ഈ സംസ്ഥാന സര്‍ക്കാര്‍ അധികാരമേറ്റ് നാലു വര്‍ഷം പൂര്‍ത്തിയായിരിക്കുകയാണ്. 2016 ല്‍ അധികാരത്തില്‍ വന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരിന്റെ തുടര്‍ച്ചയാണ് ഈ സര്‍ക്കാരും. അങ്ങനെ നോക്കുമ്പോള്‍ വികസനത്തിന്റെയും സാമൂഹ്യ പുരോഗതിയുടെയും ഒന്‍പതു വര്‍ഷങ്ങളാണ് നമ്മള്‍ പിന്നിട്ടിരിക്കുന്നതെന്ന് പറയാം.
മതനിരപേക്ഷ, അഴിമതിരഹിത, വികസിത കേരളം എന്ന മുദ്രാവാക്യമാണ് 2016 ലെ പ്രകടന പത്രികയിലൂടെ ഇടതുപക്ഷ ജനാധിപത്യ മുന്നണി മുന്നോട്ടുവെച്ചത്. ആ ലക്ഷ്യം നേടിയെടുക്കാനായി 35 ഇന പരിപാടിയും 600 വാഗ്ദാനങ്ങളും അവതരിപ്പിച്ചിരുന്നു. കഴിഞ്ഞ സര്‍ക്കാരിന്റെ ആദ്യ വര്‍ഷത്തില്‍ തന്നെ 35 ഇന പരിപാടി ഏറെക്കുറെ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞു. കാലാവധി പൂർത്തിയാക്കുമ്പോഴേക്ക് 600 ല്‍ 580 വാഗ്ദാനങ്ങള്‍ നടപ്പാക്കാനും കഴിഞ്ഞ സര്‍ക്കാരിനു സാധിച്ചു. അങ്ങനെ, ജനങ്ങള്‍ക്കു നല്‍കുന്ന വാഗ്ദാനങ്ങള്‍ നിറവേറ്റപ്പെടും എന്നു പ്രവൃത്തിയിലൂടെ ഇടതുപക്ഷ ജനാധിപത്യ മുന്നണി തെളിയിച്ചു. സര്‍ക്കാര്‍ ചെയ്ത കാര്യങ്ങള്‍ ജനങ്ങള്‍ക്കു നേരിട്ട് വിലയിരുത്താന്‍ കഴിയുന്ന വിധത്തില്‍ ഓരോ വര്‍ഷവും പ്രോഗ്രസ്സ് റിപ്പോര്‍ട്ട് ജനസമക്ഷം അവതരിപ്പിക്കുകയും ചെയ്തു.
2016 ല്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ നമ്മുടെ സര്‍ക്കാര്‍ ആശുപത്രികളില്‍ വേണ്ടത്ര സൗകര്യങ്ങളില്ലാത്ത, പൊതുവിദ്യാലയങ്ങള്‍ ഇടിച്ചുനിരത്തപ്പെടുന്ന, വികസന പദ്ധതികളെല്ലാം തന്നെ മുടങ്ങിപ്പോകുന്ന ഒരവസ്ഥയാണ് ഉണ്ടായിരുന്നത്. നാഷണല്‍ ഹൈവേ അതോറിറ്റിയും ഗെയിലുമെല്ലാം ഇവിടുത്തെ പ്രവര്‍ത്തനങ്ങള്‍ തന്നെ നിര്‍ത്തിവച്ച് മടങ്ങിപ്പോയ അവസ്ഥ. അത്തരമൊരു സാഹചര്യത്തില്‍ ജനങ്ങള്‍ക്കുണ്ടായ നൈരാശ്യത്തെ മറികടക്കാനുതകുന്ന നടപടികളാണ് കഴിഞ്ഞ സര്‍ക്കാര്‍ കൈക്കൊണ്ടത്.
നമ്മുടെ പൊതുവിദ്യാലയങ്ങളെ ലോകോത്തര നിലവാരത്തിലേക്കുയര്‍ത്തി. പൊതുജനാരോഗ്യ സംവിധാനങ്ങളെ രോഗീസൗഹൃദമാക്കി. മുടങ്ങിക്കിടന്ന വികസന പദ്ധതികളെല്ലാം പൂര്‍ത്തിയാക്കി. നമ്മുടെ ജലാശയങ്ങളെയും കൃഷിയിടങ്ങളെയും ഒക്കെ വീണ്ടെടുത്തു. അതിന്റെയൊക്കെ ഫലമായി ജനങ്ങളുടെ വിശ്വാസമാര്‍ജിക്കാന്‍ കഴിഞ്ഞ സര്‍ക്കാരിനു സാധിച്ചു. അതുകൊണ്ടുതന്നെയാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് തുടര്‍ഭരണം നല്‍കാന്‍ കേരളത്തിലെ ജനങ്ങള്‍ തയ്യാറായത്. ജനങ്ങള്‍ അര്‍പ്പിച്ച വിശ്വാസം കാത്തുസൂക്ഷിച്ച് മുന്നോട്ടുപോവുകയാണ് ഈ സര്‍ക്കാര്‍.
