കത്തോലിക്കാ സഭയുടെ അധിപരായ മാർപാപ്പമാരെക്കുറിച്ച് ഒരു കമ്യൂണിസ്റ്റുകാരന് സത്യത്തിൽ വലിയ വേവലാതി ഉണ്ടാവേണ്ടതില്ല. മുൻകാലങ്ങളിൽ മാർപാപ്പമാരായിരുന്ന ബെനഡിക്ട് പതിനാറാമൻ (2005 മുതൽ 2013 വരെ), ജോൺ പോൾ രണ്ടാമൻ (1978 മുതൽ 2005 വരെ), എന്നിവരെക്കുറിച്ച് എനിക്ക് വലിയ മതിപ്പ് ഉണ്ടായിട്ടുമില്ല. 27 വർഷം ജോൺ പോൾ രണ്ടാമൻ എന്ന പേരിൽ മാർപാപ്പ ആയിരുന്ന പോളണ്ടുകാരനായ കരോൾ വൊയ്റ്റീല തികഞ്ഞ കമ്യൂണിസ്റ്റുവിരുദ്ധനായിരുന്നു. ബെനഡിക്ട് പതിനാറാമനും യാഥാസ്ഥിതികത്വത്തിൽ പിന്നിലൊന്നും ആയിരുന്നില്ല. പക്ഷേ, വിമോചനദൈവശാസ്ത്രം പിറന്ന നാടുകളിലൊന്ന് എന്നു പറയാവുന്ന അർജന്റീനയിൽ ജനിച്ചു വളർന്ന ഹോർഹെ മരിയോ ബെർഗോളിയോ (Jorge Mario Bergoglio) ഫ്രാൻസിസ് എന്ന പേര് സ്വീകരിച്ച് മാർപാപ്പയായി ചുമതലയെടുത്തതുമുതൽ മാർപാപ്പ പദവി എന്റെ ബഹുമാനം നേടി. സ്വയം ഒരു വിമോചന ദൈവശാസ്ത്രകാരൻ അല്ലാതിരിക്കിലും അതിന്റെ സ്വാധീനമേറ്റ വ്യക്തി എന്ന നിലയിലാണ് ഈ മാർപാപ്പ എന്നെപ്പോലുള്ള കമ്യൂണിസ്റ്റുകാരുടെ സവിശേഷ ശ്രദ്ധ ആകർഷിച്ചത്. ഞാൻ മാത്രമല്ല, ലോകമെങ്ങുമുള്ള കമ്യൂണിസ്റ്റുകാർ അദ്ദേഹത്തെ ഉറ്റുനോക്കി. മാർക്സിസം ഒരു പ്രത്യയശാസ്ത്രമെന്ന നിലയിൽ ക്രിസ്തുവിന്റെ അനുയായികളുടെ മുന്നിൽ ഉയർത്തിയ ചോദ്യത്തിൽ നിന്നാണ് വിമോചനദൈവശാസ്ത്രം ഉയർന്നു വരുന്നത്. ക്രിസ്തുവിന്റെ ശിഷ്യന്മാർ പരീശന്മാരുടെയും ചുങ്കക്കാരുടെയും റോമാക്കാരുടെയും മുഖ്യപുരോഹിതരുടെയും ഹെറോദീസിന്റെയും പക്ഷത്താണോ അതോ അധ്വാനിക്കുന്നവരുടെയും ഭാരം ചുമക്കുന്നവരുടെയും പക്ഷത്താണോ എന്ന ചോദ്യമായിരുന്നു അത്. പോപ്പ് ഫ്രാൻസിസ് താൻ അരികുകളിലെ മനുഷ്യരോടൊപ്പമാണെന്നു വ്യക്തമാക്കി. ജനക്കൂട്ടത്തോടൊപ്പം “ഒരുമിച്ചു നടക്കാനും ഒരുമിച്ചു പ്രവർത്തിക്കാനും’ ആഗ്രഹിക്കുന്നയാൾ എന്ന് സ്വയം വിശേഷിപ്പിച്ചു. തന്റെ സങ്കല്പത്തിലുള്ള സഭയെ “സ്വന്തം താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനേക്കാൾ കഷ്ടപ്പെടുന്നവരുമായി കൂടുതൽ ബന്ധപ്പെട്ടിരിക്കുന്ന ഒരു ഫീൽഡ് ആശുപത്രി’ ആയി അദ്ദേഹം സങ്കൽപ്പിച്ചു. മുൻഗാമികളായ പോപ്പുമാർ സഭയുടെ കാര്യങ്ങളിൽപോലും ഏകാധിപതികളും തങ്ങളുടെ കയ്യിലുള്ള അമിതാധികാരം പ്രയോഗിക്കുന്നവരുമായിരുന്നപ്പോൾ പോപ്പ് ഫ്രാൻസിസ് സമവായത്തിന്റെയും കൂടിയാലോചനകളുടെയും വഴി തെരഞ്ഞെടുത്തു. 2019ൽ പുറത്തിറങ്ങിയ ‘ദ റ്റു പോപ്പ്സ്’ എന്ന ഫെർണാണ്ടോ മിറേല്ലിസിന്റെ സിനിമ മുൻഗാമികളും ഫ്രാൻസിസ് മാർപാപ്പയും തമ്മിലുള്ള വ്യത്യാസം വ്യക്തമാക്കുന്നതാണ്. ഈ സിനിമ ഫ്രാൻസിസ് മാർപാപ്പയും ആസ്വദിച്ചു എന്നാണ് ഞാൻ കേട്ടിട്ടുള്ളത്.
