ്താൽ മാത്രം മതി കഴിഞ്ഞ ഒമ്പത് വർഷത്തിനുള്ളിൽ കേരളത്തിലുണ്ടായ കണ്ണഞ്ചിപ്പിക്കുന്ന മാറ്റത്തെക്കുറിച്ച് ബോധ്യപ്പെടാൻ. ദേശീയപാത മാത്രമല്ല, മലയോര, തീരദേശ പാതകളും അതിലുപരി ഗ്രാമീണ റോഡുകളുമെല്ലാം സംസ്ഥാന സർക്കാരിന്റെ പ്രവർത്തനമികവിന്റെ ദൃഷ്ടാന്തങ്ങളായി നമുക്കു മുന്നിലുണ്ട്.

വിഴിഞ്ഞം തുറമുഖത്തിന്റെ പൂർത്തീകരണത്തിനു പിന്നിലും, മൊത്തം ചെലവിന്റെ 62 ശതമാനവും വഹിച്ച, തുടക്കം മുതൽ ഇതേവരെ നടത്തിപ്പിന്റെ ഓരോ ഘട്ടത്തിലും സൂക്ഷ്മമായ മേൽനോട്ടം വഹിക്കുകയും വേണ്ടപ്പോൾ ശക്തമായി ഇടപെടുകയും ചെയ്ത സംസ്ഥാനത്തെ എൽഡിഎഫ് സർക്കാരിനെ കാണാനാകും. തറക്കല്ലിട്ടതുകൊണ്ടോ കരാറുറപ്പിച്ചതുകൊണ്ടോ പൂർത്തിയാകുന്നതല്ല ഒരു മെഗാപദ്ധതിയും. അവിടെയാണ് വിഴിഞ്ഞം പദ്ധതിയുടെ കാര്യത്തിൽ എൽഡിഎഫ് സർക്കാരിന്റെ കയ്യൊപ്പ് കാണാനാകുന്നത്. കേരളത്തിന്റെയെന്നല്ല, നമ്മുടെ രാജ്യത്തിന്റെ തന്നെ വികസനകുതിപ്പിന്റെ നാഴികക്കല്ലായി വിഴിഞ്ഞം പദ്ധതി എക്കാലവും തലയുയർത്തിനിൽക്കും.

വ്യവസായ വികസനത്തിന്റെ കാര്യത്തിലും കേരളം അതിവേഗം മുന്നോട്ടു കുതിച്ചുപായുന്നതിന്റെ ചിത്രമാണ് പിന്നിട്ട ഒമ്പതുവർഷവും നമുക്കു മുന്നിൽ ദൃശ്യമാകുന്നത്. സ്റ്റാർട്ടപ്പുകളുടെയും ചെറുകിട സംരംഭങ്ങളുടെയും കാര്യത്തിൽ ഇന്ത്യയിൽ മറ്റൊരു സംസ്ഥാനത്തും കാണാനാവാത്തത്ര മുന്നിലാണ് കേരളം. ഈസ് ഓഫ് ഡൂയിങ് ബിസിനസ്സിന്റെ കാര്യത്തിൽ ഒരു കാലത്ത് ഏറെ പിന്നിലായിരുന്ന കേരളം ഇപ്പോൾ കുതിച്ചുമുന്നിലെത്തിയിരിക്കുകയാണ്. അതിവേഗം വിജ്ഞാനാധിഷ്ഠിത സമ്പദ്ഘടനയായും എൽഡിഎഫ് ഭരണത്തിൽ കേരളം മുന്നേറുകയാണ്.

അതിദരിദ്രരില്ലാത്ത ഇന്ത്യയിലെ ഏകസംസ്ഥാനമെന്ന ഖ്യാതിയിലേക്ക് നീങ്ങാൻ ഇനി കേരളത്തിന് നാലോ അഞ്ചോ മാസം മാത്രം മതി. അങ്ങനെ ഭവനരഹിതരില്ലാത്ത, ആരും പട്ടിണികിടക്കാത്ത സംസ്ഥാനമായി കേരളം അതിവേഗം മാറുകയാണ്. ജനങ്ങളുടെ നിത്യജീവിതദുരിതങ്ങൾക്ക് പരിഹാരം കാണുന്നതിനൊപ്പം എല്ലാ വിഭാഗം ജനങ്ങളുടെയും ക്ഷേമവും സമൃദ്ധിയും ഉറപ്പാക്കിയുള്ള മുന്നേറ്റമാണ് എൽഡിഎഫ് സർക്കാർ നടത്തുന്നത്. മതനിരപേക്ഷതയും ജനാധിപത്യവും ഉറപ്പാക്കി, പരിസ്ഥിതി സൗഹൃദ വികസനത്തിന്റെ പാതയിലൂടെ മുന്നേറുന്ന കേരളത്തിലെ എൽഡിഎഫ് മൂന്നാമൂഴവും തുടരണമെന്ന ആഗ്രഹത്തിലും തുടരുമെന്ന പ്രതീക്ഷയിലുമാണ് കേരളത്തിലെ സാധാരണക്കാർ. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

thirteen + 13 =

Most Popular