വിഭവ സമാഹരണത്തിന് തനത് മാതൃക
വലിയ പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ടാണ് ഇതൊക്കെ ചെയ്യുന്നത്. പരിമിതികള്‍ അല്ല, ഞെരിച്ചമര്‍ത്തലാണ്. കേരളം വികസന–ക്ഷേമ മേഖലകളില്‍ മുന്നേറുന്നതു കണ്ട് അസൂയപൂണ്ടവര്‍ മനഃപൂര്‍വ്വമായി കേരളത്തെ പിന്നോട്ടടിപ്പിക്കാന്‍ നടത്തുന്ന ശ്രമമാണിതിനു പിന്നില്‍.
അതിന്റെ ദൃഷ്ടാന്തങ്ങളാണ് ഫിനാന്‍സ് കമ്മീഷന്‍ റവന്യൂ വിഹിതം വെട്ടിക്കുറയ്ക്കുന്നതും കേന്ദ്രം ഗ്രാന്റുകള്‍ ഇല്ലാതാക്കുന്നതും വായ്പാ പരിധിയുടെ കാര്യത്തില്‍ കേന്ദ്രത്തിനു ബാധകമല്ലാത്ത നിബന്ധനകള്‍ കേരളത്തിന് ഏര്‍പ്പെടുത്തുന്നതും വികസനþക്ഷേമ പദ്ധതികളിലെ കേന്ദ്രവിഹിതം നല്‍കാതിരിക്കുന്നതും പ്രളയകാലത്തെ രക്ഷാപ്രവര്‍ത്തനത്തിനും ഭക്ഷ്യധാന്യങ്ങള്‍ക്കും പണം ഈടാക്കുന്നതുമെല്ലാം. എന്നാല്‍, ഇതിന്റെയൊക്കെ ഇടയിലും കേരളം മുന്നേറുകയാണ്. നമ്മുടെ സാമ്പത്തിക വളര്‍ച്ചയുമായി ബന്ധപ്പെട്ട സ്ഥിതിവിവര കണക്കുകള്‍ തന്നെ അത് വ്യക്തമാക്കുന്നുണ്ട്.
കഴിഞ്ഞ നാലു വര്‍ഷത്തെ കണക്കുകളെടുത്തു നോക്കിയാല്‍ നമ്മുടെ തനത് നികുതി വരുമാനം 47,000 കോടി രൂപയില്‍ നിന്ന് 81,000 കോടി രൂപയായി വര്‍ദ്ധിച്ചു. ആകെ തനതു വരുമാനമാകട്ടെ 55,000 കോടിയില്‍ നിന്ന് 1,04,000 കോടി രൂപയായി വര്‍ദ്ധിച്ചു. പൊതുകടവും ആഭ്യന്തര ഉല്‍പാദനവും തമ്മിലുള്ള അന്തരം 36 ശതമാനത്തില്‍ നിന്നും 34 ശതമാനമായി കുറഞ്ഞു. എന്നാല്‍, കഴിഞ്ഞ സാമ്പത്തിക വര്‍ഷം 70 ശതമാനത്തോളം ചെലവുകളും സംസ്ഥാന സര്‍ക്കാരാണ് വഹിച്ചത്. ഈ സാമ്പത്തിക വര്‍ഷം ആകെ ചെലവുകളുടെ 75 ശതമാനത്തോളം സംസ്ഥാനം വഹിക്കേണ്ടി വരും എന്നാണ് കരുതപ്പെടുന്നത്. 2016 ല്‍ കേരളത്തിന്റെ മൊത്തം ആഭ്യന്തര ഉത്പാദനം ഏകദേശം 5.6 ലക്ഷം കോടി രൂപയായിരുന്നെങ്കില്‍ ഇപ്പോഴത് 13.11 ലക്ഷം കോടി രൂപയായി ഉയരുകയാണ്. പ്രതിസന്ധികളില്‍ തളരുകയല്ല, അവയെ അവസരങ്ങളാക്കി മുന്നോട്ടുപോവുകയാണ് നാം ചെയ്യുന്നത്.
ഈ വളര്‍ച്ചയ്ക്ക് ആധാരമായിരിക്കുന്നത് കൃഷി, വ്യവസായം, ഐ ടി, ടൂറിസം ഉള്‍പ്പെടെയുള്ള മേഖലകളില്‍ നമ്മള്‍ നടത്തുന്ന മുന്നേറ്റമാണ്. അവയ്ക്കുവേണ്ട അടിസ്ഥാന സൗകര്യ വികസനങ്ങള്‍ ഒരുക്കുന്നതില്‍ കിഫ്ബി വലിയ പങ്കാണ് വഹിക്കുന്നത്. വിഭവങ്ങളുടെ പരിമിതിയെ മറികടക്കാനാണ് കിഫ്ബിയെ പുനഃക്രമീകരിച്ചത്. അതിന്റെ ഫലമായി 2016 മുതല്‍ 2021 വരെയുള്ള കാലത്ത് 62,500 കോടി രൂപയുടെ പദ്ധതികള്‍ ഏറ്റെടുക്കാന്‍ നമുക്ക് കഴിഞ്ഞു.