മാറ്റങ്ങളുടെ പാപ്പ
2013 മാർച്ച് 13-ന് കത്തോലിക്കാസഭയുടെ 266-–ാമത് പാപ്പയായി തിരഞ്ഞെടുക്കപ്പെടുന്നതിനു മുമ്പ് അർജന്റീനയുടെ തലസ്ഥാനമായ ബ്യൂണസ് അയേഴ്സ് അതിരൂപതയുടെ മെത്രാനായിരിക്കെതന്നെ, ഒരു റെയിൽവേ ജീവനക്കാരന്റെ കുടുംബത്തിൽ പിറന്ന അദ്ദേഹം മെത്രാന്റെ അരമന ഉപേക്ഷിച്ച് നഗരപ്രാന്തത്തിലെ ചെറിയ അപ്പാർട്ടുമെന്റിൽ താമസിക്കുകയും ബ്യൂണസ് അയേഴ്സിലെ ചേരികളിലെ പാവപ്പെട്ടവരോട് ഇടപഴകുകയും പൊതുഗതാഗതം മാത്രം ഉപയോഗിക്കുകയും വിമാനത്തിൽ ഇക്കണോമി ക്ലാസിൽ മാത്രം യാത്രചെയ്യുകയും ചെയ്തിരുന്നു. ആയിരത്തിലേറെ വർഷത്തിനുശേഷം യൂറോപ്പിനു പുറത്തുനിന്ന് ഒരു വ്യക്തി മാർപാപ്പ ആയത് ഹോർഹെ മരിയോ ബെർഗോളിയോയിലൂടെയാണ്. മുസോളിനിയുടെ ഫാസിസ്റ്റ് വാഴ്ചക്കാലത്ത് ഇറ്റലിയിൽനിന്ന് പലായനം ചെയ്ത് അർജന്റീനയിൽ എത്തപ്പെട്ട കുടുംബത്തിലാണ് അദ്ദേഹം ജനിച്ചത്. ലാറ്റിനമേരിക്കയിൽനിന്നും ആദ്യമായി പാപ്പ ആകുന്ന ഇദ്ദേഹം ലോകത്തിന്റെ ദരിദ്ര ദക്ഷിണാർദ്ധഗോളത്തിൽ നിന്നുള്ള ആദ്യത്തെ പാപ്പയും സന്ന്യാസി സമൂഹമായ ഈശോസഭയിൽ നിന്നുള്ള ആദ്യത്തെ പാപ്പയും ആയിരുന്നു. സഭയിൽ മാറ്റങ്ങൾ വരുത്താൻ ശ്രമിച്ച അദ്ദേഹം മാറ്റങ്ങളുടെ പാപ്പ എന്ന് അറിയപ്പെട്ടു.
മാർപാപ്പ ആയശേഷവും അദ്ദേഹം തന്റെ ലളിതജീവിതം തുടർന്നു. തന്റെ മുൻഗാമി ഒഴിഞ്ഞ, സ്വർണ്ണം പൂശിയ പേപ്പൽ അപ്പാർട്ട്മെന്റിലേക്ക് മാറാൻ ഫ്രാൻസിസ് വിസമ്മതിച്ചു. പകരം, മാർപാപ്പയെ തെരഞ്ഞെടുക്കാനുള്ള കോൺക്ലേവ് സമയത്ത് താമസിച്ചിരുന്ന വത്തിക്കാനിലെ സാന്താ മാർട്ട ഹോസ്റ്റലിലെ ചെറിയ അപാർട്ട്മെന്റിൽ തന്നെ താമസിച്ചു. റോമിലെ ജീവിതത്തിലൊരിക്കലും അദ്ദേഹത്തിന്റെ വ്യക്തിപരമായ എളിമ മങ്ങിയില്ല. അദ്ദേഹം സ്വന്തം ഫോൺ എടുത്തു, ലിമോസീനുകൾ ഒഴിവാക്കി, സാധ്യമെങ്കിൽ വത്തിക്കാനുള്ളിൽ പോകേണ്ട ഇടങ്ങളിൽ നടന്നുപോകാൻ ഇഷ്ടപ്പെട്ടു.
പത്രോസിന്റെ കസേരയിൽ 12 വർഷക്കാലമിരുന്ന ഫ്രാൻസിസ് പാപ്പ, കത്തോലിക്കാ സഭയുടെ ഊർജ്ജം പാർശ്വവൽക്കരിക്കപ്പെട്ടവരിൽ വീണ്ടും കേന്ദ്രീകരിക്കാൻ നടത്തിയ ശ്രമം പ്രശംസനീയമാണ്. മതങ്ങൾക്കിടയിലുള്ള ആശയവിനിമയത്തെ അദ്ദേഹം പിന്തുണച്ചു. നിയന്ത്രണമില്ലാത്ത കമ്പോളവ്യവസ്ഥയെ അദ്ദേഹം വിമർശിച്ചു. സമത്വരാഹിത്യത്തെ അദ്ദേഹം “സ്വർഗവാതിലിനുമുമ്പിൽ അലമുറ ഉയർത്താൻ പോന്ന സാമൂഹികപാപമായി’ കണ്ടു.
പക്ഷേ, ഗർഭഛിദ്രം, സ്ത്രീപൗരോഹിത്യം, വൈദികബ്രഹ്മചര്യം, കൃത്രിമജനനനിയന്ത്രണം മുതലായ വിഷയങ്ങളിൽ ഫ്രാൻസിസ് മാർപാപ്പ സഭയിലെ പരിഷ്കരണവാദികളുടെ മറുചേരിയിലായിരുന്നു എന്നത് കാണാതിരിക്കാനാവില്ല.