കഴിഞ്ഞ മൂന്നര വര്‍ഷം കൊണ്ടാകട്ടെ 27,000 കോടി രൂപയുടെ പദ്ധതികളാണ് കിഫ്ബിയിലൂടെ ഏറ്റെടുത്തിട്ടുള്ളത്. എന്നാല്‍, കേരളത്തില്‍ ഇത്തരമൊരു ബദല്‍ സംവിധാനം വിജയകരമായി പ്രവര്‍ത്തിക്കുന്നു എന്നതില്‍ ചിലര്‍ക്കു കണ്ണുകടിയുണ്ടാവുന്നു. അവര്‍ കിഫ്ബിക്കു തടയിടാന്‍ നോക്കുന്നു. അതിന്റെ ഭാഗമായി ഒരു സ്വതന്ത്ര ധനകാര്യ സ്ഥാപനമായ കിഫ്ബിയുടെ കടമെടുപ്പിനെ കൂടി സംസ്ഥാനത്തിന്റെ പൊതുകടത്തിന്റെ ഭാഗമായി കണക്കാക്കുകയാണ്. അങ്ങനെ അതിന്റെ പ്രവര്‍ത്തനത്തെ സ്തംഭിപ്പിക്കാന്‍ നോക്കുകയാണ്.
എല്ലാവർക്കും പാർപ്പിടം, ക്ഷേമം
സമൂഹത്തിലെ ഏറ്റവും പരിഗണന അര്‍ഹിക്കുന്ന വിഭാഗങ്ങളുടെ ക്ഷേമവും അവരുടെ ജീവിത മുന്നേറ്റവും അടിയന്തര പ്രാധാന്യമുള്ളതായാണ് സര്‍ക്കാര്‍ കാണുന്നത്. ഭവനരഹിതരില്ലാത്ത കേരളം എന്ന സ്വപ്ന പദ്ധതിക്കായി ലൈഫ് മിഷന്‍ രൂപീകരിച്ചു. ലൈഫ് പദ്ധതി പ്രകാരം സര്‍ക്കാര്‍ ഇതിനകം 5,79,568 വീടുകള്‍ അനുവദിച്ചിട്ടുണ്ട്. 4,52,156 വീടുകള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ട്. ലൈഫ് പദ്ധതി പ്രകാരം 5 ലക്ഷം കുടുംബങ്ങള്‍ക്ക് അടച്ചുറപ്പുള്ള വീടുകള്‍ നല്‍കുമെന്ന പ്രകടനപത്രികയിലെ വാഗ്ദാനം യാഥാര്‍ത്ഥ്യമാവുകയാണ്. ലൈഫ് മിഷന്‍ മുഖേന 1,51,992 പട്ടികജാതി കുടുംബങ്ങള്‍ക്ക് വീട് അനുവദിച്ചു. 45,048 പട്ടികവര്‍ഗ്ഗക്കാര്‍ക്കാണ് വീട് അനുവദിച്ചത്. അതായത് ലൈഫ് മിഷന്‍ മുഖേന ആകെ അനുവദിച്ച വീടുകളില്‍ 34 ശതമാനത്തോളം പട്ടികജാതി – പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്കാണ് ലഭിച്ചത്. 2,500 കോടിയോളം രൂപയാണ് ഇതിനായി നീക്കിവെച്ചിരിക്കുന്നത്. മത്സ്യത്തൊഴിലാളി കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്ന പുനര്‍ഗേഹം പദ്ധതിയില്‍ 2300 ഓളം വീടുകള്‍ നല്‍കി. 390 ഫ്ളാറ്റുകളും അവർക്ക് കൈമാറി. 944 എണ്ണത്തിന്റെ നിര്‍മ്മാണം പുരോഗമിക്കുകയാണ്.
ക്ഷേമ പെന്‍ഷനുകള്‍ ലഭ്യമാക്കാനായി പ്രതിവര്‍ഷം 11,000 കോടി രൂപയോളം സംസ്ഥാന സര്‍ക്കാര്‍ ചെലവഴിക്കുന്നുണ്ട്. യു ഡി എഫിന്റെ കാലത്ത് 2016 ല്‍ 34 ലക്ഷം പേര്‍ക്ക് 600 രൂപ നിരക്കിലായിരുന്നു ക്ഷേമ പെന്‍ഷന്‍ ലഭിച്ചിരുന്നത്. എന്നാല്‍, നിലവില്‍ എല്‍ ഡി എഫ് സര്‍ക്കാര്‍ 60 ലക്ഷം പേര്‍ക്ക് 1,600 രൂപാ വീതം നല്‍കിവരികയാണ്. ക്ഷേമ പെന്‍ഷനായി 2011–16 കാലത്ത് യുഡിഎഫ് ചെലവഴിച്ചത് 9,000 കോടി രൂപയാണെങ്കില്‍ കഴിഞ്ഞ ഒന്‍പതു വര്‍ഷംകൊണ്ട് ഈ ഇനത്തിൽ ചെലവഴിച്ചത് 72,000 കോടിയോളം രൂപയാണ്.