പോപ്പ് ജനിച്ച അർജന്റീനയിലെ ഇടതുപക്ഷ തൊഴിലാളി പാർട്ടികൾ അദ്ദേഹത്തെ ഒരു പുരോഗമനവാദിയായി കരുതുന്നില്ല. പക്ഷേ, അർജന്റീനയിലെ തീവ്രവലതുപക്ഷക്കാരനായ പ്രസിഡന്റ്, ഹാവിയർ മിലി പോപ്പ് ഫ്രാൻസിസിനെ പരസ്യമായി “ഒരു വിഡ്ഢി’ എന്നും; “വൃത്തികെട്ട ഇടതുപക്ഷക്കാരൻ’എന്നും, സാമൂഹ്യനീതിക്കുവേണ്ടി വാദിക്കുന്നതിനാൽ പോപ്പിനെ “ഭൂമിയിലെ തിന്മയുടെ പ്രതിനിധി’ എന്നും വിളിച്ചു. അദ്ദേഹം ജീവിച്ച ഇറ്റലിയിലെ തീവ്രവലതുപക്ഷക്കാരിയായ പ്രധാനമന്ത്രി ജിയോർജിയ മെലോണിയും പോപ്പിനെ ശത്രുപക്ഷത്താണ് കണ്ടിരുന്നത്. ആ ന്യായപ്രകാരം വലതുപക്ഷക്കാർ ശത്രുവായി കരുതിയ പോപ്പ് ഫ്രാൻസിസ് ഇടതുപക്ഷക്കാർക്ക് സ്വീകാര്യനായി.
അരികുകളിലെ മനുഷ്യർക്കായി വാദിച്ച പോപ്പ്
ഇനി മുതൽ കത്തോലിക്കാ സഭ “ദരിദ്രർക്കുള്ള ഒരു ദരിദ്ര സഭ” ആയിരിക്കുമെന്ന് അദ്ദേഹം തറപ്പിച്ചു പറഞ്ഞു. വികസിത, വികസ്വര രാജ്യങ്ങൾ തമ്മിലുള്ള സാമ്പത്തിക വിടവ് നികത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് അദ്ദേഹം തന്റെ പ്രഖ്യാപനങ്ങളിൽ വീണ്ടും വീണ്ടും പറഞ്ഞു. തന്റെ ആദ്യ ഈസ്റ്റർ പ്രസംഗത്തിൽ, മുതലാളിത്തത്തെ “എളുപ്പത്തിൽ നേട്ടം തേടുന്ന അത്യാഗ്രഹം’എന്നു വിശേഷിപ്പിച്ച അദ്ദേഹം “പ്രകൃതിവിഭവങ്ങളുടെ അന്യായമായ ചൂഷണത്തെ’ അപലപിക്കുകയും ചെയ്തു.
ധനികരാഷ്ട്രങ്ങൾ കടക്കെണിയിലായ രാഷ്ട്രങ്ങൾക്ക് കടമിളവ് (Debt Forgiveness) നൽകണമെന്ന് പോപ്പ് ആവശ്യപ്പെട്ടു. പക്ഷേ, യു എസ് എയും ഇറ്റലിയും ജർമനിയും ഫ്രാൻസും പോർച്ചുഗലും സ്പെയിനും പോലുള്ള രാജ്യങ്ങൾ ഈ ആവശ്യത്തെ അവഗണിക്കുകയാണുണ്ടായത്.
മരണത്തിന്റെ തലേന്ന്, ഈസ്റ്റർ ഞായറാഴ്ച, അമേരിക്കൻ വൈസ് പ്രസിഡന്റും കത്തോലിക്കനുമായ ജെ.ഡി. വാൻസുമായുള്ള കൂടിക്കാഴ്ചയായിരുന്നു അദ്ദേഹത്തിന്റെ അവസാനത്തെ കൂടിക്കാഴ്ച. ഇന്നത്തെ അമേരിക്കൻ സർക്കാരിന്റെ “അമേരിക്ക ആദ്യം’ എന്ന മുദ്രാവാക്യത്തെ അദ്ദേഹം രോഗബാധിതനാകുന്നതിന് മുമ്പ് നിശിതമായി വിമർശിച്ചിരുന്നു. കുടിയേറ്റത്തോടും അന്താരാഷ്ട്രസഹായത്തോടും അമേരിക്ക എടുക്കുന്ന നിലപാടിനെ അദ്ദേഹം എതിർത്തു.
ഗാസയുടെ സ്ഥിതി പോപ്പിന്റെ അവസാന വർഷങ്ങളിലെ അലട്ടലായിരുന്നു. തന്റെ അവസാന ഈസ്റ്റർ പ്രസംഗത്തിൽ, അദ്ദേഹം “മരണത്തെയും നാശത്തെയും’ അതിന്റെ ഫലമായുണ്ടായ “നാടകീയവും പരിതാപകരവുമായ മാനുഷിക സാഹചര്യത്തെയും’ അപലപിച്ചു. “ഇത് യുദ്ധമല്ല. ഇത് ഭീകരതയാണ്’ എന്നാണ് ഗാസയിൽ ഇസ്രായേൽ നടത്തുന്ന വംശഹത്യയെക്കുറിച്ച് അദ്ദേഹം പറഞ്ഞത്. അവസാനകൃതിയിൽ പലസ്തീൻ രാഷ്ട്രത്തിനായുള്ള തന്റെ പിന്തുണ ആവർത്തിച്ച അദ്ദേഹം, “സമാധാനത്തിന് യുദ്ധത്തേക്കാൾ ധൈര്യം ആവശ്യമാണ്’ എന്ന് പ്രഖ്യാപിച്ചു.
സഭയ്ക്കു പുറത്തുള്ള വിഷയങ്ങളിൽ പോപ്പ് ഫ്രാൻസിസ് വലിയ സംഭാവന ചെയ്തത് ആഗോളതാപനത്തെ ലോകത്തിന്റെ അജൻഡയിലേക്കു കൊണ്ടുവരാനുള്ള ശ്രമങ്ങളിലാണ്. പാരീസ് കൺവെൻഷനിൽ നിന്ന് അമേരിക്ക പിന്മാറുകയും ആഗോളതാപനം സംബന്ധിച്ച കരുതലുകൾ പ്രതിസന്ധിയിലാവുകയും ചെയ്ത കാലത്ത് ഇത് വളരെ പ്രധാനമായിരുന്നു. കുടിയേറ്റം, ആഗോളതാപനം, തെക്കൻരാജ്യങ്ങളുടെ സ്ഥിതി തുടങ്ങിയ പരസ്പരബന്ധിത വിഷയങ്ങളിലെല്ലാം ഫ്രാൻസിസ് പാപ്പ പുരോഗമനപക്ഷത്തായിരുന്നു. 2015 മെയ് മാസത്തിൽ അദ്ദേഹം പുറപ്പെടുവിച്ച പരിസ്ഥിതി സംബന്ധിച്ച ചാക്രികലേഖനം ലൗദാത്തോ സി (Laudato Si, നിങ്ങൾക്ക് സ്തുതി) കത്തോലിക്കാ വൃത്തങ്ങൾക്ക് പുറത്ത് വ്യാപകമായി വായിക്കപ്പെട്ടു. അക്കൊല്ലമവസാനം പാരീസിൽ നടന്ന ലോക കാലാവസ്ഥ ഉച്ചകോടി ആഗോള താപനില വർദ്ധനവ് 1.5 ഡിഗ്രിയിലേക്ക് പരിമിതപ്പെടുത്തുക എന്ന ലക്ഷ്യം പ്രഖ്യാപിക്കുന്നതിന് ഇതു പ്രേരകമായി.
കാലാവസ്ഥാ വ്യതിയാനം മനുഷ്യരാശിയുടെ ഭാവിക്കുനേരെ ഉയർത്തുന്ന ഭീഷണിയെക്കുറിച്ച് മനസ്സിലാക്കാൻ വിസമ്മതിച്ചവരെ കുറ്റപ്പെടുത്തിയും വിമർശിച്ചും, ചൂടുപിടിക്കുന്ന ഒരു ഗ്രഹം നേരിടുന്ന വെല്ലുവിളികളെ നേരിടുന്നതിൽ നേതൃപരമായ പങ്ക് വഹിച്ചും അദ്ദേഹം ഒരു കുരിശുയുദ്ധം തന്നെ നടത്തി. കാലാവസ്ഥാ വ്യതിയാനം നിയന്ത്രിക്കപ്പെടാതെ പോകുന്നതിനാൽ ഭൂമിക്കും, പ്രത്യേകിച്ച് അതിലെ ഏറ്റവും ദരിദ്രരും ദുർബലരുമായ നിവാസികൾക്കും എന്താണ് സംഭവിക്കുന്നതെന്ന് വേദനയോടെ പറയുകയായിരുന്നു അദ്ദേഹം.
പരിശീലനം ലഭിച്ച രസതന്ത്രജ്ഞനായിരുന്ന അദ്ദേഹം ശാസ്ത്രത്തെ അംഗീകരിക്കുന്നതിൽ ഊന്നൽ നൽകി. അതുവഴി കാലാവസ്ഥാ വ്യതിയാന നിഷേധികളെയും അവരെ പിന്തുണച്ചവരെയും അദ്ദേഹം ശക്തമായി വിമർശിച്ചു. 400 വർഷങ്ങൾക്ക് മുമ്പ് ഇൻക്വിസിഷനിൽ ഗലീലിയോ പരാജയപ്പെട്ടതുമുതൽ ശാസ്ത്രവും മതവും തമ്മിലുള്ള ബന്ധത്തിലെ വിള്ളൽ പരിഹരിക്കാൻ അദ്ദേഹം ശ്രമിച്ചു.
ന്യുമോണിയ ബാധിച്ചതിനെത്തുടർന്ന് വിശ്രമിക്കാനുള്ള ഡോക്ടർമാരുടെ നിർദ്ദേശങ്ങൾ ലംഘിച്ചുകൊണ്ടാണ് ദുർബലനായ ഫ്രാൻസിസ് മാർപാപ്പ കഴിഞ്ഞ പെസഹവ്യാഴാഴ്ച റോമിലെ റെജീന കൊയ്‌ലി ജയിൽ സന്ദർശിച്ചത്, അവിടെ അദ്ദേഹം തടവുകാരുമായി സംസാരിക്കുകയും തടവിലാക്കപ്പെട്ട ചിലരെ ചുംബിക്കുകയും ചെയ്തു. സ്വന്തം ആരോഗ്യം പോലും പരിഗണിക്കാതെ, പാവപ്പെട്ടവരോട് അനുകമ്പ പ്രകടിപ്പിച്ച അദ്ദേഹം ഏതാനും ദിവസങ്ങൾക്കുള്ളിൽ മരണത്തിനു കീഴടങ്ങി.