കഴിഞ്ഞ ഒമ്പതു വര്‍ഷംകൊണ്ട് 4 ലക്ഷത്തിലധികം കുടുംബങ്ങള്‍ക്ക് പട്ടയം ലഭ്യമാക്കി. ഭവന നിര്‍മ്മാണത്തിനായി 9 വര്‍ഷത്തിനുള്ളില്‍ 33,058 പട്ടികജാതിക്കാര്‍ക്ക് 1,653 ഏക്കര്‍ ഭൂമിയാണ് നല്‍കിയത്. പട്ടികവര്‍ഗക്കാര്‍ക്ക് ഭൂമി നല്‍കാനായി ലാൻഡ് ബാങ്ക് പദ്ധതി, നിക്ഷിപ്ത വനഭൂമി വിതരണം, വനാവകാശ നിയമം തുടങ്ങിയവ നടപ്പാക്കി വരുന്നു. കഴിഞ്ഞ 9 വര്‍ഷം കൊണ്ട് 8,919 പട്ടികവര്‍ഗ്ഗ കുടുംബങ്ങള്‍ക്ക് 8,573.54 ഏക്കര്‍ ഭൂമി വിതരണം ചെയ്തു. എല്ലാ പട്ടികവര്‍ഗ്ഗ കുടുംബങ്ങള്‍ക്കും ഭൂമിയുള്ള രാജ്യത്തെ ആദ്യ ജില്ലയാണ് തിരുവനന്തപുരം. 29,139 പട്ടികവര്‍ഗ്ഗ കുടുംബങ്ങളുടെ 38,581 ഏക്കര്‍ ഭൂമിക്ക് വനാവകാശ പട്ടയം നല്‍കി. ഈ ഭൂമി, റവന്യൂ വില്ലേജില്‍ ഉള്‍പ്പെടുത്തി കരം സ്വീകരിക്കുന്നതിനുള്ള നടപടികള്‍ക്കും തുടക്കമായി.
2,730 പട്ടികവര്‍ഗ കുടുംബങ്ങള്‍ക്ക് 3,937 ഏക്കര്‍ ഭൂമിയാണ് വിവിധ പദ്ധതികളിലായി ഈ സര്‍ക്കാരിന്റെ കാലയളവില്‍ മാത്രം കൈമാറിയത്.
അതിദാരിദ്ര്യ നിര്‍മാര്‍ജന പദ്ധതി ലക്ഷ്യത്തിലേക്കെത്തുകയാണ്. ആകെയുള്ള 64,006 കുടുംബങ്ങളില്‍ 50,300 കുടുംബങ്ങളെ ഇതിനകം അതിദാരിദ്ര്യത്തില്‍ നിന്ന് മോചിപ്പിച്ചു. വരുന്ന കേരളപ്പിറവി ദിനത്തില്‍ കേരളം അതിദരിദ്രരില്ലാത്ത സംസ്ഥാനമാകും.
വിദ്യാഭ്യാസ– ആരോഗ്യ
രംഗങ്ങളിൽ കുതിപ്പ്
വിദ്യാഭ്യാസ രംഗത്താകട്ടെ, അടിസ്ഥാന സൗകര്യ രംഗത്തും അക്കാദമിക രംഗത്തും സമാനതകളില്ലാത്ത ഇടപെടലുകളാണ് കഴിഞ്ഞ ഒമ്പതു വര്‍ഷമായി സംസ്ഥാന സര്‍ക്കാര്‍ നടത്തിവരുന്നത്. സ്കൂളുകളുടെ അടിസ്ഥാന സൗകര്യ വികസനത്തിനായി മാത്രം 5,000 കോടിയോളം രൂപ ഇതിനോടകം അനുവദിച്ചിട്ടുണ്ട്. 5 കോടി രൂപ ചെലവില്‍ 141 സ്കൂള്‍ കെട്ടിടങ്ങള്‍ നവീകരിക്കുകയാണ്. അവയില്‍ 139 എണ്ണവും പൂര്‍ത്തിയായിട്ടുണ്ട്.