സഭയിൽ സ്ത്രീകൾക്ക് കൂടുതൽ സ്ഥാനം നല്കുന്നതിന് പോപ്പ് ഫ്രാൻസിസ് നടത്തിയ ശ്രമങ്ങൾ വിപുലമായി ശ്ലാഘിക്കപ്പെട്ടു. തന്റെ പന്ത്രണ്ടു വർഷത്തെ പേപ്പസിയിൽ വത്തിക്കാൻ ഭരണത്തിന്റെ പല ഉന്നത സ്ഥാനങ്ങളും സ്ത്രീകൾക്കു നല്കാൻ ഫ്രാൻസിസ് മാർപാപ്പ മുൻകൈയെടുത്തു. വത്തിക്കാനിലെ ജോലികളിൽ പൊതുവേ സ്ത്രീകൾക്കു പങ്കു നല്കുകയും ചെയ്തു. സിനഡുകളിൽ സ്ത്രീകൾക്കു വോട്ടവകാശം നല്കുകയും ചെയ്തു. ഹോപ്പ് എന്ന ആത്മകഥയിൽ അദ്ദേഹം 2025-ൽ എഴുതി, “സഭ സ്ത്രീയാണ്, – അത് പുരുഷനല്ല’, “നമ്മൾ പുരോഹിതന്മാർ പുരുഷന്മാരാണ്, പക്ഷേ നമ്മൾ സഭയല്ല. സഭ സ്ത്രീയാണ്, കാരണം അവൾ വധുവാണ്.’ പക്ഷേ ഇപ്പോഴും അവൾ പൗരോഹിത്യത്തിൽ നിന്നു പുറത്താണ്.
വിവാഹം വേർപെടുത്തിയ കത്തോലിക്കരെ അവരുടെ മുൻ വിവാഹത്തിൽ നിന്ന് മോചനം നേടാതെതന്നെ സഭയിൽ തുടരാൻ അനുവദിക്കാൻ പുരോഹിതന്മാരെ പ്രോത്സാഹിപ്പിച്ചുകൊണ്ട് വ്യക്തിപരമായ ധാർമ്മികതയുടെ ഒരു നിലപാട് അദ്ദേഹം എടുത്തു. കുടുംബത്തെക്കുറിച്ചുള്ള, സിനഡിനെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ വിധി ഉൾക്കൊള്ളുന്ന 2016 ഏപ്രിലിലെ അപ്പസ്തോലിക പ്രബോധനമായ അമോറിസ് ലെറ്റിഷ്യ (സ്നേഹത്തിന്റെ സന്തോഷം) യുടെ അടിക്കുറിപ്പിൽ അദ്ദേഹം തന്റെ വാദം ചേർക്കുകയും ചെയ്തു. പക്ഷേ, പല പുരോഹിതരും പോപ്പ് ഒരിക്കലും അങ്ങനെ പറഞ്ഞിട്ടേയില്ല എന്ന മട്ടിൽ തന്നെ പെരുമാറുകയും വിവാഹമോചിതരെ പിന്തിരിപ്പിക്കുകയും ചെയ്തു.
പക്ഷേ, പുരോഹിതരാൽ കന്യാസ്ത്രീകൾ ചൂഷണം ചെയ്യപ്പെട്ട കേസുകളിലായാലും സ്ത്രീകൾക്കു പൗരോഹിത്യം നല്കുന്ന കാര്യത്തിലായാലും പോപ്പ് ഫ്രാൻസിസിന് സഭയെ മാറ്റാനായില്ല. 2019-ൽ, പുരോഹിതർ കന്യാസ്ത്രീകളെ ലൈംഗികമായി പീഡിപ്പിച്ചിട്ടുണ്ടെന്ന് പരസ്യമായി സമ്മതിച്ച ആദ്യത്തെ മാർപാപ്പയായി ഫ്രാൻസിസ് മാറിയപ്പോൾ, പ്രതീക്ഷയ്ക്ക് വകയുണ്ടായിരുന്നു, പക്ഷേ ഇക്കാര്യത്തിൽ കൂടുതൽ നടപടിയെടുക്കുമെന്ന വാഗ്ദാനം നടപ്പിലാക്കുന്നതിൽ അദ്ദേഹം പരാജയപ്പെട്ടു.
2013 ജൂലൈയിൽ ബ്രസീലിലേക്കുള്ള പോപ്പിന്റെ ആദ്യ വിദേശയാത്രയിൽ സ്വവർഗരതിയോടുള്ള അദ്ദേഹത്തിന്റെ മനോഭാവത്തെക്കുറിച്ച് ഒരു പത്രപ്രവർത്തകൻ ചോദിച്ചു. ഇതായിരുന്നു അദ്ദേഹത്തിന്റെ മറുപടി, ‘‘സ്വവർഗാനുരാഗിയായ ഒരാൾ, കർത്താവിനെ അന്വേഷിക്കുകയും നല്ല മനസ്സുമുണ്ടായാൽ, വിധിക്കാൻ ഞാൻ ആരാണ്?” മുൻ പോപ്പുമാരൊന്നും “സ്വവർഗാനുരാഗി” എന്ന വാക്ക് ഉപയോഗിച്ചിട്ടുണ്ടായിരുന്നില്ല. അദ്ദേഹത്തിന്റെ മുൻഗാമി സ്വവർഗാനുരാഗത്തെ “ധാർമ്മിക തിന്മയിലേക്കുള്ള ശക്തമായ പ്രവണത’ എന്നാണ് വിശേഷിപ്പിച്ചത്. എന്നാൽ “അവ ഏറ്റവും ഗുരുതരമായവ [പാപങ്ങൾ] അല്ല’, എന്നാണ് പോപ്പ് ഫ്രാൻസിസ് 2025 ൽ എഴുതിയത്.