3 കോടി രൂപ ചെലവില്‍ 386 സ്കൂള്‍ കെട്ടിടങ്ങള്‍ നവീകരിക്കുകയാണ്. അവയില്‍ 179 എണ്ണം പൂര്‍ത്തിയായിട്ടുണ്ട്. ഒരു കോടി രൂപ ചെലവില്‍ നവീകരിക്കുന്ന 446 സ്കൂള്‍ കെട്ടിടങ്ങളില്‍ 195 എണ്ണം പൂര്‍ത്തിയായിട്ടുണ്ട്. അങ്ങനെ ആകെ 973 സ്കൂള്‍ കെട്ടിടങ്ങള്‍ അനുവദിച്ചവയില്‍ 513 എണ്ണവും പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ശേഷിക്കുന്നവയും സമയബന്ധിതമായി തന്നെ പൂര്‍ത്തിയാക്കും. 50,000 ത്തിലധികം ക്ലാസ്മുറികളാണ് ഹൈടെക്കാക്കി മാറ്റിയത്. സ്കൂളുകളില്‍ ടിങ്കറിംഗ് ലാബ്, റോബോട്ടിക് ലാബുകള്‍ എന്നിവ സജ്ജീകരിച്ചു. അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് രംഗത്ത് പരിശീലനം നല്‍കുന്ന ആദ്യ സംസ്ഥാനമായി കേരളം മാറി.
ഉന്നത വിദ്യാഭ്യാസ മേഖലയിലും ഫലപ്രദമായ ഇടപെല്‍ ഫലം കണ്ടു. നാക് റാങ്കിങ്ങില്‍ എംജി, കേരള സര്‍വ്വകലാശാലകള്‍ക്ക് എ ഡബിള്‍ പ്ലസ് ഗ്രേഡും കലിക്കട്ട്, കുസാറ്റ്, കാലടി സര്‍വ്വകലാശാലകള്‍ക്ക് എപ്ലസ് ഗ്രേഡും ലഭിച്ചു. കേരളത്തിലെ 28 കോളേജുകള്‍ക്ക് എ ഡബിള്‍ പ്ലസ് ഗ്രേഡും 49 കോളേജുകള്‍ക്ക് എ പ്ലസ് ഗ്രേഡും ലഭിച്ചു. 82 കോളേജുകള്‍ക്ക് എ ഗ്രേഡുമുണ്ട്. എന്‍ഐആര്‍എഫ് റാങ്കിങ്ങില്‍ രാജ്യത്തെ മികച്ച 200 കോളേജുകളില്‍ 42 എണ്ണവും കേരളത്തിലേതാണ്.
അവഗണിക്കപ്പെട്ടിരുന്ന പൊതുജനാരോഗ്യ സംവിധാനം ആധുനിക സംവിധാനങ്ങളോടെ രോഗീ സൗഹൃദമാക്കി. സംസ്ഥാനത്തെ 886 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെയാണ് കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയര്‍ത്തുന്നത്. അവയില്‍ 674 എണ്ണത്തെ ഇതിനോടകം കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി പരിവര്‍ത്തിപ്പിച്ചിട്ടുണ്ട്. അയ്യായിരത്തിലധികം ജനകീയ ആരോഗ്യ കേന്ദ്രങ്ങളും സജ്ജമായി. ജില്ലാ ജനറല്‍ ആശുപത്രികളില്‍ സൂപ്പര്‍ സ്പെഷ്യാലിറ്റി സൗകര്യങ്ങള്‍ ലഭ്യമാക്കിയിട്ടുണ്ട്. എല്ലാ ജില്ലാ ആശുപത്രികളിലും കാത്ത്ലാബും ഇന്റന്‍സീവ് കൊറോണറി കെയര്‍ യൂണിറ്റും ആരംഭിച്ചു. താലൂക്ക് ആശുപത്രികളില്‍ 44 അധിക ഡയാലിസിസ് യൂണിറ്റുകളാണ് ലഭ്യമാക്കിയത്. നിലവില്‍ 83 താലൂക്ക് ആശുപത്രികളില്‍ ഡയാലിസിസ് കേന്ദ്രങ്ങള്‍ സജ്ജമാക്കിയിട്ടുണ്ട്. മെഡിക്കല്‍ കോളേജുകള്‍ക്കായി പ്രത്യേക മാസ്റ്റര്‍ പ്ലാനുകള്‍ നടപ്പാക്കുകയാണ്.