1976 നും 1983 നും ഇടയിൽ അർജന്റീനയിലുണ്ടായ സൈനികഭരണവുമായി അദ്ദേഹത്തിന് നടത്തേണ്ടി വന്ന ഇടപെടലുകളാണ് അദ്ദേഹത്തിന്റെ ജീവിതത്തിലെ ഏറ്റവും വിമർശിക്കപ്പെട്ടിട്ടുള്ള കാര്യം. ആ കാലയളവിൽ 15,000 ത്തിനും 30,000 ത്തിനും ഇടയിൽ അർജന്റീനക്കാർ “അപ്രത്യക്ഷരായി’ അല്ലെങ്കിൽ കൊല്ലപ്പെട്ടു. ഇതിനോട് എങ്ങനെ പ്രതികരിക്കണമെന്നതിൽ കത്തോലിക്കാ സഭയിലും ഈശോസഭയിലും രണ്ടഭിപ്രായമായിരുന്നു. സ്വേച്ഛാധിപത്യത്തെ എതിർക്കുന്ന പുരോഗമനവാദികളും മനുഷ്യാവകാശലംഘനങ്ങൾ കാണാത്ത സൈനിക ചാപ്ലിൻമാർ ഉൾപ്പെടുന്ന യാഥാസ്ഥിതികരും രണ്ടു കൂട്ടരിലും ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ രൂപതയുടെ കീഴിലുള്ള പുരോഹിതരായ ഒർലാൻഡോ യോറിയോയും ഫ്രാൻസിസ്കോ ജാലിക്സും ബ്യൂണസ് ഐറിസിലെ റിവാഡിയ ചേരിയിൽ ദരിദ്രരുടെ ഇടയിൽ താമസിച്ചിരുന്നു. അവരുടെ സുരക്ഷയ്ക്കായി ഈശോസഭയുടെ പ്രധാന ഭവനത്തിലേക്ക് മടങ്ങാൻ കർദിനാളായിരുന്ന ഹോർഹെ മരിയോ ബെർഗോളിയോ അവരോട് ഉത്തരവിട്ടു, പക്ഷേ അവർ വിസമ്മതിച്ചു. ഭരണകൂടം അവരെ അട്ടിമറിക്കാരായി കണക്കാക്കി. അതിനു തൊട്ടുപിന്നാലെ അറസ്റ്റുചെയ്തു. 2005 ലും 2013 ലും നടന്ന മാർപാപ്പ തിരഞ്ഞെടുപ്പുകളിൽ, 1976 ൽ ഫ്രാൻസിസ് ഈ രണ്ട് പുരോഹിതന്മാരെയും അവർക്ക് ആവശ്യമുള്ള സമയത്ത് സഹായിക്കുന്നതിൽ പരാജയപ്പെട്ടുവെന്ന വാദം ഉയർന്നു. ഈ പുരോഹിതരെ മോചിപ്പിക്കുന്നതിനായി പട്ടാളമേധാവികളെ താൻ നേരിൽ കണ്ട് അവരോട് വാദിച്ചു എന്ന് 2010-ൽ പ്രസിദ്ധീകരിച്ച എൽ ജെസ്യൂട്ട് എന്ന പുസ്തകത്തിൽ അദ്ദേഹം വ്യക്തമാക്കി. അഞ്ച് മാസത്തെ തടവിനുശേഷം പുരോഹിതരെ കണ്ണുകെട്ടിയും കൈകൾ വിലങ്ങിട്ടും മോചിപ്പിച്ചു. “വഴിയിലെ എന്റെ തെറ്റുകളിൽ’നിന്ന് പഠിക്കേണ്ടി വന്നു എന്നും “ഞാൻ ഒരു പാപിയാണ് എന്നതാണ് സത്യം’എന്നും അദ്ദേഹം ഒന്നിലധികം തവണ പറഞ്ഞു. അദ്ദേഹത്തിന് ആ ഓർമ്മകളുടെ വേദന ജീവിതകാലം മുഴുവൻ നീണ്ടുനിന്നതായി തോന്നുന്നു, തിരഞ്ഞെടുക്കപ്പെട്ടതിനുശേഷം ഫ്രാൻസിസ് പിന്നീടൊരിക്കലും അർജന്റീനിയൻ മണ്ണിൽ കാലുകുത്തിയില്ല.