ഉൽപ്പാദനമേഖലയിലും മുന്നേറ്റം
കാര്‍ഷികരംഗവും വ്യവസായ രംഗവും വലിയ രീതിയില്‍ അഭിവൃദ്ധിപ്പെട്ടു. കാര്‍ഷിക രംഗത്ത് വല്ലാത്ത പിന്നോട്ടുപോക്ക് നേരത്തെ ഉണ്ടായിരുന്നു. എന്നാല്‍ ഇന്ന് കൃഷി ചെയ്യുന്ന ഭൂമിയുടെ വിസ്തീര്‍ണവും ഉല്‍പാദനക്ഷമതയും വര്‍ദ്ധിച്ചു. നെല്‍ കൃഷിയുടെ വ്യാപനം വലിയ തോതില്‍ ഉണ്ടായി. വ്യവസായങ്ങള്‍ വരാത്ത സംസ്ഥാനമെന്ന കേരളത്തെ കുറിച്ചുള്ള ദുഷ്പ്രചരണം, ഇന്ന് ആര്‍ക്കും അത്ര എളുപ്പത്തില്‍ നടത്താന്‍ കഴിയില്ല. വ്യവസായ സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കുന്നതില്‍ കേരളം ഏറെ മുന്നോട്ടുപോയിട്ടുണ്ട്. ഈസ് ഓഫ് ഡൂയിംഗ് ബിസിനസിന്റെ കാര്യത്തില്‍ നാം ഒന്നാം സ്ഥാനത്ത് എത്തിയത് പകല്‍പോലെ തെളിഞ്ഞുനില്‍ക്കുമ്പോഴും അത് അംഗീകരിക്കാന്‍ ഇവിടുത്തെ പ്രതിപക്ഷത്തെ ചിലര്‍ക്ക് കഴിയുന്നില്ല. സ്റ്റാര്‍ട്ടപ്പുകളുടെ കാര്യത്തില്‍ വലിയ കുതിച്ചുചാട്ടമാണ് നാം നടത്തിയിരിക്കുന്നത്. കേരളത്തില്‍ 6,400 സ്റ്റാര്‍ട്ടപ്പുകളിലൂടെ 63,000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. യു ഡി എഫ് കാലത്ത് 300 സ്റ്റാര്‍ട്ടപ്പുകള്‍ മാത്രമാണുണ്ടായിരുന്നത്. 2016 ല്‍ സ്റ്റാര്‍ട്ടപ്പ് നിക്ഷേപം 50 കോടി രൂപയായിരുന്നത്, ഇപ്പോള്‍ 6,000 കോടി രൂപയിലെത്തിനില്‍ക്കുന്നു.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്സിനും മെഷീന്‍ ലേണിങ്ങിനും മേല്‍ക്കൈ വരുന്ന കാലമാണ് ഇനി. അതിനാല്‍ സാങ്കേതിക വിദ്യയിലധിഷ്ഠിതമായ വ്യാവസായിക വളര്‍ച്ച ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങളാണ് നാം നടത്തുന്നത്. രാജ്യത്തെ ആദ്യ ജെന്‍ എഐ കോണ്‍ക്ലേവിനും റോബോട്ടിക് റൗണ്ട് ടേബിള്‍ കോണ്‍ഫറന്‍സിനും കേരളം വേദിയായി.
നമ്മുടെ സംരംഭക വര്‍ഷം പദ്ധതിയെ വ്യവസായ മേഖലയിലെ ബെസ്റ്റ് പ്രാക്ടീസായാണ് ദേശീയ തലത്തില്‍ വിലയിരുത്തപ്പെട്ടത്. പദ്ധതിയില്‍ ഇതുവരെ മൂന്നര ലക്ഷത്തിലേറെ സംരംഭങ്ങള്‍ ആരംഭിക്കാന്‍ കഴിഞ്ഞു. 22,500 കോടിയില്‍പ്പരം രൂപയുടെ നിക്ഷേപങ്ങള്‍ ആകര്‍ഷിക്കാനും ഏഴരലക്ഷത്തിലധികം തൊഴിലുകള്‍ സൃഷ്ടിക്കാനും നമുക്ക് സാധിച്ചു. കഴിഞ്ഞ ഒന്‍പത് വര്‍ഷം കൊണ്ട് നമ്മുടെ ഐ ടി കയറ്റുമതി 34,000 കോടി രൂപയില്‍ നിന്ന് 90,000 കോടി രൂപയായി ഉയര്‍ന്നു. 2016 ല്‍ എല്‍ ഡി എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍, സംസ്ഥാനത്തെ 3 ഐടി പാര്‍ക്കുകളായ ടെക്നോപാര്‍ക്ക്, ഇന്‍ഫോപാര്‍ക്ക്, സൈബര്‍പാര്‍ക്ക് എന്നിവിടങ്ങളില്‍ ആകെ 676 കമ്പനികളും 84,720 ജീവനക്കാരുമാണ് ഉണ്ടായിരുന്നത്. 2023–24 ല്‍ മൂന്ന് ഐടി പാര്‍ക്കുകളിലുമായി 1,153 കമ്പനികളും 1,47,200 ജീവനക്കാരുമുണ്ട്. കഴിഞ്ഞ 7 വര്‍ഷക്കാലയളവില്‍ 477 കമ്പനികളും 62,480 ജീവനക്കാരും അധികമായി വന്നിട്ടുണ്ട്. അടുത്ത 5 വര്‍ഷത്തിനകം അരലക്ഷം പേര്‍ക്കുകൂടി ടെക്നോ പാര്‍ക്കുകളില്‍ തൊഴില്‍ ലഭ്യമാകും.