![]() യുദ്ധം, സമാധാനം, വധശിക്ഷ, മതവും കലാപവും എന്നിങ്ങനെ വർത്തമാനലോകത്ത് പ്രസക്തമായ ഒട്ടേറെ വിഷയങ്ങൾ കെെകാര്യം ചെയ്യുന്നു. യുദ്ധം ************* ‘‘ഒരു പരിഹാരമെന്ന നിലയ്ക്ക് നമുക്കൊരിക്കലും യുദ്ധത്തെ കാണാനാവില്ല; കാരണം, അതുണ്ടാക്കുന്ന അപകടം, അതുകൊണ്ടുണ്ടാവുമെന്ന് കരുതപ്പെടുന്ന നേട്ടങ്ങളെക്കാൾ വളരെ വലുതായിരിക്കും. ഈ കാഴ്ചപ്പാടിൽ, ‘നീതിപൂർവമായൊരു യുദ്ധ’ത്തിന്റെ സാധ്യതയെക്കുറിച്ച് സംസാരിക്കുന്നതിന് മുൻ നൂറ്റാണ്ടുകളിൽ വിശദീകരിച്ചിരുന്ന യുക്തിപരമായ മാനദണ്ഡത്തെ അവലംബിക്കുകയെന്നത് ഇന്നത്തെ കാലത്ത് വളരെ പ്രയാസകരമാണ്. യുദ്ധം വേണ്ടേ വേണ്ട!’’ ************* ‘‘ഇതുകൂടി പറയട്ടെ, ലോകത്തിന്റെ ഒരു ഭാഗത്തിനുവേണ്ടി അടിയന്തരമായ അഥവാ പ്രായോഗികമായ ഒരു പരിഹാരമെന്ന നിലയ്ക്ക് പ്രത്യക്ഷപ്പെട്ട ആഗോളവത്കരണം വർധിതമായിക്കൊണ്ടിരിക്കുന്നതോടെ, അത് ഭൂഗോളത്തിനു മുഴുവൻ ഹാനികരമായിത്തീരുന്ന കലാപകലുഷിതവും പ്രകടമല്ലാത്തതുമായ പ്രത്യാഘാതങ്ങളുടെ ഒരു ശൃംഖല തന്നെ ഉളവാക്കുന്നു; ഭാവിയിൽ പുതിയതും ഭീകരവുമായ യുദ്ധങ്ങൾക്ക് വഴിതുറക്കുന്നു. ഇന്നത്തെ ലോകത്ത്, ഒരു രാജ്യത്ത് അല്ലെങ്കിൽ മറ്റൊരു രാജ്യത്ത് മാത്രമായുള്ള ഒറ്റപ്പെട്ടുനിൽക്കുന്ന യുദ്ധങ്ങൾ പൊട്ടിപ്പുറപ്പെടുന്നില്ല; മറിച്ച് ആഗോളരംഗത്ത് രാജ്യങ്ങളുടെ ഭാഗധേയങ്ങൾ അത്രമാത്രം പരസ്പരബന്ധിതമായതുകൊണ്ടുതന്നെ അൽപാല്പമായുള്ള ഒരു ലോകയുദ്ധത്തെയാണ്’’ നമ്മൾ നേരിടുന്നത്. ********* ‘‘ആയുധങ്ങൾക്കും മറ്റ് സെെനിക ചെലവഴിക്കലുകൾക്കും വേണ്ടി ഉപയോഗിക്കുന്ന പണംകൊണ്ട്, നമുക്ക് ഒരു ആഗോള ഫണ്ട് ഉണ്ടാക്കാം; അന്തിമമായി പട്ടിണി അവസാനിപ്പിക്കുന്നതിനും അങ്ങേയറ്റം ദരിദ്രരാജ്യങ്ങളിലെ വികസനത്തെ സഹായിക്കുന്നതിനുംവേണ്ടി അതുപയോഗപ്പെടുത്താം; അങ്ങനെ ചെയ്താൽ ആ രാജ്യങ്ങളിലെ പൗരർ അക്രമോത്സുകമോ വ്യാമോഹപരമോ ആയ പരിഹാരങ്ങളെ ആശ്രയിക്കുകയില്ല; അഥവാ കൂടുതൽ അന്തസ്സുറ്റ ജീവിതം തേടി അവർക്ക് സ്വന്തം രാജ്യം വിട്ടുപോകേണ്ടി വരില്ല. വധശിക്ഷ |
പോപ്പ് ഫ്രാൻസിസിന്റെ വീക്ഷണങ്ങളും വെല്ലുവിളികളും
സഭയിൽ അദ്ദേഹം നടത്താൻ ശ്രമിച്ച പരിഷ്കാരങ്ങളെ അദ്ദേഹം തന്നെ 2018-ൽ “ഒരു പല്ലുകുത്തികൊണ്ട് ഈജിപ്തിലെ സ്ഫിങ്ക്സ് വൃത്തിയാക്കൽ’ എന്നതിനോട് താരതമ്യം ചെയ്തു. സഭയ്ക്കുള്ളിൽ പോപ്പ് ശക്തമായ എതിർപ്പ് യാഥാസ്ഥിതികരിൽ നിന്ന് നേരിട്ടു. പ്രത്യേകിച്ചും യൂറോപ്പിൽ നിന്നും അമേരിക്കയിൽ നിന്നുമുള്ള യാഥാസ്ഥിതിക ചിന്താഗതിക്കാരിൽ നിന്ന്. ഇവർ സംഘടിതരും ധനശേഷിയുള്ളവരുമായിരുന്നു. ഏതെങ്കിലും പരിഷ്കരണം ആവശ്യമാണെന്ന നിർദ്ദേശത്തെപ്പോലും ശക്തമായി എതിർത്ത അമേരിക്കൻ കർദ്ദിനാൾ റെയ്മണ്ട് ബർക്കിനെപോലുള്ളവരായിരുന്നു ഇതിനു നേതൃത്വം നല്കിയത്. ഗർഭഛിദ്രം നിരോധിക്കാത്തതിനാൽ അമേരിക്കയിലെ കത്തോലിക്കനായ പ്രസിഡന്റ് ജോ ബൈഡന് സഭാവിലക്ക് ഏർപ്പെടുത്തണമെന്ന് ഇവർ ആവശ്യപ്പെട്ടു. അവരെയൊക്കെ പോപ്പ് ഫ്രാൻസിസ് നേരിട്ടുവെങ്കിലും സമവായം എന്ന തന്റെ നയം പരാജയപ്പെടുന്നു എന്ന് അദ്ദേഹം തിരിച്ചറിഞ്ഞ വേളകളായിരുന്നു അവ. കർദ്ദിനാൾ റെയ്മണ്ട് ബർക്ക് തുടങ്ങിയവരെ നേരിടാൻ അദ്ദേഹത്തിന് പേപ്പൽ അധികാരത്തിന്റെ ഉരുക്കുമുഷ്ടി തന്നെ ഉപയോഗിക്കേണ്ടി വന്നു, ചാട്ടയെടുത്ത ക്രിസ്തുവിനെപ്പോലെ.