കേരളത്തിന്റെ സമ്പദ്-വ്യവസ്ഥയ്ക്കു വലിയ സംഭാവന നല്‍കുന്ന ഒന്നാണ് ടൂറിസം മേഖല. കേരളത്തിലേക്കുള്ള വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. കഴിഞ്ഞ വര്‍ഷം രണ്ടേകാല്‍ കോടിയോളം ആഭ്യന്തര വിനോദസഞ്ചാരികള്‍ കേരളത്തിലേക്ക് എത്തിച്ചേര്‍ന്നുവെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഏഴര ലക്ഷത്തോളം വിദേശ വിനോദസഞ്ചാരികളും ഇവിടെ എത്തിച്ചേര്‍ന്നു. ഇത് വ്യക്തമാക്കുന്നത് കേരളത്തിലെ ടൂറിസം മേഖലയ്ക്ക് സഞ്ചാരികള്‍ക്കിടയിലുണ്ടാകുന്ന സ്വീകാര്യതയെയാണ്. അവരുടെ പ്രതീക്ഷയ്ക്കൊത്ത് ഉയരാനുള്ള ഉത്തരവാദിത്വം നമുക്കുണ്ട്.
അഡ്വഞ്ചര്‍ ടൂറിസം, സിനി ടൂറിസം, കാരവന്‍ ടൂറിസം, ഉത്തരവാദിത്ത ടൂറിസം എന്നിങ്ങനെ പുതു വഴികളിലൂടെ നാം മുന്നേറ്റം കുറിക്കുകയാണ്. മികച്ച തൊഴിലവസരവും വരുമാനവും ലഭ്യമാക്കുന്ന മേഖലയായി ടൂറിസം വളരുകയാണ്.
ഏതൊരു സമൂഹത്തിനും ഏറ്റവും പ്രധാനമാണ് സമാധാനപൂര്‍ണമായ ജീവിതം. ഭദ്രമായ ക്രമസമാധാനനിലയും വര്‍ഗീയ സംഘര്‍ഷങ്ങളോ കലാപങ്ങളോ ഇല്ലാത്ത സമാധാനപൂര്‍ണമായ സാമൂഹിക ജീവിതവും കേരളത്തില്‍ ഉറപ്പാക്കാനായിട്ടുണ്ട്. സൈബര്‍ കേസുകളുള്‍പ്പെടെ അന്വേഷിച്ച് പ്രതികളെ നിയമത്തിന് മുമ്പില്‍ എത്തിക്കാന്‍ ശേഷിയുള്ള ശാസ്ത്രീയ അന്വേഷണ സംവിധാനങ്ങളും ശേഷിയുമുള്ളതാണ് നമ്മുടെ പൊലീസ് സേന.
ഭരണരംഗത്ത്
കാര്യക്ഷമ സുതാര്യത
ഇന്ത്യയില്‍ ഏറ്റവുമധികം നിയമനങ്ങള്‍ നടത്തുന്ന പബ്ലിക് സര്‍വീസ് കമ്മീഷനാണ് കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍. പിഎസ് സിയിലൂടെ രണ്ടേമുക്കാല്‍ ലക്ഷത്തിലധികം നിയമനങ്ങള്‍ നടത്തി. 40,000 ത്തോളം തസ്തികകള്‍ സൃഷ്ടിച്ചു. കേന്ദ്ര സര്‍വീസിലും പൊതുമേഖലാ സ്ഥാപനങ്ങളിലുമായി ലക്ഷക്കണക്കിന് തസ്തികകള്‍ ഒഴിഞ്ഞു കിടക്കുമ്പോഴാണ് ഇന്ത്യയിലെ മറ്റൊരു സിവില്‍ സര്‍വീസിനും അവകാശപ്പെടാനില്ലാത്ത ഈ നേട്ടം കേരളം കൈവരിച്ചത്. ഭിന്നശേഷിക്കാര്‍ക്ക് സര്‍ക്കാര്‍ സര്‍വീസില്‍ നാല് ശതമാനം സംവരണം ഉറപ്പാക്കി.
ഭരണത്തിന്റെ നേട്ടങ്ങള്‍ ജനങ്ങള്‍ക്ക് പ്രാപ്തമാക്കുന്നതിലും സുതാര്യത ഉറപ്പാക്കുന്നതിലും മാതൃകാപരമായ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ കഴിഞ്ഞു. ജനങ്ങളോടുള്ള പ്രതിബദ്ധതയും ഉത്തരവാദിത്തവും സര്‍ക്കാര്‍ ഏറ്റവുമധികം വിലമതിക്കുന്നു. വോട്ട് ചെയ്ത് അധികാരത്തിലെത്തിച്ച ജനങ്ങള്‍ക്ക് സര്‍ക്കാര്‍ എന്ത് ചെയ്തുവെന്ന് അറിയാനുള്ള അവകാശമുണ്ട്. ഈ കാഴ്ചപ്പാടിലാണ് ഈ സര്‍ക്കാര്‍ പ്രോഗ്രസ് റിപ്പോര്‍ട്ട് പ്രസിദ്ധപ്പെടുത്തിയത്. പ്രഖ്യാപിച്ച കാര്യങ്ങളില്‍ എന്തൊക്കെ, എത്രയൊക്കെ ചെയ്തുവെന്ന് അക്കമിട്ട് പൊതുജനസമക്ഷം സമര്‍പ്പിച്ചു.
സര്‍ക്കാര്‍ ഓഫീസുകളിലെ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ സുതാര്യതയും കാര്യക്ഷമതയും ഉറപ്പാക്കുക എന്നതും അതീവപ്രധാനമാണ്. ഇ ഓഫീസും ഓണ്‍ലൈന്‍ പോര്‍ട്ടലുകളും വഴി ഫയല്‍ നീക്കവും അപേക്ഷ നടപടികളുമെല്ലാം ഒാണ്‍ലൈന്‍ ആക്കിയത് വിപ്ലവകരമായ മാറ്റമാണ്. സുതാര്യത ഉറപ്പാക്കുക, നടപടികളിലെ കാലതാമസം ഒഴിവാക്കുക എന്നതിനൊപ്പം അഴിമതി തടയാനുള്ള ശക്തമായ മാര്‍ഗം കൂടിയാണ് ഇത്. ഏതൊരു പൗരനും അനായാസമായി ഭരണസംവിധാനവുമായി ബന്ധപ്പെടാനും സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ ലഭിക്കാനുമുള്ള സൗകര്യമാണ് ഇതുവഴി സാധ്യമാക്കുന്നത്.
ഈ നേട്ടങ്ങളെല്ലാം സാധ്യമാകുന്നുവെന്ന് പറയുമ്പോഴും നാം നേരിട്ട വെല്ലുവിളികളും പ്രതിസന്ധികളും ചെറുതൊന്നുമല്ല. ഒരു ഭാഗത്ത് ഓഖിയും 2018 ലെ മഹാപ്രളയവും 2019 ലെ അതിരൂക്ഷ കാലവര്‍ഷക്കെടുതിയും കോവിഡ് മഹാമാരിയും ഏറ്റവുമൊടുവില്‍ ചൂരല്‍മല ഉരുള്‍പൊട്ടലും വരെയുള്ള പ്രകൃതി ദുരന്തങ്ങള്‍. മറ്റൊന്ന് കേന്ദ്രസര്‍ക്കാരിന്റെ സമീപനം സൃഷ്ടിച്ച വൈതരണികള്‍. കേന്ദ്ര പദ്ധതി വിഹിതങ്ങളിലും നികുതി വരുമാനത്തിലും വരുത്തിയ വെട്ടിക്കുറവുകള്‍ നമ്മുടെ വരുമാനത്തില്‍ കാര്യമായി ഇടിവുണ്ടാക്കി. ആ പ്രതിസന്ധികളെയും മറികടന്ന് മുന്നോട്ടു പോകാനാണ് നാം ശ്രമിക്കുന്നത്.
എല്‍ ഡി എഫ് സര്‍ക്കാരിന് ഇനിയും ഭരണത്തുടര്‍ച്ചയുണ്ടാവും എന്നതുറപ്പാണ്. അതിനുള്ള എല്ലാ രാഷ്ട്രീയ – ഭൗതിക സാഹചര്യങ്ങളുമുണ്ട്. കേന്ദ്രത്തിന്റെ കേരള വിരുദ്ധ സമീപനങ്ങളില്‍ തളര്‍ന്നുനില്‍ക്കുന്ന പ്രശ്നമില്ല. പല പരിമിതിളെ സാധ്യതകളാക്കി നാം മുമ്പോട്ടുപോവും. കേരളത്തിനു വേണ്ടതെല്ലാം കണ്ടെത്താന്‍ കേരളീയരാകെയും കേരളമെന്ന വികാരവും എല്‍ ഡി എഫിനൊപ്പമുണ്ടാവും.
കേരളം കേവലം ഒരു സംസ്ഥാനത്തിന്റെ പേരു മാത്രമല്ല, മുഴുവന്‍ കേരളീയരുടെയും ആത്മാഭിമാനപരമായ ഒരു വികാരമാണത്. അതിന്റെ ദീപശിഖ അണയാതെ കാക്കാന്‍ എല്‍ ഡി എഫ് അല്ലാതെ മറ്റൊരു സംവിധാനവുമില്ല. ജനങ്ങളില്‍ പടരുന്ന ഈ ബോധ്യമാവും ‘ഇനിയും തുടര്‍ഭരണം’ എന്നതിന്റെ ഏറ്റവും വലിയ ഗ്യാരന്റി! . l