അദ്ദേഹം വിളിച്ചുകൂട്ടിയ വിവിധ സിനഡുകൾ വലിയ പ്രതീക്ഷയുണർത്തി. കൂടുതൽ വൈവിധ്യപൂർണ്ണമായിരുന്നു ഇവയിലെ പങ്കാളിത്തം. വോട്ടവകാശം ലഭിച്ച സ്ത്രീകൾ പോലുമുണ്ടായിരുന്നു. പക്ഷേ, അവയിലൂടെ സാധാരണ കത്തോലിക്കരുടെ കാഴ്ചപ്പാടുകൾ കേൾക്കപ്പെടുമെന്നത് യാഥാർത്ഥ്യബോധമില്ലാത്തതാണ് എന്ന വാദം കത്തോലിക്കാ മതപണ്ഡിതരുടെ ഇടയിൽ തന്നെയുണ്ട്. പുരോഹിതർക്ക് മികച്ച പരിശീലനം, ബിഷപ്പുമാരെ തിരഞ്ഞെടുക്കുന്നതിൽ കൂടുതൽ സാധാരണക്കാരുടെ പങ്കാളിത്തം, കൂടുതൽ സുതാര്യത എന്നിവ ശുപാർശ ചെയ്യുന്ന അന്തിമ രേഖ 2024 നവംബറിൽ പുറത്തിറക്കിയപ്പോൾ, കത്തോലിക്കാ ദൈവശാസ്ത്രജ്ഞയും അയർലണ്ടിന്റെ മുൻ പ്രസിഡന്റുമായ മേരി മക്അലീസ് അതിനെക്കുറിച്ച് പറഞ്ഞതിങ്ങനെയാണ്, “ഒരർത്ഥവുമില്ലാത്ത വലിയ വാക്കുകൾകൊണ്ടുള്ള കോട്ടുവായിടൽ, ഒരു കാര്യം പോലും നേരിയ തോതിൽ പോലും മാറിയിട്ടില്ല’. പോപ്പ് ഫ്രാൻസിസിന്റെ പേപ്പസിയെക്കുറിച്ചുള്ള വലിയ വിമർശനമാണിത്.
അരികുകളിലെ മനുഷ്യരുടെ പക്ഷംപിടിക്കൽ, കാലാവസ്ഥാവ്യതിയാനത്തിനെതിരായ കരുതൽ, മുസ്ലിം വിരോധത്തിനെതിരായി മതങ്ങൾ തമ്മിലുള്ള സംവാദം, ഗാസയിലും മറ്റും നടക്കുന്ന യുദ്ധത്തിനെതിരെയുള്ള നിലപാട്, സ്ത്രീകളുടെ അവകാശങ്ങൾക്കുവേണ്ടിയുള്ള വാദം, അപരലൈംഗികതകളോടുള്ള സഹിഷ്ണുത തുടങ്ങി പോപ്പ് ഫ്രാൻസിസ് എന്തിനൊക്കെ വേണ്ടി വാദിച്ചുവോ അവയൊക്കെ താമരയിലയിലെ ജലം പോലെ ഒഴുകിപ്പോവുകയും ആഗോള കത്തോലിക്കാ സഭ, പ്രത്യേകിച്ച് അമേരിക്കയിലെയും യൂറോപ്പിലെയും ധനികരാജ്യങ്ങളിൽ, പോപ്പിന്റെ ആദർശങ്ങൾക്ക് എതിരായിത്തന്നെ നില്ക്കുകയും ചെയ്തു. പുരോഗമനവാദിയായ ഈ പോപ്പ് നേരിട്ട ഏറ്റവും വലിയ വെല്ലുവിളി യാഥാസ്ഥിതികമായ കത്തോലിക്കാ അധികാരമായിരുന്നു.
കത്തോലിക്കാ സഭ പോപ്പ് ഫ്രാൻസിസിന്റെ കാലത്തിനുശേഷം എങ്ങോട്ടു സഞ്ചരിക്കും എന്നതാണ് നിർണായകം. അത് ഫ്രാൻസിസിന്റെ വഴിയിൽ നിന്നു മുന്നോട്ടു പോകുമോ അതോ അദ്ദേഹത്തിന്റെ മുൻഗാമികളായ ജോൺ പോൾ രണ്ടാമന്റെയും ബെനഡിക്ട് പതിനാറാമന്റെയും വഴികളിലേക്ക് തിരിച്ചു പോവുമോ എന്നതാണ് എന്നെപ്പോലുള്ളവർ ഉറ്റുനോക്കുന്നത്. l